സഹനത്തെക്കുറിച്ച് നാം ഒരുപാട് ധ്യാനിച്ചിട്ടുണ്ട്. മറ്റുളളവര്‍ സഹനങ്ങളിലൂടെ കടന്നുപോകുമ്പോള്‍ നാം അവരെക്കണ്ട് സഹതപിക്കാറുണ്ട്. പ്രാര്‍ത്ഥിക്കാറുണ്ട്. എങ്കിലും നമ്മുടെ ജീവിതത്തിലേക്ക് ഈ സഹനം അരിച്ചിറങ്ങുമ്പോള്‍ എല്ലാവരും ഒന്ന് പതറും. അതുകൊണ്ടാണ് സഹനമെന്നത് ഒരു രഹസ്യമാണെന്ന് പറയാറുള്ളത്. എത്ര ധ്യാനിച്ചാലും പൂര്‍ണ്ണതയിലെത്താത്ത ഒരു ആത്മീയരഹസ്യം ഇതില്‍ ഒളിഞ്ഞ് കിടപ്പുണ്ട്. ആത്മീയ ഫലഭൂയിഷ്ഠതയുടെ സമ്പൂര്‍ണ്ണ രഹസ്യവും സഹനത്തിലുണ്ട്. കാരണം സഹനത്തിനുള്ളില്‍ വിളവെടുപ്പിന്റെ വിത്തുണ്ട് എന്നതുകൊണ്ടാണിത്. നോമ്പിന്റെ നാലാം ദിനമായ ഇന്ന് നമ്മുക്ക് നമ്മുടെ ജീവിതത്തില്‍ സംഭവിക്കുന്ന സഹനങ്ങളോട് സമീപനമെന്തെന്ന് ചിന്തിക്കാം.
സഹനങ്ങളുടെ നെരിപ്പോടിലൂടെ തുടര്‍ച്ചയായി കടന്നുപോയിട്ടും തളരാതെ ക്രിസ്തുവിലേക്ക് നോക്കിയ തിരുവല്ലക്കാരനായ ഡോ. ജോര്‍ജ് സാമുവലിനെ കണ്ടാലും. ഇദ്ദേഹം നേരിട്ട സഹനവും അതിലൂടെ നേടിയെടുത്ത വിജയവും ക്രിസ്തുവിലേക്ക് തിരിയാന്‍ നമ്മെയും പ്രേരിപ്പിക്കുമെന്ന് തീര്‍ച്ചയാണ്. ജനിച്ച നാള്‍ മുതല്‍ തീവ്രനൊമ്പരത്തിന്റെ നെരിപ്പോടിലുരുകിയ മൂന്ന് ആണ്‍മക്കള്‍; അസാധാരണമായ രോഗത്തിന്റെ പിടിയിലാണ് തന്റെ മക്കളെന്ന് തിരിച്ചറിഞ്ഞിട്ടും പ്രത്യാശയോടെ ദൈവവചനത്തിന്റെ പ്രവാചകനായിമാറുകയായിരുന്നു അവരുടെ അപ്പനായ ജോര്‍ജ് സാമുവല്‍.
