Genesis Itnroduction
ആമുഖം 
ഉത്പത്തി പുസ്തകം ദൈവ മനുഷ്യബന്ധത്തിന്റെ ചരിത്രത്തിലെ രണ്ടു വ്യത്യസ്ത കാലഘട്ടങ്ങളെ സംക്ഷിപ്തമായി അവതരിപ്പിക്കുന്നു. ബി.സി. പത്തൊമ്പതാം നൂറ്റാണ്ടില്‍ സംഭവിച്ചെന്നു പൊതുവേ കരുതപ്പെടുന്ന അബ്രാഹത്തിന്റെ വിളിയാണ് ബൈബിളിലെ രക്ഷാചരിത്രത്തിന്റെ ആരംഭം. സൃഷ്ടിയുടെ ആരംഭം മുതല്‍ ദൈവം അബ്രാഹത്തെ വിളിക്കുന്നതുവരെയുള്ള ദീര്‍ഘമായ കാലഘട്ടത്തിലെ ദൈവമനുഷ്യബന്ധത്തിന്റെ ചരിത്രമാണ് ആദ്യത്തെ പതിനൊന്നധ്യായങ്ങള്‍. ഇതിനു വ്യക്തമായ ചരിത്രസാക്ഷ്യങ്ങളില്ല. ആലങ്കാരികശൈലിയില്‍, സമകാലികര്‍ക്കു മനസ്സിലാകുന്ന ഭാഷയില്‍ ലളിതവും മനോഹരവുമായി ഈ ഭാഗം രചിച്ചിരിക്കുന്നു. അതിനാല്‍, മറ്റു ചരിത്രഗ്രന്ഥങ്ങളുമായി ഈ ഭാഗത്തെ തുലനം ചെയ്തുകൂടാ. സൗഭാഗ്യപൂര്‍ണമായ അവസ്ഥയില്‍ ദൈവം സൃഷ്ടിച്ച മനുഷ്യന് ഒരു രക്ഷാകരപദ്ധതി ആവശ്യകമായിത്തീര്‍ന്നത് എങ്ങനെയെന്ന് ഇവിടെ വ്യക്തമാക്കുന്നു. ആദ്യഭാഗത്തിന്റെ ഉള്ളടക്കത്തെ ഇപ്രകാരം വിഭജിക്കാം. ദൈവം പ്രപഞ്ചത്തെ സൃഷ്ടിക്കുന്നു. 1, 12, 25. മനുഷ്യന്റെ പതനം 3, 124. തിധമ വര്‍ദ്ധിക്കുന്നു: കായേനും ആബേലും, ജലപ്രളയം, ബാബേല്‍ഗോപുരം 4, 111, 9. അബ്രാഹത്തിന്റെ പൂര്‍വികര്‍ 11, 1032. പന്ത്രണ്ടാമധ്യായം മുതല്‍ അവതരണരൂപത്തില്‍ മാത്രമല്ല ദൈവമനുഷ്യബന്ധത്തിന്റെ ചരിത്രത്തിലും നിര്‍ണായകമായ മാറ്റം സംഭവിക്കുന്നു. ദൈവത്തിന്റെ സാര്‍വത്രികമായ പരിപാലനത്തിന്റെ ചരിത്രത്തില്‍ നിന്നു ദൈവപരിപാലനം മുഴുവന്‍ കേന്ദ്രീകൃതമായ ഒരു പ്രത്യേക ജനതയുടെ ചരിത്രത്തിലേക്കു നാം കടക്കുന്നു. എന്നാല്‍, ദൈവം മറ്റു ജനതകളെ ഉപേക്ഷിക്കുകയല്ല, വിശ്വസ്തമായ ഒരു ചെറിയ ഗണത്തിലൂടെ സാര്‍വത്രികമായ ഒരു രക്ഷാപദ്ധതിക്കു രൂപംകൊടുക്കുകയാണു ചെയ്യുന്നത്. അവിടുന്ന് അബ്രാഹത്തോടു വാഗ്ദാനം ചെയ്തു: നിന്നിലൂടെ ഭൂമുഖത്തെ വംശങ്ങളെല്ലാം അനുഗൃഹീതമാകും (ഉത്പ 12,3). അബ്രാഹംമുതല്‍ ജോസഫ് വരെയുള്ള പൂര്‍വപിതാക്കന്‍മാരുടെ ചരിത്രമാണ് 12 മുതല്‍ 50 വരെയുള്ള അധ്യായങ്ങള്‍. ദൈവത്തിന്റെ വിളികേട്ട് ഹാരാനില്‍നിന്ന് ഏകനായി ഇറങ്ങിത്തിരിച്ച അബ്രാഹത്തിന്റെ സന്തതികള്‍ വാഗ്ദത്തഭൂമിയായ കാനാനില്‍നിന്ന് ഈജിപ്തിലെത്തി വാസമുറപ്പിക്കുന്നതുവരെയുള്ള സംഭവങ്ങള്‍ ഇവിടെ പ്രതിപാദിക്കുന്നു. അബ്രാഹത്തിന്റെ ചരിത്രം 12, 125, 18. ഇസഹാക്കും യാക്കോബും 25, 1936, 43. ജോസഫും സഹോദരന്‍മാരും 37, 150, 26.

അദ്ധ്യായം 1 - ദൈവം പ്രപഞ്ചത്തെ സൃഷ്ടിക്കുന്നു.
1 ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു. 2 ഭൂമി രൂപരഹിതവും ശൂന്യവുമായിരുന്നു. ആഴത്തിനുമുകളില്‍ അന്ധകാരം വ്യാപിച്ചിരുന്നു. ദൈവത്തിന്റെ ചൈതന്യം വെള്ളത്തിനുമീതെ ചലിച്ചുകൊണ്ടിരുന്നു. 3 ദൈവം അരുളിച്ചെയ്തു: വെളിച്ചം ഉണ്ടാകട്ടെ. വെളിച്ചം ഉണ്ടായി. 4 വെളിച്ചം നല്ലതെന്നു ദൈവം കണ്ടു. അവിടുന്നു വെളിച്ചത്തെ ഇരുളില്‍നിന്നു വേര്‍തിരിച്ചു. 5 വെളിച്ചത്തിനു പകലെന്നും ഇരുളിനു രാത്രിയെന്നും പേരിട്ടു. സന്ധ്യയായി, പ്രഭാതമായി  ഒന്നാംദിവസം. 6 ദൈവം വീണ്ടും അരുളിച്ചെയ്തു: ജല മധ്യത്തില്‍ ഒരു വിതാനം ഉണ്ടാകട്ടെ, അതു ജലത്തെ രണ്ടായി തിരിക്കട്ടെ. 7 ദൈവം വിതാനമുണ്ടാക്കുകയും അതിനു താഴെയുള്ള ജലത്തെ മുകളിലുള്ള ജലത്തില്‍നിന്നു വേര്‍തിരിക്കുകയും ചെയ്തു. അപ്രകാരം സംഭവിച്ചു. 8 വിതാനത്തിന് അവിടുന്ന് ആകാശമെന്നു പേരിട്ടു. സന്ധ്യയായി, പ്രഭാതമായി  രണ്ടാം ദിവസം. 9 ദൈവം വീണ്ടും അരുളിച്ചെയ്തു: ആകാശത്തിനു കീഴിലുള്ള വെള്ളമെല്ലാം ഒരിടത്ത് ഒരുമിച്ചുകൂടട്ടെ, കര പ്രത്യക്ഷപ്പെടട്ടെ. അങ്ങനെ സംഭവിച്ചു. 10 കരയ്ക്കു ഭൂമിയെന്നും ഒരുമിച്ചുകൂടിയ ജലത്തിനു കടലെന്നും ദൈവം പേരിട്ടു. അതു നല്ലതെന്ന് അവിടുന്നു കണ്ടു. 11 ദൈവം അരുളിച്ചെയ്തു: ഭൂമി എല്ലാത്തരം ഹരിതസസ്യങ്ങളും ധാന്യച്ചെടികളും വിത്തുള്‍ക്കൊള്ളുന്ന ഫലങ്ങള്‍ കായ്ക്കുന്ന വൃക്ഷങ്ങളും മുളപ്പിക്കട്ടെ. അങ്ങനെ സംഭവിച്ചു. 12 ഭൂമി എല്ലാത്തരം ഹരിത സസ്യങ്ങളും ധാന്യച്ചെടികളും വിത്തുള്ള ഫലങ്ങളോടുകൂടിയ വൃക്ഷങ്ങളും മുളപ്പിച്ചു. അവനല്ലതെന്നു ദൈവം കണ്ടു. 13 സന്ധ്യയായി, പ്രഭാതമായി  മൂന്നാം ദിവസം. 14 ദൈവം വീണ്ടും അരുളിച്ചെയ്തു: രാവും പകലും വേര്‍തിരിക്കാന്‍ ആകാശവിതാനത്തില്‍ പ്രകാശങ്ങള്‍ ഉണ്ടാകട്ടെ. അവ ഋതുക്കളും ദിനങ്ങളും വര്‍ഷങ്ങളും കുറിക്കുന്ന അടയാളങ്ങളായിരിക്കട്ടെ. 15 ഭൂമിയില്‍ പ്രകാശം ചൊരിയാന്‍വേണ്ടി അവ ആകാശവിതാനത്തില്‍ ദീപങ്ങളായി നില്‍ക്കട്ടെ. അങ്ങനെ സംഭവിച്ചു. 16 ദൈവം രണ്ടു മഹാദീപങ്ങള്‍ സൃഷ്ടിച്ചു. പകലിനെ നയിക്കാന്‍ വലുത്, രാത്രിയെ നയിക്കാന്‍ ചെറുത്. 17 നക്ഷത്രങ്ങളെയും അവിടുന്നു സൃഷ്ടിച്ചു. 18 ഭൂമിയില്‍പ്രകാശം ചൊരിയാനും രാവിനെയും പകലിനെയും നിയന്ത്രിക്കാനും വെളിച്ചത്തെ ഇരുളില്‍നിന്നുവേര്‍തിരിക്കാനും ദൈവം അവയെ ആകാശവിതാനത്തില്‍ സ്ഥാപിച്ചു. അതു നല്ലതെന്നു ദൈവം കണ്ടു. 19 സന്ധ്യയായി, പ്രഭാതമായി  നാലാം ദിവസം. 20  ദൈവം വീണ്ടും അരുളിച്ചെയ്തു: വെള്ളം ജീവജാലങ്ങളെ പുറപ്പെടുവിക്കട്ടെ; പക്ഷികള്‍ ഭൂമിക്കു മീതേ ആകാശവിതാനത്തില്‍ പറക്കട്ടെ. 21 അങ്ങനെ ദൈവം ഭീമാകാരങ്ങളായ ജലജന്തുക്കളെയും കടലില്‍ പറ്റംചേര്‍ന്നു ചരിക്കുന്ന സകലവിധ ജീവി കളെയും എല്ലാത്തരം പക്ഷികളെയും സൃഷ്ടിച്ചു. അവനല്ലതെന്ന് അവിടുന്നു കണ്ടു. 22 ദൈവം അവയെ ഇങ്ങനെ അനുഗ്രഹിച്ചു: സമൃദ്ധമായി പെരുകി കടലില്‍ നിറയുവിന്‍; പക്ഷികള്‍ ഭൂമിയില്‍ പെരുകട്ടെ. 23 സന്ധ്യയായി, പ്രഭാതമായി  അഞ്ചാം ദിവസം. 24 ദൈവം വീണ്ടും അരുളിച്ചെയ്തു : ഭൂമി എല്ലാത്തരം ജീവ ജാലങ്ങളെയും  കന്നുകാലികള്‍, ഇഴജന്തുക്കള്‍, കാട്ടുമൃഗങ്ങള്‍ എന്നിവയെ  പുറപ്പെടുവിക്കട്ടെ. അങ്ങനെ സംഭവിച്ചു. 25 അങ്ങനെ ദൈവം എല്ലാ ഇനം കാട്ടുമൃഗങ്ങളെയും കന്നുകാലികളെയും ഇഴജന്തുക്കളെയും സൃഷ്ടിച്ചു. അവനല്ലതെന്ന് അവിടുന്നു കണ്ടു. 26 ദൈവം വീണ്ടും അരുളിച്ചെയ്തു: നമുക്കു നമ്മുടെ ഛായയിലും സാദൃശ്യത്തിലുംമനുഷ്യനെ സൃഷ്ടിക്കാം. അവര്‍ക്കു കടലിലെ മത്‌സ്യങ്ങളുടെയും ആകാശത്തിലെ പറവകളുടെയും നാല്‍ക്കാലികളുടെയും ഭൂമി മുഴുവന്റെയും ഭൂമിയില്‍ ഇഴയുന്ന സര്‍വ ജീവികളുടെയും മേല്‍ ആധിപത്യം ഉണ്ടായിരിക്കട്ടെ. 27  അങ്ങനെ ദൈവം തന്റെ ഛായയില്‍ മനുഷ്യനെ സൃഷ്ടിച്ചു. ദൈവത്തിന്റെ ഛായയില്‍ അവിടുന്ന് അവനെ സൃഷ്ടിച്ചു; സ്ത്രീയും പുരുഷനുമായി അവരെ സൃഷ്ടിച്ചു. 28 ദൈവം അവരെ ഇങ്ങനെ അനുഗ്രഹിച്ചു: സന്താനപുഷ്ടിയുള്ളവരായി പെരുകുവിന്‍. ഭൂമിയില്‍ നിറഞ്ഞ് അതിനെ കീഴടക്കുവിന്‍. കടലിലെ മത്‌സ്യങ്ങളുടെയും ആകാശത്തിലെ പറവകളുടെയും ഭൂമിയില്‍ ചരിക്കുന്ന സകല ജീവികളുടെയും മേല്‍ നിങ്ങള്‍ക്ക് ആധിപത്യം ഉണ്ടായിരിക്കട്ടെ. 29 ദൈവം അരുളിച്ചെയ്തു : ഭൂമുഖത്തുള്ള ധാന്യം വിളയുന്ന എല്ലാ ചെടികളും വിത്തുള്‍ക്കൊള്ളുന്ന പഴങ്ങള്‍ കായ്ക്കുന്ന എല്ലാ വൃക്ഷങ്ങളും ഞാന്‍ നിങ്ങള്‍ക്കു ഭക്ഷണത്തിനായി തരുന്നു. 30 ഭൂമിയിലെ മൃഗങ്ങള്‍ക്കും ആകാശത്തിലെ എല്ലാ പറവകള്‍ക്കും ഇഴജന്തുക്കള്‍ക്കും ജീവശ്വാസമുള്ള സകലതിനും  ആഹാരമായി ഹരിതസസ്യങ്ങള്‍ ഞാന്‍ നല്‍കിയിരിക്കുന്നു. അങ്ങനെ സംഭവിച്ചു. 31 താന്‍ സൃഷ്ടിച്ചതെല്ലാം വളരെ നന്നായിരിക്കുന്നുവെന്നു ദൈവം കണ്ടു. സന്ധ്യയായി, പ്രഭാതമായി  ആറാം ദിവസം.

അദ്ധ്യായം 2 
1 അങ്ങനെ ആകാശവും ഭൂമിയും അവയിലുള്ള സമസ്തവും പൂര്‍ണമായി. 2 ദൈവം തന്റെ ജോലി ഏഴാം ദിവസം പൂര്‍ത്തിയാക്കി. താന്‍ തുടങ്ങിയ പ്രവൃത്തിയില്‍നിന്നു വിരമിച്ച്, ഏഴാം ദിവസം അവിടുന്നു വിശ്രമിച്ചു. 3 സൃഷ്ടികര്‍മം പൂര്‍ത്തിയാക്കി, തന്റെ പ്രവൃത്തികളില്‍നിന്നു വിരമിച്ച് വിശ്രമിച്ച ഏഴാം ദിവസത്തെ ദൈവം അനുഗ്രഹിച്ചു വിശുദ്ധമാക്കി. 4 ഇതാണ് ആകാശത്തിന്റെയും ഭൂമിയുടെയും ഉത്പത്തി ചരിത്രം.


ഏദന്‍ തോട്ടം
5 ദൈവമായ കര്‍ത്താവ് ആകാശവും ഭൂമിയും സൃഷ്ടിച്ച നാളില്‍ ഭൂമിയില്‍ പുല്ലോ ചെടിയോ മുളച്ചിരുന്നില്ല. കാരണം, അവിടുന്നു ഭൂമിയില്‍ മഴ പെയ്യിച്ചിരുന്നില്ല. കൃഷിചെയ്യാന്‍മനുഷ്യനുണ്ടായിരുന്നുമില്ല. 6 എന്നാല്‍, ഭൂമിയില്‍നിന്ന് ഒരു മൂടല്‍മഞ്ഞ് ഉയര്‍ന്നു ഭൂതലമെല്ലാം നനച്ചു. 7 ദൈവമായ കര്‍ത്താവ് ഭൂമിയിലെ പൂഴികൊണ്ടു മനുഷ്യനെ രൂപപ്പെടുത്തുകയും ജീവന്റെ ശ്വാസം അവന്റെ നാസാരന്ധ്രങ്ങളിലേക്കു നിശ്വസിക്കുകയും ചെയ്തു. അങ്ങനെ മനുഷ്യന്‍ ജീവനുള്ളവനായിത്തീര്‍ന്നു. 8 അവിടുന്നു കിഴക്ക് ഏദനില്‍ ഒരു തോട്ടം ഉണ്ടാക്കി, താന്‍ രൂപംകൊടുത്ത മനുഷ്യനെ അവിടെ താമസിപ്പിച്ചു. 9 കാഴ്ചയ്ക്കു കൗതുകവും ഭക്ഷിക്കാന്‍ സ്വാദുമുള്ള പഴങ്ങള്‍ കായ്ക്കുന്ന എല്ലാത്തരം വൃക്ഷങ്ങളും അവിടുന്നു മണ്ണില്‍നിന്നു പുറപ്പെടുവിച്ചു. ജീവന്റെ വൃക്ഷവും നന്‍മതിന്‍മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷവും തോട്ടത്തിന്റെ നടുവില്‍ അവിടുന്നു വളര്‍ത്തി. 10 തോട്ടം നനയ്ക്കാന്‍ ഏദനില്‍നിന്ന് ഒരു നദി പുറപ്പെട്ടു. അവിടെവച്ച് അതു നാലു കൈവഴികളായിപ്പിരിഞ്ഞു. 11 ഒന്നാമത്തേതിന്റെ പേര് പിഷോണ്‍. അത് സ്വര്‍ണത്തിന്റെ നാടായ ഹവിലാ മുഴുവന്‍ ചുറ്റിയൊഴുകുന്നു. 12 ആ നാട്ടിലെ സ്വര്‍ണം മേല്‍ത്തരമാണ്. അവിടെ സുഗന്ധദ്രവ്യങ്ങളും പവിഴക്കല്ലുകളുമുണ്ട്. 13 രണ്ടാമത്തെനദിയുടെ പേര് ഗിഹോണ്‍. അതു കുഷ് എന്ന നാടിനെ ചുറ്റിയൊഴുകുന്നു. 14 മൂന്നാമത്തെനദിയുടെ പേര് ടൈഗ്രീസ്. അത് അസീറിയയുടെ കിഴക്കുഭാഗത്തുകൂടി ഒഴുകുന്നു. നാലാമത്തെനദിയൂഫ്രെട്ടീസ്. 15 ഏദന്‍തോട്ടം കൃഷിചെയ്യാനും സംരക്ഷിക്കാനും ദൈവമായ കര്‍ത്താവ് മനുഷ്യനെ അവിടെയാക്കി. 16 അവിടുന്ന് അവനോടു കല്‍പിച്ചു: തോട്ടത്തിലെ എല്ലാ വൃക്ഷങ്ങളുടെയും ഫലം ഭക്ഷിച്ചുകൊള്ളുക. 17 എന്നാല്‍, നന്‍മതിന്‍മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിലെ ഫലം നീ തിന്നരുത്; തിന്നുന്ന ദിവസം നീ മരിക്കും. 18 ദൈവമായ കര്‍ത്താവ് അരുളിച്ചെയ്തു: മനുഷ്യന്‍ ഏകനായിരിക്കുന്നതു നന്നല്ല; അവനു ചേര്‍ന്ന ഇണയെ ഞാന്‍ നല്‍കും. 19 ദൈവമായ കര്‍ത്താവ് ഭൂമിയിലെ സകല മൃഗങ്ങളെയും ആകാശത്തിലെ സകല പക്ഷികളെയും മണ്ണില്‍നിന്നു രൂപപ്പെടുത്തി. അവയ്ക്കു മനുഷ്യന്‍ എന്തു പേരിടുമെന്ന് അറിയാന്‍ അവിടുന്ന് അവയെ അവന്റെ മുമ്പില്‍ കൊണ്ടുവന്നു. മനുഷ്യന്‍ വിളിച്ചത് അവയ്ക്കു പേരായിത്തീര്‍ന്നു. 20 എല്ലാ കന്നുകാലികള്‍ക്കും ആകാശത്തിലെ പറവകള്‍ക്കും വയലിലെ മൃഗങ്ങള്‍ക്കും അവന്‍ പേരിട്ടു. എന്നാല്‍, തനിക്കിണങ്ങിയ തുണയെ കണ്ടില്ല. 21 അതുകൊണ്ട്, ദൈവമായ കര്‍ത്താവ് മനുഷ്യനെ ഗാഢനിദ്രയിലാഴ്ത്തി, ഉറങ്ങിക്കിടന്ന അവന്റെ വാരിയെല്ലുകളില്‍ ഒന്ന് എടുത്തതിനുശേഷം അവിടം മാംസംകൊണ്ടു മൂടി. 22 മനുഷ്യനില്‍നിന്ന് എടുത്ത വാരിയെല്ലുകൊണ്ട് അവിടുന്ന് ഒരു സ്ത്രീക്കു രൂപംകൊടുത്തു. അവളെ അവന്റെ മുമ്പില്‍കൊണ്ടുവന്നു. 23 അപ്പോള്‍ അവന്‍ പറഞ്ഞു: ഒടുവില്‍ ഇതാ എന്റെ അസ്ഥിയില്‍നിന്നുള്ള അസ്ഥിയും മാംസത്തില്‍നിന്നുള്ള മാംസവും. നരനില്‍നിന്ന് എടുക്കപ്പെട്ടതുകൊണ്ട് നാരിയെന്ന് ഇവള്‍ വിളിക്കപ്പെടും. 24 അതിനാല്‍, പുരുഷന്‍മാതാപിതാക്കളെ വിട്ട് ഭാര്യയോടു ചേരും. അവര്‍ ഒറ്റ ശരീരമായിത്തീരും. 25 പുരുഷനും അവന്റെ ഭാര്യയും നഗ്‌നരായിരുന്നു. എങ്കിലും അവര്‍ക്കു ലജ്ജ തോന്നിയിരുന്നില്ല.

അദ്ധ്യായം 3 - മനുഷ്യന്റെ പതനം
1 ദൈവമായ കര്‍ത്താവു സൃഷ്ടിച്ച എല്ലാ വന്യജീവികളിലുംവച്ച് കൗശലമേറിയതായിരുന്നു സര്‍പ്പം. അതു സ്ത്രീയോടു ചോദിച്ചു: തോട്ടത്തിലെ ഒരു വൃക്ഷത്തിന്റെയും ഫലം തിന്നരുതെന്നു ദൈവം കല്‍പിച്ചിട്ടുണ്ടോ?. 2 സ്ത്രീ സര്‍പ്പത്തോടു പറഞ്ഞു: തോട്ടത്തിലെ വൃക്ഷങ്ങളുടെ പഴങ്ങള്‍ ഞങ്ങള്‍ക്കു ഭക്ഷിക്കാം. 3 എന്നാല്‍, തോട്ടത്തിന്റെ നടുവിലുള്ള മരത്തിന്റെ പഴം ഭക്ഷിക്കുകയോ തൊടുകപോലുമോ അരുത്; ഭക്ഷിച്ചാല്‍ നിങ്ങള്‍ മരിക്കും എന്നു ദൈവം പറഞ്ഞിട്ടുണ്ട്. 4 സര്‍പ്പം സ്ത്രീയോടു പറഞ്ഞു: നിങ്ങള്‍ മരിക്കുകയില്ല. 5 അതു തിന്നുന്ന ദിവസം നിങ്ങളുടെ കണ്ണുകള്‍ തുറക്കുമെന്നും, നന്‍മയും തിന്‍മയും അറിഞ്ഞ് നിങ്ങള്‍ ദൈവത്തെപ്പോലെ ആകുമെന്നും ദൈവത്തിനറിയാം. 6 ആ വൃക്ഷത്തിന്റെ പഴം ആസ്വാദ്യവും, കണ്ണിനു കൗതുകകരവും, അറിവേകാന്‍ കഴിയുമെന്നതിനാല്‍ അഭികാമ്യവും ആണെന്നു കണ്ട് അവള്‍ അതു പറിച്ചുതിന്നു. ഭര്‍ത്താവിനുംകൊടുത്തു; അവനും തിന്നു. 7 ഉടനെ ഇരുവരുടെയും കണ്ണുകള്‍ തുറന്നു. തങ്ങള്‍ നഗ്‌നരാണെന്ന് അവരറിഞ്ഞു.   അത്തിയിലകള്‍ കൂട്ടിത്തുന്നി അവര്‍ അരക്കച്ചയുണ്ടാക്കി. 8 വെയിലാറിയപ്പോള്‍ ദൈവമായ കര്‍ത്താവു തോട്ടത്തില്‍ ഉലാത്തുന്നതിന്റെ ശബ്ദം അവര്‍ കേട്ടു. പുരുഷനും ഭാര്യയും അവിടുത്തെ മുമ്പില്‍നിന്നു മാറി, തോട്ടത്തിലെ മരങ്ങള്‍ക്കിടയിലൊളിച്ചു. 9 അവിടുന്നു പുരുഷനെ വിളിച്ചു ചോദിച്ചു: നീ എവിടെയാണ്?. 10 അവന്‍ മറുപടി പറഞ്ഞു: തോട്ടത്തില്‍ അവിടുത്തെ ശബ്ദം ഞാന്‍ കേട്ടു. ഞാന്‍ നഗ്നനായതുകൊണ്ടു ഭയന്ന് ഒളിച്ചതാണ്. 11 അവിടുന്നു ചോദിച്ചു: നീ നഗ്‌നനാണെന്നു നിന്നോടാരു പറഞ്ഞു? തിന്നരുതെന്ന് ഞാന്‍ കല്‍പിച്ചവൃക്ഷത്തിന്റെ പഴം നീ തിന്നോ?. 12 അവന്‍ പറഞ്ഞു: അങ്ങ് എനിക്കു കൂട്ടിനു തന്ന സ്ത്രീ ആ മരത്തിന്റെ പഴം എനിക്കു തന്നു; ഞാന്‍ അതു തിന്നു. 13 ദൈവമായ കര്‍ത്താവ് സ്ത്രീയോടു ചോദിച്ചു: നീ എന്താണ് ഈ ചെയ്തത്?. അവള്‍ പറഞ്ഞു: സര്‍പ്പം എന്നെ വഞ്ചിച്ചു; ഞാന്‍ പഴം തിന്നു.  


ശിക്ഷയും വാഗ്ദാനവും
14 ദൈവമായ കര്‍ത്താവ് സര്‍പ്പത്തോടു പറഞ്ഞു: ഇതുചെയ്തതുകൊണ്ട് നീ എല്ലാ കന്നുകാലികളുടെയും വന്യമൃഗങ്ങളുടെയുമിടയില്‍ ശപിക്കപ്പെട്ടതായിരിക്കും. നീ മണ്ണില്‍ ഇഴഞ്ഞു നടക്കും. ജീവിതകാലം മുഴുവന്‍ നീ പൊടി തിന്നും. 15 നീയും സ്ത്രീയും തമ്മിലും നിന്റെ സന്തതിയും അവളുടെ സന്തതിയും തമ്മിലും ഞാന്‍ ശത്രുത ഉളവാക്കും. അവന്‍ നിന്റെ തല തകര്‍ക്കും. നീ അവന്റെ കുതികാലില്‍ പരിക്കേല്‍പിക്കും. 16 അവിടുന്നു സ്ത്രീയോടു പറഞ്ഞു: നിന്റെ ഗര്‍ഭാരിഷ്ടതകള്‍ ഞാന്‍ വര്‍ധിപ്പിക്കും. നീ വേദനയോടെ കുഞ്ഞുങ്ങളെപ്രസവിക്കും. എങ്കിലും, നിനക്കു ഭര്‍ത്താവില്‍ അഭിലാഷമുണ്ടായിരിക്കും. അവന്‍ നിന്നെ ഭരിക്കുകയും ചെയ്യും. 17 ആദത്തോട് അവിടുന്നു പറഞ്ഞു: തിന്നരുതെന്നു ഞാന്‍ പറഞ്ഞ പഴം സ്ത്രീയുടെ വാക്കു കേട്ടു നീ തിന്നതുകൊണ്ട് നീ മൂലം മണ്ണു ശപിക്കപ്പെട്ടതായിരിക്കും. ആയുഷ്‌കാലം മുഴുവന്‍ കഠിനാധ്വാനംകൊണ്ട് നീ അതില്‍നിന്നു കാലയാപനം ചെയ്യും. 18 അതു മുള്ളും മുള്‍ച്ചെടികളും നിനക്കായി മുളപ്പിക്കും. വയലിലെ സസ്യങ്ങള്‍ നീ ഭക്ഷിക്കും. 19 മണ്ണില്‍നിന്ന് എടുക്കപ്പെട്ട നീ, മണ്ണിനോടു ചേരുന്നതുവരെ, നെറ്റിയിലെ വിയര്‍പ്പുകൊണ്ടു ഭക്ഷണം സമ്പാദിക്കും. നീ പൊടിയാണ്, പൊടിയിലേക്കുതന്നെ നീ മടങ്ങും. 20  ആദം ഭാര്യയെ ഹവ്വാ എന്നു വിളിച്ചു. കാരണം, അവള്‍ ജീവനുള്ളവരുടെയെല്ലാം മാതാവാണ്. 21 ദൈവമായ കര്‍ത്താവ് തോലുകൊണ്ട് ഉടയാടയുണ്ടാക്കി ആദത്തെയും അവന്റെ ഭാര്യയെയും ധരിപ്പിച്ചു. 22 അനന്തരം അവിടുന്നു പറഞ്ഞു: മനുഷ്യനിതാ നന്‍മയും തിന്‍മയും അറിഞ്ഞു നമ്മിലൊരുവനെപ്പോലെയായിരിക്കുന്നു. ഇനി അവന്‍ കൈനീട്ടി ജീവന്റെ വൃക്ഷത്തില്‍നിന്നുകൂടി പറിച്ചു തിന്ന് അമര്‍ത്യനാകാന്‍ ഇടയാകരുത്. 23 കര്‍ത്താവ് അവരെ ഏദന്‍ തോട്ടത്തില്‍നിന്നു പുറത്താക്കി; മണ്ണില്‍നിന്നെ ടുത്ത മനുഷ്യനെ മണ്ണിനോടു മല്ലിടാന്‍ വിട്ടു. 24 മനുഷ്യനെ പുറത്താക്കിയശേഷം ജീവന്റെ വൃക്ഷത്തിങ്കലേക്കുള്ള വഴി കാക്കാന്‍ ഏദന്‍തോട്ടത്തിനു കിഴക്ക് അവിടുന്നു കെരൂബുകളെ കാവല്‍ നിര്‍ത്തി; എല്ലാ വശത്തേക്കും കറങ്ങുന്നതും തീ ജ്വലിക്കുന്നതുമായ ഒരു വാളും അവിടുന്നു സ്ഥാപിച്ചു.   

അദ്ധ്യായം 4 - കായേനും ആബേലും
1 ആദം തന്റെ ഭാര്യയായ ഹവ്വായോടുചേര്‍ന്നു. അവള്‍ ഗര്‍ഭംധരിച്ചു കായേനെപ്രസവിച്ചു. അവള്‍ പറഞ്ഞു: കര്‍ത്താവു കടാക്ഷിച്ച് എനിക്കു പുത്രനെ ലഭിച്ചിരിക്കുന്നു. 2 പിന്നീട് അവള്‍ കായേന്റെ സഹോദരന്‍ ആബേലിനെപ്രസവിച്ചു. ആബേല്‍ ആട്ടിടയനും കായേന്‍ കൃഷിക്കാരനുമായിരുന്നു. 3 ഒരിക്കല്‍ കായേന്‍ തന്റെ വിളവില്‍ ഒരു ഭാഗം കര്‍ത്താവിനു കാഴ്ച സമര്‍പ്പിച്ചു. 4  ആബേല്‍ തന്റെ ആട്ടിന്‍കൂട്ടത്തിലെ കടിഞ്ഞൂല്‍ ക്കുഞ്ഞുങ്ങളെയെടുത്ത് അവയുടെ കൊഴുപ്പുള്ള ഭാഗങ്ങള്‍ അവിടുത്തേക്കു കാഴ്ചവച്ചു.  ആബേലിലും അവന്റെ കാഴ്ച വസ്തുക്കളിലും അവിടുന്നു പ്രസാദിച്ചു. 5 എന്നാല്‍ കായേനിലും അവന്റെ കാഴ്ച വസ്തുക്കളിലും അവിടുന്നു പ്രസാദിച്ചില്ല. ഇതു കായേനെ അത്യധികം കോപിപ്പിച്ചു. അവന്റെ മുഖം കറുത്തു. 6 കര്‍ത്താവു കായേനോടു ചോദിച്ചു: നീ കോപിച്ചിരിക്കുന്നതെന്തുകൊണ്ട്?. നിന്റെ മുഖം വാടിയിരിക്കുന്നതെന്തുകൊണ്ട്?. 7 ഉചിതമായി പ്രവര്‍ത്തിച്ചാല്‍ നീയും സ്വീകാര്യനാവുകയില്ലേ?. നല്ലതുചെയ്യുന്നില്ലെങ്കില്‍ പാപം വാതില്‍ക്കല്‍ത്തന്നെ പതിയിരിപ്പുണ്ടെന്ന് ഓര്‍ക്കണം. അതു നിന്നില്‍ താത്പര്യം വച്ചിരിക്കുന്നു; നീ അതിനെ കീഴടക്കണം. 8 ഒരു ദിവസം കായേന്‍ തന്റെ സഹോദരന്‍ ആബേലിനോടു പറഞ്ഞു: നമുക്കു വയലിലേക്കു പോകാം. അവര്‍ വയലിലായിരിക്കേ കായേന്‍ ആബേലിനോടു കയര്‍ത്ത് അവനെകൊന്നു. 9 കര്‍ത്താവു കായേനോടു ചോദിച്ചു: നിന്റെ സഹോദരന്‍ ആബേല്‍ എവിടെ? അവന്‍ പറഞ്ഞു: എനിക്കറിഞ്ഞുകൂടാ. സഹോദരന്റെ കാവല്‍ക്കാരനാണോ ഞാന്‍ ?. 10 എന്നാല്‍ കര്‍ത്താവു പറഞ്ഞു: നീയെന്താണു ചെയ്തത്? നിന്റെ സഹോദരന്റെ രക്തം മണ്ണില്‍നിന്ന് എന്നെ വിളിച്ചു കരയുന്നു. 11 നിന്റെ കൈയില്‍നിന്നു നിന്റെ സഹോദരന്റെ രക്തം കുടിക്കാന്‍ വായ് പിളര്‍ന്ന ഭൂമിയില്‍ നീ ശപിക്കപ്പെട്ടവനായിരിക്കും. 12 കൃഷിചെയ്യുമ്പോള്‍ മണ്ണു നിനക്കു ഫലംതരുകയില്ല. നീ ഭൂമിയില്‍ അലഞ്ഞുതിരിയുന്നവനായിരിക്കും. 13 കായേന്‍ കര്‍ത്താവിനോടു പറഞ്ഞു: എനിക്കു വഹിക്കാവുന്നതിലും വലുതാണ് ഈ ശിക്ഷ. 14  ഇന്ന് അവിടുന്ന് എന്നെ ഈ സ്ഥലത്തുനിന്ന് ആട്ടിപ്പായിച്ചിരിക്കുന്നു. അവിടുത്തെ സന്നിധിയില്‍നിന്നു ഞാന്‍ ഒളിച്ചു നടക്കണം. ഞാന്‍ ഭൂമിയില്‍ ഉഴലുന്നവനായിരിക്കും. കാണുന്നവരെല്ലാം എന്നെ കൊല്ലാന്‍ നോക്കും. 15 കര്‍ത്താവുപറഞ്ഞു: ഒരിക്കലുമില്ല. കായേനെ കൊല്ലുന്നവന്റെ മേല്‍ ഏഴിരട്ടിയായി ഞാന്‍ പ്രതികാരംചെയ്യും. ആരും കായേനെ കൊല്ലാതിരിക്കാന്‍ കര്‍ത്താവ് അവന്റെ മേല്‍ ഒരടയാളം പതിച്ചു. 16 കായേന്‍ കര്‍ത്താവിന്റെ സന്നിധിവിട്ട് ഏദനു കിഴക്കു നോദുദേശത്ത് വാസമുറപ്പിച്ചു.  


കായേന്റെ സന്താനപരമ്പര
17 കായേന്‍ തന്റെ ഭാര്യയുമായി ചേര്‍ന്നു. അവള്‍ ഗര്‍ഭം ധരിച്ച് ഹെനോക്കിനെ പ്രസവിച്ചു. കായേന്‍ ഒരു നഗരം പണിതു. തന്റെ പുത്രനായ ഹെനോക്കിന്റെ പേര് അതിനു നല്‍കി. 18 ഹെനോക്കിന് ഈരാദും, ഈരാ ദിന്‌മെഹുയായേലും ജനിച്ചു. മെഹുയായേ ലിന് മെഥൂശായേലും, മെഥൂശായേലിനു ലാമെക്കും ജനിച്ചു.19 ലാമെക്കിനു രണ്ടു ഭാര്യമാരുണ്ടായിരുന്നു- ആദായും സില്ലായും. 20 ആദായുടെ മകനായിരുന്നുയാബാല്‍.   കൂടാരവാസികളുടെയും അജപാലകരുടെയും പിതാവായിരുന്നു അവന്‍. 21 അവന്റെ സഹോദരന്റെ പേര്‌യൂബാല്‍.   കിന്നരവുംവേണുവും വായിക്കുന്നവരുടെ പിതാവായിരുന്നു അവന്‍. 22 സില്ലായ്ക്കും ഒരു പുത്രനുണ്ടായി. തൂബല്‍കയീന്‍. ചെമ്പുപണിക്കാരുടെയും ഇരുമ്പുപണിക്കാരുടെയും പിതാവായിരുന്നു അവന്‍ . തൂബല്‍കയീന് നാമാ എന്നൊരു സഹോദരിയുണ്ടായിരുന്നു. 23 ലാമെക്ക് തന്റെ ഭാര്യമാരോടു പറഞ്ഞു: ആദായേ, സില്ലായേ, ഞാന്‍ പറയുന്നതു കേള്‍ക്കുവിന്‍. ലാമെക്കിന്റെ ഭാര്യമാരേ, എനിക്കുചെവി തരുവിന്‍. എന്നെ മുറിപ്പെടുത്തിയ ഒരുവനെയും എന്നെ അടിച്ച ഒരുചെറുപ്പക്കാരനെയും ഞാന്‍ കൊന്നുകളഞ്ഞു. 24 കായേന്റെ പ്രതികാരം ഏഴിരട്ടിയെങ്കില്‍ ലാമെക്കിന്‍േറ ത് എഴുപത്തേഴിരട്ടിയായിരിക്കും. 25 ആദം വീണ്ടും തന്റെ ഭാര്യയോടുചേര്‍ന്നു. അവള്‍ ഒരു പുത്രനെ പ്രസവിച്ചു. സേത്ത് എന്ന് അവനു പേരിട്ടു.   കാരണം, കായേന്‍ കൊന്ന ആബേലിനു പകരം എനിക്കു ദൈവം തന്നതാണ് അവന്‍ എന്ന് അവള്‍ പറഞ്ഞു. 26 സേത്തിനും ഒരു പുത്രന്‍ ജനിച്ചു. സേത്ത് അവനെ എനോഷ് എന്നു വിളിച്ചു. അക്കാലത്ത് മനുഷ്യര്‍ കര്‍ത്താവിന്റെ നാമം വിളിച്ചപേക്ഷിക്കാന്‍ തുടങ്ങി.  


അദ്ധ്യായം 5 - ആദം മുതല്‍ നോഹവരെ
1 ആദത്തിന്റെ വംശാവലിഗ്രന്ഥമാണിത്. ദൈവം മനുഷ്യനെ തന്റെ സാദൃശ്യത്തില്‍ സൃഷ്ടിച്ചു. 2 സ്ത്രീയും പുരുഷനുമായി അവരെ സൃഷ്ടിച്ചു. അവിടുന്ന് അവരെ അനുഗ്രഹിക്കുകയും മനുഷ്യന്‍ എന്നു വിളിക്കുകയുംചെയ്തു. 3 ആദത്തിനു നൂറ്റിമുപ്പതു വയസ്സായപ്പോള്‍ അവന്റെ സാദൃശ്യത്തിലും ഛായയിലും ഒരു പുത്രന്‍ ജനിച്ചു. ആദം അവന് സേത്ത് എന്നു പേരിട്ടു. 4 സേത്തിന്റെ ജനനത്തിനുശേഷം ആദം എണ്ണൂറു വര്‍ഷം ജീവിച്ചു. അവനു വേറേയും പുത്രന്‍മാരും പുത്രിമാരും ഉണ്ടായി. 5 ആദത്തിന്റെ ജീവിതകാലം തൊള്ളായിരത്തി മുപ്പതു വര്‍ഷമാണ്.  അതിനുശേഷം അവന്‍ മരിച്ചു. 6 സേത്തിന് നൂറ്റഞ്ചു വയസ്സായപ്പോള്‍ എനോഷ് എന്നൊരു പുത്രനുണ്ടായി. 7 എനോഷിന്റെ ജനനത്തിനുശേഷം സേത്ത് എണ്ണൂറ്റിയേഴു വര്‍ഷം ജീവിച്ചു.   അവനു വേറേയും പുത്രന്‍മാരും പുത്രിമാരും ഉണ്ടായി. 8 സേത്തിന്റെ ജീവിതകാലം തൊള്ളായിരത്തിപ്പന്ത്രണ്ടു വര്‍ഷമാണ്. അവനും മരിച്ചു. 9 എനോഷിനു തൊണ്ണൂറു വയസ്സായപ്പോള്‍കെയ്‌നാന്‍ എന്ന പുത്രനുണ്ടായി. 10 കെയ്‌നാന്റെ ജനനത്തിനുശേഷം എനോഷ് എണ്ണൂറ്റിപ്പതിനഞ്ചു വര്‍ഷം ജീവിച്ചു. അവനു വേറേയും പുത്രന്‍മാരും പുത്രിമാരും ഉണ്ടായി. 11 എനോഷിന്റെ ജീവിതകാലം തൊള്ളായിരത്തിയഞ്ചു വര്‍ഷമാണ്. അവനും മരിച്ചു. 12 കെയ്‌നാന് എഴുപതു വയസ്സായപ്പോള്‍ മഹലലേല്‍ എന്നൊരു മകനുണ്ടായി. 13 മഹലലേലിന്റെ ജനനത്തിനുശേഷംകെയ്‌നാന്‍ എണ്ണൂറ്റിനാല്‍പതു വര്‍ഷം ജീവിച്ചു. അവനു വേറേയും പുത്രന്‍മാരും പുത്രിമാരും ഉണ്ടായി. 14 കെയ്‌നാന്റെ ജീവിത കാലം തൊള്ളായിരത്തിപ്പത്തു വര്‍ഷമായിരുന്നു. അവനും മരിച്ചു. 15 മഹലലേലിന് അറുപത്തഞ്ചു വയസ്സായപ്പോള്‍യാരെദ് എന്ന മകനുണ്ടായി. 16 യാരെദിന്റെ ജനനത്തിനുശേഷം മഹലലേല്‍ എണ്ണൂറ്റിമുപ്പതു വര്‍ഷം ജീവിച്ചു. അവനു വേറേയും പുത്രന്‍മാരും പുത്രിമാരും ഉണ്ടായി. 17 മഹലലേലിന്റെ ജീവിതകാലം എണ്ണൂറ്റിത്തൊണ്ണൂറ്റഞ്ചു വര്‍ഷമായിരുന്നു. അവനും മരിച്ചു. 18 യാരെദിനു നൂറ്റിയറുപത്തിരണ്ടു വയസ്സായപ്പോള്‍ ഹെനോക്ക് എന്ന പുത്രനുണ്ടായി. 19 ഹെനോക്കിന്റെ ജനനത്തിനുശേഷംയാരെദ് എണ്ണൂറു വര്‍ഷം ജീവിച്ചു.  അവനു വേറേയും പുത്രന്‍മാരും പുത്രിമാരും ഉണ്ടായി. 20 യാരെദിന്റെ ജീവിതകാലം തൊള്ളായിരത്തിയറുപത്തിരണ്ടു വര്‍ഷമായിരുന്നു.  അവനും മരിച്ചു. 21 ഹെനോക്കിന് അറുപത്തഞ്ചു വയസ്സായപ്പോള്‍ മെത്തുശെലഹ് എന്ന മകനുണ്ടായി. 22 മെത്തുശെലഹിന്റെ ജനനത്തിനുശേഷം ഹെനോക്ക് മുന്നൂറു വര്‍ഷംകൂടി ദൈവത്തിനു പ്രിയപ്പെട്ടവനായി ജീവിച്ചു; അവനു വേറേയും പുത്രന്‍മാരും പുത്രിമാരും ഉണ്ടായി. 23 ഹെനോക്കിന്റെ ജീവിതകാലം മുന്നൂറ്റിയറുപത്തഞ്ചു വര്‍ഷമായിരുന്നു. 24 ഹെനോക്ക് ദൈവത്തിനു പ്രിയങ്കരനായി ജീവിച്ചു. പിന്നെ അവനെ കണ്ടിട്ടില്ല; ദൈവം അവനെ എടുത്തു. 25 നൂറ്റിയെണ്‍പത്തേഴു വയസ്സായപ്പോള്‍മെത്തുശെലഹ് ലാമെക്കിന്റെ പിതാവായി. 26 ലാമെക്കിന്റെ ജനനത്തിനുശേഷം മെത്തുശെലഹ് എഴുനൂറ്റിയെണ്‍പത്തിരണ്ടു വര്‍ഷം ജീവിച്ചു. അവനു വേറേയും പുത്രന്‍മാരും പുത്രിമാരും ഉണ്ടായി. 27 മെത്തുശെലഹിന്റെ ജീവിതകാലം തൊള്ളായിരത്തറുപത്തൊ മ്പതു വര്‍ഷമായിരുന്നു. അവനും മരിച്ചു. 28 ലാമെക്കിനു നൂറ്റിയെണ്‍പത്തിരണ്ടു വയ സ്സായപ്പോള്‍ ഒരു പുത്രനുണ്ടായി. 29 കര്‍ത്താവു ശപിച്ച ഈ ഭൂമിയിലെ ക്ലേശകരമായ അധ്വാനത്തില്‍ അവന്‍ നമുക്ക് ആശ്വാസംനേടിത്തരും എന്നു പറഞ്ഞ് അവനെ നോഹ എന്നു വിളിച്ചു. 30 നോഹയുടെ ജനനത്തിനുശേഷം ലാമെക്ക് അഞ്ഞൂറ്റിത്തൊണ്ണൂറ്റഞ്ചു വര്‍ഷം ജീവിച്ചു. അവനു വേറെയും പുത്രന്‍മാരും പുത്രിമാരും ഉണ്ടായി. 31 ലാമെക്കിന്റെ ജീവിതകാലം എഴുനൂറ്റിയെഴുപത്തേഴു വര്‍ഷമായിരുന്നു. അവനും മരിച്ചു. 32 നോഹയ്ക്ക് അഞ്ഞൂറു വയസ്സായതിനുശേഷം ഷേം, ഹാം, യാഫെത്ത് എന്നീ പുത്രന്‍മാരുണ്ടായി.   

അദ്ധ്യായം 6 - തിന്‍മ വര്‍ധിക്കുന്നു
1 മനുഷ്യര്‍ ഭൂമിയില്‍ പെരുകാന്‍ തുടങ്ങുകയും അവര്‍ക്കു പുത്രിമാര്‍ ജനിക്കുകയും ചെയ്തപ്പോള്‍ മനുഷ്യപുത്രിമാര്‍ അഴകുള്ളവരാണ് എന്നു കണ്ട് ദൈവപുത്രന്‍ മാര്‍ തങ്ങള്‍ക്ക് ഇഷ്ടപ്പെട്ടവരെയെല്ലാം ഭാര്യമാരായി സ്വീകരിച്ചു. 3 അപ്പോള്‍ ദൈവമായ കര്‍ത്താവു പറഞ്ഞു: എന്റെ ചൈതന്യം മനുഷ്യനില്‍ എന്നേക്കും നിലനില്‍ക്കുകയില്ല. അവന്‍ ജഡമാണ്.  അവന്റെ ആയുസ്സ് നൂറ്റിയിരുപതു വര്‍ഷമായിരിക്കും. 4 ദൈവപുത്രന്‍ മാര്‍ മനുഷ്യപുത്രിമാരുമായി ചേരുകയും അവര്‍ക്കു മക്കളുണ്ടാവുകയും ചെയ്തിരുന്ന അക്കാലത്തും പിന്നീടും ഭൂമിയില്‍ അ തികായന്‍മാര്‍ ഉണ്ടായിരുന്നു. അവരാണ് പുരാതനകാലത്തെ പ്രസിദ്ധിയാര്‍ജിച്ച പ്രബലന്‍മാര്‍. 5 ഭൂമിയില്‍ മനുഷ്യന്റെ ദുഷ്ടത വര്‍ധിച്ചിരിക്കുന്നെന്നും അവന്റെ ഹൃദയത്തിലെ ചിന്തയും ഭാവനയും എപ്പോഴും ദുഷിച്ചതു മാത്രമാണെന്നും കര്‍ത്താവു കണ്ടു. 6 ഭൂമുഖത്തു മനുഷ്യനെ സൃഷ്ടിച്ചതില്‍ കര്‍ത്താവു പരിതപിച്ചു. അത് അവിടുത്തെ ഹൃദയത്തെ വേദനിപ്പിച്ചു. 7 കര്‍ത്താവ് അരുളിച്ചെയ്തു: എന്റെ സൃഷ്ടിയായ മനുഷ്യനെ ഭൂമുഖത്തുനിന്നു ഞാന്‍ തുടച്ചുമാറ്റും. മനുഷ്യനെയും മൃഗങ്ങളെയും ഇഴജന്തുക്കളെയും ആകാശത്തിലെ പറവകളെയും ഞാന്‍ നാമാവശേഷമാക്കും. അവയെ സൃഷ്ടിച്ചതില്‍ ഞാന്‍ ദുഃഖിക്കുന്നു. 8 എന്നാല്‍, നോഹ കര്‍ത്താവിന്റെ പ്രീതിക്കു പാത്രമായി. 9 ഇതാണ് നോഹയുടെ വംശാവലി: നോ ഹ നീതിമാനായിരുന്നു. ആ തലമുറയിലെ കറയറ്റ മനുഷ്യന്‍.  അവന്‍ ദൈവത്തിന്റെ മാര്‍ഗത്തില്‍ നടന്നു. 10 നോഹയ്ക്കു മൂന്നു പുത്രന്‍മാരുണ്ടായി: ഷേം, ഹാം, യാഫെത്ത്. 11 ദൈവത്തിന്റെ ദൃഷ്ടിയില്‍ ഭൂമിയാകെ ദുഷിച്ചതായിത്തീര്‍ന്നു. എങ്ങും അക്രമം നടമാടി. 12 ഭൂമി ദുഷിച്ചുപോയെന്നു ദൈവം കണ്ടു. ലോകത്തില്‍ മനുഷ്യരെല്ലാം ദുര്‍മാര്‍ഗികളായി. 


