കോട്ടയം: മറ്റൊരാളോട് അവയവം ദാനം ചെയ്യാന്‍ പറയാന്‍ നമുക്കു പറ്റില്ല. അവയവദാനം സ്വയം ചെയ്തു മാതൃകയാകാനേ നമ്മുക്കു സാധിക്കൂ. ഈ തിരിച്ചറിവിലാണു കോട്ടയ്ക്കല്‍ സ്വദേശിയായ സൂരജിന് വൃക്കകളിലൊന്നു ദാനം ചെയ്യാന്‍ തീരുമാനിച്ചതെന്നു പാലാ രൂപത സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ ദീപികയോടു പറഞ്ഞു. 

എന്റെ അപ്പനും അമ്മയും പ്രമേഹം കലശലായാണു മരിച്ചത്. അമ്മ 60-ാം വയസില്‍ മരിച്ചു. കഴിഞ്ഞ ദിവസം മെഡിക്കല്‍ പരിശോധനകള്‍ക്കു വിധേയനായപ്പോള്‍ ഒരു രോഗവും എനിക്കില്ലെന്നാണു ഡോക്ടര്‍മാര്‍ പറഞ്ഞത്. ഒരു രോഗവുമില്ലാതെ ദൈവം എന്നെ ഇത്തരത്തില്‍ സംരക്ഷിക്കുമ്പോള്‍ രോഗമുള്ള മറ്റൊരാള്‍ക്ക് എന്നിലൂടെ ഒരു സഹായം ഉണ്ടാകണമെന്ന ചിന്തയാണ് വൃക്ക ദാനത്തിലേക്ക് എന്നെ നയിച്ചത്- മാര്‍ മുരിക്കന്‍ പറഞ്ഞു. 

വൃക്ക ദാനം ചെയ്യാന്‍ ആഗ്രഹിച്ചപ്പോള്‍ ഫാ. ഡേവീസ് ചിറമ്മലിനോട് ഞാന്‍ ഒരു നിര്‍ദേശമേ വച്ചിരുന്നുള്ളൂ. വൃക്ക സ്വീകരിക്കുന്നയാള്‍ ദരിദ്രനായിരിക്കണം. മറ്റു സഹായങ്ങള്‍ക്കു സാധ്യതയില്ലാത്തയാളുമായിരിക്കണം. കോട്ടയ്ക്കല്‍ സ്വദേശി സൂരജ് ചെറുപ്പമാണ്. അമ്മ രോഗിയാണ്. സഹോദരന്‍ ഹൃദ്‌രോഗത്താല്‍ മരിച്ചു. ഭാര്യ ചെറുപ്പമാണ്. ഇവര്‍ക്ക് മക്കളില്ല. സൂരജിന് ആരോഗ്യവും ആയുസും തിരികെ കിട്ടിയാല്‍ ആ ദരിദ്ര കുടുംബം രക്ഷപ്രാപിക്കും. അവര്‍ക്കു സമാധാനം ലഭിക്കും- മാര്‍ മുരിക്കന്‍ കൂട്ടിച്ചേര്‍ത്തു. 

കരുണയുടെ വര്‍ഷം ആചരിക്കുന്ന വേളയില്‍ എനിക്കു ചെയ്യാന്‍ സാധിക്കുന്ന എളിയ സദ്കര്‍മമായിരിക്കും ഇത്. കരുണയുടെ വലിയ മുഖമാണു ഫ്രാന്‍സീസ് പാപ്പ. ലോകമെമ്പാടും പിതാവ് കരുണയെക്കുറിച്ചും ക്ഷമയെക്കുറിച്ചും പങ്കുവയ്ക്കലിനെക്കുറിച്ചും പ്രഘോഷിക്കുന്നു. ഒരു ശ്വാസകോശം മാത്രമുള്ള പാപ്പ ലോകം മുഴുവന്‍ സഞ്ചരിക്കുന്നു. എപ്പോഴും കര്‍മനിരതനാകുന്നു. അദ്ദേഹത്തെ ദൈവമാണു പരിപാലിക്കുന്നത്. ആ ബോധ്യം തിരിച്ചറിയുമ്പോള്‍ എനിക്കും മനുഷ്യത്വത്തില്‍ അധിഷ്ഠിതമായ ത്യാഗം ചെയ്യാനുള്ള ആഗ്രഹത്തിലാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്. ക്രിസ്തു സ്വന്തം ജീവന്‍തന്നെ ലോകത്തിനുവേണ്ടി സമര്‍പ്പിച്ചു. അതു താരതമ്യപ്പെടുത്തിയാല്‍ നമ്മുടേതൊക്കെ ചെറിയ ത്യാഗങ്ങള്‍ മാത്രമാണ്.

