പ്രാരംഭ ഗാനം 
(മറിയമേ നിന്റെ .................................. എന്ന രീതി)

ഈശോതന്‍ ദിവ്യ ഹൃദയമേ നിന്നെ
സ്‌നേഹിപ്പാന്‍ കൃപയേകണേ
നിന്‍ തിരുരക്തം വിലയായി നല്‍കി നീ
ലോകത്തില്‍ പാപം മോചിച്ചു.

കല്‍പ്പനതെല്ലും പാലിക്കാതെ ഞാന്‍
ഇന്നോളമങ്ങേ ദ്രോഹിച്ചു
പാപങ്ങളെല്ലാം വിസ്മരിച്ചെന്നേ
പൂര്‍ണ്ണമായ് കൈകൊണ്ടിടണേ.

കനിവോടെ എന്നെ കാക്കണേ എന്റെ 
യാചനയെല്ലാം കേള്‍ക്കണേ
ഇനിമേലിന്നുതൊട്ടൊരുനാളുമങ്ങ്
പിരിയാതിരിപ്പാന്‍ തുണയേകൂ.

പ്രാരംഭ പ്രാര്‍ത്ഥന
അനന്ത നന്മസ്വരൂപിയായ ദൈവമേ. അങ്ങയെ ഞങ്ങള്‍ ആരാധിക്കുന്നു. അങ്ങേ ഏകപുത്രനെ  ഈ ലോകത്തിലേക്കയച്ച്  പാപാന്ധകാരത്തില്‍ നിപതിച്ച മനുഷ്യരാശിയെ രക്ഷിക്കാന്‍ തിരുമനസ്സായതിനെ ഓര്‍ത്ത് ഞങ്ങള്‍ അങ്ങയെ സ്തുതിക്കുന്നു. ഞങ്ങളുടെ രക്ഷയും ആശ്രയവുമായ ഈശോയെ പാപികളായ ഞങ്ങളോരോരുത്തരെയും അങ്ങ് കാത്ത് രക്ഷിക്കണമേ. അങ്ങേ ദിവ്യ ഹൃദയം വഴിയായി അപേക്ഷിക്കുന്ന സകലവും ലഭിക്കുമെന്ന് അങ്ങ് വാഗ്ദാനം ചെയ്തിട്ടുണ്ടല്ലോ. ഈശോയുടെ തിരുഹൃദയ ഭക്തരായ ഞങ്ങളുടെ പ്രാര്‍ത്ഥനകള്‍ അങ്ങ് കൈകൊള്ളണമേ. പ്രത്യേകമായി ഈ നൊവേനയില്‍ ഞങ്ങളപേക്ഷിക്കുന്ന കാര്യങ്ങള്‍.......സാധിച്ചു തന്ന് ഞങ്ങള്‍ക്കു സമാധാനവും സഹായവും നല്‍കണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു. 1. സ്വര്‍ഗ, 1 നന്മ 1 ത്രിത്വ

സമൂഹ പ്രാര്‍ത്ഥന
(ഈശോ വിശുദ്ധ മര്‍ഗരീത്താ മറിയത്തിനു പ്രത്യക്ഷപ്പെട്ട് നല്‍കിയ 12 വാഗ്ദാനങ്ങളെക്കുറിച്ച് നമുക്കു ധ്യാനിക്കാം.)

1.'എന്റെ ദിവ്യഹൃദയ ഭക്തരുടെ ജീവിതാന്തസ്സിനു വേണ്ട എല്ലാ അനുഗ്രഹങ്ങളും ഞാന്‍ പ്രധാനം ചെയ്യും' എന്നരുളിചെയ്ത ഈശോയെ ഞങ്ങളെ അനുഗ്രഹിക്കണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.
സമൂ: ഞങ്ങളെ അനുഗ്രഹിക്കേണമേ.

2.'അവരുടെ കുടുംബങ്ങളില്‍ ഞാന്‍ സമാധാനം നല്‍കും.' എന്നരുളിചെയ്ത ഈശോയെ 
സമൂ: ഞങ്ങളെ അനുഗ്രഹിക്കേണമേ.

3.'അവരുടെ സങ്കടങ്ങളില്‍ ഞാന്‍ അവരെ ആശ്വസിപ്പിക്കും.'എന്നരുളിചെയ്ത ഈശോയെ 
സമൂ: ഞങ്ങളെ അനുഗ്രഹിക്കേണമേ.

4.'ജീവിതകാലത്തും പ്രത്യേകം അവരുടെ മരണ സമയത്തും ഞാന്‍ അവര്‍ക്ക് ഉറപ്പുള്ള സങ്കേതമായിരിക്കും' എന്നരുളിചെയ്ത ഈശോയെ
സമൂ: ഞങ്ങളെ അനുഗ്രഹിക്കേണമേ.

