പരസ്പരം തിരഞ്ഞെടുക്കപ്പെട്ട രണ്ട് വ്യക്തികള്‍ തമ്മില്‍ ഒന്നുചേരാന്‍ അതിപാവനമായ തിരുകര്‍മ്മങ്ങള്‍ക്കുശേഷം ഉടമ്പടിയെടുത്ത്, ഉത്തമമായ ബന്ധം പുലര്‍ത്തുന്ന ഭൂമിയിലെ പുണ്യകര്‍മ്മമാണല്ലോ വിവാഹം. ഈ കൂദാശാ കര്‍മ്മത്തിലെ ദൃഡമായ പ്രതിജ്ഞകള്‍ ജീവിതാവസാനംവരെ പൂര്‍ത്തിയാക്കാന്‍ കഴിയുന്നവരും കഴിയാത്തവരും കരുതലോടെ കാക്കേണ്ട കാര്യങ്ങള്‍ കേട്ടുമടുത്തവര്‍ ഏറെയുണ്ടെങ്കിലും ഈ കാലഘട്ടത്തില്‍ മനസ്സിലാക്കേണ്ട ചില മനോഭാവങ്ങളെയും ചിന്താവൈരുദ്ധ്യങ്ങളേയും സവിനയം സമ്മര്‍പ്പിക്കുകയാണിവിടെ.
ഒരുമിച്ചവര്‍ക്കിടയില്‍ നൊമ്പരങ്ങളുടെ നിരന്തര പരമ്പര കാലഘട്ടങ്ങളായി തുടരുകയാണ്. വിവാഹാലോചന മുതല്‍ വിവാഹകര്‍മ്മം വരെയും, പിന്നീട് വിവാഹശേഷം തുടര്‍ന്നുള്ള നാളുകള്‍ പിന്നിടുന്ന വഴികളില്‍ നാം തിരിച്ചറിയാതെ പോകുന്ന ചില ഭാവ വ്യത്യാസങ്ങള്‍ സാമൂഹ്യ മാറ്റങ്ങള്‍ ശ്രദ്ധയോടെ പരിഗണിക്കേണ്ടതുണ്ട്.
വിവാഹം കഴിക്കാന്‍ തീരുമാനമെടുത്ത് ഇതൊരു ബാധ്യതയോ? സാധ്യതയോ? എന്ന സംശയത്തില്‍ ശങ്കിച്ച് നില്‍ക്കുന്ന യുവതീ യുവാക്കളെ കണ്ടിട്ടുണ്ട്. കാരണം തിരഞ്ഞെടുപ്പുകളില്‍ തീര്‍ന്നുപോയ വിവാഹിതരെ കണ്ടറിഞ്ഞ ഭയപ്പാടുകൊണ്ടാണ് ഇന്നത്തെ യുവാക്കള്‍ പകച്ചു നില്ക്കുന്നത്. എന്തുകൊണ്ടാണ് ഈ ഭയപ്പാടും ആകുലതയും പെരുകുന്നത് ? ഈ ബന്ധം തനിക്കൊരു ബാധ്യതയാകുമോ എന്ന ചിന്തയും സാധ്യതകള്‍ എന്തൊക്കെയാകും എന്ന ആകാംക്ഷയും കൂടിക്കലര്‍ന്ന സമ്മിശ്ര വികാരത്തോടെയാണ് ഇന്ന് പലരും വിവാഹ വേദിയില്‍ എത്തുന്നത്. വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നവര്‍ ആദ്യംതന്നെ മനസ്സിലാക്കേണ്ടത് ഇന്നത്തെ സമൂഹത്തില്‍ എല്ലാ തലത്തിലും തരത്തിലും പെട്ടവര്‍ക്കിടയില്‍ യാതൊരു വ്യത്യാസവുമില്ലാതെ നടക്കുന്ന ചില രീതികളാണ്. സാമ്പത്തിക സുരക്ഷിതത്വം ഇല്ലാതെ എങ്ങിനെ വിവാഹം കഴിക്കും.? മറിച്ച് സാമ്പത്തിക അച്ചടക്കം പാലിച്ച് വെല്ലുവിളിയോടെ വിവാഹം കഴിക്കാന്‍ ഈ തലമുറക്ക് അത്ര ധൈര്യവും പോരാ.
