കര്‍ത്താവില്‍ പൂര്‍ണഹൃദയത്തോടെ വിശ്വാസമര്‍പ്പിക്കുക; സ്വന്തം ബുദ്ധിയെ ആശ്രയിക്കുകയുമരുത്. നിന്റെ എല്ലാ പ്രവൃത്തികളും ദൈവവിചാരത്തോടെയാകട്ടെ; അവിടുന്ന് നിനക്ക് വഴി തെളിച്ചുതരും. ജ്ഞാനിയെന്നു സ്വയം ഭാവിക്കരുത്; കര്‍ത്താവിനെ ഭയപ്പെട്ട് തിന്‍മയില്‍ നിന്ന് അകന്നുമാറുക (സുഭാഷിതങ്ങള്‍ 3:57).
ജ്ഞാനം നേടുന്നവനും അറിവുലഭിക്കുന്നവനും ഭാഗ്യവാനാണ്. എന്തെന്നാല്‍, അതുകൊണ്ടുള്ള നേട്ടം വെള്ളിയെയും സ്വര്‍ണത്തെയുംകാള്‍ ശ്രേഷ്ഠമാണ് (സുഭാ 3:1314).
എന്നെ വിളിക്കുക, ഞാന്‍ മറുപടി നല്‍കും. നിന്റെ ബുദ്ധിക്കതീതമായ മഹത്തും നിഗൂഢവുമായ കാര്യങ്ങള്‍ ഞാന്‍ നിനക്കു വെളിപ്പെടുത്തും (ജറെമിയാ 33:3).
എന്നെക്കുടാതെ നിങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയുകയില്ല (യോഹന്നാന്‍ 15:5).
അവന്‍ ബുദ്ധിശാലികളെ അവരുടെ തന്ത്രങ്ങളില്‍ത്തന്നെ കുടുക്കുന്നു എന്നും ബുദ്ധിശാലികളുടെ ആലോചനകള്‍ വ്യര്‍ഥങ്ങളാണെന്നും കര്‍ത്താവ് അറിയുന്നു എന്നും എഴുതപ്പെട്ടിരിക്കുന്നു (1 കോറിന്തോസ് 3:20).
നിന്റെ പ്രയത്‌നം കര്‍ത്താവില്‍ അര്‍പ്പിക്കുക; നിന്റെ പദ്ധതികള്‍ ഫലമണിയും (സുഭാഷിതങ്ങള്‍ 16:3). സ്വന്തം ബുദ്ധിയില്‍ വിശ്വാസം അര്‍പ്പിക്കുന്നവന്‍ ഭോഷനാണ്; ജ്ഞാനമാര്‍ഗത്തില്‍ ചരിക്കുന്നവന്‍ സുരക്ഷിതനായിരിക്കും (സുഭാ 28:26).
വിളിക്കും മുന്‍പേ ഞാന്‍ അവര്‍ക്ക് ഉത്തരമരുളും, പ്രാര്‍ഥിച്ചു തീരുംമുന്‍പേ ഞാന്‍ അതു കേള്‍ക്കും (ഏശയ്യാ 65:24).
നിന്റെ ദൈവമായ കര്‍ത്താവു നീ ചെയ്യുന്ന എല്ലാ ജോലികളിലും നീ ആരംഭിക്കുന്ന എല്ലാ പ്രവൃത്തികളിലും നിന്നെ അനുഗ്രഹിക്കും (നിയമാവര്‍ത്തനം 15:10).
മനുഷ്യന്റെ ആഗ്രഹമോ പ്രയത്‌നമോ അല്ല, ദൈവത്തിന്റെ ദയയാണ് എല്ലാറ്റിന്റെയും അടിസ്ഥാനം (റോമാ 9:16).
ദൈവം സോളമന് അളവറ്റ ജ്ഞാനവും ഉള്‍ക്കാഴ്ചയും കടല്‍ത്തീരംപോലെ വിശാലമായ ഹൃദയവും പ്രദാനംചെയ്തു (1 രാജാക്കന്‍മാര്‍ 4:29).
എന്റെ ശരീരവും മനസ്‌സും ക്ഷീണിച്ചു പോയേക്കാം; എന്നാല്‍, ദൈവമാണ് എന്റെ ബലം; അവിടുന്നാണ് എന്നേക്കുമുള്ള എന്റെ ഓഹരി (സങ്കീര്‍ത്തനങ്ങള്‍ 73:26).
എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാന്‍ എനിക്കു സാധിക്കും (ഫിലിപ്പി 4:13).
എപ്പോഴും ദൈവഭക്തിയില്‍ ഉറച്ചുനില്‍ക്കുക. തീര്‍ച്ചയായും നിനക്കൊരു ഭാവിയുണ്ട്; നിന്റെ പ്രതീക്ഷയ്ക്കു ഭംഗം നേരിടുകയില്ല. മകനേ, ശ്രദ്ധിച്ചു കേള്‍ക്കുക, വിവേകം പുലര്‍ത്തുക, മനസ്‌സിനെ നല്ല വഴിക്കു നയിക്കുകയും ചെയ്യുക (സുഭാഷിതങ്ങള്‍ 23:1719).