ആബാലവൃദ്ധംജനങ്ങള്‍ക്കും ഇന്ന് അനുഭപ്പെടുന്ന ഒരു വലിയ പ്രശ്‌നമാണ് സ്‌ട്രെസ്. ഈ പ്രതിഭാസത്തെ അല്പമൊന്നു ഉദാത്തീകരിച്ചു പറയുന്ന  പദമാണ് തിരക്ക് (bsuy ). Bsuy like a bee എന്ന് കേട്ടിരിക്കുമല്ലോ. തേനീച്ചയ്ക്ക് രുചിയുള്ള, ഔഷധഗുണമുള്ള, ശുദ്ധമായ തേന്‍ കിട്ടും. വല്ലാത്ത 'തിരക്കുള്ള'വര്‍ ചെന്നെത്തുന്നത്  വല്ലാത്ത പൊല്ലാപ്പിലായിരിക്കും.

ഈ ലോകത്തായിരുന്നപ്പോള്‍ ഏറ്റവുമധികം പിരിമുറുക്കം അനുഭവിക്കാന്‍ എപ്പോഴും ആകുലപ്പെടാന്‍ സാധ്യതയുണ്ടായിരുന്ന ഒരു വ്യക്തിയാണ് വി. മദര്‍ തെരേസാ. പക്ഷെ 'അമ്മ എപ്പോഴും പ്രശാന്തതയുടെ പര്യായമായിരുന്നു. മരണക്കിടക്കയില്‍പ്പോലും  ആ അഭൗമിക, സ്വര്‍ഗ്ഗീയ പൂപ്പുഞ്ചിരിക്കു മങ്ങലുണ്ടായില്ല. വലിയ സ്‌ട്രെസ്സിലകപ്പെടാന്‍  സകല സാധ്യതയുണ്ടാകാന്‍ സര്‍വ്വ സാധ്യതയുമുണ്ടായിരുന്ന ഒരു വ്യക്തിയാണ് സലേഷ്യന്‍ സന്ന്യാസ സഭാ സ്ഥാപകനായ വി. ഡോണ്‍ ബോസ്‌കോ. എന്നാല്‍ ഒരു സാഹചര്യത്തില്‍പ്പോലും സമചിത്തത വെടിയാതെ നിതാന്ത പ്രസന്നതയുടെ ഉടമയായിരുന്നു അദ്ദേഹമെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. വി.ഫ്രാന്‍സിസ് അസ്സീസ്സി, വി. അന്തോനീസ്  എന്തിനു സകല വിശുദ്ധരും.

ഇവരൊക്കെ എങ്ങനെയാണ് സ്വര്‍ഗ്ഗീയ സമാധാനത്തിലും സന്തോഷത്തിലും ജീവിച്ചതെന്നു ചിന്തിച്ചു മനസ്സിലാക്കുന്നത് നല്ലതായിരിക്കും. അവരെല്ലാവരും സര്‍വ്വശകതനും സ്‌നേഹസ്വരൂപനും കരുണാസാഗരവുമായ ദൈവത്തിലാശ്രയിച്ചു ദിവ്യനാഥന്റെ  അമൃതവാണി ശ്രവിച്ചു ജീവിച്ചു.'നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ട . ദൈവത്തില്‍ വിശ്വസിക്കുവിന്‍; എന്നിലും വിശ്വസിക്കുവിന്‍. എന്റെ പിതാവിന്റെ ഭവനത്തില്‍ അനേകം വാസസ്ഥലങ്ങളുണ്ട്. ഇല്ലായിരുന്നെങ്കില്‍ നിങ്ങള്‍ക്കു സ്ഥലമൊരുക്കാന്‍  പോകുന്നുവെന്ന് ഞാന്‍ നിങ്ങളോടു പറയുമായിരുന്നോ?  ഞാന്‍ പോയി നിങ്ങള്‍ക്കു സ്ഥലം ഒരുക്കിക്കഴിയുമ്പോള്‍ ഞാന്‍ ആയിരിക്കുന്നിടത്ത് നിങ്ങളും ആയിരിക്കേണ്ടതിനു ഞാന്‍ വീണ്ടും വന്നു നിങ്ങളെയും കൂട്ടികൊണ്ടുപോകും '(യോഹ. 14 : 1-3 )

