About Athmaraksha.org

എന്റെ ശക്തി നിനക്കു കാണിച്ചു തരാനും അങ്ങനെ എന്റെ നാമം ലോകം മുഴുവന്‍ പ്രാഘോഷിക്കപ്പെടാനും വേണ്ടിയാണ് ഞാന്‍ നിന്നെ ജീവിക്കാന്‍ അനുവദിച്ചത് (പുറപ്പാട് 9:16). കര്‍ത്താവ് എന്റെ മേല്‍ ചൊരിഞ്ഞ അനുഗ്രഹങ്ങള്‍ക്കു ഞാന്‍ എന്തു പകരം കൊടുക്കും? (സങ്കീര്‍ത്തനങ്ങള്‍ 116:12).

ഈ തിരുവചനങ്ങള്‍ ദൈവത്തിനു നിറവേറ്റിക്കൊടുത്തുകൊണ്ട് ആത്മാക്കളുടെ രക്ഷയ്ക്കായി അമേരിക്കയില്‍ നിന്നും Athmaraksha.org-ലൂടെ (A Catholic website) ദൈനാമം പ്രഘോഷിക്കപ്പെടുന്നു. ഈ സംരംഭത്തില്‍ ദൈവം ആഗ്രഹിക്കുന്ന രീതിയില്‍ പങ്കാളികളാകുവാനും ഇത് മറ്റു ഭാഷകളിലേയ്ക്ക് വിവര്‍ത്തനം ചെയ്തു തരാനും കഴിവുള്ള ദൈവമക്കളെ നല്‍കി സര്‍വ്വശക്തനായ ദൈവം അനുഗ്രഹിക്കട്ടേയെന്നു നമുക്കു പ്രാര്‍ത്ഥിക്കാം. ഇതു കര്‍ത്താവിന്റെ പ്രവൃത്തിയാണ്. നമ്മുടെ ദൃഷ്ടിയില്‍ ഇത് അത്ഭുതകരമായിരിക്കുന്നു (മര്‍ക്കോസ്12:11). 

1.എല്ലാ അശുദ്ധിയും വര്‍ദ്ധിച്ചു വരുന്ന തിന്മയും ഉപേക്ഷിച്ച് , നിങ്ങളില്‍ പാകിയിരിക്കുന്നതും നിങ്ങളുടെ ആത്മാക്കളെ രക്ഷിക്കുവാന്‍ കഴിവുള്ളതുമായ വചനത്തെ വിനയപൂര്‍വ്വം സ്വീകരിക്കുവിന്‍(യാക്കോബ് 1:21). 

അജ്ഞതയുടെ കാലഘട്ടങ്ങളെ ദൈവം കണക്കിലെടുത്തില്ല. എന്നാല്‍, ഇപ്പോള്‍ എല്ലായിടത്തുമുള്ള സകല ജനങ്ങളും പശ്ചാത്തപിക്കണമെന്ന് അവിടുന്ന് ആജ്ഞാപിക്കുന്നു(അപ്പ.17:30). അതിനാല്‍ ദൈവമാകുന്ന ദിവ്യവൈദ്യന്‍ നിര്‍ദ്ദേശിച്ചു തന്നിരിക്കുന്ന ഒറ്റമൂലികള്‍ വിശുദ്ധ ഗ്രന്ഥത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് ഇവിടെ കൊരുത്തുവച്ചിരിക്കുന്നു.

2.അനുദിന ജീവിത സാഹചര്യങ്ങളില്‍ ഓരോ വ്യക്തിയും അഭിമുഖീകരിക്കുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള ഉത്തരം തിരുവചനങ്ങളില്‍ നിന്നും കണ്ടെത്തി ദൈവത്തിന്റെ ശക്തമായ സംരക്ഷണവും നിസ്സീമമായ കരുണയും സ്‌നേഹവും അനുഭവിക്കുക. അതോടൊപ്പം യേശുക്രിസ്തു നല്‍കുന്ന സന്തോഷവും സമാധാനവും ജീവിത കാലം മുഴുവന്‍ അനുഭവിക്കുക. ഞാന്‍ നിങ്ങള്‍ക്കു സമാധാനം തന്നിട്ടു പോകുന്നു.എന്റെ സമാധാനം നിങ്ങള്‍ക്കു ഞാന്‍ നല്‍കുന്നു.ലോകം നല്‍കുന്നതുപോലെയല്ല ഞാന്‍ നല്‍കുന്നത് (യോഹ 14:27). 

ആകാശത്തിനു കീഴെ മനുഷ്യരുടെ ഇടയില്‍ നമുക്കു രക്ഷയ്ക്കു വേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല (അപ്പ.4:12). യേശുക്രിസ്തു നല്‍കുന്ന ഈ സമാധാനവും , രക്ഷയും ലോകത്ത് മറ്റാര്‍ക്കും നല്‍കാന്‍ സാധിക്കുകയില്ല.

