യേശു എന്ന നാമത്തിന്റെ പ്രത്യേകതകള്‍ 
1.പിതാവായ ദൈവം നല്‍കിയ നാമമാണ് യേശുനാമം
'നീ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും നീ അവന് യേശു എന്നു പേരിടണം.' (ലൂക്കാ.1:31). സാധാരണയായി ഒരു കുഞ്ഞു ജനിച്ച് ആണോ പെണ്ണോ എന്നു തിരിച്ചറിഞ്ഞതിനു ശേഷം നാം കുഞ്ഞിന് പേരിടുന്നു. എന്നാല്‍ യേശുവിന്റെ കാര്യത്തില്‍ എന്താണ് സംവിച്ചത്? ഈശോ മാതാവിന്റെ ഉദരത്തില്‍ ജന്മമെടുക്കുന്നതിന് മുമ്പു തന്നെ 'നീ അവന് യേശു എന്നു പേരിടണം'  എന്നു ദൈവം നിര്‍ബന്ധം പിടിക്കുകയാണ്. യേശു എന്ന പേര് കണ്ടുപിടിച്ചത് മാതാവോ യൗസേപ്പിതാവോ അവരുടെ ബന്ധുക്കളില്‍ ആരെങ്കിലുമോ ആയിരുന്നില്ല. പിന്നയോ പിതാവായ ദൈവം തന്നെയാണ്. പിതാവായ ദൈവത്തിന്റെ ഹൃദയത്തില്‍ എല്ലാ മനുഷ്യര്‍ക്കുംവേണ്ടി പിതാവ് രൂപപ്പെടുത്തി നല്‍കിയ നാമമാണ് യേശു എന്ന നാമം. രാജാക്കന്മാരും ചക്രവര്‍ത്തികളും ഭരണകുടങ്ങളും പല പ്രസ്ഥാനങ്ങളും ഏകാധിപതികളും സൈനി ശക്തികളും ഈ നാമത്തെ തുടച്ച മാറ്റാന്‍ ഒറ്റക്കെട്ടായി പരിശ്രമിച്ചിട്ടുണ്ട്. എന്നാല്‍ അവരെല്ലാം തകര്‍ന്ന് നാമാവശേഷമായി. യേശു എന്ന നാമം ജനകോടികളെ ആവേശം കൊളളിച്ചു ഇന്നും ഉയര്‍ന്നു നില്‍ക്കുന്നു.
 
 
2.എല്ലാ നാമത്തിലും ഉപരിയായ നാമം യേശുനാമം
ആകയാല്‍ ദൈവം അവനെ അത്യധികം ഉയര്‍ത്തി. എല്ലാ നാമങ്ങള്‍ക്കും ഉപരിയായ നാമം നല്‍കുകയും ചെയ്തു (ഫിലി.2:9). യേശു എന്ന നാമത്തിനു മുകളില്‍ അധികാരമുളള വേറൊരു നാമം സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലും ഇല്ല. എന്തെന്നാല്‍ പിതാവിന്റെ ഇഷ്ടനാമമായ യേശു എന്ന നാമത്തിന്റെ മുമ്പില്‍ ഈ സൃഷ്ടപ്രപഞ്ചത്തിലുളള സകലരും മുട്ടുകള്‍ മടക്കണമെന്ന് ദൈവപിതാവ് ആഗ്രഹിക്കുന്നു. 'പിതാവേ, ആങ്ങയുടെ നാമത്തെ മഹത്വപ്പെടുത്തണമേ! അപ്പോള്‍ സ്വര്‍ഗ്ഗത്തില്‍നിന്ന് ഒരു സ്വരമുണ്ടായി:ഞാന്‍ മഹത്വപ്പെടുത്തിയിരിക്കുന്നു. ഇനിയും മഹത്വപ്പെടുത്തും' (യോഹ.12:28)
 
 
3.യേശു എന്ന നാമം -പിശാചുക്കള്‍ ഞെട്ടിവിറക്കുന്നു നാമം 
'എഴുപത്തിരണ്ടുപേരും സന്തോഷത്തോടെ തിരിച്ചുവന്നു പറഞ്ഞു കര്‍ത്താവേ, നിന്റെ നാമത്തില്‍ പിശാചുക്കള്‍പോലും ഞങ്ങള്‍ക്ക് കീഴ്‌പ്പെടുന്നു' (ലൂക്കാ.10.17). ഈശോ തന്റെ ശിഷ്യന്മാരെ ഈരണ്ടുപേരായി താന്‍ പോകാനിരിന്ന എല്ലാ പട്ടണങ്ങളിലേക്കും നാട്ടിന്‍പുറങ്ങളിലേക്കും അയച്ചു. അവര്‍പോയി യേശു പറഞ്ഞതുപോലെ ചെയ്തു; പ്രസംഗിച്ചു, പ്രാര്‍ത്ഥിച്ചു, ജനത്തെ ഒരുക്കി. അവരുടെ ശുശ്രൂഷയില്‍ എഴുപത്തിരണ്ടുപേരും കണ്ട ഒരു യഥാര്‍ത്ഥ്യം അവര്‍ തിരിച്ചുവന്ന് യേശുവിനോട് പറഞ്ഞു: 'നിന്റെ നാമത്തില്‍ പിശാചുക്കള്‍ പോലും ഞങ്ങള്‍ക്ക് കീഴ്‌പ്പെടുന്നു'.അപ്പോള്‍ യേശു അവരോടു പറഞ്ഞു. പിശാചുക്കള്‍ നിങ്ങള്‍ക്കു കീഴ്‌പ്പെടുക മാത്രമല്ല ചെയ്തത്. അവന്‍ ഇടിമിന്നല്‍പോലെ, ക്ഷണനേരം കൊണ്ട്  അവന്റെ കോട്ടകൊത്തളങ്ങളില്‍ നിന്ന് പൊട്ടിവീഴുക തന്നെ ചെയ്തു. 