അതില്‍ ഏറ്റവും പ്രധാനം, വിവാഹം ആലോചിക്കുമ്പോള്‍ വീട്ടുകാരും വിവാഹം കഴിക്കുന്നവരും വിട്ടുവീഴ്ചയില്ലാതെ തുടരുന്ന ചില നിലപാടുകളാണ്. അതില്‍ ഏറ്റവും വൈരുധ്യംതോന്നുന്ന തിരഞ്ഞെടുപ്പ് രീതിയിലെ പ്രഥമ ചോദ്യമാണ്...നിനക്കെന്തുണ്ട്? (ണവമ ്യേീൗ വമ്‌ല). ചെറുക്കനാണെങ്കിലും പെണ്ണിനാണെങ്കിലും എന്തുണ്ട് എന്ന ചോദ്യത്തിന് മുന്‍പില്‍ കൊടുക്കേണ്ടി വരുന്ന (Yes or No) പോലെയായിരിക്കും വിവാഹ മാര്‍ക്കറ്റിലെ വിലയിടലും പൊരുത്തം/പൊരുത്തക്കേട് തീരുമാനങ്ങളൊക്കെയും. പെണ്ണിന്/ചെറുക്കന് നിറമുണ്ടോ? ഉയരമുണ്ടോ? വണ്ണമുണ്ടോ? വണ്ണക്കുറവുണ്ടോ? പഠിത്തമുണ്ടോ? ജോലിയുണ്ടോ? വിദേശത്താണോ? പണമുണ്ടോ? വീടുണ്ടോ? കാറുണ്ടോ? സ്ഥലമുണ്ടോ? സൗന്ദര്യമുണ്ടോ? ഇത്തരം 'ഉണ്ടോ' ഉണ്ടോയെന്ന ചോദ്യങ്ങള്‍ എത്രമാത്രം 'ഉണ്ടുകള്‍' ഉണ്ടോ, അത്രമാത്രം ഉണ്ടുകളുള്ള ഒരു ചെറുക്കനെ/പെണ്ണിനെ കണ്ടെത്താന്‍ നാടുനീളെ നെട്ടോട്ടമോടുന്ന നാനാജാതിക്കാര്‍ക്കിടയിലെ വ്യഗ്രത വിവരിക്കാനാവുന്നതിനപ്പുറത്താണ്. ഇങ്ങനെ ഒപ്പത്തിനൊപ്പം ഒപ്പിച്ചെടുക്കാനുള്ള തത്രപ്പാടുകള്‍ തിങ്ങി നിറഞ്ഞ കഷ്ടപ്പെട്ട കാലമാണ് വിവാഹാലോചനാ കാലം. എന്നാല്‍ വിവാഹാലോചനയില്‍ വിവേക പൂര്‍വ്വമായ ഒരു ചോദ്യമാണ് എങ്ങനെയുണ്ട് ചെറുക്കന്‍/പെണ്ണ്? ഇവിടെ ഉദ്ദേശിക്കുന്നത് ഈ 'ഉണ്ടുകളുടെ' പെരുക്കമല്ല മറിച്ച് വിവാഹശേഷം പരിക്കുപറ്റാതെ ജീവിക്കാന്‍ സാധ്യമായ സുന്ദരമായ ചോദ്യമാണ്. ചെറുക്കന്റെ/പെണ്ണിന്റെ സ്വഭാവം എങ്ങിനെയുണ്ട് എന്നാണ് ഇവിടെ ഉദ്ദേശിക്കുന്നത്. നീ ആരാണ് (What you are) എന്ന ചോദ്യത്തില്‍ ഈ ചെറുക്കന്‍/പെണ്ണ് എങ്ങിനെയുള്ളവനാണെന്നതാണ് പ്രസക്തമായ ചോദ്യം. ബാഹ്യമായ നേട്ടങ്ങളൊന്നുമല്ല. ആന്തരികമായ സ്വഭാവ ഗുണങ്ങളാണിവിടെ വിലമതിക്കപ്പെടുന്നത്.
