വിവാഹം അവിവാഹിതരെ ഏറെ മോഹിപ്പിക്കുകയും വിവാഹിതരെ കുറേയേറെ നിരാശരാക്കുകയും ചെയ്യുന്ന പ്രതിഭാസമാണെന്ന് ഹാസ്യരൂപേണ പറയാറുണ്ട്. തമാശയാണെങ്കിലും ചില സത്യങ്ങള്‍ ഇല്ലാതെയില്ല. വിവാഹിതരായ ആളുകളോട് ചോദിച്ചാല്‍ ഒരു ചെറിയ ശതമാനം ആള്‍ക്കാരെങ്കിലും പറയും, വിവാഹം ചെയ്യണ്ടായിരുന്നുവെന്ന്. എന്തുകൊണ്ട് ഇത് സംഭവിക്കുന്നു? 

കാത്തുകാത്തിരുന്ന് പ്രതീക്ഷകളോടെ വിവാഹജീവിതത്തിലേക്ക് കടക്കുന്ന ദമ്പതിമാര്‍ക്കിടയില്‍ അസ്വസ്ഥതകളും അസ്വാരസ്യങ്ങളും മുളപൊട്ടുന്നത് എന്തുകൊണ്ട്? മാനസികവും കുടുംബപരവും സാമൂഹ്യവുമായ കാരണങ്ങള്‍ ഇതിനു ഹേതുവാകുന്നുണ്ട്.

ഒത്തൊരുമയിലൂടെ ജീവിതത്തിലേക്ക്
രണ്ടു ദമ്പതികള്‍ വിവാഹ ഉടമ്പടിയില്‍ ഏര്‍പ്പെടുമ്പോള്‍ അവരോടൊപ്പം രണ്ടു കുടുംബങ്ങളും കൂടി ബന്ധുക്കളാകുകയാണ്. ഓരോ വ്യക്തിയും ജനിച്ചു വളരുന്ന കുടുംബം ഒരു െ്രെപമറി ഫാമിലിയാണെന്നു പറയാം. രണ്ടു വ്യത്യസ്തമായ െ്രെപമറി ഫാമിലികളില്‍ ജീവിച്ച ഒരു പുരുഷനും സ്ത്രീയും പീന്നിട് ഉണ്ടാക്കിയെടുക്കേണ്ടത് തങ്ങളുടേതായ ഒരു െ്രെപമറി ഫാമിലിയാണ്. അങ്ങനെ പുതുതായി ഒരു െ്രെപമറി ഫാമിലി രൂപം കൊള്ളുമ്പോള്‍ നേരത്തെ അവരുള്‍പ്പെട്ടിരുന്ന െ്രെപമറി ഫാമിലി വലിയ കുടുംബം ആകേണ്ടതുണ്ട്. 

ഓരോ കുടുംബവും ശക്തിമത്തായ ഒത്തൊരുമയിലേക്കും സ്‌നേഹ വിശ്വാസങ്ങളുടെ ഉറപ്പിലേക്കും വരണ്ടേതിന് ഇത് അത്യാവശ്യമാണ്. ചുരുക്കത്തില്‍ കല്യാണം കഴിയുന്ന പുരുഷനും സ്ത്രീയും തങ്ങള്‍ ജനിച്ചു വളര്‍ന്ന കുടുംബത്തിന്റെ സ്വാധീനങ്ങളില്‍ നിന്ന് പുറത്തുവരികയും തങ്ങള്‍ പുതുതായി രൂപം കൊടുക്കുന്ന കുടുംബത്തിന് പ്രസക്തി കൊടുക്കുകയും ചെയ്യണം. ഇതിന് കടകവിരുദ്ധമായി പലപ്പോഴും സമൂഹത്തില്‍ കാണുന്ന ഒരു പ്രവണത ഭര്‍ത്താവ് ഒരു മകന്റെ റോള്‍ കൂടുതല്‍ ശ്രദ്ധിക്കുന്നതോ ഭാര്യ ഒരു മകളായി മാത്രം ഇരിക്കുന്നതോ ഒക്കെയാണ്. 

