വത്തിക്കാന്‍: എല്ലാം ഒരു സ്വപ്‌നം പോലെ തോന്നുന്നു, മനോഹരമായ സ്വപ്‌നം പോലെ നൂര്‍ എസ്സായുടേതാണ് ഈ വാക്കുകള്‍. ലെസ്‌ബോസ് സന്ദര്‍ശനം കഴിഞ്ഞ് ഫ്രാന്‍സിസ് മാര്‍പാപ്പ വത്തിക്കാനിലേക്ക് കൂട്ടിക്കൊണ്ടുവന്ന പന്ത്രണ്ട് സിറിയന്‍ അഭയാര്‍ത്ഥികളില്‍ ഒരു കുടുംബം നൂറയുടേതും ഹാസന്റേതുമാണ്. എല്ലാം ഇനി ഒന്നില്‍ നിന്ന് ആരംഭിക്കണം. മകന് നല്ല ഒരു പ്രീ സ്‌കൂള്‍ കണ്ടെത്തണം. രണ്ടുവയസുകാരനായ മകന്‍ റിയാദിനെക്കുറിച്ചുള്ള ആശങ്കകളും സ്വപ്‌നങ്ങളും പങ്കുവയ്ക്കുകയാണ് ഈ മാതാപിതാക്കള്‍.

നൂര്‍ എസാ മൈക്രോ ബയോളജിസ്റ്റാണ്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അവസാനമിനിറ്റിലെ തീരുമാനമായിരുന്നു എസായെയും കുടുംബത്തെയും വത്തിക്കാനിലേക്ക് കൂട്ടിയത്. അങ്ങനെയാണ് മറ്റ് രണ്ടു കുടുംബങ്ങള്‍ക്കൊപ്പം ഇവരും വത്തിക്കാനിലെത്തിയത്. മുസ്ലീമായതുകൊണ്ടല്ല ഈ കുടുംബങ്ങളെ വത്തിക്കാനിലേക്ക് കൂട്ടിയത് എന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പത്രലേഖകരോട് പറഞ്ഞിരുന്നു. അവരുടെ പേപ്പറുകള്‍ ശരിയായിരുന്നു.

അവിശ്വസനീയമായിരുന്നു പോപ്പ് ഞങ്ങളെ തിരഞ്ഞെടുത്തത് എന്നാണ് സുഹൈലയുടെ പ്രതികരണം. അദ്ദേഹം ഞങ്ങളുടെ ജീവിതം രക്ഷിച്ചു. അദ്ദേഹം ഒരു മാലാഖയാണ്. തന്റെ കുഞ്ഞുങ്ങളുടെ ജീവന്‍രക്ഷിച്ച പിതാവാണ്. സുഹൈലയ്ക്ക് മാര്‍പാപ്പയെക്കുറിച്ച് പറയാന്‍ നൂറ് നാവ്. അഭയാര്‍ത്ഥികള്‍ വെറും നമ്പറല്ല അവര്‍ക്ക് മുഖമുണ്ട്, പേരുണ്ട്, കഥകളുണ്ട്. അതുകൊണ്ട് അവരെ അതുപോലെ പരിഗണിക്കണം എന്നായിരുന്നു ഏപ്രില്‍ 16 ലെ പോപ്പിന്റെ ട്വീറ്റ്. 

മറ്റേതൊരു മുസ്ലീം മതനേതാവിനെക്കാളും അറബ് നേതാവിനെക്കാളും വലിയ ആളാണ് ഫ്രാന്‍സിസ് മാര്‍പാപ്പയെന്നും അദ്ദേഹം വളരെ പ്രധാനപ്പെട്ട കാര്യങ്ങളാണ് ഞങ്ങള്‍ക്ക് വേണ്ടി ചെയ്തതെന്നും നൂര്‍ എസാ പറയുന്നു. അദ്ദേഹം യഥാര്‍ത്ഥ മനുഷ്യസനേഹിയാണ്. അദ്ദേഹം മറ്റാരെയും പോലെയല്ല. ഫ്രാന്‍സിസ് മാര്‍പാപ്പ ലോക സമാധാനത്തിന്റെ പിതാവാണ്. സമാധാനത്തിന് യാതൊരു മതവുമില്ല. തനിക്ക് ഇറ്റാലിയന്‍ ജനതയോട് പറയാനുള്ളത് ഇതാണെന്ന് നൂര്‍ എസാ പറയുന്നു, ഞങ്ങള്‍ നിങ്ങളെപോലെ സാധാരണക്കാരാണ്. ഞങ്ങള്‍ ഭീകരരല്ല, ജിഹാദികളല്ല..യുദ്ധം മൂലമാണ് ഞങ്ങള്‍ രാജ്യം വിട്ടുപോന്നത്.ഞങ്ങള്‍ നിങ്ങളെ സ്‌നേഹിക്കുന്നു.

കടപ്പാട് : hrudayavayal.com