വി. ചാവറ കുര്യാക്കോസ് ഏലിയാസച്ചനോടുള്ള നൊവേന
പ്രാരംഭഗീതം
(അദ്ധ്വാനിക്കുന്നവര്‍ക്കും ഭാരം വഹിക്കുന്നവര്‍ക്കും എന്ന് രീതി)
കര്‍മ്മല ചൈതന്യത്തിന്‍
നിര്‍മ്മല ദര്‍പ്പണമേ
കുര്യാക്കോസ് പുണ്യതാതാ
ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ
ജീവിതവീഥികളില്‍
പാപമകററീടുവാന്‍
ആത്മാവിനാനന്ദവും
രക്ഷയും നേടീടുവാന്‍ (കര്‍മ്മല...)
രോഗവും പീഡകളും
ശാന്തമായ് സ്വീകരിക്കാന്‍
ആശ്രയമെന്നുമെന്നും
ദൈവത്തിലര്‍പ്പിക്കുവാന്‍ (കര്‍മ്മല....)
പ്രാരംഭ പ്രതിവാക്യം
കാര്‍മ്മി: ദൈവമേ, എന്റെ നീതിമാനായ രക്ഷകാ! നിന്നെ വിളിച്ചപ്പോള്‍ നീ എനിക്കുത്തരമരുളി.
സമൂ: ഞെരുക്കങ്ങളില്‍ നീ എന്നെ ആശ്വസിപ്പിച്ചു. എന്നില്‍ കരുണതോന്നി എന്റെ പ്രാര്‍ത്ഥന ചെവികൊള്ളണമേ (സങ്കീ 4:1-2)
പ്രാരംഭ പ്രാര്‍ത്ഥന
കാര്‍മ്മി: ഞങ്ങളുടെ കര്‍ത്താവേ, കര്‍മ്മലസഭയുടെ പുണ്യവും ഭാരതസഭയുടെ അഭിമാനവും കേരള ജനതയുടെ വളര്‍ത്തുപിതാവുമായ ചാവറയച്ചനെ ഞങ്ങള്‍ക്കു മാതൃകയും മദ്ധ്യസ്ഥനുമായി നല്കിയ നിന്റെ അനന്തപരിപാലനത്തിനു ഞങ്ങള്‍ നന്ദി പറയുന്നു. മാമ്മോദീസായില്‍ ലഭിച്ച ദൈവേഷ്ടപ്രസാദത്തെ നഷ്ടപ്പെടുത്തുവാന്‍ ദൈവകൃപയാല്‍ എനിക്ക് ഇടയായിട്ടില്ല എന്നുച്ചരിച്ചുകൊണ്ട് നിന്റെ പെസഹാ രഹസ്യങ്ങളുടെ ചൈതന്യത്തിലും ജ്വലിക്കന്ന തീക്ഷ്ണതയിലും വ്യാപരിച്ച ചാവറായച്ചനെപ്പോലെ മാമ്മോദീസായിലൂടെ ലഭിച്ച വിശുദ്ധിയിലേക്കുള്ള വിളിക്ക് അനുദിനം പ്രത്യുത്തരം നല്കാന്‍ ഞങ്ങളെ അനുഗ്രഹിക്കണമേ. പതിതര്‍ക്കും പാവപ്പെട്ടവര്‍ക്കും അക്ഷരാഭ്യാസം പകര്‍ന്നുനല്‍കിയും സാധുജനങ്ങള്‍ക്ക് പാര്‍പ്പിടവും ഭക്ഷണവും വസ്ത്രവും നല്‍കിയും അവഗണിക്കപ്പെട്ടവരായ ജനതകള്‍ക്ക് സുവിശേഷമെത്തിച്ചും സര്‍വ്വോപരി തനിക്ക് ഏല്പിക്കപ്പെട്ട സന്യാസമൂഹത്തെയും സഭ മുഴുവനെയും ആത്മീയശിക്ഷണത്തിലും ഐക്യത്തിലും വളര്‍ത്തിയ ഈ പുണ്യപിതാവിന്റെ സ്മരണ യാചിച്ചു പ്രാര്‍ത്ഥിക്കുന്ന ഞങ്ങള്‍ക്ക് ആത്മീയവും ഭൗതീകവുമായ എല്ലാ കൃപാദാനങ്ങളും നല്കണമേ. ആത്മീയവരങ്ങളുടെ ദാതാവും കരുണാ സമ്പന്നനുമായ സകലത്തിന്റെയും നാഥാ, എന്നേക്കും.
സമു: ആമ്മേന്‍.
സങ്കീര്‍ത്തനം 23 (ഇരുഗണമായി ചൊല്ലുന്നു.)