'അവന്‍ പറഞ്ഞു: സാത്താന്‍ സ്വര്‍ഗ്ഗത്തില്‍നിന്ന് ഇടിമിന്നല്‍പോലെ നിപതിക്കുന്നതു ഞാന്‍ കണ്ടു'(ലൂക്കാ.10.18). ഞാനും നിങ്ങളും യേശുവിന്റെ നാമത്തില്‍ പ്രാത്ഥിക്കുമ്പോള്‍ വചനം പ്രസംഗിക്കുമ്പോള്‍ സാത്താന്‍ ഇടിമിന്നല്‍ പോലെ നിലം പതിക്കുന്നു. സാത്താനെ വീഴുത്തുന്ന നാമമാണ് യേശുനാമം. അതുകൊണ്ട് യേശുനാമം ഉപയോഗിക്കാതിരിക്കാന്‍ സാത്താന്‍ നമ്മുടെ മനസ്സുകളെ വ്യതിചലിപ്പിക്കും. നിങ്ങളുടെ കുടുംബത്തില്‍നിന്ന്, ഇടവകയില്‍നിന്ന്, ദേശത്തുനിന്ന് സാത്താന്‍ ഇടിമിന്നല്‍പോലെ വീണു തകരാന്‍ 'യേശു', എന്ന നാമം ശക്തിയായി ഉപയോഗിക്കുക. യേശുവിന്റെ നാമം ഏറ്റുപറയുക നേശുനാമത്തെ സ്തുതിക്കുന്ന പാട്ടുകള്‍ പാടി പ്രാര്‍ത്ഥിക്കു. യോഹന്നാന്‍ പറഞ്ഞു: ഗുരോ, നിന്റെ നാമത്തില്‍ പിശാചുക്കളെ പുറത്താക്കുന്ന ഒരാളെ ഞങ്ങള്‍ കണ്ടു.. അവന്‍ ഞങ്ങളോടൊപ്പം നിന്നെ അനുഗഹിക്കാത്തുകൊണ്ടു ഞങ്ങള്‍ അവനെ തടഞ്ഞു. യേശു പറഞ്ഞു: അവനെ തടയേണ്ട, എന്തെന്നാല്‍, നിങ്ങള്‍ക്ക് എതിരില്ലാത്തവന്‍ നിങ്ങളുടെ ഭാഗത്താണ്. (ലൂക്കാ.9:49-50). മാമ്മോദീസാ മുങ്ങാത്ത ഒരാളാണെങ്കില്‍പോലും യേശുക്രിസ്തുവിനെ ഹൃദയംകൊണ്ട് കര്‍ത്താവും നാഥനുമായി അംഗീകരിച്ച് ആരാധിച്ചാല്‍, യേശുവിനെ വിശ്വസിച്ചാല്‍, ആ വ്യക്തി ആഞ്ജാപിച്ചാലും യേശുനാമത്തില്‍ പിശാച് പാലായനം ചെയ്യും. അതിനാല്‍ സദാ യേശുനാമം ഉപയോഗിക്കുക. '...പൗലോസിനെ ഇത് അസഹ്യപ്പെടുത്തി. അവന്‍ തിരിഞ്ഞ് അവളിലെ ആത്മാവിനോടു പറഞ്ഞു; അവളില്‍നിന്നു പുറത്തു പോകാന്‍ യേശുക്രിസ്തുവിന്റെ നാമത്തില്‍ നിന്നോടു ഞാന്‍ ആഞ്ജാപിക്കുന്നു' (അപ്പ.16:18). ഇവിടെയെല്ലാം കാണുന്ന പ്രത്യേകത, യേശുവിന്റെ നാമത്തില്‍ കല്‍പ്പിച്ചാല്‍ തല്‍ഷണം സാത്താന്‍ വിട്ടുപോകുന്നു. ക്ഷണനേരത്തേക്കുപോലും പിന്നീട് അവന്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കുന്നില്ല. 'അവര്‍ കഫര്‍ണാമില്‍ എത്തി. സാബത്തു ദിവസം അവന്‍ സിനഗോഗില്‍ പ്രവേശിച്ചു പഠിപ്പിച്ചു. അവന്റെ പ്രബോധനത്തില്‍ അവര്‍ വിസ്മയഭരിതരായി. കാരണം, നിയമജ്ഞരെപ്പോലെയല്ല, അധികാരമുളളവനെപ്പോലെയാണ്. അവന്‍ പഠിപ്പിച്ചത്. അശുദ്ധാത്മാവു ബാധിച്ച ഒരുവന്‍ അവിടെ ഉണ്ടായിരുന്നു. അവന്‍ അലറി; നസറായനായെ യേശുവേ, നീ എന്തിന് ഞങ്ങളുടെ കാര്യത്തില്‍ ഇടപ്പെടുന്നു? ഞങ്ങളെ നശിപ്പിക്കാനാണോ നീ വന്നിരിക്കുന്നത് നീ ആരാണെന്ന് എനിക്കറിയാം ദൈവത്തിന്റെ പരിശുദ്ധന്‍. യേശു അവനെ ശാസിച്ചു; നിശ്ശബ്ദനായിരിക്കുക; അവനെവിട്ട് നീ പുറത്തുവരുക. അശുദ്ധാത്മാവ് അവനെ തളളിവീഴ്ത്തിയിട്ട് ഉച്ചസ്വരത്തില്‍ അലറിക്കൊണ്ടു പുറത്തു വന്നു. എല്ലാവരും അത്ഭുതപ്പെട്ടു പരസ്പരം പറഞ്ഞു. ഇതെന്ത്? അധികാരത്തോടെയുളള പുതിയ പ്രബോധനമോ? അശുദ്ധാത്മക്കളോടുപോലും അവന്‍ ആജ്ഞാപിക്കുന്നു; അവ അനുസരിക്കുകയും ചെയ്യുന്നു'(മര്‍ക്കോസ് 1:21-27) യേശുവിന്റെ സാന്നിദ്ധ്യത്തില്‍ പിശാച് ഞെട്ടിവിറയ്ക്കുകയാണ്. അതേപോലെതന്നെ യേശുനാമം ഉപയോഗിക്കുമ്പോഴെല്ലാം പിശാച് ഞെട്ടിവിറയ്ക്കുന്നു. 'ചിതറിക്കപ്പെട്ടവര്‍ വചനം പ്രസംഗിച്ചുകൊണ്ട് ചുറ്റി സഞ്ചരിച്ചു പീലിപ്പോസ് സമരിയായിലെ ഒരു നഗരത്തില്‍ ചെന്ന് അവിടെയുളളവരോടു ക്രിസ്തുവിനെപ്പറ്റി പ്രഘോഷിച്ചു. പീലിപ്പോസിന്റെ  വാക്കുകകള്‍ കേള്‍ക്കുകയും അവന്‍ പ്രവര്‍ത്തിച്ച അടയാളങ്ങള്‍ കാണുകയും ചെയ്ത ജനക്കൂട്ടം അവന്‍ പറഞ്ഞ കാര്യങ്ങള്‍ ഏകമനസ്സോടെ ശ്രദ്ധിച്ചു. എന്തെന്നാല്‍, അശുദ്ധാത്മാക്കള്‍ തങ്ങള്‍ ആവേശിച്ചിരുന്നവരെ വിട്ട് ഉച്ചത്തില്‍ നിലവിളിച്ചുകൊണ്ടു പുറത്തുപോയി അനേകം തളര്‍വാത രോഗികളും മുടന്തന്മാരും സുഖം പ്രാപിച്ചു'(അപ്പ.8:4-8). ഭയംകൂടതെ യേശുനാമം ഉപയോഗിക്കുക. യേശുക്രിസ്തുവിനെ പ്രഘോഷിക്കുന്നിടത്തുനിന്ന് പിശാചുക്കള്‍ ഭയപ്പെട്ട് ഓടിപ്പോകുന്നു.
 
 
4. സ്വര്‍ഗ്ഗത്തിന്റെ വാതില്‍ തുറക്കുന്ന നാമം-യേശുനാമം. 
