നിങ്ങളുടെ ശത്രുവായ പിശാച് അലറുന്ന സിംഹത്തെപ്പോലെ, ആരെ വിഴുങ്ങണമെന്ന് അന്വേഷിച്ചുകൊണ്ടു ചുറ്റിനടക്കുന്നു. വിശ്വാസത്തില്‍ ഉറച്ചുനിന്നുകൊണ്ട് അവനെ എതിര്‍ക്കുവിന്‍ (1 പത്രോസ് 5:89)
ആകയാല്‍ ദൈവത്തിനു വിധേയരാകുവിന്‍; പിശാചിനെ ചെറുത്തു നില്‍ക്കുവിന്‍, അപ്പോള്‍ അവന്‍ നിങ്ങളില്‍നിന്ന് ഓടിയകന്നുകൊള്ളും (യാക്കോബ് 4:7).
ആ വലിയ സര്‍പ്പം, സര്‍വലോകത്തെയും വഞ്ചിക്കുന്ന സാത്താനെന്നും പിശാചെന്നും വിളിക്കപ്പെടുന്ന ആ പുരാതനസര്‍പ്പം, ഭൂമിയിലേക്കു വലിച്ചെറിയപ്പെട്ടു; അവനോടുകൂടി അവന്റെ ദൂതന്‍മാരും (വെളിപാട് 12:9).
അവരെ വഴിതെറ്റിക്കുന്ന പിശാചാകട്ടെ, മൃഗവും വ്യാജപ്രവാചകനും വസിച്ചിരുന്ന ഗന്ധകാഗ്‌നിത്തടാകത്തിലേക്ക് എറിയപ്പെട്ടു. അവിടെ രാപകല്‍ നിത്യകാലത്തേക്ക് അവര്‍ പീഡിപ്പിക്കപ്പെടും (വെളിപാട് 20:10).
സാത്താന്റെ കുടിലതന്ത്രങ്ങളെ എതിര്‍ത്തുനില്‍ക്കാന്‍ ദൈവത്തിന്റെ എല്ലാ ആയുധങ്ങളും ധരിക്കുവിന്‍. എന്തെന്നാല്‍, നമ്മള്‍ മാംസത്തിനും രക്തത്തിനും എതിരായിട്ടല്ല, പ്രഭുത്വങ്ങള്‍ക്കും ആധിപത്യങ്ങള്‍ക്കും ഈ അന്ധകാരലോകത്തിന്റെ അധിപന്‍മാര്‍ക്കും സ്വര്‍ഗീയഇടങ്ങളില്‍ വര്‍ത്തിക്കുന്ന തിന്‍മയുടെ ദുരാത്മാക്കള്‍ക്കുമെതിരായിട്ടാണു പടവെട്ടുന്നത്. അതിനാല്‍, ദൈവത്തിന്റെ എല്ലാ ആയുധങ്ങളും ധരിക്കുവിന്‍. തിന്‍മയുടെ ദിനത്തില്‍ ചെറുത്തുനില്‍ക്കാനും എല്ലാ കര്‍ത്തവ്യങ്ങളും നിറവേറ്റിക്കൊണ്ട് പിടിച്ചുനില്‍ക്കാനും അങ്ങനെ നിങ്ങള്‍ക്കു സാധിക്കും (എഫേസോസ് 6:1113).
സ്വര്‍ഗത്തില്‍നിന്ന് ഒരു ദൂതന്‍ ഇറങ്ങുന്നതു ഞാന്‍ കണ്ടു. അവന്റെ കൈയില്‍ പാതാളത്തിന്റെ താക്കോലും വലിയ ഒരു ചങ്ങലയും ഉണ്ട്. അവന്‍ ഒരു ഉഗ്രസര്‍പ്പത്തെ സാത്താനും പിശാചുമായ പുരാതനസര്‍പ്പത്തെ പിടിച്ച് ആയിരം വര്‍ഷത്തേക്കു ബന്ധനത്തിലാക്കി. അതിനെ പാതാളത്തിലേക്കെറിഞ്ഞ്, വാതില്‍ അടച്ചു മുദ്രവച്ചു. ആയിരം വര്‍ഷം തികയുവോളം ജനതകളെ അവന്‍ വഞ്ചിക്കാതിരിക്കുന്നതിനുവേണ്ടിയാണിത് (വെളിപാട് 20:13)
നിങ്ങള്‍ നിങ്ങളുടെ പിതാവായ പിശാചില്‍നിന്ന് ഉള്ളവരാണ്. നിങ്ങളുടെ പിതാവിന്റെ ഇഷ്ടമനുസരിച്ചു പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നു. അവനാകട്ടെ ആദിമുതല്‍ കൊലപാതകിയാണ്. അവന്‍ ഒരിക്കലും സത്യത്തില്‍ നിലനിന്നിട്ടില്ല. എന്തെന്നാല്‍, അവനില്‍ സത്യമില്ല. കള്ളം പറയുമ്പോള്‍, സ്വന്തം സ്വഭാവമനുസരിച്ചുതന്നെയാണ് അവന്‍ സംസാരിക്കുന്നത്. കാരണം, അവന്‍ നുണയനും നുണയുടെ പിതാവുമാണ് (യോഹന്നാന്‍ 8:44).
മോഷ്ടിക്കാനും കൊല്ലാനും നശിപ്പിക്കാനുമാണു കള്ളന്‍ വരുന്നത്. ഞാന്‍ വന്നിരിക്കുന്നത് അവര്‍ക്കു ജീവനുണ്ടാകാനും അതു സമൃദ്ധമായി ഉണ്ടാകാനുമാണ് (യോഹന്നാന്‍ 10:10)
അദ്ഭുതപ്പെടേണ്ടാ, പിശാചുപോലും പ്രഭാപൂര്‍ണനായ ദൈവദൂതനായി വേഷംകെട്ടാറുണ്ടല്ലോ (2 കോറിന്തോസ് 11:14).