കാര്‍മ്മി: കര്‍ത്താവ് എന്നെ മേയ്ക്കുന്നു. ഒന്നിനും എനിക്ക് കുറവുണ്ടാകുകയില്ല. കര്‍ത്താവില്‍ നമുക്ക് പ്രത്യാശ വയ്ക്കാം. വനവാസികളുടെ
സംരക്ഷകന്‍ അവനാണല്ലോ.
സമു: കര്‍ത്താവ് എന്നെ മേയിക്കുന്നു. ഒന്നിനും എനിക്ക് കുറവുണ്ടാകുകയില്ല.
കാര്‍മ്മി: തഴച്ച മേച്ചില്‍ സ്ഥലത്ത് അവനെന്നെ വസിപ്പിക്കുന്നു. പ്രശാന്തമായ ജലാശയത്തിലേക്ക് ആനയിക്കുന്നു.
സമു: കര്‍ത്താവ് എന്നെ മേയിക്കുന്നു. ഒന്നിനും എനിക്ക് കുറവുണ്ടാകുകയില്ല.
കാര്‍മ്മി: അവന്‍ എന്റെ ആത്മാവിനെ പിന്തിരിപ്പിക്കുന്നു. നേരായ മാര്‍ഗ്ഗത്തിലൂടെ നയിക്കുന്നു.
സമു: കര്‍ത്താവ് എന്നെ മേയിക്കുന്നു. ഒന്നിനും എനിക്ക് കുറവുണ്ടാകുകയില്ല.
കാര്‍മ്മി: മരണത്തിന്റെ നിഴല്‍ വീണ താഴ്‌വാരത്തിലൂടെ നടന്നാലും നീ എന്നോടൊത്തുള്ളതിനാല്‍ യാതൊരു അനര്‍ത്ഥവും ഞാന്‍ ഭയപ്പെടുകയില്ല.
സമു: കര്‍ത്താവ് എന്നെ മേയിക്കുന്നു. ഒന്നിനും എനിക്ക് കുറവുണ്ടാകുകയില്ല.
കാര്‍മ്മി: നിന്റെ ദണ്ഡും വടിയും എനിക്കുറപ്പേകുന്നു.
സമു: കര്‍ത്താവ് എന്നെ മേയിക്കുന്നു. ഒന്നിനും എനിക്ക് കുറവുണ്ടാകുകയില്ല.
കാര്‍മ്മി: നിന്റെ കൃപയും കരുണയും ജീവിതകാലം മുഴുവന്‍ എന്നെ പിന്തുടരും. കര്‍ത്താവിന്റെ ഭവനത്തില്‍ ദീര്‍ഘനാള്‍ ഞാന്‍ വസിക്കും.
സമു: കര്‍ത്താവ് എന്നെ മേയിക്കുന്നു. ഒന്നിനും എനിക്ക് കുറവുണ്ടാകുകയില്ല.
കാര്‍മ്മി: പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി.
സമു: ആദിമുതല്‍ എന്നേയ്ക്കും ആമ്മേന്‍. (കാനാനാ) കര്‍ത്താവില്‍ നമുക്ക് പ്രത്യാശ വയ്ക്കാം. ഭവന വാസികളുടെ സംരക്ഷകന്‍ അവനാണല്ലോ.
കാര്‍മ്മി: ഞങ്ങളുടെ അഭയ സങ്കേതമായ മിശിഹായേ, ഞങ്ങള്‍ പ്രത്യേകമായി അനുസ്മരിക്കുന്ന വിശുദ്ധ ചാവറയച്ചന്റെ പ്രാര്‍ത്ഥനകളാല്‍ ഞങ്ങള്‍ക്ക് സങ്കടങ്ങളില്‍ ആശ്വാസവും ക്ലേശങ്ങളില്‍ തുണയും ആപത്തുകളില്‍ സംരക്ഷണവും പ്രദാനം ചെയ്യണമെ. ചോദിക്കുന്നതിനു മുമ്പേ ഞങ്ങളുടെ ആവശ്യങ്ങള്‍ അറിയുന്ന സ്വര്‍ഗ്ഗീയ പിതാവിനെ ഞങ്ങള്‍ക്ക് കാണിച്ചു തന്ന കര്‍ത്താവേ, ദൈവ പരിപാലനത്തില്‍ സമ്പൂര്‍ണ്ണമായി ആശ്രയം വച്ചുകൊണ്ട് ഞങ്ങളുടെ അദ്ധ്വാനഭാരങ്ങളെയും ജീവിത ക്ലേശങ്ങളെയും സമചിത്തതയോടെ ഏറെറടുക്കാനുള്ള ശക്തിയും ധൈര്യവും ഞങ്ങള്‍ക്ക് നല്‍കണമേ. തന്നെ സ്‌നേഹിക്കുകയും തന്റെ പദ്ധതിയനുസരിച്ച് വിളിക്കപ്പെടുന്നവര്‍ക്ക് സകലതും നന്മയ്ക്കായി ക്രമപ്പെടുത്തുകയും ചെയ്യുന്ന സകലതിന്റേയും നാഥാ, എന്നേക്കും.