ഭാര്യയ്ക്കും സ്ഥാനമുണ്ട് 
നമ്മുടെ സംസ്‌കാരത്തോട് ഇടകലര്‍ന്നിരിക്കുന്ന അലിഖിതമായ ഒരു സാമൂഹ്യവ്യവസ്ഥിതിയാണ് പെണ്‍കുട്ടി വിവാഹിതയായാല്‍ അവളുടെ മാതാപിതാക്കളെയും വീട്ടുകാരെയും പൂര്‍ണമായും മാറ്റി നിര്‍ത്തണമെന്നും ആണ്‍കുട്ടി, സ്വന്തം വീട്ടുകാരുടെ (െ്രെപമറി ഫാമിലി) നിയന്ത്രണത്തില്‍ വരണമെന്നുള്ളതും. 

കുടുംബകോടതികളില്‍ വേര്‍പിരിയാന്‍, എത്തിച്ചേരുന്ന പല കേസുകളിലും ഈ കുടുംബക്കളി കാണാറുണ്ട്. ഭര്‍ത്താവിന് ഭാര്യയെ കൂട്ടി ഒരു സിനിമയ്‌ക്കോ ഒന്നു കറങ്ങാനോ പോകണമെങ്കില്‍ ആദ്യം ഭര്‍ത്താവ് സ്വന്തം മാതാപിതാക്കളോട് അനുവാദം ചോദിക്കുന്നു. 

ഇത് പൊട്ടലും ചീറ്റലും ഉണ്ടാക്കുകയും ചെയ്യുന്നു. മാതാപിതാക്കള്‍, രണ്ടു കൂട്ടരുടെയും വിലപ്പെട്ട ആള്‍ക്കാര്‍ തന്നെയാണ്. വിവാഹത്തിന്റെ പുതുമോടിയില്‍ അവരെ പൂര്‍ണമായും മറന്നു തള്ളിപ്പറഞ്ഞ് ഏഷണികൂട്ടി കുടുംബം കലക്കാന്‍ പാടില്ല. എങ്കിലും ഒരു നിയന്ത്രണരേഖ ആവശ്യമാണ്. ദൂരക്കാഴ്ചയുള്ള പല മാതാപിതാക്കളും ഇതു മനസിലാക്കി മകന്റെ വിവാഹം കഴിഞ്ഞാല്‍ അവനൊരു പുതിയ കുടുംബം ഉണ്ടാകണമെന്നും അദൃശ്യമായ ഒരു ലക്ഷ്മണ രേഖ തങ്ങളിനി സൂക്ഷിക്കേണ്ടി വരുമെന്നും തിരിച്ചറിയുകയും മാറ്റങ്ങള്‍ക്കനുസൃതമായി പ്രവൃത്തിക്കുകയും ചെയ്യുന്നു. ആ കുടുംബങ്ങളില്‍, അവരെത്രനാള്‍ കൂട്ടുകുടുംബമായിരുന്നാലും സംഘര്‍ഷങ്ങള്‍ ഉണ്ടാവുകയില്ല. 

