ഞാനിങ്ങനെ സഹിക്കാന്‍ എന്തുകുറ്റമാണ് ഞാന്‍ ചെയ്തത് എന്നു വിലപിക്കുന്ന അനേകരം നാം നമ്മുടെ ചുറ്റും കാണുന്നുണ്ട്. എന്നാല്‍ കുരിശിനെ ആലിംഗനം ചെയ്ത ഒരു സ്ത്രീയാണ് വി. ക്ലാര. കുരിശിലും ദിവ്യകാരുണ്യത്തിലും ദൈവഭക്തിയിലും തന്റെ ജീവിതം സമര്‍പ്പിച്ച് അവള്‍ വിശുദ്ധീകരണം ഏറ്റുവാങ്ങി. 1268ലാണ് ക്ലാരയുടെ ജനനം. മൂന്നു വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ അവളുടെ മൂത്ത സഹോദരി ജൊവാന ഒരു സന്യാസാശ്രമം സ്ഥാപിച്ചു. പ്രാര്‍ത്ഥനയുടെയും കഠിനമായ തപശ്ചര്യകളുടേയും ഒരു ജീവിതം തിരഞ്ഞെടുത്തപ്പോള്‍ ജൊവാനയ്ക്ക് ഇരുപത് വയസ്സായിരുന്നു. 1274ല്‍ ഈ സന്യാസമഠത്തിന് സഭാധികാരികളില്‍ നിന്ന് അംഗീകാരം ലഭിക്കുകയുണ്ടായി. ജൊവാനയ്ക്ക് പുതിയ സന്യാസാര്‍ത്ഥികളെ മഠത്തില്‍ സ്വീകരിക്കുന്നതിനുള്ള അനുവാദവും ലഭിച്ചു. ആദ്യം ഈ മഠത്തില്‍ അര്‍ത്ഥിനിയായി ചേര്‍ന്നത് വെറും ആറു വയസ്സ് മാത്രം പ്രായമുള്ള ക്ലാരയാണ്. അവളുടെ ഭക്തിയും തീക്ഷ്ണതയും പ്രായത്തില്‍ കവിഞ്ഞ പക്വതയും ആരെയും ആകര്‍ഷിക്കുന്നതായിരുന്നു. ചെറുപ്രായത്തില്‍ തന്നെ ആശയടക്കങ്ങളും പുണ്യപ്രവൃത്തികളും അവള്‍ ധാരാളമായി ചെയ്തുപോന്നു. യേശുവിനോടുള്ള അവളുടെ സ്‌നേഹവും അവിടുത്തെ പീഡാസഹനങ്ങളെക്കുറിച്ചുള്ള ധ്യാനവും അവളുടെ കൊച്ചുജീവിതത്തിന്റെ കേന്ദ്രമായിരുന്നു.
1278ല്‍ ധാരാളം പെണ്‍കുട്ടികള്‍ ഈ മഠത്തില്‍ ചേരുവാന്‍ ആഗ്രഹം പ്രകടിപ്പിച്ചതോടുകൂടി സന്യാസാശ്രമം വിപുലീകരിക്കേണ്ടി വന്നു. പ്രാര്‍ത്ഥനയ്ക്കും ഉപവാസത്തിനും ശേഷം നഗരത്തിനടുത്തുള്ള മലനിരകളിലേക്ക് താമസം മാറുവാന്‍ സന്യാസിനികള്‍ നിശ്ചയിച്ചു. എന്നാല്‍ നഗരത്തില്‍ നിന്നുള്ള ചിലര്‍ സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ മൂലം ഇതിന് എതിരു നില്‍ക്കുകയാണുണ്ടായത്. ദാനധര്‍മ്മത്താല്‍ മാത്രം ജീവിക്കുന്ന മറ്റൊരു സമൂഹത്തെക്കൂടി താങ്ങാനാവില്ല എന്നായിരുന്നു നഗരവാസികളുടെ അഭിപ്രായം. തങ്ങളുടെ മക്കളും ഈ വഴി തിരഞ്ഞെടുത്തേക്കുമോ എന്ന ഭയമായിരുന്നിരിക്കണം യഥാര്‍ത്ഥത്തില്‍ ഇതിന് പിന്നില്‍. അങ്ങനെ നഗരവാസികള്‍ സന്യാസാശ്രമത്തിന്റെ ഒരു വശം തകര്‍ക്കുവാന്‍ തന്നെ തീരുമാനിച്ചു. എന്നാല്‍ ദൈവപരിപാലനയുടെ അടയാളമായി ഈ ശ്രമം പരാജയപ്പെട്ടു. സന്യാസാശ്രമത്തില്‍ അവര്‍ താമസം തുടങ്ങിയെങ്കിലും പുറത്തുനിന്നുള്ള ആക്രമണം വളരെ രൂക്ഷമായിരുന്നു. പണിതീരാത്ത ആ ഭവനത്തില്‍ പുറത്തുനിന്നും യാതൊരു സഹായവും ലഭിക്കാതെ കഴിഞ്ഞുകൂടിക ദുഷ്‌കരമായിരുന്നു. ഭക്ഷണം കണ്ടെത്തുന്നതിനുള്ള വിഷമത്തിന് പുറമേ, നഗരത്തിലെ ദുഷിച്ച ചില മനുഷ്യരുടെ കെട്ടുകഥകളും അവര്‍ക്ക് സഹിക്കേണ്ടി വന്നു.