3.ഇന്റര്‍നെറ്റ് തീപോലെയാണ്. തീ സൂക്ഷിച്ചു കൈകാര്യം ചെയ്തില്ലെങ്കില്‍ എല്ലാം നശിപ്പിക്കും. അതുപോലെ ഇന്റര്‍നെറ്റ്, മൊബൈല്‍ ഫോണ്‍, സോഷ്യല്‍ മീഡിയാ നെറ്റ്‌വര്‍ക്‌സ് ഇവ നല്ല കാര്യങ്ങള്‍ക്കു മാത്രം ഉപയോഗിച്ച് സ്വയം നിയന്ത്രിക്കുക. അതിലുളള തിന്മയുടെ ആസക്തികള്‍ക്ക് അടിമപ്പെട്ട് തകര്‍ച്ചയിലേയ്ക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ദൈവമക്കള്‍ക്കു രക്ഷപ്പെടാന്‍ യേശുക്രിസ്തു നല്‍കുന്ന ദിവ്യഔഷധങ്ങള്‍ Athmaraksha.org -ലൂടെ നമുക്ക് സ്വീകരിക്കാം. എല്ലാം എനിക്കു നിയമാനുസൃതമാണ്. എന്നാല്‍, എല്ലാം പ്രയോജനകരമല്ല; എല്ലാം എനിക്കു നിയമാനുസൃതമാണ്; എന്നാല്‍, ഒന്നും എന്നെ അടിമപ്പെടുത്താന്‍ ഞാന്‍ സമ്മതിക്കുകയില്ല (1 കോറിന്തോസ് 6:12).  

4.പാപം ചെയ്യാതെ ജീവിക്കാമെന്നു വിശുദ്ധര്‍ തെളിയിച്ചു കാണിച്ചിട്ടുണ്ട്. ജീവിതം ഒന്നു മാത്രമേയുളളു. എങ്ങനെ ജീവിക്കാനും നമുക്ക് അവസരം ഉണ്ട്. പാപം ചെയ്ത് ജഡികാഭിലാഷങ്ങളിലൂടെ ലഭിക്കുന്ന സംതൃപ്തി അല്‍പ്പസമയത്തേയ്ക്കു മാത്രമേ നിലനില്‍ക്കൂ. മാനസാന്തരപ്പെട്ട് ദൈവത്തിലേയ്ക്കു തിരിയുന്നില്ലെങ്കില്‍ പാപത്തിന്റെ ശിക്ഷ അനുഭവിക്കേണ്ടിവരുന്നത് ജീവിതകാലം മുഴുവനും പിന്നെ മരണാനന്തരവും. നാം നശിച്ചാലും രക്ഷ പ്രാപിച്ചാലും അതിന്റെ ഓഹരി നമുക്ക് മാത്രം. മറ്റാരും അതില്‍ പങ്കുകാരാവില്ല. എല്ലാവിധ സുഖങ്ങളിലും ജീവിച്ച ധനവാന്‍ നിത്യനരകത്തിന്റെ തീച്ചൂളയില്‍ വച്ചാണ് മാനസാന്തരപ്പെട്ടത്. അത് അവനു രക്ഷ നല്‍കിയില്ല. അബ്രാഹം പറഞ്ഞു:മകനേ, നീ ഓര്‍മ്മിക്കുക:നിനക്കു ജീവിതകാലത്ത് എല്ലാ സുഖസൗകര്യങ്ങളും ലഭിച്ചിരുന്നു; ലാസറിനോ കഷ്ടതകളും. ഇപ്പോള്‍ അവന്‍ ഇവിടെ ആനന്ദിക്കുകയും നീ വേദന അനുഭവിക്കുകയും ചെയ്യുന്നു(ലൂക്കാ 16:25). 

എന്നാല്‍ അവസാന മണിക്കൂറില്‍ ദൈവത്തിലേയ്ക്കു തിരിഞ്ഞ നല്ല കളളന്‍ രക്ഷ നേടി. യേശുവേ, നീ നിന്റെ രാജ്യത്തു പ്രവേശിക്കുമ്പോള്‍ എന്നെയും ഓര്‍ക്കണമേ! യേശു അവനോട് അരുളിച്ചെയ്തു: സത്യമായി ഞാന്‍ നിന്നോടു പറയുന്നു, നീ ഇന്ന് എന്നോടുകൂടെ പറുദീസയില്‍ ആയിരിക്കും(ലൂക്കാ 23:42-43). നാം തെരഞ്ഞെടുത്തിരിക്കുന്ന ജീവിതം തിരിച്ചറിയാന്‍ ഈ website ഉം, Apps - ഉം നമ്മെ സഹായിക്കട്ടെ.

5.ദെവം സ്വന്തം ഛായയില്‍ സൃഷ്ടിച്ച മനുഷ്യര്‍ ഏതവസ്ഥയിലായിരുന്നാലും, എത്ര വലിയ പാപിയായിരുന്നാലും ദൈവം അവരെ സ്വീകരിക്കും. ദൈവത്തിന്റെ കാരുണ്യം അത്രമാത്രം വലുതാണ്. അവരുടെ അനീതികളുടെ നേര്‍ക്കു ഞാന്‍ കരുണയുളളവനായിരിക്കും. അവരുടെ പാപങ്ങള്‍ ഞാന്‍ ഒരിക്കലും ഓര്‍ക്കുകയുമില്ല (ഹെബ്രായര്‍ 8:12) പക്ഷെ നാം ഇതുവരെ സഞ്ചരിച്ചിരുന്ന എല്ലാ തെറ്റായ വഴികളും ഉപേക്ഷിച്ച് ദൈവത്തിലേയ്ക്കു തിരിയണം. പുതിയ സൃഷ്ടിയാവുക എന്നതാണ് പരമപ്രധാനം (ഗലാത്തിയാ 6 : 15). 

