ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 16


ഈശോയുടെ ദിവ്യഹൃദയംഅനുസരണത്തിന്റെ മാതൃക 
ദിവ്യരക്ഷകനായ ഈശോ ഈ ലോകത്തില്‍ ജീവിച്ചിരുന്ന കാലത്തു തന്റെ പരമപിതാവിന്റെ തിരുമനസ്സു നിറവേറ്റിയിരുന്നുവെന്നു സുവിശേഷത്തിന്റെ പല ഭാഗങ്ങളിലും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ആകാശത്തിനും ഭൂമിക്കും മദ്ധ്യേ കുരിശില്‍ തൂങ്ങിക്കിടന്ന വേളയില്‍ അവിടുത്തെ അവസാനത്തെ നെടുവീര്‍പ്പും വചനവും 'സകലതും അവസാനിച്ചു:' എന്നതായിരുന്നു. ലോകത്തില്‍ ആഗതനായ ക്ഷണം മുതല്‍ ദുഃഖവും അപമാനവും നിറഞ്ഞ കുരിശുമരണം വരെയും പിതാവിന്റെ ആഗ്രഹം പൂര്‍ത്തിയാക്കുന്നതിലായിരുന്നു അവിടുത്തെ സന്തോഷവും സംതൃപ്തിയും. ലോകത്തില്‍ ജീവിച്ചിരുന്ന അവസരത്തില്‍ തന്റെ പരമപിതാവിനു മാത്രമല്ല അവിടുത്തെ നാമത്തിലും അധികാരത്തിലും ആരെല്ലാം ഉണ്ടായിരുന്നുവോ അവരെയെല്ലാം ലഘുവായ കാര്യങ്ങളില്‍ കൂടെയും മഹാസന്തോഷത്തോടും തൃപ്തിയോടും കൂടെ അനുസരിക്കയും അവര്‍ക്കു ശുശ്രൂഷ നടത്തുകയും ചെയ്തിരുന്നു. 


ഇപ്പോഴും ഏതു വിധത്തിലുമുള്ള ആളായിരുന്നാലും എത്ര പ്രാവശ്യം ഒരു വൈദികന്‍ ബലിപീഠത്തില്‍ പൂജ അര്‍പ്പിക്കുന്നതിനായി കയറുമോ ആ പ്രാവശ്യങ്ങളിലൊക്കെയും അദ്ദേഹത്തിന്റെ വചനങ്ങള്‍ക്കു കീഴ്വഴങ്ങി അവിടുന്നു ആഗതനാകുന്നു. വിസ്മയനീയമായ അനുസരണം! നിസ്സാരരായ സൃഷ്ടികള്‍ അവരുടെ പിതാവും നാഥനുമായ സ്രഷ്ടാവിനെ അനുസരിക്കുവാന്‍ മനസ്സാകുന്നില്ല. പൊടിയും പൊടിയിലേക്ക് പിന്തിരിയുന്നവനുമായ മനുഷ്യാ! നീ എന്തിനു അഹങ്കരിക്കുന്നു. നിന്റെ സ്രഷ്ടാവും രാജാവും പിതാവുമായ ദൈവപുത്രന്റെ അത്ഭുതകരമായ അനുസരണം നിന്നെ ലജ്ജാഭാരിതനാക്കുന്നില്ലേ? 


സര്‍വ്വചരാചരങ്ങളുടെയും നാഥനായ ദൈവം മനുഷ്യരെ അനുസരിക്കുന്നുവെങ്കില്‍, ഈ പരമപിതാവിന്റെ സ്ഥാനപതികള്‍ക്കു നിന്റെ ശിരസ്സു നമിച്ച് അനുസരിക്കാതെയിരിക്കുന്നത് എന്തുകൊണ്ട്? ഈശോയുടെ ദിവ്യപ്രമാണങ്ങളെയും അവിടുത്തെ മൗതിക ശരീരമായ സഭയുടെ കല്‍പനകളെയും അനുസരിക്കുന്നതില്‍ വിമുഖത കാണിക്കുന്നതെന്തുകൊണ്ട്? അനുസരണമുള്ളവനു മാത്രമേ വിജയം വരിക്കുവാന്‍ സാധിക്കയുള്ളൂവെന്ന് വി.ഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നുണ്ട്. അതിനാല്‍ ദിവ്യപ്രമാണങ്ങള്‍ അനുസരിച്ച് നിത്യസൗഭാഗ്യം പ്രാപിക്കുവാന്‍ നമുക്കു യത്‌നിക്കാം.