കുറച്ചു സന്യാസിനികള്‍ പുറത്തുപോയി ഭിക്ഷ യാചിച്ച് സമൂഹത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള അനുവാദം അധികാരികളില്‍നിന്ന് അവര്‍ക്ക് ലഭിച്ചു. ആദ്യം ഭിക്ഷാപാത്രവുമായി ഇറങ്ങിയത് ക്ലാരയാണ്. സമൂഹത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള പണവും വസ്തുക്കളും സ്വരൂപിക്കുന്നതിനായി നഗ്നപാദയായി, ശിരോവസ്ത്രമണിഞ്ഞ് രാജ്യത്തുടനീളം അവള്‍ സഞ്ചരിച്ചു. പലപ്പോഴും ഭിക്ഷ ലഭിക്കുന്നതിന് പകരം കഠിനവാക്കുകളും പീഡനങ്ങളുമാണ് അവള്‍ക്ക് സ്വീകരിക്കേണ്ടി വന്നത്. അപ്പോഴൊക്കെ മുട്ടിന്മേല്‍നിന്ന് അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ച് നന്ദി പറഞ്ഞ് പോകുവാന്‍ അവള്‍ ശ്രദ്ധിച്ചു. യുവസന്യാസിനികള്‍ക്ക് ഈ ഭിക്ഷാടനം അത്ര എളുപ്പമായിരുന്നില്ല. അവരെ ആക്രമിക്കുവാന്‍ പതിയിരിക്കുന്നവരുടെ എണ്ണം കൂടി. നാല്‍പത് ദിവസത്തെ ഭിക്ഷാടനത്തിന് ശേഷം ക്ലാര മഠത്തിലെത്തി വീണ്ടും തന്റെ പരിപൂര്‍ണ ആശ്രമജീവിതം ആരംഭിച്ചു. പിന്നീടൊരിക്കലും അടച്ചുപൂട്ടിയ ആ സന്യാസാശ്രമത്തില്‍ നിന്ന് അവള്‍ പുറത്തുപോയിട്ടില്ല. ദിവസവും പത്തു മണിക്കൂറോളം ക്ലാര പ്രാര്‍ത്ഥനയിലാണ് ചെലവഴിച്ചിരുന്നത്. പല രാത്രികളില്‍ സ്വര്‍ഗസ്ഥനായ പിതാവേ എന്ന ജപം ഉരുവിട്ടുകൊണ്ട് ആയിരത്തോളം പ്രാവശ്യം അവള്‍ മുട്ടിന്മേല്‍ വീണ് സാഷ്ടാംഗ പ്രണാമം ചെയ്യുമായിരുന്നു. നമ്മുടെ കര്‍ത്താവിന്റെ പീഡാസഹനങ്ങളോട് ചേര്‍ന്ന് അവള്‍ യാത്ര ചെയ്തു. പ്രാര്‍ത്ഥനയിലൂടെ അത്ഭുതകരമായ കൃപാവരങ്ങളും വരദാനങ്ങളും അവളില്‍ പ്രകടമായിത്തുടങ്ങി. ഭൂമിയില്‍ വച്ചുതന്നെ ദൈവവുമായി ഒന്നുചേരുന്ന ഒരനുഭവത്തിലേക്ക് അവള്‍ പ്രവേശിക്കുകയായിരുന്നു. എന്നാല്‍ അവളുടെ ജീവിതത്തില്‍ പ്രലോഭനങ്ങളുടെ കാലം ആരംഭിച്ചു. സ്വസ്ഥമായ ഈ അനുഭൂതിയില്‍നിന്ന് വൈകാരികവും സംഘര്‍ഷഭരിതവുമായ ഒരു അവസ്ഥയിലേക്ക് അവളുടെ ജീവിതം പറിച്ചുനട്ടു. പ്രതിസന്ധികളും പ്രലോഭനങ്ങളും അതികഠിനമായി. തന്റെ ദൈവം തന്നെ ഉപേക്ഷിച്ചുവെന്ന് പോലും അവള്‍ക്ക് തോന്നി.
