ക്രൈസ്തവ ആരാധനയുടെ കേന്ദ്രബിന്ദുവാണ് വി.കുര്‍ബാന.
'ക്രിസ്തീയ ജീവിതത്തിന്റെ ഉറവിടവും പാരമ്യവും' എന്നാണ് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ അതിനെ വിശേഷിപ്പിച്ചിരിക്കുന്നത് (തിരുസഭ, നമ്പര്‍ 11). വി.കുര്‍ബാന ബലിയും വിരുന്നുമാണ്. അതോടൊപ്പം അത് ഒരു കൂദാശയും കൂടിയാണ്.
ബലി എന്നാല്‍ എന്താണ്?
ദൈവസന്നിധിയില്‍ നടത്തപ്പെടുന്ന കാഴ്ചസമര്‍പ്പണമാണ് ബലി. സാധാരണ ഭാഷയില്‍ പറഞ്ഞാല്‍ അത് ദൈവത്തിനുള്ള ഒരു സമ്മാന ദാനമാണ്.
ബലിയുടെ ലക്ഷ്യങ്ങള്‍
1. ആരാധന, 2. നന്ദിപ്രകടനം, 3. അനുരഞ്ജനം, 4. അനുഗ്രഹയാചന
ബലിയര്‍പ്പണത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം: ബലിവസ്തു (കാഴ്ചവസ്തു) ഒരു പ്രതീകം മാത്രമാണ്. ആന്തരികമായ നമ്മുടെ മനോഭാവത്തെയാണ് അത് സൂചിപ്പിക്കുക. അടിസ്ഥാനപരമായി ബലിവസ്തു വഴി നാം നമ്മെത്തന്നെയാണ് ദൈവത്തിന് സമര്‍പ്പിക്കുന്നത്. അതുകൊണ്ട് ദൈവസന്നിധിയിലുള്ള ബലിയര്‍പ്പണം യഥാര്‍ത്ഥത്തില്‍ ആത്മാര്‍പ്പണം തന്നെയാണ്. ആകയാല്‍ ബലിയര്‍പ്പണത്തിന്റെ മൂല്യം അടങ്ങിയിരിക്കുന്നത് ബലിവസ്തുവിന്റെ വിലയിലല്ല, നേരെ മറിച്ച് നമ്മുടെ സ്വയം സമര്‍പ്പണത്തിന്റെ പൂര്‍ണ്ണതയിലും ആത്മാര്‍ത്ഥതയിലുമാണ്. 'ബലിയല്ല കരുണയാണ് ഞാന്‍ ആഗ്രഹിക്കുന്നത്' (മത്താ.9:13,12:7), 'ഉരുകിയ മനസ്സാണ് ദൈവത്തിന് സ്വീകാര്യമായ ബലി' (സങ്കീ.51:17), 'ബലിയല്ല സ്‌നേഹമാണ് ഞാന്‍ ആഗ്രഹിക്കുന്നത്, ദഹനബലിയല്ല ദൈവജ്ഞാനമാണ് എനിക്കിഷ്ടം' (ഹോസിയ 6:6) എന്നീ ബൈബിള്‍ വാക്യങ്ങള്‍ മുകളില്‍ പറഞ്ഞ സത്യത്തിലേക്കാണ് വിരല്‍ ചൂണ്ടുക. കൊച്ചുകാശുമാത്രം കാഴ്ച നല്‍കിയ വിധവയെ കര്‍ത്താവ് പ്രശംസിച്ച കാര്യവും (ലൂക്ക 21:14) ആത്മാര്‍ത്ഥമായ സമര്‍പ്പണത്തെപ്പറ്റിയുള്ള സൂചനയാണ്.