5.'അവരുടെ എല്ലാ പ്രയത്‌നങ്ങളിലും ഞാന്‍ അനവധി ആശിര്‍വാദങ്ങള്‍ നല്‍കും ' എന്നരുളിചെയ്ത ഈശോയെ.
സമൂ: ഞങ്ങളെ അനുഗ്രഹിക്കേണമേ.

6.'പാപികളെന്റെ ഹൃദയത്തില്‍ അനുഗ്രഹത്തിന്റെ വററാത്ത ഉറവയും  സമുദ്രവും കണ്ടെത്തും' എന്നരുളി ചെയ്ത ഈശോയെ.
സമൂ: ഞങ്ങളെ അനുഗ്രഹിക്കേണമേ.

7.'മന്ദതയുള്ള ആത്മാക്കള്‍ അതിവേഗം പരിപൂര്‍ണ്ണതയുടെ പദവിയില്‍ പ്രവേശിക്കും ' എന്നരുളി ചെയ്ത ഈശോയെ.
സമൂ: ഞങ്ങളെ അനുഗ്രഹിക്കേണമേ.

8.'തീക്ഷ്ണതയുള്ള ആത്മാക്കള്‍ അതിവേഗം പരിപൂര്‍ണ്ണതയുടെ പദവിയില്‍ പ്രവേശിക്കും' എന്നരുളിചെയ്ത ഈശോയെ.
സമൂ: ഞങ്ങളെ അനുഗ്രഹിക്കേണമേ.

9.'എന്റെ തിരുഹൃദയ രൂപം പ്രതിഷ്ഠിച്ചു വണങ്ങുന്ന ഭവനങ്ങളില്‍ എന്റെ ആശിര്‍വാദം ഉണ്ടാകും.' എന്നരുളിചെയ്ത ഈശോയെ
സമൂ: ഞങ്ങളെ അനുഗ്രഹിക്കേണമേ.
10.' കഠിന ഹൃദയരായ പാപികളെ മനസ്സു തിരിക്കുന്നതിനുള്ള വരം വൈദീകര്‍ക്കും ഞാന്‍ നല്‍കും.' എന്നരുളിചെയ്ത ഈശോയെ.
സമൂ: ഞങ്ങളെ അനുഗ്രഹിക്കേണമേ.

11.'തിരുഹൃദയ ഭക്തി പ്രചരിപ്പിക്കുന്നവരുടെ നാമം എന്റെ ഹൃദയത്തില്‍ ഞാന്‍ സൂക്ഷിക്കും.' എന്നരുളിചെയ്ത ഈശോയെ.
സമൂ: ഞങ്ങളെ അനുഗ്രഹിക്കേണമേ.

12.'ഒന്‍പത് ആദ്യ വെള്ളിയാഴ്ച തുടര്‍ച്ചയായി വിശുദ്ധ കുര്‍ബ്ബാന സ്വീകരിക്കുന്നവര്‍ക്ക് അവസാനം വരെയുള്ള നിലനില്‍പ്പിന്റെ വരം നല്‍കും.' എന്നരുളിചെയ്ത ഈശോയെ 
സമൂ: ഞങ്ങളെ അനുഗ്രഹിക്കേണമേ.

പ്രാര്‍ത്ഥിക്കാം
'വഴിയും സത്യവും ജീവനും ഞാനാകുന്നു' എന്നും ' അദ്ധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ എല്ലാവരും എന്റെ അടുക്കല്‍ വരുവിന്‍ ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം ' എന്നും ' എന്റെ നാമത്തില്‍ നിങ്ങളെന്നോട് അപേക്ഷിക്കുന്നതെല്ലാം ഞാന്‍ നിങ്ങള്‍ക്കു തരും.' എന്നും അരുള്‍ ചെയ്ത ഈശോ നാഥാ, അങ്ങ് ഞങ്ങളുടെ പ്രാര്‍ത്ഥനകള്‍ കൈകൊണ്ട് ഞങ്ങളെ അനുഗ്രഹിക്കണമെന്ന് ഞങ്ങള്‍ അപേക്ഷിക്കുന്നു ആമ്മേന്‍.