നോഹയുടെ പെട്ടകം
13 ദൈവം നോഹയോട് അരുളിച്ചെയ്തു: ജീവജാലങ്ങളെയെല്ലാം നശിപ്പിക്കാന്‍ ഞാന്‍ നിശ്ചയിച്ചിരിക്കുന്നു.  അവര്‍മൂലം ലോകം അധര്‍മംകൊണ്ടു നിറഞ്ഞിരിക്കുന്നു.  ഭൂമിയോടുകൂടി അവരെ ഞാന്‍ നശിപ്പിക്കും. 14 ഗോഫെര്‍മരംകൊണ്ടു നീയൊരു പെട്ടക മുണ്ടാക്കുക. അതില്‍ മുറികള്‍ തിരിക്കുക.  അതിന്റെ അകത്തും പുറത്തും കീലു തേയ്ക്കണം. 15 ഇങ്ങനെയാണ് അതുണ്ടാക്കേണ്ടത്: മുന്നൂറുമുഴം നീളം, അമ്പതു മുഴം വീതി, മുപ്പതു മുഴം ഉയരം. 16 മേല്‍ക്കൂരയില്‍നിന്ന് ഒരു മുഴം താഴെ പെട്ടകത്തിനൊരു ജനലും വശത്തൊരു വാതിലും വയ്ക്കണം. താഴേയും മേലേയും നടുവിലുമായി മൂന്നു തട്ടായി വേണം പെട്ടകം ഉണ്ടാക്കാന്‍. 17 ഭൂതലത്തിലെല്ലാം ഞാനൊരു ജലപ്രളയം വരുത്താന്‍ പോകുന്നു.  ആകാശത്തിനു കീഴേ ജീവശ്വാസമുള്ള എല്ലാ ജഡവും ഞാന്‍ നശിപ്പിക്കും.  ഭൂമുഖത്തുള്ളതെല്ലാം നശിക്കും. 18 എന്നാല്‍ നീയുമായി ഞാനെന്റെ ഉടമ്പടി ഉറപ്പിക്കും. നീ പെട്ടകത്തില്‍ കയറണം; നിന്റെ കൂടെ നിന്റെ ഭാര്യയും പുത്രന്‍മാരും അവരുടെ ഭാര്യമാരും. 19 എല്ലാ ജീവജാലങ്ങളിലുംനിന്ന് ആണും പെണ്ണുമായി ഈരണ്ടെണ്ണത്തെയും നീ പെട്ടകത്തില്‍ കയറ്റി സൂക്ഷിക്കണം. 20 എല്ലായിനം പക്ഷികളും മൃഗങ്ങളും ഇഴജന്തുക്കളും സംരക്ഷിക്കപ്പെടേണ്ടതിന് ഈരണ്ടെണ്ണം നിന്റെ കൂടെ വരട്ടെ. 21 നിനക്കും അവയ്ക്കും ആഹാരത്തിനു വേണ്ടി എല്ലാത്തരം ഭക്ഷണവും ശേഖരിച്ചുവയ്ക്കണം. 22 ദൈവം കല്‍പിച്ചതുപോലെ തന്നെ നോഹ പ്രവര്‍ത്തിച്ചു. 


അദ്ധ്യായം 7 - ജലപ്രളയം
1 കര്‍ത്താവ് നോഹയോട് അരുളിച്ചെയ്തു:നീയും കുടുംബവും പെട്ടകത്തില്‍ പ്രവേശിക്കുക. ഈ തലമുറയില്‍ നിന്നെ ഞാന്‍ നീതിമാനായി കണ്ടിരിക്കുന്നു. 2 ഭൂമുഖത്ത് അവയുടെ വംശം നിലനിര്‍ത്താന്‍വേണ്ടി ശുദ്ധിയുള്ള സര്‍വ മൃഗങ്ങളിലുംനിന്ന് ആണും പെണ്ണുമായി ഏഴു ജോഡിയും ശുദ്ധിയില്ലാത്ത മൃഗങ്ങളില്‍നിന്ന് ആണുംപെണ്ണുമായി ഒരു ജോഡിയും 3 ആകാശത്തിലെ പറവ കളില്‍നിന്ന് പൂവനും പിടയുമായി ഏഴു ജോഡിയും കൂടെ കൊണ്ടുപോവുക. 4 ഏഴു ദിവസവുംകൂടി കഴിഞ്ഞാല്‍ നാല്‍പതു രാവും നാല്‍പതു പകലും ഭൂമുഖത്തെല്ലാം ഞാന്‍ മഴപെയ്യിക്കും; ഞാന്‍ സൃഷ്ടിച്ച സകല ജീവജാലങ്ങളെയും ഭൂതലത്തില്‍നിന്നു തുടച്ചു മാറ്റും. 5 കര്‍ത്താവു കല്‍പിച്ചതെല്ലാം നോഹ ചെയ്തു. 6 നോഹയ്ക്ക് അറുനൂറു വയസ്സുള്ളപ്പോഴാണ് ഭൂമുഖത്തുവെള്ളപ്പൊക്കമുണ്ടായത്. 7 വെള്ളപ്പൊക്കത്തില്‍നിന്നു രക്ഷപെടാന്‍നോഹയും ഭാര്യയും പുത്രന്‍മാരും അവരുടെ ഭാര്യമാരും പെട്ടകത്തില്‍ കയറി. 8 ദൈവം കല്‍പിച്ചതുപോലെ ശുദ്ധിയുള്ളവയും9 അല്ലാത്തവയുമായ മൃഗങ്ങളും പക്ഷികളും ഇഴജന്തുക്കളും, ആണും പെണ്ണുമായി ഈ രണ്ടുവീതം, നോഹയോടുകൂടെ പെട്ടകത്തില്‍ കയറി. 10 ഏഴു ദിവസം കഴിഞ്ഞപ്പോള്‍ ഭൂമിയില്‍ വെള്ളം പൊങ്ങിത്തുടങ്ങി. 11 നോഹയുടെ ജീവിതത്തിന്റെ അറുനൂറാം വര്‍ഷം രണ്ടാം മാസം പതിനേഴാം ദിവസം അഗാധങ്ങളിലെ ഉറവകള്‍ പൊട്ടിയൊഴുകി, ആകാശത്തിന്റെ ജാലകങ്ങള്‍ തുറന്നു. 12 നാല്‍പതു രാവും നാല്‍പതു പകലും മഴ പെയ്തുകൊണ്ടിരുന്നു. 13 അന്നുതന്നെ നോഹയും ഭാര്യയും അവന്റെ പുത്രന്മാരായ ഷേം, ഹാം, യാഫെത്ത് എന്നിവരും അവരുടെ ഭാര്യമാരും പെട്ടകത്തില്‍ കയറി. 14 അവരോടൊത്ത് എല്ലായിനം വന്യമൃഗങ്ങളും കന്നുകാലികളും ഇഴജന്തുക്കളും പക്ഷികളും പെട്ടകത്തില്‍ കടന്നു. 15 ജീവനുള്ള സകല ജഡത്തിലുംനിന്ന് ഈരണ്ടുവീതം നോഹയോടുകൂടിപെട്ടകത്തില്‍ കടന്നു. 16 സകല ജീവജാലങ്ങളും, നോഹയോടു ദൈവം കല്‍പിച്ചിരുന്നതുപോലെ, ആണും പെണ്ണുമായാണ് അകത്തു കടന്നത്.  കര്‍ത്താവു നോഹയെപെട്ടകത്തിലടച്ചു. 17 വെള്ളപ്പൊക്കം നാല്‍പതുനാള്‍ തുടര്‍ന്നു. ജലനിരപ്പ് ഉയര്‍ന്നു; പെട്ടകം പൊങ്ങി ഭൂമിക്കു മുകളിലായി. 18 ഭൂമിയില്‍ ജലം വര്‍ധിച്ചുകൊണ്ടേയിരുന്നു. പെട്ടകം വെള്ളത്തിനു മീതേയൊഴുകി. 19 ജലനിരപ്പ് വളരെ ഉയര്‍ന്നു; ആകാശത്തിന്‍കീഴേ തലയുയര്‍ത്തിനിന്ന സകല പര്‍വതങ്ങളും വെള്ളത്തിനടിയിലായി. 20 പര്‍വതങ്ങള്‍ക്കു മുകളില്‍ പതിനഞ്ചു മുഴം വരെ വെള്ളമുയര്‍ന്നു. 21 ഭൂമുഖത്തുചരിക്കുന്ന എല്ലാ ജീവജാലങ്ങളും - പക്ഷികളും കന്നുകാലികളും കാട്ടുമൃഗങ്ങളും ഇഴജന്തുക്കളും മനുഷ്യരും - ചത്തൊടുങ്ങി. 22 കരയില്‍ വസിച്ചിരുന്ന പ്രാണനുള്ളവയെല്ലാം ചത്തു. 23 ഭൂമുഖത്തുനിന്നു ജീവനുള്ളവയെയെല്ലാം - മനുഷ്യനെയും മൃഗങ്ങളെയും ഇഴജന്തുക്കളെയും ആകാശത്തിലെ പക്ഷികളെയും - അവിടുന്നു തുടച്ചുമാറ്റി.  നോഹയും അവനോടൊപ്പം പെട്ടകത്തിലുണ്ടായിരുന്നവരും മാത്രം അവശേഷിച്ചു. 24 വെള്ളപ്പൊക്കം നൂറ്റമ്പതു ദിവസം നീണ്ടുനിന്നു. 


അദ്ധ്യായം 8 - ജലപ്രളയത്തിന്റെ അന്ത്യം
1 നോഹയെയും പെട്ടകത്തിലുണ്ടായിരുന്ന എല്ലാ ജീവജാലങ്ങളെയും കന്നുകാലികളെയും ദൈവം ഓര്‍ത്തു. 2 അവിടുന്നു ഭൂമിയില്‍ കാറ്റു വീശി; വെള്ളം ഇറങ്ങി.  അഗാധങ്ങളിലെ ഉറവകള്‍ നിലച്ചു; ആകാശത്തിന്റെ ജാലകങ്ങള്‍ അടഞ്ഞു; മഴ നിലയ്ക്കുകയുംചെയ്തു. 3 ജലം പിന്‍വാങ്ങിക്കൊണ്ടിരുന്നു.  നൂറ്റമ്പതു ദിവസം കഴിഞ്ഞപ്പോള്‍ വെള്ളം വളരെ കുറഞ്ഞു. 4 ഏഴാം മാസം പതിനേഴാം ദിവസം പെട്ടകം അറാറാത്തു പര്‍വതത്തില്‍ ഉറച്ചു. 5 പത്തുമാസത്തേക്കു വെള്ളം കുറഞ്ഞുകൊണ്ടേയിരുന്നു. പത്താം മാസം ഒന്നാം ദിവസം പര്‍വ്വതശിഖരങ്ങള്‍ കാണാറായി. 6 നാല്‍പതു ദിവസം കഴിഞ്ഞപ്പോള്‍ നോഹപെട്ടകത്തില്‍ താനുണ്ടാക്കിയിരുന്ന കിളിവാതില്‍ തുറന്ന്,7 ഒരു മലങ്കാക്കയെ പുറത്തു വിട്ടു. വെള്ളം വറ്റുവോളം അത് അങ്ങുമിങ്ങും പറന്നു നടന്നു. 8 ഭൂമിയില്‍നിന്ന് വെള്ളമിറങ്ങിയോ എന്നറിയാന്‍ അവന്‍ ഒരു പ്രാവിനെയും വിട്ടു. 9 കാലുകുത്താന്‍ ഇടം കാണാതെ പ്രാവു പെട്ടകത്തിലേക്കുതന്നെതിരിച്ചുവന്നു. ഭൂമുഖത്തെല്ലാം അപ്പോഴും വെള്ളമുണ്ടായിരുന്നു. അവന്‍ കൈനീട്ടി പ്രാവിനെ പിടിച്ചുപെട്ടകത്തിലാക്കി. 10 ഏഴുദിവസംകൂടി കാത്തിട്ട് വീണ്ടും അവന്‍ പ്രാവിനെ പെട്ടകത്തിനു പുറത്തു വിട്ടു. 11 വൈകുന്നേരമായപ്പോള്‍ പ്രാവു തിരിച്ചുവന്നു. കൊത്തിയെടുത്ത ഒരു ഒലിവില അതിന്റെ ചുണ്ടിലുണ്ടായിരുന്നു. വെള്ളമിറങ്ങിയെന്നു നോഹയ്ക്കു മനസ്സിലായി. 12 ഏഴുനാള്‍കൂടി കഴിഞ്ഞ് അവന്‍ വീണ്ടും പ്രാവിനെ പുറത്തു വിട്ടു. 13 അതു പിന്നെതിരിച്ചുവന്നില്ല.  നോഹയുടെ ജീവിതത്തിന്റെ അറുനൂറ്റിയൊന്നാം വര്‍ഷം ഒന്നാം മാസം ഒന്നാം ദിവസം ഭൂമുഖത്തെ വെള്ളം വറ്റിത്തീര്‍ന്നു. നോഹ പെട്ടകത്തിന്റെ മേല്‍ക്കൂര പൊക്കി നോക്കി. ഭൂതലമെല്ലാം ഉണങ്ങിയിരുന്നു. 14 രണ്ടാം മാസം ഇരുപത്തേഴാം ദിവസം ഭൂമി തീര്‍ത്തും ഉണങ്ങി. 15 ദൈവം നോഹയോടു പറഞ്ഞു :16 ഭാര്യ, പുത്രന്‍മാര്‍, അവരുടെ ഭാര്യമാര്‍ എന്നിവരോടുകൂടി പെട്ടകത്തില്‍നിന്നു പുറത്തിറങ്ങുക. 17 പെട്ടകത്തിലുള്ള പക്ഷികളെയും മൃഗങ്ങളെയും ഇഴജന്തുക്കളെയും എല്ലാം പുറത്തു കൊണ്ടുവരുക. സമൃദ്ധമായി പെരുകി, അവ ഭൂമിയില്‍ നിറയട്ടെ. 18 ഭാര്യയും പുത്രന്‍മാരും അവരുടെ ഭാര്യമാരുമൊത്ത്‌നോഹ പെട്ടകത്തില്‍നിന്നു പുറത്തു വന്നു. 19 മൃഗങ്ങളും ഇഴജന്തുക്കളും പക്ഷികളും, ഭൂമുഖത്തു ചലിക്കുന്നവയൊക്കെയും, ഇനം തിരിഞ്ഞു പുറത്തേക്കു പോയി. 


നോഹ ബലിയര്‍പ്പിക്കുന്നു
20 നോഹ കര്‍ത്താവിന് ഒരു ബലിപീഠം നിര്‍മിച്ചു.  ശുദ്ധിയുള്ള എല്ലാ മൃഗങ്ങളിലും പക്ഷികളിലുംനിന്ന് അവന്‍ അവിടുത്തേക്ക് ഒരു ദഹനബലിയര്‍പ്പിച്ചു. 21 ആ ഹൃദ്യമായ ഗന്ധം ആസ്വദിച്ചപ്പോള്‍ കര്‍ത്താവു പ്രസാദിച്ചരുളി: മനുഷ്യന്‍ കാരണം ഭൂമിയെ ഇനിയൊരിക്കലും ഞാന്‍ ശപിക്കുകയില്ല. എന്തെന്നാല്‍ തുടക്കംമുതലേ അവന്റെ അന്തരംഗം തിന്‍മയിലേക്കു ചാഞ്ഞിരിക്കയാണ്. ഇപ്പോള്‍ ചെയ്തതുപോലെ ജീവജാലങ്ങളെയെല്ലാം ഇനിയൊരിക്കലും ഞാന്‍ നശിപ്പിക്കുകയില്ല. 22 ഭൂമിയുള്ളിടത്തോളം കാലം വിതയും കൊയ്ത്തും, ചൂടും തണുപ്പും, വേനലും വര്‍ഷവും, രാവും പകലും നിലയ്ക്കുകയില്ല. 


അദ്ധ്യായം 9 - നോഹയുമായി ഉടമ്പടി
1 നോഹയെയും പുത്രന്‍മാരെയും അനുഗ്രഹിച്ചുകൊണ്ടു ദൈവം പറഞ്ഞു: സന്താന പുഷ്ടിയുണ്ടായി, പെരുകി, ഭൂമിയില്‍ നിറയുവിന്‍. 2 സകല ജീവികള്‍ക്കും - ഭൂമിയിലെ മൃഗങ്ങള്‍ക്കും ആകാശത്തിലെ പക്ഷികള്‍ക്കും മണ്ണിലെ ഇഴജന്തുക്കള്‍ക്കും വെള്ളത്തിലെ മത്‌സ്യങ്ങള്‍ക്കും - നിങ്ങളെ ഭയമായിരിക്കും. അവയെല്ലാം ഞാന്‍ നിങ്ങളെ ഏല്‍പിച്ചിരിക്കുന്നു. 3 ചരിക്കുന്ന ജീവികളെല്ലാം നിങ്ങള്‍ക്ക് ആഹാരമായിത്തീരും. ഹരിതസസ്യങ്ങള്‍ നല്‍കിയതുപോലെ ഇവയും നിങ്ങള്‍ക്കു ഞാന്‍ തരുന്നു. 4 എന്നാല്‍ ജീവനോടുകൂടിയ, അതായത്, രക്തത്തോടുകൂടിയ മാംസം ഭക്ഷിക്കരുത്. 5 ജീവരക്തത്തിനു മനുഷ്യനോടും മൃഗത്തോടും ഞാന്‍ കണക്കുചോദിക്കും. ഓരോരുത്തനോടും സഹോദരന്റെ ജീവനു ഞാന്‍ കണക്കു ചോദിക്കും. 6 മനുഷ്യരക്തം ചൊരിയുന്നവന്റെ രക്തം മനുഷ്യന്‍തന്നെ ചൊരിയും; കാരണം, എന്റെ ഛായയിലാണു ഞാന്‍ മനുഷ്യനെ സൃഷ്ടിച്ചത്. 7 സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയില്‍ നിറയുവിന്‍. 8 നോഹയോടും പുത്രന്‍മാരോടും ദൈവം വീണ്ടും അരുളിച്ചെയ്തു :9 നിങ്ങളോടും നിങ്ങളുടെ സന്തതികളോടും ഞാനിതാ ഒരു ഉടമ്പടി ചെയ്യുന്നു. 10 അതോടൊപ്പം നിന്റെ കൂടെ പെട്ടകത്തില്‍നിന്നു പുറത്തുവന്ന ജീവനുള്ള സകലതിനോടും - പക്ഷികള്‍, കന്നുകാലികള്‍, കാട്ടുജന്തുക്കള്‍ എന്നിവയോടും -11 നിങ്ങളുമായുള്ള എന്റെ ഉടമ്പടി ഞാന്‍ ഉറപ്പിക്കുന്നു.  ഇനിയൊരിക്കലും വെള്ളപ്പൊക്കം കൊണ്ട് ജീവജാലങ്ങളെല്ലാം നശിക്കാന്‍ ഇടവരുകയില്ല.  ഭൂമിയെ നശിപ്പിക്കാന്‍ ഇനിയൊരു വെള്ളപ്പൊക്കമുണ്ടാവില്ല. 12 ദൈവം തുടര്‍ന്നരുളിച്ചെയ്തു: എല്ലാ തലമുറകള്‍ക്കും വേണ്ടി നിങ്ങളും സകല ജീവജാലങ്ങളുമായി ഞാന്‍ സ്ഥാപിക്കുന്ന എന്റെ ഉടമ്പടിയുടെ അടയാളം ഇതാണ് :13 ഭൂമിയുമായുള്ള ഉടമ്പടിയുടെ അടയാളമായി മേഘങ്ങളില്‍ എന്റെ വില്ലു ഞാന്‍ സ്ഥാപിക്കുന്നു. 14 ഞാന്‍ ഭൂമിക്കുമേലേ മേഘത്തെ അയയ്ക്കുമ്പോള്‍ അതില്‍ മഴവില്ലു പ്രത്യക്ഷപ്പെടും. 15 നിങ്ങളും സര്‍വജീവജാലങ്ങളുമായുള്ള എന്റെ ഉടമ്പടി ഞാനോര്‍ക്കും. സര്‍വജീവനെയും നശിപ്പിക്കാന്‍ പോരുന്ന ഒരു ജലപ്രളയം ഇനിയൊരിക്കലും ഉണ്ടാകയില്ല. 16 മേഘങ്ങളില്‍ മഴവില്ലു തെളിയുമ്പോള്‍ ഭൂമുഖത്തുള്ള എല്ലാ ജീവജാലങ്ങളുമായി ചെയ്ത എന്നേക്കുമുള്ള ഉടമ്പടി ഞാനോര്‍ക്കും.  ദൈവം നോഹയോട് അരുളിച്ചെയ്തു :17 ഭൂമുഖത്തുള്ള സകല ജീവികളുമായി ഞാന്‍ സ്ഥാപിക്കുന്ന ഉടമ്പടിയുടെ അടയാളം ഇതായിരിക്കും. 


നോഹയുടെ പുത്രന്‍മാര്‍
18 പെട്ടകത്തില്‍നിന്നു പുറത്തിറങ്ങിയനോഹയുടെ പുത്രന്‍മാര്‍ ഷേം, ഹാം, യാഫെത്ത് എന്നിവരായിരുന്നു.  ഹാമായിരുന്നു കാനാന്റെ പിതാവ്. 19 ഇവരാകുന്നു നോഹയുടെ മൂന്നു പുത്രന്‍മാര്‍.  ഇവര്‍ വഴിയാണു ഭൂമി ജനങ്ങളെക്കൊണ്ടു നിറഞ്ഞത്. 20 നോഹ ഭൂമിയില്‍ കൃഷിചെയ്യാന്‍ തുടങ്ങി. അവനൊരു മുന്തിരിത്തോട്ടം വച്ചുപിടിപ്പിച്ചു. 21 വീഞ്ഞു കുടിച്ചു മത്തനായി നോഹ കൂടാരത്തില്‍ നഗ്‌നനായി കിടന്നു. 22 കാനാന്റെ പിതാവായ ഹാം തന്റെ പിതാവിനെ നഗ്‌ന നായി കാണുകയും അക്കാര്യം പുറത്തുണ്ടായിരുന്നതന്റെ രണ്ടു സഹോദരന്‍മാരോടും പറയുകയും ചെയ്തു. 23 ഷേമുംയാഫെത്തും ഒരു തുണിയെടുത്ത് തങ്ങളുടെ തോളിലിട്ട്, പുറകോട്ടു നടന്നുചെന്ന് പിതാവിന്റെ നഗ്‌നത മറച്ചു. അവര്‍ മുഖം തിരിച്ചുപിടിച്ചിരുന്നതുകൊണ്ട് പിതാവിന്റെ നഗ്‌നത കണ്ടില്ല. 24 ലഹരി വിട്ടുണര്‍ന്ന നോഹ തന്റെ ഇളയ മകന്‍ ചെയ്തതെന്തെന്നറിഞ്ഞു. അവന്‍ പറഞ്ഞു: കാനാന്‍ ശപിക്കപ്പെടട്ടെ. 25 അവന്‍ തന്റെ സഹോദരര്‍ക്കു ഹീനമായ ദാസ്യവേല ചെയ്യുന്നവനായിത്തീരും. 26 അവന്‍ തുടര്‍ന്നു പറഞ്ഞു:ഷേമിന്റെ കര്‍ത്താവായ ദൈവം വാഴ്ത്തപ്പെട്ടവനാകട്ടെ. കാനാന്‍ ഷേമിന്റെ ദാസനായിരിക്കട്ടെ. 27 യാഫെത്തിനെ ദൈവം പുഷ്ടിപ്പെടുത്തട്ടെ.  ഷേമിന്റെ കൂടാരങ്ങളില്‍ അവന്‍ പാര്‍ക്കും. കാനാന്‍ അവനും അടിമയായിരിക്കും. 28 വെള്ളപ്പൊക്കത്തിനുശേഷം നോഹ മുന്നൂറ്റമ്പതു വര്‍ഷം ജീവിച്ചു. 29 നോഹയുടെ ജീവിതകാലം തൊള്ളായിരത്തിയമ്പതുകൊല്ലമായിരുന്നു; അവനും മരിച്ചു. 


അദ്ധ്യായം 10 - ജനതകളുടെ ഉദ്ഭവം
1 നോഹയുടെ പുത്രന്‍മാരായ ഷേമിനും ഹാമിനുംയാഫെത്തിനും ജലപ്രളയാനന്തരമുണ്ടായ പുത്രന്‍മാരുടെ പേരുവിവരം. 2 യാഫെത്തിന്റെ പുത്രന്‍മാര്‍: ഗോമര്‍, മാഗോഗ്, മാദായ്, യാവാന്‍, തൂബാല്‍, മെഷെക്, തീരാസ്. 3 ഗോമറിന്റെ പുത്രന്‍മാര്‍: അഷ്‌ക്കെനാസ്, റീഫത്ത്, തോഗര്‍മ്മ. 4 യാവാന്റെ പുത്രന്‍മാര്‍: എലീഷാ, താര്‍ഷീഷ്, കിത്തിം, ദോദാനീം. 5 ഇവരുടെ സന്തതികളാണ് കടലോരത്തും ദ്വീപുകളിലുമുള്ള ജനങ്ങള്‍. അവര്‍ താന്താങ്ങളുടെ ദേശങ്ങളില്‍ വെവ്വേറെ ഭാഷകള്‍ സംസാരിച്ച്, വെവ്വേറെഗോത്രങ്ങളും ജനതകളുമായി പാര്‍ത്തുവരുന്നു. 6 ഹാമിന്റെ പുത്രന്‍മാര്‍: കുഷ്, മീസ്രായിം, ഫുത്ത്, കാനാന്‍ എന്നിവര്‍. 7 കുഷിന്റെ പുത്രന്‍മാര്‍: സേബാ, ഹവിലാ, സബ്ത്താ, റാമാ, സബ്‌ത്തേക്കാ.  റാമായുടെ മക്കളാണ്ടഷബായും, ദദാനും. 8 കുഷിന് നിമ്‌രോദ് എന്നൊരു പുത്രന്‍ ജനിച്ചു.  അവനാണ് ഭൂമിയിലെ ആദ്യത്തെ വീരപുരുഷന്‍. 9 അവന്‍ കര്‍ത്താവിന്റെ മുമ്പില്‍ ഒരു നായാട്ടുവീര നായിരുന്നു. അതുകൊണ്ട്, കര്‍ത്താവിന്റെ മുമ്പില്‍ നിമ്‌രോദിനെപ്പോലെ ഒരു നായാട്ടുവീരന്‍ എന്ന ചൊല്ലുണ്ടായി. 10 ആരംഭത്തില്‍ അവന്റെ രാജ്യം ഷീനാര്‍ ദേശത്തെ ബാബേലും ഏറെക്കും അക്കാദുമടങ്ങിയതായിരുന്നു. 11 അവിടെനിന്ന് അവന്‍ അഷൂറിലേക്ക് കടന്ന് നിനെവേ, റേഹോബോത്ത് പട്ടണം, കാലാ എന്നിവ പണിതു. 12 നിനെവേക്കും കാലായ്ക്കും മധ്യേ റേസന്‍ എന്ന വലിയ നഗരവും അവന്‍ നിര്‍മിച്ചു. 13 മിസ്രായിമിന്റെ മക്കളാണ് ലൂദിം, അനാമിം, ലഹാബിം, നഫ്ത്തുഹിം, 14 പത്രുസിം, കസ്‌ലുഹിം, കഫ്‌ത്തോറിം എന്നിവര്‍.  കസ്‌ലുഹിമില്‍നിന്നാണ് ഫിലിസ്ത്യരുടെ ഉദ്ഭവം. 15 കാനാനു കടിഞ്ഞൂല്‍പുത്രനായി സീദോനും തുടര്‍ന്നു ഹേത്തും ജനിച്ചു. 16 ജബൂസ്യര്‍, അമോര്യര്‍, ഗിര്‍ഗാഷ്യര്‍,17 ഹിവ്യര്‍, അര്‍ക്കീയര്‍, സീന്യര്‍,18 അര്‍വാദീയര്‍, സെമറീയര്‍, ഹമാത്ത്യര്‍ എന്നീ വംശങ്ങളുടെ പൂര്‍വികനായിരുന്നു കാനാന്‍. പില്‍ക്കാലത്ത് കാനാന്‍ കുടുംബങ്ങള്‍ പലയിടത്തേക്കും വ്യാപിച്ചു. 19 കാനാന്‍ വംശജരുടെ നാട് സീദോനില്‍ തുടങ്ങി ഗെരാറിന് നേര്‍ക്ക് ഗാസ വരെയുംസോദോമിനും ഗൊമോറായ്ക്കും അദ്മായ്ക്കും സെബോയിമിനും നേര്‍ക്ക് ലാഷാ വരെയും നീണ്ടുകിടന്നു. 20 ഇതാണ് ഭാഷയും ദേശവും കുലവുമനുസരിച്ചു ഹാമിന്റെ സന്തതിപരമ്പര. 21 യാഫെത്തിന്റെ മൂത്ത സഹോദരനായ ഷേമിനും മക്കളുണ്ടായി. അവന്‍ ഏബറിന്റെ മക്കള്‍ക്കു പൂര്‍വപിതാവാണ്. 22 ഷേമിന്റെ പുത്രന്‍മാര്‍ ഏലാം, അഷൂര്‍, അര്‍പ്പക്ഷാദ്, ലൂദ്, ആരാം എന്നിവരും 23 ആരാമിന്റെ പുത്രന്‍മാര്‍ ഊസ്, ഹൂല്‍, ഗേതെര്‍, മാഷ് എന്നിവരുമായിരുന്നു. 24 അര്‍പ്പക്ഷാദിന് ഷേലാഹും, ഷേലാഹിന് ഏബറും ജനിച്ചു. 25 ഏബറിന് രണ്ടു പുത്രന്‍മാരുണ്ടായി.  ഒരുവന്റെ പേര്‌പേലെഗ്.  കാരണം, അവന്റെ കാലത്താണ് അവര്‍ ഭൂമി വീതിച്ചത്.  അവന്റെ സഹോദരന്റെ പേര്‍ യോക്താന്‍. 26 യോക്താന്റെ പുത്രന്‍മാരായിരുന്നു അല്‍മോദാദ്, ഷേലെഫ്, ഹസര്‍മവെത്ത്, യാറഹ്, 27 ഹദോറാം, ഊസാല്‍, ദിക്‌ലാ, 28 ഓബാല്‍, അബിമായേല്‍, ഷെബാ,29 ഓഫീര്‍, ഹവില, യോബാബ് എന്നിവര്‍. 30 അവര്‍ പാര്‍ത്തിരുന്ന നാട്‌സേഫാറിലെ മേഷാ മുതല്‍ കിഴക്കുള്ള മലമ്പ്രദേശം വരെ നീണ്ടുകിടന്നു. 31 ഇതാണ്, ദേശവും ഭാഷയും കുലവുമനുസരിച്ച് ഷേമിന്റെ സന്തതിപരമ്പര. 32 ദേശവും തലമുറയുമനുസരിച്ച് നോഹയുടെ മക്കളുടെ കുടുംബ ചരിത്രമാണ് ഇത്.  ഇവരില്‍ നിന്നാണ് ജലപ്രളയത്തിനുശേഷം ജനതകള്‍ ഭൂമിയിലാകെ വ്യാപിച്ചത്.  

അദ്ധ്യായം 11 - ബാബേല്‍ ഗോപുരം
1 ഭൂമിയില്‍ ഒരു ഭാഷയും ഒരു സംസാര രീതിയും മാത്രമേ ഉണ്ടായിരുന്നുള്ളു. 2 കിഴക്കുനിന്നു വന്നവര്‍ ഷീനാറില്‍ ഒരു സമതലപ്രദേശം കണ്ടെത്തി, അവിടെ പാര്‍പ്പുറപ്പിച്ചു. 3 നമുക്ക് ഇഷ്ടികയുണ്ടാക്കി ചുട്ടെടുക്കാം എന്ന് അവര്‍ പറഞ്ഞു. അങ്ങനെ കല്ലിനു പകരം ഇഷ്ടികയും കുമ്മായത്തിനു പകരം കളിമണ്ണും അവര്‍ ഉപയോഗിച്ചു. 4 അവര്‍ പരസ്പരം പറഞ്ഞു: നമുക്ക് ഒരു പട്ടണവും ആകാശം മുട്ടുന്ന ഒരു ഗോപുരവും തീര്‍ത്തു പ്രശസ്തി നിലനിര്‍ത്താം.  അല്ലെങ്കില്‍, നാം ഭൂമുഖത്താകെ ചിന്നിച്ചിതറിപ്പോകും. 5 മനുഷ്യര്‍ നിര്‍മിച്ച നഗരവും ഗോപുരവും കാണാന്‍ കര്‍ത്താവ് ഇറങ്ങിവന്നു. 6 അവിടുന്നു പറഞ്ഞു: അവരിപ്പോള്‍ ഒരു ജനതയാണ്; അവര്‍ക്ക് ഒരു ഭാഷയും.  അവര്‍ ചെയ്യാനിരിക്കുന്നതിന്റെ തുടക്കമേ ആയിട്ടുള്ളു.  ചെയ്യാന്‍ ഒരുമ്പെടുന്നതൊന്നും അവര്‍ക്കിനി അസാധ്യമായിരിക്കയില്ല. 7 നമുക്ക് ഇറങ്ങിച്ചെന്ന് അവരുടെ ഭാഷ, പരസ്പരം ഗ്രഹിക്കാനാവാത്തവിധം ഭിന്നിപ്പിക്കാം. 8 അങ്ങനെ കര്‍ത്താവ് അവരെ ഭൂമുഖത്തെല്ലാം ചിതറിച്ചു. അവര്‍ പട്ടണംപണി ഉപേക്ഷിച്ചു. 9 അതുകൊണ്ടാണ് ആ സ്ഥലത്തിനു ബാബേല്‍ എന്നു പേരുണ്ടായത്. അവിടെവച്ചാണ് കര്‍ത്താവ് ഭൂമിയിലെ ഭാഷ ഭിന്നിപ്പിച്ച തും അവരെ നാടാകെ ചിതറിച്ചതും. 


ഷേം മുതല്‍ അബ്രാം വരെ
10 ഷേമിന്റെ വംശാവലി: ഷേമിനു നൂറു വയസ്സായപ്പോള്‍ അര്‍പ്പക്ഷാദ് ജനിച്ചു. 11 ജലപ്രളയം കഴിഞ്ഞ് രണ്ടാം വര്‍ഷമായിരുന്നു അത്. അര്‍പ്പക്ഷാദിന്റെ ജനനത്തിനുശേഷം ഷേം അഞ്ഞൂറുവര്‍ഷം ജീവിച്ചു. അവനു വേറേയും പുത്രന്‍മാരും പുത്രിമാരും ഉണ്ടായി. 12 മുപ്പത്തഞ്ചു വയസ്‌സായപ്പോള്‍ അര്‍പ്പക്ഷാദിനു ഷേലാഹ് ജനിച്ചു. 13 ഷേ ലാഹിന്റെ ജനനത്തിനുശേഷം അര്‍പ്പക്ഷാദ് നാനൂറ്റിമൂന്നുവര്‍ഷം ജീവിച്ചു. അവനു വേറെയും പുത്രന്‍മാരും പുത്രിമാരും ഉണ്ടായി. 14 മുപ്പതു വയസ്സായപ്പോള്‍ ഷേലാഹിന് ഏബര്‍ ജനിച്ചു. 15 ഏബര്‍ ജനിച്ചതിനുശേഷം നാനൂറ്റിമൂന്നു വര്‍ഷം ഷേലാഹ് ജീവിച്ചു. അവനു വേറേയും പുത്രന്‍മാരും പുത്രിമാരുംഉണ്ടായി. 16 മുപ്പത്തിനാലു വയസ്സായപ്പോള്‍ ഏബറിനു പേലെഗ് ജനിച്ചു. 17 പേലെഗിന്റെ ജനനത്തിനുശേഷം ഏബര്‍ നാനൂറ്റിമുപ്പതു വര്‍ഷം ജീവിച്ചു. അവനു വേറേയും പുത്രന്‍മാരും പുത്രിമാരും ഉണ്ടായി. 18 മുപ്പതു വയസ്സായപ്പോള്‍ പേലെഗിനു റെവു ജനിച്ചു. 19 റെവുവിന്റെ ജനനത്തിനുശേഷം പേലെഗ് ഇരുനൂറ്റിയൊമ്പതു വര്‍ഷം ജീവിച്ചു. അവനു വേറേയും പുത്രന്‍മാരും പുത്രിമാരും ഉണ്ടായി. 20 മുപ്പത്തിരണ്ടു വയസ്സായപ്പേള്‍ റെവുവിനു സെരൂഗ് ജനിച്ചു. 21 സെരൂഗിന്റെ ജനനത്തിനുശേഷംറെവു ഇരുനൂറ്റേഴുവര്‍ഷം ജീവിച്ചു.  അവനു വേറേയും പുത്രന്‍മാരും പുത്രിമാരും ഉണ്ടായി. 22 മുപ്പതാം വയസ്സായപ്പോള്‍ സെരൂഗിനു നാഹോര്‍ ജനിച്ചു. 23 നാഹോറിന്റെ ജനനത്തിനുശേഷം സെരൂഗ് ഇരുനൂറുവര്‍ഷം ജീവിച്ചു. അവനു വേറേയും പുത്രന്‍മാരും പുത്രിമാരും ഉണ്ടായി. 24 ഇരുപത്തൊമ്പതു വയസ്സായപ്പോള്‍ നാഹോറിനു തേരാഹ് ജനിച്ചു. 25 തേരാഹിന്റെ ജനനത്തിനുശേഷം നാഹോര്‍ നൂറ്റിപ്പത്തൊമ്പതുവര്‍ഷം ജീവിച്ചു. അവനു വേറേയും പുത്രന്‍മാരും പുത്രിമാരും ഉണ്ടായി. 26 എഴുപതു വയസ്സെത്തിയതിനുശേഷം തേരാഹിന് അബ്രാം, നാഹോര്‍, ഹാരാന്‍ എന്നീ പുത്രന്‍മാര്‍ ജനിച്ചു. 27 തേരാഹിന്റെ പിന്‍മുറക്കാര്‍ ഇവരാണ്.  തേരാഹിന്റെ പുത്രന്‍മാരാണ് അബ്രാമും നാഹോറും ഹാരാനും. ഹാരാന്റെ പുത്രനാണ് ലോത്ത്. 28 തന്റെ പിതാവായ തേരാഹ് മരിക്കുന്നതിനുമുമ്പ് ഹാരാന്‍ ജന്‍മനാടായ കല്‍ദായരുടെ ഊറില്‍വച്ചു ചരമമടഞ്ഞു. 29 അബ്രാമും നാഹോറും വിവാഹം കഴിച്ചു. അബ്രാമിന്റെ ഭാര്യയുടെ പേര് സാറായി. നാഹോറിന്റെ ഭാര്യയുടെ പേര് മില്‍ക്കാ. അവള്‍ മില്‍ക്കായുടെയും ഇസ്‌ക്കയുടെയും പിതാവായ ഹാരാന്റെ മകളാണ്. 30 സാറായി വന്ധ്യയായിരുന്നു. അവള്‍ക്കു മക്കളുണ്ടായില്ല. 31 തേരാഹ് കല്‍ദായരുടെ ഊറില്‍നിന്നു കാനാന്‍ ദേശത്തേക്കുയാത്ര പുറപ്പെട്ടു. മകന്‍ അബ്രാമിനെയും, പേരക്കിടാവും ഹാരാന്റെ മകനുമായ ലോത്തിനെയും അബ്രാമിന്റെ ഭാര്യയും തന്റെ മരുമകളുമായ സാറായിയെയും അവന്‍ കൂടെക്കൊണ്ടുപോയി. അവര്‍ ഹാരാനിലെത്തി അവിടെ വാസമുറപ്പിച്ചു. 32 തേ രാഹ് ഇരുനൂറ്റഞ്ചുവര്‍ഷം ജീവിച്ചിരുന്നു. അവന്‍ ഹാരാനില്‍വച്ചു മൃതിയടഞ്ഞു. 


അദ്ധ്യായം 12 - അബ്രാമിനെ വിളിക്കുന്നു
1 കര്‍ത്താവ് അബ്രാമിനോട് അരുളിച്ചെയ്തു: നിന്റെ ദേശത്തെയും ബന്ധുക്കളെയും പിതൃഭവനത്തെയും വിട്ട്, ഞാന്‍ കാണിച്ചുതരുന്ന നാട്ടിലേക്കു പോവുക. 2 ഞാന്‍ നിന്നെ വലിയൊരു ജനതയാക്കും.  നിന്നെ ഞാന്‍ അനുഗ്രഹിക്കും.  നിന്റെ പേര് ഞാന്‍ മഹത്തമമാക്കും. അങ്ങനെ നീ ഒരനുഗ്രഹമായിരിക്കും. 3 നിന്നെ അനുഗ്രഹിക്കുന്നവരെ ഞാന്‍ അനുഗ്രഹിക്കും. നിന്നെ ശപിക്കുന്നവരെ ഞാന്‍ ശപിക്കും. നിന്നിലൂടെ ഭൂമുഖത്തെ വംശങ്ങളെല്ലാം അനുഗൃഹീതമാകും. 4 കര്‍ത്താവു കല്‍പിച്ചതനുസരിച്ച് അബ്രാം പുറപ്പെട്ടു. ലോത്തും അവന്റെ കൂടെ തിരിച്ചു. ഹാരാന്‍ ദേശത്തോടു വിടപറഞ്ഞപ്പോള്‍ അബ്രാമിന് എഴുപത്തഞ്ചു വയസ്സു പ്രായമായിരുന്നു. 5 അബ്രാം ഭാര്യ സാറായിയെയും സഹോദരപുത്രന്‍ ലോത്തിനെയും കൂടെക്കൊണ്ടുപോയി. ഹാരാനില്‍ തങ്ങള്‍ നേടിയ സമ്പത്തും ആളുകളുമായി അവര്‍ കാനാന്‍ ദേശത്തേക്കു പുറപ്പെട്ട്, അവിടെ എത്തിച്ചേര്‍ന്നു. 6 അബ്രാം ആ ദേശത്തിലൂടെ സഞ്ചരിച്ച് ഷെക്കെമില്‍, മോറെയുടെ ഓക്കുമരം വരെ എത്തി.  അക്കാലത്തു കാനാന്‍കാര്‍ അവിടെ പാര്‍ത്തിരുന്നു. 7 കര്‍ത്താവ് അബ്രാമിനു പ്രത്യക്ഷപ്പെട്ട് അരുളിച്ചെയ്തു: ഈ നാടു നിന്റെ സന്തതികള്‍ക്കു ഞാന്‍ കൊടുക്കും. തനിക്കു പ്രത്യക്ഷപ്പെട്ട കര്‍ത്താവിന് അബ്രാം അവിടെ ഒരു ബലിപീഠം പണിതു. 8 അവിടെനിന്ന് അവന്‍ ബഥേലിനു കിഴക്കുള്ള മലമ്പ്രദേശത്തേക്കു കടന്ന്, അവിടെ ബഥേലിനു കിഴക്കും ആയിക്കു പടിഞ്ഞാറുമായി താവളമടിച്ചു. അവിടെ ഒരു ബലിപീഠം പണിത്, കര്‍ത്താവിന്റെ നാമം വിളിച്ചു. 9 അവിടെനിന്ന് അബ്രാം നെഗെബിനു നേരേയാത്ര തുടര്‍ന്നു. 


അബ്രാം ഈജിപ്തില്‍
10 അവിടെ ഒരു ക്ഷാമമുണ്ടായി.  കടുത്ത ക്ഷാമമായിരുന്നതിനാല്‍ ഈജിപ്തില്‍ പോയി പാര്‍ക്കാമെന്നു കരുതി അബ്രാം അങ്ങോട്ടു തിരിച്ചു. 11 ഈജിപ്തിലെത്താറായപ്പോള്‍ ഭാര്യ സാറായിയെ വിളിച്ച് അവന്‍ പറഞ്ഞു: നീ കാണാന്‍ അഴകുള്ളവളാണെന്ന് എനിക്കറിയാം. 12 നിന്നെ കാണുമ്പോള്‍ ഈജിപ്തുകാര്‍ പറയും: ഇവള്‍ അവന്റെ ഭാര്യയാണ്.  എന്നിട്ട് എന്നെ അവര്‍ കൊന്നുകളയും.  നിന്നെ ജീവിക്കാന്‍ അനുവദിക്കുകയും ചെയ്യും. 13 നീ മൂലം എനിക്കാപത്തുണ്ടാകാതിരിക്കാന്‍, നിന്നെപ്രതി അവര്‍ എന്റെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി, നീ എന്റെ സഹോദരിയാണെന്നു പറയണം. 14 അവര്‍ ഈജിപ്തിലെത്തി.  അവള്‍ കാണാന്‍ വളരെ അഴകുള്ളവളാണെന്ന് ഈജിപ്തുകാര്‍ക്കു മനസ്സിലായി. 15 അവളെ കണ്ടപ്പോള്‍ ഫറവോയുടെ സേവകന്‍മാര്‍ അവളെപ്പറ്റി ഫറവോയോടു പുകഴ്ത്തിപ്പറഞ്ഞു.  അവള്‍ ഫറവോയുടെ കൊട്ടാരത്തിലേക്ക് ആനയിക്കപ്പെട്ടു. 16 ഫറവോ അവളെപ്രതി അബ്രാമിനോടു നന്നായി പെരുമാറി.  അവന് ആടുകള്‍, കാളകള്‍, കഴുതകള്‍, ഒട്ടകങ്ങള്‍, വേലക്കാര്‍, വേലക്കാരികള്‍ എന്നിവ ലഭിച്ചു. 17 പക്‌ഷേ, അബ്രാമിന്റെ ഭാര്യ സാറായിയെപ്രതി കര്‍ത്താവ് ഫറവോയെയും കുടുംബത്തെയും മഹാമാരികളാല്‍ പീഡിപ്പിച്ചു. 18 തന്‍മൂലം ഫറവോ അബ്രാമിനെ വിളിച്ചു പറഞ്ഞു: നീ ഈ ചെയ്തത് എന്താണ്?19 അവള്‍ നിന്റെ ഭാര്യയാണെന്ന് എന്നോടു പറയാതിരുന്നത് എന്തുകൊണ്ട്? അവള്‍ സഹോദരിയാണ് എന്നു നീ പറഞ്ഞതെന്തിന്? അതുകൊണ്ടല്ലേ ഞാനവളെ ഭാര്യയായി സ്വീകരിച്ചത്? ഇതാ നിന്റെ ഭാര്യ.  അവളെയുംകൊണ്ട് സ്ഥലം വിടുക. 20 ഫറവോ തന്റെ ആള്‍ക്കാര്‍ക്ക് അബ്രാമിനെക്കുറിച്ചു കല്‍പന കൊടുത്തു.  അവര്‍ അവനെയും ഭാര്യയെയും അവന്റെ വസ്തുവകകളോടുകൂടെയാത്രയാക്കി. 


അദ്ധ്യായം 13 - അബ്രാമും ലോത്തും
1 അബ്രാം ഭാര്യയോടും സ്വന്തമായ സകലത്തോടുംകൂടെ ഈജിപ്തില്‍നിന്നുനെഗെബിലേക്കു പോയി.  ലോത്തും കൂടെയുണ്ടായിരുന്നു. 2 അബ്രാമിനു ധാരാളം കന്നുകാലികളും സ്വര്‍ണവും വെള്ളിയും ഉണ്ടായിരുന്നു. 3 അവന്‍ നെഗെബില്‍നിന്നു ബഥേല്‍ വരെയും ബഥേലിനും ആയിയ്ക്കുമിടക്കു താന്‍മുമ്പു കൂടാരമടിച്ചതും,4 ആദ്യമായി ബലിപീഠം പണിതതുമായ സ്ഥലംവരെയുംയാത്രചെയ്തു.  അവിടെ അബ്രാം കര്‍ത്താവിന്റെ നാമം വിളിച്ചപേക്ഷിച്ചു. 5 അവന്റെ കൂടെ പുറപ്പെട്ട ലോത്തിനും ആട്ടിന്‍പറ്റങ്ങളും കന്നുകാലിക്കൂട്ടങ്ങളും കൂടാരങ്ങളുമുണ്ടായിരുന്നു. 6 അവര്‍ക്ക് ഒന്നിച്ചു താമസിക്കാന്‍ ആ ദേശം മതിയായില്ല.  കാരണം, അവര്‍ക്കു വളരെയേറെസമ്പത്തുണ്ടായിരുന്നു.  ഒന്നിച്ചു പാര്‍ക്കുക വയ്യാതായി. 7 അബ്രാമിന്റെയും ലോത്തിന്റെയും കന്നുകാലികളെ മേയ്ക്കുന്നവര്‍ തമ്മില്‍ കലഹമുണ്ടായി.  അക്കാലത്ത് കാനാന്‍കാരും പെരീസ്യരും അന്നാട്ടില്‍ പാര്‍ത്തിരുന്നു. 8 അബ്രാം ലോത്തിനോടു പറഞ്ഞു: നമ്മള്‍ തമ്മിലും നമ്മുടെ ഇടയന്‍മാര്‍ തമ്മിലും കലഹമുണ്ടാകരുത്.  കാരണം, നമ്മള്‍ സഹോദരന്‍മാരാണ്. 9 ഇതാ! ദേശമെല്ലാം നിന്റെ കണ്‍മുമ്പിലുണ്ടല്ലോ.  എന്നെപ്പിരിഞ്ഞു പോവുക.  ഇടത്തുഭാഗമാണു നിനക്കു വേണ്ടതെങ്കില്‍ ഞാന്‍ വലത്തേക്കു പൊയ്‌ക്കൊള്ളാം.  വലത്തുഭാഗമാണു നിനക്ക് ഇഷ്ടമെങ്കില്‍ ഞാന്‍ ഇടത്തേക്കു പൊയ്‌ക്കൊള്ളാം. 10 ജോര്‍ദാന്‍ സമതലം മുഴുവന്‍ ജലപുഷ്ടിയുള്ള ഭൂമിയാണെന്നു ലോത്ത് കണ്ടു.  അതു കര്‍ത്താവിന്റെ തോട്ടംപോലെയും സോവാറിനു നേരേയുള്ള ഈജിപ്തിലെ മണ്ണുപോലെയുമായിരുന്നു.  കര്‍ത്താവ് സോദോമും ഗൊമോറായും നശിപ്പിക്കുന്നതിനുമുമ്പുള്ള അവസ്ഥയായിരുന്നു അത്. 11 ലോത്ത് ജോര്‍ദാന്‍ സമതലം തിരഞ്ഞെടുത്തു.  അവന്‍ കിഴക്കോട്ടുയാത്ര തിരിച്ചു.  അങ്ങനെ അവര്‍ തമ്മില്‍ പിരിഞ്ഞു. 12 അബ്രാം കാനാന്‍ ദേശത്തു താമസമാക്കി.  ലോത്ത് സമ തലത്തിലെ നഗരങ്ങളിലും വസിച്ചു.  അവന്‍ സോദോമിനടുത്തു കൂടാരമടിച്ചു. 13 സോദോമിലെ ആളുകള്‍ ദുഷ്ടന്‍മാരും കര്‍ത്താവിന്റെ മുമ്പില്‍ മഹാപാപികളുമായിരുന്നു. 14 അബ്രാം ലോത്തില്‍നിന്നു വേര്‍പെട്ടതിനുശേഷം കര്‍ത്താവ് അബ്രാമിനോടു പറഞ്ഞു: നീ തലയുയര്‍ത്തി കിഴക്കോട്ടും പടിഞ്ഞാറോട്ടും തെക്കോട്ടും വടക്കോട്ടും നോക്കുക. 15 നീ കാണുന്ന പ്രദേശമെല്ലാം നിനക്കും നിന്റെ സന്താനപരമ്പരകള്‍ക്കും എന്നേക്കുമായി ഞാന്‍ തരും. 16 ഭൂമിയിലെ പൂഴിപോലെ നിന്റെ സന്തതികളെ ഞാന്‍ വര്‍ധിപ്പിക്കും.  പൂഴി ആര്‍ക്കെങ്കിലും എണ്ണിത്തീര്‍ക്കാമെങ്കില്‍ നിന്റെ സന്തതികളെയും എണ്ണാനാവും. 17 എഴുന്നേറ്റ് ഈ ഭൂമിക്കു നെടുകെയും കുറുകെയും നടക്കുക.  അത് നിനക്ക് ഞാന്‍ തരും. 18 അബ്രാം തന്റെ കൂടാരം മാറ്റി ഹെബ്രോണിലുള്ള മാമ്രേയുടെ ഓക്കുമരങ്ങള്‍ക്കു സമീപം താമസമാക്കി.  അവിടെ അവന്‍ കര്‍ത്താവിന് ഒരു ബലിപീഠം നിര്‍മിച്ചു. 


