ജനനം: എ.ഡി. 480 നോടടുത്ത്
സ്ഥലം: ഇറ്റലിയിലെ ന്യൂര്‍സിയ
മരണം: എ.ഡി. 547 മാര്‍ച്ച് 21
വിശുദ്ധപദവി: 1220-ല്‍ ഹൊണോറിയസ് മാര്‍പാപ്പ

ദക്ഷിണ ഇറ്റലിയിലെ ന്യൂര്‍സിയാ പട്ടണം. റോമാ, അന്‍തോന എന്നീ നഗരങ്ങള്‍ക്ക് മധ്യത്തിലുള്ള  ഉമ്രേന്‍ പ്രോവിന്‍സിലാണ്  ഈ പട്ടണം. ആ പട്ടണത്തിലെ ഉന്നതപദവിയിലുള്ള ഒരു കുടുംബം. അനീചിയൂസ് ഏവുപ്രോപിയ എന്നാണ് അവിടുത്തെ കുടുംബനാഥന്റെ പേര്. അദ്ദേഹത്തിന്റെ ഭാര്യ അബുന്‍ദാന്‍ സീയ. ദൈവവിശ്വാസത്തില്‍ അടിയുറച്ച ഒരു കുടുംബമായിരുന്നു ഇത്. അനീചിയൂസ് പരോപകാരപ്രവൃത്തിയില്‍ മുന്‍പന്തിയിലായിരുന്നെങ്കില്‍ സീയ ഈശ്വരഭക്തിയില്‍ ഒരു പടികൂടി മുമ്പിലായിരുന്നു. ഇവര്‍ രണ്ടുപേരും കൂടി കുടുംബത്തിന്റെ അഭിവൃദ്ധിക്കുവേണ്ടി അദ്ധ്വാനിച്ചു. ദൈവത്തില്‍ ആശ്രയിച്ചും ദൈവത്തോട് ആലോചന ചോദിച്ചും അവര്‍ ഒരുമിച്ചുമുന്നേറി. ഇവരുടെ ജീവിതവിശുദ്ധിയും പരസ്‌നേഹപ്രവൃത്തിയും മതതീക്ഷ്ണതയും രണ്ട് വിശുദ്ധരെ തിരുസഭയ്ക്ക് സമ്മാനിക്കുവാന്‍ ഇടവരുത്തി.

ബനഡിക്ടിന്റെ ജനനം
എ.ഡി.480-നോടടുത്ത് അനീചിയൂസിന്റെയും സീയയുടെയും ദാമ്പത്യവല്ലരിയില്‍ വിരിഞ്ഞ ആദ്യപുഷ്പമാണ് ബനഡിക്റ്റ.് അതിനുശേഷം സ്‌ക്കൊളാസ്റ്റിക്കാ എന്ന് പേരായ ഒരു മകള്‍കൂടി ഇവര്‍ക്കു ജനിച്ചു. സന്താനങ്ങളെ സന്മാര്‍ഗ്ഗനിഷ്ഠയിലും പുണ്യങ്ങളിലും വളര്‍ത്തുവാന്‍ മാതാപിതാക്കള്‍ ശ്രദ്ധിച്ചു. ലോകത്തെ മുഴുവന്‍ ഞെട്ടിച്ച സംഭവമായിരുന്നു ആ നൂറ്റാണ്ടില്‍ സംഭവിച്ച റോമിന്റെ പതനം. അപരിഷ്‌കൃതരും, കിരാതരുമായ ഒരു കവര്‍ച്ചാസംഘം റോമന്‍സാമ്രാജ്യത്തെ ഛിന്നഭിന്നമാക്കാന്‍ തുടങ്ങി. എ.ഡി.410 ന്റെ മധ്യത്തോടെ കിരാതരായ ഈ ഹൂണന്മാര്‍ ഇറ്റലി, റോം തുടങ്ങിയ സ്ഥലങ്ങളില്‍ വീണ്ടും കൊള്ളയും, കൊലയും തീവയ്പ്പും നടത്തി. ഈ രാഷ്ട്രീയ ശിഥിലീകരണസമയത്താണ് ദൈവശാസ്ത്രപരമായ പ്രശ്‌നങ്ങളും സഭയില്‍ ഉയര്‍ന്നത്. ആത്മാവിന്റെ പാപവിമുക്താവസ്ഥയെ സംബന്ധിച്ച് വിശ്വാസികളുടെ ഇടയില്‍ അഭിപ്രായവ്യത്യാസമുണ്ടായി. അവര്‍ സഭയെ തള്ളിപ്പറഞ്ഞ് പാഷണ്ഡികളോട് ചേര്‍ന്നു. എന്നാല്‍ ഇതിലൊന്നും അകപ്പെടാതെ ഈ കുടുംബം ദൈവസന്നിധിയില്‍ നീതിയോടെ ജീവിച്ചു.

ബാല്യകാലം
അക്കാലത്ത് ഇന്നത്തേതുപോലുള്ള വിദ്യാഭ്യാസരീതികള്‍ ഒന്നും ഉണ്ടായിരുന്നില്ല. എങ്കിലും തങ്ങളുടെ മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കുവാന്‍ മാതാപിതാക്കള്‍ ഉത്സാഹിച്ചു. ന്യൂര്‍സിയാസില്‍ അതിനുള്ള സൗകര്യം ഉണ്ടായിരുന്നില്ല. അതിനാല്‍ തങ്ങളുടെ മകനെ റോമാനഗരത്തിലേയ്ക്ക് അയയ്ക്കുവാന്‍ അവര്‍ തീരുമാനിച്ചു. കത്തോലിക്കാവിശ്വാസികള്‍ ധാരളമുള്ള ടൈബര്‍ നദീതീരത്ത് ഒരു വീട് വാടകയ്ക്ക് എടുത്തു. ബനഡിക്റ്റിനെ നല്ലതുപോലെ പഠിപ്പിക്കാനും നല്ല ശിക്ഷണത്തില്‍ വളര്‍ത്തുവാനും വേണ്ടി കഴിവും ഭക്തിയുള്ളവളുമായ 'സിറില്ലാ' എന്ന സ്ത്രീയേയും നിയമിച്ചു. അവള്‍ക്ക് തന്റെ കുഞ്ഞിന്റെമേല്‍ മാതൃസഹജമായ എല്ലാ അധികാരവും കൊടുത്തു. സിറില്ലായുടെ കീഴില്‍ പത്തുവയസ്സുകാരന്റെ പഠനം പുരോഗമിച്ചു. സിറില്ലായുടെ സംരക്ഷണത്തിലായിരുന്നതുകൊണ്ട് കൗമാരത്തിന്റെ ചാപല്യങ്ങളിലേക്കൊന്നും വഴുതിവീഴാന്‍ ബനഡിക്റ്റിന് ഇടയായില്ല. അത്രയ്ക്കും വിലപ്പെട്ടതായിരുന്നു ഈ

പോറ്റമ്മയുടെ ശിക്ഷണം. 
ബനഡിക്റ്റ് ജന്മനാതന്നെ ശാന്തപ്രകൃതക്കാരനായിരുന്നു. എങ്കിലും അവനില്‍ അസാധാരണമായ പ്രതിഭാവിലാസം നിഴലിച്ചിരുന്നു. ചെറുപ്പം മുതല്‍തന്നെ അടിയുറച്ച വിശ്വാസം, സഭാസ്‌നേഹം, ധ്യാനചിന്ത, പരസ്‌നേഹം എന്നീ പുണ്യങ്ങള്‍ അവനില്‍ കണ്ടുതുടങ്ങി. മാതാപിതാക്കളുടെ മാതൃകയും, ഇപ്പോഴത്തെ വളര്‍ത്തമ്മയുടെ സ്‌നേഹവാത്സല്യവും കൂടി ലഭിച്ചപ്പോള്‍ അത് ഒരു വിശുദ്ധനിലേയ്ക്കുള്ള വളര്‍ച്ചയുടെ തുടക്കമാണ് എന്ന്, അന്നാരും കരുതിക്കാണില്ല. അങ്ങനെ ബനഡിക്റ്റ് അറിവിലും പുണ്യത്തിലും വളരാന്‍ തുടങ്ങി. 

പരിശുദ്ധ അമ്മയ്ക്കരികെ
ചെറുപ്പം മുതല്‍ മരിയഭക്തി അവനില്‍ നിറഞ്ഞുനിന്നിരുന്നു. അവന്റെ മുറിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ ഒരു തിരുസ്വരൂപം അവന്‍ വച്ചിരുന്നു. ദിവസവും ഈ രൂപത്തില്‍ പുഷ്പമാല ചാര്‍ത്തി ദീപം തെളിച്ച് അമ്മയ്ക്കരികെ സ്രാഷ്ടാംഗം പ്രണമിച്ച് അവന്‍ പ്രാര്‍ത്ഥിക്കുമായിരുന്നു. മലാഖമാരുടെ രാജ്ഞിയോട് പ്രാര്‍ത്ഥിക്കാത്ത ഒരൊറ്റ ദിനംപോലും അവന്റെ ജീവിതത്തില്‍ ഉണ്ടായിരുന്നില്ല. അങ്ങനെ കര്‍ത്തൃഭക്തിയിലും, മാതൃഭക്തിയിലും അവന്‍ ഉത്തരോത്തരം അഭിവൃദ്ധി പ്രാപിച്ചു. അവന്റെ ഉള്ളില്‍ ദൈവത്തെ സേവിക്കുവാനുള്ള ആഗ്രഹം ശക്തമായി.

