മദര്‍: കാലവും ജീവിതവും
1910 ഓഗസ്റ്റ് 26നു മാസിഡോണിയയില്‍ ജനിച്ചു.
1928 സിസ്റ്റേഴ്‌സ് ഓഫ് ലൊറേറ്റോ സഭയില്‍ അംഗമാകാന്‍ തീരുമാനിച്ചു. ഇതിനു ശേഷം സിസ്റ്റര്‍ മേരി തെരേസ എന്ന പേരു സ്വീകരിച്ചു.
1929 ഇന്ത്യയിലെത്തി. ഡാര്‍ജിലിംഗില്‍ ലൊറേറ്റോ സന്യാസിനീ മഠത്തില്‍ അര്‍ഥിനിയായി കഴിഞ്ഞു.
1931 മേയ് 24നു സഭാവസ്ത്രം സ്വീകരിച്ചു. ആ മാസം തന്നെ കല്‍ക്കട്ടയിലെ പെണ്‍കുട്ടികള്‍ക്കായുള്ള സെന്റ് മേരീസ് ഹൈസ്‌കൂളില്‍ അധ്യാപികയായി.
1937 മേയ് 14നു സിസ്റ്റര്‍ തെരേസ നിത്യവ്രതം സ്വീകരിച്ചു.
1944 സെന്റ് മേരീസ് ഹൈസ്‌കൂളിന്റെ പ്രിന്‍സിപ്പലായി.
1946 സെപ്റ്റംബര്‍ 10 ദൈവവിളിക്കുള്ളിലെ ദൈവവിളി. ഒരു ട്രെയിന്‍ യാത്രയ്ക്കിടെ അധ്യാപനം ഉപേക്ഷിച്ചു കല്‍ക്കട്ടയിലെ പാവപ്പെട്ടവര്‍ക്കും രോഗികള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു.
1948 ജനുവരിയില്‍ പുതിയ തീരുമാനത്തിലേക്കു പ്രവേശിക്കാന്‍ സന്യാസിനി സമൂഹത്തില്‍നിന്ന് ഔദ്യോഗിക അനുമതി ലഭിച്ചു.
1948 ഓഗസ്റ്റില്‍ വെള്ളയും നീലയും കലര്‍ന്ന സാരി വസ്ത്രമായി സ്വീകരിച്ചു.
പിന്നീടു വൈദ്യശാസ്ത്രത്തില്‍ പ്രാഥമിക പഠനം നടത്തി. ആറു മാസത്തെ പഠനത്തിനു ശേഷം ആരും ഇല്ലാത്ത, ആരാലും സ്‌നേഹിക്കപ്പെടാത്ത, പരിചരിക്കപ്പെടാത്ത പാവപ്പെട്ടവരുടെ ഇടയിലേക്കിറങ്ങി.
1950 ഒക്ടോബര്‍ ഏഴിനു കല്‍ക്കട്ട അതിരൂപതയ്ക്കു കീഴില്‍ പുതിയ സന്യാസിനീ സഭ തുടങ്ങാന്‍ വത്തിക്കാന്‍ അനുമതി നല്കി, മിഷനറീസ് ഓഫ് ചാരിറ്റി ജന്മംകൊണ്ടു.
1950-60 കാലഘട്ടത്തില്‍ കുഷ്ഠരോഗികള്‍ക്കായി ആതുരാലയം, അനാഥാലയം, ഫാമിലി ക്ലിനിക്, സഞ്ചരിക്കുന്ന ക്ലിനിക് എന്നിവ തുടങ്ങി.
1952 അശരണര്‍ക്കായുള്ള ആദ്യ ഭവനം- നിര്‍മല്‍ ഹൃദയ- കല്‍ക്കട്ടാ നഗരത്തില്‍ തുടങ്ങി.
1955 ചേരികളിലെ കുട്ടികള്‍ക്കു വിദ്യാഭ്യാസം നല്‍കുക എന്ന ദൗത്യവും ഏറ്റെടുത്തു. കൂടാതെ തെരുവില്‍ ഉപേക്ഷിക്കപ്പെടുന്ന കുട്ടികള്‍ക്കായി നിര്‍മല ശിശുഭവനും തുടങ്ങി.
1959 മിഷനറീസ് ഓഫ് ചാരിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ കല്‍ക്കട്ടയ്ക്കു പുറത്തേക്കുകൂടി വ്യാപിപ്പിക്കാന്‍ മദര്‍ തീരുമാനിച്ചു.
1962 പദ്മശ്രീ ബഹുമതി നല്‍കി ഭാരത സര്‍ക്കാര്‍ ആദരിച്ചു.
1963 പുരുഷന്മാര്‍ക്കായി മിഷനറി ബ്രദേഴ്‌സ് ഓഫ് ചാരിറ്റി സ്ഥാപിച്ചു.
