ഒക്ടോബര്‍ 27ാം തിയതി രാവിലെ പേപ്പല്‍ വസതി, സാന്താ മാര്‍ത്തയിലെ കപ്പേളയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയാണ് പാപ്പാ ഇങ്ങനെ ചിന്തകള്‍ പങ്കുവച്ചത്. വിശുദ്ധ ലൂക്കായുടെ സുവിശേഷം 13ാം അദ്ധ്യായത്തില്‍ (31മുതല്‍ 35വരെയുള്ള വാക്യങ്ങളില്‍) തന്റെ ജീവിതദൗത്യം പൂര്‍ത്തീകരിക്കുന്നതു മുന്‍പ് ക്രിസ്തു ജരൂസലേമിനെ ഓര്‍ത്തു വിലപിച്ച ഭാഗം ഉദ്ധരിച്ചുകൊണ്ടാണ് പാപ്പാ ചിന്തകള്‍ പങ്കുവച്ചത്.
അകാരണമായി തന്നെ കൊല്ലാന്‍ ശ്രമിക്കുന്നവര്‍ക്കും, കുറ്റമാരോപിക്കുന്ന യഹൂദ പ്രമാണികള്‍ക്കും എതിരെ കാര്‍ക്കശ്യത്തോടെയും മാനുഷികമായും പ്രതികരിച്ച ക്രിസ്തു, ഹോറോദേസിന്റെ കുതന്ത്രം കണ്ട് അയാളെ 'കുറുക്കന്‍' എന്നു വിളിച്ചു. എന്നാല്‍ മറുഭാഗത്ത് ജരൂസലേം നഗരത്തിന്റെ ക്ലേശങ്ങള്‍ കണ്ട് അവിടുന്നു വിലപിച്ചു (ലൂക്കാ 13, 31-35) "അപ്പോള്‍തന്നെ ചില ഫരിസേയര്‍ വന്ന് അവനോടു പറഞ്ഞു: ഇവിടെ നിന്നു പോവുക; ഹേറോദേസ് നിന്നെകൊല്ലാന്‍ ഒരുങ്ങുന്നു. അവന്‍ പറഞ്ഞു: നിങ്ങള്‍ പോയി ആ കുറുക്കനോടു പറയുവിന്‍: ഞാന്‍ ഇന്നും നാളെയും പിശാചുക്കളെ പുറത്താക്കുകയും രോഗശാന്തി നല്‍കുകയും ചെയ്യും. മൂന്നാംദിവസം എന്റെ ദൗത്യം ഞാന്‍ പൂര്‍ത്തിയാക്കിയിരിക്കും. എങ്കിലും ഇന്നും നാളെയും മറ്റന്നാളും ഞാന്‍ എന്റെ യാത്ര തുടരേണ്ടിയിരിക്കുന്നു. എന്തെന്നാല്‍, ജറുസലെമിനു പുറത്തുവച്ച് ഒരു പ്രവാചകന്‍ നശിക്കുക സാധ്യമല്ല. ജറുസലേം, ജറുസലേം, പ്രവാചകന്‍മാരെ കൊല്ലുകയും നിന്റെ അടുത്തേക്ക് അയയ്ക്കപ്പെടുന്നവരെ കല്ലെറിയുകയും ചെയ്യുന്നവളേ, പിടക്കോഴി കുഞ്ഞുങ്ങളെ ചിറകിന്‍കീഴ് ചേര്‍ത്തു നിര്‍ത്തുന്നതുപോലെ നിന്റെ സന്താനങ്ങളെ ഒന്നിച്ചു ചേര്‍ക്കുന്നതിന് ഞാന്‍ എത്രയോ പ്രാവശ്യം ആഗ്രഹിച്ചു! പക്‌ഷേ, നിങ്ങള്‍ സമ്മതിച്ചില്ല. ഇതാ, നിങ്ങളുടെ ഭവനം പരിത്യക്തമായിരിക്കുന്നു. ഞാന്‍ നിങ്ങളോടു പറയുന്നു, കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന്‍ അനുഗൃഹീതന്‍ എന്നു നിങ്ങള്‍ പറയുന്നതുവരെ നിങ്ങള്‍ എന്നെ കാണുകയില്ല".
