ഫ്രാന്‍സിസ് മാര്‍പാപ്പാ ഒരത്ഭുതമാണ്. അതെ, കാലത്തിന്റെ ആവശ്യകത. വത്തിക്കാന്‍ ബാല്‍ക്കണിയില്‍ പ്രത്യക്ഷപ്പെട്ട മാര്‍പാപ്പാ ജനങ്ങളോട് തന്നെ ആശിര്‍വദിക്കാന്‍ യാചിച്ചതും, പ്രസംഗത്തിനിടയില്‍ തന്റെ അടുക്കലേക്ക് ഓടിവന്ന കുഞ്ഞിനെ ശിശുഹൃദയത്തോടെ സ്‌നേഹപൂര്‍വ്വം ലാളിച്ചതും മറ്റൊരവസരത്തില്‍ വികൃത മുഖത്തോടുകൂടിയ ഒരു സഹോദരനെ ആലിംഗനം ചെയ്തതും സമൂഹം വെറുക്കുന്നവരുടെ പാദങ്ങള്‍ കഴുകിയതും.....ചരിത്രത്തെതന്നെ എളിമയുടെ കാല്പാടുകൊണ്ട് തിരുത്തിക്കുറിച്ച് തുറന്ന ഹൃദയത്തോടെ ഈശോയുടെ പാതയെ പിന്തുടരുന്നവന്‍.....

സന്തുഷ്ടജീവിതത്തിനു ഫ്രാന്‍സിസ് മാര്‍പാപ്പാ നിര്‍ദ്ദേശിച്ച പത്ത് വഴികള്‍ മനുഷ്യമനസുകളില്‍ സ്ഥാനം പിടിച്ചു. അര്‍ജന്റീനയിലെ 'വിവ' എന്ന മാഗസിനു നല്‍കിയ അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ഏറ്റവും താഴ്മയോടെ ഇടപെടുകയും ശാന്തമായി മഹത്വപൂര്‍ണ്ണനായി നിലകൊണ്ട് സമാധാനത്തിനുവേണ്ടി പോരാടുകയും ചെയ്യുക എന്നതാണ് എപ്പോഴും സന്തോഷവനായി കാണപ്പെടുന്നതിന്റെ രഹസ്യം എന്ന് മാര്‍പാപ്പ വ്യക്തമാക്കുന്നു.
സ്വന്തം ജീവിതാനുഭവങ്ങളില്‍ നിന്നും ഉരുത്തിരിഞ്ഞ പത്ത് പകര്‍പ്പുകള്‍, നാം നമ്മുടെ ജീവിതത്തിലേക്ക് പകര്‍ത്തേണ്ട പത്ത് മാതൃകകള്‍. കാലത്തിനനുസരിച്ചു ഒരു വ്യക്തിയുടെ ലളിതമായ ജീവിതത്തില്‍ ചുരുങ്ങിയ സാമ്പത്തികശാസ്ത്രത്തില്‍ അനുഷ്ഠിക്കേണ്ട ഏറ്റവും ലളിതമായ മാതൃകപരമായ ഉപദേശങ്ങളാണ് ഇതിന്റെ ഉള്ളടക്കം. മനുഷ്യമനസ്സുകളെ നേരായി നയിക്കാനുതകുന്ന ആത്മിയ വെളിച്ചത്തിന്റെ ചൂണ്ടുപലകയെന്നു ഈ പത്ത് പ്രമാണങ്ങളെ വിളിക്കാം.