സമു: ആമ്മേന്‍
വചനഗീതം
(ഓശാന ഈശനു സതതം)
പാടീടാം നാഥനു മോദാല്‍
ഹല്ലേലൂ ഹല്ലേലൂ ഹല്ലേലൂയ്യാ
ഞങ്ങളിന്നാരുടെ ചാരെയെത്തും
ജീവന്റെ വചസ്സുകള്‍ നിന്നില്ലല്ലോ
നിന്‍ തിരുമൊഴികള്‍ തന്‍ മണിനിദാനം
മനമതിലനുദിനം മുഴങ്ങിടട്ടെ
ഹൃത്തടം ഞങ്ങളിന്നൊരുക്കി നില്പു
വിതച്ചിടു വചനമാം വിത്തുകളെ
വചനത്തില്‍ വിളവയലാര്‍ന്നു ഞങ്ങള്‍
കതിരണിഞ്ഞിടട്ടെ നൂറുമേനി
ലഘുവചന പാഠം ( വി. ഗ്രന്ഥത്തില്‍ നിന്നു വായിക്കുന്നു)
യോഹ 10:14 -16
പിതാവ് എന്നെ അറിയുകയും ഞാന്‍ പിതാവിനെ അറിയുകയും ചെയ്യുന്നതുപോലെ, ഞാന്‍ എനിക്കുള്ളവരെയും എനിക്കുള്ളവ എന്നെയും അറിയുന്നു.ആടുകള്‍ക്കുവേണ്ടി ഞാന്‍ എന്റെ ജീവന്‍ ബലികഴിക്കുന്നു. ഈ തൊഴുത്തില്‍പ്പെടാത്ത മററാടുകളും എനിക്കുണ്ട്. അവയെക്കൂടി ഞാന്‍ കൊണ്ടു വരേണ്ടിയിരിക്കുന്നു. അവ എന്റെ സ്വരം കേള്‍ക്കും. അങ്ങനെ ഒരാട്ടിന്‍ പററവും ഒരിടയനുമാകും. (ഉചിതമായ മററു ലഘു വായനകള്‍ തിരഞ്ഞെടുക്കാവുന്നതാണ്)
ലഘു സന്ദേശം - നിശബ്ദധ്യാനം
(അനുഗ്രഹങ്ങളും അപേക്ഷകളും)
കാറോസൂസാ (പൊതുവായത്)
കാര്‍മ്മി: നമുക്കെല്ലാവര്‍ക്കും സന്തോഷത്തോടും ഭക്തിയോടുംകൂടെനിന്ന് കര്‍ത്താവേ, ഞങ്ങളുടെമേല്‍ കരുണയുണ്ടാകണമേ എന്ന് പ്രാര്‍ത്ഥിക്കാം.
സമു: കര്‍ത്താവേ, ഞങ്ങളുടെ മേല്‍ കരുണയുണ്ടാകണമേ.
കാര്‍മ്മി: രക്ഷയുടെ അടയാളമായി ഭൂമിയില്‍ നീ സ്ഥാപിച്ച നിന്റെ പരിശുദ്ധ സഭയെ സ്‌നേഹത്തിലും വിശ്വാസത്തിലും പരിപാലിക്കുന്ന ഞങ്ങളുടെ പരി. പിതാവ് മാര്‍.....പാപ്പായെയും ഞങ്ങളുടെ സഭയുടെ പിതാവും തലവനുമായ മാര്‍....മെത്രാപ്പോലീത്തായെയും ഞങ്ങളുടെ പിതാവും മേലദ്ധ്യക്ഷനുമായ മാര്‍.....മെത്രാപ്പോലീത്തായെയും അനുഗ്രഹിക്കണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.
സമു: കര്‍ത്താവേ, ഞങ്ങളുടെ മേല്‍ കരുണയുണ്ടാകണമേ.
കാര്‍മ്മി: വിശുദ്ധിയും വിജ്ഞാനവുമുള്ള വൈദികരെയും ത്യാഗവും സാക്ഷ്യവും നിറഞ്ഞ സമര്‍പ്പിതരെയും പ്രാര്‍ത്ഥനയും പുണ്യ പ്രവര്‍ത്തികളും നിറഞ്ഞ സഭാ സന്താനങ്ങളെയും പ്രദാനം ചെയ്ത് നിന്റെ സഭയെ നിരന്തരം നവീകരിക്കണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.
സമു: കര്‍ത്താവേ, ഞങ്ങളുടെ മേല്‍ കരുണയുണ്ടാകണമേ.
