ഒക്‌ലഹോമ: ആഗോള കത്തോലിക്ക സഭ പരിശുദ്ധ മറിയത്തിന്റെ സ്വര്‍ഗാരോപണ തിരുനാള്‍ കൊണ്ടാടുന്ന ആഗസ്റ്റ് 15നു അമേരിക്കയിലെ ഒക്‌ലഹോമയില്‍ സാത്താന്‍ ആരാധകര്‍ പരസ്യമായി കറുത്ത കുര്‍ബാന അര്‍പ്പിക്കുവാന്‍ ഒരുങ്ങുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ടിഎഫ്പി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഡിഫന്‍സ് ഓഫ് ട്രേഡിഷന്‍ ഫാമിലി ആന്റ് പ്രോപ്പര്‍ട്ടി എന്ന സംഘടനയുടെ നേതൃത്വത്തില്‍ കറുത്ത കുര്‍ബാന തടയുവാനുള്ള എല്ലാ ശ്രമങ്ങളും നടത്തിവരികയാണ്. കറുത്ത കുര്‍ബാന തടയണമെന്നാവശ്യപ്പെട്ട് ടിഎഫ്പിയുടെ നേതൃത്വത്തില്‍ സര്‍ക്കാരിന് സമര്‍പ്പിക്കുന്ന ഭീമമായ ഹര്‍ജിയില്‍ ഇത് വരെ ഒന്നരലക്ഷം പേര്‍ ഒപ്പിട്ടു കഴിഞ്ഞു.
ടിഎഫ്പിയുടെ വിദ്യാര്‍ത്ഥി സംഘം ഡയറക്ടറായ ജോണ്‍ റിച്ചി കറുത്ത കുര്‍ബാന നടത്തുവാനുള്ള ശ്രമം ശക്തമായി എതിര്‍ക്കപ്പെടേണ്ടതാണെന്ന് പറഞ്ഞു. 'സൃഷ്ട്ടാവായ ദൈവത്തെ അപമാനിക്കുവാന്‍ വേണ്ടി നടത്തുന്ന ഈ പരിപാടിക്കെതിരേ എല്ലാവരും രംഗത്ത് വരണം. കറുത്ത കുര്‍ബാന തടയണം എന്നാവശ്യപ്പെടുന്ന രണ്ടു ലക്ഷംപേര്‍ ഒപ്പിടുന്ന ഭീമഹര്‍ജി അമേരിക്കന്‍ സര്‍ക്കാരിന് സമര്‍പ്പിക്കുവാന്‍ നാം ഒരുങ്ങുകയാണ്. ഇതിനോടകം തന്നെ ഒന്നരലക്ഷം പേര്‍ പരാതിയില്‍ ഒപ്പിട്ടു കഴിഞ്ഞു. കൂടുതല്‍ ആളുകള്‍ ഞങ്ങളെ പിന്തുണയ്ക്കണമെന്ന് അപേക്ഷിക്കുന്നു'. ജോണ്‍ റിച്ചി പറഞ്ഞു.
ആദം ഡാനിയേല്‍സ് എന്ന വ്യക്തിയുടെ നേതൃത്വത്തില്‍ ഒക്‌ലഹോമ സിവിക് സെന്റര്‍ മ്യൂസിക് ഹാളിലാണ് സാത്താന്‍ ആരാധകര്‍ സഭയേയും ക്രിസ്തുവിനേയും ദൈവമാതാവിനേയും അപമാനിക്കുന്ന തരത്തിലുള്ള പരിപാടി ക്രമീകരിച്ചിരിക്കുന്നത്. വിശുദ്ധ കുര്‍ബാനയെയും പരിശുദ്ധ അമ്മയെയും അപമാനിക്കുന്ന കറുത്ത കുര്‍ബാന, വിശ്വാസികളുടെ ഉള്ളില്‍ ഉണ്ടാക്കിയിരിക്കുന്നത് തീവ്രമായ രോക്ഷവും അതികഠിനമായ വേദനയുമാണ്.
അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെയും പേരില്‍ അതിനെ ചൂഷണം ചെയ്തു കൊണ്ടുള്ള ഇത്തരം തെറ്റായ നടപടികള്‍ അനുവദിക്കുന്നത് തടയണമെന്നും ടിഎഫ്‌സി ആവശ്യപ്പെടുന്നു. കറുത്ത കുര്‍ബാന നടത്തുമെന്ന് സാത്താന്‍ ആരാധകര്‍ പ്രഖ്യാപിച്ച ദിവസം തന്നെ സമാധാന പ്രാര്‍ത്ഥനാ റാലി നടത്തുവാനും ടിഎഫ്‌സി തീരുമാനിച്ചിട്ടുണ്ട്.
കറുത്ത കുര്‍ബാന തടയണമെന്നാവശ്യപ്പെടുന്ന പരാതിയില്‍ നിങ്ങളുടെ ഒപ്പ് രേഖപ്പെടുത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
http://www.tfpstudentaction.org/stop-black-mass-oklahoma-city.html
കടപ്പാട് : pravachakasabdam.com