 
ജപം 
അത്ഭുതകരമായ അനുസരണമുള്ള ഈശോയുടെ ദിവ്യഹൃദയമേ! മനുഷ്യനായി പിറന്നതു മുതല്‍ കുരിശില്‍ തലചായിച്ചു മരിച്ച ക്ഷണം വരെയും അങ്ങേ നിത്യപിതാവിനെ അനുസരിച്ചതു കൂടാതെ, ലോകാവസാനം വരെയും വിശുദ്ധ കുര്‍ബാനയില്‍ മനുഷ്യനായ വൈദികന്റെ വചനത്തെ അനുസരിച്ച് അങ്ങ് ആഗതനാകുകയും ചെയ്യുന്നുവല്ലോ. സ്‌നേഹവും കാരുണ്യവും നിറഞ്ഞ ഈശോയെ! മഹാ പാപിയായ ഞാന്‍ അങ്ങയുടെ ദൃഷ്ടാന്തത്തെ കണ്ടുപിടിച്ചു എല്ലാ പ്രമാണങ്ങളും അനുസരിച്ചു നടപ്പാന്‍ അനുഗ്രഹം ചെയ്യണമേ.

 

 

പ്രാര്‍ത്ഥന 
കര്‍ത്താവേ, അങ്ങേ മണവാട്ടിയായ തിരുസ്സഭയ്ക്കു പൂര്‍ണ്ണസ്വാതന്ത്ര്യം കൊടുത്തരുളേണമേ. ഞങ്ങളുടെ പിതാവായ പരിശുദ്ധ പാപ്പായെ സംരക്ഷിക്കണമേ. എല്ലാവരും അങ്ങേ ഏക സത്യസഭയെ അറിഞ്ഞ് ഏക ഇടയന്റെ കീഴാകുന്നതിന് വേഗത്തില്‍ ഇടവരുത്തണമേ! നിര്‍ഭാഗ്യ പാപികളുടെമേല്‍ കൃപയായിരിക്കേണമേ. അനുഗ്രഹത്തിന്റെ അമ്മയായ മറിയമേ, ദിവ്യഹൃദയത്തിന്‍ നാഥേ! ഞാന്‍ അപേക്ഷിക്കുന്നതും ആഗ്രഹിക്കുന്നതുമായ സകല വരങ്ങളും അങ്ങേ ശക്തമായ മദ്ധ്യസ്ഥതയില്‍ ശരണപ്പെട്ട് അങ്ങു വഴിയായി ലഭിക്കുമെന്ന് പൂര്‍ണ്ണമായി ഉറച്ചിരിക്കുന്നു. ആമ്മേന്‍. (3 സ്വര്‍ഗ്ഗ. 3 നന്മ. 3 ത്രി.) 
സാധുശീലനും ഹൃദയ എളിമയുള്ളവനുമായ ഈശോയെ! ഞങ്ങളുടെ ഹൃദയവും അങ്ങേ ഹൃദയം പോലെ ആക്കണമേ. 


ഈശോമിശിഹായുടെ തിരുഹൃദയ ലുത്തിനിയ 
കര്‍ത്താവേ! അനുഗ്രഹിക്കണമേ. 
മിശിഹായേ! അനുഗ്രഹിക്കണമേ. 
കര്‍ത്താവേ! അനുഗ്രഹിക്കണമേ. 
മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ. 
മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ. 


