വത്തിക്കാന്‍: വിശുദ്ധ പത്രോസിന്റെയും വിശുദ്ധ പൗലോസിന്റെയും തിരുനാള്‍ ദിനമായിരിന്ന ഇന്നലെ പരിശുദ്ധ പിതാവ് സെന്റ് പീറ്റേര്‍സ് ബസലിക്കയില്‍ ദിവ്യബലി വേളയില്‍ സുവിശേഷ ഭാഗത്തെ പരാമര്‍ശിച്ചു കൊണ്ട്, പ്രാര്‍ത്ഥനയുടെ പ്രാധാന്യത്തെ പറ്റി സംസാരിച്ചു. വിശുദ്ധ പത്രോസിന്റെയും വിശുദ്ധ പൗലോസിന്റെയും ജീവിതങ്ങളെ ഉദ്ദാഹരിച്ചു കൊണ്ട്, തുറന്ന ഹൃദയങ്ങളിലേക്ക് ദൈവവരപ്രസാദം പ്രവഹിക്കുന്നതെങ്ങനെയെന്ന് അദ്ദേഹം വിവരിച്ചു. 

വിശുദ്ധ പത്രോസ് തടവിലാക്കപ്പെട്ടപ്പോളും തളരാതെ തന്റെ ദൗത്യത്തില്‍ തുടരാന്‍ അദ്ദേഹത്തിന് ശക്തി നല്‍കിയത് പ്രാര്‍ത്ഥനയാണ്. വ്യക്തികളെ പോലെ തന്നെ സമൂഹത്തിനും തുറന്ന ഹൃദയത്തോടെയുള്ള പ്രാര്‍ത്ഥനയാണ് പ്രശ്‌നങ്ങളില്‍ നിന്നുള്ള മോചനമാര്‍ഗ്ഗം എന്ന് ഫ്രാന്‍സിസ് പാപ്പ വിശ്വാസികളെ ഓര്‍മ്മിപ്പിച്ചു. 'പ്രാര്‍ത്ഥന എന്നാല്‍ നാം പൂര്‍ണ്ണമായും സ്വയം ദൈവത്തെ ഏല്‍പ്പിച്ചു കൊടുക്കലാണ്. വ്യക്തികള്‍ക്കും സമൂഹത്തിനും പ്രാര്‍ത്ഥനയിലൂടെയുള്ള സ്വയം സമര്‍പ്പണം സാദ്ധ്യമാണ്. വിശുദ്ധ പൗലോസിന്റെ ലിഖിതങ്ങളിലെല്ലാം തുറന്ന ഹൃദയത്തോടെയുള്ള പ്രാര്‍ത്ഥനയും പ്രവര്‍ത്തിയും നമ്മെ ദൈവത്തിലേക്ക് നയിക്കുന്നതിനെ പറ്റി പറയുന്നുണ്ട്. 'പൗലോസിന്റെ ജീവിതം യേശുവിനെ അറിയാത്ത നാടുകളിലേക്കുള്ള ഒരു കുതിച്ചോട്ടമായിരുന്നു. അത് അദ്ദേഹത്തെ എന്നും നയിച്ചത് യേശുവിന്റെ കരങ്ങളിലേക്കായിരുന്നു.' 

വിശുദ്ധ പത്രോസിന്റെ ഹൃദയം തുറന്ന സാഹചര്യം ഫ്രാന്‍സിസ് പാപ്പ വിവരിച്ചു. അഹന്തതയും ഭയവും കൂടി ഹൃദയത്തില്‍ ഇരുട്ടു നിറഞ്ഞപ്പോള്‍ മൂന്നു തവണ യേശുവിനെ തള്ളിപ്പറഞ്ഞതിനു ശേഷം, പത്രോസ് യേശുവിനെ കാണുന്നു. ആ പ്രകാശ പ്രവാഹത്തില്‍ ഹൃദയം തുറന്ന്, പത്രോസ് യേശുവിനെ അനുഗമിക്കുന്നു. 'പ്രാര്‍ത്ഥന ഹൃദയങ്ങള്‍ തുറക്കുന്നു. അവിടെ ഭയമകലുന്നു: ധൈര്യം നിറയുന്നു. ദു:ഖമകലുന്നു, സന്തോഷം നിറയുന്നു. വിഭാഗീയത അപ്രത്യക്ഷമാകുന്നു.' ഹൃദയം തുറക്കുക; പ്രാര്‍ത്ഥനയുടെ പ്രകാശം ഹൃദയത്തില്‍ നിറയാന്‍ അനുവദിക്കുക എന്ന ആശംസയോടെ പിതാവ് പ്രസംഗം ഉപസംഹരിച്ചു.

കടപ്പാട് : www.pravachakasabdam.com