നിന്റെ ദൈവമായ കര്‍ത്താവിനെ സ്‌നേഹിച്ച് അവിടുത്തെ വാക്കുകേട്ട്, അവിടുത്തോടു ചേര്‍ന്നു നില്‍ക്കുക, നിനക്കു ജീവനും ദീര്‍ഘായുസ്സും ലഭിക്കും (നിയമവര്‍ത്തനം 30:20).

പ്രേമം , സ്‌നേഹം,  എന്നിവയെപ്പറ്റി യുവജനങ്ങളുടെ ഇടയില്‍ ഒത്തിരി തെറ്റിദ്ധാരണകള്‍ പരന്നിട്ടുണ്ട്. ഈ കാലഘട്ടത്തിന്റെ ജീവിതശൈലിയും രാഷ്ട്രനിയമങ്ങളും മാധ്യമങ്ങളുടെ സ്വാധീനവും വിദേശരാജ്യങ്ങളിലെ ഫ്രീ സെക്‌സും ഒക്കെ അതു വളര്‍ത്തുവാന്‍ സഹായകവുമായി. ശരിയായവ പഠിപ്പിക്കുന്നവരും വിരളം സ്‌നേഹവും പ്രേമവും തമ്മിലുള്ള വ്യത്യാസം എന്താണെന്നു നമുക്ക് പരിശോധിക്കാം.

എന്താണ് പ്രേമം
ഒരാള്‍ക്ക് എതിര്‍ലിംഗത്തില്‍പ്പെട്ട മറ്റൊരാളോട് തോന്നുന്ന പ്രത്യേക ആകര്‍ഷണത്തിന് പ്രേമം എന്ന്  പറയാം. സ്‌നേഹത്തയും പ്രേമത്തെയും ഒന്നായി കാണുന്നവര്‍ ഇന്ന് വിരളമല്ല. ഇംഗ്ലീഷ് ഡിക്ഷനറിയില്‍ love എന്ന വാക്കിന്  സ്‌നേഹം  വാത്സല്യം എന്നൊക്കെയാണ് അര്‍ത്ഥം. ഇത് ഏറ്റവും വിശിഷ്ടമായതുമാണ്. ഇതിന്റെ അര്‍ത്ഥം ഏറ്റവും താഴേക്ക് വന്നാല്‍ പ്രേമം, രതി, ആസക്തി എന്നീ അവസ്ഥയില്‍ എത്തി നില്‍ക്കുന്നു. എന്നാല്‍ മലയാളത്തില്‍ സ്‌നേഹത്തിനും പ്രേമത്തിനും പ്രത്യേക അര്‍ത്ഥങ്ങളുണ്ട്. ഇംഗ്ലീഷിലെ  Lust  എന്ന പദം പ്രേമത്തിന് പറ്റിയതാണ്. കാമം, ഇന്ദ്രിയാസക്തി, വിഷയാസക്തി, വിഷയലമ്പടത്തം, ലൈംഗികവികാരോദ്ദീപനം എന്നൊക്കെയാണ് അര്‍ത്ഥം. ഇതിന് സ്‌നേഹത്തിന്റെ സ്ഥാനം കൊടുക്കാന്‍ പറ്റില്ല. സ്‌നേഹം അവസാനംവരെ നിലനില്‍ക്കും പ്രേമം ഇടയ്ക്ക്‌വച്ച് മുറിഞ്ഞുപോകും. അങ്ങനെയെങ്കില്‍ പ്രേമത്തെപറ്റിയും (Lust) അതിന്റെ ദൂഷ്യഫലങ്ങളെപ്പറ്റിയും നമുക്ക് ചിന്തിക്കാം. 
ഭ്രമിപ്പിക്കുന്ന മോഹങ്ങള്‍ നിള്കളങ്ക ഹൃദയത്തെ വഴിതെറ്റിക്കുന്നു (ജ്ഞാനം 4:12).

എന്തിനു പ്രേമിക്കുന്നു?
ഇപ്പോള്‍ പ്രേമിക്കുന്നവരോടും പണ്ട് പ്രേമിച്ച് ഇടവഴിയില്‍വെച്ച് പിരിഞ്ഞവരോടും നിങ്ങള്‍ ഈ ചോദ്യം ചോദിക്കുക. ഒരുതരം നിസംഗതയായിരിക്കും ഉത്തരം.

പ്രേമേം നല്ലതോ ചീത്തയോ?
ഇതിനെപ്പറ്റി സമൂഹത്തിന് പല ഉത്തരങ്ങളും കണ്ടേക്കാം. അനുഭവമല്ലേ ഏറ്റവും നല്ല ഗുരുനാഥന്‍. ഇതിനുമുമ്പു പ്രേമിച്ച് വിവാഹം കഴിഞ്ഞ ആരെങ്കിലും നിങ്ങളുടെ ഈ ചോദ്യം അവരോട്  ചോദിക്കുക. പ്രേമം നല്ലതോ ചീത്തചയോ ഒരു പക്ഷേ അതേ അല്ല, എന്നീ ഉത്തരങ്ങള്‍ സന്ദര്‍ഭോചിതമായി നിങ്ങള്‍ക്ക് ലഭിച്ചേക്കാം. അതേ എന്ന് ഉത്തരം കിട്ടിയാല്‍ രണ്ടാമത്തെ ചോദ്യം  കൂടി ചോദിക്കുന്നതില്‍ തെറ്റില്ലല്ലോ. നിങ്ങള്‍ പ്രേമിച്ച് വിവാഹം കഴിച്ചു. നിങ്ങളുടെ മക്കള്‍ പ്രേമിക്കുന്നതില്‍ നിങ്ങള്‍ എതിരല്ലല്ലോ.. .. ഇവിടെ ഒരു വലിയ നിശബ്ദതയാണ് ഉത്തരമായി ലഭിച്ചതെങ്കില്‍ വ്യക്തമായി ഒരു കാര്യ മനസ്‌സിലാക്കാം- പ്രേമം പരാജയമാണ് - ഒരു പക്ഷേ അവരുടെ ജീവിതവും പരാജയമാണ്. പ്രേമിച്ചവരാരും പ്രേമത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് മാത്രമല്ല, നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്നുവെന്നത് യാഥാര്‍ത്ഥ്യമാണ്.

മാറ്റാന്‍ പ്രയാസമുള്ള ദുശ്ശീലം
പലവിധ ദുശ്ശീലങ്ങളില്‍ അടിമപ്പെട്ടവരെ പറ്റി നമുക്ക് അറിയാം. എന്നാല്‍ പ്രേമം തലയ്ക്കടിച്ചാല്‍ മറ്റ് ഏത് ദുശ്ശീലത്തേക്കാളും മാറ്റാന്‍ പ്രയാസമാണിത്.  അതിന്റെ സൈന്റിഫിക്കായിട്ടുള്ള കാരണം ഇതാണ്, മനുഷ്യന്റെ തലച്ചോറിലെ കോര്‍ട്ടെക്‌സിലാണ് അവന്റെ ചിന്ത കുടികൊള്ളുന്നത്. എന്നാല്‍ പ്രേമത്തിന്റെ ഉറവിടം കുറെകൂടി പ്രാകൃതവും ആന്തരീകവുമാണ്. റെപ്ടീലിയന്‍ തലച്ചോറിലാണ് പ്രേമവികാരത്തിന്റെ ആസ്ഥാനം. അതുകൊണ്ടുതന്നെ ഏതു ദുശീലത്തേക്കാളും മാറ്റാന്‍ പ്രയാസമുള്ളതാണ് ഈ ദുശ്ശീലം. പ്രേമത്തില്‍ നിന്ന് ആദ്യം പിന്‍തിരിയുന്നത് സ്ത്രീയോ പുരുഷനോ എന്ന് കൃത്യമായി പറയുക വിഷമമാണ്. വീട്ടുകാരുടെ എതിര്‍പ്പോ, അതുപോലുള്ള സാഹചര്യങ്ങളോ വരുമ്പോള്‍ സ്ത്രീകളാണ് പലപ്പോഴും പിന്മാറികണ്ടിട്ടുള്ളത്. പ്രേമത്തിന്റെ ദുരവസ്ഥ ഓരോ പത്രമാധ്യമങ്ങളില്‍ നിന്നും നാം വായിച്ചറിഞ്ഞിട്ടുള്ള
തുമാണ്. പ്രേമം മരണത്തെപ്പോലെ ശക്തമാണ് (ഉത്തമഗീതം 8:6).

പത്രത്തില്‍ വന്ന ഈ തലക്കെട്ടുകള്‍ സൂചിപ്പിക്കുന്നതെന്ത്  പ്രേമം നല്ലതോ ചീത്തയോ  നിങ്ങള്‍ തന്നെ ചിന്തിക്കുക.

തകര്‍ന്ന ജീവിതങ്ങള്‍
തമിഴ്‌നാട്ടില്‍ ഒമ്പതാംക്ലാസ്സില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടി ഒരു പയ്യനുമായി സ്‌നേഹത്തിലായി. അവസാനം അവള്‍ അത് ഉപേക്ഷിച്ചു. ഒരു ദിവസം അവന്‍ ഒരു കഠാരയുമായി വന്ന് ക്ലാസ്സില്‍ വെച്ച് അവളെ കുത്തിക്കൊന്നു. ഇന്ന് ഇരുമ്പഴിക്കുള്ളിലാണ്.. .  വിവാഹത്തലേന്ന് പെണ്‍കുട്ടി അയല്‍പക്കത്ത് ഭാര്യയും മൂന്ന് കുട്ടികളുമുള്ള യുവാവിന്റെകൂടെ ഒളിച്ചോടി.. .. പ്രേമനൈരാശ്യം മൂലം പെണ്‍കുട്ടി ഹോസ്റ്റലിന്റെ മുകളില്‍ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്തു.. .. പ്രേമിച്ചവള്‍ തന്നെ ഉപേക്ഷിച്ച് മറ്റൊരു പുരുഷനെ വിവാഹം കഴിക്കാന്‍ ഉദ്ദേശിച്ചപ്പോള്‍, അവന്‍ അവരുടെ കല്ല്യാണ പന്തലില്‍ മനുഷ്യബോംബായി വന്ന് പൊട്ടിത്തെറിച്ചു.. .. മകള്‍ ഭാര്യയുടെ ജ്യേഷ്ഠത്തിയുടെ മകന്റെ കൂടോ ഒളിച്ചോടി….. പ്രേമം നടിച്ച് ബ്ലൂഫിലിം പകര്‍ത്തിയ ഷോപ്പുടമ പിടിയില്‍.. .. വീട്ടുകാരുടെ എതിര്‍പ്പുമൂലം കമിതാക്കള്‍ ആത്മഹത്യ ചെയ്തു….