1288ലാണ് പ്രസ്തുത ആത്മീയ മരുഭൂമി അനുഭവത്തിന്റെ ആരംഭം. അന്ന് ക്ലാരയ്ക്ക് ഇരുപത് വയസ്സായിരുന്നു. ജീവിതത്തിലുണ്ടായ സകല വേദനകളുടെയും അപ്പുറത്തായിരുന്നു തന്റെ ദിവ്യനാഥനെ കാണുവാനോ സംവദിക്കുവാനോ സാധിക്കാത്തതിന്റെ വേദന. ആത്മീയ സംഘര്‍ഷങ്ങളുടെയും സംശയത്തിന്റെയും പ്രലോഭനത്തിന്റെയും ഇരുണ്ട രാത്രികള്‍ പതിനൊന്ന് വര്‍ഷത്തോളം നീണ്ടു. ഏകയായി, ദൈവത്തെപ്പോലും അനുഭവിക്കാന്‍ സാധിക്കാതെ നില്‍ക്കേണ്ടി വന്നപ്പോള്‍ നിരാശപ്പെടാതെ പ്രാര്‍ത്ഥനയിലും നിശബ്ദതയും കഴിച്ചുകൂട്ടുവാന്‍ അവള്‍ക്ക് കഴിഞ്ഞു. പരാതിയില്ലാതെ ഈ ജീവിതത്തെ അവള്‍ അഭിമുഖീകരിച്ചു. ആഴമായ ആത്മീയതപോലും ആശ്വാസം നല്‍കാത്ത ആ നാളുകളില്‍ നിരന്തരം തന്റെ പാപങ്ങള്‍ ഏറ്റുപറഞ്ഞ് അവള്‍ കുമ്പസാരക്കൂടിനെ സമീപിച്ചു. എന്നാല്‍ കുമ്പസാരക്കാരന്‍ അവളുടെ വിശുദ്ധ ജീവിതത്തെ പുകഴ്ത്തുകയുണ്ടായത്. തന്റെ ജീവിതത്തില്‍ യാതൊന്നും നേട്ടവും നന്മയുമായി കരുതുവാന്‍ അവള്‍ക്ക് സാധിക്കാതിരുന്ന ഒരു കാലഘട്ടത്തിലാണിത്. കഠിനമായ പ്രായശ്ചിത്തപ്രവൃത്തികളാണ് ഇക്കാലത്ത് അവള്‍ അനുഷ്ഠിച്ചിരുന്നത്. ഇത് മനസ്സിലാക്കിയ ജൊവാനയും അവളെ പരിശോധിച്ച ഡോക്ടര്‍മാരും അവളുടെ കഠിന തപശ്ചര്യകള്‍ കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടു. ഈ നാളുകള്‍ ആത്മീയമായ ശക്തീകരണത്തിന്റെ കാലമായിരുന്നു. മുരുഭൂമിയില്‍ ജീവിക്കുവാന്‍ പഠിച്ച അവളുടെ ആത്മാവ് തിരികെ പുല്‍ത്തകിടിയില്‍ എത്തുമ്പോള്‍ അനേകം ഫലങ്ങള്‍ പുറപ്പെടുവിക്കുമെന്ന് ദൈവം അറിഞ്ഞിരുന്നു. ആത്മീയ അനുഭൂതിയും ആശ്വാസവും പോലും അവള്‍ക്ക് നിഷേധിക്കപ്പെട്ടത് ആത്മീയതയുടെ യഥാര്‍ത്ഥ ആഴങ്ങളിലേക്ക് അവള്‍ കടന്നുവരുന്നതിനു വേണ്ടിയായിരുന്നു.
1291 നവംബര്‍ മാസത്തില്‍ ക്ലാരയുടെ സഹോദരി ജൊവാന തന്റെ നിത്യസമ്മാനം വാങ്ങുവാനായി യാത്രയായി. ക്ലാരയ്ക്ക് അത് ഏറെ വേദനാജനകമായിരുന്നു. കാരണം അധികാരിയും സഹോദരിയും കുഞ്ഞുനാള്‍ മുതല്‍ അവളുടെ സന്തതസഹചാരിയും എല്ലാം ജൊവാനയായിരുന്നു.പുതിയ അധികാരിയെ തിരഞ്ഞെടുക്കുന്നതിനായി മെത്രാനാണ് നിയോഗിക്കപ്പെട്ടത്. സന്യാസിനികള്‍ യാതൊരു വിഷമവുമില്ലാതെ ക്ലാരയെ പുതിയ അധികാരിയായി തിരഞ്ഞെടുത്തു. തന്റെ നിസ്സഹായതയോര്‍ത്ത് അവള്‍ അവരുടെ മുന്‍പില്‍ നിന്ന് കരഞ്ഞു. മറ്റാരെയെങ്കിലും ഈ മഹനീയ ഉത്തരവാദിത്വത്തിലേക്ക് തിരഞ്ഞെടുക്കണമെന്ന് അവള്‍ അവരോട് യാചിച്ചു. മെത്രാനോട് താന്‍ യാതൊരു കഴിവും ഇല്ലാത്തവളും ആത്മീയമായി ഇവരെ നയിക്കാന്‍ യോഗ്യതയില്ലാത്തവളുമാണെന്നു പറഞ്ഞു നോക്കി. എന്നാല്‍ അവളെ നിരാശപ്പെടുത്തിക്കൊണ്ട് അധികാരികള്‍ ഇവയെല്ലാം നിരസിച്ചു. എല്ലാ വിശുദ്ധരും നമ്മെ പഠിപ്പിക്കുന്ന ഒരു കാര്യമുണ്ട്. തങ്ങളില്‍ തന്നെ വലിയ മതിപ്പൊന്നും അവള്‍ക്ക് തോന്നിയിരുന്നില്ല. എന്നാല്‍ ദൈവം വലിയ കാര്യങ്ങള്‍ അവരെ ഭരമേല്‍പ്പിച്ചു. ഇന്ന് വലിയ കഴിവൊന്നുമില്ലെങ്കിലും ഇല്ലാത്തത് ഉണ്ടെന്ന് കാണിക്കുവാനും മറ്റുള്ളവരെ ബോധ്യപ്പെടുത്താനും കഠിനമായി അധ്വാനിക്കുന്നവരുടെ മധ്യേ വിശുദ്ധര്‍ ഒരു ചോദ്യചിഹ്നമാണ്. അവര്‍ തങ്ങളുടെ ഉള്ളിലുള്ളത് പോലും തിരിച്ചറിയുകയോ ഉണ്ടെന്ന് ഭാവിക്കുകയോ ചെയ്തിട്ടില്ല. അങ്ങനെ ക്ലാര ആ സന്യാസാശ്രമത്തിന്റെ അധികാരിയായി ചുമതലയേറ്റു. തന്നോട് തന്നെ വലിയ കാഠിന്യം കാണിച്ചിരുന്നുവെങ്കിലും മറ്റുള്ളവരോട് അവള്‍ കാഠിന്യത്തേക്കാള്‍ സ്‌നേഹമാണ് പ്രകടിപ്പിച്ചത്. കൂടുതല്‍ പ്രാര്‍ത്ഥിക്കാനിഷ്ടപ്പെട്ടവരെ അതിന് അനുവദിച്ചു. എന്നാല്‍ എല്ലാവര്‍ക്കും ജോലികളും ചെയ്യുവാനുണ്ടടായിരുന്നു. തന്റെ സഹോദരിമാരെ വ്യക്തിപരമായി നയിക്കുന്നതിനും വളര്‍ത്തുന്നതിനും ക്ലാര അവസരം കണ്ടെത്തിയിരുന്നു.