നിങ്ങള്‍ എന്റെ നാമത്തില്‍ പിതാവിനോടു ചോദിക്കുന്നതെന്തും അവിടുന്നു നിങ്ങള്‍ക്കു നല്‍കും (യോഹ. 15.16). സ്വര്‍ഗ്ഗത്തിന്റെ വാതില്‍ തുറക്കുന്ന നാമമാണ് യേശു എന്ന നാമം. നാമം പ്രാര്‍ത്ഥിക്കുമ്പോള്‍ യേശുനാമത്തില്‍ പ്രാര്‍ത്ഥിക്കണം. പിതാവിന്റെ സന്നിധിയിലേക്ക് നമുക്ക് നേരിട്ട് പ്രവേശനം നല്‍കുന്ന നാമമാണ് യേശുനാമം. മാതാവിന്റെയോ, വിശുദ്ധന്മാരുടെയോ മറ്റാരുടെയും നാമത്തിലല്ല. യേശുവിന്റെ നാമത്തിലാണ് നാം ദൈവത്തോടു പ്രാര്‍ത്ഥിക്കേണ്ടത്. '...സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: നിങ്ങള്‍ എന്റെ നാമത്തില്‍ പിതാവിനോടു ചേദിക്കുന്നതെന്തും അവിടുന്നു നിങ്ങള്‍ക്കു നല്‍കും' (യോഹ.16:23). നിങ്ങള്‍ എന്റെ നാമത്തില്‍ ആവശ്യപ്പെടുന്നതെന്തും പിതാവു പുത്രനില്‍ മഹത്വപ്പെടാന്‍വേണ്ടി ഞാന്‍ പ്രവര്‍ത്തിക്കു. (യോഹ.14:13). എന്റെ നാമത്തില്‍ നിങ്ങള്‍ എന്നോട് എന്തെങ്കിലും ചേദിച്ചാല്‍ ഞാനതു ചെയ്തു തരും'(യോഹ.14:14). യേശുവിനോട് പ്രാര്‍ത്ഥിക്കുമ്പോഴും യേശുവിന്റെ  നാമത്തില്‍ പ്രാത്ഥിക്കാന്‍ ഈ വചനങ്ങളിലൂടെ യേശു നമ്മെ പഠിപ്പിക്കുന്നു. ഈ നാമത്തെക്കുറിച്ച് കൂടുതലായി പഠിപ്പിക്കുന്നത് യേശു തന്നെയാണ്. അതിനാല്‍ നാം പ്രാര്‍ത്ഥിക്കുമ്പോള്‍ യേശു നാമത്തില്‍ പ്രാര്‍ത്ഥിക്കണം. ഉദാഹരണത്തിന് ഒരു കാന്‍സര്‍ രോഗിക്കുവേണ്ടി പ്രാര്‍ത്ഥിക്കുമ്പോള്‍ യേശുവിന്റെ നാമത്തില്‍ കാന്‍സര്‍ വിട്ടുപോകട്ടെ എന്ന് പറഞ്ഞ് പ്രാര്‍ത്ഥിക്കണം. ദുഖഭാരം നിറഞ്ഞ ഒരു വ്യക്തി പ്രാര്‍ത്ഥിക്കുമ്പോള്‍ യേശുവിന്റെ നാമത്തില്‍ ദു:ഖം വിട്ടുപോകട്ടെ എന്ന് പറഞ്ഞ് പ്രാര്‍ത്ഥിക്കണം.
 
 
5. ദൈവമക്കളാകുന്ന നാമം-യേശുനാമം. 
തന്നെ സ്വീകരിച്ചവര്‍ക്കെല്ലാം, തന്റെ  നാമത്തില്‍ വിശ്വസിക്കുന്നവര്‍ക്കെല്ലാം, ദൈവമക്കളാകാന്‍ അവന്‍ കഴിവു നല്‍കി (യോഹ.1:12). പാപത്തില്‍ ജീവിക്കുന്ന ഒരു വ്യക്തി തന്റെ ജീവിതകാലത്ത് കര്‍ത്താവായ യേശുവിനെക്കുറിച്ച് കേട്ട്, യേശുവിന്റെ കുരിശുമരണത്തെക്കുറിച്ച് അറിഞ്ഞ്, യേശു എന്റെ പാപങ്ങള്‍കൂടി അവിടുത്തെ ശരീരത്തില്‍ ഏറ്റെടുത്തുവെന്നും യേശുവിന്റെ കുരിശുമരണത്താല്‍ എന്റെ എല്ലാ പാപങ്ങളും ക്ഷമിക്കപ്പെടുട്ടുവെന്നും വിശ്വസിച്ച്, അനുതപിച്ച് പാപങ്ങള്‍ ഏറ്റുപറഞ്ഞ്,അവ ഉപേക്ഷിച്ച് യേശുവിനെ സ്വന്തം ജീവിതത്തിന്റെ കര്‍ത്താവായി ഒരു വ്യക്തി സ്വീകരിച്ചാല്‍ അദ്ദേഹം ഒരു ദൈവപൈതലിന്റെ സ്ഥാനത്തേക്ക് ഉയരുകയാണ്. ഇതു വായിക്കുന്ന എന്റെ സഹോദരാ, സഹോദരീ നീ നിന്റെ ജീവിതത്തില്‍ സത്യത്തില്‍ യേശുവിനെ സ്വീകരിച്ചിട്ടുണ്ടോ? അതോ  ജഡപ്രകാരം ജീവിക്കുന്ന വ്യക്തിയാണോ നീ? ജഡികസ്വഭാവമനുസരിച്ച് ജീവിക്കുന്നവന്‍ ആത്മീയനല്ല. അവന്‍ ദൈവത്തോട് ശത്രുതയില്‍ കഴിയുന്നു. 'ജഡിക താല്‍പ്പര്യങ്ങളില്‍ മുഴുകിയിരിക്കുന്ന മനസ്സ് ദൈവത്തിന്റെ ശത്രുവാണ്. അതു ദൈവത്തിന്റെ നിയമത്തിനു കീഴ്‌പ്പെടുന്നില്ല;കീഴ്‌പ്പെടാന്‍  അതിനു സാധിക്കുകയുമില്ല. ജഡിക പ്രവണതകളനുസരിച്ച് ജീവിക്കുന്നവര്‍ക്കു ദൈവത്തെ പ്രസാദിപ്പിക്കുക സാധ്യമല്ല' (റോമ.8:7-8). എന്നാല്‍ ഒരു വ്യക്തി പരിശുദ്ധാത്മാവിന്റെ സഹായത്താല്‍ യേശുവിനെക്കുറിച്ച് കേട്ട്, വിശ്വസിച്ച് യേശുവിനെ സ്വന്തം രക്ഷിതാവായി സ്വീകരിച്ചാല്‍, വചനം പഠിപ്പിക്കുന്നു: അവന്‍ ജീവനെ സ്വന്തമാക്കിയിരിക്കുന്നു. 