ഏതു ബന്ധവും വളരണമെങ്കില്‍ ശരിയായ ആശയവിനിമയം ആവശ്യമാണ്. ഇതു കുടുംബജീവിതത്തിലും വിവാഹബന്ധത്തിലും അത്യന്താപേക്ഷിതമാണ്. ദാമ്പത്യജീവിതത്തില്‍ സംസാരത്തിനുള്ള പ്രാധാന്യത്തെക്കുറിച്ച് അറിയാം...

മനസു തുറക്കാം
സ്ഥിരമായി (ദിവസവും) ഭാര്യ/ഭര്‍ത്താവുമായി സംസാരിക്കുവാന്‍ കുറച്ചു സമയം മാറ്റിവെച്ചില്ലെങ്കില്‍ ആ ബന്ധം വളരാന്‍ സാധ്യതയില്ല. അങ്ങോട്ടുമിങ്ങോട്ടും ഫോണില്‍ മെസേജ് അയയ്ക്കുന്നതോ ഹായ്, ഹലോ പറയുന്നതോ ഇതില്‍ ഉള്‍പ്പെടില്ല. ശരിയായ ആശയ വിനിമയം ഒരു കലയാണ്. അതുപഠിക്കാന്‍ നാം തയാറാവണം. നിങ്ങള്‍ വിവാഹം കഴിച്ചിട്ട് ഒരു വര്‍ഷമോ 50 വര്‍ഷമോ ആയാലും നിങ്ങളുടെ പങ്കാളിയുമായി സംസാരിക്കാന്‍ സമയം കണ്ടെത്തണം. നിങ്ങളുടെ പങ്കാളി നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന വ്യക്തിയാണെന്നറിയുക. കൂടുമ്പോള്‍ ഇമ്പമുള്ളതാണ് കുടുംബം. എന്നാല്‍ ഇന്ന് ഭാര്യാഭര്‍ത്താക്കന്മാര്‍ കൂടുമ്പോള്‍ ഭൂകമ്പമാണ്. അതുകൊണ്ടു നിങ്ങള്‍ സംസാരിക്കുമ്പോള്‍ പരസ്പരം കുറ്റം പറഞ്ഞും വഴക്കുപറഞ്ഞും ആ സമയം കളയാതെ, തന്റെ പങ്കാളിയെ കൂടുതല്‍ സ്‌നേഹിക്കുവാനും അറിയാനുമുള്ള ഒരവസരമായി ഇതിനെ മാറ്റുക. ഇന്ന് നിന്റെ ദിവസം എങ്ങനെയുണ്ടായിരുന്നു എന്നു തുടങ്ങി സംസാരം ആരംഭിക്കാം. ഭാര്യയുടെ ബുദ്ധിമുട്ടുകള്‍ ചോദിച്ചറിയാം. പരസ്പരം പ്രോത്സാഹിപ്പിക്കാനും പിന്തുണ നല്‍കുവാനും ഈ സമയം വിനിയോഗിക്കാം. 'എന്റെ ഭാര്യ/ഭര്‍ത്താവ് ആണല്ലോ' എന്തുമാവാം എന്ന മനോഭാവത്തില്‍ പങ്കാളിയെ സമീപിക്കാതിരിക്കുക. 

നിങ്ങള്‍ സംസാരിക്കുമ്പോള്‍ നിങ്ങളുടെ ശരീരഭാഷ, സംസാരത്തിന്റെ ശൈലി, ശബ്ദത്തിന്റെ ഘനം, ടോണ്‍, പറയുന്ന വാക്കുകള്‍, ശബ്ദത്തിന്റെ ഉയര്‍ച്ച താഴ്ചകള്‍ എല്ലാം പ്രധാനപ്പെട്ടതാണെന്ന് ഓര്‍ക്കുക. പരസ്പര ബഹുമാനമില്ലാത്ത സംസാരം ഒഴിവാക്കുക. 
കുടുംബത്തിലെ തീരുമാനങ്ങള്‍ രണ്ടുപേരും നന്നായി ചര്‍ച്ച ചെയ്തതിനുശേഷം മാത്രം എടുക്കുക. രണ്ടുപേര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടെന്ന കാര്യം മറക്കരുത്. 