1.    ജീവിക്കുക, ജീവിക്കാനനുവദിക്കുക
സമാധാനവും സന്തോഷവും കൈവരിക്കുന്നതിനുള്ള ആദ്യ ചവിട്ടുപടി.
ഇതു മൗലികവകാശമാണ്. ഈ അവകാശം മൂല്യങ്ങളായി എടുക്കേണ്ട മാനവികതത്വമാണെന്ന് മാര്‍പാപ്പാ വെളിപ്പെടുത്തുന്നു. മനുഷ്യര്‍ക്ക് മൗലികാവകാശങ്ങള്‍ നല്‍കിയത് ദൈവമാണ്. രാഷ്ട്രീയനിയമങ്ങള്‍ക്കോ, തത്വസംഹിതകള്‍ക്കോ അവ നിഷേധിക്കാനാവില്ല. ജീവിക്കാനുള്ള അവകാശം അതില്‍ പ്രധാനപ്പെട്ടതാണ്.
ജീവനും ജീവിതവും ദൈവമാണ്. ദാനമായ ജീവന്‍ നശിപ്പിക്കാന്‍ നമുക്ക് അവകാശമില്ല. സന്തോഷത്തോടെ ജീവിക്കുക മറ്റുള്ളവര്‍ക്ക് സന്തോഷം പകര്‍ന്നുനല്‍കി അവരെയും ജീവിക്കാനനുവദിക്കുക. അവിടെ സമാധാനത്തിന്റെ ദിപം തെളിയും.

2.    നിങ്ങളെ മറ്റുള്ളവര്‍ക്കായി നല്കുക
മറ്റുള്ളവരിലേയ്ക്ക് തുറവിയുള്ളവരായിരിക്കുക. അന്യന്റെ സുഖദുഃഖങ്ങളില്‍ പങ്കുകരാകുക. കെട്ടികിടക്കുന്ന വെള്ളമാണ് വേഗം ദുഷിക്കുക. അത് സ്വാര്‍ത്ഥതയുടെ ലക്ഷണമാണെന്ന് മാര്‍പാപ്പാ വ്യക്തമാക്കുന്നു.
പലവിധത്തിലുള്ള സമ്പത്ത് നമുക്ക് കാണാം. അത്, ആരോഗ്യമാകാം, സമയമാകാം, പണമോ പദവിയോ ആകാം.
ചുറ്റുപാടും ഒന്നും കണ്ണോടിക്കുകയാണെങ്കില്‍ പലരീതിയില്‍ ദുരിതമനുഭവിക്കുന്നവരെ കാണുവാന്‍ സാധിക്കും. ഇവരിലാരുടെയെങ്കിലും ജീവിതത്തില്‍ ഒരു കൈത്താങ്ങാകുവാന്‍ സാധിച്ചാല്‍ നമുക്ക് ചെയ്യാവുന്ന ഏറ്റവും വലിയ പുണ്യപ്രവൃത്തിയായിരിക്കും. ഇവരെല്ലാം വിശാലമനസ്‌ക്കരായവരുടെ കരുണയ്ക്കായി യാചിക്കുന്നു.
ഉപകാരമില്ലാത്ത 100 വര്‍ഷം ജീവിക്കുന്നതിനേക്കാള്‍ നല്ലത് ഉപകാരമുള്ള ഒരുദിവസം ജീവിക്കുന്നതാണ്.
ഈ ചെറുജിവിതം എത്രയോ മഹത്തരമണ്. വിലകുറച്ചതിനെ കാണരുതേ.......ഒപ്പം സോദരന്റെ ജീവിതത്തെയും....