ഒരു ദരിദ്ര കുടുംബം. അപ്പനും അമ്മയും അഞ്ചുമക്കളും നാലു പെണ്‍മക്കളും ഒരു മകനും. പൊടുന്നനെ ആ മകന് വിദേശത്തു ഒരു ജോലി വാഗ്ദാനം കിട്ടുന്നു. മൂന്നു ലക്ഷം രൂപാ ശമ്പളം. ഈ വാര്‍ത്ത കിട്ടിയപ്പോള്‍ മുതല്‍ ആ കുടുംബത്തില്‍ സകലര്‍ക്കും വലിയ സന്തോഷം ! വാഗ്ദാനമേ ഉള്ളു! മാനുഷികമായ ഒരു വാഗ്ദാനത്തിനു വലിയ വില കല്പിക്കുന്നു. എന്നാല്‍ (കാലാകാലമായുള്ള) വാഗ്ദാനത്തില്‍ വിശ്വസ്തനായ  കര്‍ത്താവിന്റെ വാഗ്ദാനത്തില്‍ (യോഹ. 14 :1 ) അവര്‍ക്കു വിശ്വാസമുണ്ടായില്ല.


ഒരു ഗ്രാമത്തിലെ ഒരു ദരിദ്ര കുടുംബത്തിലെ ഒരു യുവതി വളരെ നല്ലവളായിരുന്നു. എല്ലാവരുടെയും കണ്ണിലുണ്ണിയായിരുന്നു അവള്‍ക്ക് സാമാന്യം നല്ല വിദ്യാഭ്യാസവുമുണ്ടായിരുന്നു . ആ നാട്ടിലെ ധനികനും സമര്‍ത്ഥനായ ഒരു യുവാവ് പഠിച്ച് ഐ എ എസ്സ് നേടുകയും ഏറ്റവും നല്ല ഒരു ഗവണ്മെന്റ്  നിയമനത്തിന് അര്‍ഹനാകുകയും ചെയ്തു. തൊട്ടുമുന്‍പ് പരാമര്‍ശിച്ച യുവതിയേയും കുടുംബത്തേയും പ്രസ്തുത ഐ എ  എസ്സ് കാരന് നന്നായി അറിയാമായിരുന്നു. അയാള്‍ അപ്പനോട് പെണ്‍കുട്ടിയുടെ കാര്യം പറഞ്ഞു. ആ പിതാവ് മകനെയും കൂട്ടി ആ ദരിദ്രകുടുംബത്തില്‍ ചെന്ന് കുട്ടിയുടെ മാതാപിതാക്കളോട് തന്റെ മകന് ഭാര്യയായി അവരുടെ മകളെ നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുകയും വിവാഹസംബന്ധമായ സകലകാര്യങ്ങളും മാത്രമല്ല, ആ ദരിദ്രകുടുംബത്തെ എന്നും സംരക്ഷിക്കുകയും ചെയ്തുകൊള്ളാമെന്നും പറഞ്ഞു. അത്യപൂര്‍വ്വമായ വാര്‍ത്ത കേട്ട നിമിഷം മുതല്‍ കുടുംബാംഗങ്ങള്‍ക്കെല്ലാം  വലിയ സന്തോഷം. അവര്‍ക്കും  അളവില്ലാത്ത കര്‍ത്താവിന്റെ വാഗ്ദാനം ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ലെന്നത് ദുഃഖ സത്യം തന്നെയാണ്.

നമുക്ക് അസ്വസ്ഥത, ടെന്‍ഷന്‍, ഉണ്ടാകാതിരിക്കാന്‍ അത്യാവശ്യം വിശ്വാസമാണ്. ദൈവത്തിനു അസാധ്യമായി ഒന്നുമില്ല. ഈ സത്യം വിശ്വസിക്കുക. രക്തസ്രാവക്കാരി സുഖം പ്രാപിച്ചു കഴിഞ്ഞപ്പോള്‍ ഈശോ അവളോട് വ്യക്തമായി പറഞ്ഞു: 'മകളെ, നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു' (മര്‍ക്കോ. 5 : 34 ). ജായിറോസിനോട് അവിടുന്ന് പറഞ്ഞു: 'ഭയപ്പെടേണ്ട.. വിശ്വസിക്കുക മാത്രം ചെയ്യുക' (മര്‍ക്കോ.5 : 36 ). 'അവരുടെ വിശ്വാസം കണ്ടു അവിടുന്ന് തളര്‍വാതരോഗിയോട് അരുളിച്ചെയ്തു: മകനെ , ധൈര്യമായിരിക്കുക' (മത്താ 9 : 2 ). ചുരുക്കിപ്പറഞ്ഞാല്‍ ദൈവത്തില്‍ വിശ്വസിച്ച് അവിടുത്തെ പരിപാലനയില്‍ വിശ്വസിച്ച് അവിടുത്തെ ആശ്രയിച്ചും ജീവിക്കുന്നവര്‍ക്ക് പിരിമുറുക്കമില്ലാതെ, സമാധാനത്തിലും ശാന്തിയിലും ജീവിക്കാനാവും.

Rev Fr Joseph Vattakkalam