ഡിസംബര്‍ 12, തിങ്കളാഴ്ച ഗ്വാദലൂപെ മാതാവിന്റെ തിരുനാളിനോടനുബന്ധിച്ച് വത്തിക്കാനിലെ വി. പത്രോസിന്റെ ബസിലിക്കയില്‍ വൈകുന്നേരം ആറുമണിക്കര്‍പ്പിച്ച ദിവ്യബലിമധ്യേ ഫ്രാന്‍സീസ്പാപ്പാ നല്‍കിയ വചനസന്ദേശത്തില്‍ നിന്ന്:

കര്‍ത്താവ് അരുളിച്ചെയ്ത കാര്യങ്ങള്‍ നിറവേറുമെന്ന് വിശ്വസിച്ചവള്‍ ഭാഗ്യവതി (ലൂക്കാ 1:45) എന്ന വാക്കുകളാലഭിഷേചിച്ചുകൊണ്ടാണ് എലിസബത്ത് പരി. കന്യകയുടെ സാന്നിധ്യത്തെ തന്റെ ഭവനത്തില്‍ സ്വീകരിച്ചത്. മറിയത്തിന്റെ ഉദരത്തിലുത്ഭവിച്ച വചനം അവളുടെ സന്ദര്‍ശനവേളയില്‍ എല്ലാവരിലും പ്രതിധ്വനിക്കുകയാണ്. നിന്റെ അഭിവാദന സ്വരം എന്റെ ചെവികളില്‍ പതിച്ചപ്പോള്‍, ശിശു എന്റെയുദരത്തില്‍ സന്തോഷത്താല്‍ കുതിച്ചുചാടി. കര്‍ത്താവ് അരുളിച്ചെയ്തകാര്യങ്ങള്‍ നിറവേറുമെന്നു വിശ്വസിച്ചവള്‍ ഭാഗ്യവതി (ലൂക്കാ 1:44-45).

നമ്മുടെ കുഞ്ഞുങ്ങള്‍ക്കുവേണ്ടി നാം നിര്‍മിക്കുന്ന സമൂഹം വര്‍ധിച്ചുവരുന്ന വിഭജനത്തിന്റെയും ചിതറിക്കലിന്റെയും അടയാളങ്ങള്‍കൊണ്ടു മുദ്രിതമായിരിക്കുന്ന ഒന്നാണ്.  എങ്ങനെയാണ് ആയിരക്കണക്കിനു കുഞ്ഞുങ്ങളും യുവജനങ്ങളും തെരുവുകളില്‍ അലയുമ്പോള്‍, അവര്‍ അധാര്‍മികപ്രവൃത്തികള്‍ക്കായി നിര്‍ബന്ധിക്കപ്പെടുന്ന ജീവിതസാഹചര്യങ്ങളില്‍ ആയിരിക്കുമ്പോള്‍, അല്ലെങ്കില്‍ നമ്മുടെ വാഹനങ്ങളുടെ ഗ്ലാസ്സുകള്‍ തുടച്ചുകൊണ്ടു ചില്ലിപ്പൈസകള്‍ സമ്പാദിക്കുന്നതു കാണുമ്പോള്‍ ക്ഷേമസമൂഹമാണ് നാമ്മുടേതെന്ന് നമുക്ക് അഹങ്കരിക്കാന്‍ കഴിയുന്നതെങ്ങനെ? എത്ര വയോജനങ്ങളാണ് ഏകാന്തതയിലായിരിക്കുവാന്‍ നിര്‍ബന്ധിക്കപ്പെടുന്നത്? എത്രയെത്ര സ്ത്രീകളാണ് തങ്ങളുടെ അഭിമാനം സംരക്ഷിക്കാനാകാത്ത സാഹചര്യങ്ങളില്‍ ആയിരിക്കുന്നത്? എത്രയോ കുട്ടികളാണ് കുടുംബത്തിലും പുറത്തും പീഡിപ്പിക്കപ്പെടുന്നത്? 

ഇങ്ങനെയുള്ള എല്ലാ സാഹചര്യങ്ങളിലും എലിസബത്തിന്റെ വാക്കുകളോര്‍ക്കാം.  വിശ്വസിച്ചവള്‍ ഭാഗ്യവതി.  വിശ്വസിച്ചവളായ മറിയത്തെ ആഘോഷിക്കുകയെന്നാല്‍ നമുക്കൊരമ്മയുണ്ട് എന്നോര്‍മിക്കുകയാണ്. നാം അനാഥരായ ജനമല്ല. അമ്മയെവിടെയുണ്ടോ അവിടെ വീടിന്റെ സാന്നിധ്യവും രുചിയുമുണ്ട്.  ഇതാ നമ്മുടെ അമ്മ. അവളുടെ തണല്‍, അവളുടെ സംരക്ഷണം അതു നമ്മുടെ ആനന്ദത്തിന്റെ ഉറവിടമാണ് എന്ന് ഉദ്‌ബോധിപ്പിച്ച പാപ്പാ അമ്മയുടെ മാധ്യസ്ഥം അപേക്ഷിച്ചുകൊണ്ടാണ് തന്റെ വചനസന്ദേശം അവസാനിപ്പിച്ചത്. 

കടപ്പാട് : ml.radiovaticana.va