കാര്‍മ്മി: മിശിഹായുടെ സ്‌നേഹത്തിന്റെ കൂദാശയായ വിവാഹത്തിലൂടെ ബന്ധിതരായ ഭാര്യാഭര്‍ത്താക്കന്മാര്‍ വിശ്വസ്തതയിലും സ്‌നേഹത്തിലും പരസ്പരം വിശുദ്ധീകരിക്കാനും ദൈവം നല്‍കുന്ന മക്കളെ സ്വീകരിച്ച് അവരെ വിശുദ്ധിയിലും സുകൃതങ്ങളിലും വളര്‍ത്താനും അനുഗ്രഹിക്കണമെന്ന് നിന്നോട് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.
സമു: കര്‍ത്താവേ, ഞങ്ങളുടെ മേല്‍ കരുണയുണ്ടാകണമേ.
കാര്‍മ്മി: യുവതി യുവാക്കന്മാര്‍ അവരുടെ ജീവിതാന്തസ്സു കണ്ടെത്തി ലക്ഷ്യബോധത്തോടെ അദ്ധ്വാനിക്കാനും കുഞ്ഞുങ്ങള്‍ സന്മാര്‍ഗ്ഗത്തിലുറച്ചു നിന്ന് ദൈവകൃപയിലും വിശുദ്ധിയിലും വളര്‍ന്നു വരാനും വയോധികര്‍ സംതൃപ്തിയിലും പ്രത്യാശയിലും വ്യാപരിക്കാനും വേണ്ട കൃപാവരം നല്കണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.
സമു: കര്‍ത്താവേ, ഞങ്ങളുടെ മേല്‍ കരുണയുണ്ടാകണമേ.
കാറോസൂസ (വിശുദ്ധ ചാവറയച്ചന്‍)
കാര്‍മ്മി: ഇടയനില്ലാത്ത ആടുകളെപ്പോലെ അലഞ്ഞ കേരള സഭാ മക്കളെ ഐക്യത്തില്‍ സംരക്ഷിക്കുകയും സഭയിലും സമൂഹത്തിലും ആത്മീയവും ഭൗതീകവുമായ വിദ്യാഭ്യാസത്തിന്റെ വെളിച്ചം വിതറുകയും മുദ്രാലയപ്രേക്ഷിതത്വത്തിലും സാധുജന പരിപാലനത്തിലും സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലും നേതൃത്വം വഹിച്ച് സുവിശേഷചൈതന്യം ലോകത്തിലെത്തിക്കുകയും ചെയ്ത നല്ല ഇടയനായ ചാവറപ്പിതാവിന്റെ പ്രാര്‍ത്ഥനാ സഹായത്താല്‍ ഞങ്ങളുടെ സഭയെയും സമൂഹത്തെയും ധാര്‍മ്മിക ചൈതന്യത്തിലും സദാചാരബോധത്തിലും പരസ്പര സഹകരണത്തിലും വളര്‍ത്തണമെന്ന് നിന്നോട് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു
സമു: കര്‍ത്താവേ, ഞങ്ങളുടെ മേല്‍ കരുണയുണ്ടാകണമേ.
കാര്‍മ്മി: സുവിശേഷദൗത്യവുമായി വഴിയോരങ്ങളിലും വയലേലകളിലും തെരുവിലും കടല്‍തീരത്തും മനുഷ്യമക്കളെ അന്വേഷിച്ചിറങ്ങിയ നല്ല ഇടയനായ ഈശോയേ, നിന്നെ പിഞ്ചെന്നുകൊണ്ട് സമൂഹത്തിന്റെ നാനാ മേഖലകളിലും സുവിശേഷമെത്തിക്കാന്‍ സമര്‍പ്പിതസമൂഹങ്ങള്‍ക്കു രൂപംനല്‍കുകയും ധ്യാന പരിശീലനംകൊണ്ട് ഇടവകകളെയും കുടുംബങ്ങളെയും വിദ്യാഭ്യാസവും മുദ്രാലയപ്രേക്ഷിതത്വവും കൊണ്ട് പൊതു സമൂഹത്തെയും നവീകരിക്കുകയും ചെയ്ത ചാവറപ്പിതാവിന്റെ പ്രാര്‍ത്ഥനകളാല്‍ പ്രേക്ഷിതരംഗത്തു പ്രവര്‍ത്തിപ്പിക്കുന്നവരെയും അവരുടെ സേവനം ലഭിക്കുന്നവരെയും വിശ്വാസതീക്ഷ്ണതയിലും സ്‌നേഹചൈതന്യത്തിലും വളര്‍ത്തണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.
സമു: കര്‍ത്താവേ, ഞങ്ങളുടെ മേല്‍ കരുണയുണ്ടാകണമേ.