ഈ ചോദ്യം ഏറെ പ്രസക്തമാണെങ്കിലും എത്രപേര്‍ കൃത്യമായി വിലയിട്ട് ബോധ്യപ്പെട്ട് ശരിയായ തിരിച്ചറിവോടെ വിവാഹവേദിയിലെത്തുന്നുണ്ട്? വളരെ അസ്വസ്ഥമായ അന്വേഷണം ആകാംക്ഷയോടെ നടത്താറുണ്ടെങ്കിലും സത്യത്തില്‍ ആരെക്കെ ഇതിനുള്ള മറുപടി തൃപ്തികരമായി നല്കിയാലും പൂര്‍ണ്ണമായ ഉത്തരം അവര്‍ക്കു മാത്രമേ അറിയാവൂ എന്നതാണ് നഗ്‌നമായ സത്യം. അവനവനു മാത്രം അറിയാവുന്ന ഈ സത്യത്തെ വെളിപ്പെടുത്താതെ വിവാഹവേദികളില്‍ 'ഉണ്ടു'കളുടെ പുറം മേനിയില്‍ പുളകിതരും പൊങ്ങച്ചം കാട്ടുന്നവരും ഒന്നിനൊന്ന് മത്സരിക്കുമ്പോള്‍ നാം പലപ്പോഴും യഥാര്‍ത്ഥ ചോദ്യവും അതിന്റെ ഉത്തമമായ ഉത്തരവും 'ഉണ്ടി'ല്‍മാത്രം ഒതുക്കി ഒപ്പിച്ചെടുക്കുന്ന ബന്ധങ്ങളില്‍ നിന്നും സൗന്ദര്യമുള്ള സനാതന മൂല്യങ്ങള്‍ക്ക് വില കല്പ്പിക്കുന്ന കുടുംബങ്ങളെ കെട്ടിപ്പടുക്കാന്‍ സൗകര്യ പൂര്‍വ്വം മറക്കുന്നു. ഈ കാലഘട്ടത്തില്‍ എല്ലാം അറിയാന്‍ സംവിധാനങ്ങള്‍ ഏറെയുണ്ടെങ്കിലും ഒരുവന്റെ/ഒരുവളുടെ ഉള്ളറിയുവാനുള്ള ഉപാധികള്‍ ഉപയോഗിക്കാതെ ലാഭ നഷ്ടങ്ങളെ മാത്രം മനസ്സില്‍ കണക്കുക്കൂട്ടി ബന്ധങ്ങള്‍ രൂപപ്പെടുത്തുകയാണ്. കഴിഞ്ഞ കാലഘട്ടത്തില്‍ ഒരു ചെറുക്കന്റെ/പെണ്ണിന്റെ സ്വഭാവ രീതികളെക്കുറിച്ച് നാട്ടിലന്വേഷിച്ചാല്‍ വിവരം കൃത്യമായി അറിയാന്‍ ഇടയുണ്ടായിരുന്നു. ഇന്ന് നാട്ടില്‍ ഒരാളെക്കുറിച്ച് ചോദിച്ചാല്‍ ആര്‍ക്കും ഒന്നും അറിയില്ല. അതും ഇതും അല്ലാതെ വ്യക്തമായ ഒരു വിവരവും ആര്‍ക്കും ആരെക്കുറിച്ചും ഇല്ല, കൊടുക്കാനാവാത്തവിധം സ്വന്തമായ സത്യ ബോധ്യങ്ങളിലേക്ക് എല്ലാവരും ഒളിക്കുകയാണോ അതോ ഓടി മറയുകയാണോ?