ക്രിസ്തുനാഥന്റെ ബലി
'ദൈവകുമാരന്‍ കാല്‍വരിക്കുന്നില്‍
ബലിയണച്ചു സ്വയം ബലിയണച്ചു'
ക്രിസ്തുനാഥന്‍ ലോകത്തിലേക്കുവന്നത് പാപികളെ രക്ഷിക്കുവാന്‍ വേണ്ടിയാണ്. പാപം ചെയ്ത് ദൈവത്തിന്റെ സ്‌നേഹത്തില്‍നിന്നും അകന്നുപോയ മാനവരാശിയെ ദൈവവുമായി അനുരഞ്ജനപ്പെടുത്തി രക്ഷിക്കുക എന്നതായിരുന്നു അവിടുത്തെ ദൗത്യം (യോഹ.3:16). തന്റെ പ്രബോധനങ്ങള്‍ വഴിയും ജീവിതസാക്ഷ്യം വഴിയും അവസാനം തന്റെ പീഡാനുഭവവും കുരിശുമരണവും ഉത്ഥാനവും വഴിയുമാണ് അവിടുന്ന് തന്റെ ഈ ദൗത്യം പൂര്‍ത്തിയാക്കിയത് (കൊളോ.1:21-22).
രക്ഷകനായ ഈശോ കുരിശില്‍ അര്‍പ്പിച്ച ബലി ലോകാന്ത്യം വരെ തന്റെ സഭ തുടര്‍ന്നുകൊണ്ടുപോകണമെന്നായിരുന്നു അവിടുത്തെ തിരുമനസ്സ്. അതിനുവേണ്ടിയാണ് അവിടുന്ന് തന്റെ പീഡാനുഭവത്തിന്റെ തലേരാത്രിയില്‍ അന്തിമ അത്താഴ സമയത്ത് വി.കുര്‍ബാന സ്ഥാപിച്ചത്. 'നമ്മുടെ രക്ഷകന്‍ തന്റെ തിരുശരീരരക്തങ്ങളുടെ ബലിയായ വി.കുര്‍ബാന താന്‍ ഒറ്റിക്കൊടുക്കപ്പെട്ട രാത്രിയില്‍ തന്റെ അവസാനത്തെ അത്താഴവേളയില്‍ സ്ഥാപിച്ചു. കുരിശിലെ തന്റെ ബലി തന്റെ പുനരാഗമനം വരെ എല്ലാക്കാലവും അവിരാമം തുടര്‍ന്നുകൊണ്ടുപോകുവാന്‍ വേണ്ടിയാണ് അവിടുന്ന് ഇപ്രകാരം ചെയ്തത്. ഇതുവഴിയായി തന്റെ മരണത്തിന്റെയും ഉത്ഥാനത്തിന്റെ യും സ്മരണ തന്റെ പ്രിയതമയായ സഭയ്ക്ക് അവിടുന്ന് ഭരമേല്‍പ്പിച്ചു' (വത്തിക്കാന്‍ II ലിറ്റര്‍ജി, നമ്പര്‍ 47). ക്രിസ്തുനാഥന്റെ താല്‍പര്യ പ്രകാരവും അവിടുത്തെ കല്‍പന അനുസരിച്ചുമാണ് അന്തിമ അത്താഴത്തിന്റെ ആചരണത്തിലൂടെ ഗാഗുല്‍ത്തായിലെ തന്റെ പരമബലി നമ്മുടെ അള്‍ത്താരകളില്‍ പുനരവതരിപ്പിക്കപ്പെടുന്നത്. അന്തിമ അത്താഴസമയത്ത് കര്‍ത്താവ് നല്‍കിയ കല്‍പന അനുസരിച്ച് സഭയുടെ ആരംഭകാലം മുതല്‍ (നടപടി 2:42, 47:1 കോറി.10:16; 11:23-26) അവിടുത്തെ ബലിയുടെ പുനരവതരണം തുടര്‍ന്നുകൊണ്ടു പോരുകയാണ്.