പ്രേമത്തിലേക്ക് നയിക്കുന്ന ഘടകങ്ങള്‍
പ്രേമം ഉടലെടുക്കുന്നത് വൈകാരിക പ്രതികരണത്തില്‍ നിന്നാണ്. പലപ്പോഴും ഒരു പുഞ്ചിരി, സ്പര്‍ശം, മുഖകാന്തി എന്നിവയാണ്. പ്രേമത്തിലേക്ക് നയിക്കുന്ന ആദ്യഘടകങ്ങള്‍, പ്രേമത്തില്‍ മുന്‍കൈ എടുക്കുന്നത് പുരുഷനാണെങ്കിലും  ചില സന്ദര്‍ഭങ്ങളില്‍ സ്ത്രീകളും ഇല്ലാതില്ല. പുരുഷനെ അതിലേക്ക് നയിക്കുന്നത് സ്ത്രീയുടെ ഏതെങ്കിലും ഗുണങ്ങളാവാം. അവളുടെ മുടി, കളര്‍, ചലനങ്ങള്‍ എന്നിവയൊക്കെ അവനെ ഉന്മത്തനാക്കുന്നു. പലപ്പോഴും പുരുഷന്റെ നോട്ടം ബാഹ്യസൗന്ദര്യത്തിലാണ്. സൗന്ദര്യം കുറഞ്ഞ സ്ത്രീകളോട് പ്രേമം ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്. ഓരോ യുവാവിന്റേയും സൗന്ദര്യവീക്ഷണം വ്യത്യസ്ഥമാണ്. അതുകൊണ്ടുതന്നെ കുടുംബത്തില്‍ മറ്റാര്‍ക്കും ഈ പെണ്‍കുട്ടിയെ ഇഷ്ടപ്പെട്ടില്ലെങ്കിലും അവനത് സ്വീകാര്യമായി തീരാം.. ഇവന്‍ എന്ത് കണ്ടിട്ടാ അവളെ പ്രേമിച്ചത്.. . എന്ന് നാം ചോദിച്ചാല്‍ സമൂഹത്തില്‍ നിന്ന് അതിന് ഉത്തരം ഇല്ല.കാരണം ആ ഇഷ്ടം അവന്റെ സ്വന്തം ഇഷ്ടമാണ്.

പുരുഷനെ സംബന്ധിച്ചിടത്തോളം സ്ത്രീയുടെ ബാഹ്യസൗന്ദര്യത്തോടൊപ്പം അവന്റെ മനസ്സില്‍ ഒറ്റ നോട്ടത്തില്‍ സെക്‌സ് അപ്പീലായി തോന്നുന്ന പെണ്‍കുട്ടിയോടാണ് കൂടുതല്‍ ആകര്‍ഷണം.  അവളുടെ കണ്ണ്, മുടി, നിതംബം, നടത്തം, വടിവൊത്ത ശരീരം.. .. എന്നിവ പുരുഷനെ സ്ത്രീയിലേക്ക് അടുപ്പിക്കുന്നു. ചുരുക്കം ചിലര്‍ ശാലീനതയും , സല്‍സ്വഭാവവും പ്രേമത്തിന് മാനദണ്ഡമാക്കുന്നു.

കൗമാര യൗവ്വനകാലഘട്ടത്തില്‍ ഏതെങ്കിലും ഒരു പെണ്‍കുട്ടി അവന്റെ മുഖത്ത് നോക്കി എനിക്ക് നിന്നെ ഇഷ്ടാമാണ് എന്ന് പറഞ്ഞാല്‍ നോ എന്ന് പറയാന്‍ അവന്‍ മടിക്കും. എന്നാല്‍ എത്ര സുന്ദരനാണെങ്കിലും  സ്ത്രീ ചിലപ്പോള്‍ വേണ്ടാ എന്ന് പറയും. അതിന്റെ കാരണം സ്ത്രീ പുരുഷന്റെ ബാഹ്യസൗന്ദര്യം നോക്കി അല്ല പ്രേമിക്കുന്നത് എന്നുള്ളതാണ്. അവളുടെ മനസ്സില്‍ ഒരു മാതൃകാ പുരുഷന്‍ പണ്ടെന്നോ പതിഞ്ഞിട്ടുണ്ട്. ഈ മാതൃകാ സാഹചര്യത്തില്‍ പരിചയപ്പെട്ട വ്യക്തിയോ ആകാം. അയാളുടെ ആദര്‍ശനിഷ്ഠ, ജീവിത വീക്ഷണം കഴിവ് കുലീനത എന്നിവയൊക്കെ അവള്‍ ഇഷ്ടപ്പെട്ടിരുന്നു. ഇതിനോട് സാമ്യമുള്ള ഒരു പുരുഷനെ കണ്ടാല്‍ അയ്യാളോട് അടുക്കുവാനുള്ള ആഗ്രഹം പെണ്‍കുട്ടിയില്‍ മുളയെടുക്കുകയും അത് പ്രേമത്തില്‍ ചെന്ന് എത്തുകയുമാണ് പതിവ്. കൂടാതെ അവന്റെ മൊത്തത്തിലുള്ള ബാഹ്യസൗന്ദര്യം നെഞ്ച്‌വിരിവ് ഉയരം, ആകര്‍ഷകമായ സംസാരം എന്നിവയേയും പ്രേമത്തിന്റെ മാറ്റ് കൂട്ടുന്നു.

ലൈംഗികതയുടെ നിഴലാട്ടം
ലൈംഗികതയുടെ നിഴലാട്ടമില്ലാത്ത പ്രേമം അപൂര്‍വ്വമാണ്. മാനസികമായി കാമുകന്‍ കാമുകിയെ ഒന്ന സ്പര്‍ശിക്കാന്‍, ചുംബിക്കാന്‍,  മുടിയില്‍ കൂടി വിരല്‍ ഓടിക്കാന്‍ കൈയ്യില്‍ ഒന്ന്  പിടിക്കാന്‍ ആഗ്രഹിക്കുന്നു. സ്ത്രീയാകട്ടെ മടിയിലൊന്ന് തലചായ്ക്കാന്‍, ചുണ്ടിലൊരു ചുംബനം ലഭിക്കാന്‍ ഉള്ളംകാല്‍ മുതല്‍ നിറകും തലവരെ ഒന്ന് തലോടാന്‍ ഉള്ളിന്റെ ഉള്ളില്‍ കൊതിക്കുന്നു.അനുകൂലമായ സാഹചര്യത്തിലെത്തുമ്പോള്‍ മറ്റാരും കാണാതെ അവിടെ  ഉണ്ടായ ആദ്യസ്പര്‍ശനവും, ചുംബനവും അശ്ലേഷവും കമിതാക്കളെ ഒരു തരം ഉന്മാദാവവസ്ഥയിലെത്തുന്നു. ഈ ചാപല്യങ്ങള്‍ക്ക് പെട്ടെന്ന് നിയന്ത്രണം വിടുകയും അവസാനം സംയോഗത്തില്‍ എത്തിച്ചേരുകയുമാണ് പതിവ്. അവയുടെ അവസാനം ഇതാണ് സംഭവിക്കുക. താന്‍ കുഴിച്ചകുഴിയില്‍ താന്‍ തന്നെ വീഴും (സുഭാഷിതം 26:27).

ഇതിന്റെ പിന്നില്‍ ഒരു മനശാസ്ത്ര വശംകൂടി ഉണ്ട്. പുരുഷന്‍ വിഷ്വല്‍ ആണ്. അതിനാല്‍ തന്നെ കാണാനും തൊടാനും അവന്‍ വെമ്പല്‍ കൊള്ളും. ലൈംഗിക സ്‌നേഹത്തില്‍ അവന്‍ സ്വാര്‍ത്ഥനാണ് താനും. പുരുഷന്റെ ലൈംഗിക ഉത്തേജനത്തില്‍ ഇന്ദ്രിയ നിഗ്രഹണത്തിനാണ് പ്രാധാന്യം. പുരുഷന്റെ അടിസ്ഥാന ആവശ്യം ശാരീരികമാകയാല്‍ സെക്‌സിന് വളരെ പ്രാധാന്യമുണ്ട്. അവന്റെ ലൈംഗികത അവയവുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്.

