ജറുസലം : ആദ്യം കണ്ടത് ഒരു ചുണ്ണാമ്പുകല്ല്. പൊടിമാറ്റി നോക്കിയപ്പോള്‍ ചാരനിറമുള്ള മാര്‍ബിള്‍ ശില. അതിനുമപ്പുറം അതിന്റെ നടുവില്‍ മനോഹരമായി കൊത്തിയ കുരിശുരൂപം! യേശുക്രിസ്തുവിന്റെ മൃതദേഹം അടക്കം ചെയ്തതെന്നു വിശ്വസിക്കപ്പെടുന്ന കല്ലറ 500 വര്‍ഷത്തിനുശേഷം തുറന്ന ഗവേഷകരാണു മൃതദേഹം കിടത്തിയതെന്നു കരുതുന്ന ശില ഉള്‍പ്പെടെ കണ്ടെത്തിയത്.

നാഷനല്‍ ജിയോഗ്രഫിക് സൊസൈറ്റി പുരാവസ്തു ഗവേഷകന്‍ ഫ്രെഡറിക് ഹൈബെര്‍ട്ടിന്റെ നേതൃത്വത്തില്‍ ഒക്ടോബറില്‍ തുടങ്ങിയ പഠനങ്ങളിലെ സുപ്രധാന വഴിത്തിരിവാണ് ഈ കണ്ടെത്തല്‍. കല്ലറയ്ക്കുള്ളില്‍ ഭൗതികാവശിഷ്ടങ്ങളെന്നു തിരിച്ചറിയാന്‍ തക്ക ഒന്നുംതന്നെ കണ്ടെത്തിയില്ല. എന്നാല്‍, വലിയൊരളവില്‍ പൊടിയും അവശിഷ്ടങ്ങളും ഉണ്ടായിരുന്നു.

ഇത്രയും കാലം അറിയപ്പെടാതെ കിടന്ന മാര്‍ബിള്‍ പാളി കണ്ടെത്തിയതു ഗവേഷകര്‍ക്ക് ഊര്‍ജം പകര്‍ന്നിട്ടുണ്ട്. പുറമേ മാത്രമാണ് ഈ മാര്‍ബിള്‍ ഭാഗത്തിനു വെള്ളനിറം. ഉള്‍ഭാഗത്തിനു ചാരനിറം. ഇതിലെ കുരിശുരൂപം 12-ാം നൂറ്റാണ്ടിലെ കുരിശുയുദ്ധകാലത്തു കൊത്തിയതാകാമെന്നാണു നിഗമനം. നാലാം നൂറ്റാണ്ടില്‍ റോമന്‍ ചക്രവര്‍ത്തി കോണ്‍സ്റ്റാന്റിന്‍ കണ്ടെത്തിയതും പിന്നീട് ആരാധിക്കപ്പെട്ടതുമായ ആ കല്ലറ ഇതു തന്നെയാണെന്നതിന്റെ വ്യക്തമായ അടയാളമാണു കുരിശുരൂപമെന്നും ഗവേഷകര്‍ പറയുന്നു.

 

യേശുക്രിസ്തുവിന്റെ മൃതദേഹം അടക്കം ചെയ്തതെന്നു വിശ്വസിക്കപ്പെടുന്ന കല്ലറ 500 വര്‍ഷത്തിനുശേഷം തുറന്നപ്പോള്‍

 

 

 

 

 

 

കടപ്പാട് : manoramaonline.com