തീര്‍ത്തും യാദൃച്ഛികമായാണ് സിസ്റ്റര്‍ ടെസി ആ പത്രവാര്‍ത്ത ശ്രദ്ധിച്ചത്. നാടിനെ കണ്ണീരിലാഴ്ത്തിയ ഒരു വാഹന ദുരന്തത്തെക്കുറിച്ചുള്ള വിവരണമായിരുന്നു അത്.

2003 മാര്‍ച്ച് 10.
അന്നത്തെ എല്ലാ പത്രങ്ങളുടെയും ഒന്നാം പേജില്‍ ഈ വാര്‍ത്ത പ്രാധാന്യത്തോടെ അച്ചടിച്ചിരുന്നു. എറണാകുളത്തുനിന്നും വേളാങ്കണ്ണിയിലേക്ക് തീര്‍ത്ഥയാത്ര പോയ ഒരു കുടുംബമൊന്നാകെ അപകടത്തില്‍ മരണമടഞ്ഞതായിരുന്നു സംഭവം. ആ അപകടത്തില്‍ മരിച്ചവര്‍ 17. ഡോണ്‍ എന്ന ബാലന്റെ വീട്ടിലെ ഏഴുപേര്‍ ഒരേസമയം മരണത്തിന്റെ പടി കയറി സ്വര്‍ഗത്തിലേക്ക് കൈപിടിച്ച് പോയി.

വാര്‍ത്ത കേട്ട് എറണാകുളത്തെ മരടിലെ പള്ളിപ്പറമ്പിലെ വീട്ടിലിരുന്ന് ഡോണ്‍ ഹൃദയം നുറുങ്ങി. മറ്റൊരാളെ കെട്ടിപ്പിടിച്ച് കരയാന്‍ പോലും അവന് ആരും ഉണ്ടായിരുന്നില്ല. ഡോ ണിനെ വീടിന്റെ കാവലേല്‍പ്പിച്ച് അമ്മാമ്മ, അമ്മ, ചേട്ടന്‍, ചേടത്തി, ചേട്ടന്റെ രണ്ടുമക്കള്‍, അനുജന്‍ എന്നിവര്‍ ഒരുമിച്ചാണ് തീര്‍ത്ഥാടനത്തിന് പോയത്. അവരുടെ മരണവാര്‍ത്ത കേട്ട് അവന് താങ്ങാനാകാത്ത ദു:ഖമാണ് വിതച്ചത്. ഈ സംഭവം നടക്കുന്നതിന് ഒരു വര്‍ഷം മുമ്പ് ഡോണിന്റെ പപ്പയും മരിച്ചിരുന്നു; അതും ഒരു വാഹനാപകടത്തില്‍. അങ്ങനെ ഡോണ്‍ ജീവിതയാത്രയില്‍ ഒറ്റയ്ക്കായി.

ഈ വാര്‍ത്ത കണ്ട് സിസ്റ്റര്‍ ടെസിയുടെ കണ്ണുനിറഞ്ഞ് ഒഴുകാന്‍ തുടങ്ങി. ഒരിക്കലും കാണാത്ത ഡോണ്‍ അവരുടെ മനസില്‍ നിറഞ്ഞു. അവനുവേണ്ടി എനിക്കെന്തു ചെയ്യാന്‍ കഴിയും?. സിസ്റ്റര്‍ സ്വയം ചോദിച്ചുകൊണ്ടിരുന്നു. ഏതോ ഒരു തീരുമാനമെടുത്തതുപോലെ ഒടുവില്‍ ഒരു വെളുത്ത പേപ്പര്‍ എടു ത്ത് അതില്‍ വൃത്തിയായ കൈപ്പടയില്‍ സിസ്റ്റര്‍ ഇങ്ങനെ എഴുതി. 'ഹൃദയം നുറുങ്ങിയവര്‍ക്കു കര്‍ത്താവ്‌ സമീപസ്ഥനാണ്; മനമുരുകിയവരെ അവിടുന്നു രക്ഷിക്കുന്നു' (സങ്കീര്‍ത്തനങ്ങള്‍ 34:18). ഈ വരികളോടെ സിസ്റ്റര്‍ തുടങ്ങി.