3.    ജീവിതത്തില്‍ ശന്തത കൈവെടിയാതിരിക്കുക
ശാന്തശീലര്‍ ഭാഗ്യവാന്മാര്‍; അവര്‍ ഭൂമി അവകാശമാക്കും (മത്തായി 5:5)
കുത്തിയൊഴുകുന്ന നദി എല്ലാം തകര്‍ത്തുകളയുന്നു. എന്നാല്‍ ശാന്തമായി ഒഴുകുന്നത് ഒന്നും നശിപ്പിക്കുന്നില്ല എന്നുമാത്രമല്ല. എല്ലാത്തിനും ഉപകരിക്കുന്നു.
റിക്കോര്‍ഡോ ഗിരാല്‍ഡസിന്റെ നോവലിനെ ആസ്പദമാക്കിയാണ് പാപ്പാ ജീവിത്തില്‍ ശാന്തത കൈവരിക്കണം എന്ന് പറഞ്ഞത്. ഒരു വ്യക്തി അയാളുടെ കഴിഞ്ഞുപോയകാലത്തെ തിരിഞ്ഞുനോക്കുന്ന കഥാസന്ദര്‍ഭമുണ്ട് ഈ നോവലില്‍. യൗവനകാലത്ത് പാറകളില്‍ തട്ടി കുതിച്ചൊഴുകുന്ന നദി ആയിരുന്നു അയാള്‍. ഒരു പുഴപോലെയായിരുന്നു അദ്ദേഹത്തിന്റെ മധ്യവയസ്സിലെ ജീവിതം. വാര്‍ദ്ധക്യമായപ്പോഴേയ്ക്കും സമാധാനത്തില്‍ ചലിക്കുന്ന കുളത്തിലെ വെള്ളം പോലെ....പാപ്പാ പറയുന്നത്.''ഏറ്റവും അവസാനം പറഞ്ഞ ചിത്രം പോലെയാകാനാണ് എനിക്കിഷ്ടം. ജീവിതത്തിന്റെ ശാന്തത അനുഭവിച്ച്, കാരുണ്യവും വിനയവും പ്രസരിപ്പിച്ച് നിലകൊള്ളാനാണ് ഞാനിഷ്ടപ്പെടുന്നത്.''

ശാന്തതയില്ലാത്ത, ക്ഷമിക്കാന്‍ സാധിക്കാതെ വരുന്ന സാഹചര്യങ്ങള്‍ നിത്യസംഭവങ്ങളാണ്. ഉദാഹരണത്തിന്, നാം നമ്മുടെ വാഹനത്തില്‍ യാത്രയില്‍ ആണെന്ന് കരുതുക. വേഗത്തില്‍ ഹോണടിച്ചു ശല്യപ്പെടുത്തി മറ്റൊരു വാഹനം നമ്മുടെ വാഹനത്തെ മറികടക്കുകയാണെങ്കില്‍....അയാളോടുള്ള ദേഷ്യത്താന്‍ നമ്മുടെ മനസ് നിറയും.... കോപം നിയന്ത്രിക്കാനാവാതെ അയാളെ മനസ്സില്‍ ചീത്ത വിളിക്കും. സ്വാഭാവികം.. പക്ഷെ, നിങ്ങള്‍ വൈരാഗ്യംവച്ച് പുലര്‍ത്തുന്നത് ആ വാഹനത്തിലുള്ളവര്‍ അറിയുന്നുണ്ടോ....? ജീവിതത്തിന്റെ എല്ലാ രസങ്ങളും അറിഞ്ഞു അവര്‍ മുന്നോട്ടു പോയി..നഷ്ടം നിങ്ങള്‍ക്ക് തന്നെ..

അതെ, ഇതുപോലെയുള്ള നിസാരസന്ദര്‍ഭങ്ങളില്‍പോലും ശാന്തതയും ക്ഷമയും കൈ വെടിയാതിരിക്കുക...സോറി പറയുക. എളിമയോടെ, ശാന്തതയോടെ ക്ഷമിക്കാന്‍ സാധിക്കുന്നവര്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുന്ന ഒരു പ്രയോഗം...തെറ്റുചെയ്താല്‍ അത് ഉള്‍ക്കൊള്ളാനും ക്ഷമപറയാനും സാധിക്കണം. ഇല്ലെങ്കില്‍ അത് ഒരു കനലായി കിടന്ന് നീറും. ജീവിതത്തില്‍ ശാന്തതയോടെ എല്ലാത്തിനെയും സമീപിക്കാം..

4.    ഒഴിവുവേളകള്‍ ആരോഗ്യകരമായി ചെലവഴിക്കുക
''അലസത പിശാചിന്റെ പണിപ്പുരയാണ്.''
ഫ്രാന്‍സിസ്പാപ്പ അദ്ദേഹത്തിന്റെ ഒഴിവുവേളകള്‍ ചെലവഴിക്കുന്നത് എഴുത്തിലും വായനയിലുമാണ്. ഒഴിവുവേളകള്‍ ഏറ്റവും ആസ്വാദകരമായി തനിക്കനുഭവപ്പെടുന്നത് കുട്ടികളോടൊപ്പം കളിക്കുമ്പോള്‍ ആണെന്ന് പാപ്പാ പറയുന്നു.