6.ദൈവമഹത്വത്തിനും, ആത്മരക്ഷയ്ക്കും വേണ്ടി ദൈവം തന്റെ ശുശ്രൂഷകരിലൂടെ നമുക്ക് നല്‍കിയിരിക്കുന്ന എല്ലാ ആത്മീയ വിഭവങ്ങളും വളരെ എളുപ്പത്തില്‍ കമ്പ്യൂട്ടറിലും, മൊബൈല്‍ ഫോണിലും ലഭ്യമാക്കുകയും അത് നിങ്ങളുടെ സമയവും, സാഹചര്യവും അനുസരിച്ച് പ്രയോജനപ്പെടുത്തുകയും അങ്ങനെ ദൈവവുമായി കൂടുതല്‍ ആത്മബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്യുക. ഇതു നിസ്സാരമായ കാര്യമല്ല, നിങ്ങളുടെ ജീവനാണിത്. (നിയമാവര്‍ ത്തനം 32 :47). നിങ്ങളോടു ഞാന്‍ പറഞ്ഞ വാക്കുകള്‍ ആത്മാവും ജീവനുമാണ് (യോഹ 6:63). 

7.ഞാന്‍ നന്നായി പൊരുതി; എന്റെ ഓട്ടം പൂര്‍ത്തിയാക്കി; വിശ്വാസം കാത്തു. എനിക്കായി നീതിയുടെ കീരിടം ഒരുക്കിയിരിക്കുന്നു. നീതിപൂര്‍വ്വം വിധിക്കുന്ന കര്‍ത്താവ്, ആ ദിവസം അത് എനിക്കു സമ്മാനിക്കും (2 തിമോ 4:7-8). നീതിമാന്‍മാരുടെ പുനരുത്ഥാനത്തില്‍ നിനക്കു പ്രതിഫലം ലഭിക്കും (ലൂക്കാ 14:14). ദൈവം ദാനമായി തന്നിരിക്കുന്ന ഈ താല്‍ക്കാലിക ജീവിതത്തില്‍ നിന്നും നമ്മെ തിരിച്ചു വിളിക്കുമ്പോള്‍ കര്‍ത്താവിന്റെ നീതിന്യായാസനത്തിനു മുമ്പില്‍ നമ്മുടെ ആത്മാവ് ഈ സമ്മാനം നേടണം. മരണവിധിയെ ഭയപ്പെടേണ്ടാ; നിന്റെ മുന്‍കാല ജീവിതത്തെയും ജീവിതാന്തത്തെയും ഓര്‍ക്കുക; മര്‍ത്യവര്‍ഗ്ഗത്തിനുളള കര്‍ത്താവിന്റെ തീര്‍പ്പാണ് ഇത് (പ്രഭാഷകന്‍ 41:3).  

ഈ വെബ്‌സൈറ്റിനെകുറിച്ചുളള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും തന്നിരിക്കുന്ന Contact ലൂടെ അറിയിക്കുകയും അതുപോലെ ക്രിസ്തീയ ലേഖനങ്ങള്‍, Web link or copyright     ഇല്ലാത്ത Video/Audio എന്നിവ ഇവിടെ Upload ചെയ്ത് ഇതില്‍ പങ്കാളിയാകുക. ക്രിസ്തീയ വിശ്വാസത്തിനും, ജീവിത വിശുദ്ധിക്കും, ആത്മരക്ഷയ്ക്കും അനുയോജ്യമായത് ഇവിടെ പ്രസിദ്ധീകരിക്കുന്നതായിരിക്കും. ഈ വെബ്‌സൈറ്റില്‍ പ്രാര്‍ത്ഥനാ സഹായം ആവശ്യപ്പെട്ടിരിക്കുന്നവര്‍ക്കുവേണ്ടി മാദ്ധ്യസ്ഥ പ്രാര്‍ത്ഥന നടത്തിയും ഇതില്‍ പങ്കാളിയാകുക. ഈ വെബ്‌സൈറ്റ് സന്ദര്‍ശിക്കുന്ന എല്ലാ ദൈവമക്കള്‍ക്കും ആത്മീയ ഉണര്‍വ് ലഭിച്ച് ദൈവം കൂടുതലായി അനുഗ്രഹിക്കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു. തന്റെ കല്‍പനകളും പ്രമാണങ്ങളും പ്രവേശിക്കാന്‍ അവിടുന്ന് നിങ്ങളുടെ ഹൃദയം തുറക്കുകയും നിങ്ങള്‍ക്കു സമാധാനം നല്‍കുകയും ചെയ്യട്ടെ! (2 മക്കബായര്‍ 1:4).