'പുത്രനെ സ്വന്തമാക്കിയവന്‍ ജീവനെ സ്വന്തമാക്കിയിരിക്കുന്ന. ദൈവപുത്രനെ സ്വന്തമാക്കാത്തവനു ജീവന്‍ ഇല്ല' (1യോഹ.5:12). യേശു തന്നെ തന്റെ പരസ്യജീവിത കാലത്ത് ഇക്കാര്യത്തെക്കുറിച്ച് പഠിപ്പിച്ചിട്ടുണ്ട്. 'ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവന്‍'(യോഹ 17:3). പുത്രനില്‍ വിശ്വസിക്കുന്നവനു നിത്യജീവന്‍ ലഭിക്കുന്നു. എന്നാല്‍ പുത്രനെ അനുസരിക്കാത്തവന്‍ ജീവന്‍ ദര്‍ശിക്കുകയില്ല. ദൈവകോപം അവന്റെ മേല്‍ ഉണ്ട് (യോഹ 3:36). യേശുവിനെ വിശ്വസിക്കുക യേശുവിനെ ഏറ്റുപറയുക. നിന്റെ ആത്മാവിന്റെ നിത്യത ഭദ്രമാക്കുക. 'അവര്‍ ജനിച്ചതു രക്തത്തില്‍നിന്നോ ശാരിരികാഭിലാഷത്തില്‍നിന്നോ പുരുഷന്റെ ഇച്ഛയില്‍നിന്നോ അല്ലാ, ദൈവത്തില്‍ നിന്നത്രേ' (യോഹ. 1:13). ചിന്തിച്ചു നോക്കുക. നാം വീണ്ടും ജനിച്ചത് യേശുവിന്റെ നാത്തിന്റെ യോഗ്യതകൊണ്ടാണ്. യേശുവിന്റെ നാമത്തില്‍ നിന്നു പുറപ്പെട്ടു വന്നവരാണു നാം. 'യേശുക്രിസ്തുവിലുളള നിങ്ങളുടെ ജീവിതത്തിന്റെ ഉറവിടം അവിടുന്നാണ്. ദൈവം അവനെ നമുക്കു ജ്ഞാനവും നീതിയും വിശുദ്ധീകരണവും പരിത്രാണവും ആക്കിയിരിക്കുന്നു'(കൊറി. 1:30). യേശുവിന്റെനാമത്തില്‍ നിന്നുത്ഭവിച്ചതാണ് ദൈവപൈതല്‍ എന്ന നമ്മുടെ അസ്തിത്വം. യേശുവിന്റെ നാമം വഹിക്കുവാനുളള നിയോഗവും നമുക്കുണ്ട്. കര്‍ത്താവിന്റെ നാമം നീ വഹിക്കുന്നതു കാണുമ്പോള്‍ ലോകത്തിലുളള സകല മനുഷ്യരും നിന്നെ ഭയപ്പെടും. (നിയ.28:10).
 
 
6. പാപമോചനം നല്‍കുന്ന നാമം-യേശുനാമം.
'അവള്‍ ഒരു പുത്രനെ പ്രസവിക്കും നീ അവന് യേശു എന്ന് പേരിടണം. എന്തെന്നാല്‍, അവന്‍ തന്റെ ജനത്തെ അവരുടെ പാപങ്ങളില്‍നിന്നു മോചിപ്പിക്കും' (മത്താ.1:21). ദൈവപുതന്‍ തന്റെ സ്വന്തം അഭിപ്രായമല്ല ഇവിടെ വെളിപ്പെടുത്തുന്നത്. പിതാവായ ദൈവം യേശുവിനെക്കുറിച്ച് പറയാന്‍ ഏല്‍പ്പിച്ച ദൂതാണ് 'അവന്‍ തന്റെ ജനത്തെ  അവരുടെ പാപങ്ങളില്‍ നിന്നു മോചിപ്പിക്കും' എന്നുളളത്. പിതാവിന്റെ ഈ സന്ദേശമാണ് ദൂതന്‍ യൗസേപ്പിതാവിനോട് പ്രഖ്യാപിക്കുന്നത്. യേശു പാപമോചകമാണ്. നീ ഇന്നു പാപത്തില്‍ മരിച്ചുകൊണ്ടിരിക്കുകയാണോ? .യേശുവേ...എന്നുവിളിച്ചു കരയുക. ദൈവം നിനക്ക് രക്ഷയിലേക്കുളള അനുതാപം തരും. അവനില്‍ വിശ്വസിക്കുന്ന എല്ലാവരും അവന്റെ നാമംവഴി പാപമോചനം നേടുമെന്നു പ്രവാചകന്‍മാര്‍ അവനെക്കുറിച്ചു സാക്ഷ്യപ്പെടുത്തുന്നു (അപ്പ 10:43). യേശുവിന്റെ നാമത്തില്‍ നമുക്ക് പാപമോചനമുണ്ട്. ഒരു വ്യക്തി തന്റെ ജീവിതത്തില്‍ യേശുവിനെ തന്റെ രകഷകനായി അംഗീകരിച്ച് കര്‍ത്താവായി ആരാധിച്ച് തന്റെ പാപങ്ങള്‍ ഏറ്റുപറഞ്ഞാല്‍യേശുവിന്റെ നാമത്തില്‍ അവന് പാപക്ഷമയുണ്ട്. 'നമുക്ക് പാപമില്ലെന്നു നാം പറഞ്ഞാല്‍ അത് ആത്മാവഞ്ചനയാകും; അപ്പോള്‍ നമ്മില്‍ സത്യമില്ലെന്നു വരും. എന്നാല്‍ നാം പാപങ്ങള്‍ ഏറ്റുപറയുന്നെങ്കില്‍, അവന്‍ വിശ്വസ്തനും നീതിമാനുമാകയാല്‍, പാപങ്ങള്‍ ക്ഷമിക്കുകയും എല്ലാ അനീതികളിലും നിന്നു നമ്മെ ശുദ്ധീകരിക്കുകയും ചെയ്യും (യോഹ.1:8:9). എന്റെ കുഞ്ഞുമക്കളേ, നിങ്ങള്‍ പാപം ചെയ്യാതിരിക്കേണ്ടതിനാണ് ഞാന്‍ ഇവ നിങ്ങള്‍ക്കെഴുതുന്നത്. എന്നാല്‍, ആരെങ്കിലും പാപം ചെയ്യാനിടയായാല്‍ത്തന്നെ പിതാവിന്റെ സന്നിധിയില്‍ നമുക്ക് ഒരു മധ്യസ്ഥനുണ്ട്. നീതിമാനായ യേശുക്രിസ്തു. അവന്‍ നമ്മുടെ പാപങ്ങള്‍ക്കു പരിഹാരബന്ധലിയാണ്; നമ്മുടെ മാത്രമല്ല ലോകം മുഴുവന്റേയും പാപങ്ങള്‍ക്ക്'(യോഹ.1:8:9). 'കുഞ്ഞുമക്കളേ, ഞാന്‍ നിങ്ങള്‍ക്കു എഴുതുന്നു അവന്റെ നാമത്തെപ്രതി നിങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു'(1 യോഹ.2:12). 'ഇനി നീ എന്തിനു കാത്തിരിക്കുന്നു? എഴുന്നേറ്റ് സ്‌നാനം 
സ്വീകരിക്കുക. അവന്റെ നാമം വിളിച്ചപേക്ഷിച്ചുകൊണ്ട് നിന്റെ പാപങ്ങള്‍ കഴുകികളയുക'(അപ്പ.22:16). 
 
 
7.രോഗശാന്തി നല്‍കുന്ന നാമം-യേശുനാമം. 
