ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 10


പിതാവിന്റെ തിരുമനസ്സ് നിറവേറ്റുകയും അവിടുത്തെ സ്തുതിമാത്രം അന്വേഷിക്കുകയും ചെയ്യുന്ന ഈശോ 
മനുഷ്യവംശത്തെ പാപത്തിന്റെ ബന്ധനത്തില്‍ നിന്ന്! രക്ഷിക്കുന്നതിനും ദൈവപിതാവിന്റെ കോപത്തിനു ശാന്തത വരുത്തുന്നതിനും വേണ്ടി ഈശോ സകല സൗഭാഗ്യങ്ങളാലും സമ്പൂര്‍ണ്ണമായ ദൈവഭവനം വിട്ടുപേക്ഷിക്കുന്നു. പിതാവിന്റെ തിരുമനസ്സ് നിറവേറ്റുന്നതിനായി ക്ലേശനിര്‍ഭരമായ ഈ ഭൂമിയിലേക്ക് അവിടുത്തെ യാത്ര ആരംഭിക്കുന്നു. അപമാനങ്ങളും വേദനയും ദാരിദ്ര്യവുമെല്ലാം സ്വര്‍ഗ്ഗപിതാവിന്റെ സ്തുതിക്കായും അവിടുത്തെ ഇഷ്ടം പൂര്‍ത്തിയാക്കുന്നതിനായും അത്യന്തം സന്തോഷത്തോടുകൂടെ ഈശോ സ്വീകരിക്കുന്നു. പിതാവിനെപ്പറ്റി പ്രസംഗിക്കുന്നതിനും അവിടുത്തെ മഹത്വം വര്‍ദ്ധിപ്പിക്കുന്നതിനുമായി ജീവിതം മുഴുവന്‍ അവിടുത്തേക്ക് സമര്‍പ്പിക്കുന്നു. 


ഈശോയുടെ തിരുഹൃദയത്തില്‍ സ്‌നേഹമുള്ളവരെ, നമ്മുടെ അദ്ധ്വാനങ്ങള്‍, ദുഃഖങ്ങള്‍, വേദനകള്‍ എന്നുവേണ്ട എല്ലാ ആകുലതകളും സന്തോഷത്തോടെ സഹിക്കുകയാണെങ്കില്‍ ഏറ്റം ലഘുവായ പ്രവൃത്തികള്‍ കൂടെയും ദൈവസന്നിധിയില്‍ വിലയുള്ളതായിത്തീരുകയും സ്വര്‍ഗ്ഗരാജ്യത്തില്‍ വലുതായ സമ്മാനത്തിനു നാം അര്‍ഹരായി ഭവിക്കുകയും ചെയ്യുമായിരുന്നു. ഈശോയുടെ ജീവിതകാലത്ത് അവിടുത്തെ പ്രവൃത്തികള്‍ എപ്രകാരമായിരുന്നുവെന്നു ദിവ്യവചനങ്ങളില്‍ നിന്നു തന്നെ മനസ്സിലാകുന്നതാണ്. 'എന്റെ പ്രശസ്തി ഞാന്‍ ആഗ്രഹിക്കുന്നില്ല; പിന്നെയോ എന്നെ അയച്ച എന്റെ പിതാവിന്റെ മഹിമ മാത്രമാണ്. ഞാന്‍ സ്വയം പുകഴ്ത്തുന്നുവെങ്കില്‍ എനിക്കു യാതൊരു മഹത്വവും ഇല്ല. എന്റെ പിതാവിന് ഇഷ്ടമുള്ളത് മാത്രം ഞാന്‍ ചെയ്തു കൊണ്ടിരിക്കുന്നു.' അതുകൊണ്ട് മിശിഹായുടെ തിരുഹൃദയത്തെ സ്‌നേഹിക്കാനാഗ്രഹിക്കുന്ന ആത്മാക്കള്‍ അവരുടെ പ്രവൃത്തിയിലും ചിന്തയിലും എപ്പോഴും ദൈവസ്തുതിയും അവിടുത്തെ ഇഷ്ടവും മാത്രം അന്വേഷിക്കണം. 'നിങ്ങള്‍ പ്രഥമമായി ദൈവത്തിന്റെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുവിന്‍. അപ്പോള്‍ ഇവയെല്ലാം കൂട്ടിച്ചേര്‍ത്തു നിങ്ങള്‍ക്കു നല്‍കപ്പെടും' (വി.മത്തായി 6:33). 


