വത്തിക്കാന്‍: നമ്മുടെ സമ്പത്തും വസ്തുവകകളും നമ്മുടെ പ്രയ്തനത്തേക്കാള്‍ ദൈവീക ദാനമാണെന്നു തിരിച്ചറിയണമെന്നും ഈ ബോധ്യം വരുമ്പോഴാണ് ദാനധര്‍മ്മം അര്‍ത്ഥവത്താകുന്നതെന്നും ഫ്രാന്‍സിസ് പാപ്പ. ബുധനാഴ്ച തോറും വിശ്വാസികളുമായി നടത്താറുള്ള പ്രതിവാര കൂടികാഴ്ചക്കിടെ സന്ദേശം നല്‍കുകയായിരിന്നു അദ്ദേഹം. ദാനധര്‍മ്മത്തിലും സ്‌നേഹത്തിലും കപടത കാണിക്കുന്നവരെക്കുറിച്ച് വിശുദ്ധ പൗലോസ് ശ്ലീഹാ മുന്നറിയിപ്പ് നല്കുന്നുണ്ടെന്നും പരിശുദ്ധ പിതാവ് പറഞ്ഞു. 

വിശുദ്ധ പൗലോസ് ശ്ലീഹാ റോമാക്കാര്‍ക്ക് എഴുതിയ ലേഖനത്തിലെ പന്ത്രണ്ടാം അദ്ധ്യായത്തിലെ വചനഭാഗത്തെ ആസ്പദമാക്കിയാണ് മാര്‍പാപ്പ വചനസന്ദേശം നല്കിയത്. 'കപടനാട്യം എവിടെ വേണമെങ്കിലും വ്യാപരിക്കാന്‍ സാധ്യതയുണ്ട്. സ്‌നേഹത്തിന്റെയോ ദാനധര്‍മ്മത്തിന്റെയോ പ്രവര്‍ത്തികള്‍ മറ്റുള്ളവരെ പ്രദര്‍ശിപ്പിച്ച് സംതൃപ്തി നേടുന്നവരാണോ നാം? നമ്മുടെ പരസ്പര സ്‌നേഹം ആത്മാര്‍ത്ഥമാണോ അതോ മുഖസ്തുതിക്കുള്ള നാടകമാണോ എന്ന് ക്രിസ്ത്യാനികളായ നാമോരുത്തരും സ്വയം വിലയിരുത്തണം'. 

'നാം ചെയ്യുന്ന ഉപവിപ്രവര്‍ത്തനങ്ങള്‍ നമ്മെത്തന്നെ ഉയര്‍ത്തിക്കാട്ടുന്നതിനോ നമ്മുടെ തന്നെ സന്തോഷത്തിനൊ വേണ്ടിയാകുമ്പോള്‍ കാപട്യമാണ് പ്രകടമാകുക. എന്നാല്‍, ദാനധര്‍മ്മവും സ്‌നേഹവും ദൈവത്തിന്റെ കൃപയാണെന്ന തിരിച്ചറിവ് നമുക്കുണ്ടാകണം. നമ്മുടെ പ്രയ്തനത്തേക്കാള്‍ ദൈവീക ദാനമാണ് നമ്മുടെ വസ്തുവകകളും സമ്പത്തും എന്ന ബോധ്യം വരുമ്പോഴാണ് ദാനധര്‍മ്മം അര്‍ത്ഥവത്താകുന്നത്. ' 

നാം പാപികളാണെന്നും നാം സ്‌നേഹിക്കുന്ന രീതി പാപത്താല്‍ മുദ്രിതമാണെന്നും തിരിച്ചറിയാന്‍ പൗലോസ് അപ്പസ്‌തോലന്‍ നമ്മെ ക്ഷണിക്കുന്നു. 'വിശുദ്ധ പൗലോസ് ശ്ലീഹായുടെ കപടനാട്യത്തെക്കുറിച്ചുള്ള മുന്നറിയിപ്പ് കുറ്റപ്പെടുത്തലല്ല, മറിച്ച് നമ്മുടെ പ്രത്യാശയെ നവീകരിക്കാനുള്ള ഒരു ഓര്‍മ്മപ്പെടുത്തലാണ്. അതു വഴിയായി, നമ്മുടെ ജീവിതത്തിലെ ചെറിയ കാര്യങ്ങളില്‍ പോലും സന്തോഷം കണ്ടെത്താനും, ദൈവം നമ്മെ സ്‌നേഹിക്കുന്നതു പോലെ തന്നെ മറ്റുള്ളവരെ സ്‌നേഹിക്കാന്‍ നമുക്കോരുത്തര്‍ക്കും കഴിയും'. ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. 

ഇറ്റാലിയന്‍ സ്‌കൈ ടെലിവിഷന്‍ കമ്പനിയിലെ തൊഴില്‍ പ്രതിസന്ധിയെ തുടര്‍ന്നു ആശങ്കയില്‍ കഴിയുന്ന തൊഴിലാളികളെ ആശ്വസിപ്പിക്കാനും മാര്‍പ്പാപ്പ സമയം കണ്ടെത്തി. 'സാമ്പത്തിക ആസൂത്രണങ്ങളുടെയോ കച്ചവട തന്ത്രങ്ങളുടേയോ ഭാഗമായി വ്യവസായങ്ങളും വ്യാപാരവും നിറുത്തലാക്കുന്നവര്‍ തങ്ങള്‍ ചെയ്യുന്ന തെറ്റിനെക്കുറിച്ച് വീണ്ടുവിചാരണ നടത്തണം' എന്ന ആഹ്വാനത്തോടെയാണ് മാര്‍പാപ്പ തന്റെ പ്രസംഗം അവസാനിപ്പിച്ചത്. 

കടപ്പാട് : pravachakasabdam.com