പത്രോസ് പറഞ്ഞു വെളളിയോ സ്വര്‍ണ്ണമോ  എന്റെ കൈയിലില്ല. എനിക്കുളളതു ഞാന്‍ നിനക്കു തരുന്നു. നസറായനായ യേശുക്രിസ്തുവിന്റെ നാമത്തില്‍ എഴുന്നേറ്റ് നടക്കുക (അപ്പ.3:6) പത്രോസും യോഹന്നാനും പ്രാര്‍ത്ഥിക്കുവാനായി ദൈവാലയത്തിലേക്ക് പോകുമ്പോള്‍ സുന്ദരകവാടത്തില്‍വെച്ച് ജന്മനാ മുടന്തനായ ഒരുവന്‍ ഭിക്ഷയാചിച്ചു.. പത്രോസ് അവനെ സൂക്ഷിച്ചുനോക്കി. ഉടനെ പത്രോസിന്റെ ഹൃദയത്തില്‍ യേശുവിന്റെ നാമത്തിലുളള വിശ്വാസം ഉണര്‍ന്നു..... പത്രോസ് ധൈര്യപൂര്‍വ്വം പറഞ്ഞു നസ്രായനായ യേശുവിന്റെ നാമത്തില്‍ എഴുന്നേറ്റ് നടക്കുക...അവന്റെ നാമത്തിലുളള വിശ്വാസം മൂലം, അവന്റെ നാമമാണ് നിങ്ങള്‍ കാണുകയും അറിയുകയും ചെയ്യുന്ന ഈ മനുഷ്യനെ സുഖപ്പെടുത്തിയത്. അവനിലുളള വിശ്വാസമാണ് നിങ്ങളുടെ മുമ്പില്‍വച്ച് ഈ മനുഷ്യനു പൂര്‍ണ്ണ ആരോഗ്യം പ്രദാനം ചെയ്തത്. (അപ്പ.3:16) യേശുവിന്റെ നാമത്തിലുളള ബോധ്യവും വിശ്വാസവും വളരണം, യേശുനാമത്തിലുളള ബോധ്യവും വിശ്വാസവും നമ്മില്‍ വളര്‍ച്ച പ്രാപിക്കുന്നതിനനുസരിച്ച് ഈ നാമം നമ്മുടെ ജീവിതവുമായി ബന്ധപ്പെട്ട എല്ലാറ്റിന്റേമേലും ഒരധികാരമായി മാറും. അപ്പോസ്തലന്മാരെ അവര്‍ തങ്ങളുടെ മധ്യത്തില്‍ നിര്‍ത്തി ഇങ്ങനെ ചോദിച്ചു: എന്തധികാരത്താലാണ്, അഥവാ ആരുടെ നാമത്തിലാണ് നിങ്ങള്‍ ഇതു പ്രവര്‍ത്തിച്ചത്?  അപ്പോള്‍ പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ് പത്രോസ് അവരോടു പറഞ്ഞു: ഭരണാധികാരികളേ, ജനപ്രമാണികളേ, ഒരു രോഗിക്കു ഞങ്ങള്‍ ചെയ്ത ഒരു സത്പ്രവൃത്തിയെക്കുറിച്ചാണ്, എന്തു മാര്‍ഗ്ഗങ്ങളുപയോഗിച്ചു ഞങ്ങള്‍ ആ മനുഷ്യനെ സുഖപ്പെടുത്തിയെന്നതിനെക്കുറിച്ചാണ്, ഞങ്ങള്‍ ഇന്നു വിചാരണ ചെയ്യപ്പെടുന്നതെങ്കില്‍, നിങ്ങളും ഇസ്രായേല്‍ ജനം മുഴുവനും ഇതറിഞ്ഞിരിക്കട്ടെ. നിങ്ങള്‍ കുരിശില്‍ തറച്ചു കൊല്ലുകയും മരിച്ചവിരല്‍നിന്നു ദൈവം ഉയിര്‍പ്പിക്കുകയും ചെയ്ത നസ്രായനായ യേശുക്രിസ്തുവിന്റെ നാമത്തിലാണ് ഈ മനുഷ്യന്‍ സുഖം പ്രാപിച്ച് നിങ്ങളുടെ മുമ്പില്‍ നില്‍ക്കുന്നത്' ( അപ്പ. 4:7-10) ജന്മനാ മുടന്തനായവന്‍ സൗഖ്യം പ്രാപിച്ചപ്പോള്‍ അപ്പസ്‌തോലന്മാര്‍ വിചാരണ ചെയ്യപ്പെടുകയാണ്. അധികാരികളും ജനപ്രമാണികളും നിയമജ്ഞരും സമ്മേളിച്ച് അവരോട് ചോദിക്കുകയാണ്: എന്ത് അധികാരത്തിലാണ് നിങ്ങള്‍ ഇതു ചെയ്യുന്നത്? യേശുവിന്റെ നാമം അതു വിശ്വസിച്ച് സ്വീകരിക്കുന്നവര്‍ക്ക് ഒരധികാരമായി മാറും- എല്ലാറ്റിന്റേയുംമേലുളള അധികാരം. 'പത്രോസ് ചുറ്റി സഞ്ചരിക്കുന്നതിനിടയില്‍ ലിദായിലെ വിശുദ്ധരുടെ അടുക്കലെത്തി. അവരുടെ ഐനെയാസ് എന്നൊരുവനെ അവന്‍ കണ്ടുമുട്ടി. അവന്‍ എട്ടു വര്‍ഷമായി തളര്‍വാതം പിടിപെട്ട് രോഗശയ്യയിലായിരുന്നു. പത്രോസ് അവനോട് പറഞ്ഞു; ഐനെയാസെ, യോശുക്രിസ്തു നിന്നെ സുഖപ്പെടുത്തുന്നു. എഴുന്നേറ്റ് നിന്റെ കിടക്ക ചുരുട്ടുക. ഉടന്‍തന്നെ അവന്‍ എഴുന്നേറ്റു'( അപ്പ. 9:32-34). ആദിമ സഭാസമൂഹം ഒരുമിച്ച് കൂടിയിരുന്നപ്പോഴെല്ലാം യേശുവിന്റെ നാമത്തില്‍ വന്‍ കാര്യങ്ങള്‍ സംഭവിക്കുന്നതിനുവേണ്ടി അവര്‍ പ്രാര്‍ത്ഥിക്കുമായിരുന്നു. 'അവിടുത്തെ പരിശുദ്ധ ദാസനായ യേശുവിന്റെ നാമത്തില്‍ രോഗശാന്തിയും, അടയാളങ്ങളും, അത്ഭുതങ്ങലും സംഭവിക്കുന്നതിനായി അവിടുത്തെ കൈകള്‍ നീട്ടണമേ. അവിടുത്തെ വചനം പൂര്‍ണ്ണ ധൈര്യത്തോടെ പ്രസംഗിക്കാന്‍ ഈ ദാസരെ അനുഗ്രഹിക്കണമേ. പ്രാര്‍ത്ഥന കഴിഞ്ഞപ്പോള്‍ അവര്‍ സമ്മേളിച്ചിരുന്ന സ്ഥലം കുലുങ്ങി. അവരെല്ലാവരും പരിശുദ്ധാത്മാവിനാല്‍ പൂരിതരായി ദൈവവചനം ധൈര്യപൂര്‍വ്വം പ്രസംഗിച്ചു'( അപ്പ. 40:30-31). യേശുവിന്റെ നാമത്തില്‍ അത്ഭുതങ്ങളും അടയാളങ്ങളും രോഗശാന്തികളും ആദിമസഭയുടെ ഹൃദയത്തില്‍ നിറഞ്ഞുനിന്ന അനുഭവമാണ്. 