നേരേമറിച്ച്, ഭാര്യയ്ക്ക് രണ്ടാംസ്ഥാനമാണെന്നും എന്റെ മകന്‍ ഞാന്‍ പറഞ്ഞതുമാത്രം വള്ളിപുള്ളി വിടാതെ അനുസരിക്കണമെന്നും വിചാരിക്കുന്നവരും ഇല്ലാതെയില്ല. ഭര്‍ത്താവിന്റെ മാതാപിതാക്കളുടേത് മാത്രമല്ല സഹോദരന്റെയും സഹോദരിയുടെയും കൂടി മൂഡുനോക്കി ജീവിക്കേണ്ടിവരുന്ന ഭാര്യമാര്‍ വളരെ പെട്ടന്ന് ിരാശരാകുകയും ഭാര്യ – ഭര്‍ത്തൃബന്ധത്തില്‍ തികഞ്ഞ പൊരുത്തക്കേടുകള്‍ ഉണ്ടാവുകയും ചെയ്യുന്നു. അവര്‍ എത്രയായാലും എന്റെ അച്ഛനുമമ്മയുമല്ലേ നീ കുറേ അഡ്ജസ്റ്റ് ചെയ്യണം എന്നതുവരെ നമുക്ക് സാധൂകരിക്കാം, പക്ഷേ 'എന്റെ വീട്ടുകാര്‍ പറയുന്നതു പോലെ ജീവിക്കാന്‍ സമ്മതമാണെങ്കില്‍ മാത്രം നീ എന്റെ കൂടെ ജീവിച്ചാല്‍ മതി' എന്ന് ഒരു ഭര്‍ത്താവ് പറയുമ്പോള്‍ അവിടെ അദ്ദേഹത്തിന്റെ ഭര്‍ത്താവ് എന്നുള്ള പദവി നഷ്ടപ്പെടുകയും പ്രത്യുത, ഒരു മകന്‍ മാത്രം ആയി മാറുകയും ചെയ്യുന്നു. മകന്റെ സാമീപ്യത്തില്‍ മരുമകളോട് വളരെയേറെ സ്‌നേഹത്തോടു പെരുമാറുകയും മറിച്ച് മകന്‍ മാറുമ്പോള്‍ തനിസ്വഭാവം എടുക്കുകയും ചെയ്യുന്ന അമ്മമാരും ഉണ്ട്. 

 

സ്വാര്‍ഥത വേണ്ട
വിവാഹജീവിതം തുടങ്ങിയാല്‍ പിന്നെ ഞാനും എന്റെ ഭര്‍ത്താവും മാത്രം മതി, അച്ഛനും അമ്മയും ഒക്കെ പോയി തുലയട്ടെയെന്ന് പെണ്‍കുട്ടികളും കരുതാന്‍ പാടില്ല. ഒത്തൊരുമയോടെയും പരസ്പര ബഹുമാനത്തോടെയും പ്രധാന റോളുകള്‍ക്ക് അനുസൃതമായി വീട്ടുവീഴ്ചകളോടെയും നീങ്ങുകയാണെങ്കില്‍ സംഘര്‍ഷ ഭരിതമല്ലാതെ തന്നെ കുടുംബജീവിതം മുന്നോട്ടു കൊണ്ടുപോകാം. 

മരുമകളോട് 
* ഭര്‍ത്താവിന്റെ മാതാപിതാക്കളെ സ്വന്തം മാതാപിതാക്കന്മാരെ 'പോലെ' കാണുന്നതിനു പകരം അവരുടെ സ്ഥാനത്തിനനുസരിച്ച് ബഹുമാനത്തോടെ ഇടപെട്ടാല്‍ ഒട്ടനവധി വൈകാരിക പ്രശ്‌നങ്ങള്‍ ഒഴിവാക്കാം. 
* കല്യാണം കഴിഞ്ഞാല്‍ ഭര്‍ത്താവിനുമേല്‍ പൂര്‍ണമായ ആധിപത്യം സ്ഥാപിച്ചെടുക്കുന്നതിനുള്ള ശ്രമം പാടില്ല. ഇതു കുടുംബാംഗങ്ങള്‍ക്ക് നിങ്ങളോടുള്ള അകല്‍ച്ചയ്ക്ക് കാരണമാകും. 
* സ്വന്തം മാതാപിതാക്കള്‍ എന്ന സ്‌കെയില്‍ വച്ച് ഭര്‍ത്താവിന്റെ മാതാപിതാക്കളെ അളക്കാതിരിക്കുക. ഓരോ വ്യക്തിയുടെയും വ്യക്തിത്വം അനന്യമാണ്. 
* നിസാരമായി കളയാവുന്ന കാര്യങ്ങള്‍ ഊതിവീര്‍പ്പിച്ച് കാണാതിരിക്കുക. 
* പല കാര്യങ്ങളും വികാരപരമായി ചിന്തിക്കാതെ ബുദ്ധിപരമായി ചിന്തിച്ചാല്‍ ബന്ധങ്ങളിലെ വിള്ളലുകള്‍ കുറയ്ക്കാം. 
* ഭര്‍ത്താവിന്റെയും ഭാര്യയുടെയും കുടുബാംഗങ്ങളെ തമ്മില്‍ യോജിപ്പിക്കുന്ന സുപ്രധാന കണ്ണിയാകാന്‍ ശ്രമിക്കാം. 

