'ദൈവകരുണയുടെ അപ്പസ്‌തോല' എന്നറിയപ്പെടുന്ന വിശുദ്ധ ഫൗസ്റ്റീന പോളണ്ടിലെ ഒരു ദരിദ്രകുടുംബത്തിലാണ് ജനിച്ചത്. കുടുംബത്തിലെ സാഹചര്യങ്ങള്‍മൂലം വെറും മൂന്നു വര്‍ഷത്തോളമേ അവള്‍ക്ക് വിദ്യാഭ്യാസം നേടാനായുളളൂ. പതിനാലാം വയസ്സില്‍ മാതാപിതാക്കളെ സഹായിക്കാനായി അടുത്ത 'അലക്‌സാണ്‌ഡ്രോ'യില്‍ അവള്‍ തൊഴില്‍ തേടിപ്പോയി. എങ്കിലും അധികം വൈകാത, തനിക്ക് ലഭിച്ച ഈശോയുടെ ഒരു ദര്‍ശനത്തെ തുടര്‍ന്ന്, കോണ്‍വെന്റില്‍ ചേര്‍ന്ന് സന്യാസജീവിതം നയിക്കാന്‍ അവള്‍ തീരുമാനിച്ചു. നിരവധി സന്യാസ ഭവനങ്ങളുടെ വാതിലുകളില്‍ മുട്ടി. എങ്കിലും ആരും അവളെ സ്വീകരിക്കാന്‍ തയ്യാറായില്ല. ഒടുവില്‍ 'വാര്‍സോവ'യിലെ 'കാരുണ്യമാതാവിന്റെ സഹോദരികളു'ടെ കോണ്‍വെന്റില്‍ ഫൗസ്റ്റീനായ്ക്ക് പ്രവേശനം ലഭിച്ചു. സ്വര്‍ഗ്ഗീയജീവിതത്തിലേക്ക് കാലെടുത്തുവച്ച പ്രതീതിയാണ് ആദ്യം അവള്‍ക്കുണ്ടായത്. ഹൃദയം മുഴുവനും ദൈവത്തോടുളള നന്ദിയും സ്തുതിയും കൊണ്ട് നിറഞ്ഞു.
എങ്കിലും ആഴ്ചകള്‍ കഴിഞ്ഞപ്പോള്‍ അവള്‍ക്കൊരു പ്രലോഭനം- മറ്റൊരു സന്യാസ സമൂഹത്തെക്കുറിച്ച് കേട്ടപ്പോള്‍ അവിടെ തനിക്ക് കുറെക്കൂടി പ്രാര്‍ത്ഥിക്കാന്‍ സമയം കിട്ടും എന്നൊരു തോന്നല്‍. ഈ കോണ്‍വെന്റ് ഉപേക്ഷിച്ച് അവിടേക്ക് പോകണം എന്ന ചിന്ത മനസ്സില്‍ ശക്തമായി. അങ്ങനെയിരിക്കുമ്പോഴാണ് മുറിവുകളേറ്റ പീഡിതമായ മുഖത്തോടുകൂടി യേശു അവള്‍ക്ക് പ്രത്യക്ഷപ്പെട്ടത്. 'ഈ കോണ്‍വെന്റ് നീ ഉപേക്ഷിച്ചാല്‍ എന്റെ ഈ കാണുന്ന നൊമ്പരങ്ങള്‍ക്കും മുറിവുകള്‍ക്കും കാരണക്കാരി നീയായിരിക്കും. കാരണം, ഇവിടേക്കാണ് മറ്റൊരിടത്തേക്കുമല്ല ഞാന്‍ നിന്നെ വിളിച്ചിരിക്കുന്നത്. നിനക്കുവേണ്ടി നിരവധി കൃപാദാനങ്ങള്‍ ഞാന്‍ ഒരുക്കിവച്ചിരിക്കുന്നതും ഇവിടെത്തന്നെയാണ്'(ഡയറി 19). കര്‍ത്താവിന്റെ ഹിതത്തിന്റെ മുന്നില്‍ ഫൗസ്റ്റീന തന്റെ ആഗ്രഹം അടിയറ വച്ചു. തുടര്‍ന്ന് ആധുനികകാലത്തെ ഏറ്റവും വലിയ മിസ്റ്റിക്കായും ദൈവകാരുണ്യത്തിന്റെ പ്രവാചികയായും കര്‍ത്താവ് അവളെ ഉയര്‍ത്തി.