'എല്ലാം നഷ്ടപ്പെട്ടെന്നു കരുതി വിഷമിക്കാതെ കുഞ്ഞേ, ദൈവത്തില്‍ നീ പ്രത്യാശവയ്ക്കുക. പ്രിയപ്പെട്ട ഡോണ്‍, വേണ്ടപ്പെട്ടവരുടെ വേര്‍പാടില്‍ നീ ദുഃഖിതനാണ്. ശരിതന്നെ, ആ വേദനയില്‍ ഞങ്ങളും പങ്കുചേരുന്നു. പിടിച്ച് നില്‍ക്കാന്‍ ദൈവം നിനക്ക് ശക്തി നല്‍കട്ടെ.' സിസ്റ്റര്‍ പ്രാര്‍ത്ഥനയോടെ പിന്നെയും എഴുതിക്കൊണ്ടിരുന്നു. ഓരോ വരികളും ഹൃദയത്തില്‍ നിന്ന് പുറപ്പെട്ട പ്രാര്‍ത്ഥനകളായിരുന്നു. എഴുതിക്കഴിഞ്ഞ് പല തവണ അത് വായിച്ചു. തിരുഹൃദയരൂപത്തിന് മുന്നില്‍ ആ കത്തെടുത്തുവച്ച് മനമുരുകി പ്രാര്‍ത്ഥിച്ചു. കത്ത് ഡോണിന്റെ കൈയില്‍ തന്നെ കിട്ടണമെന്നും അവന്റെ മനസില്‍ അല്‍പമെങ്കിലും സാന്ത്വനത്തിന്റെ കുളിര്‍മഴ പെയ്യണമെന്നും മാത്രമേ സിസ്റ്റര്‍ കരുതിയുള്ളൂ. കത്തിലെ വിലാസം പത്രവാര്‍ത്തയില്‍ നിന്ന് സ്വയം രൂപപ്പെടുത്തിയതായിരുന്നു. ഡോണ്‍ പള്ളിപ്പറമ്പില്‍, മരട്, എറണാകുളം.

കത്ത് അയച്ചതിനുശേഷം സിസ്റ്റര്‍ തന്റെ പ്രവര്‍ത്തനമണ്ഡലങ്ങളിലേക്ക് തിരിഞ്ഞു. എങ്കിലും ദുഃഖത്തിന്റെ പാനപാത്രം മട്ടോളം മോന്തിയ ഡോണിനെ ദിവ്യബലിയിലും പ്രാര്‍ത്ഥനകളിലും സിസ്റ്റര്‍ ഓര്‍ക്കുന്നുണ്ടായിരുന്നു. ഏതാനും ദിവസം കഴിഞ്ഞ് സിസ്റ്റര്‍ ടെസിക്ക്  ഒരു കത്തുകിട്ടി. മരടുനിന്നും ഡോണ്‍ എഴുതുന്നു. വിവരമറിഞ്ഞ് മറ്റു സിസ്‌റ്റേഴ്‌സും ഓടിവന്നു. അവര്‍ വളരെ താല്‍പര്യത്തോടെ കത്ത് പൊട്ടിച്ചു. ആ വരികളിലേക്ക് ഇറങ്ങി.

'ജീവിതത്തില്‍ എല്ലാം തകര്‍ന്നു എന്നു കരുതുമ്പോള്‍ കരുത്തും പ്രചോദനവുമാകുന്നത് ദുഃഖത്തില്‍ എന്നോടൊപ്പം പങ്കുചേരുകയും ആശ്വസിപ്പിക്കുകയും ചെയ്യുന്നവരുടെ നല്ല വാക്കുകളും സാമീപ്യവുമാണ്. സിസ്റ്റര്‍ എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണേ. ദൈവം എന്നെ സ്‌നേഹിക്കുന്നു'. തന്റെ പ്രാര്‍ത്ഥനയിലൂന്നിയ വരികള്‍ എത്ര വലിയ സാന്ത്വനമെന്ന് സിസ്റ്റര്‍ അന്ന് മനസിലാക്കി. നിരാശരും വ്യാകുല സമുദ്രത്തില്‍ മുഴുകിയവരുമായ എത്രയോ പേര്‍ ഓരോ ദിവസവും നമ്മുടെ ചുറ്റും ഇങ്ങനെ രൂപപ്പെട്ടുകൊണ്ടിരിക്കുന്നു. അവര്‍ക്ക് എത്രയോ ആശ്വാസകരമായിരിക്കും ഇത്തരം ഒരു കത്ത്. സിസ്റ്ററിന്റെ ഈ ആശയത്തോട് സുപ്പീരിയറും സമൂഹാംഗങ്ങളും ഏകമനസോടെയാണ് യോജിച്ചത്. അതൊരു തുടക്കമായിരുന്നു. പിന്നീട് ഇത്തരത്തിലുള്ള പത്രവാര്‍ത്തകള്‍ എവിടെ കണ്ടാലും സിസ്റ്റര്‍ ടെസി ശ്രദ്ധിക്കും. അല്ലെങ്കില്‍ മറ്റു സിസ്‌റ്റേഴ്‌സ്. അവരത് കട്ട് ചെയ്ത് ഫയല്‍ ചെയ്യും. പത്രത്തിലെ വീട്ടുപേരും പേരും സ്ഥലവും കണക്കാക്കി അവര്‍ക്ക് കത്തെഴുതും. അതിന്റെ പ്രതികരണങ്ങള്‍ എന്നും അത്ഭുതാവഹമായിരുന്നു.