വി.കുര്‍ബാനയുടെ കാതലായ ഭാഗങ്ങള്‍
കാഴ്ചവെയ്പ്, കാഴ്ചവസ്തുക്കളുടെ വിശുദ്ധീകരണം, വി.കുര്‍ബാന സ്വീകരണം എന്നിവയാണ് വി.ബലിയുടെ പ്രധാന ഭാഗങ്ങള്‍
1. കാഴ്ചവെയ്പ്
'നമുക്കെല്ലാവര്‍ക്കും നമ്മെയും നാമോരോരുത്തരെയും പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സമര്‍പ്പിക്കാം.' ദിവ്യബലിയില്‍ കാഴ്ചവെയ്പ്പിന്റെ സമയത്ത് കര്‍ത്താവിന്റെ സഭയിലെ അംഗങ്ങളായ നമ്മള്‍ അപ്പവും വീഞ്ഞും ദൈവത്തിന് കാഴ്ചവസ്തുക്കളായി സമര്‍പ്പിക്കുന്നു. ഇത് പ്രതീകാത്മകമായ ഒരു സമര്‍പ്പണം മാത്രമാണ്. അപ്പവും വീഞ്ഞും കാഴ്ചവയ്ക്കുക വഴി നാം നമ്മെത്തന്നെയാണ് ദൈവത്തിന് സമര്‍പ്പിക്കുന്നത്.
നമ്മുടെ ജീവന്‍ നിലനിര്‍ത്തുന്ന വസ്തുക്കളാണ് ഭക്ഷണപാനീയങ്ങള്‍. അതുകൊണ്ട് അവ നമ്മുടെ ജീവന്റെ പ്രതീകമായി പരിഗണിക്കപ്പെടുന്നു (പ്രഭാ. 34:21-22). അങ്ങനെ അപ്പവും വീഞ്ഞും കാഴ്ച സമര്‍പ്പിക്കുകവഴി പ്രതീകാത്മകമായി നമ്മെത്തന്നെ പൂര്‍ണ്ണമായും ദൈവത്തിന് സമര്‍പ്പിക്കുകയാണ് നാം ഇവിടെ ചെയ്യുക. അതായത് നമ്മുടെ ജീവനും ആത്മാവും ശരീരവും ബുദ്ധിയും ശക്തിയും സകല കഴിവുകളും ചുരുക്കിപറഞ്ഞാല്‍ നമ്മുടെ സര്‍വ്വവും പരിപൂര്‍ണ്ണമായും ദൈവത്തിന് സമര്‍പ്പിതമാകുന്നു (കാഴ്ചവെയ്പു സമയത്ത് ആലപിക്കുന്ന ഭക്തിഗാനങ്ങളെല്ലാം ഈ ആശയം ഉള്‍ക്കൊള്ളുന്നവയാണ് കാണുക, വത്തിക്കാന്‍ II ലിറ്റര്‍ജി നമ്പര്‍ 48, വൈദികര്‍, നമ്പര്‍ 5).
2. കാഴ്ചദ്രവ്യങ്ങളുടെ വിശുദ്ധീകരണം
'മിശിഹാ കര്‍ത്താവിന്‍ തിരുമെയ് നിണവുമിതാപാവന ബലിപീഠേ.' സഭയുടെ അദൃശ്യതലവനായ ക്രിസ്തുവിന്റെ (എഫേ.4;16; കൊളോ.1:18) പ്രവര്‍ത്തനമാണ് ഇവിടെ നടക്കുക. അപ്പവും വീഞ്ഞും കാഴ്ചവയ്ക്കുകവഴി പ്രതീകാത്മകമായി നമ്മെത്തന്നെ പൂര്‍ണ്ണമായും ദൈവത്തിന് നാം കാഴ്ചവച്ചു കഴിഞ്ഞിരിക്കുകയാണ്. എങ്കിലും നമ്മുടെ സമര്‍പ്പണത്തിന്റെ മൂല്യം ദൈവസന്നിധിയില്‍ പരിമിതമാണ്. പവിത്രീകരണം വഴി നമ്മുടെ കാഴ്ചദ്രവ്യങ്ങള്‍ ക്രിസ്തുനാഥന്റെ ശരീരരക്തങ്ങളായി മാറ്റപ്പെടുന്നു. കര്‍ത്താവിന്റെ വചനത്തിന്റെ ശക്തിയാലാണ് ഈ മാറ്റം സംഭവിക്കുന്നത്. അന്തിമ അത്താഴസമയത്ത് അവിടുന്ന് അപ്പത്തിന്റെയും വീഞ്ഞിന്റെയും മേല്‍ ഉച്ചരിച്ച വാക്കുകള്‍ അവിടുത്തെ പ്രതിനിധിയായ പുരോഹിതന്‍ അള്‍ത്താരയിലെ കാഴ്ചവസ്തുക്കളുടെ മേല്‍ ഉച്ചരിക്കുമ്പോള്‍ അവ യഥാര്‍ത്ഥത്തില്‍ കര്‍ത്താവിന്റെ ശരീരരക്തങ്ങളായി മാറുന്നു (കാണുക, ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ, സഭയും വി.കുര്‍ബാനയും പേജ് 11).