സ്ത്രീ എപ്പോഴും ഓറല്‍ ആണ്. അതുകൊണ്ട് സ്‌നേഹത്തില്‍ നിന്ന് ഉരുത്തിരിയുന്ന ലൈംഗികവേഴ്ചയാണ് അവള്‍ ഇഷ്ടപ്പെടുന്നത്. അവളുടെ ലൈംഗികത ശാരീരികം എന്നതുപോലെ വൈകാരികമായും ആദ്ധ്യാത്മികമായും പൊരുത്തപ്പെട്ടുകിടക്കുന്നു. അതുകൊണ്ട് വിവാഹം കഴിച്ച് സ്ത്രീയോ , കാമുകിയോ ആരുമായികൊള്ളട്ടെ തന്റെ പ്രിയതമനോട് ഇടയ്ക്ക്ടയ്ക്ക് ചോദിക്കും നിനക്ക് എന്നെ ഇഷ്ടമാണോ? നീ എന്നെ സ്‌നേഹിക്കുന്നുണ്ടോ? നീ എന്നെ ഉപേക്ഷിക്കുമോ?. ഈ ചോദ്യങ്ങള്‍ക്ക് തന്റെ പ്രിയനില്‍ നിന്ന് താന്‍ ആഗ്രഹിച്ച വിധമുള്ള ഒരു ഉത്തരം കിട്ടണമെന്ന് അവള്‍ ആഗ്രഹിക്കുന്നു. അത് ഒന്നിലധികം പ്രാവശ്യം കേള്‍ക്കണം. എത്ര കേട്ടാലും മതിവരില്ല. ഇപ്രകാരമുള്ള സ്‌നേഹസ്പര്‍ശം അവളെ വികാര തരളിതയാക്കുകയും, പ്രിയനുമായി ലൈംഗികവേഴ്ചയെ എതിര്‍ക്കാന്‍ പറ്റാത്ത വിധമുള്ള മാനസിക അവസ്ഥയിലേക്ക് അവള്‍ എത്തുകയുമാണ് ചെയ്യുന്നത്. 1973  ല്‍ നടന്ന ഒരു സര്‍വ്വേപ്രകാരം 13 നും 17 നും ഇടയ്ക്ക് പ്രായമുള്ള 44 %ആണ്‍കുട്ടികളും, 30 %പെണ്‍കുട്ടികളും 16 വയസ്സിനുമുമ്പ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നു. ഈ വീഴ്ചയ്ക്ക് പ്രേമത്തിന്  വലിയ പങ്കുണ്ട്.

അവര്‍ തങ്ങളുടെ ജീവിതമോ വിവാഹമോ പാവനമായി സൂക്ഷിക്കുന്നില്ല.  പകരം അവര്‍ പരസ്പരം ചതിയില്‍ വധിക്കുകയോ വ്യഭ്യചാരത്താല്‍  ദുഖിപ്പിക്കുകയോ  ചെയ്യുന്നു. രക്തച്ചൊരിച്ചില്‍, കൊല, മോഷണം, ചതി, അഴിമതി, അവിശ്വസ്ഥത , കലാപം, സത്യലംഘനം, ശരിയേതെന്നുള്ള ആശയകുഴപ്പം, കൃതഘ്‌നത, ദൂഷണം, ലൈംഗിക വൈകൃതം, വിവാഹത്തകര്‍ച്ച, വ്യഭിചാരം, വിഷയാസക്തി, ഇവ നടമാടുന്നു. പേരു പറയാന്‍ കൊള്ളാത്ത വിഗ്രഹങ്ങളുടെ ആരാധനയാണ് എല്ലാ തിന്‍മകളുടേയും ആരംഭവും കാരണവും അവസാനവും, അവയെ ആരാധിക്കുന്നവര്‍ മദോന്‍മത്തരാവുകയും നുണകള്‍ പ്രവചിക്കുകയും നീതികേടായി ജീവിക്കുകയും കൂസലെന്നിയേ സത്യം ലംഘിക്കുകയും ചെയ്യുന്നു (ജ്ഞാനം 14:24-28).

ജഡിക തകര്‍ച്ച
ചാരിത്ര്യശുദ്ധി അഥവാ ലൈംഗികവിശുദ്ധി മനുഷ്യന്റെ ശരീരത്തെ പോലെതന്നെ മനസ്സിനെയും ആശ്രയിച്ചു നില്‍ക്കുന്നു. അതിനാല്‍ ആദ്യ സംയോഗം ശരീരത്തെയും, മനസ്സിനെയും ഒരു പ്രാവശ്യം അശുദ്ധമാക്കി എന്നത് മാത്രമല്ല ഇവിടെ സംഭവിച്ചത്, മറിച്ച് ഒരിക്കല്‍ ചെയ്ത തെറ്റ് വീണ്ടും ആവര്‍ത്തിക്കാനുള്ള പ്രേരണ നല്‍കി ശരീര - മനസ്സുകളെ ചണ്ടികളത്തിലേക്ക് തള്ളിയിടുകയാണ് ഇതിലൂടെ ചെയ്തത്. ഈ ദുരവസ്ഥ സ്വയംഭോഗത്തിലേക്കും ഒരു പക്ഷേ മൃഗത്തേക്കാളും അധപതിക്കുന്ന അവസ്ഥയിലേക്ക് നിങ്ങളെ നയിച്ചെന്ന വരാം. അവസാനം കുറെ കുറ്റബോധവും, നിരാശയും മാത്രം ഫലം, ഇവിടെ സംഭവിച്ചത് ഇതാണ്.  അവര്‍ തിന്മയെ ഗര്‍ഭംധരിച്ച് അനീതിയെ പ്രസവിക്കുന്നു (ഏശയ്യ
59:4).

പ്രേമത്തിന് അടിമയായ പെണ്‍കുട്ടി കാമുകന്‍ പറയുന്നത് അതേപടി അനുസരിക്കുന്നു. താന്‍ എതിര്‍ത്താല്‍ സ്‌നേഹം നഷ്ടപ്പെടും. അവന്‍ എന്നെ ഉപേക്ഷിക്കും,. എന്നൊക്കെ അവള്‍ ചിന്തിക്കുന്നു. ഈ ചിന്ത  അവന്റെ എല്ലാ ഇഷ്ടത്തിനും നിന്നുകൊടുക്കാന്‍ പെണ്‍കുട്ടിയെ പ്രേരിപ്പിക്കുന്നു. ഇങ്ങനെയുള്ള ഇഷ്ടം പലപ്പോഴും എല്ലാ സദാചാരങ്ങളെയും മറിടകടന്ന്  ചാരിത്ര്യം നഷ്ടപ്പെടുന്ന അവസ്ഥവരെ എത്തുന്നു. കമിതാക്കള്‍ക്ക് എപ്പോഴും നിയന്ത്രണം കിട്ടണമെന്നില്ല.

എല്ലാം  നഷ്ടമായതിന്റെ കുറ്റബോധം ഒരു വശത്ത്. ഇതിനിടയില്‍  സംയോഗം ഗര്‍ഭധാരണത്തിലെത്തിയതു വഴി ഉണ്ടായ ധാര്‍മ്മികവും, മാനസികവും, വൈകാരികവുമായ പ്രത്യാഘാതങ്ങള്‍ മറുവശത്ത്.. .. പ്രേമത്തില്‍ കുടുങ്ങി സംയോഗത്തില്‍ അവസാനിപ്പിച്ച് വേര്‍പിരിഞ്ഞവര്‍, അവിഹിതബന്ധത്തിലെ കുഞ്ഞിനെ പ്രസവിച്ചവര്‍, ചൂഷണത്തിന് ഇരയായവര്‍, സെക്‌സ് റാക്കറ്റില്‍ കുടുങ്ങിയവര്‍, മൊബൈലില്‍ നഗ്നചിത്രം പകര്‍ത്തപ്പെട്ടവര്‍.. .. എത്രയെത്ര തകര്‍ന്ന ജീവിതങ്ങളാണ് കഴിഞ്ഞകാലശുശ്രൂഷാ ജീവിതത്തിനിടയില്‍ കണ്ടെത്താനായത്. പലതിന്റേയും തുടക്കം ഒരു സ്പര്‍ശനത്തിലും ഒരു ചിരിയിലും ആയിരുന്നു. നീ നടക്കുന്ന വഴികള്‍ ഉത്തമമെന്ന് ഉറപ്പിക്കുക; അപ്പോള്‍ അവ സുരക്ഷിതമായിരിക്കും. വലത്തോട്ടോ ഇടത്തോട്ടോ വ്യതിചലിക്കരുത്; തിന്‍മയില്‍ കാലൂന്നുകയും അരുത് (സുഭാഷിതങ്ങള്‍ 4:26-27).

ക്യാമ്പസ് പ്രണയം
ക്യാമ്പസ് പ്രണയം ഒരു കെണിയാണ് . കരിമരുന്നിന് തീപിടിക്കുന്ന അവസ്ഥ എന്നാണല്ലോ കൗമാരത്തെ വിശേഷിക്കുന്നത്. ആണ്‍കുട്ടികള്‍ മാതാപിതാക്കളില്‍ നിന്ന് അകലാന്‍ ശ്രമിക്കുന്ന കാലം. ഈ പ്രായത്തില്‍ ധാര്‍മ്മികത എന്നൊക്കെയുള്ളത്  പഴഞ്ചന്‍ ആശയമായി മാറുന്നു. സഹപാഠികളുടെ വാക്കുകള്‍ക്ക് കൂടുതല്‍ വിലകല്‍പിക്കുന്ന കാലം എല്ലാം ഒന്ന് രുചിച്ച് നോക്കണം എന്നുള്ള ആഗ്രഹവും. 
പെണ്‍കുട്ടികളാകട്ടെ സ്വന്തമായി ഒരു ഗ്രൂപ്പിനെ ഫോം ചെയ്യുന്ന കാലം.പെറ്റമ്മയോട് അധികം മമത തോന്നാത്ത ദിനങ്ങള്‍. സ്ത്രീത്വത്തിന്റെ ലക്ഷണം ആരംഭിച്ചതോടെ അമ്മയെപ്പോലെ ഒരുവളാണ് താനും എന്ന ചിന്ത, തന്റെ ആശയങ്ങളോടും, ചാപല്യങ്ങളോടും പൊരുത്തപ്പെടുന്ന ഒരു ഗണത്തിലേക്ക് അവളും ചേക്കേറേന്നു.