1965 പോള്‍ ആറാമന്‍ മാര്‍പാപ്പ സൊസൈറ്റി ഓഫ് പൊന്തിഫിക്കല്‍ റൈറ്റ് എന്ന അവകാശം മിഷനറീസ് ഓഫ് ചാരിറ്റിക്കു നല്കി. ഇതോടെ ഇന്ത്യക്കു പുറത്തേക്കു സേവനങ്ങള്‍ വ്യാപിപ്പിക്കാനുള്ള അധികാരം വത്തിക്കാനില്‍നിന്നു ലഭിച്ചു.
1965 വെനിസ്വേലയില്‍ അഞ്ചു സന്യാസിനിമാരുമായി മിഷനറീസ് ഓഫ് ചാരിറ്റി പ്രവര്‍ത്തനം തുടങ്ങി.
1968 ഓസ്ട്രിയ, ടാന്‍സാനിയ, റോം, ശ്രീലങ്ക എന്നിവിടങ്ങളില്‍ ആശ്രമം സ്ഥാപിച്ചു.
1970 മദര്‍ തെരേസയെക്കുറിച്ചു ബിബിസി ടെലിവിഷന്‍ തയാറാക്കിയ ഡോക്യുമെന്ററി കണ്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും യുവതികള്‍ മിഷനറീസ് ഓഫ് ചാരിറ്റിയില്‍ അംഗമാകാന്‍ ആഗ്രഹം പ്രകടിപ്പിച്ച് മദറിനെ സമീപിച്ചു.
1971 ബംഗ്ലാദേശ് വിമോചന യുദ്ധത്തില്‍ പീഡിപ്പിക്കപ്പെട്ട സ്ത്രീകളെ ശുശ്രൂഷിക്കാനായി ബംഗ്ലാദേശിലേക്കു പോയി. പിന്നീട് അമേരിക്കയില്‍ ആതുരസേവനം തുടങ്ങാനായി ന്യൂയോര്‍ക്ക് സിറ്റിയിലേക്കു പോയി. പോള്‍ ആറാമന്‍ പാപ്പാ സമാധാന സമ്മാനം നല്‍കി ആദരിച്ചു.
1979 സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിച്ചു.
1980 ഭാരതരത്‌ന നല്‍കി ഭാരതം ആദരിച്ചു.
1982 ആരെയും അറിയിക്കാതെ ലബനനിലെ ബെയ്‌റൂട്ടിലെത്തി. പലസ്തീന്‍-ഇസ്രയേല്‍ യുദ്ധത്തില്‍ അപകടത്തിലായ 37 കുഞ്ഞുങ്ങളെ മദര്‍ രക്ഷിച്ചു. യുദ്ധമുഖത്തുകൂടിയായിരുന്നു ആ സാഹസിക രക്ഷാപ്രവര്‍ത്തനം.
1985 തിരിച്ച് അമേരിക്കയിലേക്ക്. യുണൈറ്റഡ് നേഷന്‍സിന്റെ 40-ാം വാര്‍ഷികത്തില്‍ ജനറല്‍ അസംബ്ലിയില്‍ പ്രസംഗിച്ചു. ക്രിസ്മസ് തലേന്ന് എച്ച്‌ഐവി/എയിഡ്‌സ് രോഗികള്‍ക്കായി ഗിഫ്റ്റ് ഓഫ് ലവ് (സ്‌നേഹ സമ്മാനം) എന്ന ആശ്രമം തുടങ്ങി.
1988 അര്‍മേനിയയില്‍ ഭൂകമ്പക്കെടുതിയിലകപ്പെട്ട പ്രദേശങ്ങള്‍ മദര്‍ സന്ദര്‍ശിച്ചു. ആ വര്‍ഷംതന്നെ ഇംഗ്ലണ്ട് സന്ദര്‍ശിച്ചു പാവപ്പെട്ടവര്‍ക്കായി സത്രം തുടങ്ങാന്‍ അനുമതി തേടിയെങ്കിലും പ്രധാനമന്ത്രിയായിരുന്ന മാര്‍ഗരറ്റ് താച്ചര്‍ അനുമതി നല്‍കിയില്ല.
1991 ജന്മനാടായ അല്‍ബേനിയയില്‍ മിഷനറീസ് ഓഫ് ചാരിറ്റി തുടങ്ങി.
1997 സെപ്റ്റംബര്‍ അഞ്ചിനു മദര്‍ ഈ ലോകത്തെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചു സ്വര്‍ഗ്ഗത്തിലേയ്ക്കു വിടപറഞ്ഞു.
2003 ഒക്‌ടോബര്‍ 19ന് മദര്‍ തെരേസയെ വാഴ്ത്തപ്പെട്ടവള്‍ ആയി പ്രഖ്യാപിച്ചു.
2016 സെപ്റ്റംബര്‍ നാലിന് വിശുദ്ധയായി പ്രഖ്യാപിച്ചു.
കടപ്പാട് : deepika.com