െ്രെകസ്തവര്‍ക്കിടയിലെ വിവാഹ ഒരുക്കങ്ങള്‍ മറ്റ് മതസ്ഥരേക്കാള്‍ അതിനെ മനോഹരമാക്കുന്ന തിരുകര്‍മ്മങ്ങളുടെയും വിവാഹത്തിനുമുന്‍പുള്ള പ്രീമാരിറ്റല്‍ കൗണ്‍സലിംഗ് ബോധവത്ക്കരണ പരിപാടികളുടേയും തികഞ്ഞ വ്യത്യസ്തതയാല്‍ ഏറെ പ്രശംസനീയമാണ്. അവിടെവച്ചെങ്കിലും ഇവന്‍/ഇവള്‍ ആരെന്നറിയുവാന്‍ അവസരം കൊടുക്കേണ്ടതാണ്. വിവാഹശേഷം ജീവിതം ആരംഭിക്കുമ്പോള്‍ ആദ്യം തന്നെ, പരസ്പരം സ്വഭാവരീതികളുടെ മറനീക്കി പുറത്തുവരും. അപ്പോഴാണ് പൊരുത്തവും പൊരുത്തക്കേടും ആരംഭിക്കുന്നതും, അടിക്കടി അവരവരുടെ പോരായ്മകളില്‍ പ്രയാസപ്പെട്ട്, പരസ്പരം പഴിചാരി മനസ്സിന്റെ വിവിധ ഭാവങ്ങളിലെത്തുന്നത്.
വിവാഹത്തെ ഒരു ബാധ്യതയും സാധ്യതയും ആക്കുന്നത് 'സമ്പത്ത്' എന്ന ചിന്താഗതിക്ക് ദിശാബോധം നല്കുമ്പോഴാണ് ഇന്നത്തെ സമൂഹം ആകമാനം സമ്പത്തിന്റെ സാധ്യതകളും അതില്ലാത്തവയെ ബാധ്യതയുടെ ഗണത്തില്‍ ഗതിവേഗം മാറ്റിനിര്‍ത്തുകയുമാണ്. അതിനാല്‍ സമ്പത്തിന്റെ സാധ്യതക്കപ്പുറമുള്ള സ്വാധീനസാഹചര്യങ്ങളെ വളരെ ഗൗരവത്തില്‍ പരഗണിക്കേണ്ടതുണ്ട്. സമ്പത്തിന്റെ സ്ഥാനമാന തുലനങ്ങളില്‍ തുടര്‍ച്ചയായി സ്വയം ഒതുങ്ങിയോ ഒതുക്കിയോ ഒത്തുപോകുന്നവരും ഒത്തുപോകാനാവാതെ ഓര്‍ത്തോര്‍ത്ത് വിലപിക്കുന്നവരും വിധിയെ പഴിക്കുന്നവരും ഒട്ടനവധിയാണ്. എന്തുകൊണ്ടാണ് ഇങ്ങനെ പൊരുത്തക്കേടുകള്‍ പെട്ടന്ന്തന്നെ ഉണ്ടാകുന്നത്? കാരണം ശരീരത്തെപ്പോലെ മനസ്സിനും മനസ്സിന്റെ ഭാവങ്ങള്‍ക്കും വ്യക്തികളുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്താന്‍ സാധിക്കും. ഇത് മനസ്സിലാക്കി പരസ്പരമുള്ള ആശയവിനിമയവും ഹൃദയബന്ധവും പുലര്‍ത്തിയാല്‍ തീര്‍ച്ചയായും കുടുംബജീവിതം കൂടുതല്‍ കൂടുതല്‍ മെച്ചപ്പെടും.
ഇന്ന് ലോകം മൊത്തത്തില്‍ മാറിയിരിക്കുന്നു. ഈ മാറ്റം എല്ലായിടത്തും എല്ലാവരിലും സംഭവിക്കുന്നു. ഇതില്‍, മനസ്സിന്റെ മാറ്റം, മനസ്സിന്റെ ഭാവം തുടങ്ങിയവ മനസ്സിലാക്കി വേണം വിവാഹജീവിതവും ചിട്ടപ്പെടുത്താന്‍. പ്രധാനമായും പങ്കാളികള്‍ പരസ്പരം മനസ്സിലാക്കേണ്ട മനോഭാവങ്ങള്‍ നാലുതരമാണ്.