കാര്‍മ്മി: പാതിരാത്രിയില്‍ ഉണര്‍ന്നു. മുട്ടുകുത്തി പ്രാര്‍ത്ഥിച്ചിരുന്ന തന്റെ അമ്മയില്‍നിന്നും പ്രാര്‍ത്ഥനയുടെ ബാലപാഠങ്ങളഭ്യസിച്ച് ദീര്‍ഘനേരം പ്രാര്‍ത്ഥനയില്‍ ചെലവഴിച്ച് ചാവറയച്ചനെപ്പോലെ മാതാപിതാക്കന്മാരില്‍ നിന്നും സന്മാതൃകയുടെ പാഠമുള്‍ക്കൊണ്ട് വളരാന്‍ ഞങ്ങളുടെ കുഞ്ഞുങ്ങളെ അനുഗ്രഹിക്കണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.
സമു: കര്‍ത്താവേ, ഞങ്ങളുടെ മേല്‍ കരുണയുണ്ടാകണമേ.
കാര്‍മ്മി: നല്ല അപ്പന്റെ ചാവരുളിലൂടെ കുടുംബങ്ങള്‍ക്ക് നവീകരണത്തിന്റെ പാത കാട്ടിത്തന്ന ചാവറപ്പിതാവിന്റെ ഉപദേശങ്ങള്‍ ഉള്‍ക്കൊള്ളാനും ദുശ്ശീലങ്ങള്‍വെടിഞ്ഞ് ദൈവഭയത്തിലും ശിക്ഷണബോധത്തിലും സന്മാതൃകയിലും നീതിബോധത്തിലും ഞങ്ങളുടെ കുടുംബങ്ങള്‍ വളര്‍ന്നുവരാനും അനുഗ്രഹിക്കണമെന്ന് നിന്നോടു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.
സമു: കര്‍ത്താവേ, ഞങ്ങളുടെ മേല്‍ കരുണയുണ്ടാകണമേ.
കാര്‍മ്മി: വിദ്യാഭ്യാസ പ്രേക്ഷിതത്വത്തിലൂടെ ഇടവകകള്‍തോറും പള്ളിക്കൂടങ്ങള്‍ സ്ഥാപിച്ച് ഗ്രാമാന്തരങ്ങളില്‍ വിദ്യയുടെ വെളിച്ചമേകുകയും ഉച്ചനീചത്വങ്ങളില്ലാതെ എല്ലാവരെയും ഒന്നിച്ച് ചേര്‍ത്ത് കേരളത്തില്‍ സാമൂഹിക പരിവര്‍ത്തനത്തിനും ആരംഭം കുറിക്കുകയും പാപങ്ങള്‍ക്ക് അന്നദാനം അഗതികള്‍ക്ക് അനാഥാലയവും ഏര്‍പ്പെടുത്തി സംഘടിത സാധുജന പരിപാലനത്തിന് തുടക്കം കുറിക്കുകയും ചെയ്ത ചാവറപ്പിതാവിന്റെ മാതൃകയുള്‍ക്കൊണ്ട്‌കൊണ്ട് വേദനിക്കുന്നവരിലേക്കും അവകാശം നിക്ഷേധിക്കപ്പെട്ടിരിക്കുന്നവരിലേക്കും ഇറങ്ങിച്ചെന്ന് ശുശ്രൂഷ ചെയ്യാനുള്ള അനുഗ്രഹങ്ങള്‍ സഭാതനയര്‍ക്കെല്ലാം നല്‍കണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.
സമു: കര്‍ത്താവേ, ഞങ്ങളുടെ മേല്‍ കരുണയുണ്ടാകണമേ.
ബാവുസാ
(വിശുദ്ധ ചാവറയച്ചന്റെ മദ്ധ്യസ്ഥതയിലുള്ള യാചനാ പ്രാര്‍ത്ഥനകള്‍)
(ഐച്ഛികം: ഉചിതമായവ തെരഞ്ഞെടുത്ത് ചൊല്ലാവുന്നതാണ്.)
കാര്‍മ്മി: മൂല പാപങ്ങളായ നിഗളവും ദ്രവ്യാഗ്രഹവും മോഹവും കൊതിയും അസൂസയും അലസതയും കോപവും നീക്കം ചെയ്ത് എളിമയും ഔദാര്യവും അടക്കവും മിതഭോജനവും സ്‌നേഹവും ഉത്സാഹവും ഞങ്ങളില്‍ വളര്‍ത്തണമെന്ന് വിശുദ്ധ ചാവറയച്ചന്റെ മദ്ധ്യസ്ഥ സഹായത്താല്‍ നിന്നോട് ഞങ്ങള്‍ യാചിക്കുന്നു.
