ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 13


ഈശോയുടെ ദിവ്യഹൃദയം വിനയത്തിന്റെ ഉദാത്ത മാതൃക 
വിനയം എല്ലാവര്‍ക്കും അത്യന്താപേക്ഷിതമായ ഒരു പുണ്യമാണ്. ഭാഗ്യപൂര്‍ണ്ണവും സമാധാന സംപുഷ്ടവുമായ ലോകജീവിതം നയിക്കുന്നതിന് വിനയശീലം ആവശ്യമാണെന്നതില്‍ ആര്‍ക്കും സംശയമില്ല. ഈശോയുടെ ദിവ്യഹൃദയമാണ് അതുല്യമായ ഈ സല്‍ഗുണത്തിനും മാതൃക. ജീവിതകാലം മുഴുവനിലും പ്രത്യേകിച്ച് പീഡാനുഭവത്തിലും ഈശോ പ്രദര്‍ശിപ്പിച്ച വിനയശീലം അത്ഭുതകരമാണ്. സ്‌നേഹനിധിയായ ഈശോ ഒരു കുഞ്ഞാടിനെപ്പോലെ മൗനം അവലംഭിച്ചാണ് തന്റെ സഹനങ്ങളെ സന്തോഷപൂര്‍വ്വം സഹിച്ചത്. അന്തരീക്ഷത്തില്‍ നക്ഷത്രസമൂഹങ്ങളെയും ആഴിയുടെ അടിത്തട്ടില്‍ മത്സ്യങ്ങളെയും ഭൂമിയില്‍ സര്‍വ്വചരാചരങ്ങളേയും സൃഷ്ടിച്ച വിശ്വവിധാതാവായ ദൈവം യഹൂദജനം പ്രദര്‍ശിപ്പിച്ച അപമര്യാദകളും ഉപദ്രവങ്ങളും, അസന്തുഷ്ടിയും ആവലാതിയും കൂടാതെ സഹിച്ചു. 


മൂന്നു വര്‍ഷത്തോളം ദൈര്‍ഖ്യമുണ്ടായിരിന്ന ഈശോയുടെ പരസ്യജീവിത കാലത്ത് അവിടുന്നു പഠിപ്പിച്ചെടുത്ത ശിഷ്യരില്‍ ഒരുവനായ യൂദാസ് അവിടുത്തെ ഒറ്റിക്കൊടുക്കുന്നതിനായി വന്നപ്പോള്‍ അവരെ ശാസിച്ചു ശിക്ഷിക്കുവാന്‍ അവിടുന്നു തയ്യാറായില്ല. 'സ്‌നേഹിതാ! നീ എന്തിനാണ് വന്നിരിക്കുന്നുവെന്ന്' സ്‌നേഹപൂര്‍വ്വം ചോദിക്കയാണ് അവിടുന്ന് ചെയ്തത്. അപ്പ്‌സ്‌തോല പ്രമുഖനായ പത്രോസ് ഈശോയെ അറിയുകയില്ലെന്നു മൂന്നു പ്രാവശ്യം സത്യം ചെയ്തു പറഞ്ഞു. അദ്ദേഹത്തിന്റെ നേരെ വെറുപ്പിന്റെ ഒരു അംശം പോലും പ്രദര്‍ശിപ്പിക്കാതെ അനുഗ്രഹ പൂര്‍ണ്ണമായും നോട്ടത്താല്‍ അനുതാപത്തിലേക്ക് ക്ഷണിക്കുകയാണ് അവിടുന്ന് ചെയ്തത്. വിശുദ്ധ തോമാശ്ലീഹ ഈശോയുടെ ഉയിര്‍പ്പിനെപ്പറ്റി അവിശ്വാസം പ്രകടിച്ചപ്പോള്‍ അവിടുന്നു അദ്ദേഹത്തിന് പ്രത്യക്ഷനായി തന്റെ മുറിവുകളില്‍ സ്പര്‍ശിക്കുന്നതിനു അനുവദിക്കുകയുണ്ടായി. ക്ലേശപൂര്‍ണ്ണമായ മരണം വരെ ഈശോ വിനയനിധിയായിട്ടാണ് പെരുമാറിയത്. 


