വത്തിക്കാന്‍ സിറ്റി: സഭാശുശ്രൂഷകര്‍ വിശുദ്ധി നിറഞ്ഞവരും മിശിഹായുടെ ദാസന്മാരുമാകണമെന്ന് സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. വത്തിക്കാനിലെ പൊന്തിഫിക്കല്‍ ഉര്‍ബന്‍ സെമിനാരിയില്‍ വൈദികപരിശീലനം നേടിക്കൊണ്ടിരിക്കുന്ന പന്ത്രണ്ട് സീറോ മലബാര്‍ വൈദികവിദ്യാര്‍ഥികളെ സഭാശുശ്രൂഷകള്‍ക്കായി നിയോഗിച്ചുകൊണ്ട് അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയില്‍ സുവിശേഷ സന്ദേശം നല്കുകയായിരുന്നു അദ്ദേഹം.
ദൈവപുത്രനായ ഈശോമിശിഹാ സ്വയം ശുശ്രൂഷകനായി മാറി. നമ്മുടെ എല്ലാവരുടെയും കര്‍ത്താവ് ശുശ്രൂഷകനാണ്. ഇതിലൂടെയാണു ദൈവസ്‌നേഹത്തിന്റെ രഹസ്യം വെളിപ്പെടുന്നത്. ശുശ്രൂഷിക്കാനും എല്ലാവരുടെയും രക്ഷയ്ക്കായി സ്വന്തം ജീവന്‍ നല്കാനുമായി വന്ന ഈ മിശിഹായുടെ ദാസന്മാരാണു സഭയിലെ ശുശ്രൂഷകര്‍. അന്ത്യഅത്താഴത്തില്‍, വിശുദ്ധ കുര്‍ബാനയില്‍, ദൈവികജീവനില്‍, പങ്കുപറ്റാന്‍ നമ്മെ യോഗ്യരാക്കുന്ന വിശുദ്ധി മിശിഹായാണു നല്കുന്നത്. ആന്തരികവും ആധ്യാത്മികവുമായ വിശുദ്ധീകരണം ദൈവവചനത്തിലൂടെയും കൂദാശകളിലൂടെയുമാണു സാധ്യമാകുന്നത്.
ഈശോ വചനത്തിലൂടെ മാത്രമല്ല നമ്മെ കഴുകുന്നത്, കൂദാശകളിലൂടെ നമുക്കു നല്കപ്പെടുന്ന തന്റെ ജീവന്റെ ദാനത്തിലൂടെയുമാണ്. സഭാശുശ്രൂഷകര്‍ ദൈവകൃപയിലാണു ദൈവികരഹസ്യങ്ങള്‍ പരികര്‍മം ചെയ്യുന്നത്. ദൈവകരുണയാലാണു സഭാശുശ്രൂഷകര്‍ക്കു പരിശുദ്ധാത്മാവിന്റെ കൃപ ലഭിക്കുന്നത്. നിര്‍മലഹൃദയത്തോടും നല്ലമനഃസാക്ഷിയോടുകൂടി ദൈവികരഹസ്യങ്ങള്‍ പരികര്‍മം ചെയ്യുന്ന സഭാശുശ്രൂഷകര്‍ നീതിയുടെ പ്രവൃത്തികളില്‍ പ്രശോഭിതരാകുമെന്നും കര്‍ദിനാള്‍ ആലഞ്ചേരി കൂട്ടിച്ചേര്‍ത്തു.
ജനതകളുടെ സുവിശേഷവത്കരണത്തിനുവേണ്ടിയുള്ള വത്തിക്കാന്‍ കാര്യാലയത്തിന്റെ സെക്രട്ടറി ആര്‍ച്ച്ബിഷപ് ഡോ. സാവിയോ ഹോണ്‍ തയ്ഫായി എസ്ഡിബി, പൊന്തിഫിക്കല്‍ ഉര്‍ബന്‍ സെമിനാരി റെക്ടര്‍ മോണ്‍. വിന്‍ചെന്‍സോ വീവാ, മോണ്‍. സ്റ്റീഫന്‍ ചിറപ്പണത്ത്, ഫാ. ജോസഫ് സ്രാമ്പിക്കല്‍ തുടങ്ങി എഴുപതു വൈദികര്‍ തിരുക്കര്‍മ്മങ്ങളില്‍ സഹകാര്‍മികരായിരുന്നു.
കടപ്പാട് : syromalabarchurch.in