'മാന്ത്രികവിദ്യ നടത്തിക്കൊണ്ടിരുന്ന ശിമയോന്‍ എന്നൊരുവന്‍ ആ നഗരത്തിലുണ്ടായിരുന്നു. അവന്‍ വലുപ്പം ഭാവിച്ച് സമരിയാദേശത്തെ വിസ്മയിപ്പിച്ചു. ചെറിയവര്‍ മുതല്‍ വലിയവര്‍ വരരെ എല്ലാവരും അവന്‍ പറയുന്നതുകേട്ടിരുന്നു. അവര്‍ പറഞ്ഞു; മഹാശക്തി എന്നു വിളിക്കപ്പെടുന്ന ദൈവശക്തിതന്നെയാണ് ഈ മനുഷ്യന്‍. ദീര്‍ഘകാലമായി മാന്ത്രിക വിദ്യകള്‍കൊണ്ട് അവരെ വിസ്മയിപ്പിച്ചിരുന്നതിനാലാണ് എല്ലാവരും അവനെ ശ്രദ്ധിച്ചു പോന്നത്. എന്നാല്‍, ദൈവരാജ്യത്തെക്കുറിച്ചും യേശുക്രിസ്തുവിന്റെ നാമത്തെക്കുറിച്ചും പീലിപ്പോസ് പ്രസംഗിച്ചപ്പോള്‍ സ്ത്രീ-പുരുഷ ഭേദമെന്യേ എല്ലാവരും വിശ്വസിച്ച് ജ്ഞാനസ്‌നാനം സ്വീകരിച്ചു. ശിമയോന്‍പോലും വിശ്വസിച്ചു. അവന്‍ ജ്ഞാനസ്‌നാനം സ്വീകരിച്ച് പീലിപ്പോസിന്റെ കൂടെച്ചേര്‍ന്നു. സംഭവിച്ചുകൊണ്ടിരുന്ന അടയാളങ്ങളും വലിയ അത്ഭുത പ്രവൃത്തികളും കണ്ട് അവന്‍ ആശ്ചര്യഭരിതനായി'(അപ്പ. 8:9-13).
 
 
8.രക്ഷയ്ക്കുളള ഏകനാമം-യേശുനാമം. 
'ആകാശത്തിനു കീഴെ  മനുഷ്യരുടെ ഇടയില്‍ നമുക്കു രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല'. (അപ്പ 4:12). ദൈവവചനം വളരെ വ്യക്തമായി പഠിപ്പിക്കുന്നു. മനുഷ്യരക്ഷയ്ക്കുളള ഏകനാമമാണ് യേശുനാമം. മറ്റാരിലും രക്ഷയില്ല. 'അവന്റെ നാമത്തില്‍ വിജാതിയര്‍പ്രത്യാശവയ്ക്കും' (മത്താ.12:21). 'കര്‍ത്താവിന്റെ നാമം വിളിച്ചപേക്ഷിക്കുന്നവര്‍ രക്ഷ പ്രാപിക്കും' (ജോയേല്‍2:32).
നാം വിശ്വാസത്തോടെ വിളിച്ചപേക്ഷിച്ച് രക്ഷ പ്രാപിക്കാന്‍ സ്വര്‍ഗ്ഗം നമുക്കു നല്‍കിയിട്ടുളള രക്ഷനാമമാണ് യേശുനാമം...'...കര്‍ത്താവായ യേശുവില്‍ വിശ്വസിക്കുക; നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും' (അപ്പ.16:31). പുത്രനില്‍ വിശ്വസിക്കുന്നവനു നിത്യജീവന്‍ ലഭിക്കുന്നു. എന്നാല്‍ പുത്രനെ അനുസരിക്കാത്തവന്‍ ജീവന്‍ ദര്‍ശിക്കുകയില്ല. ദൈവകോപം അവന്റെമേല്‍ ഉണ്ട്.(യോഹ.3:36). 'ക്രിസ്തുവിനെ  കര്‍ത്താവായി നിങ്ങളുടെ ഹൃദയത്തില്‍ പൂജിക്കുവിന്‍. നിങ്ങള്‍ക്കുളള പ്രത്യാശയെപ്പറ്റി വിശദീകരണം ആവശ്യപ്പെടുന്ന ഏവരോടും മറുപടി പറയാന്‍ സദാ സന്നദ്ധരായിരിക്കുവിന്‍' (1പത്രോ.3:15). യേശു എന്ന വ്യക്തിയും യേശു എന്ന നാമവും രണ്ടല്ല; ഒന്നാണ്. യേശു എന്ന നാമം വിശ്വാസത്തോടെ ഉപയോഗിക്കുന്നിടത്ത് യേശു എന്ന വ്യക്തിയുടെ സാന്നിദ്ധ്യം ഉണ്ട്. വിശ്വസിക്കുക. നിന്റെ ജീവിതത്തില്‍ അനുഭവിക്കുക.
 
 
9.സകലത്തിന്റെമേലും അധികാരമുളള നാമം യേശുനാമം.
'ഇത്, യേശുവിന്റെ നാമത്തിനു മുമ്പില്‍ സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുളള സകലരും മുട്ടുകള്‍ മടക്കുന്നതിനും, യേശുക്രിസ്തു കര്‍ത്താവാണെന്ന് പിതാവായ ദൈവത്തിന്റെ മഹത്വത്തിനായി എല്ലാ നാവുകളും ഏറ്റുപറയുന്നതിനും വേണ്ടിയാണ്' (ഫിലിപ്പ് 2:10-11). യേശു സ്വര്‍ഗ്ഗത്തിലേക്ക് ആരോഹണം ചെയ്യുന്നതിന് തൊട്ടുമുമ്പ് തന്റെ ശിഷ്യന്മാര്‍ക്ക് ഇതിനെപ്പറ്റി വെളിപ്പെടുത്തിക്കൊടുത്തു. 'യേശു നിര്‍ദ്ദേശിച്ചതുപോലെ പതിനൊന്നു ശിഷ്യന്മാരും ഗലീലയിലെ മലയിലേക്കു പോയി. അവനെ കണ്ടപ്പോള്‍ അവര്‍ അവനെ ആരാധിച്ചു. എന്നാല്‍, ചിലര്‍ സംശയിച്ചു. യേശു അവരെ സമീപിച്ച്, അരുളച്ചെയ്തു; സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുളള എല്ലാ അധികാരവും എനിക്കു നല്‍കപ്പെട്ടിരിക്കുന്നു'. (മത്താ.28:16-18).