ലോകത്തില്‍ നിന്നകന്ന് നമുക്കൊരു ജീവിതം കെട്ടിപ്പെടുക്കാനാകില്ല. ക്ലാരയുടെ സഹോദരിമാര്‍ക്ക് നേരിടേണ്ടി വന്ന പ്രശ്‌നങ്ങളില്‍ പലതും പുറത്തുനിന്നായിരുന്നു. പ്രാര്‍ത്ഥനയ്ക്കും പ്രായശ്ചിത്തപ്രവൃത്തികള്‍ക്കും വലിയ ഫലമുള്ളതിനാല്‍ തിന്മയുടെ ശക്തികള്‍ ഒരിക്കലും നിശ്ശബ്ദരായിരിക്കില്ല. വലിയ കാര്യങ്ങളൊന്നും ചെയ്തില്ലെങ്കിലും മിണ്ടാമഠമായി തുടരാനാഗ്രഹിച്ച അവരുടെ ഭവനം അടച്ചുപൂട്ടുവാനുള്ള സമ്മര്‍ദ്ദമുണ്ടായി. ആത്മീയ ജീവിതം തീര്‍ച്ചയായും ഒരു യുദ്ധം തന്നെയാണ്. ഈ ലോകത്തിലെ ശക്തികള്‍ക്കെതിരായല്ല, അന്ധകാരലോകത്തില്‍ വസിക്കുന്ന തിന്മയുടെ ശക്തികള്‍ക്കെതിരെയുള്ള ഒരു പോരാട്ടം. യാതൊന്നും ചെയ്യുന്നില്ലെങ്കിലും നിങ്ങള്‍ പ്രാര്‍ത്ഥനയിലാണെങ്കില്‍, തീര്‍ച്ചയായും നിങ്ങള്‍ യുദ്ധമുഖത്ത് തന്നെയാണെന്ന് തിരിച്ചറിയുക. ദൈവം നിങ്ങളുടെ നിശ്ശബ്ദമായ പ്രാര്‍ത്ഥനകള്‍ക്ക് വലിയ വില നല്‍കുന്നുണ്ട്. വിശുദ്ധരുടെ ജീവിതം നമ്മുടെ ജീവിതത്തെ മുന്നോട്ട് നയിക്കുവാന്‍ നമ്മെ പഠിപ്പിക്കുന്നു. മനുഷ്യരുടെ മുഖത്തേക്ക് നോക്കാതെ ദൈവത്തിന്റെ മുഖത്ത് നോക്കി അവള്‍ യാത്ര ചെയ്തു. ചുറ്റുമുള്ളവരുടെ ശ്രദ്ധ തന്നിലേക്ക് തിരിയാതെ ദൈവത്തിലേക്ക് തിരിക്കുന്നതിനുമുള്ള മാര്‍ഗങ്ങള്‍ അവലംബിക്കുവാന്‍ അവള്‍ ശ്രദ്ധിച്ചിരുന്നു. ദൈവം എന്നെ സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുന്നില്ലെങ്കില്‍, ഞാനായിരിക്കും ഈ ലോകത്തിലെ ഏറ്റവും മോശപ്പെട്ട വ്യക്തി എന്ന് പറയുവാനുള്ള എളിമ അവള്‍ക്കുണ്ടായിരുന്നു. ഉപദേശത്തിനായി തന്നെ സമീപിച്ച സകലരോടും കറുത്ത ഒരു വിരിയുടെ മറവില്‍നിന്നു മാത്രമാണ് ക്ലാര സംസാരിച്ചിരുന്നത്. ക്ലാരയെ ആര്‍ക്കും കാണുവാന്‍ സാധിച്ചില്ലെങ്കിലും ദൈവസ്‌നേഹത്താല്‍ ജ്വലിക്കുന്ന വാക്കുകളും വെളിപ്പെടുത്തലുകളും അവര്‍ക്ക് കേള്‍ക്കുവാന്‍ സാധിച്ചു.