കുഞ്ഞുങ്ങള്‍ ഭക്ഷിക്കാന്‍ ഇരിക്കുമ്പോള്‍ അവരെ ടെലിവിഷന്‍ കാണാന്‍ അനുവദിക്കരുത്. കുഞ്ഞുമനസ്സുകള്‍ ടെലിവിഷനില്‍ അടിമപ്പെടുന്നതിനെ അദ്ദേഹം എതിര്‍ക്കുന്നു. സ്‌നേഹത്തിന്റെ വിരുന്നില്‍, ഭക്ഷണം കഴിക്കുന്ന സമയമെങ്കിലും ടെലിവിഷന്‍ പരിപാടികള്‍ കുഞ്ഞുങ്ങളെ കാണാന്‍ സമ്മതിക്കരുതെന്നും മാതാപിതാക്കളെ ഓര്‍മ്മിപ്പിക്കുന്നു. കുഞ്ഞുങ്ങള്‍ കണ്ണുതുറക്കുംമുന്‍പ് ജോലിക്ക് പോകുകയും മക്കള്‍ ഉറങ്ങിക്കഴിഞ്ഞ് മടങ്ങിയെത്തുകയും ചെയ്യുന്ന മാതാപിതാക്കളും ഇതു ചെയ്യാന്‍ കടപ്പെട്ടവരാണ്. ഉപഭോഗസംസ്‌കാരം നമ്മെ അനാവശ്യമായ സമ്മര്‍ദ്ദത്തിലെത്തിക്കുന്നു.

ചെറിയ ജീവിതം.. കുറഞ്ഞ സമയം.. നന്മകള്‍ ചെയ്യാന്‍ ധാരാളം അവസരങ്ങള്‍.....നന്മകള്‍ കൊണ്ട് നമ്മുടെ തുലാസ് തൂങ്ങട്ടെ.

5.    ഞായറാഴ്ചകള്‍ കുടുംബത്തിനായി മാറ്റിവയ്ക്കുക
''കര്‍ത്താവിന്റെ ദിവസം പരിശുദ്ധമായി ആചരിക്കണം'' (പുറപ്പാട് : 20:8)
എല്ലാ ഞായറാഴ്ചകളും കുടുംബത്തിനുവേണ്ടി മാറ്റിവയ്ക്കണമെന്ന് മാര്‍പാപ്പാ നമ്മോടു ആവശ്യപ്പെടുന്നു. കര്‍ത്താവിന്റെ ദിവസം പരിശുദ്ധമായി കുടുംബത്തോടൊപ്പം ആചരിക്കണം. തൊഴിലാളികള്‍ ഞായറാഴ്ച തൊഴില്‍ദിനമായി ആചരിക്കരുത്. ഒരു വ്യക്തിയുടെ പൂര്‍ണത കുടുംബത്തിലാണ്. ഈ ദിനം കുടുംബത്തോടൊപ്പം ആയിരിക്കണം. മാതാപിതാക്കളും, കുഞ്ഞുങ്ങളും, സഹോദരീ സഹോദരങ്ങളും ഒത്തൊരുമയോടെ സന്തോഷം പങ്കുവയ്ക്കണം.