അങ്ങനെ അന്തിമ അത്താഴത്തിലെ ബലിയുടെ ആവര്‍ത്തനം വഴി ഗാഗുല്‍ത്തായിലെ ബലി അള്‍ത്താരയില്‍ രഹസ്യാത്മക രീതിയില്‍ ആവര്‍ത്തിക്കപ്പെടുന്നു (1കോറി.11:26). സ്‌നേഹിതര്‍ക്കുവേണ്ടി ജീവന്‍ ബലിയര്‍പ്പിക്കുന്നതിനേക്കാള്‍ വലിയ സ്‌നേഹപ്രകടനം ഇല്ലായെന്ന് പഠിപ്പിക്കുകയും തന്റെ ജീവിതമാതൃക വഴി നമുക്കിത് കാണിച്ചുതരികയും ചെയ്ത രക്ഷകന്റെ ബലിയോടൊപ്പം നമ്മുടെ ജീവിതബലിയും ദൈവത്തിനും ദൈവജനത്തിനും വേണ്ടി സമര്‍പ്പണം നടത്തേണ്ട സമയമാണിത്. അങ്ങനെ 'വീഞ്ഞ് കാസയില്‍ ഒരു നീര്‍ത്തുള്ളിപോല്‍'; കര്‍ത്താവിന്റെ ആത്മബലിയില്‍ ലയിച്ച് ദൈവസന്നിധിയിലേക്ക് നമ്മളും ഉയര്‍ത്തപ്പെടുന്നു. ഇത് വഴി യേശുവിന്റെ രക്ഷാകര പദ്ധതിയില്‍ എളിയ രീതിയിലെങ്കിലും പങ്കുകാരാകുവാനുള്ള ഭാഗ്യം നമുക്കും കൈവരുകയാണ്. നമ്മെ സംബന്ധിച്ചിടത്തോളം ഏറ്റവും മഹനീയമായ ഒരു കര്‍ത്തവ്യവും അവര്‍ണ്ണനീയമായ ഒരു അനുഗ്രഹവുമാണിത്.
മുകളില്‍ പറഞ്ഞ വിധത്തില്‍ കര്‍ത്താവിനോടൊപ്പം ബലിയര്‍പ്പിക്കുവാന്‍ നമുക്ക് സാധിക്കണമെങ്കില്‍ അവിടുത്തെ അരൂപി നമ്മളിലും ഉണ്ടായിരിക്കണം (ഫിലി.2:58). വി.പൗലോസിനെപ്പോലെ 'എനിക്കു ലോകവും ഞാന്‍ ലോകത്തിനും ക്രൂശിക്കപ്പെട്ടിരിക്കുന്നു' (ഗലാത്തി.6:14). അതുകൊണ്ട് 'ഇനി ഞാനല്ല ജീവിക്കുന്നത് എന്നില്‍ യേശു ജീവിക്കുന്നു' (ഗലാത്തി.2:20) എന്ന് ആത്മാര്‍ത്ഥമായി പറയുവാന്‍ നമുക്കും സാധിക്കണം. ആ രീതിയിലായിരിക്കണം യഥാര്‍ത്ഥത്തില്‍ നമ്മുടെ ജീവിതശൈലി.