'ഡോണ്‍ പിന്നീടും കത്തെഴുതി, ഫോണ്‍ ചെയ്തു. അങ്ങനെ തന്നെ ഞങ്ങള്‍ കത്തെഴുതിയ പലരും. അവര്‍ക്ക് എഴുതുക, ഫോണില്‍ സാന്ത്വനം നല്‍കുക ഇത് ഞങ്ങളുടെയും മുഖ്യ പ്രവര്‍ത്തനമായി. 'ഞങ്ങളെ ഓര്‍ക്കാനും പ്രാര്‍ത്ഥിക്കാനും ആരെങ്കിലും ഉണ്ടല്ലോ. ആരുമില്ല ഇനി ജീവിക്കേണ്ട എന്ന് കരുതിയപ്പോഴാണ് നിങ്ങളുടെ ഈ കത്ത് കിട്ടിയത്.' ഒരു വീട്ടമ്മ സിസ്റ്ററോട് പറഞ്ഞത് അങ്ങനെയാണ്. അവര്‍ പറഞ്ഞു: '18 വയസുള്ള മകനും ഭര്‍ത്താവും വഞ്ചി മുങ്ങി മരിച്ചു. വീടിന്റെ നെടുംതൂണുകള്‍ നഷ്ടപ്പെട്ടപ്പോള്‍ ഇനി ജീവിക്കുന്നതെന്തിനാണെന്നാണ് ഞാന്‍ ചിന്തിച്ചത്. മരിക്കാന്‍ വേണ്ടി ഒരുങ്ങിയ ദിവസമായിരുന്നു അപ്രതീക്ഷിതമായി സിസ്റ്ററിന്റെ സാന്ത്വനം പകരുന്ന ഒരു കത്തു കിട്ടിയത്. ആത്മഹത്യ എന്നുള്ള ചിന്ത മനസില്‍ നിന്നും വേരോടെ പിഴുതു കളയുവാന്‍ ആ ഒരു കത്ത് പ്രേരണകാരണമായി. ജീവിതത്തിലെ പ്രതിസന്ധികളോട് പോരാടണമെന്നുള്ള ചിന്ത അന്നെനിക്കുണ്ടായി. ആരൊക്കെയോ കൂടെയുണ്ടെന്നും.' പിന്നീട് ആ സ്ത്രീ എല്ലാ വിലാപങ്ങളുടെ മതിലും തകര്‍ത്ത് ഉയര്‍ത്തെണീറ്റു. ഇന്നവര്‍ ഒരു ഗവണ്‍മെന്റ് ഉദ്യോഗസ്ഥയാണ്. നിരാശയിലേക്ക് താണുപോയ അനേകര്‍ക്ക് തന്റെ അനുഭവത്തിലൂടെ പ്രത്യാശ പകര്‍ന്നു കൊടുക്കാന്‍ ഈ സ്ത്രീക്കും കഴിഞ്ഞിരിക്കുന്നു.