6.    യുവജനങ്ങളെ പ്രചോദനപരമായ മാന്യതയുള്ള ജോലികളില്‍ ഉള്‍പ്പെടുത്തുക.
യുവജനങ്ങള്‍ക്ക് അന്തസ്സും മാന്യതയുമുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക. അവസരങ്ങളില്ലാതാകുമ്പോള്‍ അവര്‍ മദ്യപാനം, മയക്കുമരുന്ന് തുടങ്ങി പലവിധ ആസക്തികള്‍ക്കു അടിമപ്പെടുകയും അതുവഴി ആത്മഹത്യയിലേക്ക് എത്തിച്ചേരുകയും ചെയ്യും. യുവജനങ്ങള്‍ക്കിടയിലെ ആത്മഹത്യാപ്രവണതയെക്കുറിച്ച് പാപ്പാ ആശങ്കപ്പെടുന്നു. ഏതൊരു പച്ചിലയും പഴുക്കാത്ത ഇലയായി പരിണമിക്കുന്നില്ല. ജീവിതത്തിന്റെ ഏറ്റവും പച്ചപ്പ് നിറഞ്ഞ കാലഘട്ടം. ഇന്നു യുവത്വം മാറി. യുവതീയുവാക്കളും മാറി. ഇന്ന് ന്യൂജെനറേഷന്‍ സംസ്‌കാരത്തിന്റെ നടുവേ ഓടിക്കൊണ്ടിരിക്കുകയാണ്. ഇതു അനിവാര്യം തന്നെ. യുവത്വകാലഘട്ടത്തില്‍ നാം ഏറ്റവും കൂടുതല്‍ സമ്പാദിക്കുന്നു. എന്താണ് സമ്പാദിക്കേണ്ടത്? ഇവിടെയാണ് നമ്മുടെ യുവത്വത്തിന്റെ പരാജയം. ഒരു യുവാവിനെ അല്ലെങ്കില്‍ യുവതിയെ സംബന്ധിച്ചിടത്തോളം ആരു വിളിച്ചാലും നില്‍ക്കാതെ, ആരു പറഞ്ഞാലും കേള്‍ക്കാതെ, ആരുടെ പിടിയിലും നില്‍ക്കാതെ പ്രയാണം നടത്തുന്ന അപധസഞ്ചാരമേഖല. ദൈവികനിയമങ്ങളുടെ പരിധിക്കുള്ളില്‍ യുവത്വത്തെ കെട്ടിയുയര്‍ത്താന്‍ സാധിച്ചില്ലെങ്കില്‍ നമ്മള്‍ പരാജയപ്പെടുന്നത് നമ്മുടെ ജീവിതത്തോടുതന്നെയായിരിക്കും. യൗവനത്തിലെ പവിത്രമായ ജീവിതം. ജീവിതാന്ത്യംവരെ യുവത്വം നിലനിര്‍ത്താനും അതിന്റെ മധുരഫലങ്ങള്‍ ആസ്വദിക്കാനും സാധിക്കും. ജീവിതമുല്യങ്ങള്‍ ന്യൂജെനറേഷന്‍ സംസ്‌കാരിത്തിനുവേണ്ടി ബലികഴിക്കരുത്.

7.    പ്രകൃതിയോടു ബഹൂമാനമുള്ളവരായിരിക്കുക
പ്രകൃതിയെ സ്‌നേഹിക്കാനും സംരക്ഷിക്കാനും മാര്‍പാപ്പ നമ്മോടു ആവശ്യപ്പെടുന്നു. സൃഷ്ടിജാലത്തിന് കരുതലേകാന്‍ നമുക്ക് കടമയുണ്ട്. പക്ഷേ, നാമത് ചെയ്യുന്നുണ്ടോ?
ഇതുതന്നെയാണ് നമ്മുടെ മുന്‍പിലുള്ള വെല്ലുവിളി. നമ്മോടായി നാം ചോദിക്കാത്ത ഒരു ചോദ്യം ഉണ്ട്. കൊടും ഭീകരതയോടെ ഈ പ്രകൃതിയെ നശിപ്പിക്കന്നതുമൂലം നാം സ്വയം ആത്മഹത്യ നടത്തുകയല്ലേ? നാം വരുംതലമുറയോട് ചെയ്യുന്ന കൊടുംക്രൂരത യാണിത്.