കുട്ടികളേ,
എല്ലാ ദിവസവും ഒരു അന്‍പത്തിമൂന്ന്മണി ജപമാലയെങ്കിലും നിങ്ങള്‍ വ്യക്തിപരമായി ചൊല്ലണം. അത് അഭിവൃദ്ധിയിലേയ്ക്കുള്ള ഒരു തുടക്കമാണ്. മാതാവിന്റെ നാമധേയമുള്ള ഒരു വെഞ്ചരിച്ച ജപമാലയോ ഉത്തരീയമോ നിങ്ങള്‍ ശരീരത്തില്‍ ധരിക്കുകയുംചെയ്യുക. അത്കാണുമ്പോള്‍ പിശാച് നിങ്ങളെവിട്ട് ഓടിപൊയ്‌ക്കൊള്ളും. 

ഒരു ഒളിച്ചോട്ടം
ബനഡിക്റ്റിന്റെ ഹൃദയം ദൈവത്തിനായി ദാഹിച്ചു. ചുറ്റും നടക്കുന്ന മ്ലേച്ഛതയില്‍ നിന്ന് ഓടിയകലാന്‍ അവന്റെ ഹൃദയം വെമ്പല്‍കൊണ്ടു. തന്റെ ആത്മാവിനെ കറകൂടാതെ സൂക്ഷിക്കേണ്ടത് ഈ അവസരത്തില്‍ അത്യാവശ്യമാണെന്ന് അവന് തോന്നി. ദൈവസാന്നിദ്ധ്യത്തില്‍ മുഴുകുവാന്‍ ഏതെങ്കിലും വനത്തില്‍പോയി ഏകാന്തതയില്‍ ധ്യാനനിമഗ്നനായിരിക്കുവാന്‍ അവന്‍ നിശ്ചയിച്ചു. പക്ഷേ അതിന് ഇപ്പോള്‍ ഒരു തടസ്സം. തന്നെ പരിശുദ്ധിയില്‍ വളര്‍ത്താന്‍ സഹായിച്ച സിറില്ലായുടെ അനുമതിവേണം. ബനഡിക്റ്റ് തന്റെ മനോഗതം സിറില്ലായെ അിറയിച്ചു. മാതാപിതക്കളെ വിട്ട് ഒരു താപസനെപ്പോലെ വനത്തിലേക്ക് ചേക്കേറുന്നത് അധാര്‍മികമാണെന്ന് അവള്‍ വാദിച്ചു. എന്നാല്‍ ദൈവത്തിനായി എരിഞ്ഞുതീരണം എന്ന ചിന്തയോടെ നില്‍ക്കുന്ന ബനഡിക്റ്റിന്റെ മുമ്പില്‍ സിറില്ലായുടെ വാക്കുകള്‍ ഒന്നും വിലപ്പോയില്ല.

സുബ്‌യാക്കോ വനത്തിലേയ്ക്ക്
ബനഡിക്റ്റ് പഠനം ഉപേക്ഷിച്ച് റോമാനഗരത്തില്‍നിന്ന് ഇറങ്ങി. സിറില്ലാ നിശ്ശബ്ദയായി അവനെ അനുഗമിച്ചു. കരിമ്പാറകൂട്ടങ്ങളും മലഞ്ചെരിവുകളും താണ്ടി സുബ്‌യാക്കോ പര്‍വ്വതതാഴ്‌വരയിലെത്തി. റോമാപട്ടണത്തില്‍നിന്ന് ഏകദേശം നാല്പത് മൈല്‍ ദൂരം ഉണ്ട് അങ്ങോട്ടേയ്ക്ക്. ധ്യാനിക്കുവാന്‍ പറ്റിയ സ്ഥലം. അപരിഷ്‌കൃതരായ ഒരു കൂട്ടം ആദിവാസികളാണ് അവിടെ താമസിച്ചിരുന്നത്. ബനഡിക്റ്റ് അവരുമായി പരിചയപ്പെട്ടു. തങ്ങളുടെ കാട്ടില്‍ എത്തിയ നവാഗതര്‍ക്ക് അവര്‍ സ്വാഗതമരുളി. സിറില്ലായോടൊപ്പം കുറെനാള്‍ അവിടെ താമസിച്ചു. തൊട്ടടുത്ത ഗ്രാമത്തില്‍ ഒരു ദേവാലയം ഉണ്ടായിരുന്നു. അവിടെപ്പോയി പ്രാര്‍ത്ഥിക്കുവാന്‍ അവസരം കിട്ടിയതോടുകൂടെ അവന്‍ അതീവതൃപ്തനായി.

ഉടഞ്ഞ കുടത്തിന്റെ അത്ഭുതം 
വനവാസം സന്തോഷത്തോടെ നയിക്കുന്ന അവസരം. ആദിവാസി കുടുംബത്തില്‍ നിന്ന് സിറില്ലാ ഒരു മണ്‍കുടം കടം വാങ്ങിയിരുന്നു. അത് കഴുകി വൃത്തിയാക്കുന്ന സമയം പാത്രം കയ്യില്‍ നിന്നു താഴെവീണ് ഉടഞ്ഞുപോയി. പൊട്ടിയ കളിമണ്‍ കട്ടകള്‍ കണ്ട് സിറില്ല കരയാന്‍ തുടങ്ങി. ശബ്ദം കേട്ട് ബനഡിക്റ്റ് ഓടിയെത്തി. കാര്യങ്ങള്‍ മനസ്സിലാക്കിയ അവന്‍ സിറില്ലായെ ആശ്വസിപ്പിച്ചു. അതിനുശേഷം ഉടഞ്ഞ പാത്രകഷണങ്ങള്‍ പെറുക്കി എടുത്ത് പ്രാര്‍ത്ഥനാമുറിയിലേക്ക് പോയി. സിറില്ലായും അവനെ അനുഗമിച്ചു. പൊട്ടിയ പാത്രകഷണങ്ങള്‍ മുമ്പില്‍ വച്ച് അവന്‍ മുട്ടിന്മേല്‍ നിന്ന് പ്രാര്‍ത്ഥിച്ചു. പ്രാര്‍ത്ഥനകഴിഞ്ഞ് പൊട്ടിയകഷണങ്ങള്‍ ചേര്‍ത്തുവച്ചതും അത് പഴയകുടമായി രൂപാന്തരപ്പെട്ടതും ഒന്നിച്ചായിരുന്നു. സിറില്ല ഈ വാര്‍ത്ത ആദിവാസികളെ മുഴുവന്‍ അിറയിച്ചു. അവര്‍ കൂടുതല്‍ ബഹുമാനത്തോടും ആദരവോടുംകൂടെ ബനഡിക്റ്റിനോട് പെറുമാറാന്‍ തുടങ്ങി. അവര്‍ ആ കുടം ആഘോഷപൂര്‍വ്വം ദേവാലയത്തിലേക്ക് കൊണ്ടുവന്ന് അവിടെ പ്രതിഷ്ഠിച്ചു. ജനത്തിന്റെ ഇടയില്‍ തന്റെ പ്രശസ്തി വര്‍ദ്ധിക്കുന്നു കണ്ട് ബനഡിക്റ്റ് ഭയപ്പെട്ടു. അതിനാല്‍ അവരില്‍നിന്ന് ഓടിയൊളിക്കാന്‍ അദ്ദേഹം ആഗ്രഹിച്ചു.

സിറില്ലായെ ഉപേക്ഷിച്ച് ഗുഹയിലേയ്ക്ക്
ജനത്തില്‍നിന്ന് അകന്ന് നില്‍ക്കാന്‍ ആഗ്രഹിച്ച ബനഡിക്റ്റിന്റെ മുമ്പില്‍ സിറില്ല ഒരു തടസ്സമായി തോന്നി. അതിനാല്‍ തന്റെ പോറ്റമ്മയെ പരിത്യജിക്കാന്‍ തന്നെ തീരുമാനിച്ചു. ഒരു രാത്രി എങ്ങോട്ടെന്നില്ലാതെ അവന്‍ ഇറങ്ങിത്തിരിച്ചു. പ്രഭാതത്തില്‍ ഉണര്‍ന്ന സിറില്ല ബനഡിക്റ്റിനെ കാണാതെ വിഷമിച്ചു. അപ്രത്യക്ഷനായ വിവരം പിതാവിനെ അവള്‍ അറിയിച്ചു. അവര്‍ ഏറെ സങ്കടപ്പെട്ടു. പലയിടങ്ങളിലും അന്വേഷിച്ചു. എന്നാല്‍ നിരാശയായിരുന്നു ഫലം. വീട് വിട്ടിറങ്ങിയ ബനഡിക്റ്റിന്റെ മുമ്പില്‍ ഏകാന്തവാസമല്ലാതെ മറ്റൊരു ചിന്തയും ഇല്ലായിരുന്നു. അവസാനം മലയിടുക്കിലുള്ള ഒരു ഗുഹയില്‍ എത്തി. അവിടെ ധ്യാനിക്കുവാന്‍ പറ്റിയ സാഹചര്യമായിരുന്നു. പുറത്തു നിന്ന് ആരും അവിടെ വരാറില്ല. അദ്ദേഹം താമസം ആ ഗുഹയിലാക്കി. ഒരിക്കല്‍ വനത്തിലൂടെ നടക്കുമ്പോള്‍ തപോധനനായ 'റൊമുളൂസ്' എന്ന ആശ്രമാധിപനെ കണ്ടുമുട്ടി. അദ്ദേഹം തന്റെ ശിഷ്യരൊത്ത് ആ മലഞ്ചെരിവില്‍ താമസിക്കുകയാണ്. ബനഡിക്റ്റിന്റെ ഹൃദയശുദ്ധി മനസ്സിലാക്കിയ റൊമുളൂസ് ബനഡിക്റ്റിന്റെ ഭക്ഷണകാര്യങ്ങളുടെ ചുമതല ഏറ്റെടുത്തു. അദ്ദേഹത്തിന്റെ ശിഷ്യന്മാര്‍ ഭക്ഷണസാധനങ്ങളുമായി ഗുഹാമുഖത്ത് എത്തി. കിഴക്കാംതൂക്കായ പാറക്കെട്ടിനുള്ളിലൂടെ അകത്ത് പ്രവേശിക്കാന്‍ അവര്‍ക്ക് സാധിച്ചില്ല. അതിനാല്‍ അവര്‍ മുകളില്‍ നിന്ന് ഭക്ഷണസാധനങ്ങള്‍ കയറില്‍ കെട്ടി താഴേയ്ക്ക് ഇറക്കിക്കൊടുത്തു. ഗുഹാമുഖത്ത് റൊമുളൂസിന്റെ നിര്‍ദ്ദേശപ്രകാരം ഒരു മണിയും സ്ഥാപിച്ചു. എന്തെങ്കിലും ആവശ്യം വന്നാല്‍ ആ മണി നീട്ടിയടിച്ചാല്‍ തന്റെ ശിഷ്യര്‍ വന്ന് സഹായിച്ചുകൊള്ളുമെന്ന് അദ്ദേഹം അറിയിച്ചു. മൂന്നു സംവത്സരം അദ്ദേഹം ഈ ഗുഹയില്‍ പാര്‍ത്തു. ഒന്ന് സംസാരിക്കാനോ തന്റെ ആഗ്രഹം എന്തെന്ന് തുറന്ന് പറയാനോ ആരും ഇല്ല. ചുറ്റും വന്യമൃഗങ്ങളും, ഇഴജീവികളും. കൊടുംചൂടിലും കടുത്ത തണുപ്പിലും അദ്ദേഹം ഈ ഗുഹയില്‍തന്നെ ജീവിച്ചു. പുതയ്ക്കാന്‍ കമ്പിളി ഇല്ല. വായിക്കാന്‍ പുസ്തകങ്ങളില്ല. അങ്ങനെ കഠിനതപശ്ചര്യകളിലേക്ക് അവന്‍ നീങ്ങി. 

