കര്‍ത്താവേ, അവസാനമെന്തെന്നും എന്റെ ആയുസ്‌സിന്റെ ദൈര്‍ഘ്യം എത്രയെന്നും എന്നെ അറിയിക്കണമേ! എന്റെ ജീവിതം എത്ര ക്ഷണികമാണെന്നു ഞാനറിയട്ടെ! ഇതാ, അവിടുന്ന് എന്റെ ദിവസങ്ങള്‍ ഏതാനും അംഗുലം മാത്രമാക്കിയിരിക്കുന്നു; എന്റെ ജീവിതകാലം അങ്ങയുടെ ദൃഷ്ടിയില്‍ ശൂന്യപ്രായമായിരിക്കുന്നു. മനുഷ്യന്‍ ഒരു നിശ്വാസം മാത്രം! മനുഷ്യന്‍ നിഴല്‍ മാത്രമാണ്,അവന്റെ ബദ്ധപ്പാടു വെറുതെയാണ്, മനുഷ്യന്‍ സമ്പാദിച്ചുകൂട്ടുന്നു; ആരനുഭവിക്കുമെന്ന് അവന്‍ അറിയുന്നില്ല. കര്‍ത്താവേ, ഞാന്‍ എന്താണു കാത്തിരിക്കേണ്ടത്? എന്റെ പ്രത്യാശ അങ്ങയിലാണല്ലോ. എന്റെ എല്ലാ അതിക്രമങ്ങളിലും നിന്ന് എന്നെ മോചിപ്പിക്കണമേ! എന്നെ ഭോഷന്റെ നിന്ദയ്ക്കു പാത്രമാക്കരുതേ! (സങ്കീര്‍ത്തനങ്ങള്‍ 39:4-8)
ദൈവത്തെക്കുറിച്ച് അജ്ഞത പുലര്‍ത്തുന്നവര്‍ക്കും നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ സുവിശേഷം അനുസരിക്കാത്തവര്‍ക്കും എതിരായി പ്രതികാരം ചെയ്യും. അവര്‍ കര്‍ത്താവിന്റെ സന്നിധിയില്‍നിന്നും അവന്റെ ശക്തിയുടെ മഹത്വത്തില്‍നിന്നും തിരസ്‌കരിക്കപ്പെട്ട് നിത്യനാശം ശിക്ഷയായനുഭവിക്കും (2 തെസലോനിക്കാ 1:8-9).
സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഈ ഏറ്റവും എളിയവരില്‍ ഒരുവന് നിങ്ങള്‍ ഇതു ചെയ്യാതിരുന്നപ്പോള്‍ എനിക്കു തന്നെയാണു ചെയ്യാതിരുന്നത്. ഇവര്‍ നിത്യശിക്ഷയിലേക്കും നീതിമാന്‍മാര്‍ നിത്യജീവനിലേക്കും പ്രവേശിക്കും (മത്തായി 25:45-46).
നീതിമാന്‍ കഷ്ടിച്ചു മാത്രമേ രക്ഷപെടുന്നുള്ളുവെങ്കില്‍ ദുഷ്ടന്റെയും പാപിയുടെയും സ്ഥിതി എന്തായിരിക്കും? (സുഭാഷിതങ്ങള്‍ 11:31).
അതിനാല്‍, തിരഞ്ഞെടുക്കപ്പെട്ടവര്‍ യേശുക്രിസ്തുവില്‍ ശാശ്വതവും മഹത്വപൂര്‍ണ്ണവുമായ രക്ഷ നേടുന്നതിനുവേണ്ടി ഞാന്‍ എല്ലാം സഹിക്കുന്നു (2 തിമോത്തേയോസ് 2:10)
നിന്റെ ചെയ്തികള്‍ ഞാനറിയുന്നു. ജീവിച്ചിരിക്കുന്നവന്‍ എന്നാണു നിന്നെക്കുറിച്ചു പറയുന്നത്; പക്‌ഷേ, നീ മൃതനാണ്. ഉണരുക, നിന്നില്‍ ആസന്നമരണമായി അവശേഷിക്കുന്നതിനെ ഉത്തേജിപ്പിക്കുക. എന്തെന്നാല്‍, എന്റെ ദൈവത്തിന്റെ മുമ്പില്‍ നിന്റെ പ്രവൃത്തികള്‍ പൂര്‍ണമായും നിര്‍വഹിക്കപ്പെട്ടതായി ഞാന്‍ കാണുന്നില്ല. അതുകൊണ്ടു നീ സ്വീകരിച്ചതും കേട്ടതും എന്തെന്നനുസ്മരിച്ച് അതു കാത്തുസൂക്ഷിക്കുകയും അനുതപിക്കുകയും ചെയ്യുക. നീ ഉണരുന്നില്ലെങ്കില്‍ ഞാന്‍ കള്ളനെപ്പോലെ വരും. ഏതു സമയത്താണു ഞാന്‍ നിന്നെ പിടികൂടുകയെന്നു നീ അറിയുകയില്ല (വെളിപാട് 3:1-3)
എന്നാല്‍, നിദ്രപ്രാപിച്ച എല്ലാവരുടെയും ആദ്യഫലമായി ക്രിസ്തു മരിച്ചവരുടെ ഇടയില്‍നിന്ന് ഉയിര്‍പ്പിക്കപ്പെട്ടു. ഒരു മനുഷ്യന്‍വഴി മരണം ഉണ്ടായതുപോലെ ഒരു മനുഷ്യന്‍വഴി പുനരുത്ഥാനവും ഉണ്ടായി. ആദത്തില്‍ എല്ലാവരും മരണാധീനരാകുന്നതുപോലെ ക്രിസ്തുവില്‍ എല്ലാവരും പുനര്‍ജീവിക്കും (1 കോറിന്തോസ് 15:20-22). ശരീരത്തെ വിവേചിച്ചറിയാതെ ഭക്ഷിക്കുകയും പാനംചെയ്യുകയും ചെയ്യുന്നവന്‍ തന്റെ തന്നെ ശിക്ഷാവിധിയാണു ഭക്ഷിക്കുന്നതും പാനംചെയ്യുന്നതും (1 കോറിന്തോസ് 11:29).
സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, എന്റെ വചനം കേള്‍ക്കുകയും എന്നെ അയച്ചവനെ വിശ്വസിക്കുകയും ചെയ്യുന്നവനു നിത്യജീവനുണ്ട്. അവനു ശിക്ഷാവിധി ഉണ്ടാകുന്നില്ല. പ്രത്യുത, അവന്‍ മരണത്തില്‍നിന്നു ജീവനിലേക്കു കടന്നിരിക്കുന്നു (യോഹന്നാന്‍ 5:24). അപ്പോള്‍ നന്‍മ ചെയ്തവര്‍ ജീവന്റെ ഉയിര്‍പ്പിനായും തിന്‍മ ചെയ്തവര്‍ ശിക്ഷാവിധിയുടെ ഉയിര്‍പ്പിനായും പുറത്തു വരും (യോഹ 5:29). എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവനു നിത്യജീവനുണ്ട്. അവസാന ദിവസം ഞാന്‍ അവനെ ഉയിര്‍പ്പിക്കും (യോഹ 6:54).