കുറ്റപ്പെടുത്തല്‍ വേണ്ട
നമുക്കു യോജിക്കാത്ത കാര്യങ്ങള്‍ കൃത്യമായി, എന്നാല്‍ മൃദുവായി പറയാം. 'പണ്ടേ നീ ഇങ്ങനെയാ', എന്ന രീതിയില്‍ കുറ്റപ്പെടുത്തലുകള്‍ ഒഴിവാക്കാം. നിങ്ങള്‍ ദേഷ്യപ്പെട്ടോ, നിരാശപ്പെട്ടോ ഇരിക്കുമ്പോള്‍ സംസാരം ഒഴിവാക്കുക. കാരണം അപ്പോള്‍ നിങ്ങള്‍ ആഗ്രഹിക്കാത്ത പലതും വായില്‍ നിന്നും പുറത്തേക്കു വന്നേക്കാം. അതു പങ്കാളിയെ മുറിപ്പെടുത്താം. മറ്റെന്തിനേക്കാളും വാക്കുകളാണ് നിങ്ങളുടെ ബന്ധത്തെ മുറിപ്പെടുത്തുന്നതും വളര്‍ത്തുന്നതുമെന്നറിയുക. പങ്കാളിയുടെ വീട്ടുകാരെയും ബന്ധുക്കളെയും കുറ്റപ്പെടുത്തി സംസാരിക്കുന്നതും നിങ്ങളുടെ പങ്കാളിയെ മുറിപ്പെടുത്തുമെന്നറിയുക. 

നല്ല കാര്യത്തെ പ്രശംസിക്കാം
പങ്കാളിയിലുള്ള നല്ല കാര്യങ്ങളെ മടികൂടാതെ പ്രോത്സാഹിപ്പിക്കണം. നിങ്ങളുടെ കുഞ്ഞുങ്ങളെ മാറ്റി നിര്‍ത്തി, അല്‍പസമയം ഭാര്യയ്ക്കായി / ഭര്‍ത്താവിനായി മാത്രം ചിലവഴിക്കുക. നിങ്ങളുടെ ചിന്തകള്‍, ആഗ്രഹങ്ങള്‍, വികാരങ്ങള്‍ എല്ലാം തുറന്നു പറയുക. കിടക്കാന്‍ പോകുന്ന സമയത്തോ, ഒരുമിച്ച് നടക്കാന്‍ പോകുമ്പോഴോ ഇങ്ങനെ ഉള്ളു തുറന്നു സംസാരിക്കുക. നിങ്ങളുടെ പങ്കാളിയുമായി 60 മിനിറ്റ് മുതല്‍ 90 മിനിറ്റ് വരെ സ്വകാര്യമായി സംസാരിക്കാന്‍ സമയം കണ്ടെത്തുക. കുറ്റങ്ങള്‍ മാത്രം പറയാതെ അവരുടെ ചില വീഴ്ചകളെ മറക്കാനും പങ്കാളിയെ സ്‌നേഹിക്കാനും സമയം കണ്ടെത്തുക. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു, എന്തുവന്നാലും ഞാന്‍ കൂടെയുണ്ട്, എന്ന് ദിവസവും പറയുക. ഇതു പറയുന്നത് ദിനചര്യകള്‍ പോലെ തന്നെ നമ്മുടെ ശീലമാക്കണം. എങ്കില്‍ നിങ്ങളുടെ ബന്ധം കൂടുതല്‍ ഊഷ്മളവും ദൃഢവുമാകും. 

