ഭയപ്പെടേണ്ടാ, ഞാന്‍ നിന്നോടുകൂടെയുണ്ട്. സംഭ്രമിക്കേണ്ടാ, ഞാനാണ് നിന്റെ ദൈവം. ഞാന്‍ നിന്നെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. എന്റെ വിജയകരമായ വലത്തുകൈകൊണ്ടു ഞാന്‍ നിന്നെതാങ്ങിനിര്‍ത്തും (ഏശയ്യാ 41:10).
ഇതാ, ഞാന്‍ നിന്നോടു കൂടെയുണ്ട്. നീ പോകുന്നിടത്തെല്ലാം ഞാന്‍ നിന്നെ കാത്തുരക്ഷിക്കും, നിന്നെ ഈ നാട്ടിലേക്കു തിരിയേ കൊണ്ടുവരും. നിന്നോടു പറഞ്ഞതൊക്കെ നിറവേറ്റുന്നതുവരെ ഞാന്‍ നിന്നെ കൈവിടുകയില്ല (ഉല്‍പത്തി 28:15).
ഞാന്‍ നിനക്കു മുന്‍പേ പോയി മലകള്‍ നിരപ്പാക്കുകയും പിച്ചളവാതിലുകള്‍ തകര്‍ക്കുകയും ഇരുമ്പോടാമ്പലുകള്‍ ഒടിക്കുകയും ചെയ്യും (ഏശയ്യാ 45:2).
നീ അവരെ ഭയപ്പെടേണ്ടാ, നിന്റെ രക്ഷയ്ക്കു നിന്നോടുകൂടെ ഞാനുണ്ട്; കര്‍ത്താവാണിതു പറയുന്നത് (ജറെമിയാ 1:8).

കര്‍ത്താവാണു നിന്റെ മുന്‍പില്‍ പോകുന്നത്. അവിടുന്നു നിന്നോടുകൂടെ ഉണ്ടായിരിക്കും. അവിടുന്നു നിന്നെ ഭഗ്‌നാശനാക്കുകയോ പരിത്യജിക്കുകയോ ഇല്ല; ഭയപ്പെടുകയോ സംഭ്രമിക്കുകയോ വേണ്ടാ (നിയമാവര്‍ത്തനം 31:8).

ശക്തനും ധീരനുമായിരിക്കണമെന്നും ഭയപ്പെടുകയോ പരിഭ്രമിക്കുകയോ ചെയ്യരുതെന്നും നിന്നോടു ഞാന്‍ കല്‍പിച്ചിട്ടില്ലയോ? നിന്റെ ദൈവമായ കര്‍ത്താവ് നീ പോകുന്നിടത്തെല്ലാം നിന്നോടുകൂടെ ഉണ്ടായിരിക്കും (ജോഷ്വ 1:9).

തന്നെ സ്‌നേഹിക്കുന്നവരെ കര്‍ത്താവ് കടാക്ഷിക്കുന്നു; അവിടുന്ന് ശക്തമായ സംരക്ഷണവും ഉറപ്പുള്ള താങ്ങും, ചുടുകാറ്റില്‍ അഭയകേന്ദ്രവും, പൊരിവെയിലില്‍ തണലും, ഇടറാതിരിക്കാന്‍ സംരക്ഷണവും,വീഴാതിരിക്കാന്‍ ഉറപ്പും ആണ് (പ്രഭാഷകന്‍ 34:19).

ഭയപ്പെട്ടിരിക്കുന്നവരോടു പറയുവിന്‍; ഭയപ്പെടേണ്ടാ, ധൈര്യം അവലംബിക്കുവിന്‍. ഇതാ, നിങ്ങളുടെ ദൈവംപ്രതികാരം ചെയ്യാന്‍ വരുന്നു; ദൈവത്തിന്റെ പ്രതിഫലവുമായി വന്ന് അവിടുന്ന് നിങ്ങളെ രക്ഷിക്കും (ഏശയ്യാ 35:4). 
നിന്റെ ദൈവവും കര്‍ത്താവുമായ ഞാന്‍ നിന്റെ വലത്തുകൈ പിടിച്ചിരിക്കുന്നു. ഞാനാണു പറയുന്നത്, ഭയപ്പെടേണ്ടാ. ഞാന്‍ നിന്നെ സഹായിക്കും (ഏശയ്യാ 41:13). 

യാക്കോബേ, നിന്നെ സൃഷ്ടിക്കുകയും ഇസ്രായേലേ, നിന്നെ രൂപപ്പെടുത്തുകയും ചെയ്ത കര്‍ത്താവ് അരുളിച്ചെയ്യുന്നു; ഭയപ്പെടേണ്ടാ, ഞാന്‍ നിന്നെ രക്ഷിച്ചിരിക്കുന്നു; നിന്നെ പേരുചൊല്ലി വിളിച്ചിരിക്കുന്നു. നീ എന്‍േറതാണ് (ഏശയ്യാ 43:1).

അവിടുന്നു നിന്നെ വേടന്റെ കെണിയില്‍നിന്നും മാരകമായ മഹാമാരിയില്‍നിന്നും രക്ഷിക്കും. തന്റെ തൂവലുകള്‍കൊണ്ട് അവിടുന്നു നിന്നെ മറച്ചുകൊള്ളും; അവിടുത്തെ ചിറകുകളുടെകീഴില്‍ നിനക്ക് അഭയംലഭിക്കും; അവിടുത്തെ വിശ്വസ്തത നിനക്കു കവചവും പരിചയും ആയിരിക്കും. രാത്രിയിലെ ഭീകരതയെയും പകല്‍ പറക്കുന്ന അസ്ത്രത്തെയും നീ ഭയപ്പെടേണ്ടാ. ഇരുട്ടില്‍ സഞ്ചരിക്കുന്ന മഹാമാരിയെയും നട്ടുച്ചയ്ക്കു വരുന്ന വിനാശത്തെയും നീ പേടിക്കേണ്ടാ (സങ്കീര്‍ത്തനങ്ങള്‍ 91:3-6)

ശരീരത്തെ കൊല്ലുകയും ആത്മാവിനെ കൊല്ലാന്‍ കഴിവില്ലാതിരിക്കുകയും ചെയ്യുന്നവരെ നിങ്ങള്‍ ഭയപ്പെടേണ്ടാ, മറിച്ച്, ആത്മാവിനെയും ശരീരത്തെയും നരകത്തിനിരയാക്കാന്‍ കഴിയുന്നവനെ ഭയപ്പെടുവിന്‍ (മത്തായി 10:28).