വത്തിക്കാന്‍: 'ദയയില്ലായ്മ നമ്മുടെ ജീവിതങ്ങളെ തരിശാക്കി മാറ്റുന്നു. ദയ പാഠപുസ്തകത്തില്‍ പഠിക്കാനുള്ള ഒരു ചിന്താവിഷയമല്ല; അതൊരു ജീവിത ശൈലിയാണ്. നമ്മുടെ സ്വന്തം ഭൗതീക  ആത്മീയ ആവശ്യങ്ങള്‍ക്ക് മുകളില്‍ മറ്റുള്ളവരുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് പെരുമാറുന്ന ത്യാഗമാണ് ദയ'. സെന്റ് പീറ്റേര്‍സ് സ്‌ക്വയറില്‍ ബുധനാഴ്ച്ച നടത്തിയ പ്രഭാഷണത്തിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പ കരുണയുടെ വിവിധ തലങ്ങള്‍ വിശ്വാസികളെ ഓര്‍മ്മിപ്പിച്ചത്. 

'യഥാര്‍ത്ഥത്തിലുള്ള ദയ നമുക്കുണ്ടോയെന്ന് നാം ആത്മ:പരിശോധന നടത്തേണ്ടിയിരിക്കുന്നു. മറ്റുള്ളവരോട് കാരുണ്യം പുലര്‍ത്തുന്നവര്‍ യഥാര്‍ത്ഥ ക്രൈസ്തവ  ജീവിതത്തിലേക്ക് പ്രവേശിക്കുന്നു. അവര്‍ക്ക് കാണാന്‍ കണ്ണുകളുണ്ടാകും, കേള്‍ക്കാന്‍ കാതുകളും ആശ്വസിപ്പിക്കാന്‍ കൈകളുമുണ്ടാകും. അവസരങ്ങള്‍ അന്വേഷിച്ച് കണ്ടെത്തുമ്പോളാണ് നമ്മുടെ ജീവിതത്തില്‍ കരുണ നിറയുന്നത്. നമ്മുടെ മുമ്പിലുള്ള ദുരിതം കണ്ടില്ലെന്ന് നടിക്കുന്നതോടെ നമ്മള്‍ കാപട്യക്കാരായ ക്രൈസ്തവരായി മാറുന്നു. സുഖസൗകര്യങ്ങള്‍ക്കു നടുവില്‍ നമ്മെ ആത്മീയ ജഡത്വം ബാധിക്കുന്നു'. ഫ്രാന്‍സിസ് പാപ്പ പറഞ്ഞു. 

'നിങ്ങളുടെ ജീവിതം ദൈവത്തിന്റെ വരദാനമാണ്. നിങ്ങളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് ഉചിതമായ സമയങ്ങളില്‍ ദൈവം നിങ്ങളുടെ ജീവിതത്തില്‍ അനുഗ്രഹങ്ങള്‍ വര്‍ഷിക്കുന്നു. അതു കൊണ്ടു തന്നെ, ജീവിതത്തില്‍ ദുരിതമനുഭവിക്കുന്നവരുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് അവര്‍ക്ക് ആശ്വാസം നല്‍കാന്‍ ഓരോ ക്രൈസ്തവനും ബാധ്യതയുണ്ട്. സ്വന്തം സുസ്ഥിതി എന്ന ആഗോള സംസ്‌ക്കാരം മറ്റുള്ളവരോടുള്ള നമ്മുടെ ദയയെ ഇല്ലാതാക്കി കൊണ്ടിരിക്കുന്നു. നിങ്ങളുടെ കൂടെയുള്ള യേശുവിനെ നിങ്ങള്‍ വിസ്മരിക്കരുത്'. ഫ്രാന്‍സിസ് പാപ്പ കൂട്ടിചേര്‍ത്തു. 

വിശക്കുന്നവനെ നോക്കുക. അവിടെ നിങ്ങള്‍ യേശുവിനെ കാണും. തടവുകാരില്‍, രോഗികളില്‍, യാചകരില്‍, സ്വന്തം കുടുംബത്തിന് ഭക്ഷണം നല്‍കാന്‍ വകയില്ലാതെ ജോലിക്കു വേണ്ടി അലയുന്ന നിര്‍ഭാഗ്യരില്‍  അവിടെയെല്ലാം യേശുവുണ്ട്. അത് നിങ്ങള്‍ കാണാതിരിക്കരുത്. കുറ്റം ചെയ്തവര്‍ ഉണ്ട്. പക്ഷേ അവരെ ഉപേക്ഷിച്ചു കളയരുത്. അവര്‍ക്ക് നിങ്ങളുടെ ദയയും ഉപദേശവും ആവശ്യമുണ്ട്. യേശു നിങ്ങളോട് ഇതാണ് ആവശ്യപ്പെടുന്നത്. ' ഞാന്‍ നിങ്ങളോടു കരുണ കാണിക്കുന്നതുപോലെ, നിങ്ങള്‍ മറ്റുള്ളവരോടു കരുണയുള്ളവരായിരിക്കുവിന്‍'. ഫ്രാന്‍സിസ് പാപ്പ വിശ്വാസികളെ ഉത്‌ബോധിപ്പിച്ചു.

കടപ്പാട് : www.pravachakasabdam.com