അദ്ധ്യായം 14 - ലോത്തിനെ രക്ഷിക്കുന്നു
1 ഷീനാര്‍ രാജാവായ അംറാഫേല്‍, എല്ലാസര്‍ രാജാവായ അരിയോക്ക്, ഏലാം രാജാവായ കെദോര്‍ലാവോമര്‍, ഗോയീം രാജാവായ തിദാല്‍ എന്നിവര്‍,2 തങ്ങളുടെ ഭരണകാലത്ത് സോദോം രാജാവായ ബേറാ, ഗൊമോ റാരാജാവായ ബീര്‍ഷ, അദ്മാരാജാവായ ഷീനാബ്, സെബോയീം രാജാവായ ഷെമെബര്‍, ബേല, അതായത് സോവാര്‍ രാജാവ് എന്നിവരോടുയുദ്ധംചെയ്തു. 3 ഇവര്‍ സിദ്ദിം താഴ്‌വരയില്‍ അണിനിരന്നു.  അതിപ്പോള്‍ ഉപ്പുകടലാണ്. 4 ഇവര്‍ പന്ത്രണ്ടുവര്‍ഷം കെദോര്‍ലാവോമറിനു കീഴടങ്ങിക്കഴിയുകയായിരുന്നു.  എന്നാല്‍, പതിമ്മൂന്നാം വര്‍ഷം അവര്‍ അവനെതിരേ പ്രക്‌ഷോഭം കൂട്ടി. 5 പതിന്നാലാം വര്‍ഷം കെദോര്‍ലാവോമറും കൂടെയുണ്ടായിരുന്ന രാജാക്കന്‍മാരും ചെന്ന് അഷ് തെരോത്ത് കര്‍ണ്ണായിമില്‍ റഫായിമുകളെയും, ഹാമില്‍ സൂസിമുകളെയും, ഷാവെ കിരിയാത്തായിമില്‍ എമീമുകളെയും,6 സെയിര്‍മലകളില്‍ ഹോര്യരെയും അടിച്ചമര്‍ത്തി.  അവര്‍ മരുഭൂമിയുടെ അതിര്‍ത്തിയിലുള്ള ഏല്‍പാരാന്‍വരെയെത്തി. 7 അവര്‍ പിന്തിരിഞ്ഞ് എന്‍മിഷ്പാത്തില്‍, അതായത്, കാദെഷില്‍ ചെന്ന് അമലേക്യരുടെ നാടു കീഴടക്കി.  ഹസസോന്‍ താമാറില്‍ പാര്‍ത്തിരുന്ന അമോര്യരെയും തോല്‍പിച്ചു. 8 അപ്പോള്‍സോദോം, ഗൊമോറാ, അദ്മാ, സെബോയിം, ബേല, അതായത്, സോവാര്‍ എന്നിവിടങ്ങളിലെ രാജാക്കന്‍മാര്‍ സിദ്ദിം താഴ്‌വരയില്‍,9 ഏലാം രാജാവായ കെദോര്‍ലാവോമര്‍, ഗോയീം രാജാവായ തിദാല്‍, ഷീനാര്‍ രാജാവായ അംറാഫേല്‍, എല്ലാസര്‍ രാജാവായ അരിയോക്ക് എന്നിവര്‍ക്കെതിരേയുദ്ധത്തിനായി അണിനിരന്നു - നാലു രാജാക്കന്‍മാര്‍ അഞ്ചുപേര്‍ക്കെതിരേ. 10 സിദ്ദിം താഴ്‌വര നിറയെചെളിക്കുണ്ടുകളായിരുന്നു.  സോദോമിലെയും ഗൊമോറായിലെയും രാജാക്കന്‍മാര്‍ പിന്തിരിഞ്ഞോടിയപ്പോള്‍ ഈ കുഴികളില്‍ വീണു. 11 ശേഷിച്ചവര്‍ മലയിലേക്ക് ഓടിപ്പോയി.  സോദോമിലെയും ഗൊമോറായിലെയും സര്‍വസമ്പത്തും ഭക്ഷണസാധനങ്ങളും കവര്‍ന്നുകൊണ്ടു ശത്രുക്കള്‍ സ്ഥലംവിട്ടു. 12 സോദോമില്‍ പാര്‍ത്തിരുന്ന അബ്രാമിന്റെ സഹോദരപുത്രനായ ലോത്തിനെയും അവന്റെ സ്വത്തുക്കളോടൊപ്പം അവര്‍ പിടിച്ചുകൊണ്ടുപോയി. 13 രക്ഷപെട്ട ഒരുവന്‍ വന്നു ഹെബ്രായ നായ അബ്രാമിനെ വിവരമറിയിച്ചു.  താനുമായി സഖ്യത്തിലായിരുന്ന എഷ്‌ക്കോലിന്റെയും ആനെറിന്റെയും സഹോദരനായ മാമ്രേ എന്ന അമോര്യന്റെ ഓക്കുമരത്തോപ്പിനടുത്താണ് അബ്രാം താമസിച്ചിരുന്നത്. 14 സഹോദരന്‍ തടവുകാരനാക്കപ്പെട്ടെന്നുകേട്ടപ്പോള്‍ തന്റെ വീട്ടില്‍ത്തന്നെ ജനിച്ചു വളര്‍ന്നവരും പയറ്റിത്തെളിഞ്ഞവരുമായ മുന്നൂറ്റിപ്പതിനെട്ടുപേരോടൊപ്പം അബ്രാം ദാന്‍വരെ അവരെ പിന്തുടര്‍ന്നു. 15 രാത്രി അവന്‍ തന്റെ ആളുകളെ പല ഗണങ്ങളായി തിരിച്ച്, ശത്രുക്കളെ ആക്രമിച്ചു തോല്‍പിച്ച്, ദമാസ്‌ക്കസിനു വടക്കുള്ള ഹോബാ വരെ ഓടിച്ചു.  അവന്‍ സമ്പത്തൊക്കെയും വീണ്ടെടുത്തു. 16 ചാര്‍ച്ചക്കാരനായ ലോത്തിനെയും അവന്റെ വസ്തുവകകളെയും സ്ത്രീകളെയും ജനങ്ങളെയും തിരികെ കൊണ്ടുവന്നു. 


മെല്‍ക്കിസെദെക്ക്
17 കെദോര്‍ലാവോമറെയും കൂടെയുണ്ടായിരുന്ന രാജാക്കന്‍മാരെയും തോല്‍പിച്ചു മടങ്ങിവന്ന അബ്രാമിനെ എതിരേല്‍ക്കാന്‍സോദോം രാജാവ്, രാജാവിന്റെ താഴ്‌വര എന്നറിയപ്പെടുന്ന ഷാവെ താഴ്‌വരയിലേക്കു ചെന്നു. 18 സാലെം രാജാവായ മെല്‍ക്കിസെദെക്ക് അപ്പവും വീഞ്ഞും കൊണ്ടുവന്നു. അത്യുന്നതനായ ദൈവത്തിന്റെ പുരോഹിതനായിരുന്നു അവന്‍ . 19 അവന്‍ അബ്രാമിനെ ആശീര്‍വദിച്ചുകൊണ്ടു പറഞ്ഞു: ആകാശത്തിന്റെയും ഭൂമിയുടെയും നാഥനായ അത്യുന്നതദൈവത്തിന്റെ കൃപാകടാക്ഷം നിന്റെ മേലുണ്ടാകട്ടെ!. 20 ശത്രുക്കളെ നിന്റെ കൈയിലേല്‍പിച്ച അത്യുന്നത ദൈവം അനുഗൃഹീതന്‍. അബ്രാം എല്ലാറ്റിന്റെയും ദശാംശം അവനുകൊടുത്തു. 21 സോദോം രാജാവ് അബ്രാമിനോടു പറഞ്ഞു: ആളുകളെ എനിക്കു വിട്ടുതരുക, സമ്പത്തെല്ലാം നീ എടുത്തുകൊള്ളുക. 22 അബ്രാം സോദോം രാജാവിനോടു പറഞ്ഞു: ഞാന്‍ കര്‍ത്താവിന്റെ മുമ്പില്‍, ആകാശത്തിന്റെയും ഭൂമിയുടെയും സ്രഷ്ടാവായ അത്യുന്നതദൈവത്തിന്റെ മുമ്പില്‍, ശപഥം ചെയ്യുന്നു. 23 നിങ്ങളുടേതായ ഒരു ചരടോ ചെരുപ്പിന്റെ വാറോ ഒന്നും തന്നെ ഞാന്‍ എടുക്കുകയില്ല. ഞാന്‍ അബ്രാമിനെ സമ്പന്നനാക്കി എന്നു നിങ്ങള്‍ പറയരുതല്ലോ. 24 യുവാക്കള്‍ ഭക്ഷിച്ചതും എന്റെ കൂടെ വന്നവരുടെ പങ്കും മാത്രമേ എനിക്കുവേണ്ടൂ. ആനറും എഷ്‌ക്കോലും മാമ്രേയും തങ്ങളുടെ പങ്ക് എടുത്തുകൊള്ളട്ടെ. 


അദ്ധ്യായം 15 - അബ്രാമുമായി ഉടമ്പടി
1 അബ്രാമിനു ദര്‍ശനത്തില്‍ കര്‍ത്താവിന്റെ അരുളപ്പാടുണ്ടായി: അബ്രാം, ഭയപ്പെടേണ്ടാ. ഞാന്‍ നിനക്കു പരിചയാണ്.  നിന്റെ പ്രതിഫലം വളരെ വലുതായിരിക്കും. 2 അബ്രാം ചോദിച്ചു: കര്‍ത്താവായ ദൈവമേ, സന്താനങ്ങളില്ലാത്ത എനിക്ക് എന്തു പ്രതിഫലമാണു ലഭിക്കുക? ദമാസ്‌കസുകാരന്‍ ഏലിയേസറാണ് എന്റെ വീടിന്റെ അവകാശി. 3 അബ്രാം തുടര്‍ന്നു: എനിക്കൊരു സന്താനത്തെ അവിടുന്നു തന്നിട്ടില്ല. എന്റെ വീട്ടില്‍പ്പിറന്ന ദാസരില്‍ ഒരുവനായിരിക്കും എന്റെ അവകാശി. 4 വീണ്ടും അവനു കര്‍ത്താവിന്റെ അരുളപ്പാടുണ്ടായി: നിന്റെ അവകാശി അവനായിരിക്കുകയില്ല; നിന്റെ മകന്‍ തന്നെയായിരിക്കും. 5 അവിടുന്ന് അവനെ പുറത്തേക്കു കൊണ്ടുവന്നിട്ടു പറഞ്ഞു: ആകാശത്തേക്കു നോക്കുക; ആ കാണുന്ന നക്ഷത്രങ്ങളുടെ എണ്ണമെടുക്കാന്‍ കഴിയുമോ? നിന്റെ സന്താനപരമ്പരയും അതുപോലെയായിരിക്കും. 6 അവന്‍ കര്‍ത്താവില്‍ വിശ്വസിച്ചു. അവിടുന്ന് അത് അവനു നീതീകരണമായി കണക്കാക്കി. 7 അവിടുന്നു തുടര്‍ന്ന് അരുളിച്ചെയ്തു: ഈ നാടു നിനക്ക് അവകാശമായിത്തരാന്‍വേണ്ടി നിന്നെ കല്‍ദായരുടെ ഊറില്‍നിന്നു കൊണ്ടുവന്ന കര്‍ത്താവാണു ഞാന്‍. 8 അവന്‍ ചോദിച്ചു: ദൈവമായ കര്‍ത്താവേ, ഇതു സംഭവിക്കുമെന്നു ഞാനെങ്ങനെ അറിയും?. 9 അവിടുന്നു കല്‍പിച്ചു: മൂന്നു വയസ്സുവീതം പ്രായമുള്ള ഒരു പശുക്കിടാവ് ഒരു പെണ്ണാട് ഒരു മുട്ടനാട് എന്നിവയെയും ഒരു ചെങ്ങാലിയെയും ഒരു ഇളം പ്രാവിനെയും എനിക്കായി കൊണ്ടുവരുക. 10 അവന്‍ അവയെല്ലാം കൊണ്ടുവന്നു.  അവയെരണ്ടായിപ്പിളര്‍ന്ന് ഭാഗങ്ങള്‍ നേര്‍ക്കുനേരേ വച്ചു. പക്ഷികളെ അവന്‍ പിളര്‍ന്നില്ല. 11 പിണത്തിന്‍മേല്‍ കഴുകന്‍മാര്‍ ഇറങ്ങിവന്നപ്പോള്‍ അബ്രാം അവയെ ആട്ടിയോടിച്ചു. 12 സൂര്യന്‍ അസ്തമിച്ചുകൊണ്ടിരുന്നപ്പോള്‍ അബ്രാം ഗാഢനിദ്രയിലാണ്ടു. ഭീകരമായ അന്ധകാരം അവനെ ആവരണം ചെയ്തു. 13 അപ്പോള്‍ കര്‍ത്താവ് അരുളിച്ചെയ്തു: നീ ഇതറിഞ്ഞുകൊള്ളുക. നിന്റെ സന്താനങ്ങള്‍ സ്വന്തമല്ലാത്തനാട്ടില്‍ പരദേശികളായി കഴിഞ്ഞുകൂടും.  അവര്‍ ദാസ്യവേല ചെയ്യും. നാനൂറുകൊല്ലം അവര്‍ പീഡനങ്ങള്‍ അനുഭവിക്കും. 14 എന്നാല്‍, അവരെ അടിമപ്പെടുത്തുന്ന രാജ്യത്തെ ഞാന്‍ കുറ്റം വിധിക്കും. അതിനുശേഷം ധാരാളം സമ്പത്തുമായി അവര്‍ പുറത്തുവരും. 15 നീ സമാധാനത്തോടെ നിന്റെ പിതാക്കളോടുചേരും. വാര്‍ധക്യപരിപൂര്‍ത്തിയില്‍ നീ സംസ്‌കരിക്കപ്പെടും. 16 നാലാം തലമുറയില്‍ അവര്‍ ഇങ്ങോട്ടു തിരിച്ചുപോരും. എന്തെന്നാല്‍, അമോര്യരുടെ ദുഷ്ടത ഇനിയും പൂര്‍ത്തിയായിട്ടില്ല. 17 സൂര്യന്‍ അസ്തമിച്ച് അന്ധകാരം വ്യാപിച്ചപ്പോള്‍ പുകയുന്ന ഒരു തീച്ചൂള കാണാറായി. ജ്വലിക്കുന്ന ഒരു തീനാളം പിളര്‍ന്നിട്ടിരുന്ന കഷണങ്ങളുടെ നടുവിലൂടെ കടന്നുപോയി. 18 അന്നു കര്‍ത്താവ് അബ്രാമിനോട് ഒരു ഉടമ്പടി ചെയ്തു: നിന്റെ സന്താന പര മ്പരയ്ക്ക് ഈ നാടു ഞാന്‍ തന്നിരിക്കുന്നു. ഈജിപ്തുനദി മുതല്‍ മഹാനദിയായയൂഫ്ര ട്ടീസ്‌വരെയുള്ള സ്ഥലങ്ങള്‍. 19 കേന്യര്‍, കെ നീസ്യര്‍, കദ്‌മോന്യര്‍,20 ഹിത്യര്‍, പെരിസ്യര്‍, റഫായിം,21 അമോര്യര്‍, കാനാന്യര്‍, ഗിര്‍ഗാഷ്യര്‍, ജബൂസ്യര്‍ എന്നിവരുടെ പ്രദേശമൊക്കെയും ഞാന്‍ നിങ്ങള്‍ക്കു തന്നിരിക്കുന്നു. 

അദ്ധ്യായം 16 - ഹാഗാറും ഇസ്മായേലും
1 അബ്രാമിനു ഭാര്യ സാറായിയില്‍ കുട്ടികളുണ്ടായില്ല. അവള്‍ക്കു ഹാഗാര്‍ എന്നുപേരുള്ള ഒരു ഈജിപ്തുകാരി ദാസി ഉണ്ടായിരുന്നു. 2 സാറായി അബ്രാമിനോടു പറഞ്ഞു: മക്കളുണ്ടാവാന്‍ ദൈവം എനിക്കു വരം തന്നിട്ടില്ല. നിങ്ങള്‍ എന്റെ ദാസിയെ പ്രാപിക്കുക.  ഒരു പക്‌ഷേ അവള്‍മൂലം എനിക്കു കുഞ്ഞുങ്ങളുണ്ടായേക്കാം. അബ്രാം സാറായിയുടെ വാക്ക് അനുസരിച്ചു. 3 കാനാന്‍ദേശത്തു പത്തുവര്‍ഷം താമസിച്ചു കഴിഞ്ഞപ്പോള്‍ അവന്റെ ഭാര്യ സാറായി ദാസിയായ ഈജിപ്തുകാരി ഹാഗാറിനെ തന്റെ ഭര്‍ത്താവിനു ഭാര്യയായി നല്‍കി. 4 അബ്രാം അവളെ പ്രാപിക്കുകയും അവള്‍ ഗര്‍ഭം ധരിക്കുകയും ചെയ്തു. താന്‍ ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍യജമാനത്തിയെ അവള്‍ നിന്ദയോടെ വീക്ഷിച്ചു. 5 സാറായി അബ്രാമിനോടു പറഞ്ഞു: എന്റെ ദുരിതത്തിനു നിങ്ങളാണു കാരണക്കാരന്‍.  ഞാനാണ് എന്റെ ദാസിയെ നിങ്ങളുടെ ആശ്ലേഷത്തിനു വിട്ടുതന്നത്. പക്‌ഷേ, താന്‍ ഗര്‍ഭിണിയാണെന്നു കണ്ടപ്പോള്‍ അവള്‍ക്ക് ഞാന്‍ നിന്ദ്യയായി.  എനിക്കും നിങ്ങള്‍ക്കും മധ്യേ കര്‍ത്താവു തന്നെ വിധിയാളനാവട്ടെ. 6 അബ്രാം പറഞ്ഞു: നിന്റെ ദാസി ഇപ്പോഴും നിന്റെ കീഴിലാണ്.  നിന്റെ ഇഷ്ടംപോലെ അവളോടു പെ രുമാറിക്കൊള്ളുക.  സാറായി അവളോടുക്രൂരമായിപ്പെരുമാറാന്‍ തുടങ്ങി.  അപ്പോള്‍ അവള്‍ സാറായിയെ വിട്ട് ഓടിപ്പോയി. 7 എന്നാല്‍, കര്‍ത്താവിന്റെ ദൂതന്‍ ഷൂറിലേക്കുള്ള വഴിയില്‍ മരുഭൂമിയിലുള്ള ഒരു നീരുറവയുടെ അടുത്തുവച്ച് അവളെ കണ്ടെണ്ടത്തി. 8 ദൂതന്‍ അവളോടു ചോദിച്ചു: സാറായിയുടെ ദാസിയായ ഹാഗാറേ, നീ എവിടെ നിന്നു വരുന്നു? എങ്ങോട്ടു പോകുന്നു? അവള്‍ പ്രതിവചിച്ചു: ഞാന്‍ യജമാനത്തിയായ സാറായിയില്‍നിന്ന് ഓടിപ്പോവുകയാണ്. 9 കര്‍ത്താവിന്റെ ദൂതന്‍ അവളോടു പറഞ്ഞു:നീയജമാനത്തിയുടെ അടുത്തേക്കു തിരിച്ചുപോയി അവള്‍ക്കു കീഴ്‌പ്പെട്ടിരിക്കുക. 10 ദൂതന്‍ തുടര്‍ന്നു: എണ്ണിയാല്‍ തീരാത്തവണ്ണംഅത്രയധികമായി നിന്റെ സന്തതിയെ ഞാന്‍ വര്‍ധിപ്പിക്കും. 11 നീ ഗര്‍ഭിണിയാണല്ലോ.  നീ ഒരു ആണ്‍കുട്ടിയെപ്രസവിക്കും. അവനു നീ ഇസ്മായേല്‍ എന്നു പേരിടണം. കാരണം, കര്‍ത്താവ് നിന്റെ രോദനം ചെവിക്കൊണ്ടിരിക്കുന്നു. 12 അവന്‍ കാട്ടുകഴുതയ്‌ക്കൊത്ത മനുഷ്യനായിരിക്കും. അവന്റെ കൈ എല്ലാവര്‍ക്കുമെതിരായും എല്ലാവരുടെയും കൈ അവനെതിരായും ഉയരും. അവന്‍ തന്റെ സഹോദരങ്ങള്‍ക്കെ തിരായി വര്‍ത്തിക്കുകയും ചെയ്യും. 13 അവള്‍ തന്നോടു സംസാരിച്ച കര്‍ത്താവിനെ എല്‍റോയി എന്നുവിളിച്ചു. കാരണം, എന്നെ കാണുന്നവനായ ദൈവത്തെ ഞാനും ഇവിടെവച്ചു കണ്ടു എന്ന് അവള്‍ പറഞ്ഞു. 14 അതുകൊണ്ട് ആ നീരുറവയ്ക്കു ബേര്‍ല്ഹായ്‌റോയ് എന്നു പേരുണ്ടായി.  അതു കാദെഷിനും ബേരെദിനും ഇടയ്ക്കാണ്. 15 ഹാഗാറില്‍ അബ്രാമിന് ഒരു പുത്രന്‍ ജനിച്ചു. ഹാഗാര്‍ പ്രസവിച്ച മകന് അബ്രാം ഇസ്മായേല്‍ എന്നുപേരിട്ടു. 16 ഹാഗാര്‍ ഇസ്മായേലിനെ പ്രസവിച്ചപ്പോള്‍ അബ്രാമിന് എണ്‍പത്തിയാറു വയസ്സായിരുന്നു. 

 

അദ്ധ്യായം 17 - പരിച്‌ഛേദനം
1 അബ്രാമിനു തൊണ്ണൂറ്റൊമ്പതു വയ സ്സായപ്പോള്‍ കര്‍ത്താവു പ്രത്യക്ഷപ്പെട്ട് അവനോടരുളിച്ചെയ്തു: സര്‍വശക്തനായ ദൈവമാണ് ഞാന്‍; എന്റെ മുമ്പില്‍ വ്യാപരിക്കുക; കുറ്റമറ്റവനായി വര്‍ത്തിക്കുക. 2 നീയുമായി ഞാന്‍ എന്റെ ഉടമ്പടി സ്ഥാപിക്കും. ഞാന്‍ നിനക്കു വളരെയേറെസന്തതികളെ നല്‍കും. 3 അപ്പോള്‍ അബ്രാം സാഷ്ടാംഗംപ്രണമിച്ചു. ദൈവം അവനോട് അരുളിച്ചെയ്തു:4 ഇതാ! നീയുമായുള്ള എന്റെ ഉടമ്പടി: നീ അനവധി ജനതകള്‍ക്കു പിതാവായിരിക്കും. 5 ഇനിമേല്‍ നീ അബ്രാം എന്നു വിളിക്കപ്പെടുകയില്ല. നിന്റെ പേര് അബ്രാഹം എന്നായിരിക്കും. ഞാന്‍ നിന്നെ അനവധി ജനതകളുടെ പിതാവാക്കിയിരിക്കുന്നു. 6 നീ സന്താനപുഷ്ടിയുള്ളവനാകും. നിന്നില്‍ നിന്നു ജനതകള്‍ പുറപ്പെടും. 7 രാജാക്കന്‍മാരും നിന്നില്‍നിന്ന് ഉദ്ഭവിക്കും. ഞാനും നീയും നിനക്കുശേഷം നിന്റെ സന്തതികളും തമ്മില്‍ തലമുറതലമുറയായി എന്നേക്കും ഞാന്‍ എന്റെ ഉടമ്പടി സ്ഥാപിക്കും; ഞാന്‍ എന്നേക്കും നിനക്കും നിന്റെ സന്തതികള്‍ക്കും ദൈവമായിരിക്കും. 8 നീ പരദേശിയായി പാര്‍ക്കുന്ന ഈ കാനാന്‍ദേശം മുഴുവന്‍ നിനക്കും നിനക്കുശേഷം നിന്റെ സന്തതികള്‍ക്കുമായി ഞാന്‍ തരും. എന്നെന്നും അത് അവരുടേതായിരിക്കും. ഞാന്‍ അവര്‍ക്കുദൈവമായിരിക്കുകയും ചെയ്യും. 9 ദൈവം അബ്രാഹത്തോടു കല്‍പിച്ചു: നീയും നിന്റെ സന്താനങ്ങളും തലമുറതോറും എന്റെ ഉടമ്പടി പാലിക്കണം. 10 നിങ്ങള്‍ പാലിക്കേണ്ട ഉടമ്പടി ഇതാണ്: നിങ്ങളില്‍ പുരുഷന്‍മാരെല്ലാവരും പരിച്‌ഛേദനം ചെയ്യണം. 11 നിങ്ങള്‍ അഗ്രചര്‍മ്മം ഛേദിക്കണം. ഞാനും നിങ്ങളുമായുള്ള ഉടമ്പടിയുടെ അടയാളമായിരിക്കും അത്. 12 നിങ്ങളില്‍ എട്ടുദിവസം പ്രായമായ ആണ്‍കുട്ടിക്കു പരിച്‌ഛേ ദനം ചെയ്യണം. നിന്റെ വീട്ടില്‍ പിറന്നവനോ, നിന്റെ സന്താനങ്ങളില്‍പെടാത്ത വിലയ്ക്കു വാങ്ങിയ പരദേശിയോ ആകട്ടെ, തലമുറതോറും എല്ലാ പുരുഷന്‍മാര്‍ക്കും പരിച്‌ഛേദനംചെയ്യണം. 13 നിന്റെ വീട്ടില്‍ പിറന്നവനും നീ വിലയ്ക്കു വാങ്ങിയവനും പരിച്‌ഛേദനം ചെയ്യപ്പെടണം. അങ്ങനെ എന്റെ ഉടമ്പടി നിന്റെ മാംസത്തില്‍ ശാശ്വതമായ ഒരുടമ്പടിയായി നിലനില്‍ക്കും. 14 പരിച്‌ഛേ ദനം ചെയ്യപ്പെടാത്ത പുരുഷനെ സമൂഹത്തില്‍നിന്നു പുറന്തള്ളണം. അവന്‍ എന്റെ ഉടമ്പടി ലംഘിച്ചിരിക്കുന്നു. 


ഇസഹാക്ക്
15 ദൈവം അബ്രാഹത്തോട് അരുളിച്ചെയ്തു: നിന്റെ ഭാര്യ സാറായിയെ ഇനിമേല്‍ സാറായി എന്നല്ല വിളിക്കേണ്ടത്. അവളുടെ പേര് സാറാ എന്നായിരിക്കും. 16 ഞാന്‍ അവളെ അനുഗ്രഹിക്കും. അവളില്‍നിന്നു ഞാന്‍ നിനക്ക് ഒരു പുത്രനെ തരും. അവളെ ഞാന്‍ അനുഗ്രഹിക്കും; അവള്‍ ജനതകളുടെ മാതാവാകും. അവളില്‍നിന്നു ജനതകളുടെ രാജാക്കന്‍മാര്‍ ഉദ്ഭവിക്കും. 17 അപ്പോള്‍ അബ്രാഹം കമിഴ്ന്നുവീണു ചിരിച്ചുകൊണ്ട് ആത്മഗതംചെയ്തു: നൂറു വയസ്സു തികഞ്ഞവനു കുഞ്ഞുജനിക്കുമോ? തൊണ്ണൂറെത്തിയ സാറാ ഇനി പ്രസവിക്കുമോ?18 അബ്രാഹം ദൈവത്തോടു പറഞ്ഞു: ഇസ്മായേല്‍ അങ്ങയുടെ തിരുമുമ്പില്‍ ജീവിച്ചിരുന്നാല്‍ മതി. 19 ദൈവം അരുളിച്ചെയ്തു: നിന്റെ ഭാര്യ സാറാതന്നെ നിനക്കൊരു പുത്രനെപ്രസവിക്കും. നീ അവനെ ഇസഹാക്ക് എന്നു വിളിക്കണം. അവനുമായും അവന്റെ സന്തതികളുമായും ഞാന്‍ നിത്യമായ ഒരു ഉടമ്പടി സ്ഥാപിക്കും. 20 ഇസ്മായേലിനുവേണ്ടിയുള്ള നിന്റെ പ്രാര്‍ഥനയും ഞാന്‍ ചെവിക്കൊണ്ടിരിക്കുന്നു. ഞാന്‍ അവനെ അനുഗ്രഹിച്ചിരിക്കുന്നു. ഞാനവനെ സന്താനപുഷ്ടിയുള്ളവനാക്കി, അവന്റെ സന്തതികളെ വര്‍ധിപ്പിക്കും. അവന്‍ പന്ത്രണ്ടു രാജാക്കന്‍മാര്‍ക്കു പിതാവായിരിക്കും. അവനില്‍നിന്നു ഞാനൊരു വലിയ ജനതയെ പുറപ്പെടുവിക്കും. 21 എന്നാല്‍, സാറായില്‍നിന്ന് അടുത്ത വര്‍ഷം ഈ സമയത്ത് നിനക്കു ജനിക്കാന്‍പോകുന്ന ഇസഹാക്കുമായിട്ടാണ് എന്റെ ഉടമ്പടി ഞാന്‍ സ്ഥാപിക്കുക. 22 അബ്രാഹത്തോടു സംസാരിച്ചു കഴിഞ്ഞു ദൈവം അവനെ വിട്ടുപോയി. 23 ദൈവം കല്‍പിച്ചതുപോലെ ആദിവസം തന്നെ അബ്രാഹം മകന്‍ ഇസ്മായേലിനെയും തന്റെ വീട്ടില്‍പിറന്നവരും താന്‍ വില കൊടുത്തു വാങ്ങിയവരുമായ സകല പുരുഷന്‍മാരെയും പരിച്‌ഛേദനം ചെയ്തു. 24 പരിച് ഛേദനസമയത്ത് അബ്രാഹത്തിനു തൊണ്ണൂറ്റൊമ്പതു വയസ്സും25 ഇസ്മായേലിനു പതിമ്മൂന്നു വയസ്സുമുണ്ടായിരുന്നു. 26 അന്നുതന്നെ അബ്രാഹവും മകന്‍ ഇസ്മായേലും പരിച്‌ഛേദനം ചെയ്യപ്പെട്ടു. 27 അബ്രാഹത്തിന്റെ വീട്ടിലെ എല്ലാ പുരുഷന്‍മാരും വീട്ടില്‍ പിറന്നവരും പരദേശികളില്‍നിന്നു വിലയ്ക്കു വാങ്ങിയവരുമായ എല്ലാവരും അവനോടൊപ്പം പരിച്‌ഛേദനം ചെയ്യപ്പെട്ടു. 


അദ്ധ്യായം 18 - ദൈവം സന്ദര്‍ശിക്കുന്നു
1 മാമ്രേയുടെ ഓക്കുമരത്തോപ്പിനു സമീപം കര്‍ത്താവ് അബ്രാഹത്തിനു പ്രത്യക്ഷനായി. വെയില്‍ മൂത്ത സമയത്ത് അബ്രാഹം തന്റെ കൂടാരത്തിന്റെ വാതില്‍ക്കല്‍ ഇരിക്കുകയായിരുന്നു. 2 അവന്‍ തലയുയര്‍ത്തിനോക്കിയപ്പോള്‍ മൂന്നാളുകള്‍ തനിക്കെതിരേ നില്‍ക്കുന്നതുകണ്ടു. അവരെക്കണ്ട് അവന്‍ കൂടാരവാതില്‍ക്കല്‍ നിന്നെഴുന്നേറ്റ് അവരെ എതിരേല്‍ക്കാന്‍ ഓടിച്ചെന്ന്, നിലംപറ്റെതാണ്, അവരെ വണങ്ങി. 3 അവന്‍ പറഞ്ഞു:യജമാനനേ, അങ്ങ് എന്നില്‍ സംപ്രീതനെങ്കില്‍ അങ്ങയുടെ ദാസനെ കടന്നുപോകരുതേ!4 കാലുകഴുകാന്‍ കുറച്ചുവെള്ളംകൊണ്ടുവരട്ടെ. മരത്തണലിലിരുന്നു വിശ്ര മിക്കുക. 5 നിങ്ങള്‍ ഈ ദാസന്റെ യടുക്കല്‍ വന്ന നിലയ്ക്ക് ഞാന്‍ കുറേഅപ്പം കൊണ്ടുവരാം. വിശപ്പടക്കിയിട്ടുയാത്ര തുടരാം. നീ പറഞ്ഞതുപോലെ ചെയ്യുക എന്ന് അവര്‍ പറഞ്ഞു. 6 അബ്രാഹം പെട്ടെന്നു കൂടാരത്തിലെത്തി സാറായോടു പറഞ്ഞു: വേഗം മൂന്നിടങ്ങഴി മാവെടുത്തു കുഴച്ച് അപ്പമുണ്ടാക്കുക. 7 അവന്‍ ഓടിച്ചെന്നു കാലിക്കൂട്ടത്തില്‍ നിന്നു കൊഴുത്ത ഒരു ഇളം കാളക്കുട്ടിയെ പിടിച്ചു വേലക്കാരനെ ഏല്‍പിച്ചു. ഉടനെ അവന്‍ അതു പാകംചെയ്യാന്‍ തുടങ്ങി. 8 അബ്രാഹം വെണ്ണയും പാലും, പാകം ചെയ്ത മൂരിയിറച്ചിയും അവരുടെ മുമ്പില്‍ വിളമ്പി. അവര്‍ ഭക്ഷിച്ചുകൊണ്ടിരിക്കേ അവന്‍ മരത്തണലില്‍ അവരെ പരിചരിച്ചുകൊണ്ടു നിന്നു. 9 അവര്‍ അവനോടു ചോദിച്ചു: നിന്റെ ഭാര്യ സാറായെവിടെ? കൂടാരത്തിലുണ്ട്, അവന്‍ മറുപടി പറഞ്ഞു. 10 കര്‍ത്താവു പറഞ്ഞു: വസന്തത്തില്‍ ഞാന്‍ തീര്‍ച്ചയായും തിരിയേ വരും. അപ്പോള്‍ നിന്റെ ഭാര്യ സാറായ്ക്ക് ഒരു മകനുണ്ടായിരിക്കും. അവന്റെ പിറകില്‍ കൂടാരവാതില്‍ക്കല്‍ നിന്നു സാറാ ഇതു കേള്‍ക്കുന്നുണ്ടായിരുന്നു. 11 അബ്രാഹവും സാറായും വൃദ്ധരായിരുന്നു. അവള്‍ക്കു ഗര്‍ഭധാരണപ്രായം കഴിഞ്ഞിരുന്നു. 12  അതിനാല്‍, സാറാ ഉള്ളില്‍ ചിരിച്ചുകൊണ്ടുപറഞ്ഞു: എനിക്കു പ്രായമേറെയായി; ഭര്‍ത്താവും വൃദ്ധനായി. എനിക്കിനി സന്താനസൗഭാഗ്യം ഉണ്ടാകുമോ?13 കര്‍ത്താവ് അബ്രാഹത്തോടു ചോദിച്ചു: വൃദ്ധയായ തനിക്കിനി കുഞ്ഞുണ്ടാകുമോ എന്നു ചോദിച്ചു സാറാ ചിരിച്ചതെന്തുകൊണ്ട്?14 കര്‍ത്താവിനു കഴിയാത്തത് എന്തെങ്കിലുമുണ്ടോ? നിശ്ചിത സമ യത്ത് വസന്തത്തില്‍ ഞാന്‍ നിന്റെ അടുത്തു തിരിച്ചുവരും. അപ്പോള്‍ സാറായ്ക്ക് ഒരു മകനുണ്ടായിരിക്കും. 15 സാറാ നിഷേധിച്ചുപറഞ്ഞു: ഞാന്‍ ചിരിച്ചില്ല. എന്തെന്നാല്‍, അവള്‍ ഭയപ്പെട്ടു. അവിടുന്നുപറഞ്ഞു: അല്ല, നീ ചിരിക്കുകതന്നെ ചെയ്തു. 


സോദോം-ഗൊമോറാ
16 അവര്‍ അവിടെനിന്നെഴുന്നേറ്റു സോദോമിനു നേരേ തിരിച്ചു. വഴിയിലെത്തുന്നതുവരെ അബ്രാഹം അവരെ അനുയാത്ര ചെയ്തു. 17 കര്‍ത്താവ് ആലോചിച്ചു:18 അബ്രാഹം മഹത്തും ശക്തവുമായ ഒരു ജനതയായിത്തീരുമെന്നും ഭൂമിയിലെ ജനപദങ്ങളെല്ലാം അവനിലൂടെ അനുഗ്രഹിക്കപ്പെടുമെന്നും അറിഞ്ഞിരിക്കേ, ഞാന്‍ ചെയ്യാന്‍ പോകുന്ന കാര്യം അവനില്‍നിന്നു മറച്ചുവയ്ക്കണമോ?19 ഞാന്‍ അവനെ തിരഞ്ഞെടുത്തിരിക്കുന്നത്, നീതിയുംന്യായവും പ്രവര്‍ത്തിച്ച കര്‍ത്താവിന്റെ വഴിയിലൂടെ നടക്കാന്‍ തന്റെ മക്കളോടും പിന്‍മുറക്കാരോടും അവന്‍ കല്‍പിക്കുന്നതിനും അങ്ങനെ കര്‍ത്താവ് അവനോടു ചെയ്ത വാഗ്ദാനം പൂര്‍ത്തിയാക്കുന്നതിനും വേണ്ടിയാണ്. 20 കര്‍ത്താവു പറഞ്ഞു: സോദോമിനും ഗൊമോറായ്ക്കുമെതിരേയുള്ള മുറവിളി വളരെ വലുതാണ്. 21 അവരുടെ പാപം ഗുരുതരവുമാണ്. അതിനാല്‍, അവരുടെ പ്രവൃത്തികള്‍ എന്റെ സന്നിധിയിലെത്തിയിട്ടുള്ള വിലാപങ്ങളെ സാധൂകരിക്കുന്നോ ഇല്ലയോ എന്നറിയാന്‍ ഞാന്‍ അവിടംവരെ പോകുകയാണ്. 22 അവര്‍ അവിടെനിന്നു സോദോമിനുനേരേ നടന്നു. അബ്രാഹം അപ്പോഴും കര്‍ത്താവിന്റെ മുമ്പില്‍ത്തന്നെ നിന്നു. 23 അബ്രാഹം അവിടുത്തെ സമീപിച്ചു ചോദിച്ചു: ദുഷ്ടന്‍മാരോടൊപ്പം നീതിമാന്‍മാരെയും അങ്ങു നശിപ്പിക്കുമോ?24 നഗരത്തില്‍ അന്‍പതു നീതിമാന്‍മാരുണ്ടെങ്കില്‍ അങ്ങ് അതിനെ നശിപ്പിച്ചുകളയുമോ? അവരെപ്രതി ആ സ്ഥലത്തെ ശിക്ഷയില്‍ നിന്നൊഴിവാക്കില്ലേ?25 ദുഷ്ടന്‍മാരോടൊപ്പം നീതിമാന്‍മാരെയും സംഹരിക്കുക-അത് അങ്ങില്‍നിന്ന് ഉണ്ടാകാതിരിക്കട്ടെ. ദുഷ്ടന്‍മാരുടെ ഗതിതന്നെ നീതിമാന്‍മാര്‍ക്കും സംഭവിക്കാതിരിക്കട്ടെ. ഭൂമി മുഴുവന്റെയും വിധികര്‍ത്താവു നീതിപ്രവര്‍ത്തിക്കാതിരിക്കുമോ?26 കര്‍ത്താവ് അരുളിച്ചെയ്തു: സോദോം നഗരത്തില്‍ അമ്പതു നീതിമാന്‍മാരെ ഞാന്‍ കണ്ടെണ്ടത്തുന്നപക്ഷം അവരെപ്രതി ഞാന്‍ ആ സ്ഥലത്തോടു മുഴുവന്‍ ക്ഷമിക്കും. 27 അബ്രാഹം വീണ്ടും പറഞ്ഞു: പൊടിയും ചാരവുമായ ഞാന്‍ കര്‍ത്താവിനോടു സംസാരിക്കുവാന്‍ തുനിഞ്ഞല്ലോ. 28 നീതിമാന്‍മാര്‍ അമ്പതിന് അഞ്ചു കുറവാണെന്നു വന്നാലോ? അഞ്ചുപേര്‍ കുറഞ്ഞാല്‍ നഗരത്തെ മുഴുവന്‍ അങ്ങു നശിപ്പിക്കുമോ? അവിടുന്നു പറഞ്ഞു: നാല്‍പ്പത്തഞ്ചുപേരെ കണ്ടെണ്ടത്തിയാല്‍ ഞാനതിനെ നശിപ്പിക്കുകയില്ല. അവന്‍ വീണ്ടും ചോദിച്ചു: നാല്‍പ്പതുപേരേയുള്ളുവെങ്കിലോ?29 അവിടുന്നു പ്രതിവചിച്ചു: ആ നാല്‍പ്പതുപേരെപ്രതി നഗരം ഞാന്‍ നശിപ്പിക്കുകയില്ല. 30 അവന്‍ പറഞ്ഞു: ഞാന്‍ വീണ്ടും സംസാരിക്കുന്നതുകൊണ്ടു കര്‍ത്താവു കോപിക്കരുതേ! ഒരുപക്‌ഷേ, മുപ്പതുപേരെയുള്ളുവെങ്കിലോ? അവിടുന്ന് അരുളിച്ചെയ്തു: മുപ്പതുപേരെ കണ്ടെത്തുന്നെങ്കില്‍ ഞാനതു നശിപ്പിക്കുകയില്ല. 31 അവന്‍ പറഞ്ഞു: കര്‍ത്താവിനോടു സംസാരിക്കാന്‍ ഞാന്‍ തുനിഞ്ഞല്ലോ. ഇരുപതുപേരെയുള്ളുവെങ്കിലോ? അവിടുന്ന് അരുളിച്ചെയ്തു: ഇരുപതുപേരെ പ്രതി ഞാനതു നശിപ്പിക്കുകയില്ല. 32 അവന്‍ പറഞ്ഞു: കര്‍ത്താവേ, കോപിക്കരുതേ! ഒരു തവണകൂടി മാത്രം ഞാന്‍ സംസാരിക്കട്ടെ. പത്തുപേരെ അവിടെയുള്ളുവെങ്കിലോ? അവിടുന്ന് അരുളിച്ചെയ്തു: ആ പത്തുപേരെപ്രതി ഞാന്‍ അതു നശിപ്പിക്കുകയില്ല. 33 അബ്രാഹത്തോടു സംസാരിച്ചുകഴിഞ്ഞപ്പോള്‍ കര്‍ത്താവ് അവിടെനിന്നുപോയി. അബ്രാഹവും സ്വന്തം സ്ഥലത്തേക്കു മടങ്ങി. 


അദ്ധ്യായം 19 - സോദോമിന്റെ പാപം
1 വൈകുന്നേരമായപ്പോള്‍ ആ രണ്ടു ദൂതന്‍മാര്‍ സോദോമില്‍ ചെന്നു. ലോത്ത് നഗരവാതില്‍ക്കല്‍ ഇരിക്കുകയായിരുന്നു. അവരെക്കണ്ടപ്പോള്‍ ലോത്ത് അവരെ എതിരേല്‍ക്കാനായി എഴുന്നേറ്റുചെന്ന് നിലംപറ്റെ താണുവണങ്ങി. 2 അവന്‍ പറഞ്ഞു:യജമാനന്‍മാരേ, ദാസന്റെ വീട്ടിലേക്കു വന്നാലും. കാല്‍ കഴുകി രാത്രി ഇവിടെ തങ്ങുക. രാവിലെ എഴുന്നേറ്റുയാത്ര തുടരാം. അവര്‍ മറുപടി പറഞ്ഞു:വേണ്ടാ, രാത്രി ഞങ്ങള്‍ തെരുവില്‍ കഴിച്ചുകൊള്ളാം. 3 അവന്‍ വളരെ നിര്‍ബന്ധിച്ചപ്പോള്‍ അവര്‍ അവന്റെ വീട്ടിലേക്കുപോയി. അവന്‍ അവര്‍ക്കൊരു വിരുന്നൊരുക്കി; പുളിപ്പില്ലാത്ത അപ്പവും ഉണ്ടാക്കി. അവര്‍ അതു ഭക്ഷിച്ചു. 4 അവര്‍ കിടക്കുംമുമ്പേ സോദോം നഗരത്തിന്റെ എല്ലാ ഭാഗത്തും നിന്നുയുവാക്കന്‍മാര്‍ മുതല്‍ വൃദ്ധന്‍മാര്‍വരെയുള്ള എല്ലാവരും വന്നു വീടുവളഞ്ഞു. 5 അവര്‍ ലോത്തിനെ വിളിച്ചുപറഞ്ഞു: രാത്രി നിന്റെ യടുക്കല്‍ വന്നവരെവിടെ? ഞങ്ങള്‍ക്ക് അവരുമായി സുഖഭോഗങ്ങളിലേര്‍പ്പെടേണ്ടതിന് അവരെ പുറത്തുകൊണ്ടുവരുക. 6 ലോത്ത് പുറത്തി റങ്ങി, കതകടച്ചിട്ട് അവരുടെ അടുത്തേക്കുചെന്നു. 7 അവന്‍ പറഞ്ഞു: സഹോദരരേ, ഇത്തരം മ്ലേച്ഛത കാട്ടരുതെന്ന് ഞാന്‍ നിങ്ങളോടുയാചിക്കുന്നു. 8  പുരുഷസ്പര്‍ശമേല്‍ക്കാത്ത രണ്ടു പെണ്‍മക്കള്‍ എനിക്കുണ്ട്. അവരെ നിങ്ങള്‍ക്കു വിട്ടുതരാം. ഇഷ്ടംപോലെ അവരോടു ചെയ്തുകൊള്ളുക. പക്‌ഷേ, ഈ പുരുഷന്‍മാരെ മാത്രം ഒന്നും ചെയ്യരുത്. എന്തെന്നാല്‍, അവര്‍ എന്റെ അതിഥികളാണ്. മാറിനില്‍ക്കൂ, അവര്‍ അട്ടഹസിച്ചു. 9 പരദേശിയായി വന്നവന്‍ന്യായം വിധിക്കുവാന്‍ ഒരുങ്ങുന്നു! അവരോടെന്നതിനെക്കാള്‍ മോശമായി നിന്നോടും ഞങ്ങള്‍ പെരുമാറും. അവര്‍ ലോത്തിനെ ശക്തിയായി തള്ളിമാറ്റി വാതില്‍തല്ലിപ്പൊളിക്കാന്‍ ചെന്നു. 10 പ ക്‌ഷേ, ലോത്തിന്റെ അതിഥികള്‍ കൈനീട്ടി അവനെ വലിച്ചു വീട്ടിനുള്ളിലാക്കിയിട്ട് വാതിലടച്ചു. 11 വാതില്‍ക്കലുണ്ടായിരുന്ന എല്ലാവരെയും അവര്‍ അന്ധരാക്കി. അവര്‍ വാതില്‍ തപ്പിത്തടഞ്ഞു വലഞ്ഞു. 