തന്നെ കെണിയില്‍ വീഴ്ത്തി കൊല്ലാന്‍ ഒരുങ്ങുന്ന പ്രതിയോഗികളോടും, ചുറ്റുമുള്ള തിന്മയുടെ യാഥാര്‍ത്ഥ്യങ്ങളോടും മാനുഷികമായി പ്രതികരിച്ച ക്രിസ്തു, ഉടനെ തന്റെ ദൈവികമായ കരുണാര്‍ദ്രഭാവം വാക്കുകളില്‍ പ്രകടമാക്കി. ജരൂസലേം നിവാസികളെ ഓര്‍ത്തു ക്രിസ്തു വിലപിച്ചത് ദൈവപിതാവിന്റെ സ്‌നേഹം തന്നെയാണ്. പാപ്പാ വ്യാഖ്യാനിച്ചു.
'പ്രാവചകന്മാരെ കല്ലെറിയുകയും കൊല്ലുകയുംചെയ്ത നഗരമേ, നിങ്ങളെ ഐക്യത്തിലും സമാധാനത്തിലും നയിക്കാന്‍ എത്രയേറെ ഞാന്‍ ആഗ്രഹിച്ചു' (ലൂക്ക 13, 34). സമാധാനം നഗരത്തില്‍നിന്നും, ജനങ്ങളില്‍നിന്നും വിദൂരത്താണല്ലോ, എന്ന് ഓര്‍ത്താണ് ക്രിസ്തു വിലപിച്ചത്, വചനപ്രഭാഷണത്തില്‍ പാപ്പാ ചൂണ്ടിക്കാട്ടി. മകന്റെ തിരിച്ചുവരവിനായി പുരമുകളില്‍ കയറി കണ്ണുംനട്ട് നോക്കി ഇരിക്കുകയും, അവന്റെ അവസ്ഥയെ ഓര്‍ത്ത് വേദനതിന്നുന്ന സ്‌നേഹാര്‍ദ്രനായ പിതാവിന്റെ ചിത്രം വാക്കുകളില്‍ പാപ്പാ ഫ്രാന്‍സിസ് വിവരിച്ചു. മനുഷ്യര്‍ ഇന്ന് ലോകത്ത് കാരണമാക്കുന്ന യുദ്ധത്തിന്റെയും പ്രകൃതി ദുരന്തങ്ങളുടെയുംമദ്ധ്യേ വേദനിച്ചു കരയുന്ന പിതാവാണ് ദൈവം! പാപ്പാ ഉദ്‌ബോധിപ്പിച്ചു.
പണത്തെ പൂവിട്ട് ആരാധിക്കുന്നവര്‍ കാരണമാക്കുന്ന യുദ്ധങ്ങളും, മനുഷ്യന്റെ ആര്‍ത്തിയും ഇന്ന് ലോകത്ത് വരുത്തിവയ്ക്കുന്ന പ്രകൃതി വിനാശങ്ങളുമെല്ലാം കണ്ട് പിതാവായ ദൈവം കേഴുന്നുണ്ട്. മനുഷ്യന്‍ മനുഷ്യനെ ചൂഷണംചെയ്യുകയും, നാടുകടത്തുകയും, അടിമയാക്കുകയും, ദാരിദ്ര്യത്തില്‍ ആഴ്ത്തുകയും ചെയ്യുന്ന ഇന്നിന്റെ അനീതിയും അധര്‍മ്മവും കണ്ട് ദൈവം വിണ്ണില്‍ ഇരുന്നു വിലപിക്കുന്നുണ്ടെന്ന് ഖേദപൂര്‍വ്വം പ്രസ്താവിച്ചുകൊണ്ടാണ് പാപ്പാ വചനസമീക്ഷ ഉപസംഹരിച്ചത്. (മദ്ധ്യേ ഇറ്റലിയിലെ മാര്‍ക്കെ മച്ചരാത്ത പ്രദേശത്ത് തലേനാള്‍ വൈകുന്നേരം ഉണ്ടായ ഭൂകമ്പ ദുരിതവും, അവിടത്തെ ജനങ്ങള്‍ സഹിക്കുന്ന കേശ്ലങ്ങളും വിഷമതകളും മനസ്സില്‍ ഒതുക്കി ആയിരുന്നിരിക്കണം പാപ്പാ ഫ്രാന്‍സിസ് ഇങ്ങനെ ചിന്തകള്‍ പങ്കുവച്ചത്).
കടപ്പാട് : ml.radiovaticana.va