യേശു നാമത്തിന്
രോഗത്തിന്റെമേല്‍ അധികാരമുണ്ട്,
ശാപത്തിന്റെമേല്‍ അധികാരമുണ്ട്,
മരണത്തിന്റെമേല്‍ അധികാരമുണ്ട്,
പ്രപഞ്ചശക്തികളുടെമേല്‍ അധികാരമുണ്ട്,
അന്ധകാരശക്തികളുടെമേല്‍ അധികാരമുണ്ട്,
മനുഷ്യരുടെമേലും ജനസമൂഹങ്ങളുടെമേലും അധികാരമുണ്ട്,
ഈ പ്രപഞ്ചത്തിലെ സകല സൃഷ്ടവസ്തുക്കളുടെമേലും യേശുനാമത്തിന് അധികാരമുണ്ട്. ജീവിച്ചിരിക്കുന്നുവരുടെമേലും മരിച്ചവരുടെമേലും യേശുവിന് അധികാരമുണ്ട്.
'ജീവിച്ചിരിക്കുന്നവരുടെയും മരിച്ചവരുടെയും വിധികര്‍ത്താവായി ദൈവം നിയോഗിച്ചിരിക്കുന്നവന്‍ അവനാണ് എന്ന് ജനങ്ങളോട് പ്രസംഗിക്കാനും സാക്ഷ്യം വഹിക്കാനും ഞങ്ങള്‍ക്കു കല്‍പ്പന നല്‍കി' (അപ്പ 10:42).
 
 
10.പരിശുദ്ധാത്മാവിനെ നല്‍കുന്ന നാമം-യേശുനാമം.
'...എന്റെ നാമത്തില്‍ പിതാവ് അയയ്ക്കുന്ന സഹായകനായ പരിശുദ്ധാത്മാവ് എല്ലാ കാര്യങ്ങളും നിങ്ങളെ പഠിപ്പിക്കുകയും ഞാന്‍ നിങ്ങളോടു പറഞ്ഞിട്ടുളളതെല്ലാം നിങ്ങളെ അനിസ്മരിക്കുകയും ചെയ്യും'. (യോഹ.14:26). യേശുവിന്റെ നാമത്തില്‍ ശിരസ്സില്‍ കൈകള്‍ വെയ്ക്കുമ്പോള്‍ മാത്രമല്ല;യേശുവിന്റെ നാമത്തെക്കുറിച്ച് കേട്ടുകൊണ്ടിരിക്കുമ്പോള്‍ തന്നെ; യേശുനാമം പ്രഘോഷിക്കപ്പെട്ടുകൊണ്ടിരിക്കമ്പോള്‍ തന്നെ പരിശുദ്ധാത്മാവ് വ്യക്തികളുടെമേല്‍ വന്നു നിറയുന്നു. 'പത്രോസ് ഇതു പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ തന്നെ, കേട്ടുകൊണ്ടിരുന്ന എല്ലാവരുടെയുംമേല്‍ പരിശുദ്ധാത്മാവ് വന്നു. വിജാതിയരുടെമേല്‍പോലും പരിശുദ്ധാത്മാവിന്റെ ദാനം വര്‍ഷിക്കപ്പെട്ടതിനാല്‍, പത്രോസിനോടുകൂടെ വന്നിരുന്ന പരിച്ഛേദിതരായ വിശ്വാസികള്‍ വിസ്മയിച്ചു. അവര്‍ അന്യഭാഷകളില്‍ സംസാരിക്കുന്നതും ദൈവത്തെ സ്തുതിക്കുന്നതും അവര്‍ കേട്ടു.....'(അപ്പ.10:44-46).
 
 
11.അനുഗ്രഹം വാഗ്ദാനം ചെയ്യപ്പെട്ട നാമം-യേശുനാമം.
'നിങ്ങള്‍ വാക്കാലോ പ്രവൃത്തിയാലോ എന്തു ചെയ്താലും അതെല്ലാം കര്‍ത്താവായ യേശുവഴി പിതാവായ ദൈവത്തിനു കൃതജഞത അര്‍പ്പിച്ചുകൊണ്ട് അവന്റെ നാമത്തില്‍ ചെയ്യുവിന്‍'(കോളോ.3:17). നാം ഒരു പ്രവൃത്തി ചെയ്യുമ്പോള്‍ അത് അനുഗ്രഹംപ്രദമായി മാറണമെങ്കില്‍ അത് യേശുനാമത്തില്‍ ചെയ്യണം. 'സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു; നിങ്ങള്‍ ക്രിസ്തുവിനുളളവരാകയാല്‍ അവന്റെ നാമത്തില്‍ ആരെങ്കിലും നിങ്ങള്‍ക്ക് ഒരു പാത്രം വെളളം കുടിക്കാന്‍ തന്നാല്‍ അവനു പ്രതിഫലം ലഭിക്കാതിരിക്കുകയില്ല'(മര്‍ക്കോസ് 9:41). നാം ആര്‍ക്കെങ്കിലും കുടിക്കാന്‍ ഗ്ലാസ്സ് വെളളം കൊടുത്താല്‍പോലും യേശുനാത്തില്‍ കൊടുക്കണം നാം ഒരാളെ സ്വീകരിക്കുമ്പോള്‍ യേശുനാമത്തില്‍ സ്വീകരിക്കണം. ഇത് യേശു നമ്മോടു കല്‍പ്പിച്ചിരിക്കുന്ന കാര്യമാണ്. 'ഇതുപോലുളള ഒരു ശിശുവിനെ എന്റെ നാമത്തില്‍ സ്വീകരിക്കുന്നവന്‍ എന്നെ സ്വീകരിക്കുന്നു. എന്നെ സ്വീകരിക്കുന്നവന്‍ എന്നെയല്ല, എന്നെ അയച്ചവനെയാണ് സ്വീകരിക്കുന്നത് '(മര്‍ക്കോസ് 9:37). നമുക്കിഷ്ടമുളള വസ്തുക്കള്‍കൊണ്ടു പണിയാം. ചിലര്‍ വെളളികൊണ്ടുപണിയുന്നു. ചിലര്‍ സ്വര്‍ണ്ണംകൊണ്ടു പണിയുന്നു. മറ്റു ചിലര്‍ പുല്ലുകൊണ്ടു വൈക്കോലുകൊണ്ടും പണിയുന്നു. അഗ്നിശോധനയെ നേരിടുമ്പോള്‍ പുല്ലുകൊണ്ടും വൈക്കോലുകൊണ്ടും പണിതത് കത്തി ചാമ്പലാകും. അവര്‍ നഷ്ടം സഹിക്കേണ്ടിവരും. എന്നാല്‍ വെളളികൊണ്ടും സ്വര്‍ണ്ണംകൊണ്ടുംപണിതത് കൂടുതല്‍ ശോഭയോടെ തിളങ്ങും. യേശുനാമത്തില്‍ ചെയ്ത പ്രവൃത്തികള്‍ വെളളികൊണ്ടും സ്വര്‍ണ്ണംകൊണ്ടും പണിതതിനു തുല്യമാണ്. മറ്റു പ്രവൃത്തികള്‍ പുല്ലുകൊണ്ടും വേക്കോലുകൊണ്ടും പണിതതിനു തുല്യം. അതിനാലാണ് ശ്ലീഹാ പഠിപ്പിക്കുന്നത്. നിങ്ങള്‍ ഒരു വാക്കു പറഞ്ഞാല്‍ അത് യേശുനാമത്തില്‍ പറയണം. ഒരു പ്രവൃത്തി ചെയ്താല്‍ അത് യേശുനാമത്തില്‍ ചെയ്യണം. 'രണ്ടോ മുന്നോ പേര്‍ എന്റെ നാമത്തില്‍ ഒരുമിച്ചു കൂടുന്നിടത്ത് അവരുടെ മധ്യേ ഞാന്‍ ഉണ്ടായിരിക്കും '(മത്താ.18:20). നിങ്ങള്‍ വാക്കാലോ പ്രവൃത്തിയാലോ എന്തു ചെയ്കാലും അതെല്ലാം കര്‍ത്താവായ യേശുവഴി പിതാവായ ദൈവത്തിനു കൃതജ്ഞത അര്‍പ്പിച്ചുകൊണ്ട് അവന്റെ നാമത്തില്‍ ചെയ്യുവിന്‍' (കൊളോ 3:17). നമ്മുടെ പ്രാര്‍ത്ഥനകളും പ്രവൃത്തികളുമെല്ലാം യേശുനാമത്തില്‍ ചെയ്യണം. തിരുസഭ പ്രാര്‍ത്ഥനകള്‍ അര്‍പ്പിക്കമ്പോള്‍ യേശുവിന്റെ നാമത്തിലാണ് അര്‍പ്പിക്കുന്നത്. The name of JESUS is at the heart of all Christian prayers. All liturgical prayers conclude with the words: 'Through Christ Our Lord! Amen!'