പങ്കാളിയുമായി സംസാരിക്കുന്നതു കുറയുമ്പോഴാണ് പല വിവാഹേതര ബന്ധങ്ങളും ഉടലെടുക്കുന്നത്. നിങ്ങളുടെ ഭാര്യാ/ഭര്‍ത്താവ് നിങ്ങളുടെ ശ്രദ്ധ ആഗ്രഹിക്കുന്നുണ്ടെന്നു മനസിലാക്കി അവരെ പുകഴ്ത്തുവാനും പ്രോത്സാഹിപ്പിക്കുവാനും ശ്രദ്ധിക്കുക. നിങ്ങളുടെ പങ്കാളി ഒരു നല്ല വസ്ത്രം ശരിച്ചാല്‍ 'ഇതു നന്നായി നിനക്കു ചേരുന്നുണ്ട്' എന്നു പറയാന്‍ മടി കാണിക്കരുത്. മറ്റാരേക്കാളും നിങ്ങളുടെ പ്രതികരണം വിലപ്പെട്ടതാണെന്നറിയുക. ഒരിക്കലും പങ്കാളിയോട് തെറി/അശ്ലീല വാക്കുകള്‍ ഉപയോഗിക്കാതിരിക്കുക. 'നീ ഒരിക്കലും നേരെയാവില്ല' എന്ന രീതിയില്‍ കുറ്റപ്പെടുത്താതിരിക്കുക. 

പങ്കാളിയെ കേള്‍ക്കാം
കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ ഇടയ്ക്ക് മറ്റു കുടുംബാംഗങ്ങളെ ഇതില്‍ ഉള്‍പ്പെടുത്താതിരിക്കുക. നിങ്ങള്‍ പങ്കാളിയുടെ അഭിപ്രായവുമായി വിയോജിക്കുമ്പോഴും അവരോട് സ്‌നേഹവും പിന്തുണയും പ്രഖ്യാപിച്ചു കൊണ്ടു വിയോജിക്കാം. നിങ്ങളുടെ ഭാഗം വ്യക്തമായി പറയുകയും ചെയ്യാം. എല്ലാകാര്യത്തിലും എന്റെ ഇഷ്ടം നടക്കണം എന്ന സ്വാര്‍ഥചിന്ത ഒഴിവാക്കുക. പ്രതിപക്ഷ ബഹുമാനമില്ലാത്ത പദങ്ങള്‍ ഒഴിവാക്കുക. പങ്കാളി എന്തെങ്കിലും തെറ്റായ വാക്കുകള്‍ പറഞ്ഞാല്‍ തന്നെ അതു ക്ഷമിക്കുവാന്‍ തയാറാവുക. ദേഷ്യം വരുമ്പോള്‍ പരസ്പരം പൊട്ടിത്തെറിക്കാതിരിക്കുക.. പങ്കാളിയുടെ പഴയ തെറ്റുകളും വീഴ്ചകളും ഓര്‍മിപ്പിച്ചു വഴക്കുണ്ടാക്കാതിരിക്കുക. പങ്കാളിയെ ദേഷ്യപ്പെടുത്തുന്നത് എന്താണെന്ന് കണ്ടറിഞ്ഞ് സംസാരിക്കുക. 

സംസാരിക്കുമ്പോള്‍ പങ്കാളിയുടെ ഭാഗവും കേള്‍ക്കുവാന്‍ നാം തയാറാകണം. ഞങ്ങള്‍ രണ്ടുപേരും ഒരു ടീം ആണെന്നുള്ള സുരക്ഷിതത്വബോധം ഉളവാക്കുന്ന രീതിയില്‍ മാത്രം സംസാരിക്കുക. സംസാരിക്കുമ്പോള്‍ 'ഞാന്‍ തന്നെയാണ് ബോസ്' എന്ന രീതിയില്‍ സംസാരിക്കാതിരിക്കുക. ഭര്‍ത്താക്കന്മാര്‍ ഭാര്യമാരോട് പരുഷമായി, അവരെ തരം താഴ്ത്തുന്നതരത്തില്‍ സംസാരിക്കാതിരിക്കുക. സ്ത്രീകള്‍ കൂടുതല്‍ വൈകാരികതലത്തിലുള്ള സംസാരം ആഗ്രഹിക്കുമെന്ന് മനസിലാക്കുക. സംസാരിക്കുന്നതോടൊപ്പം സ്‌നേഹം പ്രകടിപ്പിക്കാനും മറക്കരുത്. 