ലോത്ത് സോദോം വിടുന്നു
12 ആ രണ്ടുപേര്‍ ലോത്തിനോടു പറഞ്ഞു: ഇവരെക്കൂടാതെ നിനക്ക് ആരെങ്കിലും ഇവിടെയുണ്ടോ? പുത്രന്‍മാരോ പുത്രികളോ മരുമക്കളോ മറ്റാരെങ്കിലുമോ നഗരത്തില്‍ ഉണ്ടെങ്കില്‍ എല്ലാവരെയും ഉടന്‍ പുറത്തു കടത്തിക്കൊള്ളുക. 13 ഈ സ്ഥലം ഞങ്ങള്‍ നശിപ്പിക്കാന്‍ പോവുകയാണ്. ഇവിടത്തെ ജനങ്ങള്‍ക്കെതിരേ രൂക്ഷമായ നിലവിളി കര്‍ത്താവിന്റെ മുമ്പില്‍ എത്തിയിരിക്കുന്നു. ഇവിടം നശിപ്പിക്കാന്‍ കര്‍ത്താവു ഞങ്ങളെ അയച്ചിരിക്കുകയാണ്. 14 ഉടനെ ലോത്ത് തന്റെ പുത്രിമാരെ വിവാഹം ചെയ്യാനിരുന്നവരുടെ അടുത്തുചെന്നുപറഞ്ഞു: എഴുന്നേറ്റ് ഉടനെ സ്ഥലം വിട്ടുപോവുക. കര്‍ത്താവ് ഈ നഗരം നശിപ്പിക്കാന്‍ പോവുകയാണ്. എന്നാല്‍ അവന്‍ തമാശ പറയുകയാണ് എന്നത്രേ അവര്‍ക്കു തോന്നിയത്. 15 നേരം പുലര്‍ന്നപ്പോള്‍ ദൂതന്‍മാര്‍ ലോത്തിനോടു പറഞ്ഞു: എഴുന്നേറ്റു ഭാര്യയെയും പെണ്‍മക്കള്‍ രണ്ടുപേരെയും കൂട്ടി വേഗം പുറപ്പെടുക. അല്ലെങ്കില്‍ നഗരത്തോടൊപ്പം നിങ്ങളും നശിച്ചുപോകും. 16 എന്നാല്‍, അവന്‍ മടിച്ചുനിന്നു. കര്‍ത്താവിന് അവനോടു കരുണ തോന്നിയതുകൊണ്ട് ആ മനുഷ്യര്‍ അവനെയും ഭാര്യയെയും മക്കളെയും കൈക്കുപിടിച്ചു നഗരത്തിനു പുറത്തുകൊണ്ടുപോയി വിട്ടു. 17 അവരെ പുറത്തുകൊണ്ടുചെന്നു വിട്ടതിനുശേഷം അവരിലൊരുവന്‍ പറഞ്ഞു: ജീവന്‍ വേണമെങ്കില്‍ ഓടിപ്പോവുക. പിന്‍തിരിഞ്ഞു നോക്കരുത്. താഴ്‌വരയിലെങ്ങും തങ്ങുകയുമരുത്. മലമുകളിലേക്ക് ഓടി രക്ഷപെടുക. അല്ലെങ്കില്‍ നിങ്ങള്‍ വെന്തുനശിക്കും. 18 ലോത്ത് പറഞ്ഞു:യജമാനനേ, അങ്ങനെ പറയരുതേ!19 ഞാന്‍ അങ്ങയുടെ പ്രീതിക്കു പാത്രമായല്ലോ. എന്റെ ജീവന്‍ രക്ഷിക്കുന്നതില്‍ അവിടുന്നു വലിയ കാരുണ്യമാണു കാണിച്ചിരിക്കുന്നത്. എന്നാല്‍, മലയില്‍ ഓടിക്കയറി രക്ഷപെടാന്‍ എനിക്കു വയ്യാ. അപ കടം എന്നെ പിടികൂടി ഞാന്‍ മരിച്ചേക്കുമെന്നു ഭയപ്പെടുന്നു. 20 ഇതാ, ആ കാണുന്ന പട്ടണം ഓടി രക്ഷപെടാവുന്നത്ര അടുത്താണ്, ചെറുതുമാണ്. ഞാന്‍ അങ്ങോട്ട് ഓടി രക്ഷപെട്ടുകൊള്ളട്ടെ? - അതു ചെറുതാണല്ലോ - അങ്ങനെ എനിക്ക് ജീവന്‍ രക്ഷിക്കാം. 21 അവന്‍ പറഞ്ഞു: ശരി, അക്കാര്യവും ഞാന്‍ സ്വീകരിച്ചിരിക്കുന്നു. നീ പറഞ്ഞപട്ടണത്തെ ഞാന്‍ നശിപ്പിക്കുകയില്ല. വേഗമാവട്ടെ; അങ്ങോട്ട് ഓടി രക്ഷപെടുക. 22 നീ അവിടെയെത്തുംവരെ എനിക്കൊന്നും ചെയ്യാനാവില്ല. ആ പട്ടണത്തിനു സോവാര്‍ എന്നു പേരുണ്ടായി. 


സോദോം - ഗൊമോറാ നശിക്കുന്നു
23 ലോത്ത് സോവാറില്‍ എത്തിയപ്പോള്‍ സൂര്യന്‍ ഉദിച്ചുകഴിഞ്ഞിരുന്നു. 24 കര്‍ത്താവ് ആകാശത്തില്‍ നിന്നു സോദോമിലും ഗൊമോറായിലും അഗ്‌നിയും ഗന്ധകവും വര്‍ഷിച്ചു. 25 ആ പട്ടണങ്ങളെയും താഴ്‌വരകളെയും അവയിലെ നിവാസികളെയും സസ്യലതാദികളെയും അവിടുന്നു നാമാവശേഷമാക്കി. 26 ലോത്തിന്റെ ഭാര്യ അവന്റെ പിറകേ വരുകയായിരുന്നു. അവള്‍ പിന്‍തിരിഞ്ഞു നോക്കിയതുകൊണ്ട് ഒരു ഉപ്പുതൂണായിത്തീര്‍ന്നു. 27 അബ്രാഹം അതിരാവിലെ എഴുന്നേറ്റ്, താന്‍ കര്‍ത്താവിന്റെ മുമ്പില്‍ നിന്ന സ്ഥലത്തേക്കുചെന്നു. 28 അവന്‍ സോദോമിനുംഗൊമോറായ്ക്കും താഴ്‌വരപ്രദേശങ്ങള്‍ക്കും നേരേനോക്കി. തീച്ചൂളയില്‍ നിന്നെന്ന പോലെ ആ പ്രദേശത്തുനിന്നെല്ലാം പുകപൊങ്ങുന്നതു കണ്ടു. 29 താഴ്‌വരകളിലെ നഗരങ്ങള്‍ നശിപ്പിച്ചപ്പോള്‍ ദൈവം അബ്രാഹത്തെ ഓര്‍ത്തു. ലോത്ത് പാര്‍ത്തിരുന്ന ഈ നഗരങ്ങളെ നശിപ്പിച്ചപ്പോള്‍ അവിടുന്നു ലോത്തിനെ നാശത്തില്‍നിന്നു രക്ഷിച്ചു. 


മൊവാബ്യര്‍, അമ്മോന്യര്‍
30 സോവാറില്‍ പാര്‍ക്കാന്‍ ലോത്തിനു ഭയമായിരുന്നു. അതുകൊണ്ട് അവന്‍ തന്റെ രണ്ടു പെണ്‍മക്കളോടുകൂടെ അവിടെനിന്നു പുറത്തു കടന്ന് മലയില്‍ ഒരു ഗുഹയ്ക്കുള്ളില്‍ പാര്‍ത്തു. 31 മൂത്തവള്‍ ഇളയവളോടു പറഞ്ഞു: നമ്മുടെ പിതാവിനു പ്രായമായി. ലോകനടപ്പനുസരിച്ചു നമ്മോടു സംഗമിക്കുവാന്‍ ഭൂമിയില്‍ വേറൊരു പുരുഷനുമില്ല. 32 അപ്പനെ വീഞ്ഞുകുടിപ്പിച്ച് നമുക്ക് അവനോടൊന്നിച്ചു ശയിക്കാം; അങ്ങനെ അപ്പന്റെ സന്താനപരമ്പര നിലനിര്‍ത്താം. 33 അന്നുരാത്രി പിതാവിനെ അവര്‍ വീഞ്ഞു കുടിപ്പിച്ചു; മൂത്തവള്‍ പിതാവിന്റെ കൂടെ ശയിച്ചു. അവള്‍ വന്നുകിടന്നതോ, എഴുന്നേറ്റുപോയതോ അവന്‍ അറിഞ്ഞില്ല. 34 പിറ്റേന്നു മൂത്തവള്‍ ഇളയവളോടുപറഞ്ഞു: ഞാന്‍ ഇന്നലെ അപ്പനോടൊന്നിച്ചു ശയിച്ചു. ഇന്നും നമുക്കവനെ വീഞ്ഞുകുടിപ്പിക്കാം. ഇന്നു നീ പോയി അവനോടുകൂടെ ശയിക്കുക. അങ്ങനെ അപ്പന്റെ സന്താന പരമ്പര നമുക്കു നിലനിര്‍ത്താം. 35 അന്നുരാത്രിയിലും അവര്‍ പിതാവിനെ വീഞ്ഞുകുടിപ്പിച്ചു; ഇളയവള്‍ അവനോടൊന്നിച്ചു ശയിച്ചു. അവള്‍ വന്നു കിടന്നതോ എഴുന്നേറ്റുപോയതോ അവന്‍ അറിഞ്ഞില്ല. 36 അങ്ങനെലോത്തിന്റെ രണ്ടു പുത്രിമാരും തങ്ങളുടെ പിതാവില്‍ നിന്നു ഗര്‍ഭിണികളായി. 37 മൂത്ത വള്‍ക്ക് ഒരു മകന്‍ ജനിച്ചു. മൊവാബ് എന്ന് അവനുപേരിട്ടു. ഇന്നുവരെയുണ്ടായിട്ടുള്ളമൊവാബ്യരുടെയെല്ലാം പിതാവാണ് അവന്‍ . 38 ഇളയവള്‍ക്കും ഒരു മകന്‍ ജനിച്ചു. ബന്‍അമ്മി എന്ന് അവനു പേരിട്ടു. ഇന്നുവരെയുണ്ടായിട്ടുള്ള അമ്മോന്യരുടെയെല്ലാം പിതാവാണ് അവന്‍. 


അദ്ധ്യായം 20 - അബ്രാഹവും അബിമെലക്കും
1 അബ്രാഹം അവിടെനിന്നു നെഗെബ്പ്രദേശത്തേക്കു തിരിച്ചു. കാദെഷിനും ഷൂറിനും ഇടയ്ക്ക് അവന്‍ വാസമുറപ്പിച്ചു. അവന്‍ ഗരാറില്‍ ഒരു പരദേശിയായി പാര്‍ത്തു. 2 തന്റെ ഭാര്യ സാറായെക്കുറിച്ച്, അവള്‍ എന്റെ സഹോദരിയാണ് എന്നത്രേ അവന്‍ പറഞ്ഞിരുന്നത്. ഗരാറിലെ രാജാവായ അബിമെലക്ക് സാറായെ ആളയച്ചു വരുത്തുകയും സ്വന്തമാക്കുകയും ചെയ്തു. 3 ദൈവം രാത്രി സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട് അബിമെലക്കിനോടു പറഞ്ഞു: നീ സ്വന്തമാക്കിയിരിക്കുന്ന സ്ത്രീ നിമിത്തം നീ ഇതാ പിണമായിത്തീരുവാന്‍ പോകുന്നു. കാരണം, അവള്‍ ഒരുവന്റെ ഭാര്യയാണ്. 4 അബിമെലക്ക് അവളെ സമീപിച്ചിട്ടില്ലായിരുന്നു. അവന്‍ ചോദിച്ചു: കര്‍ത്താവേ, നിരപരാധനെ അങ്ങു വധിക്കുമോ?5 അവള്‍ എന്റെ സഹോദരിയാണ് എന്ന് അവന്‍ തന്നെയല്ലേ എന്നോടുപറഞ്ഞത്? അവന്‍ എന്റെ സഹോദരനാണ് എന്ന് അവളും പറഞ്ഞു. നിര്‍മലഹൃദയത്തോടും കറയറ്റ കൈകളോടുംകൂടെയാണു ഞാന്‍ ഇതു ചെയ്തത്. 6 അപ്പോള്‍ദൈവം സ്വപ്നത്തില്‍ അവനോടു പറഞ്ഞു: നിര്‍മലഹൃദയത്തോടെയാണു നീ ഇതുചെയ്തത് എന്ന് എനിക്കറിയാം. എനിക്കെതിരായി പാപം ചെയ്യുന്നതില്‍നിന്ന് ഞാനാണു നിന്നെതടഞ്ഞത്. അതുകൊണ്ടാണ് അവളെ തൊടാന്‍ നിന്നെ ഞാന്‍ അനുവദിക്കാതിരുന്നത്. 7 അവന്റെ ഭാര്യയെ തിരിച്ചേല്‍പിക്കുക. അവന്‍ പ്രവാചകനാണ്. അവന്‍ നിനക്കുവേണ്ടി പ്രാര്‍ഥിക്കും. നീ ജീവിക്കുകയുംചെയ്യും. എന്നാല്‍, നീ അവളെ തിരിച്ചേല്‍പിക്കുന്നില്ലെങ്കില്‍ നീയും നിന്റെ ജനങ്ങളും മരിക്കും എന്നറിയുക. 8 അബിമെലക്ക് അതിരാവിലെ എഴുന്നേറ്റു സേവകന്‍മാരെയെല്ലാം വിളിച്ച് ഈ കാര്യങ്ങള്‍ പറഞ്ഞു: അവര്‍ വളരെ ഭയപ്പെട്ടു. 9 അനന്തരം, അബിമെലക്ക് അബ്രാഹത്തെ വിളിച്ചുപറഞ്ഞു: എന്താണു നീ ഞങ്ങളോട്ഈ ചെയ്തത്? നിനക്കെതിരായി ഞാന്‍ എന്തു തെറ്റുചെയ്തിട്ടാണ് എന്റെയും എന്റെ രാജ്യത്തിന്റെയുംമേല്‍ ഇത്ര വലിയ തിന്‍മ വരുത്തിവച്ചത്? ചെയ്യരുതാത്ത കാര്യങ്ങളാണു നീ എന്നോടു ചെയ്തത്. 10 അബിമെലക്ക് അബ്രാഹത്തോടു ചോദിച്ചു: ഇതു ചെയ്യാന്‍ നിന്നെ പ്രേരിപ്പിച്ചത് എന്താണ്?11 അബ്രാഹം മറുപടിപറഞ്ഞു: ഇതു ദൈവഭയം തീരെയില്ലാത്തനാടാണെന്നും എന്റെ ഭാര്യയെപ്രതി അവര്‍ എന്നെകൊന്നുകളയുമെന്നും ഞാന്‍ വിചാരിച്ചു. 12 മാത്രമല്ല, വാസ്തവത്തില്‍ അവള്‍ എന്റെ സഹോദരിയാണ്. എന്റെ പിതാവിന്റെ മകള്‍; പക്‌ഷേ, എന്റെ മാതാവിന്റെ മകളല്ല; അവള്‍ എനിക്കു ഭാര്യയാവുകയും ചെയ്തു. 13 പിതാവിന്റെ വീട്ടില്‍നിന്ന് ഇറങ്ങിത്തിരിക്കാന്‍ ദൈവം എനിക്ക് ഇട വരുത്തിയപ്പോള്‍ ഞാന്‍ അവളോടു പറഞ്ഞു: നീ എനിക്ക് ഈ ഉപകാരം ചെയ്യണം, നാം ചെല്ലുന്ന ഇടങ്ങളിലെല്ലാം അവന്‍ എന്റെ സഹോദരനാണ് എന്ന് എന്നെക്കുറിച്ചു നീ പറയണം. 14 അപ്പോള്‍ അബിമെലക്ക് അബ്രാഹത്തിന് ആടുമാടുകളെയും ദാസീദാസന്‍മാരെയും കൊടുത്തു. ഭാര്യ സാറായെ തിരിച്ചേല്‍പിക്കുകയും ചെയ്തു. 15 അവന്‍ പറഞ്ഞു: ഇതാ എന്റെ രാജ്യം. നിനക്ക് ഇഷ്ടമുള്ളിടത്തു പാര്‍ക്കാം. 16 സാറായോട് അവന്‍ പറഞ്ഞു: നിന്റെ സഹോദരനു ഞാനിതാ ആയിരം വെള്ളിനാണയങ്ങള്‍ കൊടുക്കുന്നു. നിന്റെ കൂടെയുള്ളവരുടെ മുമ്പില്‍ നിന്റെ നിഷ്‌കളങ്കതയ്ക്ക് അതു തെളിവാകും. എല്ലാവരുടെയും മുമ്പില്‍ നീ നിര്‍ദോഷയാണ്. 17 അബ്രാഹം ദൈവത്തോടു പ്രാര്‍ഥിച്ചു; ദൈവം അബിമെലക്കിനെയും ഭാര്യയെയും വേലക്കാരികളെയും സുഖപ്പെടുത്തി. അവര്‍ക്കെല്ലാവര്‍ക്കും സന്താനങ്ങളും ജനിച്ചു. 18 കാരണം, അബ്രാഹത്തിന്റെ ഭാര്യ സാറായെപ്രതി കര്‍ത്താവ് അബിമെലക്കിന്റെ അന്തഃപുരത്തിലെ സ്ത്രീകളെയെല്ലാം വന്ധ്യകളാക്കിയിരുന്നു. 

അദ്ധ്യായം 21 - ഇസഹാക്കിന്റെ ജനനം
1 കര്‍ത്താവു വാഗ്ദാനമനുസരിച്ച് സാറായെ അനുഗ്രഹിച്ചു. 2 വൃദ്ധനായ അബ്രാഹത്തില്‍നിന്നു സാറാ ഗര്‍ഭം ധരിച്ച്, ദൈവം പറഞ്ഞസമയത്തുതന്നെ പുത്രനെ പ്രസവിച്ചു. 3 സാറായില്‍ ജനിച്ച മകന് ഇസഹാക്ക് എന്ന് അബ്രാഹം പേരിട്ടു. 4 കുഞ്ഞു പിറന്നിട്ട് എട്ടാം ദിവസം ദൈവകല്‍പനപ്രകാരം അബ്രാഹം അവനു പരിച്‌ഛേദനം നടത്തി. 5 അബ്രാഹത്തിന് നൂറു വയസ്സുള്ളപ്പോഴാണ് ഇസഹാക്ക് ജനിച്ചത്. 6 സാറാ പറഞ്ഞു: എനിക്കു സന്തോഷിക്കാന്‍ ദൈവം വക നല്‍കിയിരിക്കുന്നു. ഇതു കേള്‍ക്കുന്ന വരൊക്കെ എന്നെച്ചൊല്ലി ചിരിക്കും. 7 അവള്‍ തുടര്‍ന്നു: സാറാ മുലയൂട്ടുമെന്ന് ആരെങ്കിലും അബ്രാഹത്തോടു പറയുമായിരുന്നോ? എന്നിട്ടും അദ്‌ദേഹത്തിന്റെ വയസ്സുകാലത്ത് ഞാന്‍ അദ്‌ദേഹത്തിന് ഒരു മകനെ നല്‍കിയിരിക്കുന്നു. 8 കുഞ്ഞു വളര്‍ന്നു മുലകുടി മാറി. അന്ന് അബ്രാഹം വലിയൊരു വിരുന്നു നടത്തി. 


ഇസ്മായേല്‍ പുറന്തള്ളപ്പെടുന്നു
9 ഈജിപ്തുകാരിയായ ഹാഗാറില്‍ അബ്രാഹത്തിനു ജനിച്ച മകന്‍ , തന്റെ മക നായ ഇസഹാക്കിനോടുകൂടെ കളിക്കുന്നതു സാറാ കണ്ടു. 10 അവള്‍ അബ്രാഹത്തോടു പറഞ്ഞു: ആ അടിമപ്പെണ്ണിനെയും അവളുടെ മകനെയും ഇറക്കി വിടുക. അവളുടെ മകന്‍ എന്റെ മകന്‍ ഇസഹാക്കിനോടൊപ്പം അവകാശിയാകാന്‍ പാടില്ല. 11 തന്‍മൂലം മകനെയോര്‍ത്ത് അബ്രാഹം വളരെ അസ്വസ്ഥനായി. 12  എന്നാല്‍, ദൈവം അബ്രാഹത്തോട് അരുളിച്ചെയ്തു: കുട്ടിയെക്കുറിച്ചും നിന്റെ അടിമപ്പെണ്ണിനെക്കുറിച്ചും നീ ക്ലേശിക്കേണ്ട. സാറാ പറയുന്നതുപോലെ ചെയ്യുക. കാരണം, ഇസഹാക്കിലൂടെയാണു നിന്റെ സന്തതികള്‍ അറിയപ്പെടുക. 13 അടിമപ്പെണ്ണില്‍ ജനിച്ച മകനെയും ഞാനൊരു ജനതയാക്കും. അവനും നിന്റെ മകനാണല്ലോ. 14 അബ്രാഹം അതിരാവിലെ എഴുന്നേറ്റ് കുറെഅപ്പവും ഒരു തുകല്‍ സഞ്ചിയില്‍വെള്ളവുമെടുത്ത് ഹാഗാറിന്റെ തോളില്‍ വച്ചുകൊടുത്തു. മകനെയും ഏല്‍പിച്ചിട്ട് അവളെ പറഞ്ഞയച്ചു. അവള്‍ അവിടെ നിന്നുപോയി ബേര്‍ഷെബ മരുപ്രദേശത്ത് അലഞ്ഞുനടന്നു. 15 തുകല്‍സഞ്ചിയിലെ വെള്ളം തീര്‍ന്നപ്പോള്‍ അവള്‍ കുട്ടിയെ ഒരു കുറ്റിക്കാട്ടില്‍ കിടത്തി. 16 കുഞ്ഞു മരിക്കുന്നത് എനിക്കു കാണാന്‍ വയ്യാ എന്നുപറഞ്ഞ് അവള്‍ കുറെഅകലെ, ഒരു അമ്പെയ്ത്തുദൂരെച്ചെന്ന് എതിര്‍വശത്തേക്കു തിരിഞ്ഞിരുന്നു. കുട്ടി ഉച്ചത്തില്‍ കരയാന്‍ തുടങ്ങി. 17 കുട്ടിയുടെ കരച്ചില്‍ ദൈവം കേട്ടു. സ്വര്‍ഗത്തില്‍നിന്ന് ദൈവത്തിന്റെ ദൂതന്‍ അവളെ വിളിച്ചുപറഞ്ഞു: ഹാഗാര്‍, നീ വിഷമിക്കേണ്ടാ; ഭയപ്പെടുകയും വേണ്ടാ. കുട്ടിയുടെ കരച്ചില്‍ ദൈവം കേട്ടിരിക്കുന്നു. 18 എഴുന്നേറ്റു കുട്ടിയെ കൈയിലെടുക്കുക. അവനില്‍നിന്ന് ഞാന്‍ വലിയൊരു ജനതയെ പുറപ്പെടുവിക്കും. 19 ദൈവം അവളുടെ കണ്ണുതുറന്നു. അവള്‍ ഒരു കിണര്‍ കണ്ടു. അവള്‍ ചെന്ന് തുകല്‍ സഞ്ചി നിറച്ച്, കുട്ടിക്കു കുടിക്കാന്‍ കൊടുത്തു. 20 ദൈവം ആ കുട്ടിയോടുകൂടെയുണ്ടായിരുന്നു. അവന്‍ മരുഭൂമിയില്‍ പാര്‍ത്തു. അവന്‍ വളര്‍ന്നു സമര്‍ഥനായൊരു വില്ലാളിയായിത്തീര്‍ന്നു. 21 അവന്‍ പാരാനിലെ മരുഭൂമിയില്‍ പാര്‍ത്തു. അവന്റെ അമ്മ ഈജിപ്തില്‍നിന്ന് അവനൊരു ഭാര്യയെ തിരഞ്ഞെടുത്തു. 


അബ്രാഹവും അബിമെലക്കും
22 അക്കാലത്ത് അബിമെലക്കും അവന്റെ സൈന്യാധിപന്‍ ഫിക്കോളും അബ്രാഹത്തോടു പറഞ്ഞു: നിന്റെ പ്രവര്‍ത്തനങ്ങളിലെല്ലാം ദൈവം നിന്നോടുകൂടെയുണ്ട്. 23 അതുകൊണ്ട് എന്നോടും എന്റെ സന്തതികളോടും അന്യായമായി പെരുമാറില്ലെന്ന്‌ദൈവത്തിന്റെ മുമ്പില്‍ ശപഥം ചെയ്യുക. 24 ഞാന്‍ നിന്നോടു കാണിച്ച കാരുണ്യത്തിനനുസരിച്ച് എന്നോടും, നീ പാര്‍ത്തുവരുന്ന ഈ നാടിനോടും പെരുമാറണം. ഞാന്‍ ശപഥം ചെയ്യുന്നു, അബ്രാഹം പറഞ്ഞു. 25 അബിമെലക്കിന്റെ ദാസന്‍മാര്‍ തന്റെ കൈവശത്തില്‍ നിന്നു പിടിച്ചെടുത്ത കിണറിനെക്കുറിച്ച് അബ്രാഹം അവനോടു പരാതിപ്പെട്ടു. 26 അബിമെലക്ക് മറുപടി പറഞ്ഞു: ആരാണിതു ചെയ്തതെന്ന് എനിക്കറിഞ്ഞുകൂടാ. നീ ഇക്കാര്യം എന്നോടു പറഞ്ഞിട്ടില്ല. ഇന്നുവരെ ഞാന്‍ ഇതേക്കുറിച്ചു കേട്ടിട്ടുമില്ല. 27 അബ്രാഹം അബിമെലക്കിന് ആടുമാടുകളെ കൊടുത്തു. അവരിരുവരും തമ്മില്‍ ഒരുടമ്പടിയുണ്ടാക്കി. 28 അബ്രാഹം ആട്ടിന്‍പറ്റത്തില്‍നിന്ന് ഏഴു പെണ്ണാട്ടിന്‍കുട്ടികളെ മാറ്റി നിര്‍ത്തി. 29 ഈ ഏഴു പെണ്ണാട്ടിന്‍ കുട്ടികളെ മാറ്റിനിര്‍ത്തിയതെന്തിനെന്ന് അബിമെലക്ക് അബ്രാഹത്തോടു ചോദിച്ചു. 30 അവന്‍ പറഞ്ഞു: ഞാനാണ് ഈ കിണര്‍ കുഴിച്ചത് എന്നതിനു തെളിവായി ഈ ഏഴുപെണ്ണാട്ടിന്‍കുട്ടികളെ സ്വീകരിക്കണം. 31  ആ സ്ഥലത്തിനു ബേര്‍ഷെബ എന്നു പേരുണ്ടായി. കാരണം, അവിടെവച്ച് അവര്‍ രണ്ടുപേരും ശപഥംചെയ്തു. 32 അങ്ങനെ ബേര്‍ഷെബയില്‍വച്ച് അവര്‍ ഒരുടമ്പടിയുണ്ടാക്കി. അതു കഴിഞ്ഞ് അബിമെലക്കും സേനാപതിയായ ഫിക്കോളും ഫിലിസ്ത്യരുടെ നാട്ടിലേക്കു തിരിച്ചുപോയി. 33 അബ്രാഹം ബേര്‍ഷെബയില്‍ ഒരു ഭാനുകവൃക്ഷം നട്ടുപിടിപ്പിക്കുകയും നിത്യദൈവമായ കര്‍ത്താവിന്റെ നാമത്തില്‍ ആരാധന നടത്തുകയുംചെയ്തു. 34 അബ്രാഹം ഫിലിസ്ത്യരുടെ നാട്ടില്‍ വളരെക്കാലം താമസിച്ചു. 


അദ്ധ്യായം 22 - അബ്രാഹത്തിന്റെ ബലി
1 പിന്നീടൊരിക്കല്‍ ദൈവം അബ്രാഹത്തെ പരീക്ഷിച്ചു. അബ്രാഹം, അവിടുന്നു വിളിച്ചു. ഇതാ ഞാന്‍, അവന്‍ വിളികേട്ടു. 2 നീ സ്‌നേഹിക്കുന്ന നിന്റെ ഏകമകന്‍ ഇസഹാക്കിനെയും കൂട്ടിക്കൊണ്ടു മോറിയാദേശത്തേക്കുപോവുക. അവിടെ ഞാന്‍ കാണിച്ചുതരുന്ന മലമുകളില്‍ നീ അവനെ എനിക്ക് ഒരു ദഹനബലിയായി അര്‍പ്പിക്കണം. 3 അബ്രാഹം അതിരാവിലെ എഴുന്നേറ്റു കഴുതയ്ക്കു ജീനിയിട്ട് രണ്ടു വേലക്കാരെയും മകന്‍ ഇസഹാക്കിനെയുംകൂട്ടി ബലിക്കുവേണ്ട വിറകും കീറിയെടുത്ത്, ദൈവം പറഞ്ഞസ്ഥലത്തേക്കു പുറപ്പെട്ടു. 4 മൂന്നാം ദിവസം അവന്‍ തലയുയര്‍ത്തിനോക്കിയപ്പോള്‍ അകലെ ആ സ്ഥലം കണ്ടു. 5 അവന്‍ വേലക്കാരോടു പറഞ്ഞു: കഴുതയുമായി നിങ്ങള്‍ ഇവിടെ നില്‍ക്കുക. ഞാനും മകനും അവിടെപ്പോയി ആരാധിച്ചു തിരിച്ചുവരാം. 6 അബ്രാഹം ദഹനബലിക്കുള്ള വിറകെടുത്ത് മകന്‍ ഇസഹാക്കിന്റെ ചുമലില്‍ വച്ചു. കത്തിയും തീയും അവന്‍ തന്നെ എടുത്തു. അവര്‍ ഒരുമിച്ചു മുമ്പോട്ടു നടന്നു. 7 ഇസഹാക്ക് തന്റെ പിതാവായ അബ്രാഹത്തെ വിളിച്ചു: പിതാവേ! എന്താ മകനേ, അവന്‍ വിളികേട്ടു. ഇസഹാക്കു പറഞ്ഞു: തീയും വിറകുമുണ്ടല്ലോ; എന്നാല്‍, ദഹനബലിക്കുള്ള കുഞ്ഞാടെവിടെ?8 അവന്‍ മറുപടി പറഞ്ഞു: ബലിക്കുള്ള കുഞ്ഞാടിനെ ദൈവംതന്നെതരും. അവരൊന്നിച്ചു മുമ്പോട്ടു പോയി. 9 ദൈവം പറഞ്ഞസ്ഥലത്തെത്തിയപ്പോള്‍, അബ്രാഹം അവിടെ ഒരു ബലിപീഠം പണിതു. വിറക് അടുക്കിവച്ചിട്ട് ഇസഹാക്കിനെ ബന്ധിച്ചു വിറകിനു മീതേ കിടത്തി. 10 മകനെ ബലികഴിക്കാന്‍ അബ്രാഹം കത്തി കൈയിലെടുത്തു. 11 തത്ക്ഷണം കര്‍ത്താവിന്റെ ദൂതന്‍ ആകാശത്തു നിന്ന് അബ്രാഹം, അബ്രാഹം എന്നു വിളിച്ചു. ഇതാ ഞാന്‍, അവന്‍ വിളികേട്ടു. 12 കുട്ടിയുടെമേല്‍കൈവയ്ക്കരുത്. അവനെ ഒന്നും ചെയ്യരുത്. നീ ദൈവത്തെ ഭയപ്പെടുന്നുവെന്ന് എനിക്കിപ്പോള്‍ ഉറപ്പായി. കാരണം, നിന്റെ ഏക പുത്രനെ എനിക്കു തരാന്‍ നീ മടി കാണിച്ചില്ല. 13 അബ്രാഹം തലപൊക്കിനോക്കിയപ്പോള്‍, തന്റെ പിന്നില്‍, മുള്‍ച്ചെടികളില്‍കൊമ്പുടക്കിക്കിടക്കുന്ന ഒരു മുട്ടാടിനെക്കണ്ടു. അവന്‍ അതിനെ മകനുപകരം ദഹന ബലിയര്‍പ്പിച്ചു. 14  അബ്രാഹം ആ സ്ഥലത്തിനുയാഹ്‌വെയിരെ എന്നു പേരിട്ടു. കര്‍ത്താവിന്റെ മലയില്‍ അവിടുന്നു വേണ്ടതു പ്രദാനം ചെയ്യുന്നുവെന്ന് ഇന്നുവരെയും പറയപ്പെടുന്നു. 15 കര്‍ത്താവിന്റെ ദൂതന്‍ ആകാശത്തുനിന്നു വീണ്ടും അബ്രാഹത്തെ വിളിച്ചു പറഞ്ഞു:16 കര്‍ത്താവ് അരുളിച്ചെയ്യുന്നു, നീ നിന്റെ ഏകപുത്രനെപ്പോലും എനിക്കു തരാന്‍മടിക്കായ്കകൊണ്ടു ഞാന്‍ ശപഥം ചെയ്യുന്നു:17 ഞാന്‍ നിന്നെ സമൃദ്ധമായി അനുഗ്രഹിക്കും. നിന്റെ സന്തതികളെ ആ കാശത്തിലെ നക്ഷത്രങ്ങള്‍ പോലെയും കടല്‍ത്തീരത്തിലെ മണല്‍ത്തരിപോലെയും ഞാന്‍ വര്‍ധിപ്പിക്കും. ശത്രുവിന്റെ നഗര കവാടങ്ങള്‍ അവര്‍ പിടിച്ചെടുക്കും. 18 നീ എന്റെ വാക്ക് അനുസരിച്ചതുകൊണ്ടു നിന്റെ സന്തതിയിലൂടെ ലോകത്തിലെ ജനതകളെല്ലാം അനുഗ്രഹിക്കപ്പെടും. 19 അബ്രാഹം എഴുന്നേറ്റ് തന്റെ വേലക്കാരുടെ അടുത്തേക്കു ചെന്നു. അവരൊന്നിച്ച് ബേര്‍ഷെ ബയിലേക്കു തിരിച്ചുപോയി. അബ്രാഹംബേര്‍ഷെബയില്‍ പാര്‍ത്തു. 20 തന്റെ സഹോദരനായ നാഹോറിനു മില്‍ക്കായില്‍ മക്കളുണ്ടായ വിവരം അബ്രാഹം അറിഞ്ഞു. 21 അവര്‍, മൂത്തവനായ ഊസ്, അവന്റെ സഹോദരന്‍ ബൂസ്, ആരാമിന്റെ പിതാവായ കെമുവേല്‍,22 കേസെദ്, ഹാസോ, പില്‍ഷാദ്, ഇദ്‌ലാഫ്, ബത്തുവേല്‍ എന്നിവരായിരുന്നു. 23 ബത്തുവേല്‍ റബേക്കായുടെ പിതാവായിരുന്നു. അബ്രാഹത്തിന്റെ സഹോദരനായ നാഹോറിനു മില്‍ക്കായിലുണ്ടായവരാണ് ഈ എട്ടുപേരും. 24 അതിനുപുറമേ അവന്റെ ഉപനാരിയായ റവുമായില്‍നിന്ന് തേബഹ്, ഗഹം, തഹഷ്, മാക്കാഹ് എന്നീ മക്കള്‍ ജനിച്ചു. 


അദ്ധ്യായം 23 - സാറായുടെ മരണം
1 സാറായുടെ ജീവിതകാലം നൂറ്റിയിരുപത്തേഴു വര്‍ഷമായിരുന്നു. 2 കാനാനിലുള്ള ഹെബ്രോണ്‍ എന്നറിയപ്പെടുന്ന കിരിയാത്ത് അര്‍ബായില്‍വച്ച് അവള്‍ മരിച്ചു. അബ്രാഹം സാറായെപ്പറ്റി വിലപിച്ചു. 3 മരിച്ചവളുടെ അടുക്കല്‍നിന്നെഴുന്നേറ്റുചെന്ന് അവന്‍ ഹിത്യരോടു പറഞ്ഞു:4 ഞാന്‍ നിങ്ങളുടെ ഇടയില്‍ വന്നുപാര്‍ക്കുന്ന ഒരു വിദേശിയാണ്. മരിച്ചവളെ സംസ്‌കരിക്കാന്‍ എനിക്കൊരു ശ്മശാനസ്ഥലം തരുക. 5 ഹിത്യര്‍ അവനോടു പറഞ്ഞു: പ്രഭോ, കേട്ടാലും. 6 അങ്ങു ഞങ്ങളുടെയിടയിലെ ശക്തനായ പ്രഭുവാണ്. മരിച്ചവളെ ഞങ്ങളുടെ ഏറ്റവും നല്ല കല്ലറയില്‍ അടക്കുക. ഞങ്ങളാരും ഞങ്ങളുടെ കല്ലറഅങ്ങേക്കു നിഷേധിക്കില്ല. മരിച്ചവളെ അടക്കാന്‍ തടസ്സം നില്‍ക്കുകയുമില്ല. 7 അബ്രാഹം എഴുന്നേറ്റ് നാട്ടുകാരായ ഹിത്യരെ വണങ്ങി. 8 അവന്‍ അവരോടു പറഞ്ഞു: ഞാന്‍ മരിച്ചവളെ ഇവിടെ സംസ്‌കരിക്കുന്നതു നിങ്ങള്‍ക്കു സമ്മതമാണെങ്കില്‍, സോഹാറിന്റെ പുത്രനായ എഫ്രോണിനോട് എനിക്കുവേണ്ടി മാധ്യസ്ഥ്യം പറയുക. 9 അവന്‍ മക്‌പെലായില്‍ തന്റെ വയലിന്റെ അതിര്‍ത്തിയിലുള്ള ഗുഹ അതിന്റെ മുഴുവന്‍ വിലയ്ക്ക് എനിക്കു തരട്ടെ. ശ്മശാനമായി ഉപയോഗിക്കാന്‍ അതിന്റെ കൈവശാവകാശം നിങ്ങളുടെ മുമ്പില്‍ വച്ച് അവന്‍ എനിക്കു നല്‍കട്ടെ. 10 എഫ്രോണ്‍ ഹിത്യരുടെ ഇടയില്‍ ഇരിപ്പുണ്ടായിരുന്നു. ഹിത്യരും നഗരവാതിലിലൂടെ കടന്നുപോയ എല്ലാവരും കേള്‍ക്കേ അവന്‍ അബ്രാഹത്തോടു പറഞ്ഞു:11 അങ്ങനെയല്ല, പ്രഭോ, ഞാന്‍ പറയുന്നതു കേള്‍ക്കുക. നിലവും അതിലുള്ള ഗുഹയും എന്റെ ആള്‍ക്കാരുടെ മുമ്പില്‍ വച്ച് അങ്ങേക്കു ഞാന്‍ തരുന്നു. അങ്ങയുടെ മരിച്ചവളെ അടക്കിക്കൊള്ളുക. 12 അബ്രാഹം നാട്ടുകാരെ കുമ്പിട്ടു വണങ്ങി. 13 നാട്ടുകാര്‍ കേള്‍ക്കേ അവന്‍ എഫ്രോണിനോടു പറഞ്ഞു: നിങ്ങള്‍ എനിക്ക് അത് തരുമെങ്കില്‍ ദയചെയ്ത് ഞാന്‍ പറയുന്നതു കേള്‍ക്കുക. നിലത്തിന്റെ വില ഞാന്‍ തരാം. അതു സ്വീകരിക്കണം. മരിച്ചവളെ ഞാന്‍ അതില്‍ അടക്കിക്കൊള്ളാം. 14 എഫ്രോണ്‍ അബ്രാഹത്തോടു പറഞ്ഞു:15 പ്രഭോ, എന്റെ സ്ഥലത്തിനു നാനൂറു ഷെക്കല്‍ വെള്ളിയേ വിലയുള്ളൂ. നാം തമ്മിലാവുമ്പോള്‍ അതു വലിയൊരു കാര്യമാണോ? അങ്ങയുടെ മരിച്ചവളെ സംസ്‌കരിച്ചുകൊള്ളുക. 16 എഫ്രോണിന്റെ വാക്ക് അബ്രാഹം സ്വീകരിച്ചു. ഹിത്യര്‍ കേള്‍ക്കേ എഫ്രോണ്‍ പറഞ്ഞതുപോലെ നാനൂറു ഷെക്കല്‍ വെള്ളി കച്ചവടക്കാരുടെയിടയിലെ നടപ്പനുസരിച്ച് അവന്‍ എഫ്രോണിനു തൂക്കിക്കൊടുത്തു. 17 മാമ്രേക്കു കിഴക്കുവശത്ത് മക്‌പെലായില്‍ എഫ്രോണിനുണ്ടായിരുന്ന നിലം അതിന്റെ നാല് അതിര്‍ത്തികള്‍വരെയും,18 അതിലെ ഗുഹയും വൃക്ഷങ്ങളും സഹിതം ഹിത്യരുടെയും നഗരവാതില്‍ക്കല്‍ക്കൂടി കടന്നുപോയവരുടെയും മുമ്പാകെ വച്ച് അബ്രാഹത്തിന് അവകാശമായിക്കിട്ടി. 19 അതിനുശേഷം അബ്രാഹം ഭാര്യ സാറായെ കാനാന്‍ ദേശത്തു മാമ്രേയുടെ കിഴക്ക്, ഹെബ്രോണില്‍ മക്‌പെലായിലെ വയലിലുള്ള ഗുഹയില്‍ അടക്കി. 20 ആ നിലവും അതിലെ ഗുഹയും അബ്രാഹത്തിനു ഹിത്യരില്‍നിന്നു ശ്മശാനഭൂമിയായി കൈവശം കിട്ടി. 


അദ്ധ്യായം 24 - ഇസഹാക്കും റബേക്കായും
1 അബ്രാഹത്തിനു പ്രായമേറെയായി. കര്‍ത്താവ് എല്ലാ കാര്യങ്ങളിലും അവനെ അനുഗ്രഹിച്ചു. 2 അവന്‍ തന്റെ എല്ലാ വസ്തുക്കളുടെയും മേല്‍നോട്ടക്കാരനും തന്റെ ഭവനത്തിലെ ഏറ്റവും പ്രായം കൂടിയവനുമായ വേലക്കാരനെ വിളിച്ചുപറഞ്ഞു: നിന്റെ കൈ എന്റെ തുടയുടെ കീഴെ വയ്ക്കുക. 3 ഞാന്‍ പാര്‍ക്കുന്ന ഈ നാട്ടിലെ കാനാന്യരുടെ പെണ്‍മക്കളില്‍നിന്ന് എന്റെ മകനു ഭാര്യയെ തിരഞ്ഞെടുക്കയില്ലെന്ന് ആകാശത്തിന്റെയും ഭൂമിയുടെയും ദൈവമായ കര്‍ത്താവിന്റെ നാമത്തില്‍ നിന്നെക്കൊണ്ടു ഞാന്‍ സത്യംചെയ്യിക്കും. 4 എന്റെ നാട്ടില്‍ എന്റെ ചാര്‍ച്ചക്കാരുടെയടുക്കല്‍പോയി, അവരില്‍നിന്ന് എന്റെ മകന്‍ ഇസഹാക്കിനു ഭാര്യയെ കണ്ടു പിടിക്കണം. 5 അപ്പോള്‍ ദാസന്‍ ചോദിച്ചു: ആ സ്ത്രീക്ക് എന്നോടുകൂടെ ഈ നാട്ടിലേക്കു പോരാന്‍ ഇഷ്ടമില്ലെങ്കിലോ? അങ്ങു വിട്ടുപോന്ന നാട്ടിലേക്ക് അങ്ങയുടെ മകനെ ഞാന്‍ കൊണ്ടുപോകണമോ?6 അബ്രാഹം പറഞ്ഞു: എന്റെ മകനെ അങ്ങോട്ടു കൊണ്ടുപോക രുത്. 7 എന്റെ പിതാവിന്റെ വീട്ടില്‍നിന്നും ചാര്‍ച്ചക്കാരില്‍നിന്നും എന്നെ പുറത്തുകൊണ്ടുവന്നവനും, എന്നോടു സംസാരിച്ചവനും, നിന്റെ സന്തതികള്‍ക്ക് ഈ ഭൂമി ഞാന്‍ തരുമെന്നു വാഗ്ദാനം ചെയ്തവനുമായ, ആകാശത്തിന്റെ ദൈവമായ കര്‍ത്താവ് തന്റെ ദൂതനെ നിനക്കു മുമ്പേ അയയ്ക്കും; നീ അവിടെനിന്ന് എന്റെ മകന് ഒരു ഭാര്യയെ കണ്ടെണ്ടത്തുകയും ചെയ്യും. 8 എന്നാല്‍, ആ സ്ത്രീക്കു നിന്നോടുകൂടെപോരാന്‍ ഇഷ്ടമില്ലെങ്കില്‍ എന്റെ ഈ ശപഥത്തില്‍നിന്ന് നീ വിമുക്തനാണ്; എന്റെ മകനെ അങ്ങോട്ടു തിരികേ കൊണ്ടു പോകരുതെന്നു മാത്രം. 9 തന്റെ യജമാന നായ അബ്രാഹത്തിന്റെ തുടയ്ക്കു കീഴെ കൈവച്ചു ഭൃത്യന്‍ സത്യംചെയ്തു. 10 അനന്തരം, ഭൃത്യന്‍യജമാനന്റെ ഒട്ടകങ്ങളില്‍ പത്തെണ്ണവും വിലപിടിപ്പുള്ള ധാരാളം വസ്തുക്കളുമായി പുറപ്പെട്ടു. അവന്‍ മെസൊപ്പൊട്ടാമിയായില്‍ നാഹോറിന്റെ നഗരത്തിലെത്തി. 11 വൈകുന്നേരം സ്ത്രീകള്‍ വെള്ളംകോരാന്‍ വരുന്ന സമയത്ത് അവന്‍ ഒട്ടകങ്ങളെ പട്ടണത്തിനു വെളിയില്‍ വെള്ളമുള്ള ഒരു കിണറിനടുത്തു നിര്‍ത്തി. 12 അനന്തരം, അവന്‍ പ്രാര്‍ഥിച്ചു: എന്റെ യജ മാനനായ അബ്രാഹത്തിന്റെ ദൈവമായ കര്‍ത്താവേ, ഇന്ന് എന്റെ ദൗത്യം അങ്ങു വിജയിപ്പിക്കണമേ!13 എന്റെ യജമാനന്റെ മേല്‍ കനിയണമേ! ഞാന്‍ ഇതാ, ഈ കിണറ്റുകരയില്‍ നില്‍ക്കുകയാണ്. ഇന്നാട്ടിലെ പെണ്‍കുട്ടികള്‍ വെള്ളം കോരാന്‍ വരുന്നുണ്ട്. 14 നിന്റെ കുടം താഴ്ത്തിത്തരുക; ഞാന്‍ കുടിക്കട്ടെ, എന്നു പറയുമ്പോള്‍ ഇതാ, കുടിച്ചു കൊള്ളുക; നിങ്ങളുടെ ഒട്ടകങ്ങള്‍ക്കും ഞാന്‍ വെള്ളം കോരിത്തരാം എന്നുപറയുന്ന പെണ്‍കുട്ടിയായിരിക്കട്ടെ അങ്ങയുടെ ദാസ നായ ഇസഹാക്കിന് അങ്ങു നിശ്ചയിച്ചിരിക്കുന്നവള്‍. അങ്ങ് എന്റെ യജമാനനോടു നിരന്തരമായ കാരുണ്യം കാണിച്ചിരിക്കുന്നുവെന്ന് അതുവഴി ഞാന്‍ മനസ്‌സിലാക്കും. 15 അവന്‍ ഇതു പറഞ്ഞു തീരുംമുമ്പ് തോളില്‍ കുടവുമായി റബേക്കാ വെള്ളം കോരാന്‍ വന്നു. അവള്‍ അബ്രാഹത്തിന്റെ സഹോദരന്‍ നാഹോറിനു ഭാര്യ മില്‍ക്കായിലുണ്ടായ മകനായ ബത്തുവേലിന്റെ മകളായിരുന്നു. 16 പെണ്‍കുട്ടി കാണാന്‍ വളരെ അഴകുള്ളവളും കന്യകയുമായിരുന്നു. അവള്‍ കിണറ്റിങ്കലേക്കിറങ്ങി കുടംനിറച്ച് കയറി വന്നു. 17 അബ്രാഹത്തിന്റെ ഭൃത്യന്‍ അപ്പോള്‍ അവളുടെ അടുത്തേക്ക് ഓടിച്ചെന്നു പറഞ്ഞു: ദയവായി നിന്റെ കുടത്തില്‍ നിന്നു കുറച്ചു വെള്ളം കുടിക്കാന്‍ തരുക. 18 പ്രഭോ, കുടിച്ചാലും, അവള്‍ പറഞ്ഞു. തിടുക്കത്തില്‍ കുടം താഴ്ത്തിപ്പിടിച്ച് അവള്‍ അവനു കുടിക്കാന്‍ കൊടുത്തു. 19 കുടിച്ചു കഴിഞ്ഞപ്പോള്‍ അവള്‍ പറഞ്ഞു: അങ്ങയുടെ ഒട്ടകങ്ങള്‍ക്കും കുടിക്കാന്‍ ഞാന്‍ വെ ള്ളം കോരിക്കൊടുക്കാം. 20 അവള്‍ വേഗം കുടത്തിലെ വെള്ളം തൊട്ടിയിലൊഴിച്ച് വീണ്ടുംവെള്ളം കോരാന്‍ കിണറ്റിങ്കലേക്കോടി. ഒട്ടകങ്ങള്‍ക്കെല്ലാം വെള്ളം കോരിക്കൊടുത്തു. 21 തന്റെ യാത്ര കര്‍ത്താവു ശുഭമാക്കിയോ ഇല്ലയോ എന്നറിയാന്‍ അവന്‍ നിശ്ശബ്ദനായി അവളെത്തന്നെ നോക്കി നിന്നു. 22 ഒട്ടകങ്ങള്‍ കുടിച്ചുകഴിഞ്ഞപ്പോള്‍ അവന്‍ അരഷെക്കല്‍ തൂക്കമുള്ള ഒരു സ്വര്‍ണമോതിരവും പത്തു ഷെക്കല്‍ തൂക്കമുള്ള രണ്ടു പൊന്‍വളകളും അവള്‍ക്കു നല്‍കിക്കൊണ്ടു പറഞ്ഞു:23 നീ ആരുടെ മകളാണെന്നു ദയവായി എന്നോടു പറയുക. നിന്റെ പിതാവിന്റെ ഭവനത്തില്‍ ഞങ്ങള്‍ക്കു രാത്രി കഴിക്കാന്‍ ഇടം കാണുമോ?24 അവള്‍ പറഞ്ഞു: നാഹോറിനു മില്‍ക്കായില്‍ ജ നിച്ച ബത്തുവേലിന്റെ മകളാണ് ഞാന്‍. 25 അവള്‍ തുടര്‍ന്നു പറഞ്ഞു: ഞങ്ങള്‍ക്കു കാലിത്തീറ്റയും കച്ചിയും വേണ്ടുവോളമുണ്ട്, താമസിക്കാന്‍മുറിയുമുണ്ട്. 26 അവന്‍ തല കുനിച്ചു കര്‍ത്താവിനെ ആരാധിച്ചുകൊണ്ടു പറഞ്ഞു:27 എന്റെ യജമാനനായ അബ്രാഹത്തിന്റെ ദൈവമായ കര്‍ത്താവു വാഴ്ത്തപ്പെട്ടവന്‍. തന്റെ കാരുണ്യവും വിശ്വസ്ത തയും അവിടുന്ന് അവനില്‍നിന്നു പിന്‍വലിച്ചിട്ടില്ല. എന്റെ യജമാനന്റെ ചാര്‍ച്ചക്കാരുടെ വീട്ടിലേക്ക് അവിടുന്ന് എന്നെ നയിക്കുകയുംചെയ്തിരിക്കുന്നു. 28 പെണ്‍കുട്ടി ഓടിച്ചെന്ന് അമ്മയുടെ വീട്ടുകാരെ വിവരമറിയിച്ചു. 29 റബേക്കായ്ക്കു ലാബാന്‍ എന്നു പേരുള്ള ഒരു സഹോദരന്‍ ഉണ്ടായിരുന്നു. അവന്‍ ഉടനെ കിണറ്റുകരയില്‍ ആ മനുഷ്യന്റെ അടുത്തേക്ക് ഓടിച്ചെന്നു. 30 മോതിരവും വളകളും സഹോദരിയുടെ കൈകളില്‍ കാണുകയും ആ മനുഷ്യന്‍ ഇങ്ങനെ എന്നോടു സംസാരിച്ചു എന്ന് അവള്‍ പറഞ്ഞതുകേള്‍ക്കുകയും ചെയ്തപ്പോള്‍ ലാബാന്‍ അവന്റെ അടുത്തേക്കുചെന്നു. അവന്‍ അപ്പോഴും കിണറ്റുകരയില്‍ ഒട്ടകങ്ങളുടെ അടുത്തു നില്‍ക്കുകയായിരുന്നു. 31 ലാബാന്‍ പറഞ്ഞു: കര്‍ത്താവിനാല്‍ അനുഗ്രഹിക്കപ്പെട്ടവനേ, വരുക. എന്താണു പുറത്തു നില്‍ക്കുന്നത്? ഞാന്‍ വീടും ഒട്ടകങ്ങള്‍ക്കുള്ള സ്ഥലവും ഒരുക്കിയിട്ടുണ്ട്. അവന്‍ വീട്ടിലേക്കു കയറി. 32 ലാബാന്‍ ഒട്ടകങ്ങളുടെ ജീനി അഴിച്ചുമാറ്റി, തീറ്റയും കച്ചിയും കൊടുത്തു. അവനും കൂടെയുണ്ടായിരുന്നവര്‍ക്കും കാല്‍കഴുകാന്‍വെള്ളവും കൊടുത്തു. 33 അവര്‍ അവനു ഭക്ഷണം വിളമ്പി. എന്നാല്‍ അവന്‍ പറഞ്ഞു: വന്നകാര്യം പറയാതെ ഞാന്‍ ഭക്ഷണം കഴിക്കയില്ല. പറഞ്ഞുകൊള്ളുക, ലാബാന്‍ സമ്മതിച്ചു. 34 അവന്‍ പറഞ്ഞു: ഞാന്‍ അബ്രാഹത്തിന്റെ ഭൃത്യനാണ്. 35 കര്‍ത്താവ് എന്റെ യജമാനനെ സമൃദ്ധമായി അനുഗ്രഹിച്ചിരിക്കുന്നു. അവന്‍ സമ്പന്നനാണ്. ആടും മാടും പൊന്നും വെള്ളിയും വേലക്കാരും ഒട്ടകങ്ങളും കഴുതകളും അവിടുന്ന് അവനു കൊടുത്തിരിക്കുന്നു. 36 യജമാനന്റെ ഭാര്യ സാറാ വൃദ്ധയായപ്പോള്‍ അവന് അവളില്‍ ഒരു പുത്രന്‍ ജനിച്ചു. തനിക്കുള്ളതൊക്കെയജമാനന്‍ അവനാണു കൊടുത്തിരിക്കുന്നത്. 37 എന്റെ യജമാനന്‍ എന്നെക്കൊണ്ട് ഒരു സത്യം ചെയ്യിച്ചു: ഞാന്‍ പാര്‍ക്കുന്ന കാനാന്‍കാരുടെ നാട്ടില്‍നിന്ന് എന്റെ മകനു നീയൊരു വധുവിനെ തിരഞ്ഞെടുക്കരുത്. 38 മറിച്ച്, നീ എന്റെ പിതാവിന്റെ നാട്ടില്‍ എന്റെ ചാര്‍ച്ചക്കാരുടെയടുത്തു പോയി, എന്റെ മകന് ഒരു ഭാര്യയെ കണ്ടുപിടിക്കണം. 39 ഞാന്‍ ചോദിച്ചു: ഒരുവേള ആ പെണ്‍കുട്ടി എന്റെ കൂടെ വന്നില്ലെങ്കിലോ?40 അവന്‍ എന്നോടു പറഞ്ഞു: ഞാന്‍ സേവിക്കുന്ന കര്‍ത്താവു തന്റെ ദൂതനെ നിന്റെ മുന്‍പേ അയച്ച് നിന്റെ വഴി ശുഭമാക്കും. എന്റെ പിതാവിന്റെ വീട്ടില്‍നിന്ന്, എന്റെ ചാര്‍ച്ചക്കാരില്‍നിന്ന്, നീ എന്റെ മകന് ഒരു വധുവിനെ തിരഞ്ഞെടുക്കും. 41 എന്റെ ചാര്‍ച്ചക്കാരുടെയടുത്തു ചെല്ലുമ്പോള്‍ പ്രതിജ്ഞയില്‍നിന്ന് നീ വിമുക്തനാകും. അവര്‍ പെണ്‍കുട്ടിയെ നിനക്ക് വിട്ടുതന്നില്ലെങ്കിലും പ്രതിജ്ഞയില്‍നിന്ന് നീ വിമുക്തനായിരിക്കും. 42 ഞാന്‍ കിണറ്റുകരയില്‍ വന്നപ്പോള്‍ ഇങ്ങനെ പ്രാര്‍ഥിച്ചു: എന്റെ യജമാനനായ അബ്രാഹത്തിന്റെ ദൈവമായ കര്‍ത്താവേ, ഞാന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്ന കാര്യം അങ്ങ് ഇപ്പോള്‍ ശുഭ മാക്കണമേ. 43 ഇതാ, ഞാന്‍ ഈ കിണറ്റിന്‍കരെ നില്‍ക്കും. വെള്ളം കോരാന്‍ വരുന്ന പെണ്‍കുട്ടിയോട്, ദയവായി നിന്റെ കുടത്തില്‍നിന്ന് എനിക്കല്‍പം വെള്ളം കുടിക്കാന്‍ തരിക എന്നു ഞാന്‍ പറയും. 44 അപ്പോള്‍, കുടിച്ചാലും, അങ്ങയുടെ ഒട്ടകങ്ങള്‍ക്കും ഞാന്‍ വെള്ളം കോരിത്തരാമല്ലോ എന്നുപറയുന്ന പെണ്‍കുട്ടിയാവട്ടെ എന്റെ യജമാനന്റെ മകന് അവിടുന്നു കണ്ടുവച്ചിരിക്കുന്നവള്‍. 45 എന്റെ ഉള്ളില്‍ ഞാനിതു പറഞ്ഞുതീരുംമുമ്പ് തോളില്‍ കുടവുമായിവെള്ളം കോരാന്‍ റബേക്കാ വന്നു. അവള്‍ ഇറങ്ങിച്ചെന്ന് വെള്ളംകോരി. ഞാന്‍ അവളോട് എനിക്കല്‍പം കുടിക്കാന്‍ തരുക എന്നുപറഞ്ഞു. 46 അവള്‍ ഉടനെ കുടം തോളില്‍ നിന്നിറക്കി, ഇങ്ങനെ പറഞ്ഞു: കുടിച്ചാലും; അങ്ങയുടെ ഒട്ടകങ്ങള്‍ക്കും ഞാന്‍ കുടിക്കാന്‍ തരാം. ഞാന്‍ കുടിച്ചു. ഒട്ടകങ്ങള്‍ക്കും അവള്‍ വെള്ളം കൊടുത്തു. 47 അപ്പോള്‍, ഞാനവളോട് നീ ആരുടെ മകളാണ്? എന്നു ചോദിച്ചു. നാഹോറിനു മില്‍ക്കായില്‍ ജനിച്ച ബത്തുവേലിന്റെ മകളാണ് ഞാന്‍ എന്ന് അവള്‍ പറഞ്ഞു. അപ്പോള്‍ ഞാന്‍ അവള്‍ക്കു മോതിരവും വളകളും കൊടുത്തു. 48 അതിനുശേഷം എന്റെ യജമാനനായ അബ്രാഹത്തിന്റെ ദൈവമായ കര്‍ത്താവിനെ ഞാന്‍ താണുവണങ്ങി ആരാധിച്ചു. എന്റെ യജമാനന്റെ മകന് അവന്റെ സഹോദരന്റെ മകളെ വധുവായി തിരഞ്ഞെടുക്കുവാന്‍ എന്നെ നേര്‍വഴിക്കു നയിച്ച അവിടുത്തെ ഞാന്‍ സ്തുതിച്ചു. 49 അതുകൊണ്ട് എന്റെ യജമാനനോടു നിങ്ങള്‍ കാരുണ്യത്തോടും വിശ്വസ്തതയോടും കൂടിപെരുമാറുമെങ്കില്‍, അതു പറയുക, മറിച്ചാണെങ്കിലും പറയുക. എനിക്ക് അതനുസരിച്ചു പ്രവര്‍ത്തിക്കാമല്ലോ. 50 അപ്പോള്‍ ലാബാനും ബത്തുവേലും പറഞ്ഞു: ഇതു കര്‍ത്താവിന്റെ ഇഷ്ടമാണ്. ഇതിനെക്കുറിച്ച് ഗുണവും ദോഷവും ഞങ്ങള്‍ക്കു പറയാനില്ല. 51 ഇതാ, റബേക്കാ നിന്റെ മുമ്പില്‍ നില്‍ക്കുന്നു. അവളെകൊണ്ടുപോയ്‌ക്കൊള്ളുക. കര്‍ത്താവു തിരുവുള്ളമായതുപോലെ അവള്‍ നിന്റെ യജമാനന്റെ മകനു ഭാര്യയായിരിക്കട്ടെ. 52 ഈ വാക്കുകള്‍ കേട്ടപ്പോള്‍ അബ്രാഹത്തിന്റെ ഭൃത്യന്‍ താണുവീണു കര്‍ത്താവിനെ ആരാധിച്ചു. 53 അനന്തരം, അവന്‍ പൊന്നും വെള്ളിയും കൊണ്ടുള്ള ആഭരണങ്ങളും വസ്ത്രങ്ങളുമെടുത്തു റബേക്കായ്ക്കു കൊടുത്തു. അവളുടെ സഹോദരനും അമ്മയ്ക്കും വിലപിടിപ്പുള്ള സമ്മാനങ്ങളും അവന്‍ കൊടുത്തു. 54 അവനും കൂടെയുണ്ടായിരുന്നവരും ഭക്ഷിക്കുകയും പാനം ചെയ്യുകയും ആ രാത്രി അവിടെ ചെലവഴിക്കുകയും ചെയ്തു. പുലര്‍ച്ചയ്ക്ക് എഴുന്നേറ്റ് അവന്‍ പറഞ്ഞു: എന്നെയജമാനന്റെ അടുത്തേക്കു തിരിച്ചയയ്ക്കുക. 55 അവളുടെ അമ്മയും സഹോദരനും പറഞ്ഞു: കുറച്ചുനാള്‍കൂടി, പത്തു ദിവസമെങ്കിലും, അവളിവിടെ നില്‍ക്കട്ടെ. 56 അതു കഴിഞ്ഞ് അവള്‍ക്കു പോകാം. അവന്‍ പറഞ്ഞു: എന്നെതാമസിപ്പിക്കരുത്. കര്‍ത്താവ് എന്റെ വഴി ശുഭമാക്കിയിരിക്കകൊണ്ട്‌യജമാനന്റെ യടുക്കലേക്കു തിരിച്ചുപോകാന്‍ എന്നെ അനുവദിക്കുക. 57 നമുക്കു പെണ്‍കുട്ടിയെ വിളിച്ചുചോദിക്കാം എന്ന് അവര്‍ പറഞ്ഞു. 58 അവര്‍ റബേക്കായെ വിളിച്ച് നീ ഈ മനുഷ്യനോടുകൂടെപോകുന്നുവോ എന്നുചോദിച്ചു. ഞാന്‍ പോകുന്നു എന്ന് അവള്‍ മറുപടി പറഞ്ഞു. 59 അവര്‍ അവരുടെ സഹോദരി റബേക്കായെയും അവളുടെ തോഴിയെയും അബ്രാഹത്തിന്റെ ഭൃത്യനോടും അവന്റെ ആള്‍ക്കാരോടുംകൂടെ പറഞ്ഞയച്ചു. 60 അവര്‍ അവളെ ആശീര്‍വദിച്ചു പറഞ്ഞു: നീ ഞങ്ങളുടെ സഹോദരിയാണ്. നീ ആയിരങ്ങളുടെയും, പതിനായിരങ്ങളുടെയും അമ്മയായിത്തീരുക. തങ്ങളെ വെറുക്കുന്നവരുടെ വാതിലുകള്‍ നിന്റെ സന്തതികള്‍ പിടിച്ചെടുക്കട്ടെ. 61 റബേക്കായും തോഴിമാരും ഒട്ടകപ്പുറത്തു കയറി അവനെ അനുഗമിച്ചു. അങ്ങനെ റബേക്കായുമായി ഭൃത്യന്‍ പുറപ്പെട്ടു. 62 ആയിടയ്ക്ക് ഇസഹാക്ക് ബേര്‍ല്ഹായ്‌റോയില്‍നിന്നു പോന്ന് നെഗെബില്‍ താമസിക്കുകയായിരുന്നു. 63 ഒരുദിവസം വൈ കുന്നേരം അവന്‍ ചിന്താമഗ്‌നനായി വയലിലൂടെ നടക്കുകയായിരുന്നു. അവന്‍ തലപൊക്കി നോക്കിയപ്പോള്‍ ഒട്ടകങ്ങള്‍ വരുന്നതു കണ്ടു. 64 റബേക്കായും ശിരസ്‌സുയര്‍ത്തിനോക്കി. ഇസഹാക്കിനെ കണ്ടപ്പോള്‍ അവള്‍ ഒട്ടകപ്പുറത്തുനിന്നു താഴെയിറങ്ങി. 65 അവള്‍ ഭൃത്യനോടു ചോദിച്ചു: അങ്ങകലെ പാടത്തുകൂടി നമ്മുടെ നേരേ നടന്നുവരുന്ന മനുഷ്യന്‍ ആരാണ്? ഭൃത്യന്‍ പറഞ്ഞു: അവനാണ് എന്റെ യജമാനന്‍. ഉടനെ അവള്‍ ശിരോവസ്ത്രംകൊണ്ടു മുഖംമൂടി. 66 നടന്നതെല്ലാം ഭൃത്യന്‍ ഇസഹാക്കിനോടു പറഞ്ഞു. 67 ഇസഹാക്ക് അവളെ തന്റെ അമ്മ സാറായുടെ കൂടാരത്തിലേക്കു കൂട്ടിക്കൊണ്ടുപോയി. അവന്‍ അവളെ ഭാര്യയായി സ്വീകരിച്ചു. അവന്‍ അവളെ സ്‌നേഹിച്ചു. അങ്ങനെ അമ്മയുടെ വേര്‍പാടില്‍ ദുഃഖിച്ചിരുന്ന അവന് ആശ്വാസം ലഭിച്ചു. 


അദ്ധ്യായം 25 - അബ്രാഹത്തിന്റെ സന്തതികള്‍
1 അബ്രാഹം കെത്തൂറാ എന്നു പേരായ ഒരു സ്ത്രീയെ വിവാഹംചെയ്തു. 2 അവളില്‍ അവനു സിമ്‌റാന്‍, യോക്ഷാന്‍, മെദാന്‍, മിദിയാന്‍, ഇഷ്ബാക്ക്, ഷൂവാഹ് എന്നിവര്‍ ജനിച്ചു. 3 യോക്ഷാന് ഷെബായും ദദാനും ജനിച്ചു. ദദാന്റെ മക്കളാണ് അഷൂറിം, ലത്തുഷിം, ലവുമിം എന്നിവര്‍. 4 മിദിയാന്റെ മക്കള്‍ ഏഫാ, ഏഫെര്‍, ഹനോക്ക്, അബീദാ, എല്‍ദാ എന്നിവരാണ്. 5 ഇവര്‍ കെത്തൂറായുടെ സന്താനങ്ങളാണ്. അബ്രാഹം തനിക്കുണ്ടായിരുന്നതെല്ലാം ഇസഹാക്കിനു കൊടുത്തു. 6 തന്റെ ഉപനാരികളിലുണ്ടായ മക്കള്‍ക്കും അബ്രാഹം ധാരാളം സമ്മാനങ്ങള്‍ നല്‍കി. താന്‍ ജീവിച്ചിരുന്നപ്പോള്‍ത്തന്നെ അവരെയെല്ലാം മകനായ ഇസഹാക്കില്‍നിന്നു ദൂരെ, കിഴക്കന്‍ ദേശത്തേക്ക് അയച്ചു. 


അബ്രാഹത്തിന്റെ മരണം
7 അബ്രാഹത്തിന്റെ ആയുഷ്‌കാലം നൂറ്റെഴുപത്തഞ്ചുവര്‍ഷമായിരുന്നു. 8 തന്റെ വര്‍ഷങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ തികഞ്ഞവാര്‍ധക്യത്തില്‍ അബ്രാഹം അന്ത്യശ്വാസം വലിക്കുകയും തന്റെ ജനത്തോടു ചേരുകയും ചെയ്തു. 9 മക്കളായ ഇസഹാക്കും ഇസ്മായേലും മാമ്രേയുടെ എതിര്‍വശത്തു സോഹാര്‍ എന്ന ഹിത്യന്റെ മകനായ എഫ്രോണിന്റെ വകയായിരുന്ന മക്‌പെലാഗുഹയില്‍ അവനെ അടക്കി. 10 ഹിത്യരില്‍ നിന്ന് അബ്രാഹം വിലയ്ക്കു വാങ്ങിയതായിരുന്നു ആ വയല്‍. അവിടെ അബ്രാഹം ഭാര്യ സാറായോടൊപ്പം സംസ്‌കരിക്കപ്പെട്ടു. 11 അബ്രാഹത്തിന്റെ മരണത്തിനുശേഷം ദൈവം അവന്റെ പുത്രന്‍ ഇസഹാക്കിനെ അനുഗ്രഹിച്ചു. അവന്‍ ബേര്‍ല്ഹായ്‌റോയില്‍ പാര്‍ത്തു. 


ഇസ്മായേലിന്റെ സന്തതികള്‍
12 സാറായുടെ ദാസിയായ ഈജിപ്തുകാരി ഹാഗാറില്‍ അബ്രാഹത്തിനുണ്ടായ ഇസ്മായേലിന്റെ മക്കള്‍ ഇവരാണ്. 13 ജനനക്രമമനുസരിച്ച് ഇസ്മായേലിന്റെ മക്കളുടെ പേരു വിവരം: ഇസ്മായേലിന്റെ കടിഞ്ഞൂല്‍പുത്രന്‍ നെബായോത്ത്. തുടര്‍ന്ന് കേദാര്‍, അദ്‌ബേല്‍, മിബ്‌സാം,14 മിഷ്മാ, ദൂമാ, മസ്‌സാ,15 ഹദാദ്, തേമാ, യത്തൂര്‍, നഫീഷ്, കേദെമാ. 16 ഇവരാണ് ഇസ് മായേലിന്റെ പുത്രന്‍മാര്‍. ഗ്രാമങ്ങളും ആസ്ഥാനങ്ങളുമനുസരിച്ച് അവരുടെ വംശത്തിലെ പന്ത്രണ്ടു പ്രഭുക്കന്‍മാരുടെ പേരുകളാണിവ. 17 ഇസ്മായേലിന്റെ ആയുഷ്‌കാലം നൂറ്റിമുപ്പത്തേഴു വര്‍ഷമായിരുന്നു. അവന്‍ അന്ത്യശ്വാസം വലിക്കുകയും തന്റെ ബന്ധുക്കളോടു ചേരുകയും ചെയ്തു. 18 ഹവിലാ മുതല്‍ ഷൂര്‍വരെയുള്ള ദേശത്ത് അവര്‍ വാസമുറപ്പിച്ചു. അസ്‌സീറിയായിലേക്കുള്ള വഴിയില്‍ ഈജിപ്തിന്റെ എതിര്‍വശത്താണ് ഷൂര്‍. അവര്‍ ചാര്‍ച്ചക്കാരില്‍ നിന്നെല്ലാം അകന്നാണു ജീവിച്ചത്. 


ഏസാവും യാക്കോബും
19 അബ്രാഹത്തിന്റെ പുത്രനായ ഇസഹാക്കിന്റെ വംശാവലി: അബ്രാഹത്തിന്റെ മകന്‍ ഇസഹാക്ക്. 20 ഇസഹാക്കിനു നാല്‍പതു വയസ്‌സുള്ളപ്പോള്‍ അവന്‍ റബേക്കായെ ഭാര്യയായി സ്വീകരിച്ചു. അവള്‍ പാദാന്‍ആരാമിലുള്ള ബത്തുവേലിന്റെ പുത്രിയും ലാബാന്റെ സഹോദരിയുമായിരുന്നു. അവര്‍ അരമായരായിരുന്നു. 21 ഇസഹാക്ക് തന്റെ വന്ധ്യയായ ഭാര്യയ്ക്കു വേണ്ടി കര്‍ത്താവിനോടു പ്രാര്‍ഥിച്ചു. കര്‍ത്താവ് അവന്റെ പ്രാര്‍ഥന കേള്‍ക്കുകയും റബേക്കാ ഗര്‍ഭിണിയാവുകയും ചെയ്തു. 22 അവ ളുടെ ഉദരത്തില്‍ക്കിടന്നു കുഞ്ഞുങ്ങള്‍ മല്ലിട്ടപ്പോള്‍ അവള്‍ കര്‍ത്താവിനോടു ചോദിച്ചു: ഇങ്ങനെയെങ്കില്‍ എനിക്കെന്തു സംഭവിക്കും? അവള്‍ കര്‍ത്താവിന്റെ തിരുമന സ്‌സറിയാന്‍ പ്രാര്‍ഥിച്ചു. 23 കര്‍ത്താവ് അവളോട് അരുളിച്ചെയ്തു: രണ്ടു വംശങ്ങളാണ് നിന്റെ ഉദരത്തിലുള്ളത്. നിന്നില്‍നിന്നു പിറക്കുന്നവര്‍ രണ്ടു ജനതകളായിപ്പിരിയും. ഒന്ന് മറ്റേതിനെക്കാള്‍ ശക്തമായിരിക്കും. മൂത്തവന്‍ ഇളയവനു ദാസ്യവൃത്തി ചെയ്യും. 24 അവള്‍ക്കു മാസം തികഞ്ഞപ്പോള്‍ അവളുടെ ഉദരത്തില്‍ രണ്ടു ശിശുക്കള്‍. 25 ആദ്യം പുറത്തുവന്നവന്‍ ചെമന്നിരുന്നു. അവന്റെ ദേഹം മുഴുവന്‍ രോമക്കുപ്പായമിട്ടതുപോലെയായിരുന്നു. അവര്‍ അവന് ഏസാവ് എന്നു പേരിട്ടു. 26 അതിനുശേഷം അവന്റെ സഹോദരന്‍ പുറത്തുവന്നു. ഏസാവിന്റെ കുതികാലില്‍ അവന്‍ പിടിച്ചിരുന്നു. അവനെ യാക്കോബ് എന്നുവിളിച്ചു. ഇസഹാക്കിന് അറുപതു വയസ്‌സായപ്പോഴാണ് അവള്‍ അവരെ പ്രസവിച്ചത്. 


കടിഞ്ഞൂലവകാശം
27 കുട്ടികള്‍ വളര്‍ന്നുവന്നു. ഏസാവ് നായാട്ടില്‍ സമര്‍ഥനും കൃഷിക്കാരനുമായി. യാക്കോബ് ശാന്തനായിരുന്നു. അവന്‍ കൂടാരങ്ങളില്‍ പാര്‍ത്തു. 28 വേട്ടയാടി കൊണ്ടുവന്നിരുന്ന മാംസം തിന്നാന്‍ കിട്ടിയിരുന്നതിനാല്‍ ഇസഹാക്ക് ഏസാവിനെ വളരെയ ധികം സ്‌നേഹിച്ചിരുന്നു. റബേക്കായ്ക്ക് യാക്കോബിനോടായിരുന്നു കൂടുതല്‍ സ്‌നേഹം. 29 ഒരിക്കല്‍ യാക്കോബ് പായസമുണ്ടാക്കിക്കൊണ്ടിരുന്നപ്പോള്‍ ഏസാവ് വിശന്നുതളര്‍ന്നു വയലില്‍നിന്നുവന്നു. 30 അവന്‍ യാക്കോബിനോടു പറഞ്ഞു: ആ ചെമന്ന പായസം കുറച്ച് എനിക്കു തരുക; ഞാന്‍ വളരെ ക്ഷീണിച്ചിരിക്കുന്നു. അതിനാല്‍ അവന് ഏദോം എന്നു പേരുണ്ടായി. 31 യാക്കോബ് പ്രതിവചിച്ചു: ആദ്യം നിന്റെ കടിഞ്ഞൂല വകാശം എനിക്കു വിട്ടുതരുക. 32 ഏസാവു പറഞ്ഞു: ഞാന്‍ വിശന്നു ചാകാറായി. കടിഞ്ഞൂലവകാശം കൊണ്ട് എനിക്കിനി എന്തു പ്രയോജനം?33 യാക്കോബ് പറഞ്ഞു: ആദ്യം എന്നോടു ശപഥം ചെയ്യുക. ഏസാവ് ശപഥം ചെയ്തു. അവന്‍ തന്റെ കടിഞ്ഞൂലവകാശം യാക്കോബിനു വിട്ടുകൊടുത്തു. 34 യാക്കോബ് അവന് അപ്പവും പയറുപായ സവും കൊടുത്തു. തീറ്റിയും കുടിയും കഴിഞ്ഞ് അവന്‍ എഴുന്നേറ്റുപോയി. അങ്ങനെ ഏസാവ് തന്റെ കടിഞ്ഞൂലവകാശം നിസ്സാരമായി കരുതി. 


അദ്ധ്യായം 26 - ഇസഹാക്കും അബിമെലക്കും
1 അബ്രാഹത്തിന്റെ കാലത്തുണ്ടായ തിനു പുറമേ, മറ്റൊരു ക്ഷാമം കൂടി ആ നാട്ടിലുണ്ടായി. ഇസഹാക്ക് ഗരാറില്‍ ഫിലിസ്ത്യരുടെ രാജാവായ അബിമെലക്കിന്റെ അടുത്തേക്കു പോയി. 2 കര്‍ത്താവു പ്രത്യക്ഷപ്പെട്ട് അവനോടു പറഞ്ഞു: ഈജിപ്തിലേക്കു പോകരുത്; ഞാന്‍ പറയുന്ന നാട്ടില്‍ പാര്‍ക്കുക. 3 ഈ നാട്ടില്‍ത്തന്നെ കഴിഞ്ഞുകൂടുക. ഞാന്‍ നിന്റെ കൂടെയുണ്ടായിരിക്കും. നിന്നെ ഞാന്‍ അനുഗ്രഹിക്കുകയുംചെയ്യും. നിനക്കും നിന്റെ പിന്‍തലമുറക്കാര്‍ക്കും ഈ പ്രദേശമെല്ലാം ഞാന്‍ തരും. നിന്റെ പിതാവായ അബ്രാഹത്തോടുചെയ്ത വാഗ്ദാനം ഞാന്‍ നിറവേറ്റും. 4 ആകാശത്തിലെ നക്ഷത്രങ്ങള്‍ പോലെ നിന്റെ സന്തതികളെ ഞാന്‍ വര്‍ധിപ്പിക്കും. ഈ ദേശമെല്ലാം അവര്‍ക്കു ഞാന്‍ നല്‍കും. നിന്റെ സന്തതികളിലൂടെ ഭൂമിയിലെ ജന തകളെല്ലാം അനുഗ്രഹിക്കപ്പെടും. 5 കാരണം, അബ്രാഹം എന്റെ സ്വരം കേള്‍ക്കുകയും എന്റെ നിര്‍ദേശങ്ങളും കല്‍പനകളും പ്രമാണങ്ങളും നിയമങ്ങളും പാലിക്കുകയുംചെയ്തു. 6 ഇസഹാക്ക് ഗരാറില്‍ത്തന്നെതാമസിച്ചു. 7 അന്നാട്ടുകാര്‍ അവന്റെ ഭാര്യയെക്കുറിച്ചു ചോദിച്ചപ്പോള്‍, അവള്‍ എന്റെ സഹോദരിയാണ് എന്ന് അവന്‍ പറഞ്ഞു. അവള്‍ ഭാര്യയാണെന്നു പറയാന്‍ അവനുപേടിയായിരുന്നു. കാരണം, അവള്‍ അഴകുള്ളവളായിരുന്നതുകൊണ്ട് റബേക്കായ്ക്കുവേണ്ടി നാട്ടുകാര്‍ തന്നെ കൊല്ലുമെന്ന് അവന്‍ വിാരിച്ചു. 8 അവന്‍ അവിടെ പാര്‍പ്പു തുടങ്ങി. ഏറെനാളുകള്‍ക്കുശേഷം, ഒരു ദിവസം ഫിലിസ്ത്യരുടെ രാജാവായ അബിമെലക്ക് ജനാലയിലൂടെ നോക്കിയപ്പോള്‍ ഇസഹാക്ക് ഭാര്യ റബേക്കായെ ആലിംഗനം ചെയ്യുന്നതു കണ്ടു. 9 അബിമെലക്ക് ഇസഹാക്കിനെ വിളിച്ചു ചോദിച്ചു: അവള്‍ നിന്റെ ഭാര്യയാണല്ലോ. പിന്നെയെന്താണ് സഹോദരിയാണ് എന്നു പറഞ്ഞത്? അവന്‍ മറുപടി പറഞ്ഞു: അവള്‍ മൂലം മരിക്കേണ്ടിവന്നെങ്കിലോ എന്നോര്‍ത്താണ് ഞാന്‍ അങ്ങനെ പറഞ്ഞത്. 10 അബിമെലക്ക് ചോദിച്ചു: നീയെന്തിനാണ് ഞങ്ങളോടിതു ചെയ്തത്? ജനങ്ങളിലാരെങ്കിലും നിന്റെ ഭാര്യയോടൊത്തു ശയിക്കുകയും അങ്ങനെ വലിയൊരപരാധം നീ ഞങ്ങളുടെമേല്‍ വരുത്തിവയ്ക്കുകയും ചെയ്യുമായിരുന്നല്ലോ. 11 അതുകൊണ്ട്, അബിമെലക്ക് ജനങ്ങള്‍ക്കെല്ലാം താക്കീതു നല്‍കി: ഈ മനുഷ്യനെയോ അവന്റെ ഭാര്യയെയോ ആരെങ്കിലും തൊട്ടുപോയാല്‍ അവന്‍ വധിക്കപ്പെടും. 12 ഇസഹാക്ക് ആ നാട്ടില്‍ കൃഷിയിറക്കുകയും അക്കൊല്ലംതന്നെ നൂറുമേനി വിളവെ ടുക്കുകയും ചെയ്തു. കര്‍ത്താവ് അവനെ അനുഗ്രഹിച്ചു. 13 അവന്‍ അഭിവൃദ്ധിപ്പെട്ടുകൊണ്ടേയിരുന്നു. ക്രമേണ അവന്‍ വലിയ സമ്പന്നനാവുകയും ചെയ്തു. 14 അവന് ധാരാളം ആടുമാടുകളും പരിചാരകരും ഉണ്ടായിരുന്നു. അതുകൊണ്ട്, ഫിലിസ്ത്യര്‍ക്ക് അവനോട് അസൂയതോന്നി. 15 അവന്റെ പിതാവായ അബ്രാഹത്തിന്റെ വേലക്കാര്‍ കുഴിച്ച കിണറുകളെല്ലാം ഫിലിസ്ത്യര്‍ മണ്ണിട്ടു മൂടി. 16 അബിമെലക്ക് ഇസഹാക്കിനോടു പറഞ്ഞു: ഞങ്ങളെ വിട്ടുപോവുക. നീ ഞങ്ങളെക്കാള്‍ കൂടുതല്‍ ശക്തനായിരിക്കുന്നു. 17 ഇസഹാക്ക് അവിടെ നിന്നു പുറപ്പെട്ട് ഗരാറിന്റെ താഴ്‌വരയില്‍ കൂടാരമടിച്ചു. 18 തന്റെ പിതാവായ അബ്രാഹത്തിന്റെ കാലത്ത് കുഴിച്ചതും അവന്റെ മരണശേഷം ഫിലിസ്ത്യര്‍ നികത്തിക്കളഞ്ഞതുമായ കിണറുകളെല്ലാം ഇസഹാക്ക് വീണ്ടും കുഴിച്ചു; തന്റെ പിതാവു കൊടുത്ത പേരുകള്‍തന്നെ അവയ്ക്കു നല്‍കുകയും ചെയ്തു. 19 താഴ്‌വരയില്‍ കിണര്‍ കുഴിച്ചുകൊണ്ടിരിക്കേ ഇസഹാക്കിന്റെ വേലക്കാര്‍ ഒരു നീരുറവ കണ്ടെണ്ടത്തി. 20 ഗരാറിലെ ഇടയന്‍മാര്‍ ഇതുഞങ്ങളുടെ ഉറവയാണ് എന്നുപറഞ്ഞ് ഇസഹാക്കിന്റെ ഇടയന്‍മാരുമായി വഴക്കുണ്ടാക്കി. അവര്‍ തന്നോടു വഴക്കിനു വന്നതുകൊണ്ട് അവന്‍ ആ കിണറിന് ഏസെക്ക് എന്നു പേരിട്ടു. 21 അവര്‍ വീണ്ടും ഒരു കിണര്‍ കുഴിച്ചു. അതിനെച്ചൊല്ലിയും വഴക്കുണ്ടായി. അതുകൊണ്ട്, അതിനെ അവന്‍ സിത്‌നാ എന്നു വിളിച്ചു. 22 അവിടെനിന്നുമാറി അകലെ അവര്‍ വേറൊരു കിണര്‍ കുഴിച്ചു. അതിന്റെ പേരില്‍ വഴക്കുണ്ടായില്ല. അവന്‍ അതിനു റഹോബോത്ത് എന്നു പേരിട്ടു. കാരണം, അവന്‍ പറഞ്ഞു: കര്‍ത്താവ് ഞങ്ങള്‍ക്ക് ഇടം തന്നിരിക്കുന്നു. ഭൂമിയില്‍ ഞങ്ങള്‍ സമൃദ്ധിയുളളവരാകും. 23 അവിടെനിന്ന് അവന്‍ ബേര്‍ഷെബായിലേക്കു പോയി. 24 ആ രാത്രിതന്നെ കര്‍ത്താവ് അവനു പ്രത്യക്ഷപ്പെട്ട് അരുളിച്ചെയ്തു: നിന്റെ പിതാവായ അബ്രാഹത്തിന്റെ ദൈവമാണു ഞാന്‍; നീ ഭയപ്പെടേണ്ടാ, ഞാന്‍ നിന്നോടുകൂടെയുണ്ട്. എന്റെ ദാസനായ അബ്രാഹത്തെപ്രതി ഞാന്‍ നിന്നെ അനുഗ്രഹിക്കും; നിന്റെ സന്തതികളെ വര്‍ധിപ്പിക്കുകയും ചെയ്യും. 25 അതിനാല്‍ അവന്‍ അവിടെ ഒരു ബലിപീഠം നിര്‍മിച്ചു; കര്‍ത്താവിന്റെ നാമം വിളിച്ച് അപേക്ഷിച്ചു. അവന്‍ അവിടെ കൂടാരമടിച്ചു. ഇസഹാക്കിന്റെ ഭൃത്യന്‍മാര്‍ അവിടെ ഒരു കിണര്‍ കുഴിച്ചു. 26 ഗരാറില്‍നിന്ന് അബിമെലക്ക് തന്റെ ആലോചനക്കാരനായ അഹൂസ്‌സത്തും, സേനാധിപനായ ഫിക്കോളും ഒരുമിച്ച് ഇസഹാക്കിനെ കാണാന്‍ ചെന്നു. 27 അവന്‍ അവരോടു ചോദിച്ചു: എന്നെ വെറുക്കുകയും നിങ്ങളുടെ നാട്ടില്‍നിന്നു പുറത്താക്കുകയുംചെയ്ത നിങ്ങള്‍ എന്തിന് എന്റെയടുക്കലേക്കു വന്നു?28 അവര്‍ പറഞ്ഞു: കര്‍ത്താവ് നിന്നോടുകൂടെയുണ്ടെന്ന് ഞങ്ങള്‍ക്കു വ്യക്തമായിരിക്കുന്നു. അതുകൊണ്ട് നാം തമ്മില്‍ സത്യംചെയ്ത് ഒരുടമ്പടി ഉണ്ടാക്കുക നല്ലതെന്നു ഞങ്ങള്‍ക്കു തോന്നി. 29 ഞങ്ങള്‍ നിന്നെ ഉപദ്രവിക്കാതിരിക്കുകയും നിനക്കു നന്‍മമാത്രം ചെയ്യുകയും സമാധാനത്തില്‍ നിന്നെ പറഞ്ഞയയ്ക്കുകയും ചെയ്തതുപോലെ, നീയും ഞങ്ങളെ ഉപദ്രവിക്കാതിരിക്കണം. നീ ഇപ്പോള്‍ കര്‍ത്താവിനാല്‍ അനുഗൃഹീതനാണ്. 30 അവന്‍ അവര്‍ക്കൊരു വിരുന്നൊരുക്കി. അവര്‍ തിന്നുകയും കുടിക്കുകയുംചെയ്തു. 31 രാവിലെ അവര്‍ എഴുന്നേറ്റ് അന്യോന്യം സത്യംചെയ്തു. ഇസഹാക്ക് അവരെയാത്രയാക്കി. അവര്‍ സമാധാനത്തോടെ അവനെ വിട്ടുപോയി. 32 അന്നുതന്നെ ഇസഹാക്കിന്റെ വേലക്കാര്‍ വന്ന് തങ്ങള്‍ കുഴിച്ചുകൊണ്ടിരിക്കുന്ന കിണറ്റില്‍ വെള്ളം കണ്ടെന്ന് അവനെ അറിയിച്ചു. 33 അവന്‍ അതിനു ഷെബാ എന്നു പേരിട്ടു. അതിനാല്‍ ഇന്നും ആ പട്ടണത്തിന്‌ബേര്‍ഷെബാ എന്നാണു പേര്. 34 നാല്‍പതു വയസ്‌സായപ്പോള്‍ ഏസാവ് ഹിത്യനായ ബേരിയുടെ പുത്രിയൂദിത്തിനെയും ഹിത്യനായ ഏലോണിന്റെ പുത്രി ബാസ്മത്തിനെയും വിവാഹം ചെയ്തു. 35 അവര്‍ ഇസഹാക്കിന്റെയും റബേക്കായുടെയും ജീവിതം ദുഃഖപൂര്‍ണമാക്കി. 


അദ്ധ്യായം 27 - യാക്കോബിന് അനുഗ്രഹം
1 ഇസഹാക്കിനു പ്രായമായി. കണ്ണിനു കാഴ്ച കുറഞ്ഞു. അവന്‍ മൂത്തമകന്‍ ഏസാവിനെ വിളിച്ചു: എന്റെ മകനേ! ഇതാ ഞാന്‍, അവന്‍ വിളി കേട്ടു. 2 ഇസഹാക്ക് പറഞ്ഞു: എനിക്കു വയസ്‌സായി. എന്നാണു ഞാന്‍ മരിക്കുകയെന്ന് അറിഞ്ഞുകൂടാ. 3 നിന്റെ ആയുധങ്ങളായ അമ്പും വില്ലുമെടുത്തു വയ ലില്‍ പോയി വേട്ടയാടി കുറെകാട്ടിറച്ചികൊണ്ടുവരിക. 4 എനിക്കിഷ്ടപ്പെട്ട രീതിയില്‍ രുചികരമായി പാകംചെയ്ത് എന്റെ മുന്‍പില്‍ വിളമ്പുക. അതു ഭക്ഷിച്ചിട്ട് നിന്നെ ഞാന്‍ മരിക്കും മുന്‍പേ അനുഗ്രഹിക്കട്ടെ. 5 ഇസഹാക്ക് ഏസാവിനോടു പറയുന്നതു റബേക്കാ കേള്‍ക്കുന്നുണ്ടായിരുന്നു. ഏസാവ് കാട്ടിറച്ചിതേടി വയലിലേക്കു പോയി. 6 അപ്പോള്‍ അവള്‍ യാക്കോബിനോടു പറഞ്ഞു: നിന്റെ പിതാവു നിന്റെ സഹോദര നായ ഏസാവിനോട്,7 നായാട്ടിറച്ചി കൊണ്ടുവന്നു രുചികരമായി പാകംചെയ്ത് എന്റെ മുന്‍പില്‍ വിളമ്പുക. ഞാന്‍ മരിക്കുംമുമ്പ് അതു ഭക്ഷിച്ചിട്ടു ദൈവത്തിന്റെ മുന്‍പില്‍ നിന്നെ അനുഗ്രഹിക്കട്ടെ എന്നു പറയുന്നതു ഞാന്‍ കേട്ടു. 8 അതുകൊണ്ട് മകനേ, നീ ഇപ്പോള്‍ എന്റെ വാക്കനുസരിച്ചു പ്രവര്‍ത്തിക്കുക. 9 ആട്ടിന്‍കൂട്ടത്തില്‍നിന്നു രണ്ടു നല്ല കുഞ്ഞാടുകളെ പിടിച്ചുകൊണ്ടുവരുക. ഞാന്‍ അവകൊണ്ടു നിന്റെ പിതാവിന് ഇഷ്ടപ്പെട്ട രുചികരമായ ഭക്ഷണം ഉണ്ടാക്കാം. 10 നീ അതു പിതാവിന്റെ യടുക്കല്‍കൊണ്ടുചെല്ലണം. അപ്പോള്‍ അദ്‌ദേഹം മരിക്കുംമുമ്പ് അതു ഭക്ഷിച്ചു നിന്നെ അനുഗ്രഹിക്കും. 11 യാക്കോബ് അമ്മ റബേക്കായോടു പറഞ്ഞു: ഏസാവ് ശരീരമാകെ രോമമുള്ളവനാണ്, എന്നാല്‍ എന്റെ ദേഹം മിനുസമുള്ളതാണ്. 12 പിതാവ് എന്നെ തൊട്ടുനോക്കുകയും ഞാന്‍ കബളിപ്പിക്കുകയാണെന്നു മനസ്‌സിലാക്കുകയും ചെയ്താല്‍ അനുഗ്രഹത്തിനു പകരം ശാപമായിരിക്കില്ലേ എനിക്കു ലഭിക്കുക?13 അവന്റെ അമ്മ പറഞ്ഞു: ആ ശാപം എന്റെ മേലായിരിക്കട്ടെ. മകനേ, ഞാന്‍ പറയുന്നതു കേള്‍ക്കുക. പോയി അവകൊണ്ടു വരുക. 14 അവന്‍ പോയി അവയെ പിടിച്ച് അമ്മയുടെ മുന്‍പില്‍ കൊണ്ടുവന്നു. അവള്‍ അവന്റെ പിതാവിന് ഇഷ്ടപ്പെട്ട രുചികരമായ ഭക്ഷണം തയ്യാറാക്കി. 15 അവള്‍ മൂത്തമകന്‍ ഏസാവിന്‍േറ തായി, തന്റെ പക്കല്‍ വീട്ടിലിരുന്ന ഏററവും വിലപ്പെട്ട വസ്ത്രങ്ങളെടുത്ത് ഇളയ മകന്‍ യാക്കോബിനെ ധരിപ്പിച്ചു;16 ആട്ടിന്‍ തോലുകൊണ്ട് അവന്റെ കൈകളും കഴുത്തിലെ മിനുസമുളള ഭാഗവും മൂടി. 17 പാകം ചെയ്ത രുചികരമായ മാംസവും അപ്പവും അവള്‍ യാക്കോബിന്റെ കൈയില്‍ കൊ ടുത്തു. 18 യാക്കോബ് പിതാവിന്റെ യടുക്കല്‍ച്ചെന്ന് വിളിച്ചു: എന്റെ പിതാവേ! ഇതാ ഞാന്‍, അവന്‍ വിളികേട്ടു. നീയാരാണ് മകനേ എന്ന് അവന്‍ ചോദിച്ചു. 19 യാക്കോബ് മറുപടി പറഞ്ഞു: അങ്ങയുടെ കടിഞ്ഞൂല്‍പ്പുത്രന്‍ ഏസാവാണു ഞാന്‍. അങ്ങ് ആവ ശ്യപ്പെട്ടതുപോലെ ഞാന്‍ ചെയ്തിരിക്കുന്നു. എഴുന്നേറ്റ് എന്റെ നായാട്ടിറച്ചി ഭക്ഷിച്ച് എന്നെ അനുഗ്രഹിച്ചാലും. 20 എന്നാല്‍ ഇസഹാക്ക് ചോദിച്ചു: എന്റെ മകനേ, നിനക്ക് ഇത് ഇത്രവേഗം എങ്ങനെ കിട്ടി? യാക്കോബു പറഞ്ഞു: അങ്ങയുടെ ദൈവമായ കര്‍ത്താവ് ഇതിനെ എന്റെ മുന്‍പില്‍ കൊണ്ടുവന്നു. 21 അപ്പോള്‍ ഇസഹാക്ക് യാക്കോബിനോടു പറഞ്ഞു: അടുത്തുവരിക മകനേ, ഞാന്‍ നിന്നെ തൊട്ടുനോക്കി നീ എന്റെ മകന്‍ ഏസാവു തന്നെയോ എന്നറിയട്ടെ. 22 യാക്കോബ് പിതാവായ ഇസഹാക്കിന്റെ യടുത്തുചെന്നു. അവനെ തടവിനോക്കിയിട്ട് ഇസഹാക്കു പറഞ്ഞു: സ്വരം യാക്കോബിന്റെതാണ്, എന്നാല്‍ കൈകള്‍ ഏസാവിന്റെ തും. 23 ഇസഹാക്ക് അവനെ തിരിച്ചറിഞ്ഞില്ല. കാരണം, അവന്റെ കൈ കള്‍ സഹോദരനായ ഏസാവിന്റെ കൈ കള്‍പോലെ രോമം നിറഞ്ഞതായിരുന്നു. ഇസഹാക്ക് അവനെ അനുഗ്രഹിച്ചു. 24 അവന്‍ ചോദിച്ചു: സത്യമായും നീ എന്റെ മകന്‍ ഏസാവുതന്നെയാണോ? അതേ, എന്ന് അവന്‍ മറുപടി പറഞ്ഞു. 25 ഇസഹാക്കു പറഞ്ഞു: എന്റെ മകനേ, നിന്റെ നായാട്ടിറച്ചി കൊണ്ടുവരുക. അതു തിന്നിട്ട് ഞാന്‍ നിന്നെ അനുഗ്രഹിക്കട്ടെ. ഇസഹാക്ക് അതു ഭക്ഷിക്കുകയും അവന്‍ കൊണ്ടുവന്നവീഞ്ഞു കുടിക്കുകയും ചെയ്തു. 26 ഇസഹാക്ക് അവനോടു പറഞ്ഞു: നീ അ ടുത്തുവന്ന് എന്നെ ചുംബിക്കുക. 27  അവന്‍ ചുംബിച്ചപ്പോള്‍ ഇസഹാക്ക് അവന്റെ ഉടുപ്പു മണത്തു നോക്കി, അവനെ അനുഗ്രഹിച്ചു. കര്‍ത്താവു കനിഞ്ഞ് അനുഗ്രഹിച്ചവയലിന്റെ മണമാണ് എന്റെ മകന്‍േറ തെന്ന് അവന്‍ പറഞ്ഞു. 28 ആകാശത്തിന്റെ മഞ്ഞും ഭൂമിയുടെ ഫലപുഷ്ഠിയും ദൈവം നിനക്കു നല്‍കട്ടെ!29 ധാന്യവും വീഞ്ഞും സമൃദ്ധമാവട്ടെ! ജനതകള്‍ നിനക്കു സേവ ചെയ്യട്ടെ! രാജ്യങ്ങള്‍ നിന്റെ മുമ്പില്‍ തലകുനിക്കട്ടെ! നിന്റെ സഹോദരര്‍ക്കു നീ നാഥനായിരിക്കുക! നിന്റെ അമ്മയുടെ പുത്രന്‍മാര്‍ നിന്റെ മുന്‍പില്‍ തല കുനിക്കട്ടെ! നിന്നെ ശപിക്കുന്നവന്‍ ശപ്തനും അനുഗ്രഹിക്കുന്നവന്‍ അനുഗൃഹീതനുമാകട്ടെ!


ഏസാവ് അനുഗ്രഹംയാചിക്കുന്നു
30 ഇസഹാക്ക് യാക്കോബിനെ അനുഗ്ര ഹിക്കുകയും യാക്കോബ് അവന്റെ മുന്‍ പില്‍നിന്നു പുറത്തുകടക്കുകയും ചെയ്തപ്പോള്‍ നായാട്ടുകഴിഞ്ഞ് ഏസാവു തിരിച്ചെത്തി. 31 അവനും പിതാവിനിഷ്ടപ്പെട്ട ഭക്ഷണം തയ്യാറാക്കി, പിതാവിന്റെ അടുക്കല്‍കൊണ്ടുവന്നിട്ടു പറഞ്ഞു: പിതാവേ, എഴുന്നേറ്റ് അങ്ങയുടെ മകന്റെ നായാട്ടിറച്ചി ഭക്ഷിച്ച് എന്നെ അനുഗ്രഹിച്ചാലും. 32 നീ ആരാണ്? ഇസഹാക്കു ചോദിച്ചു. അവന്‍ പറഞ്ഞു: അങ്ങയുടെ കടിഞ്ഞൂല്‍പുത്രന്‍ ഏസാവാണ് ഞാന്‍. 33 ഇസഹാക്ക് അത്യധികം പരിഭ്രമിച്ചു വിറയ്ക്കാന്‍ തുടങ്ങി. അവന്‍ ചോദിച്ചു: നായാട്ടിറച്ചിയുമായി നിനക്കുമുന്‍പ് എന്റെ മുന്‍പില്‍ വന്നത് ആരാണ്? ഞാന്‍ അതു തിന്നുകയും അവനെ അനുഗ്രഹിക്കുകയും ചെയ്തല്ലോ. അവന്‍ അനുഗ്രഹിക്കപ്പെട്ടവനായിരിക്കും. 34 പിതാവിന്റെ വാക്കു കേട്ടപ്പോള്‍ ഏസാവ് അതീവ ദുഃഖത്തോടെ കരഞ്ഞു. പിതാവേ, എന്നെയും അനുഗ്രഹിക്കുക, അവന്‍ അപേക്ഷിച്ചു. 35 ഇസഹാക്കു പറഞ്ഞു: നിന്റെ സഹോദരന്‍ എന്നെ കബളിപ്പിച്ചു നിനക്കുള്ള വരം എന്നില്‍നിന്നു തട്ടിയെടുത്തു. 36 ഏസാവുപറഞ്ഞു: വെറുതെയാണോ അവനെ യാക്കോബ് എന്നു വിളിക്കുന്നത്? രണ്ടു തവണ അവന്‍ എന്നെ ചതിച്ചു; കടിഞ്ഞൂലവകാശം എന്നില്‍ നിന്ന് അവന്‍ കൈക്കലാക്കി. ഇപ്പോഴിതാ എനിക്കുള്ള അനുഗ്രഹവും അവന്‍ തട്ടിയെടുത്തിരിക്കുന്നു. വീണ്ടും അവന്‍ പിതാവിനോടു ചോദിച്ചു: എനിക്കുവേണ്ടി ഒരുവരം പോലും അങ്ങു നീക്കിവച്ചിട്ടില്ലേ?37 ഇസഹാക്കു പറഞ്ഞു: ഞാന്‍ അവനെ നിന്റെ യജമാനനാക്കി; അവന്റെ സഹോദരന്‍മാരെ അവന്റെ ദാസന്‍മാരും. ധാന്യവും വീഞ്ഞുംകൊണ്ടു ഞാന്‍ അവനെ ധന്യനാക്കി. മകനേ, നിനക്കു വേണ്ടി എന്താണ് എനിക്കിനി ചെയ്യാന്‍ കഴിയുക?38 എന്റെ പിതാവേ, ഒറ്റ വരമേ അങ്ങയുടെ പക്കല്‍ ഉള്ളോ? എന്നെയും അനുഗ്രഹിക്കുക എന്നുപറഞ്ഞ് അവന്‍ പൊട്ടിക്കരഞ്ഞു. 39 അപ്പോള്‍ ഇസഹാക്ക് പറഞ്ഞു: ആകാശത്തിന്റെ മഞ്ഞില്‍നിന്നും ഭൂമിയുടെ ഫലപുഷ്ഠിയില്‍നിന്നും നീ അകന്നിരിക്കും. 40 വാളുകൊണ്ടു നീ ജീവിക്കും. നിന്റെ സഹോദരനു നീ ദാസ്യവൃത്തി ചെയ്യും. എന്നാല്‍ സ്വതന്ത്രനാകുമ്പോള്‍ ആ നുകം നീ തകര്‍ത്തുകളയും. 


യാക്കോബ് ലാബാന്റെ അടുക്കലേക്ക്
41 പിതാവ് യാക്കോബിനു നല്‍കിയ അനുഗ്രഹം മൂലം ഏസാവ് യാക്കോബിനെ വെറുത്തു. അവന്‍ ആത്മഗതം ചെയ്തു: പിതാവിനെപ്പറ്റി വിലപിക്കാനുള്ള ദിവസങ്ങള്‍ അടുത്തുവരുന്നുണ്ട്. അപ്പോള്‍ ഞാന്‍ അവനെ കൊല്ലും. 42 മൂത്തമകനായ ഏസാവിന്റെ വാക്കുകള്‍ റബേക്കായുടെ ചെവിയിലെത്തി. അവള്‍ ഇളയവനായ യാക്കോബിനെ വിളിച്ചു പറഞ്ഞു: നിന്നെ കൊല്ലാമെന്നോര്‍ത്ത് നിന്റെ ജ്യേഷ്ഠന്‍ ആശ്വസിച്ചിരിക്കുകയാണ്. 43 മകനേ, ഞാന്‍ പറയുന്നതു കേള്‍ക്കുക. ഹാരാനിലുള്ള എന്റെ സഹോദരനായ ലാബാന്റെ അടുത്തേക്ക് ഓടി രക്ഷപെടുക. 44 നിന്റെ ജ്യേഷ്ഠന്റെ രോഷമടങ്ങുവോളം നീ അവിടെ താമസിക്കുക. 45 ജ്യേഷ്ഠനു നിന്നോടുള്ള കോപം അടങ്ങുകയും നീ ചെയ്തതൊക്കെ മറക്കുകയും ചെയ്യട്ടെ. അപ്പോള്‍ ഞാന്‍ ആളയച്ചു നിന്നെ ഇങ്ങോട്ടു വരുത്താം. 46 ഒരു ദിവസംതന്നെ നിങ്ങള്‍ രണ്ടുപേരും എനിക്കു നഷ്ടപ്പെടുന്നതെന്തിന്? അതു കഴിഞ്ഞ് റബേക്കാ ഇസഹാക്കിനോടു പറഞ്ഞു: ഈ ഹിത്യസ്ത്രീകള്‍മൂലം എനിക്കു ജീവിതം മടുത്തു. ഈ നാട്ടുകാരായ ഇവരെപ്പോലെയുള്ള ഹിത്യസ്ത്രീകളില്‍നിന്ന് ഒരുവളെ യാക്കോബും വിവാഹംകഴിച്ചാല്‍ പിന്നെ ഞാനെന്തിനു ജീവിക്കണം?.


അദ്ധ്യായം 28 
1 ഇസഹാക്ക് യാക്കോബിനെ വിളിച്ച് അനുഗ്രഹിച്ചുകൊണ്ടു പറഞ്ഞു: കാനാന്യസ്ത്രീകളില്‍ ആരെയും നീ വിവാഹം കഴിക്കരുത്. 2 പാദാന്‍ആരാമില്‍ നിന്റെ അമ്മയുടെ പിതാവായ ബത്തുവേലിന്റെ വീട്ടിലേക്കു പോവുക. അമ്മയുടെ സഹോദരനായ ലാബാന്റെ പുത്രിമാരിലൊരാളെ ഭാര്യയായി സ്വീകരിക്കുക. 3 സര്‍വശക്തനായദൈവം നിന്നെ അനുഗ്രഹിച്ച്, സമൃദ്ധമായി വര്‍ധിപ്പിച്ച്, നിന്നില്‍ നിന്നു പല ജനതകളെ ഉളവാക്കട്ടെ!4 അബ്രാഹത്തിന്റെ അനുഗ്രഹം നിനക്കും നിന്റെ സന്തതികള്‍ക്കുമായി അവിടുന്നു നല്‍കട്ടെ! നീ ഇപ്പോള്‍ പരദേശിയായി പാര്‍ക്കുന്നതും, ദൈവം അബ്രാഹത്തിനു നല്‍കിയതുമായ ഈ നാട് നീ അവകാശപ്പെടുത്തുകയും ചെയ്യട്ടെ!5 അങ്ങനെ ഇസഹാക്ക് യാക്കോബിനെ പറഞ്ഞയച്ചു. അവന്‍ പാദാന്‍ആരാമിലുള്ള, ലാ ബാന്റെ അടുക്കലേക്കു പോയി. അരമായനായ ബത്തുവേലിന്റെ മകനും, യാക്കോ ബിന്റെയും ഏസാവിന്റെയും അമ്മ റബേക്കായുടെ സഹോദരനും ആണ് ലാബാന്‍. 6 ഇസഹാക്ക് യാക്കോബിനെ അനുഗ്രഹിച്ചതും പാദാന്‍ആരാമില്‍ നിന്നു ഭാര്യയെ കണ്ടുപിടിക്കുന്നതിന് അങ്ങോട്ട് അവനെ പറഞ്ഞയച്ചതും ഏസാവ് അറിഞ്ഞു. അവനെ അനുഗ്രഹിച്ചപ്പോള്‍ കാനാന്യസ്ത്രീകളില്‍നിന്നു ഭാര്യയെ സ്വീകരിക്കരുത് എന്ന് അവന്‍ യാക്കോബിനോടു കല്‍പിച്ചെന്നും7 തന്റെ മാതാപിതാക്കളെ അനുസരിച്ച് യാക്കോബ് പാദാന്‍ആരാമിലേക്കു പോയെന്നും ഏസാവ് മനസ്‌സിലാക്കി. 8 കാനാന്യസ്ത്രീകളെ തന്റെ പിതാവായ ഇസഹാക്കിന് ഇഷ്ടമല്ലെന്നു മനസ്‌സിലായപ്പോള്‍9 ഏസാവ് അബ്രാഹത്തിന്റെ മകനായ ഇസ്മായേലിന്റെ അടുത്തു ചെന്ന് അവന്റെ മകളും നെബായോത്തിന്റെ സഹോദരിയുമായ മഹലത്തിനെ ഭാര്യയായി സ്വീകരിച്ചു. അവനുണ്ടായിരുന്ന മറ്റു ഭാര്യമാര്‍ക്ക് പുറമേയായിരുന്നു ഇവള്‍. 


യാക്കോബിന്റെ സ്വപ്നം
10 യാക്കോബ് ബേര്‍ഷെബായില്‍നിന്നു ഹാരാനിലേക്കു പുറപ്പെട്ടു. 11 സൂര്യന്‍ അ സ്തമിച്ചപ്പോള്‍ അവന്‍ വഴിക്ക് ഒരിടത്ത് തങ്ങുകയും രാത്രി അവിടെ ചെലവഴിക്കുകയും ചെയ്തു. ഒരു കല്ലെടുത്തു തലയ്ക്കു കീഴേവച്ച് അവന്‍ ഉറങ്ങാന്‍ കിടന്നു. അവന് ഒരു ദര്‍ശനം ഉണ്ടായി:12 ഭൂമിയില്‍ ഉറപ്പിച്ചിരുന്ന ഒരു ഗോവണി - അതിന്റെ അറ്റം ആകാശത്തു മുട്ടിയിരുന്നു. ദൈവദൂതന്‍മാര്‍അതിലൂടെ കയറുകയും ഇറങ്ങുകയും ചെയ്തുകൊണ്ടിരുന്നു. 13 ഗോവണിയുടെ മുകളില്‍ നിന്നുകൊണ്ടു കര്‍ത്താവ് അരുളിച്ചെയ്തു: ഞാന്‍ നിന്റെ പിതാവായ അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും ദൈവമായ കര്‍ത്താവാണ്. നീ കിടക്കുന്ന ഈ മണ്ണു നിനക്കും നിന്റെ സന്തതികള്‍ക്കും ഞാന്‍ നല്‍കും. 14 നിന്റെ സന്തതികള്‍ ഭൂമിയിലെ പൂഴിപോലെ എണ്ണമറ്റവരായിരിക്കും. കിഴക്കോട്ടും പടിഞ്ഞാറോട്ടും തെക്കോട്ടും വടക്കോട്ടും നിങ്ങള്‍ വ്യാപിക്കും. നിന്നിലൂടെയും നിന്റെ സന്തതികളിലൂടെയും ഭൂമിയിലെ ഗോത്രങ്ങളെല്ലാം അനുഗ്രഹിക്കപ്പെടും. 15 ഇതാ, ഞാന്‍ നിന്നോടു കൂടെയുണ്ട്. നീ പോകുന്നിടത്തെല്ലാം ഞാന്‍ നിന്നെ കാത്തുരക്ഷിക്കും, നിന്നെ ഈ നാട്ടിലേക്കു തിരിയേ കൊണ്ടുവരും. നിന്നോടു പറഞ്ഞതൊക്കെ നിറവേറ്റുന്നതുവരെ ഞാന്‍ നിന്നെ കൈവിടുകയില്ല. 16 അപ്പോള്‍ യാക്കോബ് ഉറക്കത്തില്‍ നിന്നുണര്‍ന്നു. അവന്‍ പറഞ്ഞു: തീര്‍ച്ചയായും കര്‍ത്താവ് ഈ സ്ഥലത്തുണ്ട്. 17 എന്നാല്‍, ഞാന്‍ അതറിഞ്ഞില്ല. ഭീതിപൂണ്ട് അവന്‍ പറഞ്ഞു: ഈ സ്ഥലം എത്ര ഭയാനകമാണ്! ഇതു ദൈവത്തിന്റെ ഭവനമല്ലാതെ മറ്റൊന്നുമല്ല. സ്വര്‍ഗത്തിന്റെ കവാടമാണിവിടം. 18 യാക്കോബ് അതിരാവിലെ എഴുന്നേറ്റു തലയ്ക്കു കീഴേ വച്ചിരുന്ന കല്ലെടുത്ത് ഒരു തൂണായി കുത്തിനിര്‍ത്തി അതിന്‍മേല്‍ എണ്ണയൊഴിച്ചു. 19 അവന്‍ ആ സ്ഥലത്തിനു ബഥേല്‍ എന്നുപേരിട്ടു. ലൂസ് എന്നായിരുന്നു ആ പട്ടണത്തിന്റെ ആദ്യത്തെ പേര്. 20 അതുകഴിഞ്ഞ് യാക്കോബ് ഒരു പ്രതിജ്ഞചെയ്തു: ദൈവമായ കര്‍ത്താവ് എന്റെ കൂടെ ഉണ്ടായിരിക്കുകയും, ഈയാത്രയില്‍ എന്നെ സംരക്ഷിക്കയും,21 എനിക്ക് ഉണ്ണാനും ഉടുക്കാനും തരുകയും, എന്റെ പിതാവിന്റെ വീട്ടിലേക്കു സമാധാനത്തോടെ ഞാന്‍ തിരിച്ചെത്തുകയും ചെയ്താല്‍ കര്‍ത്താവായിരിക്കും എന്റെ ദൈവം. 22 തൂണായി കുത്തിനിര്‍ത്തിയിരിക്കുന്ന ഈ കല്ലുദൈവത്തിന്റെ ഭവനമായിരിക്കും. അവിടുന്ന് എനിക്കു തരുന്നതിന്റെ യെല്ലാം പത്തിലൊന്ന് ഞാന്‍ അവിടുത്തേക്കു സമര്‍പ്പിക്കുകയും ചെയ്യും. 


അദ്ധ്യായം 29 - ലാബാന്റെ വീട്ടില്‍
1 യാക്കോബ്‌യാത്ര തുടര്‍ന്നു. കിഴക്കുള്ളവരുടെ ദേശത്ത് അവന്‍ എത്തിച്ചേര്‍ന്നു. 2 അവിടെ വയലില്‍ ഒരു കിണര്‍ കണ്ടു; അതിനു ചുറ്റും മൂന്ന് ആട്ടിന്‍പറ്റങ്ങളും. ആ കിണറ്റില്‍നിന്നാണ് ആടുകള്‍ക്കെല്ലാം വെള്ളം കൊടുത്തിരുന്നത്. വലിയൊരു കല്ലുകൊണ്ടു കിണര്‍ മൂടിയിരുന്നു. 3 ആട്ടിന്‍പറ്റങ്ങളെല്ലാം എത്തിച്ചേരുമ്പോള്‍ അവര്‍ കിണറ്റുവക്കത്തുനിന്നു കല്ലുരുട്ടിമാറ്റി ആടുകള്‍ക്കു വെള്ളംകൊടുക്കും. അതുകഴിഞ്ഞ്, കല്ല് ഉരുട്ടിവച്ചു കിണറടയ്ക്കുകയും ചെയ്യും. 4 യാക്കോബ് അവരോടു ചോദിച്ചു: സഹോദരന്‍മാരേ, നിങ്ങള്‍ എവിടെനിന്നു വരുന്നു? ഹാരാനില്‍ നിന്ന് എന്ന് അവര്‍ മറുപടി പറഞ്ഞു. 5 അവന്‍ വീണ്ടും ചോദിച്ചു: നിങ്ങള്‍ നാഹോറിന്റെ മകന്‍ ലാബാനെ അറിയുമോ? അറിയും എന്ന് അവര്‍ പറഞ്ഞു. 6 അവനു സുഖ മാണോ? അവന്‍ ചോദിച്ചു. അതേ, അവര്‍ പറഞ്ഞു. ഇതാ അവന്റെ മകള്‍ റാഹേല്‍ ആടുകളുമായി വരുന്നു. 7 അവന്‍ പറഞ്ഞു: പകല്‍ ഇനിയും ഏറെയുണ്ടല്ലോ. ആടുകളെ ആലയിലാക്കാന്‍നേരമായിട്ടില്ല. ആടുകള്‍ക്കു വെള്ളം കൊടുത്ത് അവയെകൊണ്ടുപോയി തീറ്റുക. 8 അവര്‍ പറഞ്ഞു: അങ്ങിനെയല്ല, ആട്ടിന്‍പറ്റങ്ങളെല്ലാം വന്നെത്തുമ്പോഴേ കല്ലുരുട്ടിമാറ്റി ആടുകള്‍ക്കു വെള്ളം കൊടുക്കാറുള്ളു. 9 അവന്‍ അവരുമായി സംസാരിച്ചുകൊണ്ടിരിക്കേ റാഹേല്‍ തന്റെ പിതാവിന്റെ ആടുകളുമായി വന്നു. അവളാണ് അവയെ മേയിച്ചിരുന്നത്. 10 തന്റെ മാതൃസഹോദരനായ ലാബാന്റെ മകള്‍ റാഹേലിനെയും അവന്റെ ആടുകളെയും കണ്ടപ്പോള്‍ യാക്കോബ് ചെന്ന് കിണര്‍ മൂടിയിരുന്ന കല്ല് ഉരുട്ടിമാറ്റുകയും ലാബാന്റെ ആടുകള്‍ക്കു വെള്ളം കൊടുക്കുകയും ചെയ്തു. 11 പിന്നീട് അവന്‍ റാഹേലിനെ ചുംബിക്കുകയും ഉറക്കെ കരയുകയും ചെയ്തു. 12 താന്‍ അവളുടെ പിതാവിന്റെ ബന്ധുവും റബേക്കായുടെ മകനുമാണെന്ന് യാക്കോബ് അവളോടു പറഞ്ഞു. അവള്‍ ഓടിച്ചെന്നു പിതാവിനെ വിവരമറിയിച്ചു. 13 തന്റെ സഹോദരിയുടെ പുത്രനായ യാക്കോബിന്റെ വാര്‍ത്ത കേട്ടപ്പോള്‍ ലാബാന്‍ അവനെ കാണാന്‍ ഓടിയെത്തി. അവന്‍ യാക്കോബിനെ കെട്ടിപ്പിടിച്ചു ചുംബിച്ചു വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി. യാക്കോബ് വിവരങ്ങളെല്ലാം ലാബാനോടു പറഞ്ഞു. 14 ലാബാന്‍ പറഞ്ഞു: എന്റെ അസ്ഥിയും മാംസവും തന്നെയാണു നീ. ഒരു മാസം യാക്കോബ് അവന്റെ കൂടെ പാര്‍ത്തു. 


യാക്കോബിന്റെ വിവാഹം
15 ഒരുദിവസം ലാബാന്‍ യാക്കോബിനെ വിളിച്ചു പറഞ്ഞു: നീ എന്റെ ചാര്‍ച്ചക്കാരനാണെന്നു കരുതി എനിക്കുവേണ്ടി എന്തിനു വെറുതേ പണിയെടുക്കുന്നു? നിനക്കെന്തു പ്രതിഫലം വേണമെന്നു പറയുക. 16 ലാബാനു രണ്ടു പുത്രിമാരുണ്ടായിരുന്നു. മൂത്ത വളുടെ പേര്‍ ലെയാ എന്നും ഇളയവളുടെപേര്‍ റാഹേല്‍ എന്നും. 17 ലെയായുടെ കണ്ണുകള്‍ മങ്ങിയവയായിരുന്നു. റാഹേലാകട്ടെ സുന്ദരിയും വടിവൊത്തവളും ആയിരുന്നു. 18 യാക്കോബ് റാഹേലില്‍ അനുരക്തനായി. അവന്‍ ലാബാനോടു പറഞ്ഞു: അങ്ങയുടെ ഇളയമകളായ റാഹേലിനുവേണ്ടി ഏഴു കൊല്ലം അങ്ങയുടെ കീഴില്‍ ഞാന്‍ ജോലിചെയ്യാം. 19 ലാബാന്‍ പറഞ്ഞു: അവളെ മറ്റാര്‍ക്കെങ്കിലും കൊടുക്കുന്നതിനെക്കാള്‍ നല്ലതു നിനക്കുതരുന്നതാണ്. എന്റെ കൂടെ പാര്‍ത്തുകൊള്ളുക. 20 അങ്ങനെ റാഹേ ലിനു വേണ്ടി യാക്കോബ് ഏഴുകൊല്ലം പണിയെടുത്തു. അവളോടുള്ള സ്‌നേഹംമൂലം ആ വര്‍ഷങ്ങള്‍ ഏതാനും നാളുകളായേ അവനു തോന്നിയുള്ളു. 21 യാക്കോബ് ലാബാനോടു പറഞ്ഞു: പറഞ്ഞിരുന്ന സമയം പൂര്‍ത്തിയായി. എനിക്കെന്റെ ഭാര്യയെ തരുക. ഞാന്‍ അവളോടു ചേരട്ടെ. 22 ലാബാന്‍ നാട്ടിലുള്ളവരെയെല്ലാം വിളിച്ചുകൂട്ടി ഒരു വിരുന്നു നടത്തി. 23 രാത്രിയായപ്പോള്‍ അവന്‍ തന്റെ മകള്‍ ലെയായെ യാക്കോബിന്റെ അടുത്തേക്കു കൊണ്ടുചെന്നു. അവന്‍ അവളോടുകൂടെ ശയിച്ചു. 24 ലാബാന്‍ ലെയായ്ക്കു പരിചാരികയായി തന്റെ അ ടിമയായ സില്‍ഫായെ കൊടുത്തു. 25 നേരം വെളുത്തപ്പോള്‍ ലെയായെയാണ് തനിക്കു ലഭിച്ചതെന്ന് അവന്‍ മനസ്‌സിലാക്കി. അവന്‍ ലാബാനോടു പറഞ്ഞു: എന്താണ് അങ്ങ് ഈ ചെയ്തത്? റാഹേലിനു വേണ്ടിയല്ലേ ഞാന്‍ പണിയെടുത്തത്? എന്നെ ചതിച്ചത് എന്തിന്?26 ലാബാന്‍ പറഞ്ഞു: മൂത്ത വള്‍ നില്‍ക്കേ ഇളയവളെ പറഞ്ഞയയ്ക്കുക ഞങ്ങളുടെ നാട്ടില്‍ പതിവില്ല. 27 ഇവളുടെ വിവാഹവാരം പൂര്‍ത്തിയാകട്ടെ. അതിനുശേഷം ഇളയവളെയും നിനക്കു തരാം. ഏഴുവര്‍ഷത്തേക്കുകൂടി നീ എനിക്കുവേണ്ടിവേലചെയ്യണം. 28 യാക്കോബ് സമ്മതിച്ചു. വിവാഹവാരം പൂര്‍ത്തിയായപ്പോള്‍ ലാബാന്‍ തന്റെ മകളായ റാഹേലിനെയും അവനു ഭാര്യയായി നല്‍കി. 29 തന്റെ അടിമയായ ബില്‍ഹായെ ലാബാന്‍ റാഹേലിനു പരിചാരികയായി നല്‍കി. 30 യാക്കോബ് റാഹേലിന്റെ കൂടെയും ശയിച്ചു. അവന്‍ ലെയായെക്കാള്‍ കൂടുതല്‍ റാഹേലിനെ സ്‌നേഹിച്ചു. ഏഴുവര്‍ഷം കൂടി അവന്‍ ലാബാന്റെ കീഴില്‍ വേലചെയ്തു. 


യാക്കോബിന്റെ മക്കള്‍
31 ലെയാ അവഗണിക്കപ്പെടുന്നതായി കര്‍ത്താവു കണ്ടു. അവിടുന്ന് അവള്‍ക്ക് ഗര്‍ഭധാരണ ശക്തിനല്‍കി. റാഹേലാകട്ടെ വന്ധ്യയായിരുന്നു. 32 ലെയാ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിച്ചു. അവള്‍ അവനു റൂബന്‍ എന്നു പേരിട്ടു; കാരണം, കര്‍ത്താവ് എന്റെ കഷ്ടപ്പാടു കണ്ടിരിക്കുന്നു. ഇനി എന്റെ ഭര്‍ത്താവ് എന്നെ സ്‌നേഹിക്കും എന്ന് അവള്‍ പറഞ്ഞു. 33 അവള്‍ വീണ്ടും ഗര്‍ഭംധരിച്ച് ഒരു പുത്രനെ പ്രസവിച്ചു. അവള്‍ പറഞ്ഞു: ഞാന്‍ അവഗണിക്കപ്പെടുന്നെന്നറിഞ്ഞു കര്‍ത്താവ് എനിക്ക് ഇവനെക്കൂടി നല്‍കിയിരിക്കുന്നു. അവള്‍ അവനു ശിമയോന്‍ എന്നു പേരിട്ടു. 34 അവള്‍ പിന്നെയും ഗര്‍ഭിണിയായി, ഒരു മകനെ പ്രസവിച്ചു. അവള്‍ പറഞ്ഞു: ഇനിയെന്റെ ഭര്‍ത്താവ് എന്നോട് കൂടുതല്‍ അടുക്കും. കാരണം, ഞാന വനു മൂന്നു പുത്രന്‍മാരെ നല്‍കിയിരിക്കുന്നു. അതുകൊണ്ട് അവള്‍ അവനെ ലേവി എന്നു വിളിച്ചു. 35 അവള്‍ വീണ്ടും ഗര്‍ഭംധരിക്കുകയും ഒരു പുത്രനെ പ്രസവിക്കുകയും ചെയ്തു. അവള്‍ പറഞ്ഞു: ഞാന്‍ കര്‍ത്താവിനെ സ്തുതിക്കും; അതുകൊണ്ട്, അവള്‍ അവനു യൂദാ എന്നു പേരിട്ടു. പിന്നീട് കുറേകാലത്തേക്ക് അവള്‍ പ്രസവിച്ചില്ല. 


അദ്ധ്യായം 30
1 യാക്കോബിനു മക്കളെ നല്‍കാന്‍ തനിക്കു സാധിക്കുന്നില്ലെന്നു കണ്ടപ്പോള്‍ റാഹേലിനു തന്റെ സഹോദരിയോട് അസൂയതോന്നി. 2 അവള്‍ യാക്കോബിനോടു പറഞ്ഞു: എനിക്കും മക്കളെ തരുക. അല്ലെങ്കില്‍ ഞാന്‍ മരിക്കും. യാക്കോബ് കോപിച്ച് അവളോടു പറഞ്ഞു: ഞാന്‍ ദൈവത്തിന്റെ സ്ഥാനത്താണോ? അവിടുന്നല്ലേ നിനക്കു സന്താനം നിഷേധിച്ചിരിക്കുന്നത്?3 അവള്‍ പറഞ്ഞു: ഇതാ, എന്റെ പരിചാരികയായ ബില്‍ഹാ; അവളെ പ്രാപിക്കുക. അവളുടെ സന്താനത്തെ അവള്‍ എന്റെ മടിയില്‍ വയ്ക്കും. അങ്ങനെ അവളിലൂടെ എനിക്കും മക്കളെ ലഭിക്കും. 4 അവള്‍ തന്റെ പരിചാരിക ബില്‍ഹായെ അവനു നല്‍കി, യാക്കോബ് അവളെ പ്രാപിച്ചു. 5 ബില്‍ഹാ ഗര്‍ഭംധരിക്കുകയും യാക്കോബിന് അവളില്‍ ഒരു പുത്രന്‍ ജനിക്കുകയും ചെയ്തു. 6 അപ്പോള്‍ റാഹേല്‍ പറഞ്ഞു: ദൈവം എനിക്കനുകൂലമായി വിധിച്ചിരിക്കുന്നു. എന്റെ പ്രാര്‍ഥനകേട്ട് എനിക്കൊരു പുത്രനെ നല്‍കിയിരിക്കുന്നു. അതുകൊണ്ട്, അവള്‍ അവന് ദാന്‍ എന്നു പേരിട്ടു. 7 റാഹേലിന്റെ പരിചാരികയായ ബില്‍ഹാ വീണ്ടും ഗര്‍ഭിണിയായി. അവളില്‍ യാക്കോബിന് രണ്ടാമതൊരു പുത്രന്‍കൂടി ജനിച്ചു. 8 റാഹേല്‍ പറഞ്ഞു: എന്റെ സഹോദരിയുമായി കടുത്ത മത്‌സരം നടത്തി ഞാന്‍ ജയിച്ചിരിക്കുന്നു. അവള്‍ അവനെ നഫ്താലി എന്നുവിളിച്ചു. 9 തനിക്കു വീണ്ടും മക്കളുണ്ടാവുന്നില്ല എന്നു കണ്ട ലെയാ തന്റെ പരിചാരികയായ സില്‍ഫായെ യാക്കോബിനു നല്‍കി. 10 ലെയായുടെ പരിചാരികയായ സില്‍ഫായില്‍ യാക്കോബിന് ഒരു പുത്രന്‍ ജനിച്ചു. 11 ഭാഗ്യം എന്ന് ഉദ്‌ഘോഷിച്ചുകൊണ്ട് ലെയാ അവന് ഗാദ് എന്നു പേരിട്ടു. 12 ലെയായുടെ പരിചാരികയായ സില്‍ഫായില്‍യാക്കോ ബിന് വീണ്ടും ഒരു പുത്രന്‍ജനിച്ചു. 13 ലെയാ പറഞ്ഞു: ഞാന്‍ ഭാഗ്യവതിയാണ്, സ്ത്രീകള്‍എന്നെ ഭാഗ്യവതിയെന്നു വിളിക്കും. അതുകൊണ്ട് അവള്‍ അവന് ആഷേര്‍ എന്നു പേരിട്ടു. 14 ഗോതമ്പു കൊയ്യുന്ന കാലത്ത് റൂബന്‍ വയലില്‍പ്പോയി. അവന്‍ ദൂദായിപ്പഴം കാണുകയും അവ പറിച്ചുകൊണ്ടുവന്നു തന്റെ അമ്മയായ ലെയായ്ക്കു കൊടുക്കുകയും ചെയ്തു. അപ്പോള്‍ റാഹേല്‍ ലെയായോട് നിന്റെ മകന്‍ കൊണ്ടുവന്ന ദൂദായിപ്പഴം കുറച്ച് എനിക്കും തരുക എന്നുപറഞ്ഞു. 15 ലെയാ കയര്‍ത്തു പറഞ്ഞു: എന്റെ ഭര്‍ത്താവിനെ കൈയടക്കി വച്ചിരിക്കുന്നതുപോരേ? എന്റെ മകന്റെ ദൂദായിപ്പഴവും നിനക്കുവേണോ? റാഹേല്‍ പറഞ്ഞു: നിന്റെ മകന്റെ ദൂദായിപ്പഴത്തിനു പ്രതിഫലമായി അദ്‌ദേഹം ഇന്നു രാത്രി നിന്റെ കൂടെ ശയിച്ചുകൊള്ളട്ടെ. 16 യാക്കോബ് വൈ കുന്നേരം വയലില്‍നിന്നു വന്നപ്പോള്‍ ലെയാ അവനോടു പറഞ്ഞു: അങ്ങ് ഇന്ന് എന്റെ യടുത്തു വരണം; കാരണം, എന്റെ മകന്റെ ദൂദായിപ്പഴം കൊടുത്തു ഞാനങ്ങയെ വാങ്ങിയിരിക്കയാണ്. അവന്‍ അന്നുരാത്രി അവളോടുകൂടെ ശയിച്ചു. 17 ദൈവം ലെയായുടെ പ്രാര്‍ഥന കേട്ടു. അവള്‍ വീണ്ടും ഗര്‍ഭം ധരിച്ച് യാക്കോബിന് അഞ്ചാമതൊരു മകനെക്കൂടി നല്‍കി. 18 എന്റെ പരിചാരികയെ ഭര്‍ത്താവിനു കൊടുത്തതിനു ദൈവം എനിക്കു പ്രതിഫലം തന്നു എന്നുപറഞ്ഞ് അവള്‍ അവനെ ഇസ്‌സാക്കര്‍ എന്നുവിളിച്ചു. ലെയാ വീണ്ടും ഗര്‍ഭിണിയായി. 19 യാക്കോബിന് അവള്‍ ആറാമത്തെ മകനെ പ്രദാനംചെയ്തു. 20 ദൈവം എനിക്കു നല്ല സമ്മാനം തന്നിരിക്കുന്നു. ഇനി ഭര്‍ത്താവ് എന്നോടൊത്തു വസിക്കും. അവനു ഞാന്‍ ആറുമക്കളെകൊടുത്തിരിക്കുന്നല്ലോ എന്നു പറഞ്ഞ് അവള്‍ അവനു സെബുലൂണ്‍ എന്നു പേരിട്ടു. 21 അവള്‍ക്ക് ഒരു പുത്രിയും ജനിച്ചു. അവള്‍ തന്റെ പുത്രിയെ ദീനാ എന്നുവിളിച്ചു. 22 ദൈവം റാഹേലിനെ സ്മരിച്ചു. അവിടുന്ന് അവളുടെ പ്രാര്‍ഥന കേള്‍ക്കുകയും അവളുടെ വന്ധ്യത്വം അവസാനിപ്പിക്കുകയും ചെയ്തു. 23 അവള്‍ ഗര്‍ഭംധരിച്ച് ഒരു പുത്രനെ പ്രസവിച്ചു. അവള്‍ പറഞ്ഞു: എന്റെ അപമാനം ദൈവം നീക്കിക്കളഞ്ഞിരിക്കുന്നു. 24 കര്‍ത്താവ് എനിക്ക് ഒരു പുത്രനെക്കൂടി തരട്ടെ എന്നുപറഞ്ഞ് അവള്‍ അവന് ജോസഫ് എന്നു പേരിട്ടു. 


യാക്കോബിന്റെ സമ്പത്ത്
25 റാഹേല്‍ ജോസഫിനെ പ്രസവിച്ചു കഴിഞ്ഞ്, യാക്കോബ് ലാബാനോടു പറഞ്ഞു: എന്നെ പറഞ്ഞയയ്ക്കുക. ഞാന്‍ എന്റെ നാട്ടിലേക്കു പോകട്ടെ. 26 എന്റെ ഭാര്യമാരെയും മക്കളെയും എനിക്കു തരുക. അവര്‍ക്കുവേണ്ടിയാണ് ഞാന്‍ അങ്ങയെ സേവിച്ചത്. ഇനി ഞാന്‍ പോകട്ടെ. ഞാന്‍ ചെയ്ത സേവനം അങ്ങേയ്ക്ക് അറിയാമല്ലോ. 27 ലാബാന്‍മറുപടിപറഞ്ഞു: നിനക്ക് എന്നോടു താത്പര്യമുണ്ടെങ്കില്‍ നീ പോകരുത്, നീ മൂലമാണ് കര്‍ത്താവ് എന്നെ അനുഗ്രഹിച്ചത് എന്ന് എനിക്കറിയാം. 28 നിനക്കെന്തു പ്രതിഫലം വേണമെന്നു പറയുക. അതു ഞാന്‍ തരാം. 29 യാക്കോബ് അവനോടു പറഞ്ഞു: ഞാന്‍ എപ്രകാരം അങ്ങേക്കുവേണ്ടി ജോലിചെയ്‌തെന്നും എന്റെ മേല്‍നോട്ടത്തില്‍ അങ്ങയുടെ ആടുമാടുകള്‍ എത്ര പെരുകിയെന്നും അങ്ങേക്കറിയാമല്ലോ. 30 ഞാന്‍ വരുന്നതിനുമുന്‍പു വളരെക്കുറച്ച് ആടുകളേ അങ്ങേക്കുണ്ടായിരുന്നുള്ളു. ഇപ്പോള്‍ അവ വളരെ പെരുകിയിരിക്കുന്നു. ഞാന്‍ പോയിടത്തെല്ലാം കര്‍ത്താവ് അങ്ങയെ കടാക്ഷിച്ചിരിക്കുന്നു. ഇനി എന്റെ കുടുംബത്തിനുവേണ്ടി എന്നാണു ഞാനെന്തെങ്കിലും സമ്പാദിക്കുക?31 ലാബാന്‍ ചോദിച്ചു: ഞാന്‍ നിനക്ക് എന്തു തരണം? യാക്കോബ് പറഞ്ഞു: അങ്ങ് എനിക്ക് ഒന്നും തരേണ്ടാ. ഞാന്‍ പറയുന്ന വ്യവസ്ഥ സ്വീകരിക്കാമെങ്കില്‍, ഇനിയും അങ്ങയുടെ ആടുകളെ ഞാന്‍ മേയിച്ചുകൊള്ളാം. 32 അങ്ങയുടെ ആട്ടിന്‍കൂട്ടത്തില്‍ നിന്നു പൊട്ടോ പുള്ളിയോ ഉള്ള ആടുകളെയും കറുത്ത ചെമ്മരിയാടുകളെയും പൊട്ടോ പുള്ളിയോ ഉള്ള കോലാടുകളെയും ഞാന്‍ വേര്‍തിരിക്കാം. അവ എന്റെ പ്രതിഫലമായിരിക്കട്ടെ. 33 മേലില്‍ അങ്ങ് എന്റെ പ്രതിഫലം പരിശോധിക്കുമ്പോള്‍ എന്റെ വിശ്വസ്തത അങ്ങേക്കു ബോധ്യമാകും. എന്റെ കോലാടുകളില്‍ പൊട്ടോ പുള്ളിയോ ഇല്ലാത്തതും ചെമ്മരിയാടുകളില്‍ കറുപ്പില്ലാത്തതും കണ്ടാല്‍, അവ മോഷ്ടിക്കപ്പെട്ടതായി കണക്കാക്കാം. 34 ലാബാന്‍ പറഞ്ഞു: ശരി, നീ പറഞ്ഞതു പോലെ തന്നെയാകട്ടെ. 35 അന്നുതന്നെ ലാബാന്‍ പൊട്ടോ പുള്ളിയോ ഉള്ള എല്ലാ മുട്ടാടുകളെയും പെണ്ണാടുകളെയും വെളുത്ത മറുകുള്ള എല്ലാ ആടുകളെയും കറുത്ത ചെമ്മരിയാടുകളെയും വേര്‍തിരിച്ച് അവയെ തന്റെ പുത്രന്‍മാരെ ഏല്‍പിച്ചു. 36 ബാക്കിയുള്ള ആടുകളെ യാക്കോബിനെ ഏല്‍പിച്ചു. തനിക്കും യാക്കോബിനും മധ്യേ മൂന്നു ദിവസത്തെയാത്രാദൂരം ഏര്‍പ്പെടുത്തുകയും ചെയ്തു. 37 യാക്കോബ് ഇലവിന്റെയും ബദാമിന്റെയും അഴിഞ്ഞിലിന്റെയും പച്ചക്കമ്പുകള്‍വെട്ടിയെടുത്ത് അവയില്‍ അങ്ങിങ്ങു വെളുപ്പു കാണത്തക്കവിധം തൊലിയുരിഞ്ഞുകളഞ്ഞു. 38 താന്‍ തൊലിയുരിഞ്ഞുമാറ്റിയ കമ്പുകള്‍ ആടുകള്‍ വെള്ളം കുടിക്കുന്ന പാത്തികളില്‍ അവയുടെ മുന്‍പില്‍ അവന്‍ കുത്തിനിര്‍ത്തി. വെള്ളം കുടിക്കാന്‍ വരുമ്പോഴാണ് അവ ഇണചേരാറുള്ളത്. 39 ആടുകള്‍ ഈ കമ്പുകളുടെ മുന്‍പില്‍ ഇണചേര്‍ന്നു. അവയ്ക്കു പൊട്ടും പുള്ളിയും വരയുമുള്ള കുട്ടികളുണ്ടായി. 40 യാക്കോബ്‌ചെമ്മരിയാടുകളെ വേര്‍തിരിച്ച് ലാബാന്റെ കൂട്ടത്തിലെ വരയുള്ള തും കറുത്തതുമായ ആടുകളുടെ നേരേ നിര്‍ത്തി. തന്റെ കൂട്ടത്തെ ലാബാന്‍േറ തിനോടു ചേര്‍ക്കാതെ മാറ്റിനിര്‍ത്തുകയുംചെയ്തു. 41 കൊഴുത്ത ആടുകള്‍ ഇണചേരുമ്പോള്‍ അവന്‍ ഈ കമ്പുകള്‍ അവയുടെ കണ്‍മുന്‍പില്‍ പാത്തികളില്‍ വയ്ക്കും. തന്‍മൂലം കമ്പുകള്‍ക്കിടയില്‍ അവ ഇണചേര്‍ന്നു. 42 എന്നാല്‍, മെലിഞ്ഞവ ഇണചേര്‍ന്നപ്പോള്‍ അവന്‍ കമ്പുകള്‍ നാട്ടിയില്ല. അങ്ങനെ മെലിഞ്ഞവ ലാബാന്‍േറ തും കരുത്തുള്ളവ യാക്കോബിന്‍േറതുമായി. 43 ഇപ്രകാരം യാക്കോബ് വലിയ സമ്പന്നനായി. അവനു ധാരാളം ആടുകളും ദാസീദാസന്‍മാരും ഒട്ടകങ്ങളും കഴുതകളും ഉണ്ടായി. 

അദ്ധ്യായം 31 - യാക്കോബ് ഒളിച്ചോടുന്നു
1 ലാബാന്റെ മക്കള്‍ ഇങ്ങനെ പറയുന്നതു യാക്കോബു കേട്ടു: നമ്മുടെ പിതാവിന്റെ സ്വത്തെല്ലാം യാക്കോബ് കൈവശപ്പെടുത്തി. നമ്മുടെ പിതാവിന്റെ മുതലുകൊണ്ടാണ് അവന്‍ ഈ സ്വത്തൊക്കെസമ്പാദിച്ചത്. 2 ലാബാനു തന്നോടു പണ്ടത്തെപ്പോലെ താത്പര്യമില്ലെന്ന് അവന്റെ മുഖഭാവത്തില്‍നിന്നു യാക്കോബിനു മന സ്‌സിലായി. 3 കര്‍ത്താവു യാക്കോബിനോട് അരുളിച്ചെയ്തു: നിന്റെ പിതാക്കന്‍മാരുടെയും ചാര്‍ച്ചക്കാരുടെയും നാട്ടിലേക്കു തിരിച്ചുപോവുക. ഞാന്‍ നിന്നോടുകൂടെ ഉണ്ടായിരിക്കും. 4 യാക്കോബ് റാഹേലിനെയുംലെയായെയും താന്‍ ആടുമേയ്ച്ചിരുന്ന വയ ലിലേക്കു വിളിപ്പിച്ചു. 5 അവന്‍ അവരോടു പറഞ്ഞു: മുമ്പത്തെപ്പോലെയല്ല നിങ്ങളുടെ പിതാവിന് എന്നോടുള്ള മനോഭാവം. എന്നാല്‍, എന്റെ പിതാവിന്റെ ദൈവം എന്റെ കൂടെ ഉണ്ടായിരുന്നു. 6 എന്റെ കഴിവു മുഴുവനും ഉപയോഗിച്ച് നിങ്ങളുടെ പിതാവിനുവേണ്ടി ഞാന്‍ പണിയെടുത്തിട്ടുണ്ടെന്നു നിങ്ങള്‍ക്കറിയാമല്ലോ. 7 എന്നിട്ടും നിങ്ങളുടെ പിതാവ് എന്നെ ചതിക്കുകയും പത്തുതവണ എന്റെ കൂലിയില്‍ മാറ്റം വരുത്തുകയും ചെയ്തു. പക്‌ഷേ, എന്നെ ദ്രോഹിക്കാന്‍ ദൈവം അവനെ അനുവദിച്ചില്ല. 8 പുള്ളിയുള്ള ആടുകളായിരിക്കും നിന്റെ കൂലി എന്ന് അവന്‍ പറഞ്ഞാല്‍ എല്ലാ ആടും പുള്ളിയുള്ളതിനെ പ്രസവിക്കും. അതല്ല, വരയുള്ള ആടുകളായിരിക്കും നിനക്കു കൂലി എന്ന് അവന്‍ പറഞ്ഞാല്‍, ആടുകളൊക്കെ വരയുള്ളതിനെ പ്രസവിക്കും. 9 അങ്ങനെദൈവം നിങ്ങളുടെ പിതാവിന്റെ ആടുകളെ അവനില്‍ നിന്നെടുത്ത് എനിക്കു തന്നിരിക്കുന്നു. 10 ആടുകള്‍ ഇണചേരുന്നകാലത്ത് എനിക്കുണ്ടായ സ്വപ്നത്തില്‍ ഞാന്‍ തലയുയര്‍ത്തി നോക്കിയപ്പോള്‍ ഇണചേരുന്ന മുട്ടാടുകളൊക്കെ പൊട്ടും പുള്ളിയും വരയുമുള്ളവയായിരുന്നു. 11 അപ്പോള്‍ ദൈവത്തിന്റെ ദൂതന്‍ സ്വപ്നത്തില്‍യാക്കോബേ എന്നു വിളിച്ചു. ഇതാ ഞാന്‍, എന്നു ഞാന്‍ വിളികേട്ടു. 12 ദൂതന്‍ പറഞ്ഞു: തലയുയര്‍ത്തി നോക്കുക. ഇണചേരുന്ന മുട്ടാടുകളെല്ലാം പൊട്ടും പുള്ളിയും വരയുമുള്ളവയാണ്. ലാബാന്‍ നിന്നോടു ചെയ്യുന്നതൊക്കെ ഞാന്‍ കാണുന്നുണ്ട്. 13 നീ കല്‍ത്തൂണിന് അഭിഷേകം ചെയ്യുകയും വ്രതമെടുക്കുകയും ചെയ്ത സ്ഥലമായ ബേഥേലിലെ ദൈവമാണ് ഞാന്‍. എഴുന്നേറ്റ് ഇവിടം വിട്ടു നിന്റെ ചാര്‍ച്ചക്കാരുടെ നാട്ടിലേക്കു തിരിച്ചുപോവുക. 14 റാഹേലും ലെയായും പറഞ്ഞു: നമ്മുടെ പിതാവിന്റെ വീട്ടില്‍ നമുക്ക് എന്തെങ്കിലും ഓഹരിയോ അവകാശമോ ഉണ്ടോ?15 നമ്മളെ അന്യരായിട്ടല്ലേ അവന്‍ കരുതുന്നത്? നമ്മെ വില്‍ക്കുകയും കിട്ടിയ പണം തിന്നു നശിപ്പിക്കുകയുമല്ലേ ചെയ്തത്?16 നമ്മുടെ പിതാവില്‍നിന്നു ദൈവം എടുത്തുമാറ്റിയ സ്വത്തെല്ലാം നമുക്കും നമ്മുടെ മക്കള്‍ക്കും അവകാശപ്പെട്ടതാണ്. അതിനാല്‍, ദൈവം അങ്ങയോടു കല്‍പിച്ചതു ചെയ്യുക. 17 യാക്കോബ് മക്കളെയും ഭാര്യമാരെയും ഒട്ടകപ്പുറത്തു കയറ്റി. 18 അവര്‍ കാലികളെയും ആടുമാടുകളെയും തെളിച്ചുകൊണ്ട് പാദാന്‍ ആരാമില്‍ വച്ചു സമ്പാദിച്ച സകല സ്വത്തുക്കളുമായി കാനാന്‍ദേശത്തു തന്റെ പിതാവായ ഇസഹാക്കിന്റെ അടുത്തേക്കു പുറപ്പെട്ടു. ലാബാന്‍ ആടുകളുടെ രോമം വെട്ടാന്‍ പോയിരിക്കുകയായിരുന്നു. 19 റാഹേല്‍ തന്റെ പിതാവിന്റെ കുലദേവന്‍മാരുടെ വിഗ്രഹങ്ങളെല്ലാം കട്ടെടുത്തു. 20 അരമായ നായ ലാബാനെ യാക്കോബ് കബളിപ്പിച്ചു സ്ഥലംവിട്ടുപോകാന്‍ ഉദ്‌ദേശിക്കുന്ന കാര്യം അവനെ അറിയിച്ചില്ല. 21 തനിക്കുള്ളതെല്ലാം എടുത്തുകൊണ്ടാണ് അവന്‍ സ്ഥലം വിട്ടത്. അവന്‍ നദികടന്നു മലമ്പ്രദേശമായ ഗിലയാദിനു നേരെ തിരിഞ്ഞു. 