വ്യക്തിപരമായ യാതൊരു പരിഗണനയ്ക്കും ഇടനല്‍കാത്ത വിധമായിരുന്നു അവളുടെ സത്പ്രവൃത്തികള്‍. അനേകര്‍ ഈ വിരിക്ക് മുന്നില്‍വന്ന്‌നിന്ന് അവരുടെ പ്രശ്‌നങ്ങളും വേദനകളും പങ്കുവച്ചു. സൗഖ്യവും ആശ്വാസവും സ്വീകരിച്ചവരുടെ എണ്ണം അത്രയധികമായിരുന്നതിനാല്‍ പല ദേശങ്ങളില്‍നിന്നും ജനങ്ങള്‍ ക്ലാരയുടെ ഉപദേശത്തിനും പ്രാര്‍ത്ഥനയ്ക്കുമായി തടിച്ചുകൂടി. എന്നാല്‍ ആരും അവളെ കണ്ടില്ല. വരും നാളുകളില്‍ മറ്റൊരാള്‍ ഈ സ്ഥാനത്ത് നില്‍ക്കുമ്പോഴും ഇതുതന്നെ സംഭവിക്കണമെന്ന് ക്ലാരയുടെ ആഗ്രഹമാണ് മറഞ്ഞിരിക്കുവാന്‍ അവളെ പ്രേരിപ്പിച്ചത്. ഫ്രാന്‍ഞ്ചെസ്‌കോ എന്നു പേരുള്ള തന്റെ സഹോദരനെയാണ് പുറത്തുപോയി പാവങ്ങള്‍ക്ക് ദാനം ചെയ്യയുവാന്‍ ക്ലാര നിയോഗിച്ചിരുന്നത്. ക്ലാരയും സഹോദരിമാരും പാവപ്പെട്ടവരായിരുന്നെങ്കിലും അവര്‍ സമൃദ്ധമായി അനേകര്‍ക്ക് ദാനം ചെയ്തിരുന്നുവെന്ന് ഫ്രാന്‍ഞ്ചെസ്‌കോ സാക്ഷ്യപ്പെടുത്തുന്നുണ്ട്. വേദനിപ്പിച്ചവര്‍ക്കും ദ്രോഹിച്ചവര്‍ക്കും കൂടുതലായി കൊടുക്കുന്നതിനും അവള്‍ ശ്രദ്ധിച്ചിരുന്നു. 1924 ക്ലാരയുടെ ജീവിതത്തിലെ അതിപ്രധാനമായ ഒരു വര്‍ഷമായിരുന്നു. അതിനു മുമ്പിലത്തെ ക്രിസ്മസ് ദിവസങ്ങളില്‍ ക്ലാര രോഗിണിയായി മാറിയുന്നു. ദൈവം നല്‍കിയ അനുഗ്രഹങ്ങള്‍ക്ക് വേണ്ടവിധം നന്ദി പ്രകാശിപ്പിക്കാത്തതും തീക്ഷ്ണത കുറഞ്ഞതും ചെയ്തുപോയ പാപങ്ങളുമാണ് തന്റെ രോഗത്തിന് കാരണം എന്നാണ് ക്ലാര മനസ്സിലാക്കിയത്. ഈശോയുടെ മാമ്മോദീസയുടെ തിരുനാള്‍ ദിവസം അദ്ഭുതകരമായ ഒരു ആത്മീയാനുഭൂതിയില്‍ പ്രവേശിച്ച ക്ലാര ആഴ്ചകളോളം അതില്‍ തുടര്‍ന്നു. അപ്പോള്‍ ക്ലാരയ്ക്ക് ഒരു ദര്‍ശനമുണ്ടായി. യേശു വളരെ വിഷമിച്ച് തന്റെ കുരിശും വഹിച്ചുകൊണ്ട് അവളുടെ അടുക്കലെത്തി. യേശുവിന്റെ മുഖത്തും ശരീരത്തും മുറിവുകളുണ്ടായിരുന്നു. ക്ലാര ചോദിച്ചു. 'അങ്ങെവിടെ പോകുകയാണ്?' ഈശോ പറഞ്ഞു, 'എന്റെ കുരിശ് താങ്ങുവാന്‍ ശക്തരായ മനുഷ്യരെ തേടിയിറങ്ങിയതാണ് ഞാന്‍.' ക്ലാര തന്റെ കരങ്ങള്‍ നീട്ടി ആ കുരിശിനെ തൊട്ടു. 'നീണ്ട ഇക്കാലഘട്ടമൊക്കെയും ഞാനതിന് വേണ്ടിയല്ലേ പരിശ്രമിച്ചുകൊണ്ടിരുന്നത്. അതെനിക്ക് തരിക'. യേശുവിന്റെ മുഖം പ്രകാശിച്ചു. അവിടുന്ന് സന്തോഷിക്കുന്നത് അവള്‍ കണ്ടു. യേശു പറഞ്ഞു, 'നിന്റെ മുഖത്ത് ഞാന്‍ നിശ്ചയദാര്‍ഢ്യം കാണുന്നു. എന്റെ അനുഗ്രഹങ്ങള്‍ സ്വീകരിക്കുവാന്‍ അനേകരുണ്ട്. എങ്കിലും കുരിശ് താങ്ങുവാന്‍ വളരെ ചുരുക്കം വ്യക്തികളെ കടന്നുവരുന്നുള്ളൂ'. യേശു അവളുടെ ഹൃദയത്തിലേക്ക് ആ കുരിശ് വച്ചുകൊടുത്തു.