ലുത്തിനിയ
കാര്‍മ്മി: നമുക്കെല്ലാവര്‍ക്കും വിശ്വാസത്തോടും പ്രതീക്ഷയോടും കൂടെ ഈശോയുടെ ദിവ്യ ഹൃദയമേ ഞങ്ങളെ അനുഗ്രഹിക്കണമേ എന്നു പ്രാര്‍ത്ഥിക്കാം.
സമൂ: ഈശോയുടെ ദിവ്യ ഹൃദയമേ, ഞങ്ങളെ അനുഗ്രഹിക്കണമേ

കാര്‍മ്മി: കാലിത്തൊഴുത്തില്‍ പിറന്ന് മുപ്പത്തിമൂന്ന് വത്സരം ഇഹലോകത്തില്‍ ജീവിച്ച് കാല്‍വരിയില്‍ കുരിശില്‍ മരിച്ച്. മൂന്നാം ദിനം ഉയിര്‍ത്തെഴുന്നേററ് ഞങ്ങളെ രക്ഷിച്ച ഈശോ നാഥാ ഞങ്ങളെ അനുഗ്രഹിക്കണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.
സമു: ഈശോയുടെ ദിവ്യ ഹൃദയമേ, ഞങ്ങളെ അനുഗ്രഹിക്കണമേ

കാര്‍മ്മി: ഞങ്ങളുടെ നിരവധിയായ പാപങ്ങള്‍ ഞങ്ങളോട് ക്ഷമിക്കണമെന്നും മേലില്‍ പാപത്തില്‍ വീഴാതെ ഞങ്ങളെ അനുഗ്രഹിക്കണമെന്നും ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.
സമു: ഈശോയുടെ ദിവ്യ ഹൃദയമേ, ഞങ്ങളെ അനുഗ്രഹിക്കണമേ

കാര്‍മ്മി: പ്രകൃതി ക്ഷോഭം, തീരാരോഗങ്ങള്‍, അപകടങ്ങള്‍, ദാരിദ്രം ഇവയില്‍ നിന്നും മോചനം നല്‍കി ഞങ്ങളെ അനുഗ്രഹിക്കണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. 
സമു: ഈശോയുടെ ദിവ്യ ഹൃദയമേ, ഞങ്ങളെ അനുഗ്രഹിക്കണമേ

കാര്‍മ്മി: നല്ല കാലാവസ്ഥയും സമൃദ്ധമായ വിളവുകളും നല്‍കി ഞങ്ങളെ അനുഗ്രഹിക്കണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. 
സമു : ഈശോയുടെ ദിവ്യ ഹൃദയമേ, ഞങ്ങളെ അനുഗ്രഹിക്കണമേ

കാര്‍മ്മി: എല്ലാ മനുഷ്യരും സഹോദസ്‌നേഹത്തിലും സഹവര്‍ത്തിത്വത്തിലും സാധുജനാനുകമ്പയിലും വളര്‍ന്നു വരുവാന്‍ അനുഗ്രഹിക്കണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.
സമു: ഈശോയുടെ ദിവ്യ ഹൃദയമേ, ഞങ്ങളെ അനുഗ്രഹിക്കണമേ 

കാര്‍മ്മി: ഞങ്ങളുടെ മക്കള്‍ സ്‌നേഹത്തിലും അനുസരണയിലും ദൈവഭക്തിയിലും അധികാരാദരവിലും വളര്‍ന്നു വരുവാന്‍ അനുഗ്രഹിക്കണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.
സമു: ഈശോയുടെ ദിവ്യ ഹൃദയമേ, ഞങ്ങളെ അനുഗ്രഹിക്കണമേ

കാര്‍മ്മി: എല്ലാ വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികളും പഠനത്തില്‍ സമര്‍ത്ഥരും സഹപാഠികളോടും സ്‌നേഹമുള്ളവരും അദ്ധ്യാപകരോട് ആദരവുള്ളവരുമായി വളര്‍ന്നു വരുവാന്‍ അനുഗ്രഹിക്കണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. 
സമു: ഈശോയുടെ ദിവ്യ ഹൃദയമേ, ഞങ്ങളെ അനുഗ്രഹിക്കണമേ

കാര്‍മ്മി: ഈ നൊവേനയില്‍ സംബന്ധിച്ച് ഞങ്ങള്‍ ഓരോരുത്തരുടേയും ആവശ്യങ്ങള്‍ സാധിച്ചു തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.
സമു: ഈശോയുടെ ദിവ്യ ഹൃദയമേ, ഞങ്ങളെ അനുഗ്രഹിക്കണമേ