ശാരീരികമായും മാനസികമായും വളരെയധികം പിരിമുറുക്കം അനുഭവപ്പെടുന്ന നാളുകളാണിത്. ആണ്‍കുട്ടികള്‍ പലതും തൊട്ട് നോക്കാനും, രുചിച്ച് നോക്കാനും ശ്രമിക്കുന്നു. അങ്ങനെ ഒക്കെ ഇല്ലെങ്കില്‍  ക്യാമ്പസില്‍ എന്തോ ഒരു കുറവ് അവന് അനുഭവപ്പെടുന്നു. പെണ്‍കുട്ടികളാകട്ടെ ഈ പ്രായത്തില്‍ തൊട്ടാല്‍ ഒട്ടുന്ന പ്രകൃതവും. തൊട്ടാല്‍ ഒട്ടുന്നതും രുചിച്ചുനോക്കാന്‍ വെമ്പല്‍കൊള്ളുന്നതുമായ രണ്ട് യുവത്വങ്ങള്‍ തമ്മില്‍ കണ്ടുമുട്ടുമ്പോള്‍ പ്രേമത്തിലേക്കുള്ള ചായ്‌വ് ആരംഭിച്ചു. അടുപ്പമാണ് പ്രേമം വളരാന്‍ സഹായിക്കുന്ന ഒരു പ്രധാനഘടകം.  വിനോദയാത്ര, ബസ്സ് സ്റ്റോപ്പിലെ കാത്തുനില്‍പ്പ്. ട്രെയിനിലെ ഒരു സീറ്റില്‍ ഇരുന്ന് തട്ടിയും മുട്ടിയുമുള്ള യാത്ര ഒരു ക്യാബിനില്‍ അടുത്തടുത്തിരുന്നുള്ള ജോലി, എന്നും കുറെ സമയം ഒന്നിച്ച് കാണാനുള്ള അവസരം, എസ്‌ക്രീം പാര്‍ലര്‍ലിലെ രുചിഭേദങ്ങള്‍ എന്നിവയെല്ലാം മനസ്സില്‍ പ്രേമം അങ്കുരിക്കാന്‍ ഇടയാക്കുന്ന ഘടകങ്ങളാണ്.

ഇങ്ങനെ പോകുന്ന നാളില്‍ ഏതെങ്കിലും ഒരു ദിവസം അവനില്‍ (അവളില്‍)  നിന്നും I Love you എന്ന് കേള്‍ക്കുമ്പോള്‍ അവള്‍ വികാരതരളിതയാകുന്നു. താന്‍ കേട്ടത് സത്യമാണെന്ന് വിശ്വസിക്കാന്‍ പോലും പറ്റാത്ത അവസ്ഥ. ക്യാമ്പസില്‍ തന്നെയും സ്‌നേഹിക്കുന്നവരുണ്ട് എന്ന ചിന്ത അവളുടെ സന്തോഷം വര്‍ദ്ധിപ്പിക്കുന്നു. അതിനിടയില്‍ വന്ന ഫോണ്‍കോളും കിട്ടിയ കുറിപ്പടയും പരസ്പരമുള്ള അകലം കുറച്ചു. വേദപുസ്തകത്തില്‍ ഇപ്രകാരമുള്ളവരെപ്പറ്റി ഇങ്ങനെ നാം വായിക്കുന്നു.

ഞാന്‍ വീടിന്റെ ജനാലയ്ക്കല്‍ നിന്ന് വിരിക്കിടയിലൂടെ വെളിയിലേക്കു നോക്കി. ശുദ്ധഗതിക്കാരായ യുവാക്കളുടെ കൂട്ടത്തില്‍, ബുദ്ധിശൂന്യനായ ഒരുവനെ ഞാന്‍ കണ്ടു.  അവന്‍ വഴിക്കോണില്‍ അന്തിമിനുക്കത്തില്‍ രാത്രിയുടെ ഇരുളിന്റെയും മറവില്‍ അവളുടെ വീട്ടിലേക്കുള്ള വഴിയിലൂടെ നീങ്ങിക്കൊണ്ടിരുന്നു. അപ്പോള്‍ കുടിലഹൃദയയായാ അവള്‍ വേശ്യയെപ്പോലെ  ഉടുത്തൊരുങ്ങി അവനെതിരെ വന്നു. അവള്‍ ഉച്ചത്തില്‍ സംസാരിക്കുന്നവളും തന്നിഷ്ടക്കാരിയുമാണ്. അവള്‍ വീട്ടില്‍ ഉറച്ചിരിക്കാറില്ല. തെരുവിലും ഓരോ മൂലയിലും മാറിമാറി അവള്‍ കാത്തിരിക്കുന്നു. അവള്‍ അവനെ പിടികൂടി ചുംബിക്കുന്നു,  നിര്‍ജ്ജലമായ മുഖഭാവത്തോടെ അവള്‍ അവനോടു പറയുന്നു. എനിക്കു ബലികള്‍ സമര്‍പ്പിക്കാനുണ്ടായിരുന്നു. ഇന്നു ഞാന്‍ എന്റെ വ്രതങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നു. തന്‍മൂലം ഇപ്പോള്‍ ഞാന്‍ നിന്നെ കണ്ടുമുട്ടാനായി, ആകാക്ഷാപൂര്‍വ്വം അന്വേഷിച്ചിറങ്ങിയിരിക്കുകയാണ്. ഞാന്‍ നിന്നെ കണ്ടെത്തുകയും ചെയ്തു. ഞാന്‍ എന്റെ  തല്‍പം വിരികള്‍ കൊണ്ടും ഈജിപ്തിലെ വര്‍ണപകിട്ടാര്‍ന്ന പട്ടുകൊണ്ടും അലങ്കരിച്ചിരിക്കുന്നു. ഞാന്‍ മീറ, അകില്‍ കറുവാപ്പട്ട എന്നിവയാല്‍ എന്റെ കിടക്ക സുരഭിലമാക്കിയിരിക്കുന്നു. പ്രഭാദമാകുന്നതുവരെ നമുക്ക് കൊതിതീരെ സ്‌നേഹം നുകരാം, നമുക്കു സ്‌നേഹത്തില്‍ ആറാടാം. എന്തെന്നാല്‍, എന്റെ ഭര്‍ത്താവ് വീട്ടിലില്ല, അവന്‍ ദീര്‍ഘയാത്ര പോയിരിക്കുന്നു. സഞ്ചിനിറയെ പണവും കൊണ്ടുപോയിട്ടുണ്ട്. വെളുത്തവാവിനേ തിരിച്ചെത്തൂ. ഒട്ടേറെ ചാടുവാക്കുകള്‍കൊണ്ട അവള്‍ അവനെ പ്രേരിപ്പിക്കുന്നു, മധുരമൊഴിയാല്‍ അവള്‍ അവനെ നിര്‍ബന്ധിക്കുന്നു. കശാപ്പുശാലയിലേക്കുകാള പോകുന്നതുപോലെ ഉടലിനുള്ളില്‍ അമ്പു തുളഞ്ഞു കയറത്തക്കവിധം കലമാന്‍ കുരുക്കില്‍പ്പെടുന്നതുപോലെ, പക്ഷി കെണിയിലേക്കു പറന്നുചെല്ലുന്നതുപോലെ, പെട്ടെന്ന് അവന്‍ അവളെ അനുഗമിക്കുന്നു. ജീവനാണ് തനിക്കു നഷ്ടപ്പെടാന്‍ പോകുന്നത് അവന്‍ അറിയുന്നതേയില്ല (സുഭാഷിതങ്ങള്‍ 7:6-23).

പ്രേമം വളര്‍ന്നു. ഇന്ന് ഭയവും നാണവും മാറി. ഇപ്പോള്‍ പഠിക്കാന്‍ ഇരുന്നാല്‍ കമിതാക്കവിന്റെ രൂപമാണ് മനസ്സില്‍ പ്രാര്‍ത്ഥിക്കാന്‍ ഇരിക്കുമ്പോള്‍ നഗ്നരൂപങ്ങള്‍ ഓടിയെത്തുന്നു. കിടക്കുമ്പോള്‍ അടുത്തദിവസങ്ങളില്‍ പ്രിയനില്‍ (പ്രിയതമ) നിന്നും കിട്ടിയ സ്പര്‍ശനം വികാരേത്ത രണിതയാക്കുന്നു. പ്രേമബന്ധത്തില്‍ കുടുങ്ങി പഠനം ഉപേക്ഷിച്ചവരും, പരീക്ഷ എഴുതാതെ ഭാവി നശിപ്പിച്ചവരും റാങ്കിന്റെ അടുത്ത് മാര്‍ക്ക് കിട്ടുമായിരുന്നിട്ടും മിനിമം കൊണ്ട് തൃപ്തിപ്പെട്ടവരുമായ നൂറുകണക്കിന് യുവതീയുവാക്കളെ സെഹിയോനിലെ ധ്യാനവസരത്തില്‍ കണ്ടെത്തുകയുണ്ടായി.

മനസ്സ് തകര്‍ന്ന് മാനസിക നില തെറ്റിയവരും. സൈക്യാട്രി ചികിത്സയിലേക്ക് പോയവരും നമ്മുടെ നാട്ടില്‍ ധാരാളമുണ്ട്.  ഈ കമിതാക്കളെപ്പറ്റി ബൈബിള്‍ ഇപ്രകാരം പറയുന്നു. ഈജിപ്തിനെയാണ് നീ ഇപ്പോള്‍ ആശ്രയിക്കുനന്നത് ഊന്നി നടക്കുന്നവന്റെ ഉള്ളങ്കൈയില്‍ തുളഞ്ഞു കയറുന്ന പൊട്ടിയ ഓടത്തണ്ടിനു തുല്യമാണ് (ഏശയ്യ 36:6). അതിനാല്‍ കുട്ടികളേ, പഠിക്കുന്ന  നാളുകളില്‍ നന്നായി പഠിക്കുക. അത് പ്രേമിക്കാനുള്ള സമയമല്ല. സഭയ്ക്കും സമൂഹത്തിനും നന്മ ചെയ്യാന്‍ തക്കവിധമുള്ള ഒരു ജോലിയില്‍ പ്രവേശിക്കുക. അതിനുശേഷമാകാം വിവാഹചിന്തകള്‍. ദൈവമായ കര്‍ത്താവ് അരുളിചെയ്തു.