മുള്‍പടര്‍പ്പില്‍ 
ഇപ്പോള്‍ വയസ്സ് വെറും പതിനാല്. കഠിനമായ തപശ്ചര്യകള്‍ക്കിടയില്‍ ചില പാപപ്രലോഭനങ്ങളും അലട്ടാന്‍ തുടങ്ങി. ഇഷ്ടഭക്ഷണത്തോടുള്ള ആര്‍ത്തി വര്‍ദ്ധിച്ചു. ഈ ജീവിതത്തിന് അര്‍ത്ഥമില്ലായെന്ന ചില തോന്നലുകളും. അപ്പോഴെല്ലാം അദ്ദേഹത്തെ പിടിച്ചുനിര്‍ത്തിയത് തന്റെ കയ്യില്‍ വിലപ്പെട്ടതായി കരുതിവച്ചിരുന്ന ക്രൂശിതരൂപം മാത്രം. ക്രൂശിതന്റെ മുഖത്തുനോക്കി എളിമ, അനുസരണം, വിശുദ്ധി, സഹനം എന്നീ പുണ്യങ്ങള്‍ അവന്‍ അഭ്യസിച്ചു. യൗവ്വനത്തിലേക്ക് കാല്‍ എടുത്തുവെച്ച അവന് ശക്തമായ പാപപ്രലോഭനങ്ങള്‍ നേരിടേണ്ടിവന്നു. പണ്ട് റോമില്‍വച്ച് കണ്ട സുന്ദരിയായ പെണ്‍കുട്ടിയുടെ മുഖം മനസ്സില്‍നിന്ന് ഇപ്പോഴും മായാതെ കിടക്കുന്നു. ഈ സന്യാസം ഉപേക്ഷിച്ച് അവളുടെകൂടെ പോയാലോ എന്നുവരെ അദ്ദേഹം ചിന്തിച്ചു. അപ്പോഴെല്ലാം ക്രൂശിതനെ മുറുകെപ്പിടിച്ച് പാപപ്രലോഭനത്തെ അതിജീവിച്ചു. ഒരു ദിവസം ഈ ആഗ്രഹം ശക്തമായി. മൃദുലചിന്തകള്‍ ഉണര്‍ന്നു. ലൈംഗികാഭിനിവേശം ശക്തമായി. അവളെ തേടിപിടിക്കാന്‍ മനസ്സ് വെമ്പല്‍കൊണ്ടു. എന്നാല്‍ ഉള്ളിലിരുന്ന് ദൈവാത്മാവ് അദ്ദേഹത്തെ നേര്‍വഴിക്ക് നയിച്ചു. ഏതാനും നിമിഷങ്ങള്‍ക്കകം ബനഡിക്റ്റ് സ്വസ്ഥത കൈവരിച്ചു. ബനഡിക്റ്റ് തന്റെ തെറ്റിന് പ്രായശ്ചിത്തം ചെയ്യുവാന്‍ ആഗ്രഹിച്ചു. ഗുഹയില്‍നിന്ന് പുറത്തുകടന്നു. വസ്ത്രങ്ങള്‍ ഊരിമാറ്റി. തുടര്‍ന്ന് ഉയരത്തില്‍ നിന്ന് അടുത്തുള്ള മുള്‍പടര്‍പ്പിലേക്ക് എടുത്തു ചാടി. ശരീരം മുഴുവന്‍ മുറിഞ്ഞ് രക്തം വാര്‍ന്ന് ഒഴുകുന്നതുവരെ അതില്‍ കിടന്ന് ഉരുളാന്‍ തുടങ്ങി. അവിടെ നിന്ന് എഴുന്നേറ്റത് ഒരു പുതിയ മനുഷ്യനായിട്ടായിരുന്നു. അതിനുശേഷം ഒരിക്കലും ലൈംഗികമായ തൃഷ്ണ അദ്ദേഹത്തെ അലട്ടിയിട്ടില്ല.
മാത്രമല്ല ആ പെണ്‍കുട്ടിയുടെ രൂപം മനസ്സില്‍നിന്ന് മായുകയും ചെയ്തു.

കുട്ടികളേ,
പാപപ്രലോഭനങ്ങളും ദുര്‍ചിന്തകളും ഉണ്ടാകുമ്പോള്‍ തീഷ്ണമായ പ്രാര്‍ത്ഥനയിലൂടെയും ഉപവാസത്തിലൂടെയും നിങ്ങള്‍ അതിനെ കീഴടക്കണം. പാപം ചെയ്യാതിരിക്കാന്‍ വചനം ഹൃദയത്തില്‍ സൂക്ഷിക്കുകയും അവ ആവര്‍ത്തിച്ച് ഉരുവിടുകയും ചെയ്യണം. ബനഡിക്റ്റില്‍ ലൈംഗികാഭിനിവേശം വളര്‍ത്തി അവനെ പുറത്താക്കാമെന്നുള്ള ആഗ്രഹവുമായി നടന്ന സാത്താന് ഇത് സഹിച്ചില്ല. കലിപൂണ്ട അവന്‍ ഗുഹാമുഖത്തെ മണി പൊട്ടിച്ചെറിഞ്ഞു. അദ്ദേഹത്തെ കൊല്ലാന്‍ ശ്രമിച്ചു. എന്നാല്‍ ബനഡിക്റ്റിന്റെ ശക്തമായ ദൈവാശ്രയം പൈശാചികോദ്യമങ്ങളെ വിഫലമാക്കി.

ആട്ടിടയര്‍ ബനഡിക്റ്റിനെ കണ്ടെത്തുന്നു.
വര്‍ഷങ്ങള്‍ കടന്നുപോയി. ഒരു ദിവസം കുറച്ച് ആട്ടിടയന്മാര്‍ ആടുകളെ മേയ്ച്ച് വനത്തിനുള്ളിലെത്തി. യാദൃച്ഛികമായി അവര്‍ ബനഡിക്റ്റിനെ കണ്ടു. അവര്‍ ഞെട്ടിപ്പോയി. വന്യമൃഗത്തെപോലെ ഒരു ജീവി. അതിന്റെ വേഷഭൂഷാദികള്‍ എല്ലാം കാട്ടുമനുഷ്യന്റേത.് എന്നാല്‍ ബനഡിക്റ്റ് അവരോട് സംസാരിച്ചു. ഒരു ദിവ്യനായ മനുഷ്യനാണ് തങ്ങളുടെ മുമ്പില്‍ നില്‍ക്കുന്നതെന്ന് അല്പസമയം കൊണ്ട് അവര്‍ മനസ്സിലാക്കി. അവര്‍ ഗ്രാമത്തില്‍ തിരിച്ചെത്തി ഈ ദിവ്യപുരുഷനെപ്പറ്റി മറ്റുള്ളവരോട് പറഞ്ഞു. ജനം കൂട്ടംകൂട്ടമായി പര്‍വ്വതശിഖിരം ലക്ഷ്യമാക്കി ഇറങ്ങി പുറപ്പെട്ടു. ബനഡിക്റ്റ് അവരെ അനുഗ്രഹിക്കുകയും അവരുടെ ആത്മീയകാര്യങ്ങളില്‍ ശ്രദ്ധിക്കുകയും ചെയ്തു. ആട്ടിടയന്മാരുമായുള്ള കൂടികാഴ്ച ബനഡിക്റ്റ് എന്ന സന്യസിയെപ്പറ്റി പുറം ലോകം അറിയുവാന്‍ ഇടയാക്കി. അദ്ദേഹത്തിന്റെ വ്രതനിഷ്ഠ പ്രസിദ്ധമായി. പുറം ലോകത്തിന് പരിചയപ്പെടുത്തേണ്ട സമയവും സമാഗതമായി.