സമു: കര്‍ത്താവേ, ഞങ്ങളുടെ മേല്‍ കരുണയുണ്ടാകണമേ.
കാര്‍മ്മി: പരിശുദ്ധ റൂഹായുടെ ദാനങ്ങളായ ജ്ഞാനവും ബുദ്ധിയും ആലോചനയും അറിവും ഭക്തിയും ആത്മ ശക്തിയും ദൈവഭയവും ഞങ്ങളില്‍ നിറയ്ക്കണമെന്ന് നിന്നോട് ഞങ്ങള്‍ യാചിക്കുന്നു.
സമു: കര്‍ത്താവേ, ഞങ്ങളുടെ മേല്‍ കരുണയുണ്ടാകണമേ.
കാര്‍മ്മി: ഞങ്ങളോട് തെററ് ചെയ്യുന്നവരോട് ഹൃദയ പൂര്‍വ്വം ക്ഷമിക്കുവാനും ശത്രുക്കള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാനും പകയും വിദ്വേഷവും കൈവെടിഞ്ഞ് സ്‌നേഹത്തില്‍ സദാ വര്‍ത്തിക്കാനുള്ള അനുഗ്രഹം ഞങ്ങള്‍ക്കു പ്രദാനം ചെയ്യണമെന്ന് ഞങ്ങള്‍ യാചിക്കുന്നു.
സമു: കര്‍ത്താവേ, ഞങ്ങളുടെ മേല്‍ കരുണയുണ്ടാകണമേ.
കാര്‍മ്മി: ലോകത്തിന്റെ ദുരാശകളിലും പാപത്തിന്റെ ബന്ധനങ്ങളിലും പിതാവിന്റെ കെണികളിലും ഉള്‍പ്പെട്ട് ദുര്‍മോഹങ്ങളിലും ആസക്തികളിലും വിവിധ ദുശ്ശീലങ്ങളിലും കുടുങ്ങിക്കിടക്കുന്നവര്‍ക്ക് മോചനവും സൗഖ്യവും പ്രത്യാശയും പകര്‍ന്ന് നല്‍കണമെന്ന് ഞങ്ങള്‍ യാചിക്കുന്നു.
സമു: കര്‍ത്താവേ, ഞങ്ങളുടെ മേല്‍ കരുണയുണ്ടാകണമേ.
കാര്‍മ്മി: ലോകരാഷ്ട്രങ്ങള്‍ തമ്മില്‍ സഹകരണവും ഐക്യവും വളര്‍ത്തണമെന്നും ഭൂമുഖത്തുനിന്ന് യുദ്ധങ്ങളും പ്രകൃതി ദുരന്ഥങ്ങളും പകര്‍ച്ച വ്യാധികളും എല്ലാ വിധ അക്രമവും മര്‍ദ്ദനവും അടിമത്തവും നീക്കി കളയണമെന്ന് അഭയാര്‍ത്ഥികളെയും പീഡിതരെയും കാരാഗൃഹവാസികളെയും പ്രത്യാശയില്‍ സംരക്ഷിക്കണമെന്നും നിന്നോടു ഞങ്ങള്‍ യാചിക്കുന്നു.
സമു: കര്‍ത്താവേ, ഞങ്ങളുടെ മേല്‍ കരുണയുണ്ടാകണമേ.
കാര്‍മ്മി: രാഷ്ട്രീയാധികാരികള്‍ പൊതുനന്മയ്ക്കു വേണ്ടി നിസ്വാര്‍ത്ഥമായി സേവനം ചെയ്യാനും ധാര്‍മ്മിക മൂല്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട് പൊതു ജീവിതത്തില്‍ അക്രമവും അഴിമതിയും വിഭാഗീയതയും തുടച്ചു നീക്കാനും വേണ്ട അനുഗ്രഹം നല്‍കണമെന്ന് ഞങ്ങള്‍ യാചിക്കുന്നു.
സമു: കര്‍ത്താവേ, ഞങ്ങളുടെ മേല്‍ കരുണയുണ്ടാകണമേ.
കാര്‍മ്മി: തൊഴിലില്ലായ്മയില്‍ വലയുന്നവര്‍ക്ക് മാന്യമായ തൊഴില്‍ ലഭിക്കാനും കൃഷി ഭൂമിയിലും തൊഴിലിടങ്ങളിലും വ്യാപരിക്കുന്നവര്‍ ഉത്തരവാദിത്വപൂര്‍വ്വം വേലയെടുക്കുവാനും പരസ്ഥിതിയെയും പ്രകൃതി വിഭവങ്ങളെയും സംരക്ഷിക്കുവാനും വേണ്ട അനുഗ്രഹം നല്‍കണമെന്ന് ഞങ്ങള്‍ യാചിക്കുന്നു.
