വിശുദ്ധ യൗസേപ്പുപിതാവിന്റെ വണക്കമാസം: നാലാം തീയതി
'പരസ്യജീവിതം ആരംഭിക്കുമ്പോള്‍ യേശുവിന് ഏകദേശം മുപ്പതു വയസ്സു പ്രായമായിരുന്നു. അവന്‍ ജോസഫിന്റെ മകനാണെന്നു കരുതപ്പെട്ടിരുന്നു. ജോസഫ് ഹേലിയുടെ പുത്രനായിരുന്നു' (ലൂക്ക 3:23). 


ദാവീദിന്റെ വിശിഷ്ട സന്താനം 
മാനവകുലത്തെ രക്ഷിക്കുവാനായി മനുഷ്യനായി അവതരിക്കുവാന്‍ ദൈവം തിരുമനസ്സായി. മാനവരാശിയില്‍ നിന്നു ദൈവം ഇസ്രായേല്‍ ജനതയെ അവിടുത്തെ ആഗമനത്തിനു വേണ്ടി തെരഞ്ഞെടുത്ത് ഒരുക്കികൊണ്ടുവന്നു. അവിടുന്ന്! അബ്രാഹത്തെ തെരഞ്ഞെടുത്ത് അദ്ദേഹവുമായി ഒരു ഉടമ്പടി ചെയ്തു. അദ്ദേഹത്തിന്റെ സന്തതിയില്‍ ലോകത്തിലെ സകല ജനപദങ്ങളും അനുഗൃഹീതരായിരിക്കുമെന്ന് പിതാവായ ദൈവം അരുളിച്ചെയ്തു. അബ്രാഹത്തിന്റെ സന്താന പരമ്പരയില്‍ നിന്നും ദൈവം യാക്കോബിനെ സവിശേഷമായി തെരഞ്ഞെടുത്തു. അദ്ദേഹത്തെ അനുഗ്രഹിക്കുകയും ഇസ്രായേല്‍ എന്ന്! അഭിസംബോധന ചെയ്യുകയും ചെയ്തു. 


അദ്ദേഹത്തിന്റെ പുത്രന്‍മാരാണ് ഇസ്രായേല്‍ ജനത. അവരെ ദൈവം സ്വന്തം ജനമായി തെരഞ്ഞെടുത്തു. ഇസ്രായേലിലെ മറ്റു വംശങ്ങളില്‍ നിന്നും വേര്‍തിരിച്ച് അനുഗ്രഹിച്ച് ഉടമ്പടി ചെയ്ത് അവിടുത്തെ പ്രിയപ്പെട്ട ദൈവജനമാക്കി മാറ്റി. യാക്കോബിന്റെ പുത്രന്മാരില്‍തന്നെ യൂദായെ ലോകപരിത്രാതാവിന്റെ വംശമാക്കി ഉയര്‍ത്തി. അവരില്‍ പ്രധാനി ദാവീദ് രാജാവായിരുന്നു. ദാവീദിന്റെ വംശത്തില്‍പെട്ട ആളായിരിന്നു നമ്മുടെ പിതാവായ മാര്‍ യൗസേപ്പ്. 