വര്‍ഗീസിനുമുണ്ട് ഇതുപോലൊരു അനുഭവം. ഭാര്യയും ഭാര്യയുടെ മാതാപിതാക്കളും ആക്‌സിഡന്റില്‍ മരണമടഞ്ഞപ്പോള്‍ വര്‍ഗീസ് എല്ലാവരക്കാളും  നിരാശനായി. സിസ്റ്ററിന്റെ ഒരു സാന്ത്വനസന്ദേശം അവര്‍ക്ക് കിട്ടി. ഒപ്പം ഫോണ്‍ നമ്പറും മുണ്ടായിരുന്നു. കത്തു കിട്ടിയ ദിവസം തന്നെ വര്‍ഗീസ് വിളിച്ചു. ഒന്നു കാണണമെന്ന് അവശതയോടെ സിസ്റ്ററോട് പറഞ്ഞു. സിസ്റ്റര്‍ ടെസിയും രണ്ടു സിസ്‌റ്റേഴ്‌സും കൂടി അയാള്‍ കിടന്ന ആശുപത്രിയില്‍ ചെന്ന് വര്‍ഗീസിനെ കണ്ടു. അയാള്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചു. അത് വര്‍ഗീസിന്റെ ജീവിതത്തെ ആകെ മാറ്റിമറിക്കുന്ന അനുഭവമായിരുന്നു. ഏതാനും ആഴ്ചകള്‍ക്കുശേഷം അയാള്‍ മകനെയും കൂട്ടി, സിസ്റ്റര്‍ ടെസിയെ കാണാന്‍ വന്നു. ദുഃഖത്തില്‍ നിന്നും വളരെ മോചിക്കപ്പെട്ടാണ് അന്നയാള്‍ മടങ്ങിയത്.

കത്തെഴുത്തിലൂടെ അനേകമനേകം പ്രതികരണങ്ങള്‍ സിസ്റ്റര്‍ ടെസിക്ക് നേരിട്ടനുഭവിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അതെല്ലാം മനം തകര്‍ന്നവരുടെ പ്രത്യാശയുടെ സങ്കീര്‍ത്തനങ്ങളായിരുന്നു. ഒരിക്കല്‍ രണ്ടു മക്കളെയും നഷ്ടപ്പെട്ട വൃദ്ധ മാതാപിതാക്കള്‍ ഒരു സന്ധ്യാനേരത്ത് സിസ്റ്റര്‍ ടെസിയെ തിരക്കി കമ്മശേരിയിലുള്ള 'ആശ്വാസ്' ഹോളി ഫാമിലി ഭവനത്തിലെത്തി. നിങ്ങളുടെ കത്ത് കിട്ടി. ഇനി ഞങ്ങള്‍ക്ക് മറ്റാരുമില്ല, നിങ്ങളല്ലാതെ...' അവര്‍ നിലവിളിച്ചു. അവരുടെ നൊമ്പരത്തിന്റെ ആഴം മനസിലാക്കുവാന്‍ സിസ്റ്റര്‍ ടെസിക്ക് കഴിയുമായിരുന്നു. പലരും    ഇതിനുമുമ്പും ഈ സിസ്റ്റരോട് ചോദിച്ചിട്ടുണ്ട്. 'ഞങ്ങള്‍ക്കിനി ആരാ ഉള്ളത്?'

എല്ലാം നഷ്ടപ്പെട്ടവര്‍ക്കായി എന്തെങ്കിലും ചെയ്യണം, പിന്നീട് സിസ്റ്റര്‍ ടെസിയുടെയും മറ്റു സിസ്‌റ്റേഴ്‌സിന്റെയും ശ്രദ്ധ അതെക്കുറിച്ചായി. പക്ഷേ എന്ത് ചെയ്യാന്‍ കഴിയും? കുടുംബപ്രേഷിത പ്രവര്‍ത്തനത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്ന ഹോളി ഫാമിലി സന്യാസിനീ സമൂഹത്തിലും ഈ ചിന്ത പടര്‍ന്നു. അപ്പോഴും സിസ്റ്റര്‍ ടെസിയും സിസ്റ്റര്‍ മരിയ പോളും മുടക്കംകൂടാതെ പത്രവാര്‍ത്തകളിലെ ദുരന്ത സംഭവങ്ങള്‍ വെട്ടി ഫയല്‍ ചെയ്യുകയും അവര്‍ക്ക് കത്തെഴുതുകയും ചെയ്തുകൊണ്ടിരുന്നു. ഈ സമയത്താണ് 'ആശ്വാസ്' എന്നൊരു പദം  സിസ്റ്റര്‍ ടെസിയുടെ നാവിലുദിച്ചത്. അതൊരു ദൈവികമായ അനുഭവമായിരുന്നുവെന്ന് സിസ്റ്റര്‍ ടെസി ഓര്‍ക്കുന്നു; 'ദൈവം തെരഞ്ഞെടുത്തു തന്ന വാക്ക്'. ഞങ്ങള്‍ അതിനൊരു നിര്‍വചനം കണ്ടെത്തി.