'സിസ്റ്റിക് ഫൈബ്രോസിസ്' എന്ന രോഗമായിരുന്നു മക്കള്‍ക്ക്. വൈദ്യശാസ്ത്രം നിസ്സഹായതയോടെ വെറുംകയ്യുംകെട്ടി നോക്കിനില്‍ക്കുന്ന രോഗം. മരണക്കയത്തിലേക്ക് ഈ മൂന്നുമക്കളും ഒപ്പം ജീവിതപങ്കാളിയും നടന്നുപോയിട്ടും ആ മനുഷ്യന്‍ തെല്ലും പതറിയില്ല, വിശുദ്ധ ഗ്രന്ഥത്തിലെ ജോബിനെപ്പോലെ അദ്ദേഹം ആ സമയത്തെല്ലാം ദൈവത്തെ സ്തുതിച്ചു. കണ്ണീരുണങ്ങാത്ത മുഖവുമായി, അദ്ദേഹത്തെ ആശ്വസിപ്പിക്കാനെത്തിയവര്‍ നടുങ്ങി. കാരണം അവരവിടെ കണ്ടത് വിശ്വാസത്തിന്റെ ദീപ്തമാര്‍ന്ന മുഖമായിരുന്നു. അതായിരുന്നു ഡോ. ജോര്‍ജ് സാമുവല്‍. പ്രതിസന്ധികളില്‍ വിശ്വാസത്തിന്റെ ദീപശിഖയേന്തിയ പടയാളി; ന്യൂക്ലിയര്‍ മെഡിസിനിലൂടെ അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തിയാര്‍ജ്ജിച്ച ശാസ്ത്രജ്ഞന്‍, അമേരിക്കന്‍ സര്‍വ്വകലാശാലകളില്‍ വിസിറ്റിംഗ് ഫാക്കല്‍റ്റി, ഹഗ്ഗായി ഇന്‍സ്റ്റിറ്റിയൂട്ടിന്റെ അമരക്കാരന്‍; എന്നിട്ടും...
'നിരാശഭരിതമായ സംഭവങ്ങളെ അഭിമുഖീകരിക്കുമ്പോള്‍ സംശയത്തിനോ പരാജയത്തിനോ ഒന്നുമവിടെ സ്ഥാനമില്ല. ദൈവസഹായത്താല്‍ ദു:ഖാനുഭവങ്ങളെ വിജയമായും, പ്രതിബന്ധങ്ങളെ വിജയമുഹൂര്‍ത്തങ്ങളായും, തീര്‍ത്തും മോശമായതിനെ ഏറ്റം മേന്മയുള്ളതായും, പ്രശ്‌നങ്ങളെ പദ്ധതികളായും രൂപാന്തരപ്പെടുത്താം. എന്റെ ജീവിതം ക്രിസ്തുവിനായി സമര്‍പ്പിക്കപ്പെട്ടതായിരുന്നു. ബാല്യം മുതലേ സുവിശേഷത്തോടുള്ള തീക്ഷ്ണത എന്നിലുണ്ടായിരുന്നു. പഠനാനന്തരം മുംബൈയില്‍ ന്യൂക്ലിയര്‍ മെഡിസിന്‍ വിഭാഗത്തില്‍ ജോലി ചെയ്യുമ്പോഴും ഉപരിപഠനത്തിന് കാലിഫോര്‍ണിയായിലുള്ള ഹാര്‍ബര്‍ സിറ്റിയില്‍ ബേ ഹാര്‍ബര്‍ ആശുപത്രിയില്‍ ന്യൂക്ലിയര്‍ മെഡിസിന്‍ വിഭാഗത്തിന്റെ തലവനായി പ്രവര്‍ത്തിക്കുമ്പോഴും വിശുദ്ധഗ്രന്ഥപാരായണവും പ്രാര്‍ത്ഥനയും ഞാന്‍ ഒട്ടും കുറച്ചില്ല. ശാസ്ത്രത്തിന് പിന്നില്‍ ദൈവകരങ്ങളാണെന്നു ഞാനുറച്ചു വിശ്വസിച്ചു, പഠിപ്പിച്ചു.'
പാറപോലെ ഉറച്ച ക്രിസ്തുസാക്ഷിയാകുമ്പോഴും അദ്ദേഹത്തിന്റെ ജീവിതത്തില്‍ പ്രതിസന്ധികളുടെ കൂടാരം ഉയരുന്നുണ്ടായിരുന്നു. ആദ്യ കണ്‍മണിയുടെ പിറവിയോടുകൂടിയായിരുന്നു തുടക്കം. ആ സംഭവത്തെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.