ഈ വിധം പരീക്ഷിക്ക്‌പ്പെട്ട് കുറ്റമറ്റവനായി കാണപ്പെട്ടവന്‍ ആരുണ്ട് ?അവന് അഭിമാനിക്കാന്‍ അവകാശമുണ്ട്.പാപം ചെയ്യാന്‍ കഴിവുണ്ടായിട്ടും അതു ചെയ്യാത്തവനും തിന്‍മപ്രവര്‍ത്തിക്കാന്‍ സാധ്യതയുണ്ടായിട്ടും അതു ചെയ്യാത്തവനും ആരുണ്ട് അവന്റെ ഐശ്വര്യം സ്ഥിരമായിരിക്കും, ,മൂഹം അവന്റെ ഔദാര്യത്തെ പുകഴ്ത്തുകയും ചെയ്യും (പ്രഭാഷകന്‍ 31:10-11). അതിനാല്‍ പ്രിയ യുവാവേ, യുവതീ, പഠിക്കുന്ന കാലത്ത് പഠനം പ്രധാനവിഷയമായി എടുത്താല്‍ ജീവിതത്തില്‍ ഒരു പരിധിവരെ വിജയിക്കാം. പ്രേമം മെയിന്‍ ആയി എടുത്താല്‍ സൈക്യാട്രി ട്രീറ്റ്‌മെന്റിലോ, ആത്മഹത്യയിലോ  ചെന്ന് ചേരാം. ആലോചന കൂടാതെ ഒന്നും പ്രവര്‍ത്തിക്കരുത്. പശ്ചാത്തപിക്കാന്‍ ഇടയാവുകയില്ല (പ്രഭാഷകന്‍ 32:19).

കാമത്തിന് കണ്ണില്ല പ്രേമത്തിന് വിവേകം ഇല്ല
പലപ്പോഴും പ്രേമ വിവാഹങ്ങല്‍ക്ക് വീട്ടുകാരുടെ സമ്മതം കിട്ടുക പ്രയാസമാണ്. പെണ്‍കുട്ടിയുടെ അപ്പനോ, ആങ്ങളയോ ഈ ബന്ധത്തെ എതിര്‍ക്കുമ്പോള്‍ അവന് ഉറക്കം നഷ്ടപ്പെടുന്നു. അവന്‍ മനോരോഗിയെപ്പോലെ പെരുമാറാന്‍ തുടങ്ങുന്നു. പുരുഷനാണ് പെട്ടെന്ന് പ്രേമത്തിലാകുന്നത്.  പ്രേമനൈരാശ്യം മൂലം ജീവിതം അവസാനിപ്പിക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നതും പുരുഷന്‍ തന്നെ.

പ്രേമത്തില്‍ നിന്ന് വേഗം പിരിയുന്നത് സ്ത്രീകളാണ്. മാതാപിതാക്കളുടെ നിര്‍ബന്ധം കൊണ്ടോ, ഇപ്പോള്‍ ഉള്ളതിനേക്കാള്‍ മെച്ചപ്പെട്ട ഒരു വ്യക്തിയെ കിട്ടുകയോ ചെയ്താല്‍ നിലവിലുള്ളബന്ധം ഉപേക്ഷിക്കാന്‍  ചില പെണ്‍കുട്ടികള്‍ക്ക് സാധിക്കു. എന്നാല്‍ ചില സന്ദര്‍ഭത്തില്‍ (സംയോഗം വരെ എത്തിയ ബന്ധം) പ്രേമത്തില്‍ നിന്ന് സ്ത്രീക്ക് പെട്ടെന്ന് പിന്മാറാന്‍ പറ്റില്ല. അതുകൊണ്ട് തന്നെ മാതാപിതാക്കളും ബന്ധുക്കളും എതിര്‍ത്താലും അവരെ അവഗണിച്ച് ഞാന്‍ അവനെ മാത്രമെ വിവാഹം കഴിക്കൂ എന്ന് പറഞ്ഞ് ഇറങ്ങുന്നത്.

പ്രേമം  തലയില്‍ കയറിക്കഴിയുമ്പോള്‍ ഇത്രയുംകാലം പോറ്റി വളര്‍ത്തിയ മാതാപിതാക്കളെ ഒരു നിമിഷനേരം കൊണ്ട് തള്ളിപറയുന്ന അവസ്ഥ. തന്റെ തീരുമാനത്തിന്റെ മുമ്പില്‍ മാതാപിതാക്കളുടെ കണ്ണുനീരിന് വില ഇല്ലാത്ത് അവസ്ഥ. കുടുംബത്തില്‍ ഇനി വിവാഹം കഴിക്കാന്‍ ഉള്ളവരെപ്പറ്റി ഇവര്‍ക്ക് ഒരു ചിന്തപോലും ഇല്ല. ആത്മീയ പോഷണം നല്‍കി വളര്‍ത്തിയ സഭയേയും മതത്തേയും ഉപേക്ഷിച്ച് മറ്റൊരു ബന്ധത്തിലേക്ക് പോകുന്നത് വിവേകം ഇല്ലായ്മ കൊണ്ടാണ്. എല്ലാം അവന് (അവള്‍ക്ക്) അന്യമായിത്തീരുന്നു. കുട്ടികളെ ഇത് നിങ്ങള്‍ക്ക് ഭൂഷണമാണോ? എല്ലാവരേയും ധിക്കരിച്ച് നീ എങ്ങോട്ടാണ് യാത്ര?. ശരിയായി തോന്നിയ വഴി മരണത്തിലേക്ക് നയിക്കുന്നതാവാം  (സുഭാഷിതം 16.25).

പ്രേമത്തിന്റെ പരിണിതഫലങ്ങള്‍
പ്രേമത്തിലേക്ക് വഴുതിവീഴുന്ന പെണ്‍കുട്ടി, തന്റേടിയും, എതിര് പറയുന്നവളും, ആര്‍ക്കും മനസ്സിലാക്കാന്‍ പറ്റാത്ത് മനസ്സിന്റെ ഉടമയുമായി മാറുന്നു. ആണ്‍കുട്ടിയാകട്ടെ വിഷാദരോഗിയും പരിഭ്രാന്തി നിറഞ്ഞവനുമാകുന്നു. പ്രേമബന്ധങ്ങളില്‍ അധികവും കൊഴിഞ്ഞു വീഴുകയാണ് പതിവ്. ചുരുക്കം ചിലത് വിവാഹത്തില്‍
ത്തുന്നു. വിവാഹം കഴിഞ്ഞാല്‍ പലപ്പോഴും പ്രശ്‌നങ്ങള്‍ ആരംഭിക്കുകയായി. എല്ലാം തുറന്നു പറഞ്ഞു പരസ്പരം മനസ്സിലാക്കിയാണ് വിവാഹം കഴിക്കുന്നതെന്ന് അവര്‍ പറഞ്ഞാലും തന്റെ ജീവിത പങ്കാളി ഒരു മുഖം മൂടി ധരിച്ചിരുന്നുവെന്ന് വൈകിയാണെങ്കിലും മനസ്സിലാകും. തന്റെ കുടുംബചിത്രം അവതരിപ്പിച്ചതിലും, പ്രായം പറഞ്ഞതിലും. ഗാമ്പത്തിക ഭദ്രതയെപറ്റി പറഞ്ഞതും കള്ളത്തരമാണെന്ന് അധികം വൈകാതെ മനസ്സിലാകും.

അമിതവിധേയത്വമാണ് മറ്റൊരു പ്രശ്‌നം. പെണ്‍കുട്ടി അവന്റെ അപ്പനേയും അമ്മയേയും സഹോദരങ്ങളേയും തള്ളിപറയാന്‍ തുടങ്ങുന്നു. മര്യാദയ്ക്ക് പഠിച്ചുനടന്നിരുന്ന എന്നെ മോഹന വാക്കുകള്‍ പറഞ്ഞ് മയക്കി എന്നും പറഞ്ഞ് അവള്‍ വാചാലയാകും. അവനാകട്ടെ അവളുടെ വീട്ടില്‍ നിന്നും പൊന്നും പണവും  തന്നില്ലായെന്നും ബന്ധുക്കളില്‍ ആരോ ഏതോ സാഹചര്യത്തില്‍ പറഞ്ഞ ചില വാക്കുകളും എടുത്തു പറഞ്ഞ് അവളെ എന്നും കുറ്റപ്പെടുത്താന്‍ തുടങ്ങും.

ഭാര്യാഭര്‍ത്തൃ ബന്ധത്തിലും വിള്ളലുകള്‍ അനുഭവപ്പെടാം. വിവാഹത്തിനു മുമ്പ് ഒരു സ്പര്‍ശനം ഉന്മാദത്തിലേക്ക് നയിച്ചെങ്കില്‍ വിവാഹശേഷം ഒന്നിനും പുതുമയും, തൃപ്തിയും ഇല്ലാത്ത അവസ്ഥ. വിവാഹ ജീവിതത്തിന്റെ ആദ്യനാളിലെ ഈ തൃപ്തിക്കുറവ് കുടുംബ ജീവിതത്തെ തകര്‍ക്കും. പണ്ട്, കണ്ട് സംസാരിച്ചാല്‍ മതിവരാഞ്ഞിട്ട് ഫോണിലൂടെയും മണിക്കൂറുകള്‍ സംസാരിക്കുമായിരുന്നു. ഇന്ന് അടുത്തിരുന്നാലും ഒന്നും സംസാരിക്കാന്‍ ഇല്ലാത്ത അവസ്ഥ. വിവാഹാനന്തരം കുട്ടികള്‍ ജനിക്കാതിരുന്നാലും പ്രശ്‌നങ്ങള്‍ ഉടലെടുക്കും. ഒരു പക്ഷേ ശാരീരിക വൈകല്യമോ, ചില രോഗമോ, നിമിത്തം (വിവാഹശേഷമായിരിക്കാം ഇത്  അിറയുന്നത്) കുട്ടികള്‍ ഉണ്ടാകാതെ മറച്ചുവെച്ചു എന്ന് ജീവിതപങ്കാളി പറഞ്ഞേക്കാം. വീട്ടുകാരും അങ്ങനെതന്നെ ചെയ്‌തേക്കാം.