ജപം 
കൃപയുള്ള കര്‍ത്താവേ! ദൈവപിതാവിന്റെ മഹിമയായ ഈശോയെ! അങ്ങേ ജീവിതകാലത്ത് ചെയ്ത എല്ലാ പ്രവൃത്തികളും നിത്യപിതാവിന്റെ സ്തുതിക്കും ഞങ്ങളുടെ രക്ഷയ്ക്കും വേണ്ടി സമര്‍പ്പിക്കുകയുണ്ടായി. പാപിയായ ഞാന്‍ എന്റെ പ്രവൃത്തികളിലൊക്കെയിലും സ്വന്തബഹുമാനവും മനുഷ്യസ്തുതിയും ഇന്നുവരെ ആഗ്രഹിച്ചു പ്രവര്‍ത്തിച്ചുവെന്നതു വാസ്തവം തന്നെ. ഇനി അവശേഷിക്കുന്ന എന്റെ ജീവിതകാലത്തില്‍ ചെയ്യുന്ന അദ്ധ്വാനങ്ങള്‍, ദുഃഖാനര്‍ത്ഥങ്ങള്‍ എന്നിവയെല്ലാം അങ്ങേ പിതാവിന്റെ സ്തുതിക്കായി ചെയ്യാന്‍ സന്നദ്ധനായിരിക്കുന്നു. കര്‍ത്താവേ, എന്റെ പ്രതിജ്ഞയില്‍ ഉറച്ചു നില്‍ക്കാന്‍ ശക്തി തരണമേ. 

 

പ്രാര്‍ത്ഥന 
കര്‍ത്താവേ, അങ്ങേ മണവാട്ടിയായ തിരുസ്സഭയ്ക്കു പൂര്‍ണ്ണസ്വാതന്ത്ര്യം കൊടുത്തരുളേണമേ. ഞങ്ങളുടെ പിതാവായ പരിശുദ്ധ പാപ്പായെ സംരക്ഷിക്കണമേ. എല്ലാവരും അങ്ങേ ഏക സത്യസഭയെ അറിഞ്ഞ് ഏക ഇടയന്റെ കീഴാകുന്നതിന് വേഗത്തില്‍ ഇടവരുത്തണമേ! നിര്‍ഭാഗ്യ പാപികളുടെമേല്‍ കൃപയായിരിക്കേണമേ. അനുഗ്രഹത്തിന്റെ അമ്മയായ മറിയമേ, ദിവ്യഹൃദയത്തിന്‍ നാഥേ! ഞാന്‍ അപേക്ഷിക്കുന്നതും ആഗ്രഹിക്കുന്നതുമായ സകല വരങ്ങളും അങ്ങേ ശക്തമായ മദ്ധ്യസ്ഥതയില്‍ ശരണപ്പെട്ട് അങ്ങു വഴിയായി ലഭിക്കുമെന്ന് പൂര്‍ണ്ണമായി ഉറച്ചിരിക്കുന്നു. ആമ്മേന്‍. (3 സ്വര്‍ഗ്ഗ. 3 നന്മ. 3 ത്രി.) 
സാധുശീലനും ഹൃദയ എളിമയുള്ളവനുമായ ഈശോയെ! ഞങ്ങളുടെ ഹൃദയവും അങ്ങേ ഹൃദയം പോലെ ആക്കണമേ. 


ഈശോമിശിഹായുടെ തിരുഹൃദയ ലുത്തിനിയ 
കര്‍ത്താവേ! അനുഗ്രഹിക്കണമേ. 
മിശിഹായേ! അനുഗ്രഹിക്കണമേ. 
കര്‍ത്താവേ! അനുഗ്രഹിക്കണമേ. 
മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ. 
മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ. 