'1970 ജനുവരി 21 നാണ് എന്റെ ആദ്യപുത്രന്‍ ജോണി ജനിക്കുന്നത്. വൈഷമ്യമൊന്നുമില്ലാത്ത സാധാരണ പ്രസവം. എന്നാല്‍ ഏതാനും ദിവസം കഴിഞ്ഞപ്പോള്‍ കുട്ടിയുടെ മൂക്കിലും വായിലും സ്രവങ്ങള്‍ രൂപപ്പെടാന്‍ തുടങ്ങി. ഒപ്പം ശ്വാസതടസവും നെഞ്ചില്‍ നീര്‍ക്കെട്ടും. സാധാരണ കുഞ്ഞുങ്ങളെപ്പോലെ ജോണിക്ക് പാല്‍ വലിച്ചുകുടിക്കുവാന്‍ കഴിയാതിരുന്നതുകൊണ്ട് മൂക്കില്‍ക്കൂടി ട്യൂബ് ഇട്ട് ഭക്ഷണം കൊടുക്കേണ്ടതായി വന്നു. ആശുപത്രിക്കിടക്കവിട്ട് കുഞ്ഞിനെ പുറത്തേക്ക് കൊണ്ടുപോകാന്‍ പറ്റാത്ത അവസ്ഥ. ഇടയ്ക്കവന്റെ ശരീരം നീലക്കളറായി. ഓക്‌സിജന്‍ വേണ്ടത്ര തലച്ചോറില്‍ എത്താതെ പിണ്ഡാവസ്ഥയിലാകുന്നതുകൊണ്ടാണിത്. തുടര്‍ന്ന് കുഞ്ഞിന്റെ ചികിത്സയ്ക്ക് ഞങ്ങള്‍ വെല്ലൂരിലേക്ക് പോയി. മരുന്നുകള്‍ തുടര്‍ന്നെങ്കിലും അവന്റെ ശാരീരികസ്ഥിതിയില്‍ മാറ്റമൊന്നുമുണ്ടായില്ല. ജോണിക്ക് മൂന്നു വയസ്സുള്ളപ്പോഴാണ് രണ്ടാമത്തെ മകന്‍ ഷെറിയുടെ ജനനം. ജോണിക്കുണ്ടായ അതേ അസുഖം തന്നെയായിരുന്നു ഷെറിയും പ്രകടിപ്പിച്ചത്. ട്യൂബിലൂടെ ഷെറിയ്ക്കും പാല്‍ കൊടുക്കേണ്ടിവന്നു. ശ്വസനസംബന്ധമായി തുടര്‍ച്ചയായി ഉണ്ടായ അണുബാധമൂലം ഷെറി ക്ലേശിക്കുന്നുണ്ടായിരുന്നു. മരുന്നുകള്‍ യഥാസമയം നല്കുകയും, വിവിധ ആശുപത്രികളില്‍ ചികിത്സിപ്പിക്കുകയും ചെയ്തു. ഒരു ദിവസം അപ്രതീക്ഷിതമായി ബ്രോങ്കിയാല്‍ ന്യൂമോണിയ രോഗവും അവനെ ബാധിച്ചു. ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവിടെയെത്തുന്നതിനു മുമ്പ് അവന്‍ മരണമടഞ്ഞു.
ജോണിയുടെ രോഗവസ്ഥ ഒട്ടും കുറയാതെ തുടര്‍ന്നു. അപ്പോഴാണ് ഞങ്ങളുടെ മൂന്നാമത്തെ കുഞ്ഞിന്റെ ജനനം. റോണിയെന്ന് ഞങ്ങളവനെ വിളിച്ചു. ജോണിയുടെ രോഗംതന്നെ അവനെയും കീഴ്‌പ്പെടുത്തുകയായിരുന്നു. വിധിയുടെ ഈ കടുത്ത പരീക്ഷണങ്ങള്‍ക്ക് മുന്നില്‍ ആരും പകച്ചുപോകുന്ന സമയം. എങ്കിലും ഞങ്ങള്‍ ഒട്ടും വിളറിയില്ല. ആശ്വസിപ്പിക്കാനും, ദു:ഖം പങ്കുവയ്ക്കാനുമെത്തിയവരെ തിരുവചനങ്ങള്‍ പങ്കുവച്ച് ഞങ്ങള്‍ ധൈര്യപ്പെടുത്തി. 