'God Touches your Hearts
God Heals your Wounds
God Carrier your Burdens
God Wipes your Tears'

('ഹൃദയങ്ങളെ സ്പര്‍ശിക്കുന്ന, മുറിവുകള്‍ സുഖപ്പെടുത്തുന്ന, ഭാരങ്ങള്‍ വഹിക്കുന്ന, കണ്ണീര്‍ തുടയ്ക്കുന്ന ദൈവം'). ഈ അനുഭവമാണ് 'ആശ്വാസ്'  നല്‍കുന്നത്.

'ഒരിക്കല്‍ ഞങ്ങള്‍ തൊടുപുഴയ്ക്കടുത്ത് ഒരു അപ്പച്ചനെയും അമ്മച്ചിയെയും കാണാന്‍ പോയി. അവരുടെ മക്കളും പേരക്കിടാങ്ങളും ഒരുമിച്ച് സഞ്ചരിച്ചിരുന്ന കാര്‍ പാടത്തേക്ക് മറിഞ്ഞ് മക്കള്‍ മരിച്ചിരുന്നു. ഈ വീട്ടിലേക്ക് കത്തെഴുതിയശേഷമാണ് ഞങ്ങള്‍ പോയത്. ഞങ്ങളെ കണ്ടപാടെ ആ വൃദ്ധമാതാപിതാക്കള്‍ ഓടിവന്നു കെട്ടിപ്പിടിച്ചു. അവരുടെ മുഖത്തെ സന്തോഷവും ചൈതന്യവും ഞങ്ങള്‍ക്ക് മറക്കാനാവുന്നില്ല. 'ആശ്വാസ്' ഒരു വലിയ ശുശ്രൂഷയാണെന്നും അനേകരുടെ മുറിവുകള്‍ ദൈവം ഞങ്ങളുടെ ചെറിയ ഈ ശുശ്രൂഷയിലൂടെ സൗഖ്യപ്പെടുത്തുന്നുണ്ടെന്നും അന്ന് ബോധ്യപ്പെട്ടു.'

ഇങ്ങനെ മനംതകര്‍ന്ന അനേകര്‍ക്ക് ആശ്വാസം ലഭിക്കുവാനായി ഒരു ഭവനം എത്രയും വേഗം ആരംഭിക്കാനുള്ള ശ്രമം ഞങ്ങള്‍ ഊര്‍ജിതമാക്കി; സിസ്റ്റര്‍ ടെസി വ്യക്തമാക്കുന്നു. ഇതിനോടകം ജാതിമത ഭേദമെന്യേ അപകടമരണങ്ങള്‍ മൂലം ദുഃഖം അനുഭവിക്കുന്നവര്‍ക്കായി അയ്യായിരത്തിലേറെ വ്യക്തിപരമായ കത്തുകള്‍ സിസ്റ്റര്‍ എഴുതി തയ്യാറാക്കി അയച്ചിട്ടുണ്ട്. 3200ഓളം കുടുംബങ്ങള്‍ക്ക് ഈ കത്തുകള്‍ ആശ്വാസ സന്ദേശം പകര്‍ന്നിട്ടുമുണ്ടാകണം. കൂടാതെ ഫോണ്‍ കൗണ്‍സലിംഗ്, കുടുംബസന്ദര്‍ശനം, കൗണ്‍സലിംഗ് എന്നിവയിലൂടെയും നിരാശ ബാധിച്ച അനേകരെ ദൈവസ്‌നേഹത്തിലേക്ക് ഇവര്‍ നയിച്ചുകൊണ്ടിരിക്കുന്നു.