മനുഷ്യജീവിതത്തിലെ 'അപകട'ങ്ങളില്‍ ഒന്നാണിത്. അനേകകാലം വിവാഹം നടക്കാനായി പ്രാര്‍ത്ഥിച്ച് കാത്തിരുന്നു. ഒടുവില്‍ ഒരു ജീവിതപങ്കാളിയെ ലഭിച്ചു. സന്തോഷത്തോടെ ജീവിതം ആരംഭിക്കുകയായി. എന്നാല്‍, കുറെ കഴിയുമ്പോള്‍ ഒരു അസംതൃപ്തി:'വേറൊരാളായിരുന്നു ജീവിതപങ്കാളിയെങ്കില്‍ കുറെക്കൂടി സന്തോഷമാകുമായിരുന്നു…' വളരെയധികം ആഗ്രഹിച്ചാണ് ഒരു ജോലി കിട്ടുന്നത്. കുറച്ചു കഴിയുമ്പോള്‍ മടുപ്പ്.... വേറൊരു ജോലിയായിരുന്നു എങ്കില്‍.. 'വേറൊരു ഡിപ്പാര്‍ട്ടുമെന്റിലായിരുന്നെങ്കില്‍..' ചില കോഴ്‌സുകള്‍ക്ക് പ്രവേശനം കിട്ടിക്കഴിയുമ്പോള്‍ പലരുടെയും ആനന്ദം അപ്രത്യക്ഷമാകും. 'വേറൊരു കോഴ്‌സാണെങ്കില്‍, കുറെക്കൂടി സാധ്യതകളുണ്ടായേനെ, വേറൊരു കോളേജാണെങ്കില്‍ കുറെക്കൂടി സൗകര്യങ്ങളുണ്ടാകുമായിരുന്നു...'
ഇത്തരം ചിന്തകള്‍ നിലവിലുളളവയില്‍ അസംതൃപ്തി ജനിപ്പിക്കും. അധ്വാനിക്കാനും വളരാനുമുളള ആവേശം നഷ്ടപ്പെടുത്താം. മാത്രമല്ല അത് ആത്മാര്‍ത്ഥതയെ ചോര്‍ത്തിക്കളയും. ക്രമേണ നിലവിലുളളവയുടെ നന്മകളെ തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലേക്കും അത് നമ്മെ നയിക്കും. എവിടെയും പ്രശ്‌നങ്ങളുണ്ടാകാം. ആരംഭത്തിന്റെ ആവേശവും ആനന്ദവും എക്കാലവും നിലനില്‍ക്കുകയില്ല. പക്ഷേ, അത് ദൈവം വിളിച്ചിടത്തുനിന്ന് ഒളിച്ചോടാനുളള പ്രേരണയായിത്തീരരുത്. വളര്‍ത്തുന്നവനും ഉയര്‍ത്തുന്നവനും ദൈവമാണെങ്കില്‍ ദൈവം വിളിച്ചിടത്തായിരിക്കുക എന്നതുതന്നെയാണ് വളര്‍ച്ചയ്ക്ക് ഏറ്റവും അനിവാര്യം. കൂടുതല്‍ സൗകര്യങ്ങളും സാധ്യതകളും സന്തോഷങ്ങളുമായി പ്രലോഭനം മുന്നില്‍ നില്ക്കുമ്പോഴും ദൈവം വിളിച്ചിടത്തെ പരിമിതികള്‍ക്ക് കീഴ്‌വഴങ്ങുമ്പോള്‍ അത് പുരോഗതിയിലേക്കുളള ചവിട്ടുപടിയാകും. എന്നാല്‍, പലരുടെയും പ്രശ്‌നം മറ്റൊന്നാണ്. ശരീരംകൊണ്ട് ദൈവം വിളിച്ചിടത്തായിരിക്കുമ്പോഴും മനസുകൊണ്ട് ദൈവം വിളിക്കാത്തിടത്ത് വ്യാപരിക്കും. തത്ഫലമായി ജീവിതത്തില്‍ ആനന്ദം ഉണ്ടാവുകയില്ല. കാരണം, ദൈവതിരുമനസിന് നമ്മുടെ മനസ് കീഴടങ്ങുമ്പോള്‍ മാത്രമേ ആത്മാവിന് ആനന്ദം ലഭിക്കൂ.
അസംതൃപ്തിയെ വിശ്വാസംകൊണ്ട് അതിജീവിക്കാന്‍ കഴിയാത്തവര്‍ ഒളിച്ചോടും- പുതിയ മേഖലകളിലേക്ക്. അവിടെയും അവരെ കാത്തിരിക്കുന്നത് അസംതൃപ്തി തന്നെയാകും. ഓരോ ഒളിച്ചോട്ടവും ആത്മധൈര്യത്തെ ചോര്‍ത്തിക്കളയുകയും ക്രമേണ പരാജയപ്പെട്ട ഒരു ജീവിതത്തിന്റെ ഉടമയായിത്തീരുകയും ചെയ്യും. അതിനാല്‍ ദൈവം വിളിച്ചിടത്ത് ശരീരവും മനസും സമര്‍പ്പിച്ച് അസംതൃപ്തിയെ അതിജീവിച്ച് മുന്നേറാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം.
പ്രാര്‍ത്ഥന
കര്‍ത്താവേ, അങ്ങെന്നെ ആക്കിയിരിക്കുന്ന മേഖലയില്‍ നിന്ന് മനസുകൊണ്ടുപോലും ഒളിച്ചോടാന്‍ എന്നെ അനുവദിക്കരുതേ. അങ്ങയുടെ തിരുമനസ് നിറവേറ്റുന്നതിലാണ് ജീവിതസാഫല്യമെന്ന തിരിച്ചറിവ് എല്ലാ പ്രലോഭനങ്ങളെയും അതിജീവിക്കാന്‍ എന്നെ ശക്തനാക്കട്ടെ. ആമ്മേന്‍.
ബെന്നി പുന്നത്തറ
ചീഫ് എഡിറ്റര്‍