'സിസ്റ്റിക് ഫൈബ്രോസിസ്' ആണ് രോഗമെന്ന് പിന്നീട് വിദഗ്ധ ഡോക്ടര്‍മാര്‍ വിശദീകരിച്ചു. കുട്ടികളുടെ പ്രായത്തില്‍ ശരീരാവയങ്ങള്‍ വളരുന്നതിനു പകരം ജീര്‍ണ്ണിക്കുന്ന അവസ്ഥയാണിത്. സാധാരണഗതിയില്‍ 19 വയസ് വരെയാണ് ഇവരുടെ ആയുസ്. എന്നാല്‍ രോഗമെന്തെന്നറിയാതെ കുട്ടികളെ ഒരു പതിറ്റാണ്ടിലേറെ ശുശ്രൂഷിച്ചതിന്റെ ഫലമായി അവര്‍ക്ക് കൂടുതല്‍ ആഘാതമാണ് നേരിട്ടത്. ഇതുകൊണ്ടുതന്നെ അധികം വൈകാതെ രണ്ടുപേരും മരിക്കുമെന്ന് പലരും പറഞ്ഞു. മറ്റ് രോഗികള്‍ക്ക് കൂടി അണുബാധയുണ്ടാകുമെന്ന കാരണത്താല്‍ കുട്ടികളെ ആശുപത്രിയില്‍ നിന്ന് വിട്ടയയ്ക്കാനും അധികൃതര്‍ തയ്യാറായി. അങ്ങനെയാണ് അവരെ ഞങ്ങളുടെ ഭവനത്തില്‍ തുടര്‍ന്ന് പരിരക്ഷിക്കുന്നത്.'
' അക്കാലങ്ങളില്‍ സാധിക്കുന്നതുപോലെ മക്കള്‍ക്ക് വിദ്യാഭ്യാസം നല്‍കാനും ഡോ.ജോര്‍ജ് ശ്രമിച്ചു. സ്‌കൂളില്‍ ആറാം ക്ലാസ് വരെ പഠിപ്പിച്ചു. പിന്നെ വീട്ടിലെ റൂം തന്നെ വിദ്യാലയമാക്കി. ശരീരത്തെ തകര്‍ത്തുലയ്ക്കുന്ന വേദനകള്‍ പിടികൂടുമ്പോഴെല്ലാം ജോണി തന്റെ സമീപത്തരിക്കുന്ന പേപ്പറെടുത്ത് വിറയാര്‍ന്ന കരങ്ങള്‍കൊണ്ട് എന്തെങ്കിലും കുത്തിക്കുറിക്കുമായിരുന്നു. അങ്ങനെയാണ് തന്റെ ജീവിതാനുഭവങ്ങളെക്കുറിച്ചും മനസ്സില്‍ ഇതള്‍വിരിയുന്ന ആത്മീയ ചിന്തകളെക്കുറിച്ചും ജോണി എഴുതിത്തുടങ്ങിയതെന്ന് ജോര്‍ജ് സാമുവല്‍ പറഞ്ഞു. മൂന്നു പുസ്തകങ്ങള്‍ ജോണി രചിച്ചിട്ടുണ്ട്.' അദ്ദേഹം തുടര്‍ന്നു. 'ജോണി പതിനെട്ടര വയസ്സുവരെയേ ജീവിക്കുകയുള്ളൂ എന്ന കാര്യം ഞങ്ങള്‍ ഇടയ്ക്കിടെ ഓര്‍ക്കുമായിരുന്നു. പലപ്രാവശ്യം അവന്‍ മരണത്തിന്റെ വക്കോളമെത്തിയതാണ്. എങ്കിലും ഞങ്ങള്‍ വിശ്വാസത്തോടെ അവന്റെ 19ാമത്തെ ജന്മദിനത്തിനൊരുങ്ങി. ആ ദിവസം ഞങ്ങള്‍ക്കൊരിക്കലും മറക്കാനാവില്ല; ദൈവകരങ്ങളിലവന്‍ പിന്നെയും ജീവിച്ചു; 32 വയസ്സും പത്തുമാസവും. ഇതിനിടെ അവന്റെ പല്ലുകളെല്ലാം കൊഴിഞ്ഞുപോയി. എന്നാല്‍ അവന്‍ സുന്ദരമായി ചിരിക്കുമായിരുന്നു. അവന്റെ ഇടതുകാല്‍ രണ്ടുതവണ മുറിച്ച് കളയേണ്ടിവന്നു. വൈദ്യശാസ്ത്രം വിധിപറഞ്ഞതിനുശേഷം കുറേ വര്‍ഷങ്ങള്‍കൂടി ജീവിച്ചെങ്കിലും ശരീരത്തിന്റെ പല ഭാഗങ്ങളും ജീര്‍ണ്ണിച്ചുകഴിഞ്ഞിരുന്നു.'
