വത്തിക്കാന്‍ സിറ്റി: ഗ്രീക്ക് ദ്വീപായ ലെസ്‌ബോസില്‍നിന്ന് ഫ്രാന്‍സിസ് പാപ്പ മടങ്ങിയത് വെറും കൈയ്യോടെയല്ല. താന്‍ പോകുന്ന വിമാനത്തില്‍ അഭയാര്‍ത്ഥികളായി വിഷമിച്ച മൂന്ന് മുസ്ലീം കുടുംബങ്ങളിലെ 12 പേരെ കൂടെക്കൂട്ടി പാപ്പ. അവര്‍ക്ക് വത്തിക്കാനില്‍ എല്ലാവിധ സഹായവും താമസവും ഒരുക്കുമെന്ന് പാപ്പ. ലോകമനസാക്ഷിയെ ചലിപ്പിച്ച പ്രവര്‍ത്തിയായി ഫ്രാന്‍സിസ് പാപ്പയുടെ ഈ ധീരത.

ഗ്രീക്ക് ദ്വീപായ ലെസ്‌ബോസില്‍നിന്ന് സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയ ഫ്രാന്‍സിസ് പാപ്പ അഭയാര്‍ത്ഥികളോടുള്ള തന്റെ സ്‌നേഹം അക്ഷരാര്‍ത്ഥത്തില്‍ പ്രകടിപ്പിച്ചു. ലോകം മുഴുവനും ചുറ്റിസഞ്ചരിച്ച് വീടും ബന്ധങ്ങളും നഷ്ടപ്പെട്ടവര്‍ക്കുവേണ്ടി സംസാരിക്കുക മാത്രമല്ല താന്‍ ചെയ്യുന്നതെന്നുള്ള പാപ്പയുടെ ഉച്ചത്തിലുള്ള പ്രഘോഷണമായി അത്. ഇന്നുവരെ ഒരു മാര്‍പാപ്പയും ചെയ്യാത്ത പ്രവൃത്തിയായി അത്. 12 അഭയാര്‍ത്ഥികളെ തന്റെ യാത്രാവിമാനത്തില്‍ കയറ്റി വത്തിക്കാനിലേക്ക് കൊണ്ടുപോയി അവിടെ താമസിക്കുവാന്‍ അവര്‍ക്ക് ക്രമീകരണങ്ങളൊരുക്കിയാണ് പാപ്പ മാതൃക കാട്ടിയത്.

'അഭയാര്‍ത്ഥികളില്‍പെട്ട മൂന്ന് കുടുംബങ്ങളെയാണ് പാപ്പ വത്തിക്കാനിലേക്ക് കൊണ്ടുപോയത്. ഇവര്‍ മുസ്ലീം വിശ്വാസികളാണ്. ആറുപേര്‍ കുട്ടികള്‍. രണ്ടു കുടുംബങ്ങള്‍ ഡമാസ്‌കസില്‍നിന്നും ഒന്ന് ഡെയ്ര്‍ അസോറില്‍നിന്നും. ഐസിസ് ഭീകരതയുടെ കാഠിന്യം മൂലം ഒളിച്ചോടേണ്ടി വന്ന കുടുംബങ്ങളെയാണ് പാപ്പ കൂടെക്കൂട്ടിയത്. അവരുടെ വീടുകള്‍ ബോംബാക്രമണത്തില്‍ തകര്‍ക്കപ്പെട്ടിരുന്നു.' വത്തിക്കാന്‍ ഔദ്യോഗിക പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