പ്രാര്‍ത്ഥിക്കാം.
എന്റെ ഈശോയെ ഗാഗുല്‍ത്താമലയില്‍ രണ്ടു കള്ളന്മാരുടെ നടുവില്‍ കുരിശിന്മേല്‍ തൂങ്ങികിടന്ന് അങ്ങേ തിരുഹൃദയം കുന്തത്താല്‍ കുത്തിത്തുറക്കപ്പെട്ട് അവസാന തുള്ളി രക്തം വരെ ചിന്തി മനുഷ്യകുലത്തെ രക്ഷിച്ചതിനെയോര്‍ത്ത് ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. ഞങ്ങളുടെ പാപങ്ങളുടെ കാഠിന്യത്താലാണ് അങ്ങ് ഇത്ര കഠോരമായ പീഡകള്‍ സഹിച്ചത് എന്നോര്‍ത്ത് ഞങ്ങള്‍ പൊറുതിയപേക്ഷിക്കുന്നു. കരുണാവാരിധിയും പാപങ്ങള്‍ പൊറുക്കുന്നവനുമായ ദൈവമേ അങ്ങേ സന്നിധിയില്‍ കേണപേക്ഷിക്കുന്ന ഞങ്ങളുടെ പാപങ്ങള്‍ മാച്ചുകളയുകയും സ്വര്‍ഗ്ഗഭാഗ്യത്തിന് അര്‍ഹരാക്കുകയും ചെയ്യണമേ. നിത്യം പിതാവും പുത്രവും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ ആമേന്‍.

സമാപനപ്രാര്‍ത്ഥന
സ്‌നേഹം നിറഞ്ഞ ഈശോയുടെ ദിവ്യ ഹൃദയമേ അങ്ങേ തിരുമുമ്പില്‍ സാഷ്ടാംഗം പ്രണമിച്ച് എന്റെ പൂര്‍ണ്ണ ഹൃദയത്തോടെ അങ്ങയെ ആരാധിക്കുന്നു. അങ്ങേ ദിവ്യഹൃദയത്തില്‍ എന്റെ ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു. കാരുണ്യവാനായ ഈശോയെ പാപത്താല്‍ വിരൂപമായിരിക്കുന്നതും കോപാഗ്‌നിയാല്‍ ജ്വലിക്കുന്നതുമായ എന്റെ ഹൃദയത്തെ കടാക്ഷിക്കണമെ. എന്റെ നല്ല ഈശോയെ എന്റെ എല്ലാ ദുര്‍ഗുണങ്ങളും നീങ്ങുന്നതിനും അങ്ങേ സ്‌നേഹശീലവും ക്ഷമയും കണ്ടുപഠിക്കുന്നതിനും വേണ്ട അനുഗ്രഹം നല്‍കണമേ. അങ്ങേ മഹത്വത്തിനും ശക്തിക്കും യോജിച്ചവിധം അങ്ങയെ സ്‌നേഹിക്കത്തക്ക ഒരു ഹൃദയം എനിക്കു നല്‍കണമേ. കര്‍ത്താവേ അങ്ങേ അനന്തകൃപയാല്‍ എന്റെ പ്രാര്‍ത്ഥന സ്വീകരിച്ച് എന്നെ അനുഗ്രഹിക്കണമേ. ആരാധനയ്ക്കു പാത്രമായ ഈശോയുടെ ദിവ്യഹൃദയമേ അങ്ങ് എന്റെ ആവശ്യങ്ങളും ആഗ്രഹങ്ങളും വ്യക്തമായി അറിയുന്നുവെന്നും ഞാന്‍ വിശ്വസിക്കുന്നു. അങ്ങ് ഞങ്ങളോരോരുത്തരേയും കനിഞ്ഞ് അനുഗ്രഹിക്കണമേ. ഈ നൊവേനയില്‍ ഞങ്ങള്‍ പ്രത്യേകം പ്രാര്‍ത്ഥിക്കുന്ന........... ആവശ്യം അങ്ങേ കൃപാകടാക്ഷത്താല്‍ സാധിച്ചു തന്ന് ഞങ്ങളെ രക്ഷിക്കണമെന്നു ഞങ്ങള്‍ വിനയപുരസ്‌ക്കരം അപേക്ഷിക്കുന്നു. ആമേന്‍.

സമാപനഗാനം 
(അദ്ധ്വാനിക്കുന്നവര്‍ക്കും............. എന്ന രീതി)

കാരുണ്യ നിധിയാമീശോ
കാത്തരുളീടുക നീ
നിത്യമായ് സ്‌നേഹിച്ചീടാന്‍ 
ഞങ്ങളില്‍ കൃപയോകൂ നീ

സാത്താനാല്‍ ബന്ധിതനായ്
പാപവഴി നടന്നു
ബന്ധനം നീക്കിയെന്നെ
നേര്‍വഴി കാട്ടേണമേ

സ്‌നേഹത്തില്‍ സന്ദേശങ്ങള്‍
മാനവര്‍ക്കേകിയോനെ
ആലംബഹീനര്‍ ഞങ്ങള്‍
നിത്യം വണങ്ങീടുന്നു.