'ഏതു നിമിഷവും മരണവുമായുള്ള മുഖാമുഖം മുന്‍കൂട്ടി കണ്ടിരുന്നെങ്കിലും ദൈവത്തിന് തങ്ങളെക്കുറിച്ചൊരു വ്യക്തമായ പദ്ധതിയുണ്ടെന്ന് മക്കള്‍ ആശ്വസിച്ചു. അതുകൊണ്ട് ഓരോ ദിവസ വും ചെയ്യേണ്ട കാര്യങ്ങള്‍ അന്നന്നുതന്നെ അവര്‍ ചെയ്തു. മരണഭയം അവരുടെ വാക്കിലോ നോക്കിലോ ഉണ്ടായിരുന്നില്ല. പക്ഷേ ദിവസത്തിന്റെ ഓരോ മിനിട്ടിലും അവരെത്തന്നെ സംരക്ഷിച്ച് കാത്തിരുന്ന അവരുടെ അമ്മ മരിച്ചപ്പോള്‍ ഇക്കാര്യം എങ്ങനെ അറിയിക്കുമെന്നും അവരുടെ പ്രതികരണമെന്തായിരിക്കുമെന്നുമോര്‍ത്ത് ഞാന്‍ ആകുലപ്പെട്ടു. ഭാര്യയുടെ മൃതശരീരം മോര്‍ച്ചറിയിലേക്ക് നീക്കുന്നതിന് മുമ്പുതന്നെ അവരെ വിവരം അറിയിക്കുവാന്‍വേണ്ടി ഞാന്‍ അവരുടെ മുമ്പാകെ വളരെ വിഷമത്തോടെ ചെന്നു നിന്നു. അമ്മ മരിച്ചെന്ന് അറിഞ്ഞപ്പോള്‍ ജോണി പറഞ്ഞതിങ്ങനെയാണ് 'ദൈവം അമ്മയെ വിളിച്ചത്, ദൈവികപദ്ധതിയുടെ പൂര്‍ത്തീകരണത്തിനായിട്ടാണ്.' ഈ മറുപടി കേട്ടപ്പോള്‍ എനിക്ക് ആശ്വാസമായി. ഇളയമകന്‍ റോണിയും അതുതന്നെയാണ് പറഞ്ഞത്. മക്കള്‍ക്ക് ദൈവത്തിന്റെ അത്ഭുതപ്പെടുത്തുന്ന ഇടപെടലില്‍ വിശ്വാസം വര്‍ദ്ധിച്ചു. ശരീരം മരിച്ചാലും ജീര്‍ണ്ണിച്ചാലും ദൈവം ആത്മാവിനെ കരുതലോടെ സംരക്ഷിക്കുന്നതാണ് കരണീയമെന്ന് അവര്‍ തങ്ങളെ സന്ദര്‍ശിച്ചവരോട് വിശദീകരിച്ചു.'