നമ്മുടെ നാഥനും നേതാവുമായ ഈശോയുടെ മാതൃക നമുക്കും അനുകരിക്കാം. ശത്രുക്കളെപ്പോലും സ്‌നേഹപൂര്‍വ്വം വീക്ഷിച്ച അവിടുത്തെ ശിഷ്യരായ നാം നമ്മുടെ സഹോദരന്മാരുടെ നേരെ പകയും ദ്വേഷവും വച്ചു പുലര്‍ത്തുന്നതു ശരിയാണോ? ശത്രുക്കള്‍!ക്കുവേണ്ടി അന്ത്യനിമിഷം പ്രാര്‍ത്ഥിച്ച അവിടുത്തെ അനുകരിക്കുവാന്‍ ആത്മാര്‍ത്ഥമായി നാം സന്നദ്ധരാകുന്നുണ്ടോ? ഈശോയുടെ വിനയശീലം അനുകരിക്കാന്‍ നമുക്കു ശ്രമിക്കാം. 


ജപം 
ആരാധനയ്ക്കു യോഗ്യമായ ഈശോയുടെ ദിവ്യഹൃദയമേ! സമാധാനത്തിന്റെ ആലയമേ! അങ്ങേ വിനയസ്വഭാവത്തെയും ക്ഷമയും ഓര്‍ത്തു ധ്യാനിക്കയാല്‍ എന്റെ ആത്മസ്ഥിതി ഏറ്റം നിര്‍ഭാഗ്യാവസ്ഥയില്‍ ആയിരിക്കുന്നുവെന്നറിഞ്ഞു ഖേദിക്കുന്നു. ഓ! മാധുര്യം നിറഞ്ഞ എന്റെ രക്ഷിതാവിന്റെ ദിവ്യഹൃദയമേ! ദുര്‍ഗുണങ്ങളാല്‍ നിറഞ്ഞ എന്റെ ഹൃദയത്തെ മാറ്റി ഇതില്‍ അങ്ങേ ദിവ്യഹൃദയത്തിലെ വിനയശീലം ധാരാളമായി നല്‍കണമെന്നും അങ്ങേ അനന്തമായ ക്ഷമയും വിനയശീലത്തെയും ഓര്‍ത്തു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. 

 

പ്രാര്‍ത്ഥന 
കര്‍ത്താവേ, അങ്ങേ മണവാട്ടിയായ തിരുസ്സഭയ്ക്കു പൂര്‍ണ്ണസ്വാതന്ത്ര്യം കൊടുത്തരുളേണമേ. ഞങ്ങളുടെ പിതാവായ പരിശുദ്ധ പാപ്പായെ സംരക്ഷിക്കണമേ. എല്ലാവരും അങ്ങേ ഏക സത്യസഭയെ അറിഞ്ഞ് ഏക ഇടയന്റെ കീഴാകുന്നതിന് വേഗത്തില്‍ ഇടവരുത്തണമേ! നിര്‍ഭാഗ്യ പാപികളുടെമേല്‍ കൃപയായിരിക്കേണമേ. അനുഗ്രഹത്തിന്റെ അമ്മയായ മറിയമേ, ദിവ്യഹൃദയത്തിന്‍ നാഥേ! ഞാന്‍ അപേക്ഷിക്കുന്നതും ആഗ്രഹിക്കുന്നതുമായ സകല വരങ്ങളും അങ്ങേ ശക്തമായ മദ്ധ്യസ്ഥതയില്‍ ശരണപ്പെട്ട് അങ്ങു വഴിയായി ലഭിക്കുമെന്ന് പൂര്‍ണ്ണമായി ഉറച്ചിരിക്കുന്നു. ആമ്മേന്‍. (3 സ്വര്‍ഗ്ഗ. 3 നന്മ. 3 ത്രി.) 
സാധുശീലനും ഹൃദയ എളിമയുള്ളവനുമായ ഈശോയെ! ഞങ്ങളുടെ ഹൃദയവും അങ്ങേ ഹൃദയം പോലെ ആക്കണമേ. 


ഈശോമിശിഹായുടെ തിരുഹൃദയ ലുത്തിനിയ 
കര്‍ത്താവേ! അനുഗ്രഹിക്കണമേ. 
മിശിഹായേ! അനുഗ്രഹിക്കണമേ. 
കര്‍ത്താവേ! അനുഗ്രഹിക്കണമേ. 
മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ. 
മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ. 