3. വി.കുര്‍ബാന സ്വീകരണം
കര്‍ത്താവിന്റെ ബലിവേദിയിലേക്ക് ഞാനണയും (സങ്കീ.43:4). രക്ഷയുടെ കാസ എടുത്തുകൊണ്ട് ഞാന്‍ കര്‍ത്താവിന്റെ നാമം വിളിക്കും (സങ്കീ. 116:13). യേശുവിനോടൊപ്പം നമ്മള്‍ അര്‍പ്പിച്ച ബലിയില്‍ സംപ്രീതനായ ദൈവം അനുരഞ്ജനസൂചകമായി നമ്മെ ഒരു വിരുന്നിന് ക്ഷണിക്കുകയാണ്. നമ്മള്‍ അര്‍പ്പിച്ച അപ്പവും വീഞ്ഞും കര്‍ത്താവിന്റെ ശരീരരക്തങ്ങളായി മാറിയല്ലോ. ഈ തിരുവസ്തുക്കള്‍ തന്നെയാണ് ദൈവം നമുക്ക് നല്‍കുന്ന വിരുന്നിലെ വിഭവങ്ങള്‍. ഇവിടെ ബലി വിരുന്നായി മാറുകയാണ്.
നമ്മള്‍ പങ്കെടുക്കുന്ന വിരുന്നില്‍ കര്‍ത്താവിന്റെ തിരുശരീരവും തിരുരക്തവും നമ്മുടെ ആത്മാവിന്റെ ഭക്ഷണപാനീയങ്ങളായി നമ്മള്‍ സ്വീകരിക്കുന്നു. അതുവഴി നമ്മുടെ ആത്മാവില്‍ ദൈവവരപ്രസാദം വര്‍ദ്ധിക്കുകയും ദൈവികജീവന്‍ നമ്മില്‍ വളരുകയും ചെയ്യുന്നു. അങ്ങനെ ബലിയും വിരുന്നുമായ വി.കുര്‍ബാന ഇവിടെ കൂദാശയായി പ്രവര്‍ത്തിക്കുന്നു. മറ്റ് കൂദാശകളില്‍ നമ്മള്‍ വരപ്രസാദമാണ് സ്വീകരിക്കുന്നതെങ്കില്‍ ഇവിടെ വരപ്രസാദത്തിന്റെ നാഥനും കര്‍ത്താവുമായ രക്ഷകനെത്തന്നെ സ്വീകരിക്കുവാനുള്ള ഭാഗ്യമാണ് നമുക്ക് ലഭിക്കുക.
ഈ വിരുന്നിലേക്കുള്ള സ്വര്‍ഗീയ പിതാവിന്റെ ക്ഷണം നാം ഒരിക്കലും നിരസിക്കരുത്. വി.കുര്‍ബാന സ്വീകരിക്കാതെയുള്ള ബലിയര്‍പ്പണം ഒരിക്കലും പരിപൂര്‍ണ്ണമായിരിക്കുകയില്ല. നമ്മള്‍ വിശ്വാസത്തോടെ, സ്‌നേഹത്തോടെ, എളിമയോടെ, നന്ദിയോടെ ഈ വിരുന്നിലേക്കുള്ള ക്ഷണം സ്വീകരിക്കണം.