എന്നാല്‍ പുരുഷന്മാരാകട്ടെ ഭാര്യയില്‍ നിന്ന് ബഹുമാനം, കൂട്ടായ്മ, പ്രോത്സാഹനം എന്നിവ ആഗ്രഹിക്കും. ഇതു ഭാര്യമാരും ശ്രദ്ധിക്കണം. ഭര്‍ത്താവിന്റെ സ്വാഭിമാനത്തിനു ക്ഷതം വരുത്തുന്ന രീതിയില്‍ മറ്റുള്ളവരുടെ മുന്‍പില്‍ സംസാരിക്കരുത്. പങ്കാളിയുടെ പഴയ തെറ്റുകള്‍ മറന്ന്, സ്വന്തം തെറ്റുകള്‍ ഏറ്റുപറയാം. 'എനിക്ക് ഏറ്റവും വലുത് നീയാണ്' എന്നു പറയുക. ഒരുമിച്ച് ഭക്ഷണം കഴിക്കുക, ഒരുമിച്ച് പ്രാര്‍ഥിക്കുക. ചര്‍ച്ച ചെയ്യുന്ന വിഷയങ്ങള്‍ വളരെ കരുതലോടെ തെരഞ്ഞെടുക്കുക. ചിലപ്പോള്‍ നിങ്ങളുടെ പങ്കാളി വിഷമിച്ച് ചില കാര്യങ്ങള്‍ പറയുമ്പോള്‍ തിരിച്ച് ഒന്നും പറഞ്ഞില്ലെങ്കിലും ശ്രദ്ധയോടെ പ്രശ്‌നങ്ങള്‍ ശ്രവിച്ചാല്‍ മതി, അവരുടെ മനസിനെ ശാന്തമാക്കാന്‍. 

പങ്കാളിയുടെ ശരീരത്തെ കുറ്റപ്പെടുത്തേണ്ട
പങ്കാളിയുടെ ബാഹ്യഭംഗിയെ പുകഴ്ത്താം. എന്നാല്‍ ശരീരത്തെ കൂടുതല്‍ വിമര്‍ശിക്കാതിരിക്കുക. സംസാരിക്കുമ്പോള്‍ മാന്യമായും സഹാനുഭൂതിയോടെയും ക്ഷമയോടെയും സംസാരിക്കുക. സംസാരിക്കുമ്പോള്‍ ക്ഷിപ്രകോപികളാകാതിരിക്കാന്‍ ശ്രദ്ധിക്കണം. ഭാര്യ / ഭര്‍ത്താവ് ക്ഷീണിച്ചു വരുമ്പോള്‍ വീട്ടിലെ സര്‍വപ്രശ്‌നങ്ങളും തുറന്നു പറയാതിരിക്കുക. പ്രശ്‌നങ്ങള്‍ സാവധാനം സ്‌നേഹത്തിന്റെ ഭാഷയില്‍ അവതരിപ്പിക്കുക. വീട്ടിലുള്ള മക്കളോടും മറ്റംഗങ്ങളോടും പങ്കാളിയുടെ കുറ്റം പറയരുത്. കുറ്റപ്പെടുത്തി സംസാരിക്കാതിരിക്കുക. 

പങ്കാളി നിങ്ങളോട് എങ്ങനെ സംസാരിക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവോ അതുപോലെ നിങ്ങളും സംസാരിക്കുക. നിങ്ങളുടെ സംസാരം എതിര്‍വശത്ത് പ്രതീക്ഷ നല്‍കുന്നതും പങ്കാളിയില്‍ സന്തോഷമുണ്ടാക്കുന്നതുമാകട്ടെ. വീട്ടില്‍ നിന്നും ജോലിക്കായി ഇറങ്ങുമ്പോള്‍ ഭാര്യയോട് ഒരു Love you പറയുന്നതില്‍ മടിക്കേണ്ടതില്ല (സ്‌നേഹം കൂടുതലായതുകൊണ്ട് ഒരു ഭാര്യയും വഷളായിട്ടില്ല). അതു ആ ദിവസം മുഴുവന്‍ അവളില്‍ പുതിയ ഒരു ഊര്‍ജം നിറയ്ക്കും. പങ്കാളിയുടെ പിറന്നാള്‍, നിങ്ങളുടെ വിവാഹ വാര്‍ഷികം എന്നിവ ആഘോഷിക്കുക. പ്രത്യേകമായി ആശംസിക്കുക. 