ഇനിയും , രണ്ട് മതവിഭാഗത്തില്‍ പെട്ടവരാണ് വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചതെങ്കില്‍ അവിടെയും പ്രശ്‌നങ്ങള്‍ ഉടലെടുക്കും. ഒന്നെങ്കില്‍ ദൈവത്തെ മറന്ന് ജീവിക്കണം അല്ലെങ്കില്‍ സ്വന്തം മതവിശ്വാസം ഉപേക്ഷിച്ച് മറ്റേ ആളുകളുടെ കൂടെ ചേരണം. നീ ഒരു ക്രിസ്തീയ പൈതലാണെങ്കില്‍ യേശുവിനെ ഉപേക്ഷിച്ച് അമ്പലത്തിലോ, മോസ്‌ക്കിലോ പോയി നിനക്ക് പ്രാര്‍ത്ഥിക്കാന്‍ പറ്റുമോ ?ഈ  അടുത്തനാളില്‍ ഒരു ഹൈന്ദവ പുരുഷനെ വിവാഹം കഴിച്ച കത്തോലിക്കാ പെണ്‍കുട്ടി എന്നോട് പറഞ്ഞു. ഞാന്‍ അമ്പലത്തില്‍ പോയി ഗണപതിയെ തൊഴുമ്പോള്‍ അവിടെ യേശുക്രിസ്തു മനസ്സില്‍ ഓര്‍ക്കും. ഇവിടെ ഒരു കാര്യം മനസ്സിലാക്കണം. നിന്റെ ഇഷ്ടത്തിനൊത്ത് തുള്ളുന്നവനല്ല ദൈവം. ബോധപൂര്‍വ്വം പാപത്തില്‍ തുടരുന്ന നിന്റെ അടുക്കലേക്ക് ദൈവം വരുമെന്നോ?. ദൈവത്തിന്റെ കരുണയെ നീ നിസ്സാരമാക്കുന്നുവോ?. ഇങ്ങനെയുള്ളവരെപ്പറ്റി പ്രവാചകനിലൂടെ ദൈവം അരുളിച്ചെയ്യുന്നു:-

ഞാന്‍ വിളിച്ചപ്പോള്‍ അവര്‍ കേട്ടില്ല. അതുപോലെ അവര്‍ വിളിക്കുമ്പോള്‍ ഞാന്‍ കേള്‍ക്കുകയില്ല (സഖറിയാ 7:13). വഞ്ചന ചെയ്യുന്ന ഒരുവനും എന്റെഭവനത്തില്‍ വസിക്കുകയില്ല (സങ്കീ 101:7). ഇവരുടെ ദാമ്പത്യ ജീവിതത്തില്‍ കുട്ടികള്‍ ജനിച്ചാല്‍ വീണ്ടും പ്രശ്‌നങ്ങളായി. ഏത് മതവിശ്വാസത്തില്‍ വളര്‍ത്തും? ചെറുപ്പം മുതല്‍ കുര്‍ബാനയും, ജപമാലയും നൊവേനയുമായി നടന്ന നീ എല്ലാം ഉപേക്ഷിച്ച് രണ്ട് തോണിയില്‍ യാത്ര ചെയ്താല്‍, ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് നാളെ ഞങ്ങള്‍ക്ക്, മതം ഇല്ല എന്നൊരു കോളം അപേക്ഷാഫോറങ്ങളില്‍ വന്നാല്‍ ആദ്യം ചാടിവീഴുന്നത് നിന്റെ മക്കളായിരിക്കും. ഈ നിയമം നമ്മുടെ നാട്ടില്‍ വരാന്‍ ഇനി അധികനാള്‍ കാത്തിരിക്കേണ്ടി വരില്ല. സാത്താന്‍ അവന്റെ വിളയാട്ടം ആരംഭിച്ചു കഴിഞ്ഞു.

പ്രേമവിവാഹങ്ങള്‍ക്ക് പലപ്പോഴും രണ്ട് വീട്ടുകാരുടെയും സമ്മതം കിട്ടുക പ്രയാസമാണ്. ഈ എതിര്‍പ്പിന്റെ നടുവില്‍ വിവാഹം കഴിച്ചാല്‍ കത്തോലിക്കാ സഭയിലെ ദിവ്യമായ മാമ്മോദീസാ, വിവാഹം, വീടുവെഞ്ചരിപ്പ് തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ ഓരാള്‍ ഒറ്റപ്പെടുന്നു. പ്രധാന സന്ദര്‍ഭങ്ങളിലെ ബന്ധുക്കാരുടെ അസാന്നിദ്ധ്യം ഏറെ ശ്രദ്ധിക്കപ്പെടും. ഇടാത്ത പട്ടും , വയ്ക്കാത്ത റീത്തും, കിട്ടാത്ത സമ്മാനവും കിടപ്പറയിലെ വഴക്കിന് കാരണമാകുന്നു. പ്രേമവിവാഹത്തെ സമൂഹം പ്രേത്സാഹിപ്പിച്ച് കണ്ടിട്ടില്ല. ചിലര്‍ രാഷ്ട്രീയ പ്രേരിതമായി അങ്ങനെ ചെയ്തിട്ടുണ്ടാകാം. സഹായിച്ചിട്ടുമുണ്ടാകാം. ഒരു ആത്മീയ കാഴ്ചപാടിലാണ് ഞാന്‍ ഇത് എഴുതുന്നത്. ഒരു വലിയ സമൂഹത്തിന്റെ എതിര്‍പ്പ് നിങ്ങള്‍ക്ക് ഉണ്ടാകും . നിങ്ങളുടെ ജീവിതത്തില്‍ പ്രതിസന്ധികള്‍ വരുമ്പോള്‍ സമൂഹം മുന്നോട്ട് വരില്ല. വീട്ടുകാരും ഉണ്ടാകില്ല. മതപരമായ സപ്പോര്‍ട്ടും കിട്ടുക പ്രയാസം.

അവള്‍ അങ്ങ് ചാടി, ഞാന്‍ ഇങ്ങ് പോന്നു
ഭ്രാന്ത് പിടിച്ചിട്ട് തെരുവില്‍ അലയുന്ന ഒരു ചെറുപ്പക്കാരന്‍. കീറിയ വസ്ത്രങ്ങള്‍, കുളിച്ചിട്ട് മാസങ്ങളായി. ജഡപിടിച്ച് ചെമ്പിച്ച മുടി, താടി രോമം വളര്‍ന്ന് കഴുത്തൊപ്പം എത്തി. മുതുകത്ത് ഒരു ചാക്ക് കെട്ട്, അരയില്‍ ഒരു കയര്‍ ഒരു കയ്യില്‍ ആരോ വലിച്ചിട്ട് ഇട്ട തീ കെടാത്ത സിഗരറ്റ് കുറ്റി. കാണുന്നവരുടെ ഒക്കെ നേരെ കൈനീട്ടും. അമ്പത് പൈസ കിട്ടിയാലും കിട്ടിയില്ലെങ്കിലും പരിഭവം ഇല്ല. ശ്രദ്ധിച്ചാല്‍ ഇടയ്ക്കിടയ്ക്ക് ഇങ്ങനെ പുലമ്പുന്നത് കേള്‍ക്കാം അവള്‍ അങ്ങ് ചാടി, ഞാനിങ്ങ് പോന്നു.

പശ്ചാത്തലം  ഇതാണ് എന്ന് പറയപ്പെടുന്നു. രണ്ട് യുവമിഥുനങ്ങള്‍ പ്രണയ ബദ്ധരായി. രഹസ്യമായി സ്‌നേഹിച്ചും എല്ലാം പങ്കുവച്ചും മാസങ്ങള്‍ കഴിച്ചു. അങ്ങനെ ഇരിക്കെ പെണ്‍കുട്ടി ഗര്‍ഭിണിയായി. വീട്ടുകാരറിഞ്ഞു. വിവാഹം നടത്തണം എന്ന് പറഞ്ഞ് പെണ്‍വീട്ടുകാര്‍ വന്നു. എന്നാല്‍ പയ്യന്റെ വീട്ടുകാര്‍ എതിര്‍ത്തു. അവസാനം കമിതാക്കള്‍ പോംവഴി കണ്ടെത്തി. മരണം, സ്ഥലം ഉറപ്പിച്ചു. ആത്മഹത്യ മുനമ്പ് പ്രിയപ്പെട്ടവര്‍ക്ക് കത്തുകള്‍ എഴുതി. തങ്ങളുടെ മരണത്തില്‍ ആര്‍ക്കും പങ്കില്ലാ എന്ന് കൂടി എഴുതി ചേര്‍ക്കാന്‍ മറന്നില്ല. ഒരിക്കല്‍കൂടി അവര്‍ പരസ്പരം സന്തോഷവും ദുഖവും പങ്കുവച്ചു. ആത്മഹത്യ ചെയ്യാന്‍ മുനമ്പില്‍ എത്തി. മരണത്തില്‍ നമ്മള്‍  ഒരുമിച്ച്. നീണ്ട ദീര്‍ഘനിശ്വാസം. വണ്‍ ടൂ ത്രീ എന്ന് പറയുമ്പോള്‍ രണ്ടുപേരും ഒരുമിച്ച് ചാടുന്നു. എല്ലാം റെഡി ആരും കാണില്ല എന്ന് ഉറപ്പുവരുത്തി. അവന് ചാടാന്‍ പറ്റിയില്ല. ബോധം കെട്ട് കിടന്ന അവനെ തോട്ടം കൊഴിലാളികള്‍ ആസ്പത്രിയിലാക്കി. ഓര്‍മ്മ വന്നപ്പോള്‍ മുതല്‍ അവന്‍ ഇങ്ങനെ പറയാന്‍ തുടങ്ങി. അവളങ്ങ് ചാടി ഞാനിങ്ങ് പോന്നു. വീട്ടുകാര്‍ കുറെ ചികിത്സിച്ചു. സാമ്പത്തികം തീര്‍ന്നപ്പോള്‍ അവര്‍ ചികിത്സ നിര്‍ത്തി. ഇപ്പോള്‍ കടതിണ്ണയിലാണ് ഉറക്കം. ആരോ കഴിച്ചിട്ട് വലിച്ചെറിഞ്ഞ ബാക്കി ഭക്ഷണം കഴിച്ച്  ജീവിക്കുന്നു.

