യമനിലെ ഏഡനില്‍ നിന്നും ഇസ്ലാമിക് ഭീകരര്‍ തട്ടികൊണ്ടു പോയ സലേഷ്യന്‍ പുരോഹിതന്‍, ഫാദര്‍ തോമസ് ഉഴുന്നാലിലിനെ വിട്ടയക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ഞായറാഴ്ച്ചത്തെ പ്രഭാഷണത്തില്‍, അതിന് ഉത്തരവാദികളായവരോട് അഭ്യര്‍ത്ഥിച്ചു. 

കലാപബാധിതമായ യെമനിലെ ഏഡനില്‍ പ്രവര്‍ത്തിക്കുന്ന മിഷിനറീസ് ഓഫ് ചാരിറ്റിയുടെ കെയര്‍ ഹോമില്‍, മാര്‍ച്ച് 4 ാം തിയതി കടകട ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ നാലു സന്യാസിനികളടക്കം 16 പേര്‍ കൊല്ലപ്പെടുകയും ഫാദര്‍ ഉഴുന്നാലിനെ തട്ടികൊണ്ടു പോവുകയും ചെയ്തിരുന്നു. 'വിശുദ്ധവാരത്തില്‍ ഫാദര്‍ ഉഴുന്നാലില്‍ കുരിശിലേറ്റപ്പെടും' എന്ന വാര്‍ത്ത പ്രചരിച്ചതോടെ, സംഭവം അന്താരാഷ്ട്ര സമൂഹത്തിനു മുന്നിലെത്തി. ഉടനെ ഇന്ത്യാ ഗവണ്‍മെന്റ് ഇടപെടുകയും, വൈദികന്‍ ജീവിച്ചിരിക്കുന്നു എന്ന് ഉറപ്പു വരുത്തുകയും ചെയ്തു. ഗവണ്‍മെന്റും സഭാ നേതൃത്വവും അദ്ദേഹത്തിന്റെ മോചനത്തിനു വേണ്ടിയുള്ള ശ്രമം തുടരുകയാണ്. 

ഉത്ഥിതനായ ക്രിസ്തു നല്കുന്ന പ്രത്യാശയില്‍, ഫാദര്‍ ടോമിനെയും മദ്ധ്യപൂര്‍വ്വദേശത്തുള്ള കലാപഭൂമികളില്‍ ഇസ്ലാമിക് ഭീകരര്‍ തട്ടികൊണ്ടു പോയിട്ടുള്ള മറ്റുള്ളവരേയും വിട്ടയക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ അന്നത്തെ സുവിശേഷഭാഗം പരാമര്‍ശിച്ചു കൊണ്ട് ആവശ്യപ്പെട്ടു. യേശു ഉയിര്‍ത്തെഴുന്നേറ്റതിനു ശേഷം, ഗലീലിയായില്‍ തന്റെ ശിഷ്യന്മാര്‍ക്ക് പ്രത്യക്ഷപ്പെട്ടത് വിവരിക്കുന്ന സുവിശേഷ ഭാഗം വിശദീകരിച്ചുകൊണ്ട് പിതാവ് പറഞ്ഞു. 'അവരെല്ലാം സ്വന്തം തൊഴിലിലേക്കു തിരിച്ചു പോയി. രാത്രി മുഴുവന്‍ വലയിട്ടിട്ടും അവര്‍ക്കൊന്നും ലഭിച്ചില്ല. ഒരര്‍ത്ഥത്തില്‍, ശൂന്യമായ വല, ശിഷ്യന്മാരുടെ മനസിന്റെ പ്രതീകമായിരുന്നു. അവര്‍ എല്ലാം ഉപേക്ഷിച്ച് യേശുവിന്റെ കൂടെ ചേര്‍ന്നവരാണ്. 'യേശു മരിച്ചു; ഇനിയെന്ത്?' അവരെല്ലാം സ്വയം ചോദിച്ച ചോദ്യം അതായിരുന്നു. 