ഏഴു വര്‍ഷങ്ങള്‍ക്ക് ശേഷം മാത്രമേ ഈ ദര്‍ശനത്തെക്കുറിച്ച് സഹോദരിമാരോട് പറയാവൂ എന്നും ഈശോ അവളോട് നിര്‍ദേശിച്ചു. കുരിശ് ഹൃദയത്തില്‍ സ്വീകരിച്ചപ്പോള്‍ അവളുടെ ശരീരത്തില്‍ അനുഭവപ്പെട്ട വേദന മരണം വരെ അവളുടെ ശരീരത്തിലുണ്ടായിരുന്നു. കുരിശ് ഹൃദയത്തിലും ശരീരത്തിലും വഹിക്കുവാനുള്ള കൃപ അവള്‍ക്ക് നമ്മുടെ ദിവ്യനാഥന്‍ നല്‍കി. തുടര്‍ന്നുവന്ന കാലത്തും അവള്‍ മഠാധിപ ആയിരുന്നു. അനേകര്‍ക്ക് അവളുടെ ഉപദേശങ്ങളും പ്രാര്‍ത്ഥനകളും ലഭിക്കുകയും ചെയ്തു. ആരോടും പറയാതെ, യാതൊരു പരിഭവവും പരാതിയുമില്ലാതെ അവള്‍ ശാരീരിക അസ്വസ്ഥകളെ അഭിമുഖീകരിച്ചു. താന്‍ രോഗിയാണെന്നും തനിക്ക് യാതൊന്നും ചെയ്യുവാനുള്ള ശക്തിയില്ലെന്നും ആരും അറിയരുത് എന്നൊരു ആഗ്രഹം മാത്രമാണ് ക്ലാരയ്ക്കുണ്ടായിരുന്നത്. പക്ഷേ, 1308ല്‍ കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കുവാന്‍ പോലും വയ്യാതായപ്പോള്‍ എല്ലാവരും ആ സത്യം അറിഞ്ഞു , ക്ലാര രോഗിണിയായിരുന്നു. സഹോദരന്‍ ഫ്രാഞ്ചെസ്‌കോയുടെ സഹായത്താല്‍ വൈദ്യന്‍മാരെത്തി. ഡോക്ടര്‍മാരെ പരിശോധിക്കുന്നതിന് അനുവദിച്ചു എന്നല്ലാതെ ആരും യാതൊരു സഹതാപവും പ്രകടിപ്പിക്കുന്നതിന് അവള്‍ അനുവദിച്ചില്ല. രോഗാവസ്ഥയേക്കാള്‍ ദൈവവുമായുള്ള ബന്ധത്തിലായിരുന്നു ക്ലാരയുടെ ശ്രദ്ധ. രോഗാവസ്ഥയിലും എപ്രകാരം വിശുദ്ധയായിരിക്കാം, എപ്രകാരം പരാതിയില്ലാതെ സഹിക്കാം, എപ്രകാരം പുണ്യങ്ങള്‍ അഭ്യസിക്കാം, ആര്‍ക്കും ഭാരമാകാതെ എങ്ങനെ ജീവിക്കാം എന്നൊക്കെയായിരുന്നു അവളുടെ ചിന്തകള്‍.
ക്ലാരയുടെ ആത്മീയാനുഭൂതികളില്‍ നിന്ന് അവളെ വേര്‍പ്പെടുത്തിയെങ്കില്‍ മാത്രമേ ശാരീരിക സൗഖ്യം ലഭ്യമാകൂ എന്നായിരുന്നു ഡോക്ടര്‍മാരുടെ നിര്‍ദേശം. പക്ഷേ ക്ലാരയെ ദൈവത്തില്‍ നിന്നകറ്റുക അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. വിശുദ്ധി കാത്തുസൂക്ഷിക്കാന്‍ അതിയായി ഇഷ്ടപ്പെട്ടപ്പോഴും ആരും താനൊരു വിശുദ്ധയാണെന്ന് പറയാതിരിക്കുന്നതിനുമുള്ള വഴികള്‍ ക്ലാര തിരഞ്ഞിരുന്നു. ക്ലാര വിശുദ്ധയായതിനാലാണ് സഹിക്കേണ്ടി വരുന്നത് എന്ന് ആരെങ്കിലും പറഞ്ഞാല്‍ അത്രയധികം വേദനാജനകമായി അവള്‍ക്ക് മറ്റൊന്നുമുണ്ടായിരുന്നില്ല. എളിമ മൂലമായിരുന്നില്ല ഈ വേദന, മറിച്ച് അഹങ്കാരത്തോട് യുദ്ധം ചെയ്യുന്നതിന്റെ വേദനയായിരുന്നു അത്. പാപിയായതിനാലാണ് സഹിക്കുന്നത് എന്ന് പറഞ്ഞാലോ, അത്രയും സന്തോഷം നല്‍കുന്ന വേറെ ഒന്നുമുണ്ടായിരുന്നില്ല. കാരണം അപ്പോള്‍ നിരാശപ്പെടാതെ ദൈവത്തില്‍ ആശ്രയിച്ചാല്‍ മാത്രം മതിയല്ലോ. സാത്താന്‍ ആഗ്രഹിച്ചതൊന്നും നടത്തിക്കൊടുക്കാതിരിക്കുന്നതാണ് വിശുദ്ധ ജീവിതം എന്ന് ക്ലാര നന്നായറിഞ്ഞിരുന്നു. എല്ലാവരും നല്ലതെന്ന് പറയുമ്പോള്‍, ക്ലാര അഹങ്കരിക്കണമെന്ന് സാത്താന്‍ ആഗ്രഹിച്ചു, പക്ഷേ നടന്നില്ല. എല്ലാവരും മോശമെന്ന് പറയുമ്പോള്‍ ക്ലാര നിരാശപ്പെടണമെന്ന് സാത്താന്‍ ആഗ്രഹിച്ചു. അതും നടന്നില്ല. ആഗസ്റ്റ് മാസം പതിനഞ്ചാം തിയതി എല്ലാ സന്യാസിനികളെയും അടുത്തുവിളിച്ച് ഒരുമിച്ച് പ്രാര്‍ത്ഥിച്ചു. എല്ലാ ആത്മാക്കളെയും ക്രിസ്തുവിന്റെ പീഡാസഹനത്തോട് ചേര്‍ത്തുവച്ചു.
അവളുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു, 'ഞാന്‍ നിങ്ങള്‍ക്ക് വേണ്ടി ചെയ്തു തരണമെന്ന് ദൈവം ആഗ്രഹിച്ച കാര്യങ്ങളൊക്കെയും അനുഗ്രഹിക്കപ്പെടട്ടെ. ദൈവം നമ്മിലൂടെ മഹത്വപ്പെടുത്തക്കവിധം എളിമയും വിനയവും ഉള്ളവരായിരിക്കുവിന്‍.' മരണസമയത്ത് മറ്റു സന്യാസിനികള്‍ അയാളുടെ ശരീരത്തില്‍ കുരിശടയാളം വരയ്ക്കുന്ന പതിവ് സന്യാസസമൂഹത്തിലുണ്ടായിരുന്നു. ക്ലാരയെ അവര്‍ കുരിശിനാല്‍ മുദ്രവച്ചപ്പോള്‍ അവള്‍ പറഞ്ഞു, 'എന്തിനാണ് നിങ്ങള്‍ എന്റെ ശരീരത്തില്‍ കുരിശ് വരയ്ക്കുന്നത്. എത്രയോ വര്‍ഷങ്ങളായി ഞാനെന്റെ ഹൃദയത്തില്‍ കുരിശിനെ വഹിക്കുന്നതാണ്.' അന്ന് വൈകുന്നേരം തന്റെ സഹോദരന്‍ ഫ്രാന്‍ഞ്ചെസ്‌കോയെ കാണണമെന്ന് ക്ലാര ആവശ്യപ്പെട്ടു. ഫ്രാന്‍ഞ്ചെസ്‌കോ എത്തിയപ്പോള്‍ സഹോദരി വളരെ ക്ഷീണിതയായിരിക്കുന്നതായി കണ്ടു. രാവിലെ ഫ്രാന്‍ഞ്ചെസ്‌കോ പുറത്തുപോകുവാന്‍ തയ്യാറെടുക്കുമ്പോള്‍ രണ്ടു സഹോദരിമാരെത്തി ക്ലാര വിളിക്കുന്നുണ്ടെന്ന് അറിയിച്ചു. അദ്ദേഹം തിരികെച്ചെന്ന് നോക്കുമ്പോള്‍ പൂര്‍ണ ആരോഗ്യവതിയായിട്ടാണ് ക്ലാരയെ കണ്ടത്. അവള്‍ തന്റെ കിടക്കയില്‍ സന്തോഷത്തോടെ എഴുന്നേറ്റിരിക്കുകയായിരുന്നു. സഹോദരിമാര്‍ക്ക് ആത്മീയ ഉപദേശങ്ങള്‍ നല്‍കുവാനും എല്ലാവരോടും വളരെ ആനന്ദത്തോടെ സംസാരിക്കുവാന്‍ ക്ലാര സമയം കണ്ടെത്തി. ശേഷം തന്റെ കുമ്പസാരക്കാരന് നേരെ തിരിഞ്ഞ് അവള്‍ പാപങ്ങള്‍ ഏറ്റുപറഞ്ഞ് കുമ്പസാരിച്ചു. അങ്ങനെ കിടക്കയില്‍ സന്തോഷവതിയായി എഴുന്നറ്റിരുന്ന് സ്വര്‍ഗത്തിലേക്ക് കണ്ണുകള്‍ ഉയര്‍ത്തി അവള്‍ പ്രാര്‍ത്ഥനയില്‍ മുഴുകി. ഫ്രാന്‍ഞ്ചെസ്‌കോ തന്റെ സഹോദരിയുടെ ശരീരത്തില്‍ തൊട്ടു നോക്കിയിട്ട് പറഞ്ഞു- അവള്‍ മരിച്ചിരിക്കുന്നു. എല്ലാവരും വിചാരിച്ചത് അവള്‍ ആത്മീയമായ ഒരു അനുഭൂതിയിലായിരിക്കുമെന്നാണ്.
എന്നാല്‍ വൈദ്യന്മാരുടെ പരിശോധനയില്‍ അവള്‍ ഈ ലോകത്ത് നിന്ന് സ്വര്‍ഗത്തിലേക്ക് യാത്രയായതായി മനസ്സിലായി. സകല സ്വര്‍ഗീയ വൃന്ദം മാലാഖമാരും അവളെ സ്വീകരിക്കാനായി കാത്തിരിക്കുകയായിരുന്നു. പരിശുദ്ധ ദൈവമാതാവും സകലവിശുദ്ധരും അവളെ സ്വാഗതം ചെയ്തു. അവളുടെ ഹൃദയത്തില്‍ യേശുവിന്റെ പീഡാസഹനങ്ങളുടെയും ക്രൂശീകരണത്തിന്റെയും അടയാളങ്ങള്‍ ഉണ്ടായിരുന്നു. ക്ലാരയുടെ ഹൃദയത്തില്‍ യേശു മുള്‍മുടിയോടുകൂടി കുരിശില്‍ കിടക്കുന്ന രൂപം നമുക്ക് വ്യക്തമായി തെളിഞ്ഞു കാണാം. യേശു തന്റെ കുരിശുമരണത്തെ അവളുടെ ഹൃദയത്തില്‍ പതിപ്പിച്ചു നല്‍കിയിരുന്നു. ഹൃദയത്തില്‍ കണ്ടെത്തിയ ഈ അദ്ഭുതരൂപം സന്യാസിമാരുടെ നിര്‍മാണമാണെന്ന് ശത്രുക്കള്‍ പറഞ്ഞു നടന്നു. മെത്രാന്റെ കാതില്‍ ഈ വാര്‍ത്തയെത്തിയപ്പോള്‍ കാര്യങ്ങളുടെ നിജസ്ഥിതി പരിശോധിക്കുവാനായി ഡോക്ടര്‍മാരെയും ദൈവശാസ്ത്രജ്ഞന്മാരെയും കൂട്ടി അദ്ദേഹം മൊന്തേഫാല്‍ക്കോയിലെത്തി. ശാസ്ത്രീയമായി വിവരണം നല്‍കാനാവുന്ന അടയാളങ്ങളായിരുന്നില്ല അവ എന്നായിരുന്നു അവരുടെ കൂട്ടായ കണ്ടെത്തല്‍. അവളുടെ ശരീരത്തിനുള്ളില്‍ മറ്റ് പല അദ്ഭുതകരമായ അടയാളങ്ങളും കാണപ്പെട്ടിരുന്നു. ദൈവത്തെ അത്രമേല്‍ സ്‌നേഹിച്ചതിനാല്‍ അവളുടെ ശരീരവും മനസ്സും ദൈവത്തോടൊത്തായിരുന്നതിന്റെ അടയാളങ്ങളായിരുന്നു അവ. ശരീരത്തില്‍ നിന്ന് അദ്ഭുതകരമായ സുഗന്ധം പുറപ്പെട്ടിരുന്നതിനാല്‍ മണ്ണില്‍ അടക്കം ചെയ്യുവാന്‍ ആര്‍ക്കും മനസ്സുവന്നില്ല.
എഴുന്നൂറ് വര്‍ഷങ്ങള്‍ക്കു ശേഷം ഇന്നും ആ ശരീരം അഴുകാതിരിക്കുന്നത് നമുക്ക് കാണാം. യാതൊരു ഭൗമികസഹായത്തിന്റെയും പിന്‍ബലം കൂടാതെയാണ് ഇന്നും ക്ലാരയുടെ ഭൗതികശരീരം അഴുകാതിരിക്കുന്നത്. ഒരിക്കല്‍ യേശു ക്ലാരയ്ക്ക് പ്രത്യക്ഷപ്പെട്ട് ഉണങ്ങിയ ഒരു തടിക്കഷണം നട്ടുവയ്ക്കുവാന്‍ ആവശ്യപ്പെട്ടു. ഈ ദര്‍ശനത്തെ അനുസരിച്ചുകൊണ്ട് അവള്‍ അതിന് തയ്യാറായി. ആ ഉണങ്ങിയ കമ്പിന് സ്ഥിരമായി വെള്ളം ഒഴിക്കുവാനും അവള്‍ മറന്നില്ല. കുറച്ചു ദിവസങ്ങള്‍ക്കു ശേഷം അത് തളിര്‍ത്തു, വളര്‍ന്നു വലുതായി.അതില്‍ നിന്ന് ലഭിക്കുന്ന ചെറിയ മുത്തുപോലുളള കായ്കള്‍ ഉപയോഗിച്ച് ഇന്നും സഹോദരിമാര്‍ ജപമാലയുണ്ടാക്കുന്നുണ്ട്. ലോകം മുഴുവനുമുള്ള അഗസ്റ്റീനിയന്‍ സന്യാസഭവനങ്ങളില്‍ അയച്ചുകൊടുക്കുവാന്‍ മാത്രം ജപമാലകള്‍ അവര്‍ ഈ വൃക്ഷത്തില്‍ നിന്നും നിര്‍മ്മിച്ചെടുക്കുന്നു.നാമകരണ നടപടികള്‍ 1309ല്‍, ക്ലാര മരിച്ച് ഒരു വര്‍ഷം പോലും തിയകുന്നതിനു മുന്‍പേ ആരംഭിച്ചു. 1318ല്‍ അനൗദ്യോഗിക പ്രഖ്യാപനമുണ്ടായെങ്കിലും 1881 ഡിസംബര്‍ എട്ടാം തിയതി ക്ലാരയുടെ മധ്യസ്ഥതയില്‍ സംഭവിച്ച 300 ഓളം അദ്ഭുതങ്ങള്‍ വ്യക്തമായി പഠിച്ചതിന് ശേഷമാണ് ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്.
ക്ലാര ഒരിക്കല്‍ ഇങ്ങനെ പറഞ്ഞു ' എനിക്ക് കുരിശുകള്‍ വേണ്ട എന്നു ഞാന്‍ പറഞ്ഞപ്പോള്‍ ആരും എന്നെ ശകാരിച്ചില്ല. തീര്‍ച്ചയായും ഞാന്‍ കുരിശുകള്‍ക്ക് വേണ്ടി യാചിക്കുകയാണ്. 'യേശു ഇന്നും അനുഭവിക്കുന്ന വേദനകള്‍ക്കും ദിവ്യകാരുണ്യത്തില്‍ ഏല്‍ക്കേണ്ടി വരുന്ന നിന്ദനങ്ങള്‍ക്കും പരിഹാരമായി നമ്മുടെ വേദനകളേയും സഹനങ്ങളേയും നാം കാഴ്ചവയ്‌ക്കേണ്ടതല്ലേ. യേശു നമുക്കെല്ലാം ഒരു കുരിശ് വാഗ്ദാനം ചെയ്യുന്നുണ്ട്. അതിനെ നിരസിച്ചാല്‍ അവിടത്തെ പിന്നാലെ യാത്ര ചെയ്യുവാനുള്ള യോഗ്യതയാണ് നാം ഇല്ലാതാക്കുന്നത്. സ്വന്തം കുരിശെടുത്തു കൊണ്ട് അവിടത്തെ അനുഗമിക്കുവാനാണല്ലോ അവിടുന്ന് നമ്മോട് പറയുന്നത്.
വിശുദ്ധ ക്ലാര, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ…