മനുഷ്യനില്‍ ഇനി വിശ്വാസമര്‍പ്പിക്കരുത്; അവന്‍ ഒരു ശ്വാസം മാത്രം, അവനെന്തു വിലയുണ്ട്? (ഏശയ്യാ 2:22).  ദൈവത്തില്‍ ആശ്രയിക്കുന്നവര്‍ വീണ്ടും ശക്തി പ്രാപിക്കും; അവര്‍ കഴുകന്‍മാരെപ്പോലെ ചിറകടിച്ചുയരും. അവര്‍ ഓടിയാലും ക്ഷീണിക്കുകയില്ല; നടന്നാല്‍ തളരുകയുമില്ല (ഏശയ്യാ 40:31).  

മനുഷ്യനില്‍ ആശ്രയിക്കുന്നതിനെക്കാള്‍ കര്‍ത്താവില്‍ അഭയം തേടുന്നതു നല്ലത് (സങ്കീര്‍ത്തനങ്ങള്‍ 118:8).
ഞാന്‍ സകല മര്‍ത്ത്യരുടെയും ദൈവമായ കര്‍ത്താവാണ്. എനിക്ക് അസാധ്യമായി എന്തെങ്കിലുമുണ്ടോ? (ജറെമിയാ 32:27).

ആപത്തില്‍ അടി പതറരുത്. അവിടുത്തോട് വിട്ടകലാതെ ചേര്‍ന്നു നില്‍ക്കുക; നിന്റെ അന്ത്യദിനങ്ങള്‍ ധന്യമായിരിക്കും. വരുന്ന ദുരിതങ്ങളെല്ലാം സ്വീകരിക്കുക; ഞെരുക്കുന്ന ദൗര്‍ഭാഗ്യങ്ങളില്‍ ശാന്തത വെടിയരുത്. എന്തെന്നാല്‍, സ്വര്‍ണം അഗ്‌നിയില്‍ ശുദ്ധിചെയ്യപ്പെടുന്നു; സഹനത്തിന്റെ ചൂളയില്‍ കര്‍ത്താവിനു സ്വീകാര്യരായ മനുഷ്യരും. കര്‍ത്താവില്‍ ആശ്രയിക്കുക. അവിടുന്ന് നിന്നെ സഹായിക്കും. നേരായ മാര്‍ഗത്തില്‍ ചരിക്കുക; കര്‍ത്താവില്‍ പ്രത്യാശ അര്‍പ്പിക്കുക. കര്‍ത്താവിന്റെ ഭക്തരേ, അവിടുത്തെ കരുണയ്ക്കുവേണ്ടി കാത്തിരിക്കുവിന്‍; വീഴാതിരിക്കാന്‍ വഴി തെറ്റരുത്. കര്‍ത്താവിന്റെ ഭക്തരേ, അവിടുത്തെ ആശ്രയിക്കുവിന്‍; പ്രതിഫലം ലഭിക്കാതിരിക്കുകയില്ല. കര്‍ത്താവിന്റെ ഭക്തരേ, ഐശ്വര്യവും നിത്യാനന്ദവും അനുഗ്രഹവും പ്രതീക്ഷിക്കുവിന്‍.  കഴിഞ്ഞ തലമുറകളെപ്പറ്റി ചിന്തിക്കുവിന്‍; കര്‍ത്താവിനെ ആശ്രയിച്ചിട്ട് ആരാണ് ഭഗ്‌നാശനായത്? കര്‍ത്താവിന്റെ ഭക്തരില്‍ ആരാണ് പരിത്യക്തനായത്? അവിടുത്തെ വിളിച്ചപേക്ഷിച്ചിട്ട് ആരാണ് അവഗണിക്കപ്പെട്ടത്? കര്‍ത്താവ് ആര്‍ദ്രഹൃദയനും കരുണാമയനുമാണ്. അവിടുന്ന് പാപങ്ങള്‍ ക്ഷമിക്കുകയും കഷ്ടതയുടെ ദിനങ്ങളില്‍ രക്ഷയ്‌ക്കെത്തുകയും ചെയ്യുന്നു (പ്രഭാഷകന്‍ 2:2-11).

ദുഷ്ടര്‍ അനുഭവിക്കേണ്ട വേദനകള്‍ വളരെയാണ്; കര്‍ത്താവില്‍ ആശ്രയിക്കുന്നവനെ അവിടുത്തെ സ്‌നേഹം വലയംചെയ്യും (സങ്കീര്‍ത്തനങ്ങള്‍ 32:10). മനുഷ്യന്റെ പാദങ്ങളെ നയിക്കുന്നതു കര്‍ത്താവാണ്; തനിക്കു പ്രീതികരമായി ചരിക്കുന്നവനെ അവിടുന്നു സുസ്ഥിരനാക്കും. അവന്‍ വീണേക്കാം, എന്നാല്‍,അതു മാരകമായിരിക്കുകയില്ല; കര്‍ത്താവ് അവന്റെ കൈയില്‍ പിടിച്ചിട്ടുണ്ട് (സങ്കീ 37:23-24). അവിടുന്നു ഹൃദയം തകര്‍ന്നവരെ സൗഖ്യപ്പെടുത്തുകയും അവരുടെമുറിവുകള്‍ വച്ചുകെട്ടുകയും ചെയ്യുന്നു (സങ്കീ 147:3).

ഞാന്‍ നിന്നെ ഒരു വിധത്തിലും അവഗണിക്കുകയോ ഉപേക്ഷിക്കുകയോ ഇല്ല എന്ന് അവിടുന്നു പറഞ്ഞിട്ടുണ്ടല്ലോ (ഹെബ്രായര്‍ 13:5).

അനുതാപം ആവശ്യമില്ലാത്ത തൊണ്ണൂറ്റൊന്‍പതു നീതിമാന്‍മാരെക്കുറിച്ച് എന്നതിനെക്കാള്‍ അനുതപിക്കുന്ന ഒരു പാപിയെക്കുറിച്ച് സ്വര്‍ഗത്തില്‍ കൂടുതല്‍ സന്തോഷമുണ്ടാകും എന്ന് ഞാന്‍ നിങ്ങളോടു പറയുന്നു (ലൂക്കാ 15:7).

കര്‍ത്താവ് എന്നേക്കുമായി ഉപേക്ഷിക്കുകയില്ല. അവിടുന്ന് വേദനിപ്പിച്ചാലും തന്റെ കാരുണ്യാതിരേകത്തിന് അനുസൃതമായി ദയ കാണിക്കും (വിലാപങ്ങള്‍ 3:31-32).

കഴിഞ്ഞകാര്യങ്ങള്‍ നിങ്ങള്‍ ഓര്‍ക്കുകയോ പരിഗണിക്കുകയോ വേണ്ടാ. ഇതാ, ഞാന്‍ പുതിയ ഒരു കാര്യം ചെയ്യുന്നു. അതു മുളയെടുക്കുന്നതു നിങ്ങള്‍ അറിയുന്നില്ലേ? ഞാന്‍ വിജനദേശത്ത് ഒരു പാതയും മരുഭൂമിയില്‍ നദികളും ഉണ്ടാക്കും (ഏശയ്യാ 43:18-19).