എല്ലാ പരിശോധനകളും പൂര്‍ത്തിയാക്കിയശേഷമാണു ഞാന്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടു പിതാവിനോടു ഇക്കാര്യം പങ്കുവച്ചത്. അതികര്‍ക്കശമായ മെഡിക്കല്‍ പരിശോധനകളാണ് അവയവദാനവുമായി ബന്ധപ്പെട്ടുള്ളത്. മണിക്കൂറുകളും ഘട്ടങ്ങളും നീണ്ട പരിശോധനകള്‍ക്ക് വിധേയമാകാന്‍ നല്ല ക്ഷമ ഉണ്ടായേ തീരു. ആ കടമ്പ കടന്നാല്‍ പരീക്ഷ പാസായതുപോലെയാണ്. ഞാന്‍ പരീക്ഷ പാസായിരിക്കെ ആശങ്കയില്ലാതെ ഇങ്ങനെയൊരു ദാനത്തിന് തയാറാവുകയായിരുന്നുവെന്നും മാര്‍ ജേക്കബ് മുരിക്കന്‍ പറഞ്ഞു.    

ബിഷപ്പിന്റെ കാരുണ്യം മഹാഭാഗ്യമെന്നു സൂരജ് :-
മലപ്പുറം: പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ വൃക്കദാനം ചെയ്തതു മഹാഭാഗ്യമായി കാണുന്നുവെന്നു ബിഷപില്‍നിന്നു വൃക്ക സ്വീകരിക്കുന്ന മലപ്പുറം കോട്ടക്കല്‍ സ്വദേശി ഇ.സൂരജ് പറഞ്ഞു. കോട്ടക്കല്‍ ആര്യവൈദ്യശാല മാര്‍ക്കറ്റിംഗ് വിഭാഗത്തില്‍ ജീവനക്കാരനായ സൂരജ് ഒന്നര വര്‍ഷത്തോളമായി വൃക്കരോഗമൂലം കഷ്ടപ്പെടുകയായിരുന്നു. നിര്‍ധനകുടുംബമായതിനാല്‍ ചികിത്സാ ചെലവിനുപോലും നിവൃത്തിയില്ലാതെ പ്രയാസമനുഭവിച്ചു. വൃക്കമാറ്റിവയ്ക്കണമെന്നു ഡോക്ടര്‍മാര്‍ പറഞ്ഞപ്പോള്‍ മുതല്‍ ആധിയിലായിരുന്നു. ജോലി ചെയ്യുന്ന ആര്യവൈദ്യശാലയില്‍നിന്ന് ഇന്‍ഷ്വറന്‍സ് തുകയായ രണ്ടുലക്ഷം രൂപ ലഭിച്ചിരുന്നു. എന്നാല്‍, ഒരു മാസം ഡയാലിസിസ് അടക്കമുള്ള ചെലവുകള്‍ക്ക് 10 ലക്ഷം രൂപ വേണ്ടിവന്നു. ഒടുവില്‍ ഈശ്വരമംഗലത്തുള്ള വീട് വില്‍ക്കേണ്ടിവന്നു. ഇപ്പോള്‍ ഭാര്യ രശ്മിയോടൊപ്പം വാടക വീട്ടിലാണു കഴിയുന്നത്. പിതാവ് സുധാകരന്‍ നാലുവര്‍ഷം മുന്‍പ് മരിച്ചു. സഹോദരി സുപ്രിയോടൊപ്പമാണു മാതാവ് പാര്‍വതി താമസിക്കുന്നത്. 