വാക്കുകള്‍ വിവേകത്തോടെ
ചില കാര്യങ്ങള്‍ സംസാരിക്കുമ്പോള്‍ 'ഞാന്‍ നിന്നെ വിശ്വസിക്കുന്നു' എന്ന് ബോധപൂര്‍വം പറഞ്ഞു നോക്കൂ. ഇതു നിങ്ങളുടെ ബന്ധത്തില്‍ ഒരു പ്രത്യേക അടുപ്പം കൊണ്ടുവരും. വിവേകത്തോടെ വാക്കുകള്‍ തെരഞ്ഞെടുക്കുക. നിങ്ങളുടെ ഭാര്യ പുതിയ ഒരു വസ്ത്രം ധരിക്കുമ്പോള്‍ ഇതു നിനക്കു ചേരില്ല, തടി കൂടുതലാണ് എന്നു വെട്ടിത്തുറന്നു പറയാതെ 'ഇതു നല്ലതാണ്, എങ്കിലും മറ്റേതില്‍ നീ കൂടുതല്‍ സുന്ദരിയാണെ'ന്നു പറയുക. ഭര്‍ത്താവ് വൈകിട്ട് വീട്ടില്‍ വരുമ്പോള്‍ 'ഇന്നത്തെ ദിവസം എങ്ങനെയുണ്ടായിരുന്നു എന്നും' 'നിങ്ങള്‍ നന്നായി കഷ്ടപ്പെടുന്നു' എന്നും ഭാര്യ പറയാന്‍ ശ്രമിച്ചാല്‍ അവിടെ പിന്നെ പുതിയ ഒരു പോസിറ്റീവായ സംഭാഷണം തുടങ്ങുകയായി. 

ഭര്‍ത്താവ് വൈകിട്ട് തളര്‍ന്നു ക്ഷീണിച്ചു വരുമ്പോള്‍ ഭര്‍തൃവീട്ടുകാരുടെ കുറ്റവും വീട്ടിലെ പ്രശ്‌നങ്ങളും അടുക്കളയിലേക്ക് വാങ്ങിക്കാനുള്ള സാധനങ്ങളുടെ പട്ടികയും നിരത്താതിരിക്കുക. പങ്കാളിയെ മറ്റുള്ളവരുടെ പങ്കാളികളുമായി താരതമ്യപ്പെടുത്താതിരിക്കുക. ഇടയ്ക്ക് പങ്കാളിക്ക് സ്‌നേഹത്തോടെയുള്ള സന്ദേശങ്ങള്‍ ഫോണ്‍വഴി അയയ്ക്കുക. വൈകുന്നേരം ഒരു ചിരിയോടെ പങ്കാളിയെ സ്വീകരിക്കുക. നിങ്ങളുടെ പങ്കാളിയുടെ സന്തോഷത്തിലാണ് നിങ്ങളുടെ വീടിന്റെ സന്തോഷം നിലനില്‍ക്കുന്നതെന്നും തിരിച്ചറിഞ്ഞ് സംസാരിക്കുക. ചിലപ്പോള്‍ ചില വാക്കുകള്‍ കടിച്ചമര്‍ത്തി വയ്‌ക്കേണ്ടി വരും. എന്നാല്‍ അതു വീടിന്റെ സമാധാനം നിലനില്‍ക്കുവാന്‍ നല്ലതാണെന്നറിയുക. സ്‌നേഹത്തോടും സഹാനുഭൂതിയോടുമുള്ള സംഭാഷണങ്ങള്‍ നിങ്ങളുടെ കുടുംബത്തെ ഭൂമിയിലെ സ്വര്‍ഗമാക്കും. തീര്‍ച്ച.

ഡോ. നതാലിയ എലിസബത്ത് ചാക്കോ
കണ്‍സള്‍ട്ടന്റ് സൈക്യാട്രിസ്റ്റ്, കാരിത്താസ് ഹോസ്പിറ്റല്‍
തെള്ളകം, കോട്ടയം.  

കടപ്പാട് : www.deepika.com