ദൈവത്തിന്റെ സവിശേഷമായ സ്‌നേഹം വി.യൗസേപ്പില്‍ പ്രകടമാകുന്നുണ്ട്. ലോകരക്ഷകന്റെ വളര്‍ത്തു പിതാവെന്ന സ്ഥാനം അലങ്കരിക്കുന്നതിന് അനുയോജ്യനായി മനുഷ്യ വംശത്തില്‍ ദൈവം കണ്ടെത്തിയത് വി. യൗസേപ്പിനെയാണ്. രാജവംശജനെങ്കിലും വി. യൗസേപ്പ് വളരെ ദരിദ്രമായ ജീവിതമാണ് നയിച്ചിരുന്നത്. അദ്ദേഹം ലൗകിക സമ്പത്തിനേക്കാള്‍ ആദ്ധ്യാത്മിക സമ്പത്തിനെ വിലമതിച്ചിരുന്നു. 
ആദ്യ പാപത്തിനുശേഷം കളമൊരുക്കിയ ലോകരക്ഷകന്റെ ആഗമനത്തിനു വേണ്ടി, ദൈവമാതാവായ പ.കന്യകയെയും അവിടുത്തെ വിരക്ത ഭര്‍ത്താവും ദൈവകുമാരന്റെ വളര്‍ത്തു പിതാവുമായ മാര്‍ യൗസേപ്പിനെയും തെരഞ്ഞെടുത്ത് സവിശേഷമായ ദാനങ്ങള്‍ നല്‍കി അനുഗ്രഹിച്ചു കൊണ്ടാണ്. ദൈവമാതാവായ മറിയത്തിന്റെ വിരക്ത ഭര്‍ത്താവെന്ന സ്ഥാനത്തിനും ദാവീദ് രാജവംശജരില്‍ ദൈവം തെരഞ്ഞെടുത്തത് മാര്‍ യൗസേപ്പിതാവിനെയാണ്. 


ദൈവം നമ്മെ ഓരോരുത്തരെയും ദൗത്യനിര്‍വഹണത്തിനായി തെരഞ്ഞെടുത്തിരിക്കുന്നു. അതനുസരിച്ച് ജീവിക്കുമ്പോള്‍ മാത്രമേ നമ്മുടെ വ്യക്തിജീവിതം അനുഗ്രഹം പ്രാപിക്കുകയും നമ്മുടെ ജീവിതം ധന്യമാവുകയും ചെയ്യുകയുള്ളൂ. ശരിയായ ദൗത്യബോധം ഉണ്ടെങ്കില്‍ വന്‍കാര്യങ്ങള്‍ പ്രവര്‍ത്തിക്കാന്‍ നമ്മുക്ക് സാധിക്കും. അപ്പോള്‍ ജീവിതം കൂടുതല്‍ ഹൃദ്യവും മനോഹരവുമാകും. 


സംഭവം 
കേരളത്തില്‍ മലയോരപ്രദേശത്തുള്ള ഒരു ഗ്രാമത്തില്‍ നടന്ന സംഭവമാണ് ഇത്. സന്ധ്യാസമയം. ശക്തിയായി പുതുമഴ ചെയ്യുന്നു. ഇരുണ്ടുമൂടിയ ആകാശം, ഭയങ്കരമായ കാറ്റും മഴയും. വന്മരങ്ങള്‍ കാറ്റില്‍ കടപുഴകി മറിഞ്ഞുവീഴുന്നു. ആകാശവും ഭൂമിയും നടുക്കുമാറ് കനത്ത ഇടിയും മിന്നലും. ഇതിനിടെ വീട്ടിലെ എട്ട് വയസ്സുള്ള കുട്ടി മാമ്പഴം പെറുക്കുവാന്‍ പോയി. ഇടിവാള്‍ വെട്ടി തഴച്ചു നില്‍ക്കുന്ന മാവില്‍ നീല നിറമുള്ള തീയ് ആളിപ്പടരുന്നതു കണ്ട കുട്ടിയുടെ മാതാപിതാക്കള്‍ വാവിട്ടു കരഞ്ഞു. ആ വീട്ടില്‍ പ്രതിഷ്ഠിച്ചിരുന്നതായ അഗതികളുടെ സഹായമായ മാര്‍ യൗസേപ്പിതാവിന്റെ രൂപത്തിന്റെ മുമ്പില്‍ !കൂടി അവര്‍ നിലവിളിച്ചപേക്ഷിച്ചു. കാറ്റും മഴയും മേഘഗര്‍ജ്ജനവും പൂര്‍വ്വാധികം ശക്തിപ്പെടുകയാണ്. അവര്‍ നോക്കിനില്‍ക്കെ ഭയങ്കരമായ മറ്റൊരു ഇടിവാള്‍ കൂടി ഭൂമിയില്‍ മിന്നിപ്പതിഞ്ഞു. കുട്ടി നിന്ന സ്ഥലത്താണ് ഇടിവെട്ടുണ്ടായതെന്നു കണ്ട് എല്ലാവരും ഞടുങ്ങി. അവരുടെ ഹൃദയത്തില്‍ തീ ആളിപ്പടര്‍ന്നു. അല്പസമയത്തിനുള്ളില്‍ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ആ അരുമബാലന്‍ വീട്ടില്‍ കയറി. അവന്റെ കഴുത്തിലെ സ്വര്‍ണ്ണമാലയുടെ തിളക്കം കൊണ്ടാണ് ഇടിമിന്നല്‍ ഭൂമിയില്‍ വന്നത്. സ്വര്‍ണ്ണമാല ഉരുകിപ്പോയിരുന്നു. പക്ഷെ ബാലന് യാതൊരു അപകടവും സംഭവിച്ചില്ല. തങ്ങളുടെ ഓമന മകനെ സംരക്ഷിച്ചത് മാര്‍ യൌസേപ്പിന്റെ മാദ്ധ്യസ്ഥ ശക്തി ഒന്നുമാത്രമാണെന്ന് ആ കുടുംബത്തിലെ എല്ലാവര്‍ക്കും ബോദ്ധ്യപ്പെട്ടു. 