'റോണി മരിക്കുന്നതിന് മുമ്പുള്ള ദിവസങ്ങളില്‍ അവന്റെ ധ്യാനപുസ്തകത്തിലെ ഒരു പേജില്‍ ഇങ്ങനെ എഴുതി. 'നമ്മുടെ കര്‍ത്താവിനെ അടക്കിയ ശൂന്യമായ കല്ലറ നമുക്ക് നിത്യതയെക്കുറിച്ച് ഉറപ്പ് ലഭിച്ചതിന്റെ ജന്മസ്ഥലമാകുന്നു.' ഈ പ്രത്യാശയാകാം, പ്രിയപ്പെട്ടവരുടെ വേര്‍പാടുകള്‍ അവരെ ദുഃഖിപ്പിക്കാതിരുന്നത്. എന്റെ ഭാര്യയുടെ മരണം കഴിഞ്ഞ് മൂന്നു മാസത്തിനുള്ളില്‍ എന്റെ അമ്മയുടെ മരണം, അടുത്ത മൂന്നുമാസത്തിനുള്ളില്‍ എന്റെ പിതാവിന്റെ മരണം. അടുത്ത മൂന്നുമാസത്തിനുശേഷം ഇളയമകന്‍ റോണിയും ദൈവസന്നിധിയിലേക്കെടുക്കപ്പെട്ടു. രണ്ടുവര്‍ഷം കഴിഞ്ഞ് ജോണിയും... ഈ അഞ്ച് സംസ്‌കാരശുശ്രൂഷകളും എന്നെ സംബന്ധിച്ചിടത്തോളം പ്രത്യാശയുടെ ആഘോഷമായിരുന്നു. അതുകൊണ്ട് താല്‍ക്കാലിക ജീവിതത്തില്‍ എന്തിനൊക്കെ മുന്‍ഗണന നല്‍കണമെന്ന് പഠിക്കുവാനും കഴിഞ്ഞു.
ഈ പരിശീലനഘട്ടത്തില്‍ പ്രശ്‌നങ്ങളെ പദ്ധതികളായികാണാനും ദുരന്തങ്ങളെ വിജയമുഹൂര്‍ത്തങ്ങളാക്കാനും ഏറ്റവും മോശമായതെന്ന് തോന്നുന്നതിനെ ഏറ്റവും മെച്ചപ്പെട്ടതാക്കാനും നാം അഭ്യസിക്കുകയാണ്. പ്രശ്‌നങ്ങളും പ്രതിസന്ധികളും നമ്മെ തകര്‍ത്തുകളയുന്നതിനല്ല, പിന്നെയോ സ്വഭാവഗുണത്തിലും ജീവിതശൈലിയിലും മേന്മയുള്ളവരാക്കിത്തീര്‍ക്കുന്നതിനാണ്. നമ്മെക്കൊണ്ട് ചെയ്യുവാന്‍ കഴിയുകയില്ലെന്ന് മനസ്സില്‍ ചിന്തിക്കുന്നത് സ്ഥിരപരിശ്രമത്തിലൂടെയും പ്രാര്‍ത്ഥനയിലൂടെയും ചെയ്യുവാന്‍ കഴിയണമെങ്കില്‍ നാം കടുത്ത പ്രതിസന്ധികളിലൂടെ കടന്നുപോകേണ്ടിയിരിക്കുന്നു. എന്തിനാണ് നാമിപ്പോള്‍ മുന്‍ഗണന കൊടുക്കേണ്ടതെന്ന് ജീവിതാനുഭവങ്ങള്‍ നമ്മോട് വിശദീകരിക്കുന്നു. നാം നിത്യതയിലേക്ക് പ്രവേശിക്കുമ്പോള്‍ എന്തൊക്കെ കൊണ്ടുപോകാന്‍ കഴിയും എന്നുള്ള കാര്യം. യഥാര്‍ത്ഥത്തില്‍ സമ്പത്തും സൗഭാഗ്യങ്ങളും ഒടുവില്‍ ലഭിക്കുന്ന മൃതസംസ്‌കാരപേടകം പോലും നാം ഒപ്പം കൊണ്ടുപോകുന്നില്ല.