8.    നിഷേധാത്മകമായി പ്രതികരിക്കാതെയിരിക്കുക
''നീ സഹോദരന്റെ കണ്ണിലെ കരട് കാണുകയും നിന്റെ കണ്ണിലെ തടികഷണം ശ്രദ്ധിക്കാതെയിരിക്കുകയും ചെയ്യുന്നതെന്തുകൊണ്ട്?'' (മത്തായി : 7:3)
സ്വന്തം തെറ്റുകളും കുറവുകളും മറച്ചുകൊണ്ട് പലപ്പോഴും മറ്റുള്ളവരുടെ തെറ്റുകള്‍ ഉയര്‍ത്തിക്കാട്ടുന്നവരാണ് നാം. ഇതു നമ്മുടെ ആത്മവിശ്വാസമില്ലായ്മയാണ്. ഇത്തരം ചിന്തകള്‍ ഒഴിവാക്കാന്‍ പാപ്പാ ആവശ്യപ്പെടുന്നു. നിഷേധാത്മകമായ ചിന്തകളില്‍ നിന്നും സംസാരത്തില്‍നിന്നും അകന്ന്, ആരോഗ്യകരമായ ഒരു മനസ്സിനെ മെനഞ്ഞെടുക്കണം.

9.    മതപരിവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കാതെയിരിക്കുക
മറ്റുള്ളവരുടെ വിശ്വാസങ്ങളെയും അനുഷ്ഠാനങ്ങളേയും ആദരിക്കണം. മറ്റു മതക്കാരെ പ്രോത്സാഹിപ്പിക്കുകയും അവരുടെ വിശ്വാസാനുഷ്ഠാനങ്ങളെ മാനിക്കുകയും ചെയ്യണം. ആശയവിനിമയത്തിലൂടെയാണ് ഒരാള്‍ക്ക് അല്ലെങ്കില്‍ ഒരു സമൂഹത്തിനു വളരാന്‍ സാധിക്കുന്നത്. നമ്മുടെ സാക്ഷ്യങ്ങള്‍ മറ്റുള്ളവര്‍ക്ക് പ്രചോദനമായി മാറണം. അങ്ങനെ, മതസൗഹാര്‍ദം വളര്‍ത്തിയെടുക്കണം. സഭ വളരേണ്ടത് വിശ്വാസസത്യങ്ങളില്‍ അടിയുറച്ചുകൊണ്ടാണ്. മതപരിവര്‍ത്തനത്തിനു പ്രോത്സാഹിപ്പിക്കുന്നത് വളര്‍ച്ചയെക്കാള്‍ തളര്‍ച്ച ഉളവാക്കാനാണ് സാധ്യത.

10.    സമാധാനത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുക.
''സമാധാനം കാംക്ഷിക്കൂ...അതിനായി പ്രാര്‍ത്ഥിക്കൂ....''
സംഘര്‍ഷങ്ങളുടെയും യുദ്ധങ്ങളുടെയും നടുവിലാണ് നാമിന്ന്. സമാധാനത്തിനുവേണ്ടി നാം സ്വരമുയര്‍ത്തണം. സമാധാനമെന്നാല്‍ അതു ശാന്തമല്ല. സമാധാനം സദാ കര്‍മ്മനിരതമായി മാറ്റങ്ങള്‍ക്കനുസരിച്ചു കാലോചിതമായി പ്രവര്‍ത്തിക്കണം. സന്തോഷം കണ്ടെത്താനുള്ള ഫ്രാന്‍സിസ് മാര്‍പാപ്പായുടെ ഈ പത്തു വഴികള്‍ ആധുനിക കാലത്ത് വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്നു. വളരെ ലളിതമായ കാര്യങ്ങള്‍ മാത്രമേ പാപ്പാ പറഞ്ഞിട്ടുള്ളൂ. ഇവ പ്രായോഗികജീവിതത്തില്‍ പ്രയോജനപ്പെടുത്താന്‍ പ്രയാസമുള്ളതല്ല. കുടുംബങ്ങള്‍തമ്മില്‍ പരസ്പരധാരണയോടെ വിശ്വാസം ആര്‍ജിച്ച് സ്‌നേഹത്തിലും സമാധാനത്തിലും വ്യാപരിക്കുവാന്‍ ഈ വഴികള്‍ ഉപകരിക്കും.