ആബട്ട് പദവി യൂറോപ്പിന്റെ സംരക്ഷകന്‍ 
എ.ഡി.520- വീക്കോവരോ സന്യാസഭവനത്തിന്റെ ആബട്ട് നിര്യാതനായി. അവര്‍ ഒരു പുതിയ അധിപനെ തിരഞ്ഞെടുക്കുന്നതിനെപ്പറ്റി ചര്‍ച്ചകള്‍ ആരംഭിച്ചു. അവസാനം ചര്‍ച്ചകള്‍ പോയിനിന്നത് ബനഡിക്റ്റ് സന്യാസിയിലായിരുന്നു. ബനഡിക്റ്റ് ചിന്താക്കുഴപ്പത്തിലായി. ഏകാന്തവാസവും, ധ്യാനനിരതമായ ജീവിതവും ഉപേക്ഷക്കേണ്ടിവരും. ഒത്തിരി പ്രാര്‍ത്ഥിച്ചതിനുശേഷം അദ്ദേഹം ഒരു തീരുമാനത്തിലെത്തി. 'ആബട്ട്' പദവി സ്വീകരിക്കുകതന്നെ. അങ്ങനെ അദ്ദേഹം അവരുടെ അധിപനായി. ഉത്തരവാദിത്തം ഏറ്റെടുക്കുന്ന സമയം അവിടുത്തെ സന്യാസികള്‍ അച്ചടക്കമില്ലാത്തവരും, ചട്ടങ്ങള്‍ അനുസരിക്കാത്തവരുമായിരുന്നു. അദ്ദേഹം നിയമങ്ങള്‍ കര്‍ക്കശമാക്കി. സ്വതന്ത്രവിഹാരം വിലക്കി. ദാരിദ്ര്യ വ്രതം എടുക്കാന്‍ അവരെ നിര്‍ബന്ധിച്ചു. ഏതാനും നാളുകള്‍ക്കിടയില്‍ സന്യാസിമാരുടെ ജീവിതത്തില്‍ അടുക്കും ചിട്ടയും ഉണ്ടായി. എന്നാല്‍ ചിലര്‍ക്കെങ്കിലും ഈ നവീകരണ പദ്ധതി ഉള്‍കൊള്ളാന്‍ സാധിച്ചില്ല. അവര്‍ ഇത് ഒരു ശാപമായി കരുതി തങ്ങളുടെ ആബട്ടിനെ വധിക്കാന്‍ വരെ ശ്രമിച്ചു.

വിഷം കലര്‍ന്ന ഭക്ഷണം
ബനഡിക്റ്റിന്റെ നിയമസംഹിതയുടെ കാഠിന്യം ചില സന്യാസിമാര്‍ക്ക് ദഹിച്ചില്ല. അവര്‍ അദ്ദേഹത്തെ വധിക്കുവാന്‍ തീരുമാനമെടുത്തു. ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊല്ലുകയെന്നതായിരുന്നു തീരുമാനം. മുന്‍കൂട്ടി നിശ്ചയിച്ചപ്രകാരം ഭക്ഷണസമയത്ത് ഒരു സന്യാസി വിഷം ചേര്‍ത്ത പാനീയവുമായി വന്ന് ഉപചാരപൂര്‍വ്വം ബനഡിക്റ്റിന് നീട്ടി. ബനഡിക്റ്റ് ആ വെള്ളത്തിനു മുകളില്‍ കുരിശടയാളം വരയ്ക്കുകയും തല്‍ക്ഷണം പാനീയപാത്രം തകര്‍ന്ന് നിലംപൊത്തുകയും ചെയ്തു. ഇത് കണ്ട സന്യാസികള്‍ ഭയവിഹ്വലരായി. ''സഹേദരരേ അനന്തകാരുണികനായ ദൈവം നിങ്ങളുടെ അപരാധം ക്ഷമിക്കട്ടെ'' എന്ന് മാത്രം അദ്ദേഹം ഈ സംഭവത്തോട് പ്രതികരിച്ചു. ഏതാനും ദിവസം കഴിഞ്ഞപ്പോള്‍ ബനഡിക്റ്റ,് സന്യാസികളെ ഒരുമിച്ചുകൂട്ടി ഇപ്രകാരം പറഞ്ഞു. നിങ്ങളുടെയും എന്റേയും വഴികള്‍ വ്യത്യസ്തമാണ്. നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഒരു ആബട്ടിനെ തിരഞ്ഞെടുത്തുകൊള്ളുക.''ആശ്രമത്തിന്റെ മഠാധിപസ്ഥാനം ഞാന്‍ ഉപേക്ഷിക്കുകയാണ്''. ബനഡിക്റ്റ് തിരികെ കാട്ടിലെ ഏകാന്ത വാസസ്ഥലത്തേക്ക് മടങ്ങി.

ബനഡിക്റ്റന്‍ ആശ്രമങ്ങള്‍ രൂപം കൊള്ളുന്നു
ബനഡിക്റ്റിന്റെ ജീവിതശൈലി അനേകരെ ആകര്‍ഷിച്ചു. ആശ്രമത്തില്‍ സന്ദര്‍ശകരും അനുയായികളും പെരുകി. അനേകം പേര്‍ ശിഷ്യത്വം സ്വീകരിച്ചു. അവരെ പന്ത്രണ്ടു പേരടങ്ങുന്ന ചെറിയ സംഘങ്ങളായി വിഭജിച്ചു. ഒന്‍പത് വര്‍ഷം കൊണ്ട് കുന്നിന്‍ ചെരിവില്‍ അനേകം ആശ്രമങ്ങള്‍ ഉയര്‍ന്നു. ഓരോ ആശ്രമത്തിനും പ്രത്യേകം അധിപന്മാരെയും നിയമിച്ചു. അവര്‍ക്കായി നിയമങ്ങള്‍ ഉണ്ടാക്കി. അവര്‍ ബനഡിക്റ്റിനെ ഒരു വിശുദ്ധനായി കണ്ടു. ഈ ശിഷ്യന്മാരാണ് ബനഡിക്റ്റന്‍ സഭയുടെ പ്രഥമ സന്താനങ്ങള്‍.


പാശ്ചാത്യസന്യാസികളുടെ പിതാവ് 
ബനഡിക്റ്റിന്റെ ജീവിതകാലത്ത് ആശ്രമങ്ങള്‍ പെരുകാന്‍ തുടങ്ങി. അതിലെ അംഗങ്ങള്‍ ഒരു കുടുംബംപോലെ കഴിഞ്ഞു. അവര്‍ ഒരുമിച്ച് പ്രാര്‍ത്ഥിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തു. അവരില്‍ വൈദികരും പണ്ഡിതരും സാധാരണക്കാരും ഒക്കെ ഉണ്ടായിരുന്നു. ദിവസവും ഏഴു പ്രാവശ്യം അവര്‍ പ്രാര്‍ത്ഥനയ്ക്കായി ഒരുമിച്ചു ചേരണം. ഇതിന് ഇടയ്ക്കുള്ള സമയം കാര്‍ഷികവൃത്തിക്കോ, ഗാര്‍ഹിക ജോലികള്‍ക്കോ ഉപയോഗിക്കാം. ഇതിനിടയില്‍ ഭക്ഷണത്തിനും പഠനത്തിനും വായനയ്ക്കും സമയമുണ്ട്. അര്‍ദ്ധരാത്രി കഴിഞ്ഞാലുടന്‍ ഈ സന്യാസികളുടെ ഒരു ദിവസം ആരംഭിക്കുകയായി. രാത്രി ഒന്‍പത് മണിയോടെ സമാപിക്കുകയും ചെയ്യും. ഈ കഠിനതപശ്ചര്യയിലൂടെ ബനഡിക്റ്റ് പാശ്ചാത്യസന്ന്യാസികളുടെ പിതാവായി. 

അത്ഭുതപ്രവര്‍ത്തനം
ബനഡിക്റ്റന്‍ സന്യാസിമാര്‍ മലമ്പ്രദേശത്തുള്ള ആശ്രമങ്ങളില്‍ താമസിച്ചിരുന്നു. അവര്‍ക്ക് കുടിവെള്ളം ഇല്ലായിരുന്നു. താഴ്‌വരയില്‍നിന്ന് അവിടെ വെള്ളം എത്തിക്കുക എത്തിക്കുക പ്രയാസകരമായിരുന്നു. ശിഷ്യസമൂഹം തങ്ങളുടെ വിഷമം ഗുരുവിനെ അിറയിച്ചു. അദ്ദേഹം എല്ലാം ശ്രദ്ധാപൂര്‍വ്വം കേട്ടു. അന്ന് രാത്രി എല്ലാവരും ഉറങ്ങുന്ന സമയം ബനഡിക്റ്റ് തന്റെ വിശ്വസ്തനായ ഒരു ശിഷ്യനെയും കൂട്ടി മലമുകളില്‍ എത്തി. ഒരു നല്ല സ്ഥലം കണ്ടെത്തി അവിടെ മുട്ടുകുത്തി ദൈവത്തിന്റെ കാരുണ്യത്തിനായി പ്രര്‍ത്ഥിച്ചു. അതിനുശേഷം മൂന്നു വലിയ കല്ലുകള്‍ ചേര്‍ത്തുവച്ച് അവര്‍ തിരിച്ച് പോന്നു. പിറ്റേന്ന് പ്രഭാതത്തില്‍ സന്യാസികളോട് മലമുകളിലുള്ള ഈ കല്ലുകളുടെ ഇടയില്‍ ഒരു സുഷിരം ഉണ്ടാക്കാന്‍ പറഞ്ഞയച്ചു. അവര്‍ ഗുരു പറഞ്ഞതുപോലെ ചെയ്തു. ഉടന്‍ തന്നെ ഒരു കൊച്ചരുവി അവിടെ നിന്ന് ഉത്ഭവിച്ചു.