"ഞങ്ങളെ അനുഗ്രഹിക്കണമേ" എന്ന് ഏറ്റു ചൊല്ലുക
ആകാശങ്ങളിലിരിക്കുന്ന ബാവാതമ്പുരാനേ, 
ഭൂലോകരക്ഷിതാവായ പുത്രന്‍ തമ്പുരാനേ, 
റൂഹാദക്കുദശാ തമ്പുരാനേ, 
ഏകസ്വരൂപമായിരിക്കുന്ന ശുദ്ധ ത്രിത്വമേ, 
നിത്യപിതാവിന്‍ കുമാരനായ ഈശോയുടെ തിരുഹൃദയമേ, 
കന്യാസ്ത്രീ മാതാവിന്റെ തിരുവുദരത്തില്‍ പരിശുദ്ധാരൂപിയാല്‍ ഉരുവാക്കപ്പെട്ട ഈശോയുടെ തിരുഹൃദയമേ, 
ദൈവവചനത്തോടു കാതലായ വിധത്തില്‍ ഒന്നിച്ചിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ, 
അനന്തമഹിമയുള്ള ഈശോയുടെ തിരുഹൃദയമേ, 
ദൈവത്തിന്റെ പരിശുദ്ധ ആലയമായ ഈശോയുടെ തിരുഹൃദയമേ, 
അത്യുന്നതന്റെ കൂടാരമായ ഈശോയുടെ തിരുഹൃദയമേ, 
ദൈവഭവനവും മോക്ഷവാതിലുമായ ഈശോയുടെ തിരുഹൃദയമേ, 
ജ്വലിച്ചെരിയുന്ന സ്‌നേഹാഗ്‌നിച്ചൂളയായ ഈശോയുടെ തിരുഹൃദയമേ, 
നീതിയുടെയും സ്‌നേഹത്തിന്റെയും നിധിയായ ഈശോയുടെ തിരുഹൃദയമേ, 
നന്മയും, സ്‌നേഹവും നിറഞ്ഞ ഈശോയുടെ തിരുഹൃദയമേ, 
സകല പുണ്യങ്ങളുടെയും ആഴമായ ഈശോയുടെ തിരുഹൃദയമേ, 
സകല! പുകഴ്ചയ്ക്കും എത്രയും യോഗ്യമായ ഈശോയുടെ തിരുഹൃദയമേ, 
സകല പുണ്യവാന്‍മാരുടെയും ആനന്ദമായ ഈശോയുടെ തിരുഹൃദയമേ, 
ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി, 
കര്‍ത്താവേ! ഞങ്ങളുടെ പാപങ്ങള്‍ പൊറുക്കണമേ. 
ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി, 
കര്‍ത്താവേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ. 
ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി, 
കര്‍ത്താവേ! ഞങ്ങളെ അനുഗ്രഹിക്കണമേ. 


പ്രാര്‍ത്ഥിക്കാം 
സര്‍വശക്തനുമായ നിത്യനുമായ സര്‍വ്വേശ്വരാ! അങ്ങേ എത്രയും പ്രിയമുള്ള പുത്രന്റെ തിരുഹൃദയത്തേയും പാപികളുടെ പേര്‍ക്കായി അദ്ദേഹം അങ്ങേയ്ക്കു കാഴ്ച വെച്ച സ്തുതികളെയും പാപപരിഹാരങ്ങളെയും ഓര്‍ത്തു അങ്ങേ കൃപയെ യാചിക്കുന്നവര്‍ക്കു ദൈവമായ റൂഹാദക്കൂദശായുടെ ഐക്യത്തില്‍ നിത്യമായി നിന്നോടുകൂടെ ജീവിച്ചു വാഴുന്ന അങ്ങേ പുത്രനായ ഈശോമിശിഹായുടെ നാമത്തില്‍ കൃപയുള്ളവനായി പൊറുതി നല്‍കിയരുളണമേ. ആമ്മേന്‍. 

 

സുകൃതജപം 
വിനയശീലത്തിന്റെ മാതൃകയായ ഈശോയുടെ തിരുഹൃദയമേ, എനിക്കു വിനയശീലം തന്നരുളണമേ. 


സല്‍ക്രിയ 
നമ്മുടെ മനസ്സിന് വിരോധമായി എന്തെങ്കിലും ഇന്നു സംഭവിച്ചാല്‍ അതു ക്ഷമയോടു കൂടെ സഹിക്കുക.

+++