അര്‍ജന്റീന: മരണത്തിന്റെ വേദനാജനകമായ താഴ്‌വരകളിലൂടെ സഞ്ചരിക്കുന്നവര്‍ക്ക് സന്തോഷത്തിന്റെയും ജീവിതനൈര്‍മല്യത്തിന്റെയും സാക്ഷ്യമായി തീരുകയാണ് അര്‍ജന്റീനയില്‍നിന്നുള്ള കര്‍മലീത്ത സിസ്റ്റര്‍ സിസിലിയ മരിയ. അതീവ വേദനാജനകമായ കാന്‍സര്‍ രോഗത്തിന്റെ നടുവിലും നിരാശയ്ക്കടിമപ്പെടാതെ സന്തോഷത്തിലും പ്രാര്‍ത്ഥനയിലുമായിരുന്നു സിസ്റ്റര്‍ സിസിലിയ. അവളുടെ മുഖത്ത് എപ്പോഴും പുഞ്ചിരി നിറഞ്ഞുനിന്നു. അവസാന നിമിഷങ്ങളില്‍ സിസ്റ്ററെ സന്ദര്‍ശിച്ചവര്‍ക്ക് ആ മുഖത്തെ ശാന്തതയും സന്തോഷവും അത്ഭുതമാണുളവാക്കിയത്. തന്റെ ജീവിതത്തെ പൂര്‍ണമായും സമര്‍പ്പിച്ച മണവാളനുമായുള്ള കണ്ടുമുട്ടല്‍ യാഥാര്‍ത്ഥ്യമായതുപോലെയായിരുന്നു അവളുടെ മുഖഭാവങ്ങള്‍, മുഖത്തെ സന്തോഷം.

 

 

 

 

മരണത്തിനുമുമ്പ് സിസ്റ്റര്‍ സിസിലി എഴുതി: 'ഞാന്‍ വളരെ സംതൃപ്തയാണ്. ദൈവത്തിന്റെ സഹനങ്ങളിലൂടെയുള്ള പ്രവൃത്തികളും എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്ന അനേകരെയും കണ്ട് ഞാന്‍ അത്ഭുതപ്പെടുകയാണ്.' ഫ്രാന്‍സിസ് മാര്‍പാപ്പ പോലും അവള്‍ക്ക് പ്രാര്‍ത്ഥനാശംസകള്‍ അയച്ചിരുന്നു. സിസ്റ്റര്‍ മരണത്തിന് മുമ്പ് തന്റെ സഹസന്യാസികളോട് ഇപ്രകാരം ആവശ്യപ്പെട്ടിരുന്നു: 'അവളുടെ മരിച്ചടക്കിന്റെ സമയത്ത് പ്രാര്‍ത്ഥന ചൊല്ലുന്നതിനുപുറമേ സ്‌തോത്രഗീതങ്ങള്‍ അര്‍പ്പിച്ച് സന്തോഷിക്കണമെന്ന്. മണവാട്ടി മണവാളനെ കണ്ടുമുട്ടുന്ന ആ സന്തോഷത്തെ ഓര്‍ത്ത്.'

 

 

 

 

 

മരണത്തിന്റെ കുറച്ചു മണിക്കൂറുകള്‍ക്കുമുമ്പേ അവള്‍ ദിവ്യകാരുണ്യം സ്വീകരിച്ചു. ഈശോയുടെ തിരുചോരയാല്‍ അവളുടെ ചുണ്ട് നനഞ്ഞു.ദൈവത്തിന്റെ കരങ്ങളില്‍ സമര്‍പ്പിച്ച് സാവധാനം അവള്‍ ഈ ലോകത്തില്‍ ദൈവമേല്‍പിച്ച സഹനങ്ങളെ അവിടുത്തോടുള്ള സ്‌നേഹത്തെപ്രതി സ്വീകരിച്ച് സന്തോഷത്തോടെ അവളുടെ മണവാളനടുത്തേക്ക് യാത്രയായി. മരണത്തിന്റെ, രോഗത്തിന്റെ വേദനകളിലൂടെ കന്നുപോകുന്ന അനേകര്‍ക്ക് ജീവിതത്തിലെ സഹനങ്ങളുടെ അര്‍ത്ഥം മനസിലാക്കാന്‍ ബുദ്ധിമുട്ടുന്ന അനേകര്‍ക്ക് സിസ്റ്റര്‍ സിസിലിയ മരിയ പുഞ്ചിരിക്കുന്ന ഒരു അനുഭവമാകട്ടെ.

കടപ്പാട് : മനോജ് തോമസ്, www.sundayshalom.com