ലാബാന്‍ പിന്‍തുടരുന്നു
22 യാക്കോബ് ഒളിച്ചുപോയ കാര്യം മൂന്നാംദിവസമാണു ലാബാന്‍ അറിഞ്ഞത്. 23 തന്റെ സഹോദരന്‍മാരെയും കൂട്ടി ലാബാന്‍ ഏഴു ദിവസം യാക്കോബിനെ പിന്‍തുടര്‍ന്ന് മലമ്പ്രദേശമായ ഗിലയാദില്‍ വെച്ച് അവന്റെ അടുക്കല്‍ എത്തിച്ചേര്‍ന്നു. 24 എന്നാല്‍ ദൈവം രാത്രി ഒരു സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട് അരമായനായ ലാബാനോടു പറഞ്ഞു: നല്ലതോ ചീത്തയോ ആയ ഒരു വാക്കുപോലും യാക്കോബിനോടു പറയാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുക. 25 യാക്കോബ് മലമ്പ്രദേശത്തു കൂടാരമടിച്ചിരിക്കേ ലാബാന്‍ അവന്റെ മുന്‍പില്‍ കടന്നു. തന്റെ ചാര്‍ച്ചക്കാരുമൊത്തു ലാബാനും ഗിലയാദിലെ മലമ്പ്രദേശത്തു കൂടാരമടിച്ചു. 26 ലാബാന്‍ യാക്കോബിനോടു ചോദിച്ചു: നീ എന്താണ് ഈ ചെയ്തത്? എന്നെ കബളിപ്പിച്ചു വാളാല്‍നേടിയ തടവുകാരെപ്പോലെ എന്റെ പെണ്‍മക്കളെ കൊണ്ടുപോകുന്നതെന്തുകൊണ്ട്?27 എന്നെ കബളിപ്പിച്ച് എന്നോടു പറയാതെ ഒളിച്ചോടിയത് എന്തിനാണ്? ഞാന്‍ ആഹ്ലാദത്തോടെ പാട്ടുപാടി കിന്നരവും വീണയും വായിച്ചു നിങ്ങളെയാത്രയാക്കുമായിരുന്നല്ലോ. 28 എനിക്ക് എന്റെ പുത്രന്‍മാരെയും പുത്രിമാരെയും ചുംബിക്കുന്നതിന് അവസരം തരാഞ്ഞതെന്ത്? നീ ബുദ്ധിശൂന്യമായിട്ടാണു പ്രവര്‍ത്തിച്ചത്. നിന്നെ ഉപദ്രവിക്കാന്‍ എനിക്കു കഴിയും. 29 എന്നാല്‍, നല്ലതോ ചീത്തയോ ആയിയാതൊന്നും യാക്കോബിനോടു പറയാതിരിക്കാന്‍ സൂക്ഷിക്കുക എന്ന് നിങ്ങളുടെ പിതാവിന്റെ ദൈവം കഴിഞ്ഞരാത്രി എന്നോടു പറഞ്ഞു. 30 പിതാവിന്റെ വീട്ടിലെത്താനുള്ള തീവ്രമായ ആഗ്രഹംകൊണ്ടാണു നീ പോന്നതെങ്കില്‍ എന്റെ കുലദേവന്‍മാരെ കട്ടെടുത്തത് എന്തിന്?31 യാക്കോബു ലാബാനോടു പറഞ്ഞു: അങ്ങയുടെ പുത്രിമാരെ അങ്ങു ബലം പ്രയോഗിച്ച് എന്നില്‍ നിന്നു പിടിച്ചെടുക്കുമെന്നു ഞാന്‍ ഭയപ്പെട്ടു. 32 അങ്ങയുടെ ദേവന്‍മാര്‍ ആരുടെ കൈയില്‍ കാണുന്നുവോ അയാള്‍ മരിക്കട്ടെ. അങ്ങയുടേത് എന്തെങ്കിലും എന്റെ കൈവശമുണ്ടെങ്കില്‍ നമ്മുടെ സഹോദരങ്ങളെ സാക്ഷി നിര്‍ത്തി തിരിച്ചെടുത്തുകൊള്ളുക. റാഹേല്‍ ദേവന്‍മാരെ മോഷ്ടിച്ചവിവരം യാക്കോബ് അറിഞ്ഞിരുന്നില്ല. 33 ലാബാന്‍ യാക്കോബിന്റെയും ലെയായുടെയും രണ്ടു പരിചാരികമാരുടെയും കൂടാരങ്ങളില്‍ പരിശോധിച്ചു. അവ അവിടെയെങ്ങും കണ്ടില്ല. ലെയായുടെ കൂടാരത്തില്‍ നിന്നു പുറത്തുകടന്ന് അവന്‍ റാഹേലിന്റെ കൂടാരത്തിലേക്കു ചെന്നു. 34 റാഹേല്‍ വിഗ്രഹങ്ങളെടുത്ത് ഒരു ഒട്ടകഭാണ്ഡത്തിലൊളിച്ച് അതിന്‍മേല്‍ കയറിരുന്നു. കൂടാരത്തിലെല്ലാം തിരഞ്ഞിട്ടും അവന്‍ ഒന്നും കണ്ടെത്തിയില്ല. 35 റാഹേല്‍ പിതാവിനോടു പറഞ്ഞു: അങ്ങയുടെ മുന്‍പില്‍ എനിക്ക് എഴുന്നേല്‍ക്കാന്‍ കഴിയാത്തതില്‍ അങ്ങു കോപിക്കരുതേ! എനിക്കിപ്പോള്‍ മാസമുറയാണ്. അവന്‍ തിരഞ്ഞെങ്കിലും വിഗ്രഹങ്ങള്‍ കണ്ടെത്തിയില്ല. 36 അപ്പോള്‍ രോഷാകുലനായ യാക്കോബ് ലാബാനോടു കയര്‍ത്തു. അവന്‍ ചോദിച്ചു: എന്റെ പേരിലുള്ള കുറ്റം എന്താണ്? ഇത്ര ആവേശത്തോടെ എന്റെ പിന്നാലെ പാഞ്ഞുവരാന്‍ എന്തുതെറ്റാണ് ഞാന്‍ ചെയ്തത്?37 എന്റെ സാധനങ്ങളൊക്കെ പരിശോധിച്ചില്ലേ? അങ്ങയുടെ വീട്ടുവക കളില്‍ എന്താണ് അതില്‍ കണ്ടെത്തിയത്? അങ്ങയുടെയും എന്റെയും സഹോദരങ്ങളുടെ മുന്‍പില്‍ അവയൊക്കെ നിരത്തിവയ്ക്കുക. അവര്‍ വിധിപറയട്ടെ. 38 ഇരുപതുകൊല്ലം ഞാന്‍ അങ്ങയുടെകൂടെയായിരുന്നു. അങ്ങയുടെ ചെമ്മരിയാടുകള്‍ക്കും കോലാടുകള്‍ക്കും ഗര്‍ഭച്ഛിദ്രം സംഭവിച്ചിട്ടില്ല. അങ്ങയുടെ മുട്ടാടുകളെ ഞാന്‍ കൊന്നുതിന്നിട്ടില്ല. 39 കാട്ടുമൃഗങ്ങള്‍ കടിച്ചുകീറിയവയെ ഞാന്‍ അങ്ങയുടെയടുത്തു കൊണ്ടു വന്നിട്ടില്ല. ആ നഷ്ടം ഞാന്‍ തന്നെ സഹിച്ചു. രാത്രിയിലോ പകലോകളവു പോയവയ്ക്കും അങ്ങ് എന്നില്‍നിന്നു നഷ്ടപരിഹാരം ഈടാക്കിയിരുന്നു. 40 അതായിരുന്നു എന്റെ സ്ഥിതി. പകല്‍ ചൂടും രാത്രി തണുപ്പും എന്നെ കാര്‍ന്നുതിന്നു. ഉറക്കം എന്റെ കണ്ണുകളില്‍നിന്ന് ഓടിയകന്നു. 41 ഇരുപതുകൊല്ലം ഞാന്‍ അങ്ങയുടെ വീട്ടിലായിരുന്നു. പതിന്നാലുകൊല്ലം അങ്ങയുടെ രണ്ടുപെണ്‍ മക്കള്‍ക്കു വേണ്ടിയും ആറുകൊല്ലം ആടുകള്‍ക്കുവേണ്ടിയും ഞാന്‍ വേലചെയ്തു. പത്തുതവണ അങ്ങ് എന്റെ കൂലിയില്‍ മാറ്റം വരുത്തി. 42 എന്റെ പിതാവായ അബ്രാഹത്തിന്റെ ദൈവവും ഇസഹാക്കിന്റെ ഭയവുമായവന്‍ എന്റെ ഭാഗത്തില്ലായിരുന്നെങ്കില്‍ അങ്ങ് എന്നെ വെറുംകൈയോടെ പറഞ്ഞുവിടുമായിരുന്നു. എന്റെ കഷ്ടപ്പാടും ദേഹാ ധ്വാനവും ദൈവം കണ്ടു. അതു കൊണ്ടാണു കഴിഞ്ഞരാത്രി അവിടുന്ന് അങ്ങയെ ശകാരിച്ചത്. 


ലാബാനുമായി ഉടമ്പടി
43 ലാബാന്‍ യാക്കോബിനോടു പറഞ്ഞു: ഈ പെണ്‍മക്കള്‍ എന്റെ പുത്രിമാരാണ്, ഈ കുട്ടികള്‍ എന്റെ കുട്ടികളും. ഈ ആ ട്ടിന്‍കൂട്ടവും എന്‍േറതുതന്നെ. ഈ കാണുന്നതൊക്കെ എന്‍േറതാണ്. എന്റെ ഈപെണ്‍മക്കള്‍ക്കും അവര്‍ക്കുണ്ടായ കുട്ടികള്‍ക്കും വേണ്ടി എന്താണ് എനിക്കിന്നു ചെയ്യാന്‍ കഴിയുക?44 നമുക്കൊരു ഉടമ്പടിയുണ്ടാക്കാം. എനിക്കും നിനക്കും മധ്യേ അതൊരു സാക്ഷ്യമായിരിക്കട്ടെ. 45 അപ്പോള്‍ യാക്കോബ് ഒരു കല്ലെടുത്ത് തൂണായി കുത്തിനിര്‍ത്തി. 46 കല്ലുപെറുക്കിക്കൂട്ടുക, യാക്കോബ് തന്റെ ചാര്‍ച്ചക്കാരോടു പറഞ്ഞു. അവര്‍ കല്ലെടുത്ത് ഒരു കൂമ്പാരം കൂട്ടി. ആ കൂമ്പാരത്തിന്‍മേല്‍ ഇരുന്ന് അവര്‍ ഭക്ഷണം കഴിച്ചു. 47 ലാബാന്‍ അതിനെ യേഗാര്‍സഹ ദൂത്ത എന്നുവിളിച്ചു, യാക്കോബ് അതിനെ ഗലേദ് എന്നും. 48 ഈ കല്‍ക്കൂമ്പാരം എനിക്കും നിനക്കും മധ്യേ സാക്ഷ്യമായിരിക്കും എന്നു ലാബാന്‍ പറഞ്ഞു. അതുകൊണ്ടാണ്, ഗലേദ് എന്ന് അതിനു പേരു ലഭിച്ചത്. തൂണിനു മിസ്പ എന്നു പേരിട്ടു. 49 കാരണം, ലാബാന്‍ പറഞ്ഞു: നാം പരസ്പരം പിരിഞ്ഞിരിക്കുമ്പോള്‍ കര്‍ത്താവ് എനിക്കും നിനക്കും മധ്യേ കാവലായിരിക്കട്ടെ. 50 എന്റെ പുത്രിമാരോടു നീ അപമര്യാദയായി പെരുമാറുകയോ എന്റെ പുത്രിമാര്‍ക്കുപുറമേ നീ ഭാര്യമാരെ സ്വീകരിക്കുകയോ ചെയ്താല്‍ ആരും നമ്മുടെ കൂടെയില്ലെങ്കിലും ദൈവം നമുക്കു മധ്യേ സാക്ഷിയാണെന്ന് ഓര്‍ക്കുക. 51 ലാബാന്‍ യാക്കോബിനോടു പറഞ്ഞു: എനിക്കും നിനക്കും മധ്യേ ഞാന്‍ ഉയര്‍ത്തിയിരിക്കുന്ന ഈ തൂണും കല്‍ക്കൂമ്പാരവും കാണുക. 52 നിന്നെ ഉപദ്രവിക്കാന്‍ ഈ കൂമ്പാരത്തിന് അപ്പുറത്തേക്കു ഞാനും എന്നെ ഉപദ്രവിക്കാന്‍ ഈ കൂമ്പാരത്തിനും തൂണിനും ഇപ്പുറത്തേക്കു നീയും കടക്കുകയില്ല എന്നതിന് ഈ കൂമ്പാരവും തൂണും സാക്ഷിയായിരിക്കട്ടെ. 53 അബ്രാഹത്തിന്റെയും നാഹോറിന്റെയും അവരുടെ പിതാവിന്റെയും ദൈവം നമുക്കു മധ്യേ വിധിയാളനായിരിക്കട്ടെ. യാക്കോബും തന്റെ പിതാവായ ഇസഹാക്കു ഭയപ്പെട്ടിരുന്ന ദൈവത്തിന്റെ നാമത്തില്‍ സത്യംചെയ്തു. 54 മല മുകളില്‍ യാക്കോബു ബലിയര്‍പ്പിക്കുകയും അപ്പം ഭക്ഷിക്കാന്‍ തന്റെ ചാര്‍ച്ചക്കാരെ ക്ഷണിക്കുകയും ചെയ്തു. അവര്‍ അപ്പം ഭക്ഷിച്ച്, രാത്രിമുഴുവന്‍മലമുകളില്‍ കഴിച്ചുകൂട്ടി. 55 ലാബാന്‍ അതിരാവിലെ എഴുന്നേറ്റ് തന്റെ മക്കളെയും മക്കളുടെ മക്കളെയും ചുംബിക്കുകയും അനുഗ്രഹിക്കുകയുംചെയ്തിട്ട് വീട്ടിലേക്കു മടങ്ങി. 


അദ്ധ്യായം 32 - യാക്കോബ് തിരിച്ചുവരുന്നു
1 യാക്കോബുയാത്ര തുടര്‍ന്നു. ദൈവത്തിന്റെ ദൂതന്‍മാര്‍ വഴിക്കുവച്ച് അവനെ കണ്ടുമുട്ടി. 2 അവരെ കണ്ടപ്പോള്‍ അവന്‍ പറഞ്ഞു: ഇതു ദൈവത്തിന്റെ സൈന്യമാണ്. ആ സ്ഥലത്തിന് അവന്‍ മഹനായിം എന്നുപേരിട്ടു. 3 യാക്കോബ് ഏദോംനാട്ടില്‍ സെയിര്‍ദേശത്തു പാര്‍ത്തിരുന്ന സഹോദര നായ ഏസാവിന്റെ അടുത്തേക്കു തനിക്കു മുന്‍പേ ദൂതന്‍മാരെ അയച്ചു. 4 അവന്‍ അവരെ ചുമതലപ്പെടുത്തി: എന്റെ യജമാനനായ ഏസാവിനോടു നിങ്ങള്‍ ഇങ്ങനെ പറയണം, അങ്ങയുടെ ദാസനായ യാക്കോബു പറയുന്നു: ഇതുവരെ ഞാന്‍ ലാബാന്റെ കൂടെ പാര്‍ക്കുകയായിരുന്നു. 5 എനിക്കു കാളകളും കഴുതകളും ആടുകളും വേലക്കാരും വേലക്കാരികളുമുണ്ട്. അങ്ങേക്ക് എന്നോടു ദയ തോന്നണം. അതിനാണു ഞാന്‍ അങ്ങയുടെ അടുത്ത് ആളയച്ചു പറയുന്നത്. 6 ദൂതന്‍മാര്‍ തിരിച്ചുവന്നു യാക്കോബിനോടു പറഞ്ഞു: ഞങ്ങള്‍ അങ്ങയുടെ സഹോദരനായ ഏസാവിന്റെ യടുക്കല്‍ച്ചെന്നു. അവന്‍ നാനൂറ് ആളുകളുടെ അകമ്പടിയോടെ അങ്ങയെ കാണാന്‍ വരുന്നുണ്ട്. 7 യാക്കോബ് വളരെയധികം ഭയപ്പെട്ട് അസ്വസ്ഥനായി. തന്റെ കൂടെയുണ്ടായിരുന്ന ആളുകളെയും ആടുമാടുകളെയും ഒട്ടകങ്ങളെയും എല്ലാം അവന്‍ രണ്ടുഗണമായി തിരിച്ചു. 8 ഏസാവു വന്ന് ഒരു ഗണത്തെനശിപ്പിക്കുന്ന പക്ഷം മറ്റേ ഗണത്തിന് ഓടി രക്ഷപ്പെടാമല്ലോ എന്നവന്‍ ചിന്തിച്ചു. 9 അവന്‍ ഇങ്ങനെ പ്രാര്‍ഥിച്ചു: എന്റെ പിതാക്കന്‍മാരായ അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും ദൈവമേ, നിന്റെ നാട്ടിലേക്കും നിന്റെ ചാര്‍ച്ചക്കാരുടെ അടുത്തേക്കും തിരിയെപ്പോകുക, ഞാന്‍ നിനക്കു നന്‍മ ചെയ്യും എന്ന് അരുളിച്ചെയ്ത കര്‍ത്താവേ,10 അങ്ങ് ഈ ദാസനോടു കാണിച്ച കാരുണ്യത്തിനും വിശ്വസ്തതയ്ക്കും ഞാന്‍ ഒട്ടും അര്‍ഹനല്ല. കേവലം ഒരു വടിയുമായിട്ടാണ് ഞാന്‍ ജോര്‍ദാന്‍ കടന്നത്. ഇപ്പോഴിതാ ഞാന്‍ രണ്ടു ഗണമായി വര്‍ധിച്ചിരിക്കുന്നു. 11 എന്റെ സഹോദരനായ ഏസാവിന്റെ കൈയില്‍നിന്ന് എന്നെ രക്ഷിക്കണമെന്ന് ഞാന്‍ അങ്ങയോടു പ്രാര്‍ഥിക്കുന്നു. അവന്‍ വന്ന് എന്നെയും കുഞ്ഞുങ്ങളെയും അമ്മമാരെയും നശിപ്പിച്ചേക്കുമെന്ന് ഞാന്‍ ഭയപ്പെടുന്നു. 12 നിനക്കു നന്‍മ ചെയ്തു നിന്റെ സന്തതികളെ കടല്‍ത്തീരത്തെ മണല്‍ത്തരിപോലെ എണ്ണാനാവാത്തവിധം വര്‍ധിപ്പിക്കും എന്ന് അവിടുന്ന് അരുളിച്ചെയ്തിട്ടുണ്ടല്ലോ. 13 അന്നു രാത്രി അവന്‍ അവിടെ താവളമടിച്ചു. തന്റെ പക്കലുള്ളവയില്‍ നിന്ന് അവന്‍ സഹോദരനായ ഏസാവിന് ഒരു സമ്മാനമൊരുക്കി. 14 ഇരുനൂറു പെണ്‍കോലാടും ഇരുപതു ആണ്‍കോലാടും, ഇരുന്നൂറു പെണ്ണാടും, ഇരുപതു മുട്ടാടും,15 കറവയുള്ള മുപ്പത് ഒട്ടകം, അവയുടെ കിടാക്കള്‍, നാല്‍പതു പശു, പത്തു കാള, ഇരുപതു പെണ്‍കഴുത, പത്ത് ആണ്‍കഴുത എന്നിവയെ അവന്‍ മാറ്റിനിര്‍ത്തി. 16 ഈ ഓരോ കൂട്ടത്തെയും വേറെവേറെതന്റെ ഭൃത്യന്‍മാരെ ഏല്‍പിച്ചിട്ട് യാക്കോബ് അവരോടു പറഞ്ഞു: എനിക്കു മുന്‍പേ പോവുക. കൂട്ടങ്ങള്‍ തമ്മില്‍ അല്‍പം അകലമുണ്ടായിരിക്കണം. 17 ഏറ്റവും മുന്‍പേ പോയവനെ അവന്‍ ചുമതലതപ്പെടുത്തി: എന്റെ സഹോദരന്‍ ഏസാവ് നിങ്ങളെ കണ്ടുമുട്ടുമ്പോള്‍, നിങ്ങള്‍ ആരുടെ ആളുകളാണ്? നിങ്ങള്‍ എവിടെ പോകുന്നു? ഇതൊക്കെ ആരുടേതാണ്? എന്നു ചോദിക്കും. 18 നിങ്ങള്‍ ഇപ്രകാരം മറുപടി പറയണം, ഇവ അങ്ങയുടെ ദാസനായ യാക്കോബിന്‍േറതാണ്. യജമാനനായ ഏസാവിനുള്ള ഉപഹാരമാണിത്. അവന്‍ ഞങ്ങളുടെ പിന്നാലെയുണ്ട്. 19 രണ്ടാമനെയും മൂന്നാമനെയും കൂട്ടങ്ങളെ നടത്തിയിരുന്ന എല്ലാവരെയും അവന്‍ ഇതുതന്നെ പറഞ്ഞേല്‍പിച്ചു. 20 ഏസാവിനെ കാണുമ്പോള്‍ നിങ്ങളെല്ലാവരും ഇതുതന്നെ പറയണം. അങ്ങയുടെ ദാസനായ യാക്കോബ് തൊട്ടുപുറകെയുണ്ട് എന്നും പറയണം. അവന്‍ ഇപ്രകാരം ചിന്തിച്ചു: ഞാന്‍ മുന്‍കൂട്ടി അയച്ചിരിക്കുന്ന സമ്മാനംകൊണ്ട് എനിക്ക് അവനെ പ്രീതിപ്പെടുത്താനാവും. അതു കഴിഞ്ഞ് ഞാന്‍ അവനെനേരില്‍ക്കാണും; അവന്‍ എന്നെ സ്വീകരിച്ചേക്കും. 21 അതിനാല്‍, സമ്മാനം മുന്‍കൂട്ടി അയച്ചിട്ട് അവന്‍ അന്നു രാത്രി കൂടാരത്തില്‍ തങ്ങി. 


യാക്കോബിന്റെ മല്‍പിടിത്തം
22 ആ രാത്രിതന്നെ യാക്കോബ് തന്റെ രണ്ടു ഭാര്യമാരെയും രണ്ടു പരിചാരികമാരെയും പതിനൊന്നു മക്കളെയും കൂട്ടിക്കൊണ്ട്‌യാബോക്ക് എന്ന കടവു കടന്നു; അവരെ അവന്‍ പുഴയ്ക്കക്കരെ കടത്തിവിട്ടു. 23 തന്റെ സമ്പാദ്യം മുഴുവന്‍ അക്കരെയെത്തിച്ചു. 24 യാക്കോബു മാത്രം ഇക്കരെ നിന്നു. അവിടെവച്ച് ഒരാള്‍ നേരം പുലരുന്നതുവരെ അവനുമായി മല്‍പ്പിടിത്തം നടത്തി. 25 കീഴടക്കാന്‍ സാധ്യമല്ലെന്നു കണ്ടപ്പോള്‍ അവന്‍ യാക്കോബിന്റെ അരക്കെട്ടില്‍ തട്ടി. മല്‍പ്പിടിത്തത്തിനിടയില്‍ യാക്കോബിന്റെ തുട അരക്കെട്ടില്‍നിന്നു തെറ്റി. 26 അവന്‍ പറഞ്ഞു: നേരം പുലരുകയാണ്. ഞാന്‍ പോകട്ടെ. യാക്കോബു മറുപടി പറഞ്ഞു: എന്നെ അനുഗ്രഹിച്ചിട്ടല്ലാതെ അങ്ങയെ ഞാന്‍ വിടുകയില്ല. 27 അവന്‍ ചോദിച്ചു: നിന്റെ പേരെന്താണ്? യാക്കോബ്, അവന്‍ മറുപടി പറഞ്ഞു. 28 അപ്പോള്‍ അവന്‍ പറഞ്ഞു: ഇനിമേല്‍ നീ യാക്കോബ് എന്നല്ല, ഇസ്രായേല്‍ എന്നുവിളിക്കപ്പെടും. കാരണം, ദൈവത്തോടും മനുഷ്യരോടും നീ മല്ലിട്ടു ജയിച്ചിരിക്കുന്നു. 29 യാക്കോബ് അവനോടു പറഞ്ഞു: അങ്ങയുടെ പേര് എന്നോടു പറയണമെന്ന് ഞാന്‍ അപേക്ഷിക്കുന്നു. എന്തിനാണ് എന്റെ പേരറിയുന്നത്? അവന്‍ ചോദിച്ചു. അവിടെവച്ച് അവന്‍ യാക്കോബിനെ അനുഗ്രഹിച്ചു. 30 ദൈവത്തെ ഞാന്‍ മുഖത്തോടുമുഖം കണ്ടു. എന്നിട്ടും ഞാന്‍ ജീവനോടെ ഇരിക്കുന്നല്ലോ എന്നു പറഞ്ഞുകൊണ്ട് യാക്കോബ് ആ സ്ഥലത്തിനു പെനുവേല്‍ എന്നുപേരിട്ടു. 31 അവന്‍ പെനുവേല്‍ കടന്നപ്പോഴേക്കും സൂര്യനുദിച്ചു. ഉളുക്കു നിമിത്തം അവന്‍ ഞൊണ്ടുന്നുണ്ടായിരുന്നു. 32 അവിടുന്ന് യാക്കോബിന്റെ അരക്കെട്ടില്‍ തട്ടിയ തുകൊണ്ട് തുടയും അരയും തമ്മില്‍ ബന്ധിപ്പിക്കുന്ന സ്‌നായു ഇസ്രായേല്‍ക്കാര്‍ ഇന്നും ഭക്ഷിക്കാറില്ല. 


അദ്ധ്യായം 33 - ഏസാവിനെ കണ്ടുമുട്ടുന്നു
1 യാക്കോബ് തലയുയര്‍ത്തി നോക്കിയപ്പോള്‍ ഏസാവു നാനൂറു പേരുടെ അക മ്പടിയോടെ വരുന്നതു കണ്ടു. ഉടനെ യാക്കോബ് മക്കളെ വേര്‍തിരിച്ച് ലെയായുടെയും റാഹേലിന്റെയും രണ്ടു പരിചാരികമാരുടെയും അടുക്കലായി നിര്‍ത്തി. 2 അവന്‍ പരിചാരികമാരെയും അവരുടെ മക്കളെയും മുന്‍ പിലും ലെയായെയും മക്കളെയും അതിനുപുറകിലും റാഹേലിനെയും ജോസഫിനെയും ഏറ്റവും പുറകിലും നിര്‍ത്തി. 3 അവന്‍ അവരുടെ മുന്‍പേ നടന്നു. സഹോദരന്റെ അടുത്തെത്തുവോളം ഏഴുതവണ നിലംമുട്ടെ താണുവണങ്ങി. 4 ഏസാവാകട്ടെ ഓടിച്ചെന്ന് അവനെകെട്ടിപ്പിടിച്ചു ചുംബിച്ചു. ഇരുവരും കരഞ്ഞു. 5 ഏസാവു തലയുയര്‍ത്തി നോക്കിയപ്പോള്‍ സ്ത്രീകളെയും കുട്ടികളെയും കണ്ടു. അവന്‍ ചോദിച്ചു: നിന്റെ കൂടെക്കാണുന്ന ഇവരൊക്കെ ആരാണ്? യാക്കോബു മറുപടി പറഞ്ഞു: അങ്ങയുടെ ഈ ദാസനു ദൈവം കനിഞ്ഞു നല്‍കിയിരിക്കുന്ന മക്കളാണ്. 6 അപ്പോള്‍ പരിചാരികമാരും അവരുടെ മക്കളും അടുത്തുചെന്ന് ഏസാവിനെ വണങ്ങി. 7 തുടര്‍ന്ന് ലെയായും അവളുടെ മക്കളും അതിനുശേഷം ജോസഫും റാഹേലും അടുത്തുചെന്ന് താണുവണങ്ങി. 8 ഏസാവു ചോദിച്ചു: ഞാന്‍ വഴിയില്‍ക്കണ്ട പറ്റങ്ങള്‍കൊണ്ട് നീ എന്താണ് ഉദ്‌ദേശിക്കുന്നത്? യാക്കോബു പറഞ്ഞു: എന്റെ യജമാനനായ അങ്ങയുടെ പ്രീതി നേടുക. 9 ഏസാവു പറഞ്ഞു: സഹോദരാ, എനിക്ക് അതെല്ലാം വേണ്ടത്രയുണ്ട്. നിന്‍േറ ത് നീതന്നെ എടുത്തുകൊള്ളുക. 10 യാക്കോബ് അപേക്ഷിച്ചു: അങ്ങനെയല്ല, അങ്ങ് എന്നില്‍ സംപ്രീതനാണെങ്കില്‍, എന്റെ കൈയില്‍നിന്ന് ഈ സമ്മാനം സ്വീകരിക്കുക. കാരണം, ദൈവത്തിന്റെ മുഖം കണ്ടാലെന്നപോലെയാണ് ഞാന്‍ അങ്ങയുടെ മുഖം കണ്ടത്. അത്രയ്ക്കു ദയയോടെയാണ് അങ്ങ് എന്നെ സ്വീകരിച്ചത്. 11 അങ്ങയുടെ മുന്‍പില്‍ കൊണ്ടുവന്നിരിക്കുന്ന ഈ സമ്മാനങ്ങള്‍ ദയവായി സ്വീക രിക്കുക. എന്തെന്നാല്‍, ദൈവം എന്നോടു കാരുണ്യം കാണിച്ചിരിക്കുന്നു. എല്ലാം എനിക്കു വേണ്ടത്ര ഉണ്ട്. അവന്‍ നിര്‍ബന്ധിച്ചപ്പോള്‍ ഏസാവ് അതു സ്വീകരിച്ചു. 12 ഏസാവു പറഞ്ഞു: നമുക്കുയാത്ര തുടരാം. ഞാന്‍ നിന്റെ മുന്‍പേ നടക്കാം. 13 യാക്കോബ് പറഞ്ഞു: അങ്ങേക്കറിയാമല്ലോ, മക്കളൊക്കെ ക്ഷീണിച്ചിരിക്കുകയാണെന്ന്. കറവയുള്ള ആടുമാടുകള്‍ എന്റെ കൂടെയുണ്ട്. ഒരു ദിവസത്തേക്കാണെങ്കിലും കൂടുതലായി ഓടിച്ചാല്‍ അവ ചത്തുപോകും. 14 അതുകൊണ്ട് അങ്ങു മുന്‍പേ പോയാലും. കുഞ്ഞുങ്ങളുടെയും കന്നുകാലികളുടെയും നടപ്പിനൊത്ത് ഞാന്‍ പതുക്കെ വന്ന് സെയിറില്‍ അങ്ങയുടെ അടുത്തെത്തിക്കൊള്ളാം. 15 എന്റെ ആള്‍ക്കാരില്‍ കുറെപ്പേരെ ഞാന്‍ നിന്റെ കൂടെ നിര്‍ത്തട്ടെ? ഏസാവ് ചോദിച്ചു. യാക്കോബ് മറുപടി പറഞ്ഞു: എന്തിന്? എനിക്ക് അങ്ങയുടെ പ്രീതി മാത്രം മതി. 16 അതുകൊണ്ട്, ഏസാവ് അന്നുതന്നെ സെയിറിലേക്കു തിരിയെപ്പോയി. 17  യാക്കോബാകട്ടെ സുക്കോത്തിലേക്കുപോയി, അവിടെ വീടു പണിതു, കന്നുകാലികള്‍ക്കു കൂടുകളും കെട്ടി. അതുകൊണ്ടാണ് ആ സ്ഥലത്തിനു സുക്കോത്ത് എന്നുപേരുണ്ടായത്. 18 യാക്കോബ് പാദാന്‍ആരാമില്‍നിന്നുള്ളയാത്ര തുടര്‍ന്നു. കാനാന്‍ദേശത്തുള്ള ഷെക്കെം പട്ടണത്തില്‍ സുരക്ഷിതനായി എത്തിച്ചേര്‍ന്നു. അവിടെ നഗരത്തിനടുത്തു കൂടാരമടിച്ചു. 19 യാക്കോബ് ഷെക്കെമിന്റെ പിതാവായ ഹാമോറിന്റെ മക്കളില്‍നിന്ന്, താന്‍ കൂടാരമടിച്ച പറമ്പിന്റെ ഒരു ഭാഗം നൂറു നാണയത്തിനു വാങ്ങി. 20 അവന്‍ അവിടെ ഒരു ബലിപീഠം പണിതു. അതിന് ഏല്‍- ഏലൊഹെയ് - ഇസ്രായേല്‍ എന്നുപേരിട്ടു. 


അദ്ധ്യായം 34 - ദീനയുടെ മാനഹാനി
1 യാക്കോബിനു ലെയായിലുണ്ടായ മകള്‍ ദീന ആ നാട്ടിലുള്ള സ്ത്രീകളെ സന്ദര്‍ശിക്കാന്‍ പോയി. 2 അവിടത്തെ പ്രഭുവായിരുന്ന ഹാമോര്‍ എന്ന ഹിവ്യന്റെ മകന്‍ ഷെക്കെം അവളെ കണ്ടപ്പോള്‍ പിടിച്ചുകൊണ്ടു പോയി ബലാല്‍സംഗം ചെയ്ത് അപമാനിച്ചു. 3 അവന്റെ ഹൃദയം യാക്കോബിന്റെ മകളായ ദീനയില്‍ ലയിച്ചു ചേര്‍ന്നു. അവന്‍ അവളെ അതിരറ്റു സ്‌നേഹിച്ചു. സ്‌നേഹവായ്‌പോടെ അവന്‍ അവളോടു സംസാരിച്ചു. 4 ഷെക്കെം തന്റെ പിതാവായ ഹാമോറിനോടു പറഞ്ഞു: ആ പെണ്‍കുട്ടിയെ എനിക്കു ഭാര്യയായിത്തരണം. 5 തന്റെ മകളായ ദീനയെ ഷെക്കെം മാനഭംഗപ്പെടുത്തിയെന്ന വിവരം യാക്കോബ് അറിഞ്ഞു. പുത്രന്‍മാരെല്ലാവരും വയലില്‍ കാലികളുടെകൂടെ ആയിരുന്നതുകൊണ്ട് അവര്‍ തിരിച്ചെത്തുംവരെ അവന്‍ ക്ഷമിച്ചിരുന്നു. 6 ഷെക്കെമിന്റെ പിതാവായ ഹാമോര്‍ യാക്കോബിനോടു സംസാരിക്കാനായി വന്നു. 7 വിവരമറിഞ്ഞ് യാക്കോബിന്റെ പുത്രന്‍മാര്‍ വയലില്‍നിന്നു തിരിച്ചെത്തി. അവര്‍ക്കു രോഷവും അമര്‍ഷ വുമുണ്ടായി. കാരണം, യാക്കോബിന്റെ മകളെ ബലാത്‌സംഗം ചെയ്തതു വഴി, ഷെക്കെം ഇസ്രായേലിനു നിഷിദ്ധമായ മ്ലേച്ഛ തയാണു പ്രവര്‍ത്തിച്ചത്. 8 എന്നാല്‍, ഹാമോര്‍ അവരോടു പറഞ്ഞു: എന്റെ മകനായ ഷെക്കെമിന്റെ ഹൃദയം നിങ്ങളുടെ മകള്‍ക്കുവേണ്ടി ദാഹിക്കുന്നു. ദയചെയ്ത് അവളെ അവനു ഭാര്യയായി നല്‍കണം. 9 ഞങ്ങളുമായി വിവാഹബന്ധത്തിലേര്‍പ്പെടുക. നിങ്ങളുടെപെണ്‍കുട്ടികളെ ഞങ്ങള്‍ക്കു തരുക. ഞങ്ങളുടെ പെണ്‍കുട്ടികളെ നിങ്ങളും സ്വീകരിക്കുക. 10 ഞങ്ങളുടെകൂടെ പാര്‍ക്കുക. ഈ നാട്ടില്‍ നിങ്ങള്‍ക്കു സ്വാതന്ത്ര്യമുണ്ടായിരിക്കും. നിങ്ങള്‍ക്ക് ഇവിടെ പാര്‍ത്ത് തൊഴില്‍ ചെയ്യുകയും സ മ്പാദ്യമുണ്ടാക്കുകയും ചെയ്യാം. 11 ഷെക്കെം ദീനയുടെ പിതാവിനോടും സഹോദരന്‍മാരോടുമായി പറഞ്ഞു: ദയയോടെ നിങ്ങള്‍ എന്നോടു പെരുമാറണം. നിങ്ങള്‍ ചോദിക്കുന്നതു ഞാന്‍ നിങ്ങള്‍ക്കു തരാം. 12 സ്ത്രീധനമായോ വിവാഹസമ്മാനമായോ നിങ്ങള്‍ ചോദിക്കുന്നതെന്തും തരാന്‍ ഞാന്‍ ഒരുക്ക മാണ്. പെണ്‍കുട്ടിയെ എനിക്കു ഭാര്യയായി തരണം. 13 തങ്ങളുടെ സഹോദരി ദീനയെ ഷെക്കെം മാനഭംഗപ്പെടുത്തിയതുകൊണ്ട് യാക്കോബിന്റെ മക്കള്‍ അവനോടും അവന്റെ പിതാവായ ഹാമോറിനോടും ചതിവായി സംസാരിച്ചു. 14 അവര്‍ പറഞ്ഞു: പരിച്‌ഛേദനം ചെയ്യാത്ത ഒരുവന് ഞങ്ങളുടെ സഹോദരിയെ ഭാര്യയായി നല്‍കുക സാധ്യമല്ല. ഞങ്ങള്‍ക്ക് അത് അപമാനകരമാണ്. 15 എന്നാല്‍ ഒരു വ്യവസ്ഥയില്‍ ഞങ്ങളിതിനു സമ്മതിക്കാം. നിങ്ങളുടെ പുരുഷന്‍മാരെല്ലാം പരിച്‌ഛേദനം ചെയ്ത് ഞങ്ങളെപ്പോലെയാകണം. 16 അങ്ങനെയെങ്കില്‍ ഞങ്ങളുടെ പുത്രിമാരെ നിങ്ങള്‍ക്കു തരാം. നിങ്ങളുടെ പുത്രിമാരെ ഞങ്ങളും സ്വീകരിക്കാം. ഞങ്ങള്‍ നിങ്ങളോടൊത്തു വസിക്കുകയും നമ്മള്‍ ഒരു ജനതയായിത്തീരുകയും ചെയ്യും. 17 ഞങ്ങള്‍ പറയുന്നതനുസരിച്ചു പരിച്‌ഛേദനം ചെയ്യാന്‍ നിങ്ങള്‍ ഒരുക്കമല്ലെങ്കില്‍ ഞങ്ങളുടെ മകളെയും കൊണ്ടു ഞങ്ങള്‍ സ്ഥലം വിടും. 18 അവരുടെ വ്യവസ്ഥ ഹാമോറിനും മകന്‍ ഷെക്കെമിനും ഇഷ്ടപ്പെട്ടു. 19 അങ്ങനെ ചെയ്യാന്‍ ആ ചെറുപ്പക്കാരന്‍ ഒട്ടും മടികാണിച്ചില്ല. കാരണം, യാക്കോബിന്റെ മകളില്‍ അവന്‍ അത്രമേല്‍ അനുരക്തനായിരുന്നു. അവന്റെ കുടുംബത്തില്‍ഏറ്റവും മതിക്കപ്പെട്ടവനായിരുന്നു ഷെക്കെം. 20 അതിനാല്‍, ഹാമോറും മകന്‍ ഷെക്കെമും നഗര കവാടത്തിങ്കല്‍ച്ചെന്ന് അവരുടെ പട്ടണത്തിലെ പുരുഷന്‍മാരോട് ഇപ്രകാരം പറഞ്ഞു:21 ഈ മനുഷ്യര്‍ നമ്മോടു സൗഹാര്‍ദത്തിലാണ്. അവര്‍ ഈ നാട്ടില്‍ പാര്‍ത്ത് ഇവിടെ തൊഴില്‍ ചെയ്യട്ടെ. ഈ നാട് അവരെക്കൂടി ഉള്‍ക്കൊള്ളാന്‍മാത്രം വിശാലമാണല്ലോ. അവരുടെ പുത്രിമാരെ നമുക്കു ഭാര്യമാരായി സ്വീകരിക്കാം. നമ്മുടെ പുത്രിമാരെ അവര്‍ക്കു നല്‍കുകയും ചെയ്യാം. 22 എന്നാല്‍, ഒരു വ്യവസ്ഥയില്‍ മാത്രമേ ഇവര്‍ നമ്മോടൊത്തു പാര്‍ത്ത് ഒരു ജനതയാകാന്‍ സമ്മതിക്കുകയുള്ളു. നമ്മുടെ പുരുഷന്‍മാരെല്ലാം അവരെപ്പോലെ പരിച്‌ഛേദനം ചെയ്യണം. 23 അവരുടെ സമ്പത്തും കന്നുകാലികളും മറ്റു മൃഗങ്ങളുമൊക്കെ നമ്മുടേതാവില്ലേ? നമുക്കിതു സമ്മതിക്കാം. എങ്കില്‍, അവര്‍ നമ്മുടെകൂടെ താമസിക്കും. 24  പട്ടണത്തിലെ പുരുഷന്‍മാരെല്ലാം ഹാമോറിന്റെയും മകന്‍ ഷെക്കെമിന്റെയും വാക്കുകള്‍ കേട്ടു പരിച്‌ഛേദനം ചെയ്തു. 25 മൂന്നാംദിവസം, അവര്‍ വേദനിച്ചിരുന്നപ്പോള്‍ ദീനയുടെ സഹോദരന്‍മാരും യാക്കോബിന്റെ പുത്രന്‍മാരുമായ ശിമയോനും ലേവിയും വാളെടുത്ത് അപ്രതീക്ഷിതമായി നഗരത്തില്‍കടന്നു പുരുഷന്‍മാരെയെല്ലാം വധിച്ചു. 26 ഹാമോറിനെയും മകന്‍ ഷെക്കെമിനെയും അവര്‍ വാളിനിരയാക്കി; ഷെക്കെമിന്റെ വീട്ടില്‍ നിന്നു ദീനയെ വീണ്ടെടുത്ത് അവര്‍ തിരിച്ചുപോയി. 27 തങ്ങളുടെ സഹോദരിയെ മാനഭംഗപ്പെടുത്തിയതിന്റെ പേരില്‍ യാക്കോബിന്റെ മക്കള്‍, മരിച്ചുകിടന്നവരുടെ ഇടയിലൂടെചെന്നു നഗരം കൊള്ളയടിച്ചു. 28 അവരുടെ ആടുമാടുകളെയും കഴുതകളെയും നഗരത്തിലും വയലിലുമുണ്ടായിരുന്ന സകലത്തെയും അവര്‍ അപഹരിച്ചു. 29 അവരുടെ സ്വത്തും വീട്ടുവകകളൊക്കെയും യാക്കോബിന്റെ മക്കള്‍ കൈവശപ്പെടുത്തി. കുഞ്ഞുങ്ങളെയും സ്ത്രീകളെയും പിടിച്ചുകൊണ്ടു പോവുകയും ചെയ്തു. 30 അപ്പോള്‍ യാക്കോബ് ശിമയോനെയും ലേവിയെയും വിളിച്ച് ഇങ്ങനെ പറഞ്ഞു: ഇന്നാട്ടുകാരായ കാനാന്‍കാരുടെയും പെരീസ്യരുടെയും മുന്‍പില്‍ നിങ്ങള്‍ എനിക്കു ദുഷ്‌കീര്‍ത്തി വരുത്തിയിരിക്കുന്നു. എനിക്ക് ആള്‍ബലം കുറവാണ്. അവരൊന്നിച്ചു കൂടി എന്നെ ആക്രമിച്ചാല്‍ ഞാന്‍ തകര്‍ന്നുപോകും. ഞാനും കുടുംബവും നശിക്കും. 31 അവര്‍ ചോദിച്ചു: ഒരുവേശ്യയോടെന്നപോലെ അവന്‍ ഞങ്ങളുടെ സഹോദരിയോടു പെരുമാറിയതെന്തിന്?


അദ്ധ്യായം 35 - വീണ്ടും ബേഥേലില്‍
1 ദൈവം യാക്കോബിനോട് അരുളിച്ചെയ്തു: ബേഥേലിലേക്കു പോയി അവിടെ പാര്‍ക്കുക. നിന്റെ സഹോദരനായ ഏസാവില്‍നിന്നു നീ ഓടി രക്ഷപെട്ടപ്പോള്‍ നിനക്കു പ്രത്യക്ഷപ്പെട്ട ദൈവത്തിന് അവിടെ ഒരു ബലിപീഠം പണിയുക. 2 അതുകൊണ്ട്, യാക്കോബ് തന്റെ കുടുംബാംഗങ്ങളോടും കൂടെയുണ്ടായിരുന്ന എല്ലാവരോടുമായി പറഞ്ഞു: നിങ്ങളുടെ പക്കലുള്ള അന്യദേവന്‍മാരെ ദൂരെക്കളയുക; എല്ലാവരും ശുദ്ധിവരുത്തി വസ്ത്രങ്ങള്‍ മാറുക. നമുക്ക് ബേഥേലിലേക്കു പോകാം. 3 എന്റെ കഷ്ടപ്പാടില്‍ എന്റെ പ്രാര്‍ഥന ചെവിക്കൊണ്ടവനും ഞാന്‍ പോയിടത്തെല്ലാം എന്റെ കൂടെ ഉണ്ടായിരുന്നവനുമായ ദൈവത്തിനു ഞാന്‍ അവിടെ ഒരു ബലിപീഠം പണിയും. 4 തങ്ങളുടെ കൈവശമുണ്ടായിരുന്ന അന്യദേവവിഗ്രഹങ്ങളും തങ്ങളുടെ കര്‍ണാഭരണങ്ങളും അവര്‍ യാക്കോബിനെ ഏല്‍പിച്ചു. അവന്‍ ഷെക്കെമിന് അടുത്തുള്ള ഓക്കുമരത്തിന്റെ ചുവട്ടില്‍ അവ കുഴിച്ചു മൂടി. 5 അവര്‍ക്കു ചുറ്റുമുള്ള നഗരങ്ങളിലെല്ലാംദൈവഭീതിയുണ്ടായി. അതുകൊണ്ട് അവര്‍യാത്രചെയ്തപ്പോള്‍ ആരും യാക്കോബിന്റെ മക്കളെ പീഡിപ്പിച്ചില്ല. 6 യാക്കോബും കൂടെയുണ്ടായിരുന്നവരും കാനാന്‍ ദേശത്ത് ബേഥേല്‍, അതായത് ലൂസ് എന്ന സ്ഥലത്ത് എത്തിച്ചേര്‍ന്നു. 7 അവിടെ അവന്‍ ഒരു ബലിപീഠം പണിയുകയും ആ സ്ഥലത്തിന് ഏല്‍ബേഥേല്‍ എന്നു പേരിടുകയും ചെയ്തു. കാരണം, സ്വന്തം സഹോദരനില്‍നിന്ന് ഒളിച്ചോടിയപ്പോള്‍ അവിടെ വച്ചാണ് ദൈവം അവനു പ്രത്യക്ഷപ്പെട്ടത്. 8 റബേക്കായുടെ പരിചാരികയായ ദബോറമരണമടഞ്ഞു. ബേഥേലിന്റെ താഴ്‌വരയില്‍ ഒരു ഓക്കുമരത്തിന്റെ കീഴെ അവളെ അടക്കി. അതിന് അലോണ്‍ ബാക്കുത്ത് എന്നു പേരുണ്ടായി. 9 പാദാന്‍ആരാമില്‍നിന്നു പോന്നപ്പോള്‍ദൈവം യാക്കോബിനു വീണ്ടും പ്രത്യക്ഷപ്പെട്ട്, അവനെ അനുഗ്രഹിച്ചു. 10  ദൈവം അവനോട് അരുളിച്ചെയ്തു: യാക്കോബ് എന്നാണ് നിന്റെ പേര്. എന്നാല്‍, ഇനിമേലില്‍ യാക്കോബ് എന്നല്ല, ഇസ്രായേല്‍ എന്നായിരിക്കും നീ വിളിക്കപ്പെടുക. അതിനാല്‍ അവന്‍ ഇസ്രായേല്‍ എന്നു വിളിക്കപ്പെട്ടു. 11 ദൈവം അവനോടു വീണ്ടും അരുളിച്ചെയ്തു: ഞാന്‍ സര്‍വശക്തനായ ദൈവമാണ്. നീ സന്താനപുഷ്ടിയുണ്ടായി പെരുകുക. ജനതയും ജനതയുടെ ഗണങ്ങളും നിന്നില്‍നിന്ന് ഉദ്ഭവിക്കും. രാജാക്കന്‍മാരും നിന്നില്‍നിന്നു ജന്‍മമെടുക്കും. 12 അബ്രാഹത്തിനും ഇസഹാക്കിനും ഞാന്‍ നല്‍കിയ നാടു നിനക്കും നിന്റെ സന്താന പരമ്പരകള്‍ക്കും ഞാന്‍ നല്‍കും. 13 അനന്തരം, ദൈവം അവനെ വിട്ടുപോയി. 14 അവിടുന്നു തന്നോടു സംസാരിച്ച സ്ഥലത്ത് യാക്കോബ് കല്ലുകൊണ്ട് ഒരു സ്തംഭം ഉയര്‍ത്തി. 15 അതിന്‍മേല്‍ ഒരു പാനീയബലിയര്‍പ്പിച്ച്, എണ്ണ പകര്‍ന്നു. ദൈവം തന്നോടു സംസാരിച്ച സ്ഥലത്തിന് യാക്കോബ് ബേഥേല്‍ എന്നു പേരിട്ടു. 16 ബേഥേലില്‍നിന്ന് അവര്‍യാത്ര തുടര്‍ന്നു. എഫ്രാത്തായില്‍ എത്തുന്നതിനു കുറച്ചു മുന്‍പ് റാഹേലിനു പ്രസവവേദന തുടങ്ങി. 17 പ്രസവക്ലേശം കഠിനമായപ്പോള്‍ സൂതികര്‍മിണി അവളോടു പറഞ്ഞു: പേടിക്കേണ്ടാ, നിനക്ക് ഇപ്രാവശ്യവും ഒരു പുത്രനെ ലഭിക്കും. 18 എന്നാല്‍, അവള്‍ മരിക്കുകയായിരുന്നു. ജീവന്‍ വേര്‍പെടുന്ന സമയത്ത്, അവള്‍ അവനെ ബനോനി എന്നു പേര്‍ വിളിച്ചു. പക്‌ഷേ, അവന്റെ പിതാവ് അവനു ബഞ്ചമിന്‍ എന്നാണു പേരിട്ടത്. 19 റാഹേല്‍ മരിച്ചു. ബേത്‌ലെഹം എന്നറിയപ്പെടുന്നഎഫ്രാത്തായിലേക്കുള്ള വഴിയില്‍ അവളെ അടക്കി. 20 അവളുടെ കല്ലറയില്‍ യാക്കോബ് ഒരു സ്തംഭം നാട്ടി. ഇന്നും അത് റാഹേലിന്റെ കല്ലറയിലെ സ്മാരകസ്തംഭമായി നില്‍ക്കുന്നു. 21 ഇസ്രായേല്‍യാത്ര തുടര്‍ന്ന്, ഏദെര്‍ ഗോപുരത്തിന് അപ്പുറം കൂടാരമടിച്ചു. 22 ഇസ്രായേല്‍ ആ നാട്ടില്‍ പാര്‍ത്തിരുന്നപ്പോള്‍ റൂബന്‍ തന്റെ പിതാവിന്റെ ഉപനാരിയായ ബില്‍ഹായുമൊത്തു ശയിച്ചു. ഇസ്രായേല്‍ അതറിയാനിടയായി. 


യാക്കോബിന്റെ പുത്രന്‍മാര്‍
23 യാക്കോബിനു പന്ത്രണ്ടു പുത്രന്‍മാരുണ്ടായിരുന്നു. ലെയായുടെ പുത്രന്‍മാര്‍: യാക്കോബിന്റെ കടിഞ്ഞൂല്‍പുത്രന്‍ റൂബന്‍, ശിമയോന്‍, ലേവി, യൂദാ, ഇസ്‌സാക്കാര്‍, സെബുലൂണ്‍. റാഹേലിന്റെ പുത്രന്‍മാര്‍:ജോസഫ്, ബഞ്ചമിന്‍. 25 റാഹേലിന്റെ പരിചാരികയായ ബില്‍ഹായുടെ പുത്രന്‍മാര്‍: ദാന്‍, നഫ്താലി. 26 ലെയായുടെ പരിചാരികയായ സില്‍ഫായുടെ പുത്രന്‍മാര്‍: ഗാദ്, ആഷേര്‍. യാക്കോബിന് പാദാന്‍ആരാമില്‍വച്ചു ജനിച്ചമക്കളാണ് ഇവര്‍. 


ഇസഹാക്കിന്റെ മരണം
27 യാക്കോബ് ഹെബ്രോണ്‍ എന്നറിയപ്പെടുന്ന കിരിയാത്ത്-അര്‍ബായിലെ മാമ്രേയില്‍ തന്റെ പിതാവായ ഇസഹാക്കിന്റെ അടുത്തേക്കുപോയി. അബ്രാഹവും ഇസഹാക്കും പാര്‍ത്തിരുന്നത് അവിടെയാണ്. 28 ഇസഹാക്കിന്റെ ആയുഷ്‌കാലം നൂറ്റെണ്‍പതു വര്‍ഷമായിരുന്നു. 29 ഇസഹാക്ക് അന്ത്യശ്വാസം വലിച്ചു. വൃദ്ധനായ അവന്‍ തന്റെ ദിവസങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ മരിച്ച് സ്വന്തം ജനത്തോടു ചേര്‍ന്നു. മക്ക ളായ ഏസാവും യാക്കോബും അവനെ സംസ്‌കരിച്ചു. 


