വത്തിക്കാന്‍: ആഘോഷങ്ങളും സമ്മാനങ്ങളുമല്ല, മനുഷ്യത്വമാണ് അനിവാര്യമെന്ന് ക്രിസ്മസ് സന്ദേശത്തില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ. ദരിദ്രരെയും അഭയാര്‍ഥികളെയും യുദ്ധക്കെടുതികള്‍ അനുഭവിക്കുന്നവരെയും മറക്കുന്നവര്‍ ദൈവത്തെയാണ് മറക്കുന്നതെന്നും മാര്‍പ്പാപ്പ പറഞ്ഞു. സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ ക്രിസ്മസ് ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുകയായിരുന്നു അദ്ദേഹം.

പുല്‍ക്കൂട്ടില്‍ പിറന്ന ഉണ്ണിയേശുവിന്റെ ലാളിത്യത്തിന്റെയും വിനയത്തിന്റെയും സന്ദേശം ഉള്‍ക്കൊള്ളാന്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ വിശ്വാസികളെ ആഹ്വാനം ചെയ്തു. 'അവഗണിക്കപ്പെട്ടവനും പുറന്തള്ളപ്പെട്ടവനുമായാണ് ക്രിസ്തു ജനിച്ചത്. ക്രിസ്മസ് ആഘോഷങ്ങളും സമ്മാനങ്ങളും മാത്രമായി മാറുമ്പോള്‍ ദൈവത്തെയാണ് മറക്കുന്നത്. ലൗകികതയുടെ പിടിയില്‍ നിന്ന് ക്രിസ്മസ് മോചിതമാവണം' - അദ്ദേഹം ആഹ്വാനം ചെയ്തു.

കര്‍ദിനാള്‍മാരും മെത്രാന്‍മാരും സഹശുശ്രൂഷകരായ ക്രിസ്മസ് കുര്‍ബാനയില്‍ പതിനായിരത്തോളം വിശ്വാസികള്‍ പങ്കെടുത്തു. ബെര്‍ലിന്‍ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയിലാണ് വത്തിക്കാനില്‍ ചടങ്ങുകള്‍ പൂര്‍ത്തിയായത്.

കടപ്പാട് : www.manoramaonline.com