മരണശേഷം അവയവങ്ങളും ശരീരവും ദാനം ചെയ്യാന്‍ ആഗ്രഹം: ഫാ. ഡേവിസ് ചിറമ്മല്‍ :-
കോട്ടയം: മരണശേഷം തന്റെ അവയവങ്ങള്‍ ദാനം ചെയ്യാനും ശരീരം വൈദ്യശാസ്ത്ര പഠനത്തിനായി നല്‍കാനും ആഗ്രഹിക്കുന്നതായി കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഫാ. ഡേവീസ് ചിറമ്മല്‍. ജീവിതം ദൈവം നല്‍കിയ സമ്മാനമാണ്. ജാതിയോ മതമോ പരിഗണിക്കാതെ മറ്റുള്ളവരുടെ ജീവന്‍ സംരക്ഷിക്കാന്‍ നമ്മുക്ക് കടമയുണ്ട്. അവയവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിശ്ചലമായി, ചികിത്സിക്കാന്‍ നിവൃത്തിയില്ലാതെ വേദനിക്കുകയും വലയുകയും ചെയ്യുന്ന ആയിരക്കണക്കിനു മനുഷ്യര്‍ നമ്മുക്കു ചുറ്റുമുണ്ട്. തൃശൂര്‍ വാടാനപ്പള്ളി സ്വദേശി ഗോപിനാഥിനു വൃക്കകളിലൊന്നു ദാനം ചെയ്യാന്‍ താന്‍ തയാറായതിനുശേഷം ഒട്ടേറെപ്പേര്‍ ഈ സത്കര്‍മത്തില്‍ പങ്കാളികളായി. ഇനിയും ഈ ശൃംഖല വളരണം. 

മാര്‍ ജേക്കബ് മുരിക്കനിലൂടെ ഒരു കത്തോലിക്കാ മെത്രാന്‍ ഇത്തരമൊരു സമര്‍പ്പണത്തിനു തയാറാകുന്നത് ഏറെ സന്തോഷം നല്‍കുന്നു. ലോക മാധ്യമങ്ങള്‍ക്കും മനുഷ്യ മനസാക്ഷിക്കും ഉദാത്തമായ ക്രിസ്തീയ സന്ദേശമാണിത്. എല്ലാ മതവിശ്വാസികള്‍ക്കും ഇതു വലിയ സന്ദേശവും പ്രത്യാശയുമാണു നല്‍കുന്നത്. ക്രിസ്തു ലോകത്തിനുവേണ്ടി സ്വയം സമര്‍പ്പിതനായതുപോലെ സമൂഹത്തിനുവേണ്ടി സമര്‍പ്പിതനാവാനുള്ള മുരിക്കന്‍ പിതാവിന്റെ മനസ് ഒട്ടേറെപ്പേര്‍ക്ക് ഇത്തരം കര്‍മങ്ങളില്‍ പങ്കുചേരാന്‍ പ്രേരണ നല്‍കുമെന്നും കോട്ടയം മെഡിക്കല്‍ കോളജില്‍ അവയവദാനവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍തല എത്തിക്‌സ് കമ്മിറ്റിക്കു മുന്നില്‍ വൃക്കദാനത്തിന് സമ്മതം അറിയിച്ചശേഷം മാര്‍ ജേക്കബ് മുരിക്കനോടൊപ്പമുണ്ടായിരുന്ന ഫാ. ഡേവീസ് ചിറമ്മല്‍ അഭിപ്രായപ്പെട്ടു. 

വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി വീടു വില്‍പന നടത്തിയ സൂരജിന് സുമനസുകളുടെ സഹായമില്ലാതെ മുന്നോട്ടു നീങ്ങാനാകില്ല. ശസ്ത്രക്രിയക്കായുള്ള തുകയ്ക്കായി എല്ലാവരുടെയും സഹായമുണ്ടാകണം. ഇ.എസ്. സൂരജ് എസ്ബിടി കോട്ടയ്ക്കല്‍ ശാഖ മലപ്പുറം ജില്ല അക്കൗണ്ട് നമ്പര്‍ 57022131572. ഐഎഫ്എസ്‌സി കോഡ്. എസ്ബിടിആര്‍ 00269 എന്ന അക്കൗണ്ട് നമ്പരിലേക്ക് സഹായങ്ങള്‍ അയയ്ക്കണമെന്ന് ഫാ. ഡേവീസ് ചിറമ്മല്‍ അറിയിച്ചു.

കടപ്പാട് : deepika.com