എന്നാല്‍ നമ്മുടെ മഹത്വത്തില്‍ ദൈവികനന്മകള്‍ ആര്‍ജിച്ചെടുത്തിട്ടുണ്ടെങ്കില്‍ നാമത് കൊണ്ടുപോകും. നമ്മുടെ ജീവിതശൈലികൊണ്ടും സേവനങ്ങള്‍കൊണ്ടും പ്രവര്‍ത്തനങ്ങള്‍കൊണ്ടും നന്മകള്‍ മറ്റുള്ളവരിലേക്ക് സംക്രമിക്കാനിടയാക്കിയിട്ടുണ്ടെങ്കില്‍ അതിന്റെ പങ്കുകൂടി നാം നിത്യതയിലേക്ക് പോകുമ്പോള്‍ കൂടെ കൊണ്ടുപോകും. ഇക്കാരണത്താല്‍ ദൈവരാജ്യവേലയെന്നത് അനേകരില്‍ ദൈവികനന്മകള്‍ രൂപപ്പെടാന്‍ ഇടയാക്കുന്നതും നാം ദൈവികസ്വഭാവമുള്ളവരായിത്തീരുന്നതും മുന്‍ഗണനാര്‍ഹമാണ്. അല്ലാത്തതെല്ലാം നമുക്ക് കൈവിടേണ്ടിവരും. വാസ്തവത്തില്‍ നാമെടുക്കുന്ന തീരുമാനങ്ങളും ചെയ്യുന്ന പ്രവൃത്തികളും നമ്മെ വിളിച്ചറിയിക്കുന്നത്, ഏത് ലക്ഷ്യത്തിലേക്കാണ് നാം നീങ്ങിക്കൊണ്ടിരിക്കുന്നത് എന്നാണ്. എന്നാല്‍ ദൈവത്തിന്റെ ഉദ്ദേശ്യങ്ങള്‍ നിവര്‍ത്തിക്കുന്ന ലക്ഷ്യത്തിലേക്കാണോ, അതോ മറ്റെന്തെങ്കിലും ലക്ഷ്യത്തിലേക്കാണോ നാം നീങ്ങുന്നതെന്ന് ഗൗരവത്തോടെ ചിന്തിക്കണം.'
ഡോ.ജോര്‍ജ് സാമുവല്‍ പൂര്‍ത്തിയാക്കുകയാണ്. അദ്ദേഹത്തിന്റെ ഈ വാക്കുകള്‍ക്ക് മുന്നില്‍ വിടര്‍ന്ന മിഴികളോടെയും ദൈവസ്തുതികളോടെയുമല്ലാതെ നമുക്ക് നില്‍ക്കാനാകുമോ?...ഗ്രാഹ്യശക്തിക്കതീതമായ സമാധാനം ദൈവം എന്തിനാണ് നല്‍കുന്നതെന്ന് നാം ചിന്തിച്ചേക്കാം. നമ്മുടെ അറിവില്‍ രൂപംകൊണ്ടതൊന്നും സങ്കീര്‍ണ പ്രശ്‌നങ്ങളില്‍ക്കൂടെ നാം കടന്നുപോകുമ്പോള്‍ അതിനെ അതിജീവിക്കാന്‍ പര്യാപ്തമാകയില്ല. എന്നാല്‍, നമുക്ക് സഹിക്കാനും വഹിക്കാനും കഴിയുന്നതിനപ്പുറമായവയെന്ന് തോന്നുന്ന സാഹചര്യങ്ങളെ നേരിടാന്‍ നാം ഗ്രാഹ്യശക്തിക്കതീതമായ സമാധാനം സ്വന്തമാക്കണമെന്ന് ദൈവം ഈ നോമ്പ് കാലത്ത് നമ്മെ ഓര്‍മ്മിപ്പിക്കുന്നു. അതിനാല്‍ ദൈവം തരുന്ന സമാധാനം എല്ലാ പ്രശ്‌നങ്ങളെയും അതിജീവിക്കാന്‍ നമ്മെ ശക്തരാക്കട്ടെ. ഒന്നിനെക്കുറിച്ചും ആകുലരാകേണ്ടാ. പ്രാര്‍ഥനയിലൂടെയും അപേക്ഷയിലൂടെയും കൃതജ്ഞ താസ്‌തോത്രങ്ങളോടെ നിങ്ങളുടെയാചനകള്‍ ദൈവസന്നിധിയില്‍ അര്‍പ്പിക്കുവിന്‍ (ഫിലിപ്പി 4:6).
കടപ്പാട്: in.sundayshalom.com