പ്രഭുകുമാരന്മാരുടെ പരിശീലനം
സുബ്‌യാക്കോയിലെ ബനഡിക്റ്റിന്റെ ജീവിതം അനേകരെ ആകര്‍ഷിച്ചുകൊണ്ടിരുന്നു. ഒരിക്കല്‍ മൂന്ന് പ്രഭുക്കന്മാര്‍ ബനഡിക്റ്റിനെ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചു. ആശ്രമത്തില്‍ എത്തിയ ഇവര്‍ക്ക് അവിടുത്തെ അന്തേവാസികളുടെ ജീവിതം ഒത്തിരി ഇഷ്ടമായി. മൗനവ്രതത്തിന്റേയും ഏകാന്തധ്യാനത്തിന്റേയും ശൈലി അവരെ ഏറെ ആകര്‍ഷിച്ചു. തങ്ങള്‍ വിവാഹിതരായതിനാല്‍ ഈ ആശ്രമചൈതന്യം തങ്ങളുടെ മക്കള്‍ക്കെങ്കിലും കിട്ടണമെന്ന് അവര്‍ ആഗ്രഹിച്ചു. അവര്‍ തങ്ങളുടെ പ്രിയ മക്കള്‍ മാവുരീസിനേയും തെര്‍ത്തുള്ളൂസിനേയും ബനഡിക്റ്റിനെ ഏല്‍പിച്ചു. അപ്പോള്‍ മാവുരീസിന് 12 ഉം തെര്‍ത്തുള്ളൂസിന് 7 ഉം വയസ്സ് പ്രായമായിരുന്നു. ബനഡിക്റ്റ് സന്തോഷത്തോടെ അവരെ സ്വീകരിച്ചു. അവര്‍ക്ക് നല്ല പരിശീലനം നല്കി. അങ്ങനെ അവര്‍ ഗുരുവിനോളം വളര്‍ന്നു. വര്‍ഷങ്ങള്‍ക്കുശേഷം ബനഡിക്റ്റ് സ്ഥാപിച്ച സഭയുടെ രണ്ട് നെടുംതൂണുകളായി ഇവര്‍ മാറി. ഇവര്‍ തങ്ങളുടെ പൈതൃകസ്വത്ത് ബനഡിക്റ്റിന് കൈമാറി.

കാക്ക അപ്പം കൊത്തിയെടുക്കുന്നു
ബനഡിക്റ്റിന്റെ ആശ്രമത്തിനടുത്ത് ഫ്‌ളോറന്‍സ് എന്നു പേരായ ഒരാള്‍ ഉണ്ടായിരുന്നു. അയാള്‍ ബനഡിക്റ്റിനെതിരെ കുപ്രചരണം അഴിച്ചുവിട്ടു. അവര്‍ കപടസന്യാസികളാണെന്നും അലസന്മാരാണെന്നും അദ്ദേഹം പറഞ്ഞുപരത്തി. ഇന്നാല്‍ ഇതൊന്നും ജനത്തിന്റെ മുന്നില്‍ വിലപ്പോയില്ല. അയാള്‍ ഏതുവിധേനയും ബനഡിക്റ്റിനെ അപായപ്പെടുത്താന്‍ ശ്രമിച്ചു. അതിനുവേണ്ടി വിഷം കലര്‍ത്തിയ ഭക്ഷണം ബനഡിക്റ്റ് ഭക്ഷണം കഴിക്കാറുള്ള സ്ഥലത്തുവയ്ക്കുവാന്‍ ഏര്‍പ്പാട് ചെയ്തു. ബനഡിക്റ്റ് ദിവ്യശക്തിയാല്‍ അത് മനസ്സിലാക്കി. ബനഡിക്റ്റ് ഒരു മലങ്കാക്കയെ വളര്‍ത്തുന്നുണ്ടായിരുന്നു. അത് കൃത്യസമയത്ത് അതിന്റെ ഭക്ഷണത്തിനായി എത്തി. വിശുദ്ധന്‍ കാക്കയോട് അപ്പം കൊത്തിയെടുത്ത് പര്‍വ്വതത്തിന്റെ അഗ്രത്തില്‍ കൊണ്ടുപോയി കളയാന്‍ അജ്ഞാപിച്ചു. ഉടന്‍ തന്നെ കാക്ക അപ്പം കൊത്തിയെടുത്തു പറന്നു. ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ കാക്ക സുരക്ഷിതമായി തിരിച്ചെത്തുകയും ചെയ്തു. 

ബനഡിക്റ്റ് സുബ്‌യാക്കോ വിടുന്നു
ഒരു വശത്ത് ബനഡിക്റ്റ് വിശുദ്ധിയുടെ പടവുകള്‍ ചവിട്ടി കയറുമ്പോള്‍ മറുവശത്ത് എതിര്‍പ്പുകളും കൂടിവന്നു. എങ്കിലും അദ്ദേഹം എല്ലാം സഹിച്ചു, ക്ഷമിച്ചു. എന്നാല്‍ ഒരു പ്രത്യേക ഉള്‍വിളിയാല്‍ അവിടം വിടാന്‍ വിശുദ്ധന്‍ തീരുമാനിച്ചു. യാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. 35 വര്‍ഷം ദൈവവുമായി ഗാഢബന്ധം പുലര്‍ത്തിയ ആ സ്ഥലം ഉപേക്ഷിച്ച് മാലാഖ മുന്‍ക്കൂട്ടിനല്‍കിയ കല്പനപ്രകാരം ഏതാനും സഹപ്രവര്‍ത്തകരോടൊരുമിച്ച് അദ്ദേഹം മൗണ്ട് കസ്സീനോയിലേക്ക് യാത്രയായി.

ദുഷ്ടന്റെ പതനം
ബനഡിക്റ്റ് സുബ്‌യാക്കോ വിട്ടുപോകുന്നത് ദുഷ്ടനായ ഫ്‌ളോറന്‍സ് അറിഞ്ഞു. വിശുദ്ധന്റെ യാത്ര കാണാന്‍ അഹങ്കാരിയായ അദ്ദേഹം സ്വന്തം ഭവനത്തിന്റെ മുകള്‍ ഭാഗത്ത് നില ഉറപ്പിച്ചു. ബനഡിക്റ്റ് വരുന്നതു കണ്ടപ്പോള്‍ ആ നീചഹൃദയത്തില്‍ സന്തോഷം അതിരുകവിഞ്ഞു. അദ്ദേഹം അവിടെ കിടന്ന് തുള്ളിച്ചാടി. പെട്ടെന്ന് അദ്ദഹം നിന്നിരുന്ന വീടിന്റെ ഭാഗം താഴോട്ട് അടര്‍ന്ന് വീഴുകയും അതിന്റെ അടിയില്‍ കിടന്ന് ആ മനുഷ്യന്‍ അകാലമൃത്യു വരിക്കുകയും ചെയ്തു. ഈ സംഭവം നടക്കുമ്പോഴേയ്ക്കും വിശുദ്ധനും, കൂട്ടരും കുറെ മുന്‍പില്‍ എത്തിയിരുന്നു. ശിഷ്യരില്‍ ഒരാള്‍ ഓടിച്ചെന്ന് ഇക്കാര്യം ഗുരുവിനെ അറിയിച്ചു. തന്റെ ശത്രുവിന്റെ ചരമവാര്‍ത്ത ബനഡിക്റ്റിനെ വേദനിപ്പിച്ചു. അപ്പോള്‍തന്നെ അയാളുടെ നിത്യശാന്തിക്കുവേണ്ടി അദ്ദേഹം പ്രാര്‍ത്ഥിച്ചു.

കുട്ടികളേ,
ഒരു ശത്രുവിന്റെയും നാശത്തില്‍ നിങ്ങള്‍ സന്തോഷിക്കരുത്. മറിച്ച് അവരുടെ       ആത്മാവ് നിത്യസമ്മാനത്തിന് അര്‍ഹരാകുവാന്‍ തീക്ഷണയോടെ പ്രാര്‍ത്ഥിക്കണം. 

മോന്തെകസ്സിനോയില്‍
യാത്രയുടെ അവസാനം അവര്‍ മോന്തെകസ്സിനോയില്‍ എത്തി. സുബ്‌യാക്കോവില്‍നിന്ന് ഏകദേശം അറുപത് മൈല്‍ ദൂരത്താണ് മോന്തെകസ്സിനോ. ആല്‍പ്‌സ് പര്‍വ്വതനിരകളുടെ ഒരു ശാഖയായി ഇത് അറിപ്പെടുന്നു. വേനല്‍കാലത്ത് അത്യുഗ്രമായ ചൂട്. ഒലിവ് മരങ്ങള്‍ ധാരാളമുള്ള പര്‍വ്വനിര. അപരിഷ്‌കൃതരായ ഒരു കൂട്ടം ആളുകളാണ് അവിടെ താമസിച്ചിരുന്നത്. അവര്‍ അപ്പോളോ ദേവനെ ആരാധിക്കുന്നവരായിരുന്നു. അവിടെ ദേവന്റെ ഒരു അമ്പലം ഉണ്ടായിരുന്നു. ദേവന്റെ പ്രീതിക്കായി അവര്‍ നരബലി നടത്തിയിരുന്നു. വിശുദ്ധന്റെ ഹൃദയം ദൈവസ്‌നേഹത്താല്‍ എരിഞ്ഞു. അദ്ദേഹം അന്ധകാരത്തില്‍ കഴിഞ്ഞ ജനത്തെ പ്രകശത്തിലേക്ക് നയിച്ചു. അവരെ മാനസാന്തരപ്പെടുത്തി. അവര്‍ക്ക് സുവിശേഷസത്യങ്ങള്‍ വിവരിച്ചുകൊടുത്തു. അവരുടെ വിഗ്രഹങ്ങളെ തല്ലിത്തകര്‍ത്തു. സ്ഥലം അഗ്നിക്ക് ഇരയാക്കി. ആ സ്ഥലത്ത് അദ്ദേഹം സത്യദൈവത്തിനായി ഒരു പുതിയ ആശ്രമം സ്ഥാപിച്ചു. കാലക്രമത്തില്‍ ബനഡിക്റ്റന്‍ സഭയുടെ ആസ്ഥാനം ഈ ആശ്രമമായിത്തീര്‍ന്നു. 