ജപം 
ദാവീദു രാജവംശജനായ മാര്‍ യൗസേപ്പേ, അങ്ങ് ഇസ്രായേലിന്റെ സൂനവും അഭിമാനപാത്രവുമത്രേ. ലോകപരിത്രാതാവിന്റെ ആഗമനത്തിനായി ദൈവം അങ്ങേ പ്രത്യേക വിധമായി തെരഞ്ഞെടുത്തു. അനേകം അനുഗ്രഹങ്ങളാല്‍ സമലങ്കരിച്ചിരിക്കുന്നു. മഹത്വത്തിന്റെ സിംഹാസനത്തില്‍ ആരൂഢനായിരിക്കുന്ന പിതാവേ, അങ്ങേ വത്സലമക്കളായ ഞങ്ങളെ കരുണാപൂര്‍വ്വം കടാക്ഷിക്കേണമേ. ഞങ്ങള്‍ ഉത്തമമായ ക്രിസ്തീയ ജീവിതം നയിച്ച് കുടുംബത്തിന്റെ മണിദീപങ്ങളും സമുദായത്തിന്റെ അഭിമാനസ്തംഭങ്ങളും തിരുസ്സഭയുടെ ഉത്തമപുത്രരുമായി ജീവിക്കുവാന്‍ വേണ്ട അനുഗ്രഹങ്ങള്‍ വര്‍ഷിക്കണമേ. 
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. 