 
 
12.ആവശ്യ നേരങ്ങളില്‍ വിളിക്കാവുന്നഏക നാമം-യേശുനാമം.
സഭയിലെ ഒരു വലിയ വിശുദ്ധനാണ് വി. ലോറന്‍സ് ജസ്റ്റീനിയന്‍. യേശുനാമത്തെക്കുറിച്ച് ഉളള വിശുദ്ധന്റെ അഭിപ്രായം ശ്രദ്ധിക്കുക. 'നിങ്ങള്‍ രോഗബാധിതരും സന്താപക്ഷതരും, ഭയചകിതരും, പൈശാചിക പ്രലോഭന വിധേയരും, മാനവാക്രമണവിവശരും ആണെങ്കില്‍ ഈശോയുടെ തിരുനാമം വിളിക്കുക' (വി.ലോറന്‍സ് ജെസ്റ്റീനിയന്‍). ആവശ്യ നേരങ്ങളില്‍ വിളിക്കാവുന്ന ഉറപ്പുളള സങ്കേതമാണ് യേശുനാമം. നാം ഈ അനുഗ്രഹനാമം വിളിക്കണമെന്നും 'യേശു' എന്ന നാമത്തിന്റെ സംരക്ഷണവും അനുഗ്രഹവും പ്രാപിക്കണമെന്നും പിതാവായ ദൈവം ആഗ്രഹിക്കുന്നു. 'ഒരുവന്‍ തന്നെയാണ് എല്ലാവരുടെയും കര്‍ത്താവ് തന്നെ വിളിച്ചപേക്ഷിക്കുന്ന എല്ലാവരുടെയുംമേല്‍ അവിടുന്നു തന്റെ സമ്പത്തു വര്‍ഷിക്കുന്നു. എന്തെന്നാല്‍, കര്‍ത്താവിന്റെനാമം വിളിച്ചപേക്ഷിക്കുന്ന എല്ലാവരും രക്ഷപ്രാപിക്കും '(റോമാ.10:12-13). പ്രവാചക ഗ്രനഥങ്ങളിലും സങ്കീര്‍ത്തനങ്ങലിലും ദൈവം ഇത് വെലിപ്പെടുത്തിക്കൊടുത്തിട്ടുണ്ട്. 'ഹൃദയംനൊന്ത് എന്നെ വിളിച്ചപേക്ഷിക്കുന്നതിനു പകരം അവര്‍ കിടക്കയില്‍ വീണു വിലപിക്കുന്നു....'(ഹോസിയ 7:14). 'ജനതകള്‍ എന്നെ വലയം ചെയ്തു കര്‍ത്താവിന്റെ നാമത്തില്‍ ഞാനവരെ നശിപ്പിച്ചു. അവരെന്നെ വലയം ചെയ്തു; എല്ലാ വശത്തുനിന്നും അവരെന്നെ വളഞ്ഞു; കര്‍ത്താവിന്റെ നാമത്തില്‍ ഞാനവരെ വിച്ഛേദിച്ചു. തേനിച്ചപോലെ അവരെന്നെ പൊതിഞ്ഞു; മുള്‍പ്പടര്‍പ്പിനു പിടിച്ച തീപോലെ അവര്‍ ആളിക്കത്തി; കര്‍ത്താവിന്റെ നാമത്തില്‍ ഞാനവരെ വിച്ഛേദിച്ചു. '(സങ്കീ.118:10-12).
 
 
13.മരണനേരത്ത് ഉരുവിടാവുന്ന അനുഗ്രഹഹ നാമം-യേശുനാമം.
അനേകം ക്രിസ്ത്യാനികള്‍ മരണനേരത്ത് തുണയും സങ്കേതവും കണ്ടെത്തിയ നാമമാണിത്. അനുഗ്രഹീതയായ വി. ജോവാന്‍ ഓഫ് ആര്‍ക്ക് മരിക്കുമ്പോള്‍ യേശു എന്ന നാമം ഉരുവിട്ടാണ് മരിച്ചത്. (CCC. P.85) വി.മാര്‍ഗരറ്റ് മേരി അലക്കോക്ക് മരിക്കുമ്പോള്‍ യേശു എന്ന നാമം മാത്രമായിരുന്നു അധരത്തിലുണ്ടായിരുന്നത്. ഉണരുക....പങ്കുചേരുക......'യേശു ശിഷ്യന്മാരോടു പറഞ്ഞു ഞാന്‍ നിങ്ങളോടു കല്‍പിച്ചവയെല്ലാം അനുസരിക്കാന്‍ അവരെ പഠിപ്പിക്കുവിന്‍.......'(മത്താ.28:20). യേശു പറഞ്ഞിട്ടുളള എല്ലാ കാര്യങ്ങള്‍ക്കും വില കല്‍പ്പിക്കണം അവ പഠിക്കണം; പഠിപ്പിക്കണം. ഈ പുസ്തകം വായിച്ച എന്റെ സഹോദരാ/സഹോദരീ അനേകര്‍ ഈ ദൂത് അറിയുവാന്‍ നീയും കൂടെ അദ്ധ്വാനിക്കണം. ഇതിന്റെ ധാരാളം കോപ്പികള്‍ വാങ്ങി വിതരണം ചെയ്യണം. അനേകരോട് യേശുനാത്തെപ്പറ്റി പറയണം, അങ്ങനെ നീ ഇന്നു മുതല്‍ യേശുവിന്റെ സാക്ഷിയാകണം.

+++