സമു: കര്‍ത്താവേ, ഞങ്ങളുടെ മേല്‍ കരുണയുണ്ടാകണമേ.
കാര്‍മ്മി: സമ്പന്നരാഷ്ട്രങ്ങളും കുടുംബങ്ങളും വ്യക്തികളും ദുര്‍വ്യയവും ആഡംബരവും ഒഴിവാക്കി തങ്ങളുടെ വിഭവങ്ങള്‍ പാവപ്പെട്ടവരുമായി പങ്കുവയ്ക്കുന്നതിനും ഞങ്ങളോരോരുത്തര്‍ക്കും കഴിയും വിധം പീഡിതരെയും പാവപ്പെട്ടവരെയും സഹായിക്കാനുമുള്ള ഹ്യദയ വിശാലത നല്‍കണമെന്നും ഞങ്ങള്‍ യാചിക്കുന്നു.
സമു: കര്‍ത്താവേ, ഞങ്ങളുടെ മേല്‍ കരുണയുണ്ടാകണമേ.
കാര്‍മ്മി: ജീവിതത്തിന്റെ തകര്‍ച്ചയിലും പരാജയങ്ങളിലും കഴിയുന്നവര്‍ക്ക് പ്രത്യാശ പകരണമെന്നും വേദനിക്കുന്നവരുടെ ആവശ്യങ്ങളിലേക്ക് ആശ്വാസമായി ഇറങ്ങി ചെല്ലാന്‍ ഞങ്ങളെ അനുഗ്രഹിക്കണമെന്നും ഞങ്ങള്‍ യാചിക്കുന്നു.
സമു: കര്‍ത്താവേ, ഞങ്ങളുടെ മേല്‍ കരുണയുണ്ടാകണമേ.
കാര്‍മ്മി: കുടുംബങ്ങളില്‍ സമാധനം പുലര്‍ത്തണമെന്നും മനുഷ്യ ജീവനെ വിലമതിക്കാനും സംരക്ഷിക്കാനും ജീവന്റെ സുവിശേഷത്താല്‍ ഞങ്ങളുടെ കുടുംബങ്ങളെയും സമുഹത്തെയും പ്രകാശിപ്പിക്കണമെന്നും ഞങ്ങള്‍ യാചിക്കുന്നു.
സമു: കര്‍ത്താവേ, ഞങ്ങളുടെ മേല്‍ കരുണയുണ്ടാകണമേ.
കാര്‍മ്മി: മനുഷ്യഹ്യദയങ്ങളെ ദിവ്യരക്ഷകനായ മിശിഹായുടെ സ്‌നേഹവെളിച്ചത്താല്‍ പ്രകാശിക്കണമെന്നും വിചാരത്തിലും വാക്കിലും പ്രവര്‍ത്തിയിലും മററുള്ളവര്‍ക്ക് മിശിഹായുടെ സ്‌നേഹം പകരാന്‍ ഞങ്ങളെ പ്രപ്തരാക്കണമെന്നും ഞങ്ങള്‍ യാചിക്കുന്നു.
സമു: കര്‍ത്താവേ, ഞങ്ങളുടെ മേല്‍ കരുണയുണ്ടാകണമേ.
കാര്‍മ്മി: മൗനമായി നിന്ന് നമ്മുടെ വ്യക്തിപരമായ നിയോഗങ്ങളില്‍ വിശുദ്ധ ചാവറയച്ചന്റെ പ്രാര്‍ത്ഥനാ സഹായത്തിനായി നമുക്ക് സമര്‍പ്പിക്കാം. (നിശബ്ദം)
ഏററുചെല്ലാനുള്ള പ്രര്‍ത്ഥന
കാര്‍മ്മി: ഞങ്ങളുടെ കര്‍ത്താവേ, ഞങ്ങളുടെ ദൈവമേ ഇഹലോക ജീവിതത്തില്‍ / നിന്റെ തിരുവിഷ്ടം നിറവേററി/ ഭൂമിയില്‍ നിന്നെ മഹത്ത്വപ്പെടുത്തിയ / വിശുദ്ധരുടെയും രക്തസാക്ഷികളുടെയും പ്രര്‍ത്ഥനകള്‍ / നിന്റെ തിരുസന്നിധിയില്‍ / ഞങ്ങള്‍ക്കു വേണ്ടി മധ്യസ്ഥ്യം വഹിക്കട്ടെ. പ്രത്യേകമായി നിന്റെ സഭയില്‍ സവിശേഷ സ്ഥാനം അലങ്കരിക്കുന്ന വി. ചാവറയച്ചന്റെ പ്രര്‍ത്ഥനയാല്‍/ ഞങ്ങളുടെ യാചനകള്‍ക്ക് ഉത്തരമരുളുകയും /ഞങ്ങളുടെ ഹ്യദയാഭിലാഷങ്ങള്‍ / സാധിച്ചുതരുകയും ചെയ്യണമേ. രോഗങ്ങളില്‍ സൗഖ്യവും / പീഡകളില്‍ ആശ്വാസവും / പരീക്ഷകളില്‍ വിജയവും നല്‍കി / ഞങ്ങളെ അനുഗ്രഹിക്കേണമേ. നിന്റെ പൈതൃകമായ പരിപാലനത്തിന്റെ വലതുകരം ഞങ്ങളുടെ മേല്‍ നിഴലിപ്പിച്ച് / ഞങ്ങളുടെ ഹ്യദയത്തില്‍ /സൗഖ്യവും മോചനവും / സമാധാനവും പ്രത്യാശയും നിറക്കേണമേ. സകല ക്യപാവരങ്ങളുടെയും നിക്ഷേപാലയവും / സകല സൗഭാഗ്യങ്ങളുടെയും ഉറവിടമായ / പിതാവും പുത്രനും പരിശുദ്ധ റുഹായുമായ സര്‍വ്വേശ്വര എന്നേക്കും.