വി. യൗസേപ്പുപിതാവിന്റെ ലുത്തിനിയ 
കര്‍ത്താവേ, അനുഗ്രഹിക്കണമേ 
(കര്‍ത്താവേ...) 
മിശിഹായെ, അനുഗ്രഹിക്കണമേ. 
(മിശിഹായെ...) 
കര്‍ത്താവേ, അനുഗ്രഹിക്കണമേ. 
(കര്‍ത്താവേ...) 
മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ, 
(മിശിഹായെ...) 
മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ. 
(മിശിഹായെ...) 
ഞങ്ങളെ അനുഗ്രഹിക്കണമേ എന്ന് ഏറ്റു ചൊല്ലുക 
സ്വര്‍ഗ്ഗസ്ഥനായ പിതാവേ, 
ലോകരക്ഷകനായ ക്രിസ്തുവേ, 
പരിശുദ്ധാത്മാവായ ദൈവമേ, 
ഏകദൈവമായിരിക്കുന്ന പ. ത്രിത്വമേ, 
ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ എന്ന് ഏറ്റു ചൊല്ലുക
പരിശുദ്ധ മറിയമേ, 
വിശുദ്ധ യൗസേപ്പേ, 
ദാവീദിന്റെ വിശിഷ്ട സന്താനമേ, 
ഗോത്രപിതാക്കളുടെ പ്രകാശമേ, 
ദൈവജനനിയുടെ ഭര്‍ത്താവേ, 
പരിശുദ്ധ കന്യകയുടെ നിര്‍മ്മലനായ കാവല്‍ക്കാരാ, 
ദൈവകുമാരന്റെ വളര്‍ത്തുപിതാവേ, 
മിശിഹായുടെ ജാഗ്രതയുള്ള സംരക്ഷകാ, 
തിരുക്കുടുംബത്തിന്റെ നാഥനേ, 
എത്രയും നീതിമാനായ വി. യൗസേപ്പേ, 
മഹാ വിരക്തനായ വി.യൗസേപ്പേ, 
മഹാ വിവേകിയായ വി. യൗസേപ്പേ, 
മഹാ ധീരനായ വി. യൗസേപ്പേ, 
അത്യന്തം അനുസരണയുള്ള വി. യൗസേപ്പേ, 
മഹാ വിശ്വസ്തനായ വി. യൗസേപ്പേ, 
ക്ഷമയുടെ ദര്‍പ്പണമേ, 
ദാരിദ്ര്യത്തിന്റെ സ്‌നേഹിതാ, 
തൊഴിലാളികളുടെ മാതൃകയേ, 
കുടുംബജീവിതത്തിന്റെ അലങ്കാരമേ, 
കന്യകകളുടെ സംരക്ഷകാ, 
കുടുംബങ്ങളുടെ ആധാരമേ, 
നിര്‍ഭാഗ്യരുടെ ആശ്വാസമേ, 
രോഗികളുടെ ആശ്രയമേ, 
മരണാവസ്ഥയില്‍ ഇരിക്കുന്നവരുടെ മദ്ധ്യസ്ഥാ, 
പിശാചുക്കളുടെ പരിഭ്രമമേ, 
തിരുസ്സഭയുടെ പാലകാ, 
ഭൂലോക പാപങ്ങളെ നീക്കുന്ന ദൈവചെമ്മരിയാട്ടിന്‍ കുട്ടിയായിരിക്കുന്ന ഈശോ തമ്പുരാനേ, 
കര്‍ത്താവേ, ഞങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കണമേ
ഭൂലോക പാപങ്ങളെ നീക്കുന്ന ദൈവചെമ്മരിയാട്ടിന്‍ കുട്ടിയായിരിക്കുന്ന ഈശോ തമ്പുരാനേ, 
കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കേണമേ. 
ഭൂലോക പാപങ്ങളെ നീക്കുന്ന ദൈവചെമ്മരിയാട്ടിന്‍ കുട്ടിയായിരിക്കുന്ന ഈശോ തമ്പുരാനേ, . 
കര്‍ത്താവേ, ഞങ്ങളെ അനുഗ്രഹിക്കണമേ.
(നായകന്‍) ദൈവം അദ്ദേഹത്തെ തന്റെ ഭവനത്തിന്റെ അധികാരിയായി നിയമിച്ചു. 
(സമൂഹം) തന്റെ സകല സമ്പത്തുകളുടെയും നായകനുമാക്കി. 


പ്രാര്‍ത്ഥിക്കാം 
അത്യന്തം നിര്‍മ്മലമായ പരിശുദ്ധ കന്യകയ്ക്കു ഭര്‍ത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങള്‍ക്ക് ആശ്വാസവും ആശ്രയവും നല്‍കുന്ന പിതാവായി അദ്ദേഹത്തെ നിശ്ചയിച്ചതില്‍ ഞങ്ങള്‍ നന്ദി പറയുന്നു. ഈ പിതാവിന്റെ മാദ്ധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങള്‍ക്ക് നല്‍കണമെയെന്ന് ഞങ്ങള്‍ അപേക്ഷിക്കുന്നു. ആമ്മേന്‍. 


സുകൃതജപം 
ദാവീദിന്റെ പുത്രനായ മാര്‍ യൗസേപ്പേ, തിരുസഭയുടെ ഉത്തമ പുത്രാകുവാന്‍ ഞങ്ങളെ അനുഗ്രഹിക്കണമേ.

+++