നറുക്കെടുപ്പിലൂടെയാണ് മൂന്ന് കുടുംബങ്ങളെയും തിരഞ്ഞെടുത്തത് എന്നതിനാല്‍ യാതൊരു പക്ഷപാതവും കാട്ടിയെന്ന പരാതിയില്ല. ഗ്രീക്ക്, ഇറ്റാലിയന്‍ ഇമ്മിഗ്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റുകളും ഈ സത്പ്രവര്‍ത്തിക്ക് ചുക്കാന്‍ പിടിച്ചു. ഏപ്രില്‍ 16 നായിരുന്നു ഫ്രാന്‍സിസ് പാപ്പയുടെ ഗ്രീസ് യാത്ര. കോണ്‍സ്റ്റാന്റിനോപ്പിളിലെ എക്യുമെനിക്കല്‍ പാത്രിയര്‍ക്കീസ് ബര്‍ത്തലോമിയോ ഒന്നാമനും, ഗ്രീസിന്റെയും ഏഥന്‍സിന്റെയും ആര്‍ച്ച്ബിഷപ് ഐറേണിമോസും, പാപ്പമനോളിസിലെ ആര്‍ച്ച്ബിഷപ് ഫ്രാങ്കിസ്‌കോസും പാപ്പയോടൊപ്പം അഭയാര്‍ത്ഥികളെ സന്ദര്‍ശിക്കുവാനെത്തിയിരുന്നു. ദാരിദ്ര്യവും അക്രമവും മൂലം വലയുന്ന കുടുംബങ്ങളെ സന്ദര്‍ശിക്കുകയായിരുന്നു ലക്ഷ്യം.

2015 ല്‍ മാത്രം ഐസിസ് ഭീകരതയുടെയും മറ്റ് പ്രശ്‌നങ്ങളുടെയും പേരില്‍ യൂറോപ്പിലേക്ക് പലായനം ചെയ്തവര്‍ 1 മില്യണില്‍ കൂടുതലുണ്ട്. യൂറോപ്യന്‍ യൂണിയനെപ്പോലും ഈ അഭയാര്‍ത്ഥി പ്രവാഹം അങ്കലാപ്പിലാക്കിയിരുന്നു. എങ്കിലും ഏതുവിധേനയും അഭയാര്‍ത്ഥികള്‍ക്കായി വാതില്‍തുറക്കപ്പെടണമെന്ന് ഫ്രാന്‍സിസ് പാപ്പ നിരന്തരം അന്താരാഷ്ടസമൂഹത്തോട് ആവശ്യപ്പെട്ടിരുന്നു. വത്തിക്കാന്‍ ഈ മൂന്ന് കുടുംബങ്ങളുടെയും എല്ലാ ചിലവുകളും വഹിക്കുകയും അവരുടെ താമസസൗകര്യവും കുട്ടികളുടെ വിദ്യാഭ്യാസവും ഏറ്റെടുക്കുകയും ചെയ്യും.

പാപ്പയുടെ കൂടെ യാത്രയായവരില്‍ ഹസനും നൂറും വിവാഹിതരായവരാണ്. രണ്ടുവയസ്സുള്ള കുട്ടിയുണ്ട്. അവര്‍ രണ്ടുപേരും ഡമാസ്‌കസില്‍നിന്നുള്ള എന്‍ജിനിയര്‍മാരുമാണ്. തങ്ങളുടെ രാജ്യത്ത് ബോംബാക്രമണം ശക്തമായപ്പോള്‍ ടര്‍ക്കിയിലേക്ക് പലായനം ചെയ്ത അവര്‍ പിന്നീടാണ് ലെസ്‌ബോസില്‍ എത്തിയത്. മറ്റൊരു കുടുംബം റാമിയും സുഹിലയും. മൂന്ന് കുഞ്ഞുങ്ങളുണ്ട് അവര്‍ക്ക്. ഇസ്ലാമിക് ഭീകരര്‍ സിറിയ ആക്രമിച്ചപ്പോള്‍ പലായനം ചെയ്തവര്‍. റാമി അധ്യാപകനും സുഹില വസ്ത്രം ഡിസൈന്‍ ചെയ്യുന്ന ജോലിയിലുമായിരുന്നു. 2016 ഫെബ്രുവരി മാസത്തിലാണ് അവര്‍ ഗ്രീസിലെത്തിയത്. മറ്റൊരു കുടുംബം ഓസാമയും വാഫയും. അവര്‍ക്ക് രണ്ടുകുട്ടികള്‍. ഈ കുട്ടികള്‍ ഭയംമൂലം ചിലപ്പോഴൊക്കെ സംസാരശേഷി നഷ്ടപ്പെട്ടവരായി കാണുന്നു. അത്രയേറെ ഭീകരമായിരുന്നു അവര്‍ നേരിട്ട ബോംബാക്രമണത്തിന്റെ അലയൊലികള്‍.

കടപ്പാട് : in.sundayshalom.com