"ഞങ്ങളെ അനുഗ്രഹിക്കണമേ" എന്ന് ഏറ്റു ചൊല്ലുക
ആകാശങ്ങളിലിരിക്കുന്ന ബാവാതമ്പുരാനേ, 
ഭൂലോകരക്ഷിതാവായ പുത്രന്‍ തമ്പുരാനേ, 
റൂഹാദക്കുദശാ തമ്പുരാനേ, 
ഏകസ്വരൂപമായിരിക്കുന്ന ശുദ്ധ ത്രിത്വമേ, 
നിത്യപിതാവിന്‍ കുമാരനായ ഈശോയുടെ തിരുഹൃദയമേ, 
കന്യാസ്ത്രീ മാതാവിന്റെ തിരുവുദരത്തില്‍ പരിശുദ്ധാരൂപിയാല്‍ ഉരുവാക്കപ്പെട്ട ഈശോയുടെ തിരുഹൃദയമേ, 
ദൈവവചനത്തോടു കാതലായ വിധത്തില്‍ ഒന്നിച്ചിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ, 
അനന്തമഹിമയുള്ള ഈശോയുടെ തിരുഹൃദയമേ, 
ദൈവത്തിന്റെ പരിശുദ്ധ ആലയമായ ഈശോയുടെ തിരുഹൃദയമേ, 
അത്യുന്നതന്റെ കൂടാരമായ ഈശോയുടെ തിരുഹൃദയമേ, 
ദൈവഭവനവും മോക്ഷവാതിലുമായ ഈശോയുടെ തിരുഹൃദയമേ, 
ജ്വലിച്ചെരിയുന്ന സ്‌നേഹാഗ്‌നിച്ചൂളയായ ഈശോയുടെ തിരുഹൃദയമേ, 
നീതിയുടെയും സ്‌നേഹത്തിന്റെയും നിധിയായ ഈശോയുടെ തിരുഹൃദയമേ, 
നന്മയും, സ്‌നേഹവും നിറഞ്ഞ ഈശോയുടെ തിരുഹൃദയമേ, 
സകല പുണ്യങ്ങളുടെയും ആഴമായ ഈശോയുടെ തിരുഹൃദയമേ, 
സകല! പുകഴ്ചയ്ക്കും എത്രയും യോഗ്യമായ ഈശോയുടെ തിരുഹൃദയമേ, 
സകല പുണ്യവാന്‍മാരുടെയും ആനന്ദമായ ഈശോയുടെ തിരുഹൃദയമേ, 
ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി, 
കര്‍ത്താവേ! ഞങ്ങളുടെ പാപങ്ങള്‍ പൊറുക്കണമേ. 
ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി, 
കര്‍ത്താവേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ. 
ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി, 
കര്‍ത്താവേ! ഞങ്ങളെ അനുഗ്രഹിക്കണമേ. 


പ്രാര്‍ത്ഥിക്കാം 
സര്‍വശക്തനുമായ നിത്യനുമായ സര്‍വ്വേശ്വരാ! അങ്ങേ എത്രയും പ്രിയമുള്ള പുത്രന്റെ തിരുഹൃദയത്തേയും പാപികളുടെ പേര്‍ക്കായി അദ്ദേഹം അങ്ങേയ്ക്കു കാഴ്ച വെച്ച സ്തുതികളെയും പാപപരിഹാരങ്ങളെയും ഓര്‍ത്തു അങ്ങേ കൃപയെ യാചിക്കുന്നവര്‍ക്കു ദൈവമായ റൂഹാദക്കൂദശായുടെ ഐക്യത്തില്‍ നിത്യമായി നിന്നോടുകൂടെ ജീവിച്ചു വാഴുന്ന അങ്ങേ പുത്രനായ ഈശോമിശിഹായുടെ നാമത്തില്‍ കൃപയുള്ളവനായി പൊറുതി നല്‍കിയരുളണമേ. ആമ്മേന്‍. 

 

സുകൃതജപം 
കുരിശുമരണം വരെയും അനുസരിച്ച ഈശോയുടെ തിരുഹൃദയമേ! എന്റെ മേല്‍ കൃപയായിരിക്കണമേ. 


സല്‍ക്രിയ 
ലഘുവായ വിഷയങ്ങളില്‍ കൂടെയും മേലധികാരിയെ അനുസരിക്കുവാന്‍ ശ്രമിക്കുക. 

+++