ഇതു ശ്രദ്ധിക്കാം
* സ്വന്തം മാതാപിതാക്കള്‍ക്കോ ഭാര്യയ്‌ക്കോ ഇടപെടലുകളിലോ സംസാരത്തിലോ വിലക്കുകള്‍ ഏര്‍പ്പെടുത്തേണ്ടി വരുമ്പോള്‍ അത് അവരോടു മാത്രം സ്വകാര്യമായി സംസാരിച്ചിരിക്കണം. പരസ്യവിചാരണകള്‍ ഒഴിവാക്കാം. 
* ആരോഗ്യപരവും അന്തസുറ്റതുമായ തിരുത്തലുകള്‍ ഇരുകൂട്ടര്‍ക്കും കൊടുക്കാം. 
* ഭാര്യമാര്‍ക്ക് പെട്ടെന്ന് മടുപ്പുണ്ടാക്കുന്ന ഒരു അധ്യാപകന്റെ റോള്‍ എടുക്കരുത്. മറിച്ച് അവര്‍ക്കു വേണ്ട തിരുത്തലുകള്‍ ഒരു സുഹൃത്തിന്റെ സ്ഥാനത്തു നിന്ന് നല്‍കാം.
* ഭാര്യാ–ഭര്‍ത്താക്കന്മാര്‍ക്ക് ഇടയിലെ നിസാര പിണക്കങ്ങളിലേക്ക് വീട്ടിലെ മറ്റംഗങ്ങള്‍ കടന്നുകയറുകയാണെങ്കില്‍ തന്ത്രപരമായി അത്തരം ഇടപെടലുകളെ അതിജീവിക്കാന്‍ വിവാഹജീവിതത്തിന്റെ തുടക്കം മുതല്‍ക്കേ ശ്രദ്ധിക്കുക. 
* സ്വന്തം മാതാപിതാക്കന്മാരുടെയോ സഹോദരങ്ങളുടെയോ ബന്ധുക്കളുടെയോ കുറ്റവും കുറവും കല്യാണം കഴിഞ്ഞുള്ള പുതുമോടിയില്‍ ഭാര്യയ്ക്കു മുന്നില്‍ പറയാതിരിക്കുക. നിങ്ങള്‍ അത് ഉള്‍ക്കൊള്ളുന്നതുപോലെ മറ്റൊരാള്‍ അത് മനസിലാക്കണം എന്നില്ല. 
* ഭാര്യയ്ക്കും ഭര്‍ത്താവിനും പരസ്പരം ബഹുമാനവും വീട്ടുവീഴ്ചയും പെരുത്തപ്പെടലുകളും വേണം. ഏതു ബന്ധങ്ങളിലായാലും അമിത വിധേയത്വം ഭാവിയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. 

ഡോ.സിന്ധു അജിത്ത് 
കണ്‍സള്‍ട്ടിംഗ് സൈക്കോളജിസ്റ്റ് മുത്തൂറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് സയന്‍സ്, 
വരിക്കോലി, എറണാകുളം

കടപ്പാട് : www.deepika.com