പാപം ചെയ്യുന്നവന്‍ പിശാചില്‍ നിന്നുള്ളവനാണ്, എന്തെന്നാല്‍, പിശാച് ആദിമുതലേ പാപം ചെയ്യുന്നവനാണ്. പിശാചിന്റെ പ്രവൃത്തികളെ നശിപ്പിക്കുന്നതിനുവേണ്ടിയാണു ദൈവപുത്രന്‍ പ്രത്യക്ഷനായത് (1 യോഹന്നാന്‍ 3:8).
നമ്മുടെ ബലഹീനതയില്‍ ആത്മാവ് നമ്മെ സഹായിക്കുന്നു. വേണ്ടവിധം പ്രാര്‍ത്ഥിക്കേണ്ടതെങ്ങനെയെന്നു നമുക്കറിഞ്ഞുകൂടാ. എന്നാല്‍, അവാച്യമായ നെടുവീര്‍പ്പുകളാല്‍ ആത്മാവുതന്നെ നമുക്കുവേണ്ടി മാധ്യസ്ഥ്യം വഹിക്കുന്നു (റോമാ 8:26).
പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു (മത്തായി 4:1) യേശു കല്‍പിച്ചു: സാത്താനേ, ദൂരെപ്പോവുക; എന്തെന്നാല്‍, നിന്റെ ദൈവമായ കര്‍ത്താവിനെ ആരാധിക്കണം; അവിടുത്തെ മാത്രമേ പൂജിക്കാവൂ എന്ന് എഴുതപ്പെട്ടിരിക്കുന്നു (മത്തായി 4:10)
കാലവിളംബത്തെക്കുറിച്ചു ചിലര്‍ വിചാരിക്കുന്നതുപോലെ, കര്‍ത്താവു തന്റെ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ താമസം വരുത്തുന്നില്ല. ആരും നശിച്ചുപോകാതെ എല്ലാവരും അനുതപിക്കണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നതുകൊണ്ട്, നിങ്ങളോടു ദീര്‍ഘക്ഷമ കാണിക്കുന്നുവെന്നേയുള്ളൂ (2 പത്രോസ് 3:9).
സാത്താന് നിങ്ങള്‍ അവസരം കൊടുക്കരുത് (എഫേസോസ് 4:27).
വെളിപാടുകളുടെ ആധിക്യത്താല്‍ ഞാന്‍ അധികം ആഹ്ലാദിക്കാതിരിക്കേണ്ടതിന് ശരീരത്തില്‍ ഒരു മുള്ള് എനിക്കു നല്‍കപെട്ടിരിക്കുന്നു. അതായത്, എന്നെ ശല്യപ്പെടുത്തുന്നതിനും മതിമറന്ന് ആഹ്ലാദിക്കാതെ എന്നെ നിയന്ത്രിക്കുന്നതിനും വേണ്ടിയുള്ള പിശാചിന്റെ ദൂതന്‍ (2 കോറിന്തോസ് 12:7).
ദൈവത്തെ അംഗീകരിക്കുന്നതു പോരായ്മയായി അവര്‍ കരുതിയതുനിമിത്തം, അധ മവികാരത്തിനും അനുചിതപ്രവൃത്തികള്‍ക്കും ദൈവം അവരെ വിട്ടുകൊടുത്തു (റോമാ 1:28). ഇപ്പോള്‍ നിങ്ങള്‍ പാപത്തില്‍നിന്നു മോചിതരായിദൈവത്തിന് അടിമകളായിരിക്കുകയാല്‍ നിങ്ങള്‍ക്കു ലഭിക്കുന്നതു വിശുദ്ധീകരണവും അതിന്റെ അവസാനം നിത്യജീവനുമാണ്. പാപത്തിന്റെ വേതനം മരണമാണ്. ദൈവത്തിന്റെ ദാനമാകട്ടെ, നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവഴിയുള്ള നിത്യജീവനും (റോമാ 6:2223).
ചുരുങ്ങിയ സമയമേ അവശേഷിക്കുന്നുള്ളൂ എന്നറിഞ്ഞ് അരിശം കൊണ്ടു പിശാചു നിങ്ങളുടെ അടുത്തേക്ക് ഇറങ്ങിയിട്ടുണ്ട് (വെളിപാട് 12:12). എന്നാല്‍ ഭീരുക്കള്‍, അവിശ്വാസികള്‍, ദുര്‍മാര്‍ഗികള്‍, കൊലപാതകികള്‍, വ്യഭിചാരികള്‍, മന്ത്രവാദികള്‍, വിഗ്രഹാരാധകര്‍, കാപട്യക്കാര്‍ എന്നിവരുടെ ഓഹരി തീയും ഗന്ധകവും എരിയുന്ന തടാകമായിരിക്കും. ഇതാണു രണ്ടാമത്തെ മരണം (വെളിപാട് 21:8).
പിശാചു തന്റെ ഇഷ്ടനിര്‍വഹണത്തിനുവേണ്ടി അവരെ അടിമകളാക്കിയിട്ടുണ്ടെങ്കിലും അവന്‍ സുബോധം വീണ്ടെടുത്ത് ആ കെണിയില്‍നിന്നും രക്ഷപെട്ടേക്കാം (2 തിമോത്തേയോസ് 2:26).