പ്രാര്‍ത്ഥന-1 
കര്‍ത്താവായ യേശുവേ, ഞാനിതാ രക്ഷയ്ക്കുവേണ്ടി നിലവിളിക്കുന്നു! വേഗംവരണമേ! അഗാധത്തിലേക്ക് മുങ്ങിത്താഴുന്ന എന്നെയും എന്റെ കുടുംബത്തെയും, യേശുവേ കൈപിടിച്ചുയര്‍ത്തി രക്ഷയുടെ പാറയില്‍ ഉറപ്പിച്ചു നിര്‍ത്തേണമേ. പാപത്തില്‍നിന്നും, കടബാധ്യതയില്‍ നിന്നും, കുടുംബ തകര്‍ച്ചയില്‍നിന്നും, ഭക്തിരാഹിത്യത്തില്‍നിന്നും, അവിശ്വാസത്തില്‍നിന്നും, സാത്താന്റെ  പീഢകളില്‍നിന്നും എന്നെ രക്ഷിക്കണമേ!. യേശുവേ...യേശുവേ...യേശുവേ... (കുറച്ചുനേരം കൈകള്‍ ഉയര്‍ത്തി സ്തുതിക്കുന്നു.)

പ്രാര്‍ത്ഥന-2 
കര്‍ത്താവായ യേശുവേ, അങ്ങയെ എന്റെ ജീവിതത്തില്‍ രക്ഷിതാവും കര്‍ത്താവുമായി ഞാന്‍ ആരാധിക്കുന്നു. ദാവിദിന്റെ വംശജനും മരിച്ചവരില്‍നിന്നും ഉയിര്‍ത്തവനുമായ യേശുവേ, അങ്ങയുടെ നാമത്തിന്റെ അത്ഭുതശക്തി എന്റെമേല്‍ നിറയട്ടെ!.  എന്റെ നിറുക മുതല്‍ ഉളളംകാല്‍ വരെ ഓരോ കോശങ്ങളിലേക്കും യേശുനാമം വ്യാപരിക്കട്ടെ!. യേശു എന്ന നാമം ഒരഗ്നിയായി എന്നില്‍ കത്തട്ടെ!. യേശുനാമത്തിന്റെ ശക്തി എന്നില്‍നിന്നും സദാ പ്രവഹിച്ചുകൊണ്ടിരിക്കട്ടെ! (ആവര്‍ത്തിച്ചാവര്‍ത്തിച്ച് യേശുനാമം വിളിച്ചു സ്തുതിക്കുന്നു).

പ്രാര്‍ത്ഥന-3 
കര്‍ത്താവായ യേശുവേ, സേവ്യര്‍ ഖാന്‍ വട്ടായിലച്ചന്‍ എഴുതിയ 'യേശു നാമത്തിന്റെ ശക്തി' എന്ന പുസ്തകം വായിക്കുന്നവരേയും ഇതു വിതരണം ചെയ്യുന്നവരേയും അവിടുന്നു സ്പര്‍ശിക്കണമേ!. ഈ പുസ്തകം വായിച്ചുകൊണ്ടിരിക്കുമ്പോള്‍തന്നെ യേശുവിന്റെ നാമത്തില്‍ രോഗങ്ങള്‍ വിട്ടുമാറട്ടെ!. പൈശാചിക പീഢകള്‍ വിട്ടുപോകട്ടെ!. അന്ധകാരത്തിന്റെ മൂടുപടം മനസ്സില്‍നിന്നും ബുദ്ധിയില്‍നിന്നും ഛിന്നഭിന്നമാകട്ടെ!. യേശുനാമത്തിന്റെ അഭിഷേകം ഓരോരുത്തരിലേക്കും നിറയപ്പെടട്ടെ!. യേശുവേ സ്‌തോത്രം...യേശുവേ നന്ദി (കുറച്ചുനേരം സ്തുതിക്കുന്നു.)

+++