മാസത്തിലെ രണ്ടാം ശനിയാഴ്ചകളില്‍ 'ആശ്വാസ് സുഹൃത് വേദി' ഇവര്‍ വിളിച്ചു ചേര്‍ക്കാറുണ്ട്. പത്തോ പതിനഞ്ചോ പേരടങ്ങുന്ന ഈ കൂട്ടായ്മയിലൂടെ ജീവിതത്തെ വിശാലമായി കാണാനുള്ള പരിശീലനമാണ്. അവര്‍ പരസ്പരം മനസ് തുറന്ന് ജീവിതസാഹചര്യങ്ങളോട് പൊരുത്തപ്പെട്ട് ജീവിക്കാന്‍ ഇതുവഴി തയ്യാറെടുക്കുന്നു. ഇത്തരം ആശ്വാസദൂത് ലഭിച്ചവരുടെ ഒരു കുടുംബസമ്മേളനം വര്‍ഷത്തിലൊരിക്കല്‍ ചേരാറുണ്ട്. എല്ലാ മെയ് മാസത്തിലും വേര്‍പാടിന്റെ ദുഃഖം അനുഭവിക്കുന്നവര്‍ക്കുവേണ്ടി 'ആശ്വാസ് ദൈവാനുഭവധ്യാനവും' ഞങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. കൂടാതെ മനംതകര്‍ന്നവരെ പ്രത്യാശയിലേക്ക് നയിക്കാന്‍ പര്യാപ്തമായ 'ആശ്വാസ് മാസിക, ആശ്വാസ് ഹെല്‍പ്പ്‌ലൈന്‍, ആശ്വാസ് ശുശ്രൂഷാവേദി എന്നിവയും വിവിധ ശുശ്രൂഷകളിലൂടെ അനേകര്‍ക്ക് സാന്ത്വനം പകരുന്നു.

സിസ്റ്റര്‍ ടെസി കൊടിയിലിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സുപ്പീരിയര്‍ സിസ്റ്റര്‍ മരിയ പോളിന്റെ നേതൃത്വത്തിലുള്ള ടീം എല്ലാവിധ സഹകരണങ്ങളും നല്‍കുന്നു. സിസ്റ്റര്‍ ജന്നി ജോസഫ്, സിസ്റ്റര്‍ ഷീല ഡേവിസ് എന്നിവരാണ് മറ്റു ശുശ്രൂഷകര്‍. ഹോളി ഫാമിലി സന്യാസിനീ സമൂഹത്തിന്റെ ഇരിഞ്ഞാലക്കുട, തൃശൂര്‍, പാലക്കാട് പ്രവിശ്യകളിലും ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി സിസ്റ്റര്‍ ടെസി ചൂണ്ടിക്കാട്ടുന്നു. ഇനിയുമിവര്‍ക്ക് ഒരുപാട് സ്വപ്നങ്ങളുണ്ട്. പ്രിയപ്പെട്ടവരുടെ വേര്‍പാടില്‍ തകരുന്നവര്‍ക്കായി ആശ്വാസ് പീസ് കോട്ടേജ്, അനാഥകുട്ടികള്‍ക്കായി ആശ്വാസ് ചില്‍ഡ്രന്‍സ് ഹോം, ഭര്‍ത്താവും മക്കളും മരിച്ചവര്‍ക്കുവേണ്ടി 'ആശ്വാസ് വിഡോ വിംഗ്' ഇവയെല്ലാം ഒരുമിച്ചുചേരുന്ന 'ഒരു സ്‌നേഹതീരം...' സിസ്റ്റര്‍ ടെസി പുഞ്ചിരിക്കുന്നു. 'എല്ലാം ദൈവം ഞങ്ങള്‍ക്ക് നല്‍കിയ ചിന്തയാണ്. ഒരു കത്തെഴുത്തില്‍ നിന്ന് ദൈവം തുടക്കമിട്ടതല്ലേ ഇതെല്ലാം. അപ്പോള്‍ അവിടുന്നുതന്നെ ഇതു സാക്ഷാത്കരിക്കട്ടെ.'

വിലാസം: സിസ്റ്റര്‍ ടെസി കൊടിയില്‍, 'ആശ്വാസ്, ഹോളി ഫാമിലി ഭവന്‍, ചങ്ങമ്പുഴനഗര്‍ പി.ഒ, സൗത്ത് കളമശേരി, കൊച്ചിന്‍-33. ഫോണ്‍: 0484-2555949

കടപ്പാട് : in.sundayshalom.com