സമു: ആമ്മേന്‍
കാര്‍മ്മി: (സമൂഹം ചേര്‍ന്ന്) സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ..... എന്തുകൊണ്ടെന്നാല്‍ രാജ്യവും ശക്തിയും മഹത്വവും എന്നേക്കും നിന്റേതാകുന്നു. ആമ്മേന്‍.
സമാപനാശീര്‍വ്വാദം
(ജനങ്ങളുടെ നേരെ തിരിഞ്ഞ് അവരുടെ മേല്‍ വലതുകരം ഉയര്‍ത്തി)
കാര്‍മ്മി: തന്റെ ജനത്തെ വിളിച്ച് സകല സഹായങ്ങളും സൗഭാഗ്യങ്ങളും നിറഞ്ഞ തിരുസഭയില്‍ ഒരുമിച്ച് കൂടുകയും കല്പനകളും ചട്ടങ്ങളും നല്‍കി പഠിപ്പിക്കുകയും ദൈവവചനത്താലും പരി. കൂദാശകളാലും വിശുദ്ധീകരിക്കുകയും ചെയ്യുന്ന ദൈവമായ കര്‍ത്താവിന്റെ ക്യപ നിങ്ങളുടെ മേല്‍ ഉണ്ടായിരിക്കട്ടെ. ദൈവതിരുമുമ്പാകെ പരിശുദ്ധരും കളങ്കമററവരുമായി വ്യാപരിക്കാന്‍ ദൈവം നിങ്ങളെ ശക്തരാക്കട്ടെ. ചോദിക്കുന്നതിനുമുമ്പേ നമ്മുടെ ആവശ്യങ്ങള്‍ അറിയുന്ന സ്വര്‍ഗ്ഗീയപിതാവിന്റെ കരങ്ങള്‍ നിങ്ങളുടെ മേല്‍ ഉണ്ടായിരിക്കട്ടെ. ദൈവപരിപാലനത്തില്‍ ആശ്രയം വയ്ക്കാനും ജീവിതത്തിലുണ്ടാകുന്ന സങ്കടങ്ങളേയും കുറവുകളേയും ദൈവതിരുവിഷ്ടത്തിനു വിധേയരായി ദൈവമഹത്വത്തിനും ലോകത്തിന്റെ വിശുദ്ധീകരണത്തിനുമായി കര്‍ത്താവിന്റെ ബലിയോട് ചേര്‍ത്ത് സമര്‍പ്പിക്കാനും ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. പ്രത്യേകമായി വിശുദ്ധ ചാവറയച്ചന്റെ പ്രാര്‍ത്ഥനാ സഹായത്താല്‍ നിങ്ങളുടെ ആശകള്‍ സഫലമാക്കുകയും പ്രതീക്ഷകള്‍ പൂവണിയുകയും ചെയ്യട്ടെ. പീഡകളില്‍ നിന്നും ദുഷ്ടപിശാചിന്റെ പരീക്ഷകളില്‍ നിന്നും കര്‍ത്താവിന്റെ സ്ലീവയുടെ ശക്തിയാല്‍ നിങ്ങള്‍ മോചനം പ്രാപിക്കട്ടെ. പുണ്യ പ്രവൃത്തികളില്‍ വ്യാപരിച്ച് ലോകത്തില്‍ മിശിഹായുടെ സാക്ഷികളാകാനും നിത്യ സൗഭാഗ്യം പ്രാപിക്കാനും നിങ്ങള്‍ക്കിടയാകുകയും ചെയ്യട്ടെ. ഇപ്പോഴും എപ്പോഴും എന്നേയ്ക്കും
സമു: ആമേന്‍ (തിരുശേഷിപ്പിനു വന്ദനം)