മുറിവേറ്റ ബാലന്റെ സൗഖ്യം 
ഒരിക്കല്‍ ആശ്രമപണി നടക്കുന്ന സമയം, ഈ ആശ്രമത്തിന്റെ ഒരു ഭാഗത്തുളള ഭിത്തി മറിഞ്ഞുവീണു. താഴെ ജോലി ചെയ്തുകൊണ്ടിരുന്ന ഒരു ബാലന്‍ ഈ കലുകള്‍ക്കടിയില്‍പ്പെട്ടു. ഗുരുതരമായ പരിക്കേറ്റ അവനെ സഹപ്രവര്‍ത്തകര്‍ ബനഡിക്റ്റിന്റെ അടുത്ത് എത്തിച്ചു. ബനഡിക്റ്റ് അവനെ സൂക്ഷിച്ചുനോക്കി. ശരീരമെല്ലാം കീറിമുറിഞ്ഞ് രക്തം വാര്‍ന്നൊഴുകുന്നു. അവന്‍ മരണത്തോട് അടുക്കുകയാണെന്ന് ബനഡിക്റ്റിന് മനസ്സിലായി. ഉടന്‍തന്നെ അദ്ദേഹം ബാലനെ നിലത്തുകിടത്തുവാന്‍ ആവശ്യപ്പെട്ടു. അതിനുശേഷം എല്ലാവരെയും അവിടെനിന്ന് പറഞ്ഞയച്ചു. തുടര്‍ന്ന് അവിടെ നിലത്ത് മുട്ടുകള്‍കുത്തി കണ്ണുകള്‍ ഉയര്‍ത്തി പിതാവിനോട് പ്രാര്‍ത്ഥിച്ചു. ഏതാനും നിമിഷങ്ങള്‍ കഴിഞ്ഞപ്പോഴേയ്ക്കും ബാലന്റെ രക്തസ്രാവം നിന്നു. അവന്റെ മുറിവുകള്‍ ഉണങ്ങി. അല്പം കഴിഞ്ഞപ്പോള്‍ ഉറക്കത്തില്‍നിന്നെന്നപോലെ അവന്‍ ഉണര്‍ന്നു. സുഖപ്പെട്ട ബാലനെ കണ്ട് ആശ്രമവാസികളും പരിസരവാസികളും ദൈവത്തെ സ്തുതിച്ചു. 

വിനയശീലത്തിന്റെ വേദപരാംഗതന്‍
വിശുദ്ധ ബനഡിക്റ്റ് തന്റെ ശിഷ്യര്‍ക്കായി ഉണ്ടാക്കിയ നിയമാവലി പിന്നീട് ഉണ്ടായ എല്ലാ സന്യാസസഭയ്ക്കുംതന്നെ മാര്‍ഗ്ഗദീപമായി പ്രശോഭിച്ചു. ക്രിസ്തീയ പൂര്‍ണ്ണതയിലേക്ക് വളരുവാന്‍ അദ്ദേഹം പന്ത്രണ്ട് പടികള്‍ ചവിട്ടികയറണമെന്ന് തന്റെ ശിഷ്യരോട് ഉപദേശിച്ചു. ആ പടികള്‍ താഴെ പറയുന്നവയാണ്. 
1. അനുസരണം 
2. ആത്മസംയമനം 
3. ക്ലേശങ്ങള്‍ സഹിക്കാനുള്ള ക്ഷമ. 
4. സ്വന്തം വികാരവിചാരങ്ങളുടെ വിനിമയം 
5. നാം പാപികളാണെന്നുള്ള സ്വയം ബോദ്ധ്യം
6. നിരന്തര മൗനവ്രതം പരിശീലിക്കല്‍
7. നമ്മുടെ അനന്യത ദൈവത്തിന് വിട്ടുകൊടുക്കല്‍
8. ഏതു ജോലിയും എളിമയോടെ നിര്‍വ്വഹിക്കല്‍
9. അമിതസന്തോഷവും ആത്മസാഫല്യവും വര്‍ജ്ജിക്കല്‍
10. സംഭാഷണത്തില്‍ മിതത്വം- പെരുമാറ്റത്തില്‍ വിനയം.
11. ദൈവത്തേയും അവിടുത്തെ നീതിവിധികളെയുംപറ്റിയുള്ള ഭീതിയും അനുതാപവും. 
12. സ്വയം നീതികരിക്കാതെയും, അഹങ്കരിക്കാതെയുമുള്ള കര്‍മ്മങ്ങളുടെ നിര്‍വ്വഹണം. എന്നിവയാണത്. 

സാത്താനെ തകര്‍ക്കുന്നു
ബനഡിക്റ്റിന്റെ കീര്‍ത്തി റോമിലും ഇറ്റലിയിലും അയല്‍പ്രദേശങ്ങളിലും വ്യാപിച്ചു. അദ്ദേഹം നാടുനീളെ ചുറ്റി സഞ്ചരിച്ച് സുവിശേഷം പ്രസംഗിച്ചു. അനേകരെ മാനസാന്തരപ്പെടുത്താന്‍വേണ്ടി തന്റെ താമസം അവരോടുകൂടെയാക്കി. ജനം കൂട്ടംകൂട്ടമായി ഈ വിശുദ്ധന്റെ അടുക്കലേയ്ക്ക് നീങ്ങി. ഒരിക്കല്‍ ശിഷ്യഗണം വലിയ ഒരു കുന്നിന്‍ മുകളില്‍ ഒരു പുതിയ ആശ്രമത്തിന്റെ പണിയില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു. കെട്ടിടം പണിയുന്നതിനുള്ള സാധനസാമഗ്രികള്‍ താഴെനിന്ന് തലചുമടായി മുകളില്‍ എത്തിച്ചാണ് അതിന്റെ പണി നടത്തികൊണ്ടിരുന്നത്. ഏകദേശം പണി തീരാറായപ്പോള്‍ ആ കെട്ടിടത്തിന്റെ ഒരു ഭാഗത്ത് തീ പിടുത്തം ഉണ്ടായി. സന്ന്യാസിമാര്‍ പരിഭ്രാന്തരായി. വിയര്‍പ്പൊഴുക്കി പണിത കെട്ടിടം ഏതാനും നിമിഷങ്ങള്‍ക്കകം കത്തി ചാമ്പലാകാന്‍ പോകുന്നു. അവര്‍ തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കരച്ചിലും ബഹളവും കേട്ട് ബനഡിക്റ്റ് സ്ഥലത്ത് ഓടി എത്തി. എന്നാല്‍ അവര്‍ പറഞ്ഞ സ്ഥലത്ത് അഗ്നിബാധ കാണുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. പിശാച് മായാജാലം കാണിച്ചതാണെന്ന് വിശുദ്ധന് മനസ്സിലായി. അവിടെത്തന്നെ മുട്ടുകുത്തി പ്രാര്‍ത്ഥിച്ചു. ഉടനെ എല്ലാവരും ശാന്തരായി. ആശ്രമ പണി പൂര്‍ത്തിയാകാതിരിക്കാന്‍ സാത്താന്‍ പ്രയോഗിച്ച ജാലവിദ്യയെ പ്രാര്‍ത്ഥനകൊണ്ട് വിശുദ്ധന്‍ നേരിട്ടു.

വി. സ്‌കൊളാസ്റ്റിക്കാ
സ്‌കൊളാസ്റ്റിക്കയെ നിങ്ങള്‍ക്ക് ഓര്‍മ്മയുണ്ടോ? ബനഡിക്റ്റിന്റെ സഹോദരിയാണവള്‍. അവളും ബനഡിക്റ്റിനെപോലെ വിശുദ്ധ ജീവിതം നയിച്ചവളാണ്. അവള്‍ ബനഡിക്റ്റന്‍ ആശ്രമത്തിനടുത്ത് ഏതാനും കന്യകകളോടൊരുമിച്ച് സുകൃതജീവിതം നയിച്ചുപോന്നു. ക്രിസ്തുവിനെ തന്റെ മണവാളനായി തിരഞ്ഞെടുത്തു. ഏതാനും സഖികളോടൊരുമിച്ച് ബനഡിക്റ്റന്‍ നിയമങ്ങള്‍ അനുസരിച്ച് വര്‍ഷങ്ങളോളം അവിടെ ജീവിച്ചു. നാളുകള്‍ കഴിഞ്ഞപ്പോള്‍ ബനഡിക്റ്റ് ഇവരുടെ ആത്മീയനേതൃത്വം ഏറ്റെടുത്തു. അങ്ങനെ 'ബനഡിക്റ്റന്‍ കന്യാമഠങ്ങള്‍' രൂപം കൊണ്ടു. അവരുടെ മഠാധിപയായി സ്‌ക്കൊളാസ്റ്റിക്കാ നിയമിതയായി. അവള്‍ ബനഡിക്റ്റന്‍ നിയമം അനുസരിച്ച് സഹോദരിമാരെ ചാരിത്രശുദ്ധിയിലും ദൈവസ്‌നേഹത്തിലും ദൈവസേവനത്തിലും വളര്‍ത്തി. ബനഡിക്റ്റിന്റെ മരണത്തിനു മുമ്പുതന്നെ എ.ഡി. 543 ഫെബ്രുവരി 7-ന് സ്‌കൊളാസ്റ്റിക്കാ ഇഹലോകവാസം വെടിഞ്ഞു. വര്‍ഷങ്ങള്‍ക്കുശേഷം തിരുസഭ അവളെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തി. 