ആദ്യത്തെ മനോഭാവം ഉണര്‍വ്വില്ലാത്ത ഭാവം (പാസീവ്/Passive attitude)
രണ്ടാമത്തെ മനോഭാവം അക്രമ ഭാവം (അഗ്രസ്സീവ്/Aggressive attitude)
മൂന്നാമത്തെ മനോഭാവം ഉണര്‍വ്വുള്ള ഭാവം (ആക്ടീവ്/ Active attitude)
നാലാമത്തെ മനോഭാവം ഉത്തമ ഭാവം (പ്രൊ ആക്ടീവ്/ Proactive attitude)
ഇതില്‍ ആദ്യത്തെ മനോഭാവമുള്ളവര്‍ എല്ലാ കാര്യങ്ങളും യാതൊരു താത്പര്യവുമില്ലാതെ ചെയ്യുന്നവരും, ഉറക്കംതൂങ്ങികളുമാണ്. വളരെ പതുക്കെ, ആടിത്തൂങ്ങി നിന്ന് കാര്യങ്ങള്‍ പ്രഭാതം മുതല്‍ പ്രദോഷം വരെ ചെയ്യുന്നവരാണിവര്‍. എല്ലാ കാര്യങ്ങളും നീട്ടിനീട്ടി വച്ച് മുടക്കം വരുത്തുന്നരാണ് ഇക്കൂട്ടര്‍. കര്‍ത്തവ്യങ്ങളും കടമകങ്ങളും മറന്ന് പ്രവര്‍ത്തിക്കുന്നവരാണിവര്‍. അലസതയും ആത്മാര്‍ത്ഥതയില്ലായ്മയും കാര്യ,ഗൗരവം നഷ്ടപ്പെട്ട കുടുംബത്തിന്റെ കാര്യങ്ങള്‍ എങ്ങനെ വേണമെങ്കിലും പോകട്ടെ, എനിക്കൊന്നുമില്ല എന്നു ചിന്തയുള്ളവര്‍. എപ്പോഴും പരാതികളും പരിഭവങ്ങളും വിട്ടൊഴിയാത്തവരാണിവര്‍. ഒടുവില്‍, തന്നെ ഒന്നിനും കൊള്ളില്ല, നിങ്ങളൊക്കെയാണ് നല്ലത് എന്ന അപകര്‍ഷതാബോധത്തിനടിമയായി സ്വന്തം കഴിവുകളെ കാണാതെ ഒരു മൂഢലോകത്തില്‍ ജീവിക്കുന്നവരാണിവര്‍. ഒരു കാര്യം ചെയ്യാതെ പോയതിന് നൂറുകണക്കിന് കാര്യങ്ങള്‍ നിരത്തുന്നവര്‍. ഇവരോടൊപ്പം ജീവിക്കുന്ന ഒരു പങ്കാളിക്ക് വീര്‍പ്പ്മുട്ടല്‍ അനുഭവപ്പെടും. മാത്രമല്ല പൊറുതിമുട്ടുമ്പോള്‍ ഇവര്‍ രണ്ടാമത്തെ അക്രമഭാവത്തിലേക്ക് പതുക്കെ തന്റെ ഭാവം മാറുന്നത് മനസ്സിലാക്കാതെ പോകും. അതായത്, പങ്കാളി (ഭാര്യ) ഉണര്‍വ്വില്ലാത്ത ഭാവത്തിലാണെങ്കില്‍ ഭര്‍ത്താവ് ഉടനെ അക്രമഭാവത്തിലേക്ക് മാറും. ഇങ്ങനെ അക്രമഭാവത്തില്‍ എത്തുന്ന പങ്കാളി (ഭര്‍ത്താവോ, ഭാര്യയോ) പൊട്ടിത്തെറിക്കുന്നവരും കടുത്തവാക്കുകള്‍കൊണ്ട് പങ്കാളിയെ വേദനിപ്പിക്കുന്നവരുമാണ്. അത് പിന്നീട് ഗാര്‍ഹിക പീഡനങ്ങളില്‍വരെ എത്തിനില്ക്കും. ഒടുവില്‍ കുടുംബ കോടതിയില്‍ കാര്യങ്ങള്‍ ചെന്നെത്തും. ബന്ധം വേര്‍പെടുത്താന്‍ ഒട്ടനവധി കാരണങ്ങള്‍ ഇത്തരം പങ്കാളികള്‍ക്കിടയില്‍ അടിക്കടി കൂടും വളരെ സ്‌നേഹത്തില്‍ തുടങ്ങിയ ബന്ധം, ക്രൂരമായ മുറിപ്പെടുത്തലുകള്‍, വാക്കുകള്‍ക്കൊണ്ടും പ്രവര്‍ത്തികൊണ്ടും ഉണ്ടാകാം. അങ്ങനെ വിവാഹമോചനം യാചിച്ച്‌കൊണ്ട് കോടതി കയറി ഇറങ്ങുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരികയാണ്.