"ഞങ്ങളെ അനുഗ്രഹിക്കണമേ" എന്ന് ഏറ്റു ചൊല്ലുക
ആകാശങ്ങളിലിരിക്കുന്ന ബാവാതമ്പുരാനേ, 
ഭൂലോകരക്ഷിതാവായ പുത്രന്‍ തമ്പുരാനേ, 
റൂഹാദക്കുദശാ തമ്പുരാനേ, 
ഏകസ്വരൂപമായിരിക്കുന്ന ശുദ്ധ ത്രിത്വമേ, 
നിത്യപിതാവിന്‍ കുമാരനായ ഈശോയുടെ തിരുഹൃദയമേ, 
കന്യാസ്ത്രീ മാതാവിന്റെ തിരുവുദരത്തില്‍ പരിശുദ്ധാരൂപിയാല്‍ ഉരുവാക്കപ്പെട്ട ഈശോയുടെ തിരുഹൃദയമേ, 
ദൈവവചനത്തോടു കാതലായ വിധത്തില്‍ ഒന്നിച്ചിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ, 
അനന്തമഹിമയുള്ള ഈശോയുടെ തിരുഹൃദയമേ, 
ദൈവത്തിന്റെ പരിശുദ്ധ ആലയമായ ഈശോയുടെ തിരുഹൃദയമേ, 
അത്യുന്നതന്റെ കൂടാരമായ ഈശോയുടെ തിരുഹൃദയമേ, 
ദൈവഭവനവും മോക്ഷവാതിലുമായ ഈശോയുടെ തിരുഹൃദയമേ, 
ജ്വലിച്ചെരിയുന്ന സ്‌നേഹാഗ്‌നിച്ചൂളയായ ഈശോയുടെ തിരുഹൃദയമേ, 
നീതിയുടെയും സ്‌നേഹത്തിന്റെയും നിധിയായ ഈശോയുടെ തിരുഹൃദയമേ, 
നന്മയും, സ്‌നേഹവും നിറഞ്ഞ ഈശോയുടെ തിരുഹൃദയമേ, 
സകല പുണ്യങ്ങളുടെയും ആഴമായ ഈശോയുടെ തിരുഹൃദയമേ, 
സകല! പുകഴ്ചയ്ക്കും എത്രയും യോഗ്യമായ ഈശോയുടെ തിരുഹൃദയമേ, 
സകല പുണ്യവാന്‍മാരുടെയും ആനന്ദമായ ഈശോയുടെ തിരുഹൃദയമേ, 
ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി, 
കര്‍ത്താവേ! ഞങ്ങളുടെ പാപങ്ങള്‍ പൊറുക്കണമേ. 
ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി, 
കര്‍ത്താവേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ. 
ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി, 
കര്‍ത്താവേ! ഞങ്ങളെ അനുഗ്രഹിക്കണമേ. 


പ്രാര്‍ത്ഥിക്കാം 
സര്‍വശക്തനുമായ നിത്യനുമായ സര്‍വ്വേശ്വരാ! അങ്ങേ എത്രയും പ്രിയമുള്ള പുത്രന്റെ തിരുഹൃദയത്തേയും പാപികളുടെ പേര്‍ക്കായി അദ്ദേഹം അങ്ങേയ്ക്കു കാഴ്ച വെച്ച സ്തുതികളെയും പാപപരിഹാരങ്ങളെയും ഓര്‍ത്തു അങ്ങേ കൃപയെ യാചിക്കുന്നവര്‍ക്കു ദൈവമായ റൂഹാദക്കൂദശായുടെ ഐക്യത്തില്‍ നിത്യമായി നിന്നോടുകൂടെ ജീവിച്ചു വാഴുന്ന അങ്ങേ പുത്രനായ ഈശോമിശിഹായുടെ നാമത്തില്‍ കൃപയുള്ളവനായി പൊറുതി നല്‍കിയരുളണമേ. ആമ്മേന്‍. 


സുകൃതജപം 
ഈശോയുടെ തിരുഹൃദയമേ! എന്റെ പ്രവൃത്തികളിലൊക്കെയിലും അങ്ങേ സ്തുതിമാത്രം അന്വേഷിപ്പാന്‍ കൃപ ചെയ്യണമേ. 


സല്‍ക്രിയ 
ദൈവത്തിന്റെ സ്തുതിക്കായി സകലതും ചെയ്യുന്നുണ്ടെന്ന് പ്രതിജ്ഞ ചെയ്യുക. 

+++