'യുദ്ധം പോലെയാണ് പ്രേമം .തുടങ്ങാന്‍ എളുപ്പമാണ്. എന്നാല്‍ നിറുത്താന്‍ വളരെ പ്രയാസവും'. എച്ച്.എല്‍.മെന്‍കാര്‍. ഞാന്‍ ഇതുവരെ പറഞ്ഞുവന്ന് കാര്യങ്ങള്‍ ഒന്ന് ക്രോഡീകരിക്കുകയാണ്.

സ്‌നേഹം പ്രേമം
അവസാനം വരെ നിലനില്ക്കും ഇടയ്ക്ക് വച്ച് പിരിയും
പ്രത്യാശയിലേക്ക് നയിക്കും നിരാശയിലേക്ക് നയിക്കും
ഭംഗിപോയാലും സ്‌നേഹം വര്‍ദ്ധിക്കും സൗന്ദര്യം പോകുമ്പോള്‍ പ്രേമം തീരും
വിവാഹശേഷം സ്‌നേഹം വര്‍ദ്ധിക്കും വിവാഹശേഷം പ്രേമം കുറഞ്ഞുവരും
ദയ കാണിക്കും ക്രൂരത കാണിക്കും
എത്ര പ്രശ്‌നങ്ങള്‍ വന്നാലും ബന്ധം ഉലയില്ല. നിസ്സാര പ്രശ്‌നങ്ങള്‍ വന്നാല്‍ ബന്ധം ഉലയും
സ്‌നേഹത്തില്‍ ദൈവീക സ്വഭാവം അടങ്ങിയിരിക്കുന്നു പ്രേമത്തില്‍ മൃഗീയ സ്വഭാവം അടങ്ങിയിരിക്കുന്നു
ക്ഷമിക്കും  ക്ഷമിക്കില്ല
സ്വാതന്ത്ര്യം  അമിതമായ അടിമത്വം

 

പ്രേമവിവാഹങ്ങള്‍ എല്ലാം പരാജയമോ?. ഈ ചോദ്യം ഇപ്പോഴും നിലനില്‍കുന്നു. ഞാന്‍ കണ്ടിട്ടുള്ള പ്രേമവിവാഹങ്ങളില്‍ 80% പരാജയമാണ് എന്നു മാത്രമേ എനിക്ക് പറയാന്‍ കഴിയൂ. കുറച്ച്‌പേര്‍ വിജ യിച്ചിട്ടുണ്ടാവാം. ഞാന്‍ എതിര്‍ക്കുന്നില്ല. പൊതുവെ പരാജയം എന്നല്ലേ ഇതുവരെ ചിത്രങ്ങള്‍ പഠിപ്പിക്കുന്നത്. കൊട്ടിഘോഷിക്കപ്പെട്ട രാജവിവാഹങ്ങളും, പ്രശസ്തി (സിനിമ, സ്‌പോര്‍ട്‌സ്) നേടിയ വ്യക്തികളും , പ്രേമത്തില്‍ ആടി ഉലഞ്ഞ മന്ത്രിസഭകളും (ജപ്പാന്‍) നമ്മുടെ നാട്ടില്‍ നടന്ന കൂട്ട ബലാല്‍സംഗങ്ങളും ഇന്റര്‍നെറ്റിലൂടെ കൈമാറപ്പെട്ട ലൈംഗികചിത്രങ്ങളും യുവജനങ്ങളുടെ ഇടയില്‍ പെരുകിയ ആത്മഹത്യയും ഇതല്ലേ നമ്മെ പഠിപ്പിക്കുന്നത്. അടിസ്ഥാന തീരുമാനങ്ങളില്‍ തെറ്റ് പറ്റരുത്. ഉടുപ്പ് മാറുന്നതുപോലെ ജീവിത പങ്കാളിയെ മാറാമെന്നോ? ഇത് ക്രൈസ്തവമോ?

ഞങ്ങള്‍ക്ക് പ്രേമിച്ചുകൂടെ?. പ്രേമിക്കാം, അല്ല സ്‌നേഹിക്കാം. നിങ്ങള്‍ക്ക് വിവാഹപ്രായമായാല്‍ നിങ്ങളുടെ കൂടെ ജോലിചെയ്യുന്ന പ്രത്യേകസാഹചര്യത്തില്‍ പരിചയപ്പെട്ട ഒരു വ്യക്തിയോട് ഇഷ്ടം തോന്നിയാല്‍ അത് തെറ്റല്ല. ഈ വികാരത്തെ നീ എങ്ങനെ കൈകാര്യം ചെയ്തു എന്നുള്ളതാണ് പ്രശ്‌നം. ഈ വ്യക്തിയുമായി സാമൂഹ്യമായും, കുടുംബപരമായും, മതപരമായും, സാമ്പത്തികപരമായും ഒക്കെ പൊരുത്തപ്പെടുമെങ്കില്‍ ഇക്കാര്യം മാതാപിതാക്കളെ അിറയിക്കുക. കുടുംബങ്ങള്‍ കുടുംബങ്ങളുമായി പൊരുത്തപ്പെടണം. ഭാരതസംസ്‌കാരത്തില്‍ വിവാഹം ഒരു വ്യക്തിയോട് മാത്രമല്ല കുടുംബങ്ങളോടു കൂടിയാണ് ബന്ധം ചേരുന്നത്. നിങ്ങളുടെ വിവാഹത്തില്‍ അങ്ങനെ ഒരു ആരോഗ്യപരമായ ആലോചന കൂടി ഉണ്ടാകട്ടെ. അത് ബൈബിള്‍ അധിഷ്ഠിതമാണ്. ഈ  ആലോചന ദൈവഹിതമാണെന്ന് തിരിച്ചറിയുക. ഇത്രയും സ്റ്റെപ്പുകള്‍ മുന്നോട്ട് പോകുന്നതിന് ഇടയില്‍ വഴിയില്‍ വച്ചുള്ള കണ്ടുമുട്ടലുകളും, പണം ചിലവഴവിക്കലും, ഐസ്‌ക്രീം പാര്‍ലറിലെ രുചിഭേദവും, ബിച്ചിലെയും പാര്‍ക്കിലെയും രമിക്കലും ദൈവഹിതമല്ല, അതിനാല്‍ - ദൈവഭക്തനും കല്പനകള്‍ പാലിക്കുന്നവനെന്ന് ഉറപ്പുളളവനും നിന്റെ സ്വഭാവത്തിന് ഇണങ്ങുന്നവനും നിന്റെ പരാജയത്തില്‍ സഹതപിക്കുന്നവനുമായ ഒരുവനോട് എപ്പോഴും ഒട്ടി നില്‍ക്കുക (പ്രഭാഷകന്‍ 37:12).

അറേഞ്ച്ഡ് വിവാഹം തകരുന്നില്ലേ?. ഉണ്ട്. ധാരാളമുണ്ട്. ഈ തകര്‍ച്ചയെ പ്രേമിക്കുവാനും, തോന്ന്യാസം നടക്കാനുമുള്ള ലൈസന്‍സായി കാണരുത്. കമ്പോളസംസ്‌ക്കാരം നിലനിര്‍ക്കുന്നിടത്തോളം കാലം, ദൈവത്തിനും വചനത്തിനും കൂദാശകള്‍ക്കും പ്രാധാന്യം കൊടുക്കാത്തിടത്തോളം കാലം, സ്ത്രീയെ ഉപയോഗവസ്തുവായി കാണുന്നിടത്തോളം കാലം കുടുംബം തകരും. തകരാരാതിരിക്കാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം, വചനം അനുസരിച്ച് കുടുംബത്തെ ചിട്ടപ്പെടുത്തുക. സഭയും, സമൂഹവും, നല്ല പ്രസ്ഥാനങ്ങളും, അതിന് നമ്മെ സഹായിക്കട്ടെ. വിവാഹം എന്ന കൂദാശ സ്വീകരിക്കുന്നതിനുമുമ്പ് നന്നായി ജീവിക്കുന്ന മാതാവിതാക്കളുടെ അനുഗ്രഹം നിങ്ങളുടെ ശിരസ്സില്‍ കുടികൊള്ളട്ടെ. അവരുടെ നല്ല മാതൃക നിങ്ങള്‍ക്ക് പ്രചോദനമാകട്ടെ.

ഉണരൂ ദൈവവജനമേ…വിദേശരാജ്യങ്ങളില്‍ ഫ്രീ സെക്‌സ് വ്യാപകമായതോടെ പ്രേമത്തിന്റെ എണ്ണം കുറഞ്ഞു ശാരീരികമായി പ്രായപൂര്‍ത്തിയായ കുട്ടികളുടെ മേല്‍ സഭയ്ക്കും, കുടുംബത്തിനും അധ്യാപകര്‍ക്കും ഉണ്ടായിരുന്ന അധികാരം പല രാഷ്ട്രങ്ങളും എടുത്തുകളഞ്ഞു 13-14 വയസ്സോടെ ഒരു മായാലോകത്തില്‍ കുട്ടികള്‍ എത്തി. സ്വന്തം മൊബൈല്‍ ഫോണില്‍ ലൈവായികിട്ടുന്ന രതിരംഗങ്ങള്‍ … പരസ്യങ്ങളുടെ സ്വാധീനങ്ങള്‍… മതത്തിലേക്കുള്ള രാഷ്ട്രീയത്തിന്റെ ഇടപെടല്‍ … ഇതെല്ലാം പാപത്തിന്റെ മാറ്റ് വര്‍ദ്ധിപ്പിച്ചു.