മൂന്നാമത്ത ഭാവമാണ് ഉണര്‍വ്വുള്ള ഭാവം (ആക്ടീവ്) കേള്‍ക്കുമ്പോള്‍ വളരെ നല്ലതാണെന്ന് തോന്നുമെങ്കിലും ഇതത്ര കേമമല്ല. കാരണം ഈ ഭാവമുള്ളവര്‍ എപ്പോഴും സ്വന്തം കാര്യം വളരെ സമര്‍ത്ഥമായി ചെയ്യുകയും, മറ്റുള്ളവര്‍ക്ക് യാതൊരു കരുതലും കൊടുക്കാതെ തന്റെ കാര്യം കൃത്യമായി നിര്‍വ്വഹിക്കുകയും, തന്റെ എല്ലാകാര്യങ്ങളും തന്റെ നേട്ടങ്ങളെ മുന്‍നിര്‍ത്തി ചെയ്തുതീര്‍ക്കുന്നവരുമാണ്. ഒരു കാര്യം വിജയിച്ചാല്‍ അവര്‍ കൂടുതല്‍ സന്തോഷിക്കുകയും പറ്റുമെങ്കില്‍ അതിന്റെ ക്രെഡിറ്റ് പരമാവധി തന്റെ പേരിലാക്കുകയും ചെയ്യും. എന്നാല്‍ ഒരു പരാജയം വന്നാല്‍ ഉടനെ അത് മറ്റുള്ളവരുടെ തലയില്‍ കെട്ടിവയ്ക്കാന്‍ ശ്രമിക്കുകയും ചെയ്യും. ഇവര്‍ പ്രഥമ ദൃഷ്ടിയില്‍ നല്ലവരാണ്. എന്നാല്‍ സൂക്ഷ്മമായി പരിശോധിക്കുമ്പോള്‍ സ്വാര്‍ത്ഥത നിറഞ്ഞ് സ്വന്തം കാര്യം നോക്കുന്ന ഇവര്‍ നല്ലവരാണെങ്കിലും അത്ര ബെസ്റ്റ് അല്ല.