അദ്ധ്യായം 36 - ഏസാവ് ഏദോമ്യരുടെ പിതാവ്
1 ഏദോം എന്നുകൂടി പേരുള്ള ഏസാവിന്റെ സന്താനപരമ്പര ഇതാണ്. 2 കാനാന്യ സ്ത്രീകളായിരുന്നു ഏസാവിന്റെ ഭാര്യമാര്‍. ഹിത്യനായ ഏലോന്റെ മകളാണ് ആദാ. ഹിവ്യനായ സിബയോന്റെ മകളായ ആനായുടെ പുത്രിയാണ് ഒഹോലിബാമാ. 3 ഇസ്മായേലിന്റെ മകളും നെബായോത്തിന്റെ സാഹോദരിയുമാണ് ബസ്മത്ത്. 4 ഏസാവിന് ആദായില്‍ എലിഫാസും ബസ്മത്തില്‍ റവുവേലും ജനിച്ചു. 5 ഒഹോലിബാമായില്‍നിന്ന് അവന്‌യവുഷുവുംയാലാമും കോറഹും ജനിച്ചു. കാനാന്‍ദേശത്തുവച്ച് ഏസാവിനുണ്ടായ മക്കളാണ് ഇവര്‍. 6 ഏസാവ്, ഭാര്യമാരും പുത്രന്‍മാരും പുത്രിമാരും വീട്ടിലുള്ള എല്ലാവരുമൊത്ത്, തന്റെ കാലികളും മൃഗങ്ങളും കാനാന്‍ദേശത്തു താന്‍ നേടിയ സ്വത്തുമായി സഹോദരനായ യാക്കോബിനെ വിട്ട് അകലെയുള്ള ഒരു ദേശത്തേക്കു പോയി. കാരണം, ഒന്നിച്ചു പാര്‍ക്കാന്‍ വയ്യാത്തവിധം ഇരുവര്‍ക്കും അത്രയേറെസമ്പത്തുണ്ടായിരുന്നു. 7 അവരുടെ അധിവാസഭൂമിക്കു സംരക്ഷിക്കുവാനാവാത്തവണ്ണം അത്രയധികമായിരുന്നു ആടുമാടുകള്‍. 8 അതുകൊണ്ട് ഏസാവ് സെയിര്‍ എന്ന മലനാട്ടില്‍ പാര്‍ത്തു. ഏസാവും ഏദോമും ഒരാള്‍തന്നെ. 9 സെയിര്‍മലയിലെ ഏദോമ്യരുടെ പിതാവായ ഏസാവിന്റെ സന്തതിപരമ്പര:10 ഏസാവിന്റെ പുത്രന്‍മാരുടെ പേരുകള്‍: ഏസാവിന് ഭാര്യയായ ആദായിലുണ്ടായ മകന്‍ എലിഫാസ്. ഭാര്യയായ ബസ്മത്തി ലുണ്ടായ മകന്‍ റവുവേല്‍. 11 എലിഫാസിന്റെ പുത്രന്‍മാര്‍ തേമാന്‍, ഓമര്‍, സെഫോ, ഗത്താം, കെനസ്. 12 ഏസാവിന്റെ മകന്‍ എലിഫാസിനു തിമ്‌നാ എന്നൊരു ഉപനാരിയുണ്ടായിരുന്നു. എലിഫാസിന് അവളില്‍ അമലേക്ക് എന്നൊരു പുത്രന്‍ ജനിച്ചു. ഏസാവിന് ഭാര്യയായ ആദായിലുണ്ടായ സന്തതികളാണ് ഇവര്‍. 13 റവുവേലിന്റെ പുത്രന്‍മാരാണ് നഹത്ത്, സേറഹ്, ഷമ്മാ, മിസ്സാം എന്നിവര്‍. ഏസാവിനു ഭാര്യ ബസ്മത്തിലുണ്ടായ സന്തതികളാണ് ഇവര്‍. 14 സിബയോന്റെ പുത്രിയായ ആനായുടെ മകള്‍ ഒഹോലിബാമായില്‍ ഏസാവിനുണ്ടായ പുത്രന്‍മാരാണ്‌യവൂഷും, യാലാമും, കോറഹും. 15 ഏസാവിന്റെ മക്കളില്‍ പ്രധാനര്‍ ഇവരായിരുന്നു: ഏസാവിന്റെ കടിഞ്ഞൂല്‍പുത്രനായ എലിഫാസിന്റെ മക്കള്‍ തേമാന്‍, ഓമര്‍, സെഫോ, കെനസ്,16 കോറഹ്, ഗത്താം, അമലേക്ക് എന്നിവര്‍ ഏദോം നാട്ടില്‍ എലിഫാസില്‍നിന്നുണ്ടായ നായകന്‍മാരാണ്. ഇവരെല്ലാം ആദായുടെ പുത്രന്‍മാരാണ്. 17 ഏസാവിന്റെ മകനായ റവുവേലിന്റെ പുത്രന്‍മാര്‍: പ്രമുഖരായ നഹത്ത്, സേറഹ്, ഷമ്മാ, മിസ്‌സാ. ഏദോംനാട്ടില്‍ റവുവേ ലില്‍ നിന്നുണ്ടായ പ്രധാനപ്പെട്ടവരാണ് ഇവര്‍. ഇവര്‍ ഏസാവിന്റെ ഭാര്യ ബസ്മത്തിന്റെ സന്തതികളാണ്. 18 ഏസാവിന്റെ ഭാര്യ ഒഹോലിബാമായുടെ പുത്രന്‍മാര്‍: പ്രമുഖരായയവൂഷ്, യലാം, കോറഹ്. ഇവര്‍ ഏസാവിന്റെ ഭാര്യയും ആനായുടെ മകളുമായ ഒഹോലിബാമായില്‍ നിന്നുള്ള നായ കന്‍മാരാണ്. 19 ഇവര്‍ ഏസാവിന്റെ സന്തതികളും ഏദോമിലെ പ്രമുഖന്‍മാരുമാണ്. 20 അന്നാട്ടില്‍ പാര്‍ത്തിരുന്നവരും സെയിര്‍ എന്ന ഹോര്യന്റെ പുത്രന്‍മാരുമാണ് ലോത്താന്‍, ഷോബാല്‍, സിബയോന്‍, ആനാ,21 ദീഷോന്‍, ഏസെര്‍, ദീഷാന്‍. ഇവര്‍ ഏദോം നാട്ടിലെ സെയിറിന്റെ പുത്രന്‍മാരും ഹോര്യയിലെ പ്രമാണികളുമാണ്. 22 ലോത്താന്റെ പുത്രന്‍മാര്‍ ഹോറി, ഹേമാ. ലോത്താന്റെ സഹോദരിയായിരുന്നു തിമ്‌നാ. 23 ഷോബാലിന്റെ പുത്രന്‍മാര്‍ അല്‍വാന്‍, മനഹത്ത്, ഏബാല്‍, ഷെഫോ, ഓനാം. 24 സിബയോന്റെ പുത്രന്‍മാര്‍: ആയ്യാ, ആനാ. തന്റെ പിതാവായ സിബയോന്റെ കഴുതകളെ മേയ്ക്കുമ്പോള്‍ മരുഭൂമിയില്‍ ചൂടുറവകള്‍ കണ്ടെത്തിയ ആനാ ഇവന്‍തന്നെയാണ്. 25 ദീഷോന്‍ ആനായുടെ പുത്രനും ഒഹോലിബാമാ പുത്രിയുമായിരുന്നു. 26 ഹെമ് ദാന്‍, എഷ്ബാന്‍, ഇത്രാന്‍, കെറാന്‍ എന്നിവരായിരുന്നു ദീഷോന്റെ പുത്രന്‍മാര്‍. 27 ഏസെറിന്റെ പുത്രന്‍മാരായിരുന്നു ബില്‍ഹാനും സാവാനും അക്കാനും. 28 ദീഷാന്റെ പുത്രന്‍മാരായിരുന്നു ഊസും അരാനും. 29 ഹോര്യരിലെ പ്രമുഖരായിരുന്നു ലോത്താന്‍, ഷോബാന്‍, സിബയോന്‍, ആനാ എന്നിവര്‍. 30 ദീഷോന്‍, ഏസെര്‍, ദീഷാന്‍ എന്നിവര്‍ സെയിര്‍നാട്ടില്‍ ഹോര്യരിലെ പ്രമുഖരായിരുന്നു. 31 ഇസ്രായേല്‍ക്കാരുടെയിടയില്‍ രാജ ഭരണം ആരംഭിക്കുന്നതിനുമുന്‍പ് ഏദോം നാട്ടിലെ ഭരണാധികാരികള്‍ ഇവരായിരുന്നു;32 ബേയോറിന്റെ മകനായ ബേല ഏദോമില്‍ ഭരിച്ചു. അവന്റെ പട്ടണത്തിന്റെ പേര് ദിന്‍ഹാബാ എന്നായിരുന്നു. 33 ബേല മരിച്ചപ്പോള്‍ ബൊസ്രായിലെ സേറഹിന്റെ മകനായ യോബാബ് രാജാവായി. 34 യോബാബ് മരിച്ചപ്പോള്‍ തേമാന്യനായ ഹൂഷാം രാജാവായി. 35 ഹൂഷാം മരിച്ചപ്പോള്‍ ബദാദിന്റെ പുത്രനായ ഹദാദ് രാജാവായി. അവന്‍ മൊവാബുദേശത്തുവച്ച് മിദിയാനെ തോല്‍പിച്ചു. അവന്റെ പട്ടണത്തിന്റെ പേര് അവിത് എന്നായിരുന്നു. 36 ഹദാദ് മരിച്ചപ്പോള്‍ മസ്‌റേക്കായിലെ സമ്‌ലാ രാജാവായി. 37 സമ്‌ലാ മരിച്ചപ്പോള്‍ നദീതീരത്തുള്ള റഹോബോത്തിലെ സാവൂള്‍ രാജാവായി. 38 സാവൂള്‍ മരിച്ചപ്പോള്‍ അക്‌ബോറിന്റെ മകനായ ബാല്‍ഹാനാന്‍ രാജാവായി. 39 അക്‌ബോറിന്റെ മകനായ ബാല്‍ഹാനാന്‍മരിച്ചപ്പോള്‍ ഹദാറാണു തല്‍സ്ഥാനത്തു ഭരിച്ചത്. അവന്റെ പട്ടണത്തിന്റെ പേര് പാവൂ എന്നായിരുന്നു. മെസാഹാബിന്റെ പൗത്രിയും മത്രെദിന്റെ പുത്രിയുമായ മെഹേത്തബേല്‍ ആയിരുന്നു അവന്റെ ഭാര്യ. 40 കുടുംബവും വാസസ്ഥലവും പേരുമനുസരിച്ച്, ഏസാവില്‍നിന്നുദ്ഭവിച്ച പ്രമുഖര്‍ തിമ്‌ന, അല്‍വാ, യത്തത്ത്,41 ഒഹോലിബാമാ, ഏലാ, പിനോന്‍,42 കെനസ്, തേമാന്‍, മിബ്‌സാര്‍,43 മഗ്ദിയേല്‍, ഈറാം എന്നിവരായിരുന്നു. തങ്ങള്‍ കൈയടക്കിയ നാട്ടിലെ താമസസ്ഥലമനുസരിച്ച് ഏദോംകാരുടെ പ്രമാണികള്‍ ഇവരായിരുന്നു. ഏസാവാണ് ഏദോംകാരുടെ പിതാവ്. 


അദ്ധ്യായം 37 - ജോസഫിനെ വില്‍ക്കുന്നു
1 യാക്കോബ് തന്റെ പിതാവു പരദേശിയായി പാര്‍ത്തിരുന്ന കാനാന്‍ദേശത്തു വാസമുറപ്പിച്ചു. 2 ഇതാണു യാക്കോബിന്റെ കുടുംബചരിത്രം. പതിനേഴു വയസ്‌സുള്ളപ്പോള്‍ ജോസഫ് സഹോദരന്‍മാരുടെകൂടെ ആടുമേയ്ക്കുകയായിരുന്നു. അവന്‍ തന്റെ പിതാവിന്റെ ഭാര്യമാരായ ബില്‍ഹായുടെയും സില്‍ഫായുടെയും മക്കളുടെ കൂടെ ആയിരുന്നു. അവരെപ്പറ്റി അശുഭവാര്‍ത്ത കള്‍ അവന്‍ പിതാവിനെ അറിയിച്ചു. 3 ഇസ്രായേല്‍ ജോസഫിനെ മറ്റെല്ലാ മക്കളെക്കാളധികം സ്‌നേഹിച്ചിരുന്നു. കാരണം, അവന്‍ തന്റെ വാര്‍ധക്യത്തിലെ മകനായിരുന്നു. കൈനീളമുള്ള ഒരു നീണ്ട കുപ്പായം അവന്‍ ജോസഫിനു വേണ്ടി ഉണ്ടാക്കി. 4 പിതാവ് ജോസഫിനെ തങ്ങളെക്കാളധികമായി സ്‌നേഹിക്കുന്നു എന്നു കണ്ടപ്പോള്‍ സഹോദരന്‍മാര്‍ അവനെ വെറുത്തു. അവനോടു സൗമ്യമായി സംസാരിക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല. 5 ഒരിക്കല്‍ ജോസഫിന് ഒരു സ്വപ്നമുണ്ടായി. അവന്‍ അത് സഹോദരന്‍മാരോടു പറഞ്ഞപ്പോള്‍ അവര്‍ അവനെ കൂടുതല്‍വെറുത്തു. 6 അവന്‍ അവരോടു പറഞ്ഞു; എനിക്കുണ്ടായ സ്വപ്നം കേള്‍ക്കുക:7 നമ്മള്‍ പാടത്തു കറ്റ കെട്ടിക്കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴിതാ, എന്റെ കറ്റ എഴുന്നേറ്റു നിന്നു. നിങ്ങളുടെ കറ്റകളെല്ലാം ചുറ്റും വന്ന് എന്റെ കറ്റയെ താണുവണങ്ങി. 8 അവര്‍ ചോദിച്ചു: നീ ഞങ്ങളെ ഭരിക്കുമെന്നാണോ? നീ ഞങ്ങളുടെമേല്‍ ആധിപത്യം സ്ഥാപിക്കുമെന്നാണോ? അവന്റെ സ്വപ്ന വും വാക്കുകളും കാരണം അവര്‍ അവനെ അത്യധികം ദ്വേഷിച്ചു. 9 അവനു വീണ്ടുമൊരു സ്വപ്നമുണ്ടായി. അവന്‍ തന്റെ സഹോദരന്‍മാരോടു പറഞ്ഞു: ഞാന്‍ വേറൊരു സ്വപ്നം കണ്ടു. സൂര്യനും ചന്ദ്രനും പതിനൊന്നു നക്ഷത്രങ്ങളും എന്നെതാണുവണങ്ങി. 10 അവന്‍ ഇതു പിതാവിനോടും സഹോദരന്‍മാരോടും പറഞ്ഞപ്പോള്‍ പിതാവ് അവനെ ശകാരിച്ചുകൊണ്ടു പറഞ്ഞു: എന്താണു നിന്റെ സ്വപ്നത്തിന്റെ അര്‍ഥം? ഞാനും നിന്റെ അമ്മയും സഹോദരന്‍മാരും നിന്നെ നിലംപറ്റെ താണുവണങ്ങണമെന്നാണോ?11 സഹോദരന്‍മാര്‍ക്ക് അവനോട് അസൂയതോന്നി. പിതാവാകട്ടെ ഈ വാക്കുകള്‍ ഹൃദയത്തില്‍ സംഗ്രഹിച്ചുവച്ചു. 12 അവന്റെ സഹോദരന്‍മാര്‍ പിതാവിന്റെ ആടുകളെ മേയ്ക്കാന്‍ ഷെക്കെമിലേക്കു പോയി. ഇസ്രായേല്‍ ജോസഫിനോടുപറഞ്ഞു:13 നിന്റെ സഹോദരന്‍മാര്‍ ഷെക്കെമില്‍ ആടുമേയ്ക്കുകയല്ലേ? ഞാന്‍ നിന്നെ അങ്ങോട്ടു വിടുകയാണ്. ഞാന്‍ പോകാം, അവന്‍ മറുപടി പറഞ്ഞു. 14 നീ പോയി നിന്റെ സഹോദരന്‍മാര്‍ക്കും ആടുകള്‍ക്കും ക്‌ഷേമം തന്നെയോ എന്ന് അന്വേഷിച്ച് വിവരം എന്നെ അറിയിക്കണം. ജോസഫിനെ അവന്‍ ഹെബ്‌റോണ്‍ താഴ്‌വരയില്‍നിന്നുയാത്രയാക്കി. അവന്‍ ഷെക്കെമിലേക്കു പോയി. 15 അവന്‍ വയലില്‍ അലഞ്ഞുതിരിയുന്നതു കണ്ട ഒരാള്‍ അവനോടു ചോദിച്ചു:16 നീ അന്വേഷിക്കുന്നതെന്താണ്? അവന്‍ പറഞ്ഞു: ഞാന്‍ എന്റെ സഹോദരന്‍മാരെ അന്വേഷിക്കുകയാണ്. അവര്‍ എവിടെയാണ് ആടുമേയ്ക്കുന്നത് എന്നു ദയവായി പറഞ്ഞുതരിക. 17 അവന്‍ പറഞ്ഞു: അവര്‍ ഇവിടെ നിന്നുപോയി. പോകുമ്പോള്‍ നമുക്ക് ദോത്താനിലേക്കു പോകാം എന്ന് അവര്‍ പറയുന്നതു ഞാന്‍ കേട്ടു. സഹോദരന്‍മാരുടെ പുറകേ ജോസഫും പോയി, ദോത്താനില്‍വച്ച് അവന്‍ അവരെ കണ്ടുമുട്ടി. 18 ദൂരെവച്ചുതന്നെ അവര്‍ അവനെ കണ്ടു. അവന്‍ അടുത്തെത്തും മുന്‍പേ, അവനെ വധിക്കാന്‍ അവര്‍ ഗൂഢാലോചന നടത്തി. 19 അവര്‍ പരസ്പരം പറഞ്ഞു: സ്വപ്നക്കാരന്‍ വരുന്നുണ്ട്. 20 വരുവിന്‍, നമുക്ക് അവനെകൊന്നു കുഴിയിലെറിയാം. ഏതോ കാട്ടുമൃഗം അവനെ പിടിച്ചുതിന്നെന്നു പറയുകയും ചെയ്യാം. അവന്റെ സ്വപ്നത്തിന് എന്തു സംഭവിക്കുമെന്നു കാണാമല്ലോ. 21 റൂബന്‍ ഇതു കേട്ടു. അവന്‍ ജോസഫിനെ അവരുടെ കൈയില്‍നിന്നു രക്ഷിച്ചു. അവന്‍ പറഞ്ഞു: നമുക്കവനെ കൊല്ലേണ്ടാ. രക്തം ചിന്തരുത്. 22 അവനെ നിങ്ങള്‍ മരുഭൂമിയിലെ ഈ കുഴിയില്‍ തള്ളിയിടുക. പക്‌ഷേ, ദേഹോപദ്രവമേല്‍പിക്കരുത്. അവനെ അവരുടെ കൈയില്‍നിന്നു രക്ഷിച്ച് പിതാവിനു തിരിച്ചേല്‍പിക്കാനാണ് റൂബന്‍ ഇങ്ങനെ പറഞ്ഞത്. 23 അതിനാല്‍, ജോസഫ് അടുത്തെത്തിയപ്പോള്‍, സഹോദരന്‍മാര്‍ അവന്‍ ധരിച്ചിരുന്ന കൈനീളമുള്ള പുറംകുപ്പായം ഊരിയെടുത്തു. 24 അവനെ ഒരു കുഴിയില്‍ തള്ളിയിട്ടു. അതു വെള്ളമില്ലാത്ത പൊട്ടക്കിണറായിരുന്നു. 25 അവര്‍ ഭക്ഷണം കഴിക്കാനിരുന്നപ്പോള്‍ ഗിലയാദില്‍നിന്നുവരുന്ന ഇസ്മായേല്യരുടെ ഒരുയാത്രാസംഘത്തെ കണ്ടു. അവര്‍ സുഗന്ധപ്പശയും പരിമളദ്രവ്യങ്ങളും കുന്തുരുക്കവും ഒട്ടകപ്പുറത്തു കയറ്റി ഈജിപ്തിലേക്കു പോവുകയായിരുന്നു. 26 അപ്പോള്‍ യൂദാ തന്റെ സഹോദരന്‍മാരോടു പറഞ്ഞു: നമ്മുടെ സഹോദരനെക്കൊന്ന് അവന്റെ രക്തം മറച്ചുവച്ചതുകൊണ്ടു നമുക്കെന്തു പ്രയോജനമാണുണ്ടാവുക?27 വരുവിന്‍, നമുക്കവനെ ഇസ്മായേല്യര്‍ക്കു വില്‍ക്കാം. അവനെ നമ്മള്‍ ഉപദ്രവിക്കേണ്ടാ. അവന്‍ നമ്മുടെ സഹോദരനാണ്. നമ്മുടെ തന്നെ മാംസം. അവന്റെ സഹോദരന്‍മാര്‍ അതിനു സമ്മതിച്ചു. 28 അപ്പോള്‍ കുറെമിദിയാന്‍ കച്ചവടക്കാര്‍ ആ വഴി കടന്നുപോയി. ജോസഫിന്റെ സഹോദരന്‍മാര്‍ അവനെ കുഴിയില്‍നിന്നു പൊക്കിയെടുത്ത് ഇരുപതു വെള്ളിക്കാശിന് ഇസ്മായേല്യര്‍ക്കു വിറ്റു. അവര്‍ അവനെ ഈജിപ്തിലേക്കു കൊണ്ടുപോയി. 29 റൂബന്‍ കുഴിയുടെ അടുത്തേക്കു തിരിച്ചു ചെന്നു. എന്നാല്‍ ജോസഫ് കുഴിയില്‍ ഇല്ലായിരുന്നു. 30 അവന്‍ തന്റെ ഉടുപ്പു വലിച്ചുകീറി, സഹോദരന്‍മാരുടെ അടുത്തുചെന്നു വിലപിച്ചു. കുട്ടിയെ കാണാനില്ല. ഞാനിനി എവിടെപ്പോകും. 31 അവര്‍ ഒരാടിനെക്കൊന്ന് ജോസഫിന്റെ കുപ്പായമെടുത്ത് അതിന്റെ രക്തത്തില്‍ മുക്കി. 32 കൈ നീളമുള്ള ആ നീണ്ട കുപ്പായം തങ്ങളുടെ പിതാവിന്റെ യടുക്കല്‍ കൊണ്ടുചെന്നിട്ട് അവര്‍ പറഞ്ഞു: ഈ കുപ്പായം ഞങ്ങള്‍ക്കു കണ്ടുകിട്ടി. ഇത് അങ്ങയുടെ മകന്‍േറതാണോ അല്ലയോ എന്നു നോക്കുക. 33 അവന്‍ അതു തിരിച്ചറിഞ്ഞു. അവന്‍ പറഞ്ഞു: ഇത് എന്റെ മകന്റെ കുപ്പായമാണ്. ഏതോ കാട്ടുമൃഗം അവനെ പിടിച്ചുതിന്നു. ജോസഫിനെ അതു കടിച്ചുകീറിക്കാണും. 34 യാക്കോബു തന്റെ വസ്ത്രം വലിച്ചുകീറി; ചാക്കുടുത്തു വളരെനാള്‍ തന്റെ മകനെക്കുറിച്ചു വിലപിച്ചു. 35 അവന്റെ പുത്രന്‍മാരും പുത്രിമാരും അവനെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍, അവര്‍ക്കു കഴിഞ്ഞില്ല. കരഞ്ഞുകൊണ്ടുതന്നെ പാതാളത്തില്‍ എന്റെ മകന്റെ യടുത്തേക്കു ഞാന്‍ പോകും എന്നു പറഞ്ഞ് അവന്‍ തന്റെ മകനെയോര്‍ത്തു വിലപിച്ചു;36 ഇതിനിടെ മിദിയാന്‍കാര്‍ ജോസഫിനെ ഈജിപ്തില്‍ ഫറവോയുടെ ഒരു ഉദ്യോഗസ്ഥനും കാവല്‍പടയുടെ നായകനുമായ പൊത്തിഫറിനു വിറ്റു. 


അദ്ധ്യായം 38 - യൂദായും താമാറും
1 അക്കാലത്ത് യൂദാ തന്റെ സഹോദരന്‍മാരെ വിട്ട് ഹീറാ എന്നു പേരായ ഒരു അദുല്ലാംകാരന്റെ അടുത്തേക്കു പോയി. 2 അവിടെ അവന്‍ ഷൂവാ എന്നുപേരായ ഒരു കാനാന്‍കാരന്റെ മകളെക്കണ്ടു. 3 അവളെ ഭാര്യയായി സ്വീകരിച്ച്, അവളോടു ചേര്‍ന്നു. അവള്‍ ഗര്‍ഭംധരിച്ച് ഒരു പുത്രനെ പ്രസവിച്ചു. യൂദാ അവന് ഏര്‍ എന്നുപേരിട്ടു. അവള്‍ വീണ്ടും ഗര്‍ഭംധരിച്ച് ഒരു പുത്രനെ പ്രസവിച്ചു. 4 അവനെ അവള്‍ ഓനാന്‍ എന്നുവിളിച്ചു. 5 അവള്‍ വീണ്ടും ഗര്‍ഭിണിയാകുകയും ഒരു മകനെ പ്രസവിക്കുകയും ചെയ്തു. അവനെ അവള്‍ ഷേലാ എന്നുവിളിച്ചു. അവന്‍ ജനിക്കുമ്പോള്‍ യൂദാ കെസീബിലായിരുന്നു. 6 തന്റെ കടിഞ്ഞൂല്‍പുത്രനായ ഏറിന് യൂദാ ഒരു ഭാര്യയെ തിരഞ്ഞെടുത്തു. അവളുടെ പേര്‍ താമാര്‍ എന്നായിരുന്നു. 7 എന്നാല്‍, യൂദായുടെ കടിഞ്ഞൂല്‍പുത്രനായ ഏര്‍ കര്‍ത്താവിന്റെ മുന്‍പില്‍ ദുഷിച്ചവനായിരുന്നു. കര്‍ത്താവ് അവനെ മരണത്തിനിരയാക്കി. 8 അപ്പോള്‍ യൂദാ ഓനാനെ വിളിച്ചു പറഞ്ഞു: നിന്റെ സഹോദരന്റെ ഭാര്യയെ വിവാഹം ചെയ്ത് സഹോദരനുവേണ്ടി സന്താനങ്ങളെ ജനിപ്പിക്കുക. 9 സന്തതി തന്‍േറ തായിരിക്കില്ലെന്ന് അറിയാമായിരുന്ന ഓനാന്‍ തന്റെ സഹോദരനു വേണ്ടി സന്താനങ്ങളെ ഉത്പാദിപ്പിക്കാതിരിക്കാന്‍, സഹോദരഭാര്യയുമായിച്ചേര്‍ന്നപ്പോള്‍ ബീജം നിലത്തു വീഴ്ത്തിക്കളഞ്ഞു. 10 അവന്‍ ചെയ്തത് കര്‍ത്താവിന് അനിഷ്ടമായതിനാല്‍ അവനെയും അവിടുന്നു മരണത്തിനിരയാക്കി. 11 അപ്പോള്‍ യൂദാ തന്റെ മരുമകളായ താമാറിനോടു പറഞ്ഞു: എന്റെ മകന്‍ ഷേലാ വളരുന്നതുവരെ നിന്റെ പിതാവിന്റെ വീട്ടില്‍ ഒരു വിധവയായി പാര്‍ക്കുക. അവനും സഹോദരന്‍മാരെപ്പോലെ മരിച്ചേക്കുമെന്നു യൂദാ ഭയപ്പെട്ടു. താമാര്‍ തന്റെ പിതാവിന്റെ വീട്ടില്‍ പോയി താമസിച്ചു. 12 കുറേനാള്‍ കഴിഞ്ഞ് യൂദായുടെ ഭാര്യ, ഷൂവായുടെ മകള്‍, മരിച്ചു. ദുഃഖത്തിന് ആ ശ്വാസമുണ്ടായപ്പോള്‍ അവന്‍ തന്റെ സുഹൃത്ത് അദുല്ലാംകാരന്‍ ഹീറായുടെകൂടെ തിമ്‌നായില്‍ ആടുകളുടെ രോമം കത്രിക്കുന്നവരുടെ അടുത്തേക്കു പോയി. 13 നിന്റെ അമ്മായിയപ്പന്‍ ആടുകളുടെ രോമം മുറിക്കാന്‍ തിമ്‌നായിലേക്കു പോകുന്നുണ്ട് എന്ന് ആളുകള്‍ താമാറിനോടു പറഞ്ഞു:14 ഷേലായ്ക്കു പ്രായമായിട്ടും തന്നെ അവനു വിവാഹം ചെയ്തുകൊടുക്കുന്നില്ലെന്നു കണ്ട് താമാര്‍ തന്റെ വിധവാവസ്ത്രങ്ങള്‍ മാറ്റി, ഒരു മൂടുപടംകൊണ്ടു ദേഹമാകെ മറച്ചു തിമ്‌നായിലേക്കുള്ള വഴിയില്‍ എനയീം പട്ടണത്തിന്റെ വാതില്‍ക്കല്‍ ചെന്നിരിപ്പായി. 15 മുഖം മൂടിയിരുന്നതുകൊണ്ട് അവള്‍ ഒരു വേശ്യായാണെന്ന് യൂദാ വിചാരിച്ചു. 16 വഴിവക്കത്ത് അവളുടെ അടുത്തുചെന്ന് അവന്‍ പറഞ്ഞു: വരൂ, ഞാന്‍ നിന്നെ പ്രാപിക്കട്ടെ. തന്റെ മരുമകളാണ് അവളെന്ന് അവന്‍ അറിഞ്ഞില്ല. അവള്‍ ചോദിച്ചു: അങ്ങ് എനിക്ക് എന്തു പ്രതിഫലം തരും?17 അവന്‍ പറഞ്ഞു: ആട്ടിന്‍കൂട്ടത്തില്‍നിന്ന് ഒരു ആട്ടിന്‍കുട്ടിയെ ഞാന്‍ കൊടുത്തയയ്ക്കാം. അവള്‍ ചോദിച്ചു: അതിനെ കൊടുത്തയയ്ക്കുന്നതുവരെ എന്തുറപ്പാണ് എനിക്കുതരുക?18 അവന്‍ ചോദിച്ചു: ഉറപ്പായി എന്താണ് ഞാന്‍ നിനക്കു തരേണ്ടത്? അവള്‍ പറഞ്ഞു: അങ്ങയുടെ മുദ്രമോതിരവും വളയും കൈയിലെ വടിയും. അവന്‍ അവയെല്ലാം അവള്‍ക്കു കൊടുക്കുകയും അവളെ പ്രാപിക്കുകയും ചെയ്തു. അങ്ങനെ അവള്‍ അവനില്‍നിന്നു ഗര്‍ഭംധരിച്ചു. 19 അവള്‍ അവിടെനിന്നുപോയി തന്റെ മൂടുപടം മാറ്റി വിധവാവസ്ത്രം ധരിച്ചു. 20 താന്‍ ഈടുകൊടുത്തവ ആ സ്ത്രീയുടെ കൈയില്‍നിന്നു തിരിച്ചെടുക്കാന്‍ യൂദാ അദുല്ലാംകാരനായ സ്‌നേഹിതന്റെ കൈയില്‍ ആട്ടിന്‍കുട്ടിയെ കൊടുത്തയച്ചു. എന്നാല്‍, അവന് അവളെ കണ്ടുപിടിക്കാന്‍ ക ഴിഞ്ഞില്ല. 21 അവന്‍ സ്ഥലത്തുള്ളവരോടുചോദിച്ചു: എനയീമിലെ വഴിവക്കിലിരുന്നവേശ്യ എവിടെ? അവര്‍ പറഞ്ഞു ഇവിടെ അങ്ങനെയൊരു വേശ്യയില്ല. 22 അവന്‍ തിരിച്ചുചെന്നു യൂദായോടു പറഞ്ഞു: അവളെ കണ്ടുപിടിക്കാന്‍ എനിക്കു കഴിഞ്ഞില്ല. അവിടെ ഒരു വേശ്യയുണ്ടായിരുന്നില്ല എന്ന് അവിടത്തുകാര്‍ പറയുകയും ചെയ്തു. 23 യൂദാ പറഞ്ഞു: സാധനങ്ങള്‍ അവള്‍ സ്വന്തമായി സൂക്ഷിച്ചുകൊള്ളട്ടെ. നമ്മെ ആരും പരിഹസിക്കരുതല്ലോ. ഞാന്‍ ആട്ടിന്‍കുട്ടിയെകൊടുത്തയച്ചു. എന്നാല്‍, നിനക്കവളെ കണ്ടു പിടിക്കാന്‍ കഴിഞ്ഞില്ല. 24 ഏതാണ്ട് മൂന്നുമാസം കഴിഞ്ഞപ്പോള്‍, തന്റെ മരുമകളായ താമാര്‍ വേശ്യാവൃത്തി നടത്തിയെന്നും അവളിപ്പോള്‍ ഗര്‍ഭിണിയാണെന്നും യൂദാ കേട്ടു. 25 അവന്‍ പറഞ്ഞു: അവളെ പുറത്തിറക്കി, ചുട്ടുകളയുക. അവളെ പുറത്തുകൊണ്ടു വന്നപ്പോള്‍ അവള്‍ തന്റെ അമ്മായിയപ്പന് ഒരു സന്‌ദേശമയച്ചു: ദയചെയ്ത്, ഈ മുദ്രമോതിരവും വളയും വടിയും ആരുടേതെന്നു കണ്ടുപിടിക്കുക. ഇവയുടെ ഉടമസ്ഥനില്‍ നിന്നാണ് ഞാന്‍ ഗര്‍ഭിണിയായത്. 26 അവ തന്‍േറ താണെന്നു യൂദാ സമ്മതിച്ചു. അവന്‍ പറഞ്ഞു: എന്നെക്കാള്‍ നീതിയുള്ളവളാണ് അവള്‍. ഞാന്‍ അവളെ എന്റെ മകന്‍ ഷേലായ്ക്കു ഭാര്യയായി കൊടുത്തില്ലല്ലോ. പിന്നീട് അവന്‍ അവളെ പ്രാപിച്ചില്ല. 27 അവള്‍ക്ക് പ്രസവസമയമടുത്തു. അവ ളുടെ ഉദരത്തില്‍ രണ്ടുകുഞ്ഞുങ്ങളായിരുന്നു. 28 പ്രസവവേദന തുടങ്ങിയപ്പോള്‍ ഒരു കുഞ്ഞ് കൈ പുറത്തേക്കു നീട്ടി. ഇവന്‍ ആദ്യം പുറത്തുവന്നു എന്നു പറഞ്ഞു സൂതികര്‍മിണി അവന്റെ കൈയില്‍ ചുവന്ന ഒരു ചരടുകെട്ടി. 29 പക്‌ഷേ, അവന്‍ കൈ ഉള്ളിലേക്കു വലിച്ചു. അവന്റെ സഹോദരന്‍ പുറത്തുവന്നു. നീ തന്നത്താന്‍ പുറത്തേക്കു വഴിയുണ്ടാക്കിയല്ലോ എന്നുപറഞ്ഞ് അവള്‍ അവനെ പേരെസ് എന്നു വിളിച്ചു. 30 പിന്നീട് കൈയില്‍ ചുവന്ന ചരടുമായി അവന്റെ സഹോദരന്‍ പുറത്തുവന്നു. അവന് സേറഹ് എന്നുപേരിട്ടു. 


അദ്ധ്യായം 39 - ജോസഫും പൊത്തിഫറും
1 ജോസഫിനെ അവര്‍ ഈജിപ്തിലേക്കു കൊണ്ടുപോയി. അവനെ അവിടെ കൊണ്ടു ചെന്ന ഇസ്മായേല്യരുടെ അടുക്കല്‍നിന്ന് ഫറവോയുടെ ഒരു ഉദ്യോഗസ്ഥനും കാവല്‍പ്പടയുടെ നായകനുമായ പൊത്തിഫര്‍ അവനെ വിലയ്ക്കു വാങ്ങി. 2 കര്‍ത്താവ് ജോസഫിന്റെ കൂടെ ഉണ്ടായിരുന്നു. എല്ലാ കാര്യങ്ങളിലും അവന് ശ്രേയസ്‌സുണ്ടായി. ഈജിപ്തുകാരനായയജമാനന്റെ വീട്ടിലായിരുന്നു അവന്‍ . 3 കര്‍ത്താവ് അവന്റെ കൂടെ ഉണ്ടെന്നും അവന്‍ ചെയ്യുന്നതൊക്കെ അവിടുന്നു മംഗളകരമാക്കുന്നെന്നും അവന്റെ യജമാനനു മനസ്‌സിലായി. 4 അവന്‍ യജമാനന്റെ പ്രീതിക്കു പാത്രമായി. അവന്‍ പൊത്തിഫറിനെ ശുശ്രൂഷിച്ചു. തന്റെ വീടിന്റെ മേല്‍നോട്ടവും, തനിക്കുള്ള എല്ലാറ്റിന്‍േറ യും ചുമതലയും അവന്‍ ജോസഫിനെ ഏല്‍പിച്ചു. 5 ആ ഈജിപ്തുകാരന്‍ വീടിന്റെ മേല്‍നോട്ടവും, തനിക്കുള്ള എല്ലാറ്റിന്റെയും ചുമതലയും ജോസഫിനെ ഏല്‍പിച്ച നാള്‍ മുതല്‍ ജോസഫിനെ ഓര്‍ത്തു കര്‍ത്താവ് അവന്റെ വീടിനെ അനുഗ്രഹിച്ചു. അവന്റെ വീട്ടിലും വയലിലുമുള്ള എല്ലാറ്റിന്റെയുംമേല്‍ കര്‍ത്താവിന്റെ അനുഗ്രഹമുണ്ടായി. 6 അവന്‍ തന്റെ വസ്തുക്കളെല്ലാം ജോസഫിനെ ഭരമേല്‍പിച്ചതിനാല്‍ ഭക്ഷണത്തിലല്ലാതെ മറ്റൊന്നിലും അവനു ശ്രദ്ധിക്കേണ്ടിയിരുന്നില്ല. 7 ജോസഫ് വടിവൊത്ത ശരീരമുള്ളവനും സുമുഖനുമായിരുന്നു. കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ അവന്റെ യജമാനന്റെ ഭാര്യയ്ക്ക് അവനില്‍ അഭിലാഷം തോന്നി. എന്റെ കൂടെ ശയിക്കുക. അവള്‍ അവനോട് ആവശ്യപ്പെട്ടു. 8 പക്‌ഷേ, അവന്‍ വഴങ്ങിയില്ല. അവന്‍ അവളോടു പറഞ്ഞു: ഞാന്‍ ഉള്ളതുകൊണ്ട്‌യജമാനന്‍ വീട്ടിലുള്ള ഒന്നിനെക്കുറിച്ചും ശ്രദ്ധിക്കാറില്ല. 9 എല്ലാം അവന്‍ എന്റെ കൈയില്‍ ഏല്‍പിച്ചിരിക്കുന്നു. എന്നെക്കാള്‍ വലിയവനായി ആരും ഈ ഭവനത്തിലില്ല. എന്റെ മേല്‍നോട്ടത്തില്‍നിന്നു നിങ്ങളെയല്ലാതെ മറ്റൊന്നും അവന്‍ മാറ്റി നിര്‍ത്തിയിട്ടില്ല. അതു നിങ്ങള്‍ അവന്റെ ഭാര്യയായതുകൊണ്ടാണ്. ഞാന്‍ എങ്ങനെയാണ് ഇത്രനീചമായി പ്രവര്‍ത്തിച്ചു ദൈവത്തിനെതിരേ പാപം ചെയ്യുക?10 അനുദിനം അവള്‍ പറഞ്ഞിട്ടും അവളുടെകൂടെ ശയിക്കാനോ അവളുടെയടുത്തിരിക്കാനോ അവന്‍ കൂട്ടാക്കിയില്ല. 11 ഒരു ദിവസം ജോസഫ് ജോലിചെയ്യാനായി വീട്ടിനുളളില്‍ പ്രവേശിച്ചു. 12 വേലക്കാര്‍ ആരും അകത്തില്ലായിരുന്നു. അപ്പോള്‍ അവള്‍ അവന്റെ മേലങ്കിയില്‍ കടന്നുപിടിച്ചുകൊണ്ടു പറഞ്ഞു: എന്റെ കൂടെ ശയിക്കുക. 13 മേലങ്കി അവളുടെ കൈയില്‍ വിട്ടിട്ട് അവന്‍ ഓടി വീട്ടില്‍നിന്നും പുറത്തുവന്നു. കുപ്പായം തന്റെ കൈയില്‍ വിട്ടിട്ട് അവന്‍ വീട്ടിനു പുറത്തേക്ക് ഓടിയെന്നു കണ്ടപ്പോള്‍ അവള്‍ വീട്ടിലുള്ളവരെ വിളിച്ചു പറഞ്ഞു:14 നമുക്ക് അപമാനംവരുത്താന്‍ അവന്‍ ഇതാ ഒരു ഹെബ്രായനെ കൊണ്ടുവന്നിരിക്കുന്നു. എന്നോടൊത്തു ശയിക്കാന്‍ അവന്‍ എന്നെ സമീപിച്ചു. 15 എന്നാല്‍ ഞാന്‍ ഉച്ചത്തില്‍ നിലവിളിച്ചു. എന്റെ നിലവിളി കേട്ടപ്പോള്‍ അവന്‍ പുറങ്കുപ്പായം എന്റെ അരികില്‍ ഇട്ടിട്ട് ഓടി വീട്ടില്‍നിന്ന് പുറത്തുകടന്നു. 16 അവന്റെ യജമാനന്‍ തിരിച്ചുവരുവോളം അവള്‍ ആ കുപ്പായം സൂക്ഷിച്ചു. 17 അവള്‍ അവനോട് ഇപ്രകാരം പറഞ്ഞു: അങ്ങുകൊണ്ടുവന്ന ഹെബ്രായവേലക്കാരന്‍ അപമാനിക്കാനായി എന്നെ സമീപിച്ചു. 18 എന്നാല്‍ ഞാന്‍ ഉച്ചത്തില്‍ നിലവിളിച്ചപ്പോള്‍ അവന്‍ പുറങ്കുപ്പായം ഉപേക്ഷിച്ചിട്ട് വീട്ടില്‍നിന്ന് ഓടി പുറത്തുകടന്നു. 19 ഇതാണ് അങ്ങയുടെവേലക്കാരന്‍ എന്നോടു ചെയ്തത്. തന്റെ ഭാര്യ പറഞ്ഞതുകേട്ടപ്പോള്‍ അവന്റെ യജ മാനന്‍ രോഷാകുലനായി. 20 അവന്‍ ജോസഫിനെ രാജാവിന്റെ തടവുകാരെ ഇട്ടിരുന്ന കാരാഗൃഹത്തിലാക്കി. അങ്ങനെ അവന്‍ കാരാഗൃഹത്തില്‍ കഴിച്ചുകൂട്ടി. 


ജോസഫ് കാരാഗൃഹത്തില്‍
21 കര്‍ത്താവ് ജോസഫിന്റെ കൂടെയുണ്ടായിരുന്നു. അവിടുന്ന് അവനോടു കാരുണ്യം കാണിച്ചു. അവനു കാരാഗൃഹസൂക്ഷിപ്പുകാരന്റെ പ്രീതി ലഭിക്കുവാന്‍ ഇടയാക്കുകയുംചെയ്തു. 22 കാരാഗൃഹസൂക്ഷിപ്പുകാരന്‍ തടവുകാരുടെയെല്ലാം മേല്‍നോട്ടം ജോസഫിനെ ഏല്‍പിച്ചു. 23 അവിടെ എല്ലാം ജോസഫിന്റെ മേല്‍നോട്ടത്തിലാണു നടന്നത്. ജോസഫിനെ ഭരമേല്‍പിച്ച ഒരു കാര്യത്തിലും കാരാഗൃഹസൂക്ഷിപ്പുകാരന്‍ ഇടപെ ട്ടില്ല. കാരണം, കര്‍ത്താവ് അവന്റെ കൂടെ ഉണ്ടായിരുന്നു. അവന്‍ ചെയ്തതൊക്കെ കര്‍ത്താവു ശുഭമാക്കുകയും ചെയ്തു. 


അദ്ധ്യായം 40 - ജോസഫ് തടവുകാരുടെ സ്വപ്നം വ്യാഖാനിക്കുന്നു
1 കുറച്ചുനാള്‍കഴിഞ്ഞ് ഈജിപ്തിലെ രാജാവിന്റെ പാനപാത്രവാഹകനും പാചകനും തങ്ങളുടെയജമാനനായരാജാവിനെതിരേ തെറ്റു ചെയ്തു. 2 ഈ രണ്ട് ഉദ്യോഗസ്ഥന്‍മാര്‍ക്കുമെതിരേ ഫറവോ കുപിത നായി. 3 അവന്‍ അവരെ കാവല്‍പ്പടനായകന്റെ വീട്ടിലുള്ള തടവറയിലടച്ചു. ജോസഫും അവിടെയാണ് കഴിഞ്ഞിരുന്നത്. 4 കാവല്‍പ്പടനായകന്‍ അവരെ ജോസഫിനു ഭരമേല്‍പിച്ചു. അവന്‍ അവരെ പരിചരിച്ചു. കുറേക്കാലം അവര്‍ തടവില്‍ക്കിടന്നു. 5 തടവറയില്‍ക്കിടന്നിരുന്ന അവരിരുവര്‍ക്കും- ഈജിപ്തിലെ രാജാവിന്റെ പാനപാത്ര വാഹകനും, പാചകനും, - ഒരു രാത്രിയില്‍ വേറെവേറെഅര്‍ഥമുള്ള സ്വപ്നമുണ്ടായി. 6 ജോസഫ് രാവിലെ അവരുടെയടുക്കല്‍ ചെന്നപ്പോള്‍ അവര്‍ വിഷാദിച്ചിരിക്കുന്നതു കണ്ടു. 7 തന്റെ യജമാനന്റെ വീട്ടിലെ തടവറയില്‍ തന്നോടൊത്തു കഴിയുന്ന ആ ഉദ്യോഗസ്ഥന്‍മാരോട് അവന്‍ ചോദിച്ചു: നിങ്ങളുടെ മുഖത്ത് എന്താണ് ഇന്നൊരു വിഷാദം?8 അവര്‍ പറഞ്ഞു: ഞങ്ങള്‍ രണ്ടുപേരും സ്വപ്നം കണ്ടു. അവയെ വ്യാഖ്യാനിക്കാന്‍ ആരുമില്ല. ജോസഫ് പറഞ്ഞു: വ്യാഖ്യാനം ദൈവത്തിന്‍േറ തല്ലേ? സ്വപ്നം എന്തെന്നു പറയൂ. 9 പാനപാത്രവാഹകന്‍ തന്റെ സ്വപ്നംജോസഫിനോടു പറഞ്ഞു: ഞാന്‍ ഒരു മുന്തിരിവള്ളി സ്വപ്നം കണ്ടു. 10 അതില്‍ മൂന്നു ശാഖകള്‍ ഉണ്ടായിരുന്നു. അതു മൊട്ടിട്ട ഉടനെ പുഷ്പിച്ച് കുലകളില്‍ മുന്തിരിപ്പഴങ്ങള്‍ പാകമായി. 11 ഫറവോയുടെ പാന പാത്രം എന്റെ കൈയില്‍ ഉണ്ടായിരുന്നു. ഞാന്‍ മുന്തിരിപ്പഴങ്ങള്‍ എടുത്തു പിഴിഞ്ഞു പാനപാത്രത്തില്‍ ഒഴിച്ച് അവനു കൊടുത്തു. 12 ജോസഫ് അവനോടു പറഞ്ഞു: അതിന്റെ വ്യാഖ്യാനം ഇതാണ്:13 മൂന്നു ശാഖകള്‍ മൂന്നു ദിവസങ്ങളാണ്. മൂന്നു ദിവസത്തിനകം ഫറവോ നിന്നെ ഉദ്യോഗത്തില്‍ വീണ്ടും നിയമിക്കും. മുന്‍പെന്നപോലെ നീ പാനപാത്രം ഫറവോയുടെ കൈയില്‍വച്ചു കൊടുക്കും. 14 നല്ലകാലം വരുമ്പോള്‍ എന്നെയും ഓര്‍ക്കണം, എന്നോടു കാരുണ്യം കാണിക്കണം. എന്റെ കാര്യം ഫറവോയുടെ മുന്‍പില്‍ ഉണര്‍ത്തിച്ച് ഈ തടവറയില്‍ നിന്ന് എന്നെ മോചിപ്പിക്കണം. 15 ഹെബ്രായരുടെ നാട്ടില്‍നിന്ന് അവര്‍ എന്നെ മോഷ്ടിച്ചുകൊണ്ടുവന്നതാണ്. ഇവിടെയും അവരെന്നെ ഈ ഇരുട്ടറയില്‍ അടയ്ക്കത്തക്കതൊന്നും ഞാന്‍ ചെയ്തിട്ടില്ല. 16 വ്യാഖ്യാനം ശുഭസൂചകമാണെന്നു കണ്ടപ്പോള്‍ പാചകപ്രമാണി ജോസഫിനോടു പറഞ്ഞു: ഞാനും ഒരു സ്വപ്നം കണ്ടു. എന്റെ തലയില്‍ മൂന്നു കുട്ട നിറയെ അപ്പമുണ്ടായിരുന്നു. 17 ഏറ്റവും മുകളിലെ കുട്ടയില്‍ ഫറവോയ്ക്കുവേണ്ടി പാകംചെയ്ത പലതരം അപ്പങ്ങളായിരുന്നു. പക്ഷികള്‍ വന്ന് എന്റെ തലയിലെ കുട്ടയില്‍നിന്ന് അവ കൊത്തിത്തിന്നുകൊണ്ടിരുന്നു. 18 ജോസഫ് പറഞ്ഞു: അതിന്റെ വ്യാഖ്യാനം ഇതാണ്: മൂന്നു കുട്ടകള്‍ മൂന്നു ദിവസംതന്നെ. മൂന്നു ദിവസത്തിനകം ഫറവോ നിന്നെ പുറത്തിറക്കി മരത്തില്‍ കെട്ടിത്തൂക്കും. 19 പക്ഷികള്‍ നിന്റെ മാംസം തിന്നുകയും ചെയ്യും. 20 മൂന്നാം ദിവസം ഫറവോയുടെ പിറന്നാളായിരുന്നു. തന്റെ വേലക്കാര്‍ക്ക് അവന്‍ ഒരു വിരുന്നു നല്‍കി. പാനപാത്രവാഹകനെയും പാചകപ്രമാണിയെയും പുറത്തുകൊണ്ടുവന്നു വിധി കല്‍പിച്ചു. 21 പാനപാത്രവാഹകനെ ഉദ്യോഗത്തില്‍ തിരിയേ നിയമിച്ചു; അവന്‍ പാനപാത്രം ഫറവോയുടെകൈയില്‍ കൊടുത്തു. 22 എന്നാല്‍, പാചകപ്രമാണിയെ അവന്‍ തൂക്കിക്കൊന്നു. ജോസഫ് വ്യാഖ്യാനിച്ചതുപോലെതന്നെ സംഭവിച്ചു. 23 എന്നാല്‍, പാനപാത്രവാഹകന്‍ ജോസഫിനെ ഓര്‍മിച്ചില്ല; അവനെ മറന്നുകളഞ്ഞു.