ആത്മവിശ്വാസവും നിശ്ചയദാര്‍ഢ്യവും സ്ഫുരിക്കുന്ന സുപ്രിം കോടതി ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ വാക്കുകള്‍ക്ക് വിദ്യാര്‍ത്ഥികള്‍ ആദരവോടെ കാതോര്‍ത്തു. വെല്ലുവിളികളുടെ അതിജീവനത്തെക്കുറിച്ച് പെരുമ്പിള്ളി അസ്സീസി വിദ്യാഭവന്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളോട് സംവദിക്കുകയായിരുന്നു, ജസ്റ്റിസ്. ഡോ എ പി ജെ അബ്ദുള്‍ കലാമിന്റെ പ്രാഭാഷണങ്ങളെ മുന്‍നിര്‍ത്തി സംസാരിച്ച ജസ്റ്റിസിന്റെ വാക്കുകള്‍ ഇക്കാലഘട്ടങ്ങളില്‍ ഏറെ പ്രസക്തം.
വെല്ലുവിളികളെ ഭയക്കുന്നവരാണ് മിക്കവരും. ചിലര്‍ പ്രശ്‌നങ്ങളില്‍ ഭയന്ന് പിന്നോട്ട് പോകും മറ്റുചിലര്‍ പ്രശ്‌നങ്ങളെ നേരിടാന്‍ തേടുന്നത് കുറുക്കുവഴികള്‍. എന്നാല്‍ വെല്ലുവിളികളെ കുറുക്കുവഴികളിലൂടെയും കുടുക്കുവഴികളിലൂടെയുമല്ല നേരിടേണ്ടത് എന്നാണ് ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ ഉപദേശം.
പിന്നെ എങ്ങനെ? അതിനുമുണ്ട് ഉത്തരം. ഇന്നത്തെ തലമുറയില്‍ പലപ്പോഴും ജോലി, പഠനവിഷയങ്ങള്‍, ഇവയൊക്കെയാണ് വെല്ലുവിളികളുടെ പ്രധാനഹേതു. ഇത്തരം ചലഞ്ചസിനെ സ്വീകരിക്കണം. ശരിയായ രീതിയില്‍ ശരിയായ ദിശയില്‍ കാര്യങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിച്ചാല്‍ ഏത് പ്രതിസന്ധികളെയും തരണം ചെയ്യാം. പഠിക്കുന്ന അക്ഷരങ്ങളെ, വെല്ലുവിലികളെ അഭിമുഖീകരിക്കുന്ന ജീവിതത്തിലാണ് നാം പ്രയോഗിക്കേണ്ടത്. വെല്ലുവിളികളെ എളുപ്പത്തില്‍ തരണം ചെയ്യാന്‍ ആദ്യം വേണ്ടത് ഏത് സാഹചര്യത്തിലും മുമ്പോട്ടുപോകാനുള്ള ഒരു ആവേശമാണ്. കഴിവിന്റെ പരമാവധി ചെയ്ത് നേടിയെടുക്കുമെന്നുള്ള ദൃഢനിശ്ചയം.
കഠിനാധ്വാനവും ദൃഢനിശ്ചയവും ദൈവാനുഗ്രഹവുമാണ് ജീവിത്തില്‍ വേണ്ട മൂന്നു കാര്യങ്ങള്‍. ഇവയില്‍ ദൈവാനുഗ്രഹമാണ് ഏറ്റവും പ്രധാനം. ഒരു സ്പിരിച്വല്‍ ഫേര്‍മേഷന്‍ ഇന്നത്തെ തലമുറയ്ക്ക് ആവശ്യമാണ്. ദൈവത്തിന്റെ ഒരു പങ്ക് ജീവിതത്തിന്റെ എല്ലാ മേഖലകളിലും എല്ലാ സാഹചര്യങ്ങളിലും ഉള്‍പ്പെടുത്തേണ്ടിയിരിക്കുന്നു. നല്ലത് ചിന്തിക്കാന്‍ നല്ലത് പറയാന്‍ നല്ല് പ്രവര്‍ത്തിക്കാന്‍ ദൈവം നമ്മില്‍ ഉണ്ടായിരിക്കണം.
പുതിയ തലമുറ ഇന്ന് ഏറെ ശ്രദ്ധിക്കേണം മറ്റൊരു തലമുണ്ട്. സുഹൃത്തുക്കളുടെ തിരഞ്ഞെടുപ്പാണ് ആ തലം. നല്ല സുഹൃത്തുക്കളെ തിരഞ്ഞെടുക്കുന്നവര്‍ക്കും നല്ല പുസ്തകങ്ങള്‍ വായിക്കുന്നവര്‍ക്കും ഒരു പരിധിവരെ വെല്ലുവിളികളെ എളുപ്പത്തില്‍ തരണം ചെയ്ത് മുന്നേറാന്‍ സാധിക്കും. ഇത്തരം തിരഞ്ഞെടുപ്പുകളാണ് പലപ്പോഴും ഒരുവനെ നല്ല കാഴ്ചകളിലേക്കും കാഴ്ചപ്പാടുകളിലേക്കും നയിക്കുന്നത്. ജീവിതത്തില്‍ അപക്വമായ കാര്യങ്ങല്‍ സംഭവിക്കാതിരിക്കാന്‍ നമ്മെ സഹായിക്കുന്നത് ഈ കാഴ്ചകളും കാഴ്ചപ്പാടുകളുമാണ്. വെല്ലുവിളികളെ തരണം ചെയ്യാന്‍ പറ്റാത്ത അവസ്ഥ പലപ്പോഴും സാംസ്‌കാരികമായ തകര്‍ച്ചയിലേക്കും വൈകാരികപരമായ അപക്വതയിലേക്കും നമ്മെ നയിക്കാന്‍ ഇടയാക്കും.
കടപ്പാട്: hrudayavayal.com