നാല്ലാമത്തെ മനോഭാവമാണ് ഉത്തമ ഭാവം. ഒരു ഉത്തമ കുടുംബജീവിതത്തിന് പറ്റിയ ഭാവം, അതാണ് പ്രൊആക്ടീവ് ഭാവം. ഇവര്‍ എപ്പോഴും തന്നെക്കാള്‍ തന്റെ പങ്കാളിയുടെയും മറ്റു എല്ലാവരുടെയും ക്ഷേമം ലക്ഷ്യം വച്ച് തന്റെ കഴിവിന്റെ പരമാവധി ഉപയോഗിക്കുന്നവരാണ്. തന്നെ ഏല്‍പ്പിച്ചിരിക്കുന്ന കാര്യങ്ങളും കടമകളും മറ്റുള്ളവര്‍ പറയാതെതന്നെ ഒരുപടികൂടി കടന്ന് ചെയ്യുന്നവരും ഒരു 'എക്‌സ്ട്രാ' മൈല്‍ നടക്കുന്നവരുമാണ്. തന്റെ വീട് ഇങ്ങനെപോയാല്‍ പോരാ, തന്റെ പങ്കാളിക്കും മക്കള്‍ക്കും വേണ്ടി താന്‍ ചെയ്തതൊന്നും പോരാ എന്ന വിചാരത്തില്‍ മടുപ്പ് കൂടാതെ ഓടിനടക്കുന്ന ആളാണ് പ്രൊആക്ടീവ് ഭാവക്കാര്‍. തനിക്ക് യാതൊരു ക്രെഡിറ്റും അവകാശപ്പെടാതെ വളരെ നിശബ്ദമായി കാര്യങ്ങള്‍ പരിഭവങ്ങളൊന്നും പറയാതെ ചെയ്യുന്ന ഒരു നന്മയുടെ നറുവെട്ടമാണിവര്‍. സ്ഥിരോത്സാഹവും ശുഷ്‌കാന്തിയും ഇവരുടെ പ്രവൃത്തികളില്‍ നിറഞ്ഞുനില്ക്കും. ഇത്തരം ഒരു പങ്കാളിയുണ്ടെങ്കില്‍ ആ കുടുംബം ഒരു സന്തുഷ്ട കുടുംബമായി മാറുന്നത് നമുക്ക് കാണാന്‍ കഴിയും.
ഈ നാലു ഭാവങ്ങള്‍ തമ്മിലുള്ള വകതിരിവുകളും തിരിച്ചറിവുകളുമാണ് സ്വഭാവഗുണ മഹിമകള്‍ പരിശോധിക്കുമ്പോള്‍ പ്രാധാന്യം കൊടുക്കേണ്ടത്. ഈ മനശ്ശാസ്ത്ര ബോധം മനസ്സിലാക്കി ഇതിലെ ഒരു ഉത്തമ ഭാവമായ പ്രൊആക്ടീവ് ആകാന്‍ കുടുംബജീവിതം സ്വപ്നം കണ്ട് വിവാഹത്തിലൂടെ കടന്നുവരുന്നവര്‍ അല്‍പം ചെറുതായാലും ഒരു വലിയ വളര്‍ച്ചയെയാണ് വലംവയ്ക്കുന്നതും വലയം പ്രാപിക്കുന്നതും.
അമേരിക്കന്‍ സൈക്കോളജിസ്റ്റ് വില്യം ജെയിംസ് പറയുന്നതുപോലെ ''മനോഭാവത്തെ മാറ്റാന്‍ കഴിഞ്ഞാല്‍ ഈ ലോകത്തെ തന്നെ മാറ്റാന്‍ സാധിക്കും.'' അതിനാല്‍ ലോകത്തെ മുഴുവന്‍ മാറ്റാന്‍ ശക്തിയുള്ള മനോഭാവത്തിന്റെ നാലു തലങ്ങള്‍ മനസ്സിലാക്കി ഒരു കുടുംബത്തെ ശ്രേഷ്ഠതയിലേക്ക് നയിക്കാന്‍ സാധിക്കും. ഉത്തമ മനോഭാവമായ പ്രൊആക്ടീവ് മറ്റു മൂന്ന് മനോഭാവങ്ങളെയും അതിജീവിച്ച് ഒരു ശില്പമാക്കുന്നതുപോലെ, കുടുബജീവിതത്തെ ഉത്തമ കുടുംബമാക്കാന്‍ ഉപകരിക്കും. ഈ ഉത്തമ ഭാവത്തിന്റെ ഉടമകളാകാന്‍ ഇന്നത്തെ യുവതീ യുവാക്കള്‍ക്ക് കഴിയട്ടെ. വിവാഹജീവിതം വിജയകരമാക്കാന്‍ ഒരു ബാധ്യതയായി കാണാതെ തികഞ്ഞ സാധ്യതയാക്കാന്‍ ഇടയാകട്ടെ.