ആ സമയത്താണ് യേശു അവര്‍ക്ക് പ്രത്യക്ഷപ്പെടുന്നത്. ഒന്നുകൂടി വലയിറക്കാന്‍ കരയില്‍ നിന്ന യേശു അവരോട് പറഞ്ഞു. അത് യേശുവാണെന്ന് അവര്‍ക്ക് മനസിലായില്ലായിരുന്നു. പക്ഷേ അവര്‍ വീണ്ടും വലയിറക്കി. വലപൊക്കിയപ്പോള്‍, അത് കീറി പോകത്തക്കവിധം വല നിറയെ മീന്‍ ലഭിച്ചു. അപ്പോഴാണ്, അവര്‍ യേശുവിനെ തിരിച്ചറിഞ്ഞത്. അത്യന്തം അഹ്‌ളാദത്തോടെ അവര്‍ കരയിലേക്ക് കുതിക്കുന്നു. പത്രോസാകട്ടെ, ഉയിര്‍ത്തെഴുന്നേറ്റ തന്റെ കര്‍ത്താവിനെ കണ്ട് ആഹ്‌ളാദം അടക്കാനാവാതെ, കടലിലേക്ക് ചാടി കരയിലേക്ക് നീന്തുകയാണ്! 

ഈസ്റ്ററിന്റെ എല്ലാ ആകാംക്ഷയും വിശ്വാസവും യേശുശിഷ്യന്മാരുടെ ഈ പ്രവര്‍ത്തികളില്‍ അടങ്ങിയിരിക്കുന്നു. യേശുവിന്റെ കുരിശുമരണത്തെ തുടര്‍ന്നുണ്ടായ എല്ലാ നിരാശയും നിസ്സഹായതയും അതോടെ അപ്രത്യക്ഷമാകുന്നു. ഉയിര്‍ത്തെഴുന്നേറ്റ യേശു എല്ലാം രൂപാന്തരപ്പെടുത്തുന്നു! ആ പ്രകാശത്തില്‍ അന്ധകാരം നീങ്ങി; അപ്പോള്‍ ഫലരഹിതമായ അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഫലമുണ്ടായി; നിരാശയും ക്ഷീണവും വിട്ടൊഴിഞ്ഞു. യേശു നമ്മോടു കൂടെയുണ്ട് എന്നറിഞ്ഞപ്പോള്‍ ശിഷ്യര്‍ ആഹ്‌ളാദഭരിതരായി. തിന്മയുടെയും ദുരിതങ്ങളുടെയും അന്ധകാരം നമ്മുടെ ജീവിതത്തിലെ പ്രകാശത്തെ ഇല്ലാതാക്കുന്നുവെന്ന് നാം ഭയപ്പെടുന്നുണ്ട്. പക്ഷേ യേശു നമ്മുടെയെല്ലാം ജീവിതത്തില്‍ പ്രകാശം തിരിച്ചു കൊണ്ടുവരും എന്ന ഉറപ്പാണ് ഈസ്റ്റര്‍ നമുക്ക് നല്‍കുന്നത്.' 

'ഈസ്റ്റര്‍ പ്രകാശത്തിന്റെ സന്ദേശമാണ്. കഷ്ടപ്പെടുന്നവര്‍ക്കും ഏകാന്തതയില്‍ തള്ളപ്പെട്ടവര്‍ക്കും ദുരന്തങ്ങളിലൂടെ ജീവികുന്നവര്‍ക്കും ഈസ്റ്ററിന്റെ പ്രത്യാശയും പ്രകാശവും സാന്ത്വനമേകട്ടെ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം.' ഉത്ഥിതനായ ക്രിസ്തു നല്കുന്ന ഈ പ്രത്യാശമൂലം, ഫാദര്‍ ടോമിനെയും കലാപഭൂമികളില്‍ ഇസ്ലാമിക് ഭീകരര്‍ തട്ടികൊണ്ടു പോയിട്ടുള്ള മറ്റുള്ളവരേയും വിട്ടയക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ അഭ്യര്‍ത്ഥിച്ചു. 

'യേശുവിന്റെ സ്‌നേഹവും കരുണയും നമ്മുടെ ജീവിതം പ്രകാശപൂര്‍ണ്ണമാക്കട്ടെ.' എന്ന ആശംസയോടെ പിതാവ് പ്രഭാഷണം അവസാനിപ്പിച്ചു.

കടപ്പാട് : അഗസ്റ്റസ് സേവ്യര്‍, pravachakasabdam.com