ബൈബിളും വിശുദ്ധ ബനഡിക്റ്റും
വിശുദ്ധ ബനഡിക്റ്റ് ബൈബളിനു വലിയ പ്രാധാന്യം കൊടുത്തിരുന്നു. അദ്ദേഹത്തിന്റെ കാലത്ത് ബൈബിള്‍ ശ്രവിക്കപ്പെടുന്ന ഒരു ഗ്രന്ഥം മാത്രമായിരുന്നു. കാരണം ആശ്രമങ്ങളിലും താപസഭവനങ്ങളിലും മാത്രമേ അന്ന് ബൈബിള്‍ ഉണ്ടായിരുന്നുള്ളു. അതിനാല്‍ ബലിയര്‍പ്പണസമയത്ത് മാത്രമായിരുന്നു വചനം കേള്‍ക്കാന്‍ സാധിച്ചിരുന്നത്. ബനഡിക്റ്റിനെ സംബന്ധിച്ച് ക്രിസ്തുവിന്റെ കല്പനകള്‍ക്കനുസൃതമായ ജീവിതം നയിക്കുവാനുള്ള ഒരു സജീവശ്രമമായിരുന്നു കൂടെക്കൂടെയുള്ള വചനധ്യാനം. വചനത്തില്‍ അടിസ്ഥാനമിട്ട ഒരു ആശ്രമശൈലിയാണ് അദ്ദേഹം രൂപപ്പെടുത്തിയെടുത്തത്. സുവിശേഷമാണ് 'നമ്മുടെ വഴികാട്ടി', 'ദൈവികനിയമം' എന്നൊക്കെ ഉത്‌ബോധിപ്പിച്ചിരുന്നു. തനിക്ക് ബൈബിളിനോടുണ്ടായിരുന്ന മനോഭാവം തന്റെ ശിഷ്യന്മാര്‍ക്കും ഉണ്ടാകണമെന്ന് ഈ പുണ്യപുരുഷ്യന്‍ ആഗ്രഹിച്ചു. 

വി. ബനഡിക്റ്റും ആംഗ്ലിക്കന്‍സഭയും
ഇംഗ്ലണ്ടിലെ ആംഗ്ലിക്കന്‍സഭയും ബനഡിക്റ്റന്‍ ആശ്രമജീവിതവും തമ്മില്‍ കാലാനുസൃതമായ ഒരു ബന്ധം നമുക്കു കാണാന്‍ കഴിയും മദ്ധ്യയുഗത്തില്‍ ഇംഗ്ലണ്ടില്‍ ബനഡിക്റ്റന്‍ സഭയുടെ സ്വാധീനം അത്രയ്ക്കും വലുതായിരുന്നു. ഇംഗ്ലണ്ടിലെ സഭ കാന്റന്‍ബറി ആര്‍ച്ചുബിഷപ്പിന്റെ നേതൃത്വത്തിലായിരുന്നു. എന്നാല്‍ പതിനാറാം ശതകത്തോടുകൂടി അവിടെയുണ്ടായ മതനവോത്ഥാനപ്രസ്ഥാനം റോമുമായുള്ള ബന്ധവും പോപ്പിന്റെ മേല്‍ക്കോയ്മയും അവസാനിപ്പിച്ചു. റോമന്‍ കത്തോലിക്കാവിശ്വാസത്തിന്റെയും പ്രൊട്ടസ്റ്റന്റ് വിശ്വാസത്തിന്റെയും ഇടയ്ക്കുള്ള ഒരു പുതിയ ശൈലിയാണ് ഇവര്‍ സ്വീകരിച്ചത്. 1662 ഓടെ അത് പൂര്‍ത്തിയായി. ഇതോടെ ബനഡിക്റ്റന്‍ താപസന്മാര്‍ ആംഗ്ലിക്കന്‍ സഭയിലെ ഗണ്യമായ ഒരു പ്രചോദനമായി മാറി. ബനഡിക്റ്റന്‍ സന്യാസിന്മാര്‍ സര്‍വ്വസാധാരണമായി ഉപയോഗിച്ചിരുന്ന സങ്കീര്‍ത്തനങ്ങള്‍, സുവിശേഷവായനകള്‍ അനുദിന പ്രാര്‍ത്ഥനകള്‍. തുടങ്ങിയവയെല്ലാം ആംഗ്ലിക്കന്‍ സഭയുടെ പ്രാര്‍ത്ഥനാനുഭവത്തിന് വളക്കൂറായി എന്നുതന്നെ പറയാം. അതുകൊണ്ടാണ് കാന്റന്‍ബറി ആര്‍ച്ചുബിഷപ്പായ റോബര്‍ട്ട് കാന്റ്‌വര്‍ ബനഡിക്റ്റന്‍ നിയമ സംഹിതയെ സ്തുതിക്കുന്നത.് നൂറ്റാണ്ടുകള്‍ കടന്നുപോയെങ്കിലും രണ്ട് ഭിന്ന മതവിഭാഗങ്ങളിലെ തപോധനന്മാര്‍ക്ക് പൊതുവായ ഒരു ബന്ധത്തിന്റെ കണ്ണി കണ്ടെത്തുവാന്‍ കഴിയുന്നത്, വി. ബനഡിക്റ്റിലാണ്. 

ബനഡിക്റ്റന്‍ചൈതന്യത്തിന്റെ മുഖമുദ്ര
വിശുദ്ധനായ ഗ്രിഗറി ഒന്നാമന്‍ മാര്‍പ്പാപ്പയുടെ 'സംവാദങ്ങള്‍' എന്ന ഗ്രന്ഥത്തില്‍ നിന്നാണ് വിശുദ്ധ ബനഡിക്റ്റിനെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ നമുക്ക് ലഭിച്ചിട്ടുള്ളത.് ഈ പുസ്തകത്തില്‍ വിശുദ്ധ ഗ്രിഗറി ബനഡിക്റ്റിന്റെ ജീവിതത്തെ പ്രതിപാദിക്കുന്നത് ഒരു താപസന്റെ ദൈവാന്വേഷണമായിട്ടാണ്. വിശുദ്ധ ഗ്രിഗറി, ബനഡിക്റ്റിനെപ്പറ്റി ഇപ്രകാരം എഴുതി ''ആരെങ്കിലും ഈ ദൈവികമനുഷ്യന്റെ യഥാര്‍ത്ഥ ചിത്രമറിയാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അദ്ദേഹം എഴുതിയ നിയമസംഹിത വായിച്ചു നോക്കട്ടെ. കാരണം ഈ പുണ്യാത്മാവിന് ആരെയും ഒന്നും പഠിപ്പിക്കാനില്ല; സ്വന്തം ജീവിതത്തിലൂടെ കാണിച്ചു തന്നതൊഴികെ''! അദ്ദേഹം നിയമസംഹിതയില്‍കൂടി തന്റെ വ്യക്തിത്വം വെളിപ്പെടുത്തുന്നു. അക്കാലത്തെ ആശ്രമരീതിയില്‍നിന്ന് തുലോം വ്യത്യസ്തമായിരുന്നു ബനഡിക്റ്റിന്റെ ആശ്രമശൈലി. കാരണം ഇത് തന്റെ ജീവിതാനുഭവത്തില്‍നിന്ന് ഉരുതിരിഞ്ഞതായിരുന്നു. പില്‍ക്കാലത്ത് പൊട്ടിമുളച്ച സന്യാസസഭകള്‍ക്കെല്ലാം ഈ നിയമസംഹിത മാര്‍ഗ്ഗദീപമായി മാറി. ആയിരത്തഞ്ഞൂറ് സംവത്സരങ്ങള്‍ പിന്നിട്ടിട്ടും അതിന്റെ ഓജസ്സ് നഷ്ടപ്പെട്ടിട്ടില്ല. പതിനഞ്ച് നൂറ്റാണ്ടുകളായി ലക്ഷോപലക്ഷം സ്ത്രീപുരുഷന്മാര്‍ ബനഡിക്റ്റന്‍ ശൈലിയിലുള്ള ആശ്രമജീവിതം നയിച്ചുപോരുന്നു. നമ്മുടെ കാലഘട്ടത്തിലും അത് തുടരുന്നു. ഏഴാം നൂറ്റാണ്ടിനുശേഷം യൂറോപ്പിലേക്ക് ക്രിസ്തുമതം എത്തിക്കാന്‍ ബനഡിക്റ്റന്‍ സഭ വഹിച്ച പങ്ക് നിസ്തുലമാണ്. 'എല്ലാറ്റിലും ദൈവം മഹത്വപ്പെടട്ടെ' എന്നതായിരുന്നു ബനഡിക്റ്റന്‍ ചൈതന്യത്തിന്റെ മുഖമുദ്ര