ഈ വിരുന്നില്‍ പങ്കെടുക്കുമ്പോള്‍ നമ്മില്‍ അയോഗ്യത പാടില്ല (മത്താ.22:11-12). ഏതവസരത്തിലും ഈ വിരുന്നില്‍ പങ്കെടുക്കുവാന്‍ തക്ക യോഗ്യതയുള്ള രീതിയിലായിരിക്കണം ഒരു ക്രിസ്ത്യാനിയുടെ ജീവിതശൈലി. എങ്കിലും ഈ വിഷയത്തില്‍ പരിപൂര്‍ണ്ണമായ സ്വയം പര്യാപ്തത നമുക്ക് അസാധ്യമാണ്. നമ്മുടെ യോഗ്യത നമുക്ക് ലഭിക്കേണ്ടത് കര്‍ത്താവിന്റെ കാരുണ്യം വഴി മാത്രമാണ്. അതുകൊണ്ട് 'കര്‍ത്താവായ ദൈവമേ, ഞങ്ങള്‍ അയോഗ്യരാകുന്നു. ഞങ്ങള്‍ തീര്‍ത്തും അയോഗ്യരാകുന്നു. എങ്കിലും സ്തുത്യര്‍ഹവും പരിശുദ്ധവും ജീവദായകവുമായ ഈ രഹസ്യത്തിലേക്ക് അങ്ങയുടെ കാരുണ്യം ഞങ്ങളെ അടുപ്പിക്കുന്നു' എന്ന ബോധ്യത്തോടെ 'കര്‍ത്താവേ അങ്ങ് എന്റെ ഹൃദയത്തില്‍ എഴുന്നള്ളിവരുവാന്‍ ഞാന്‍ യോഗ്യനല്ല; അങ്ങ് ഒരു വാക്ക് അരുളിചെയ്താല്‍ മതി എന്റെ ആ ത്മാവ് ശുദ്ധി പ്രാപിക്കും' എന്ന് എളിമയോടും വിശ്വാസത്തോടുംകൂടെ ഏറ്റുപറഞ്ഞുകൊണ്ട് ആയിരിക്കണം നമ്മള്‍ കര്‍ത്താവിന്റെ മേശയെ സമീപിക്കുക.
അങ്ങനെ കര്‍ത്താവിനോടുകൂടി സ്വര്‍ഗീയ പിതാവിന് ബലിയര്‍പ്പിച്ച് അവിടുത്തെ ദാനമായ അപ്പത്തിന്റെയും വീഞ്ഞിന്റെയും സാദൃശ്യത്തിന്‍ രക്ഷകനായ യേശുവിനെ പൂര്‍ണ്ണമായി, ആത്മാവോടും ശരീരത്തോടും ദൈവസ്വഭാവത്തിലും മനുഷ്യസ്വഭാവത്തിലും സ്വീകരിക്കുവാനുള്ള ഭാഗ്യമാണ് നമുക്ക് ഇവിടെ ലഭിക്കുക. യേശുവുമായി നമ്മുടെ ആത്മാവ് ഒന്നായിത്തീരുന്ന അനുഗ്രഹസമ്പന്നമായ നിമിഷമാണിത് (യോഹ.6:56). അതോടൊപ്പം ക്രിസ്തുവില്‍ നമ്മുടെ സഹോദരങ്ങളുമായും നമ്മള്‍ ഐക്യം പ്രാപിക്കുന്നു (1കോറി.10:17).അങ്ങനെ ദൈവത്തിന് ബലിയര്‍പ്പിച്ച് സ്വര്‍ഗീയ വിരുന്നില്‍ പങ്കുകൊണ്ട് ആത്മാവില്‍ ശക്തി പ്രാപിച്ച് സംതൃപ്തരായി നാം ജീവിതയാത്ര തുടരുകയാണ്, ബലിയര്‍പ്പകരായി മാത്രമല്ല, വാസ്തവത്തില്‍ ബലിജീവിതം നയിക്കുന്നവരായി.'കുരിശുകള്‍ സന്തോഷത്തോടെ സഹിച്ചുകൊണ്ട് അങ്ങേ തിരുക്കുമാരന്റെ ബലിജീവിതം തുടരുവാന്‍ ഞങ്ങളെ ശക്തരാക്കണമേ' (സമാപനപ്രാര്‍ത്ഥന, കാറോസൂസ, നോമ്പുകാലം. സമാപന പ്രാര്‍ത്ഥന, കാറോസൂസ ഉയിര്‍പ്പുകാലം).
'എന്റെ ആയുസ്സിന്‍ ദിനമാകെയും
തന്റെ നാമമഹത്വത്തിനായ്
ഒരു കൈത്തിരിപോല്‍ കത്തിയെരിഞ്ഞൊരിക്കല്‍
തിരുമാറില്‍ മറഞ്ഞിടും ഞാന്‍.'
കടപ്പാട് : ഫാ.ജേക്കബ് നടയം, www.sundayshalom.com