ധാര്‍മ്മികത നഷ്ടപ്പെട്ട മനുഷ്യന്‍ വെറും ഉപയോഗവസ്തുവായി മാറി. നമ്മുടെ നാട്ടിലും ഫ്രീ സെക്‌സ് നടപ്പാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. മാതാപിതാക്കളും അദ്ധ്യാപകരും, സന്നദ്ധ സംഘടനകളും , സഭയും ഒക്കെ ഉണര്‍ന്ന് ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പണ്ട് കുട്ടികളെ ശ്രദ്ധിക്കാന്‍ ഇവരൊക്കെ ഉണ്ടായിരുന്നു. വരും നാളുകളില്‍ അത് നഷ്ടപ്പെടാന്‍ പോവുകയാണ്. ആദ്ധ്യാത്മികമായും, സാന്മാര്‍ഗ്ഗികമായും, വ്യക്തിതലത്തില്‍ വേരുറച്ച് വളരുന്ന സ്‌നേഹം ദൃഢതയുള്ളതായിരിക്കും. നല്‍കാനുള്ള പ്രേരണയാണ് യഥാര്‍ഥ സ്‌നേഹം. സ്വയം നല്‍കുക.അതിന്റെ പൂര്‍ണ്ണത യേശുവിലാണ് നാം കണ്ടെത്തുക. അതിനാല്‍ യേശുവില്‍ കേന്ദ്രീകൃതമായ കുടുംബങ്ങള്‍ ഉണ്ടാകാന്‍ വേണ്ടി നമുക്ക് ആശിക്കാം. പ്രാര്‍ത്ഥിക്കാം പ്രിയ ദൈവപൈതലേ…. എപ്പോഴും ദൈവഭക്തിയില്‍ ഉറച്ച് നില്‍ക്കുക.തീര്‍ച്ചയായും നിനക്കൊരു ഭാവിയുണ്ട് (സുഭാഷിതം. 23:17-18).

സര്‍വ്വം ലിംഗമയം (pan sexualism) എന്ന പാശ്ചാത്യ സിദ്ധാന്തവും പുരാതന പ്യൂരിറ്റന്‍ യുഗത്തിലെ ലൈഗിക നിഷേധവുമല്ല അത്. ഇതിന് രണ്ടിനും ഇടയില്‍ ദൈവവചനം കാണിച്ചുതരുന്ന അതിമനോഹരമായ ഒരു ജീവിത ശൈലി ഉണ്ട്. ഒന്നിലും സന്തോഷം തോന്നുന്നില്ല. എന്നു നീ പറയുന്ന ദുര്‍ദിനങ്ങളും വര്‍ഷങ്ങളും ആഗമിക്കും മുമ്പ് യൗവനകാലത്ത് സ്രഷ്ടാവിനെ സ്മരിക്കുക (സഭാപ്രസംഗകന്‍ 12:1).

അമ്മപെങ്ങന്മാരെ തിരിച്ചറിയാനാവാത്ത വിധം ലോകം ഇന്ന് അധപതിച്ചിരിക്കുന്നു. ഒരു കാലത്ത് നാം മോശം എന്ന് പറഞ്ഞ ചിത്രങ്ങള്‍ കുട്ടികളുടെ പുസ്തകച്ചട്ടയിലും വഴിയോരങ്ങളിലും വില്പനചരക്കുകളുമായി മാറി . സ്ത്രീ വെറും വില്‍പനചരക്കായി മാറി. ഫാഷന്റെ മറവില്‍ നഗ്നതതാ പ്രദര്‍ശനവും.. ഇതെല്ലാം സമൂഹത്തിന്റെ ഭാഗമല്ലേ രാത്രി 12 മണി കഴിഞ്ഞിട്ടും ഉറങ്ങാതെ കംമ്പ്യൂട്ടറിന്റെ മുമ്പില്‍ ഇരിക്കുന്ന മകന്റെ അടുക്കലേക്ക് അപ്പന്‍ കടന്നു ചെന്നു. മകന്‍ ഇന്റര്‍നെറ്റിലൂടെ ബ്ലൂഫിലിം ഡൗണ്‍ലോഡ് ചെയ്തുകൊണ്ടിരിക്കുകയാണ്. ഹൃദയം തകര്‍ന്ന അപ്പന്‍, മകനെ ഇത് തെറ്റല്ലേ എന്ന് ചോദിതച്ചപ്പെള്‍ അവന്‍ നല്‍കിയ മറുപടി ഇതായിരുന്നു. എനിക്ക് പ്രായപൂര്‍ത്തിയായി, ഇനി കണ്ടാല്‍ എന്താ കുഴപ്പം, പ്രായത്തില്‍ വളര്‍ന്നാല്‍ എന്തും കാണാം എന്നൊരവസ്ഥയിലേക്ക് നമ്മുടെ മക്കള്‍ നീങ്ങാന്‍ തുടങ്ങി. ദൈവം ഇന്ന്  നിന്നെ നോക്കി വേദനിക്കുകയാണ്. നിന്റെ ഐശ്വര്യകാലത്ത് ഞാന്‍ നിന്നോട് സംസാരിച്ചു. ഞാന്‍ അനുസരിക്കുകയില്ല എന്നു നീ പറഞ്ഞു. ചെറുപ്പം മുതലേ നീ എന്റെ വാക്കു കേട്ടില്ല (ജറെമിയ 22:21).

എന്താണ് സ്‌നേഹം?. വിശുദ്ധ പൗലോസ് ശ്ലീഹാ കോറിന്തോസിലെ സഭയ്‌ക്കെഴുതിയ ലേഖനത്തില്‍ ഇപ്രകാരം പറയുന്നു. സ്‌നേഹം ദീര്‍ഘക്ഷമയും ദയയുമുള്ളതാണ്. സ്‌നേഹം അസൂയപ്പെടുന്നില്ല. ആത്മപ്രശംസ ചെയ്യുന്നില്ല. അഹങ്കരിക്കുന്നില്ല. സ്‌നേഹം അനുചിതമായി പെരുമാറുന്നില്ല, സ്വാര്‍ത്ഥമന്വേഷിക്കുന്നില്ല, കോപിക്കുന്നില്ല, വിദ്വേഷം പുലര്‍ത്തുന്നില്ല, അത്  അനീതിയില്‍ സന്തോഷിക്കുന്നില്ല, സത്യത്തില്‍ ആഹ്ലാദം കൊള്ളുന്നു. സ്‌നേഹം സകലത്തേയും അതിജീവിക്കുന്നു. സകലതും വിശ്വസിക്കുന്നു. സകലതും പ്രത്യാശിക്കുന്നു. സകലത്തേയും അതിജീവിക്കുന്നു. സ്‌നേഹം ഒരിക്കലും അവസാനിക്കുന്നില്ല (1 കോറി 13:4-8) ഈ സ്‌നേഹത്തെ യേശുനാഥന്‍ ഒറ്റവാക്കില്‍ സംഗ്രഹിച്ചു സ്‌നേഹിതനു വേണ്ടി ജീവനര്‍പ്പിക്കുന്നതിനേക്കാള്‍ വലിയ സ്‌നേഹമില്ല (യോഹ 15:13). സ്‌നേഹിക്കുക എന്നു പറഞ്ഞാല്‍ മരിക്കുക എന്നര്‍ത്ഥം (ആത്മഹത്യയല്ല) അത് വെറും ശാരീരികമോ വൈകാരികമോ അല്ല, ഹൃദയപരമാണ്. സ്വന്തം ജീവിതത്തിലൂടെ യേശു അത് കാണിച്ചുതന്നു. സ്‌നേഹത്തിന്റെ വഴിയില്‍കൂടി നടക്കാന്‍ യേശു നിങ്ങളെ സഹായിക്കട്ടെ. യേശു പറഞ്ഞു ഞാനാണ് വഴി (യോഹ 14:16). ഒരു യുവാവ് യേശു ആകുന്ന വഴിയില്‍ക്കൂടി നടക്കണം. ജീവിതാന്തസ്സിലേക്ക് പ്രവേശിക്കുക, പങ്കാളിടൊത്ത് ജീവിക്കുക, സ്‌നേഹിക്ക എന്നൊക്കെയുള്ളത് ഒരു വികാരതള്ളലല്ല. അതൊരു തീരുമാനമാണ്. ഒരു പ്രതിജ്ഞയാണ്. ഒരുകൂദാശയാണ്. അടിസ്ഥാന തീരുമാനങ്ങളില്‍തെറ്റുപറ്റാതിരിക്കാന്‍  ശ്രദ്ധിക്കുക. ഒരു യുവാവിന് ഇത് എങ്ങനെ സാധിക്കും. സങ്കീര്‍ത്തകന്‍ അതിന്റെ ഉത്തരംതരുന്നു:

ഒരു യുവാവ് തന്റെമാര്‍ഗ്ഗം എങ്ങനെ നിര്‍മ്മലമായി സൂക്ഷിക്കും അങ്ങയുടെ വചനമനുസരിച്ച് വ്യാപരിച്ചുകൊണ്ട് (സങ്കീര്‍. 119:9). അതിനാല്‍ജീവിതത്തിന് ഒരു ലക്ഷ്യം ഉണ്ടാകട്ടെ. ഇന്നലെയുടെ ചരിത്രത്തില്‍ നിന്ന് പാഠം പഠിക്കുക. പലരുടെ ജീവിതങ്ങള്‍ നോക്കുക. അിറവുള്ളവരോട് ചോദിക്കുക. കൗമാര യൗവ്വന കാലഘട്ടത്തിലെത്തുമ്പോള്‍ സ്ത്രീപുരുഷ മനശാസ്ത്രം അല്‍പമെങ്കിലും അറഞ്ഞിരിക്കുക. നല്ല വായന ശീലിക്കുക. ദൈവവചനത്തെ മാര്‍ഗ്ഗദീപമാക്കുക. വിവാഹ ഒരുക്ക കോഴ്‌സുകളില്‍ പങ്കെടുക്കുക. അങ്ങനെ ജീവിത വിജയത്തില്‍ എത്തുക.