മരണശാസനം
നല്ല ഒരു പടയാളിയെപോലെ ബനഡിക്റ്റ് മുന്നേറി. ക്രിസ്തുവിന്റെ ഇഷ്ടംമാത്രം നിറവേറ്റി. സ്വന്തമായി ഒന്നും കരുതിവച്ചില്ല. ഈ ലോകത്തിലെ തന്റെ ദൗത്യം പൂര്‍ത്തിയായി. എ.ഡി. 547 മാര്‍ച്ചില്‍ അദ്ദേഹം ശിഷ്യഗണത്തെയെല്ലാം ഒരുമിച്ചുകൂട്ടി. താന്‍ അടുത്ത മാര്‍ച്ച് മാസം ഇഹലോകവാസം വെടിഞ്ഞ് പിതാവിന്റെ അടുക്കലേക്ക് പോവുകയാണെന്ന് അിറയിച്ചു. മരിക്കുന്നതിന് 6 ദിവസം മുമ്പുതന്നെ തനിക്കുള്ള ശവകുടീരം തുറക്കാന്‍ ബനഡിക്റ്റ് ആജ്ഞാപിച്ചു. താമസിയാതെ ശക്തമായ പനി അദ്ദേഹത്തെ പിടികൂടി. തങ്ങളുടെ ഗുരുവിന്റെ പ്രവചനം മാറാന്‍ ഇടയില്ലെന്ന് ശിഷ്യസമൂഹത്തിന് അറിയാമായിരുന്നു. ജനം മൊന്തേകസ്സിനോയിലേക്ക് ഒഴുകി. ശിഷ്യഗണം അനുഗ്രഹത്തിനായി മുട്ടുകുത്തി. ''സന്ന്യാസികള്‍ അവരുടെ അനുഷ്ഠാനങ്ങളും ക്രമങ്ങളും നിറവേറ്റുന്നുവെങ്കില്‍ ദൈവം അവരെ ആശീര്‍വദിക്കും'' എന്ന മരണശാസനം സഹപ്രവര്‍ത്തകര്‍ക്കായി നല്‍കി. ക്രിസ്തുവര്‍ഷം 547 മാര്‍ച്ച് 21- ബനഡിക്റ്റിനു പനി ശക്തമായി, എഴുന്നേല്‍ക്കാന്‍ പറ്റാത്ത അവസ്ഥ. എങ്കിലും പരിശുദ്ധ കുര്‍ബാന സ്വീകരിക്കുന്നതിന് അദ്ദേഹം താല്‍പര്യം പ്രകടിപ്പിച്ചു. ശിഷ്യഗണം അദ്ദേഹത്തെ ദേവാലയത്തിലേക്ക് കൊണ്ടുപോയി. പള്ളിയിലിരുന്ന് ദിവ്യകാരുണ്യം സ്വീകരിച്ചു. അല്പസമയം കണ്ണുകള്‍ അടച്ച് ധ്യാനനിമഗ്നനായി. തുടര്‍ന്ന് കണ്ണുകള്‍ മെല്ലെ ഉയര്‍ത്തി സ്വര്‍ഗ്ഗത്തിലേയ്ക്ക് നോക്കി, ഇരു കൈകളും നാഥന്റെ പക്കലേയ്ക്ക് അല്പം ഉയര്‍ന്നു. താന്‍ ഉപദേശിച്ച കാര്യങ്ങളെല്ലാം ജീവിതത്തില്‍ കാണിച്ചുകൊടുത്തതിനുശേഷം, കര്‍ത്താവ് പള്ളികൊള്ളുന്ന സക്രാരിയുടെ മുന്നില്‍വച്ചുതന്നെ അദ്ദേഹം മുദ്ര പ്രാപിച്ചു. 

സന്യാസിമാര്‍ കണ്ട ദര്‍ശനം
വി. ബനഡിക്റ്റിന്റെ മരണസമയത്ത് വളരെ വിദൂരതയില്‍ ഒരു ആശ്രമത്തില്‍ താമസിക്കുകയായിരുന്ന രണ്ടു ബനഡിക്റ്റന്‍ സന്യസിന്മാര്‍ക്ക് ഒരു ദര്‍ശനമുണ്ടായി, ആകാശത്തുനിന്ന് ഒരു വലിയ ദിവ്യപ്രകാശം ബനഡിക്റ്റ് മരിച്ചുകിടക്കുന്ന മുറിയിലേക്ക് വന്നു. ഈ കാഴ്ച അതിശയത്തോടെ നോക്കിക്കൊണ്ടിരുന്ന സന്യാസിമാരുടെ അടുത്ത് ഒരു ദൈവദൂതന്‍ പ്രത്യക്ഷപ്പെട്ടു. ഈ ദൂതന്‍ ഈ ദര്‍ശനത്തിന്റെ സാരം വ്യാഖ്യാനിച്ചു. ദൂതന്‍ പറഞ്ഞു; ''ദൈവസ്‌നേഹിയായ ബനഡിക്റ്റ് സ്വര്‍ഗ്ഗത്തിലേക്ക് ആരോഹണം ചെയ്ത വഴിയാണിത്''. ആ പുണ്യാത്മാവ് തമ്പുരാന്റെ അടുക്കലെത്തി. അങ്ങനെ വി. ബനഡിക്റ്റ് അനേകര്‍ക്ക് മദ്ധ്യസ്ഥനായി. 

കബറടക്കം
വിശുദ്ധ യോഹന്നാന്റെ കപ്പേളയിലാണ് ബനഡിക്റ്റിന്റെ സഹോദരിയായ വി. സ്‌കൊളാസ്റ്റിക്കയെ സംസ്‌ക്കരിച്ചത്. ഈ കുഴിമാടത്തോട് ചേര്‍ന്ന് വിശുദ്ധനെയും കബറടക്കി. രണ്ടുപേരെയും ഒരു കുഴിയിലാണ് സംസ്‌ക്കരിച്ചത് എന്ന ഒരു പാരമ്പര്യവും നിലവിലുണ്ട്. വിശുദ്ധന്റെ മരണശേഷം ഏകദേശം നാല്പത് വര്‍ഷം കഴിഞ്ഞപ്പോള്‍ ലൊംബാര്‍ഡുകള്‍ ഈ ആശ്രമം നശിപ്പിച്ചു. തുടര്‍ന്ന് 725 വരെ അത് പരിത്യക്താവസ്ഥയില്‍ കിടന്നു. ഏഴാം നൂറ്റാണ്ടിന്റെ മദ്ധ്യംവരെ ഈ രണ്ടുവിശുദ്ധരുടെയും ശവകുടീരം അവിടെത്തെന്നെ സ്ഥിതി ചെയ്തിരുന്നതായി കണക്കാക്കപ്പെടുന്നു. പിന്നീട് ബനഡിക്റ്റിന്റെ ഭതികാവശിഷ്ടങ്ങള്‍ ഫ്രാന്‍സിലെ സെന്റ് ബെനോയ്റ്റ് സര്‍ലോയര്‍ കൊവേന്തയിലേക്ക് മാറ്റി. ഇന്നും ഈ പൂജ്യാവശിഷ്ടങ്ങള്‍ പ്രസ്തുത ആശ്രമത്തില്‍ സ്ഥിതിചെയ്യുന്നു. 

താപസവൃത്തിയുടെ വഴികാട്ടി
സന്യാസം എന്നാല്‍ കുറച്ച് തപശ്ചര്യകള്‍ മാത്രമാണ് എന്ന് കരുതിയ കാലത്ത് സന്യാസത്തിന് യഥാര്‍ത്ഥനിറം കാണിച്ചുകൊടുത്ത വിശുദ്ധനാണ് ബനഡിക്റ്റ്. 'പ്രാര്‍ത്ഥിക്കുക, അദ്ധ്വാനിക്കുക' എന്നതായിരുന്നു അദ്ദേഹത്തിന്റെ മുദ്രാവാക്യം താപസവൃത്തിയുടെ വഴികാട്ടിയായി അദ്ദേഹത്തെ കരുതുന്നു. മരണാസരുടെ മദ്ധ്യസ്ഥന്‍, നന്മരണമദ്ധ്യസ്ഥന്‍, വിനയശീലത്തിന്റെ വേദപരാംഗതന്‍, പാശ്ചാത്യസന്യാസത്തിന്റെ പിതാവ്, ആശ്രമജീവിതത്തിന്റെ പിതാവ്, ഗുഹാപര്യവേഷകരുടെ മദ്ധ്യസ്ഥന്‍.എന്നീ പേരുകളിലെല്ലാം അദ്ദേഹം അറിയപ്പെടുന്നു. മോന്തെ കസ്സീനോയില്‍ ബനഡിക്റ്റന്‍ ആശ്രമം സ്ഥാപിച്ചതോടുകൂടി ആ സഭയ്ക്കും വിശുദ്ധനും ലോകത്തിന്റെ കണ്ണുകളില്‍ നിന്ന് മറഞ്ഞു നില്‍ക്കുവാനായില്ല. 5700-ല്‍ പരം വിശുദ്ധരെയും 28 മാര്‍പാപ്പമാരെയും 200 കര്‍ദ്ദിനാള്‍മാരെയും 5600 മെത്രാന്മാരെയും 15000 എഴുത്തുകാരെയും ലോകത്തിന് കാഴ്ചവെച്ച യൂറോപ്യന്‍ സംസ്‌കാരത്തിന്റെയും പാശ്ചാത്യസന്യാസത്തിന്റെയും മൂലക്കല്ലായ ബനഡിക്റ്റന്‍ സഭയ്ക്ക് എങ്ങനെ മറഞ്ഞിരിക്കാനാവും. (കടപ്പാട് വി. ബനഡിക്റ്റ്- കെ.പി. വര്‍ക്കി കുന്നേല്‍ പേജ് 40). നൂറ്റാണ്ടുകള്‍ കഴിഞ്ഞു, 1220-ല്‍ ഹൊണോറിയസ് മൂന്നാമന്‍ മാര്‍പാപ്പ അദ്ദേഹത്തെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തി. തുടര്‍ന്ന് യൂറോപ്പിന്റെ മുഴുവന്‍ സംരക്ഷകനായി 1964-ല്‍ പോള്‍ 6-ാമന്‍ മാര്‍പാപ്പ വി. ബനഡിക്റ്റിനെ പ്രഖ്യാപിച്ചു. 
വി. ബനഡിക്റ്റിന്റെ പൂജ്യാവശിഷ്ടം സെന്റ് ബെനോയ്റ്റ് സര്‍ ലോയര്‍ കൊവേന്തയില്‍ സൂക്ഷിച്ചിരിക്കുന്നു. 

വിശുദ്ധ ബനഡിക്റ്റ്, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമെ…