മനുഷ്യരായി ജനിച്ചതുകൊണ്ടു മാത്രം ആരും മനുഷ്യരാകുന്നില്ലെന്നും അപരന് സഹായം ആവശ്യമുള്ളപ്പോള്‍ യഥാസമയം ലഭ്യമാക്കുമ്പോഴാണ് മനുഷ്യന്‍ മനുഷ്യനാകുന്നതെന്നും കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഫാ. ഡേവിസ് ചിറമ്മല്‍. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ പ്രതിഭാ പുരസ്‌കാരം ഗവര്‍ണര്‍ സദാശിവത്തില്‍നിന്നു ഏറ്റുവാങ്ങി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യനെ സ്‌നേഹിക്കാനുള്ള മനസുണ്ടായാല്‍ത്തന്നെ ഈ ലോകം സുന്ദരമായി മാറും. നിഷ്‌കാമ കര്‍മം ചെയ്യുമ്പോഴാണു ജീവിതം ധന്യമാകുന്നത്.

എല്ലാ സുഖവും ദുഃഖവും മരണത്തോടെ അവസാനിക്കും. എന്നാല്‍, ജീവിതത്തില്‍ നാം ചെയ്യുന്ന കര്‍മം എല്ലാക്കാലത്തും നിലനില്‍ക്കും. സ്വന്തമെന്ന് ഒന്നും കരുതാതിരിക്കുകയും സ്വീകരിക്കുന്നതിനു പകരം ദാനം ജീവിതത്തിന്റെ ഭാഗമാക്കുമ്പോഴുമാണ് മനുഷ്യന്‍ മനുഷ്യനായി മാറുന്നതെന്ന് ഫാ. ഡേവിസ് ചിറമ്മല്‍ പറഞ്ഞു. സാമൂഹ്യപ്രവര്‍ത്തനം, ആതുരസേവനം എന്നീ മേഖലയിലെ പ്രവര്‍ത്തനങ്ങളാണ് ഫാ. ഡേവിസ് ചിറമ്മലിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.
 
കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ എന്ന പേരില്‍ രൂപീകരിച്ച സംഘടനയിലൂടെ വൃക്കരോഗികള്‍ക്കു വൃക്ക ലഭ്യമാക്കുന്നത് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമാണ് ഫാ. ഡേവിസ് ചിറമ്മല്‍. സ്വന്തം വൃക്ക ദാനം ചെയ്തു കൊണ്ടാണ് ഇദ്ദേഹം ഈ രംഗത്ത് സജീവമായത്. ആക്‌സിഡന്റ് കെയര്‍ ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസ് (ആക്‌സ്) എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയുടെ സ്ഥാപകന്‍ കൂടിയാണ് ഫാ. ചിറമ്മല്‍. വാഹനാപകടങ്ങളില്‍പ്പെട്ടവരെയും മറ്റും ആശുപത്രികളില്‍ എത്തിക്കുന്ന സന്നദ്ധ സേവന സംഘടനയാണ് ആക്‌സ്.
കടപ്പാട് : syromalabarchurch.in/