ഇന്നത്തെ ധ്യാനം :  നമ്മുടെ ബുദ്ധിക്ക് നല്ലതെന്ന് തോന്നുന്നതല്ല, പ്രത്യുത, ദൈവം നമുക്ക് അനുവദിച്ചുതരുന്നതാണ് യഥാര്‍ത്ഥനന്മ. സ്വന്തം ബുദ്ധിയെക്കാളും അഭിലാഷങ്ങളെക്കാളും ദൈവശബ്ദത്തിന് പ്രാധാന്യം കൊടുക്കുന്നവന് മാത്രമേ ദൈവാനുഗ്രഹത്തിന്റെ വഴികള്‍ തുറന്നുകിട്ടുകയുള്ളൂ.

ദൈവത്തെ സ്‌നേഹിക്കുന്നവര്‍ക്ക്, അവിടുത്തെ പദ്ധതിയനുസരിച്ചു വിളിക്കപ്പെട്ടവര്‍ക്ക്, അവിടുന്നു സകലവും നന്‍മയ്ക്കായി പരിണമിപ്പിക്കുന്നുവെന്നു നമുക്കറിയാമല്ലോ (റോമാ 8:28).ദൈവത്തെ സ്‌നേഹിക്കുന്നവര്‍ക്ക്...സകലതും നന്മയ്ക്കായി പരിണമിപ്പിക്കുന്നുവെന്ന്' (റോമ 8:28) വിശ്വാസിക്ക് അറിയാം. വിശുദ്ധ അഗസ്തീനോസ് പറയുന്നതുപോലെ 'വിശ്വസിക്കുന്നത് വഴി അവര്‍ തങ്ങളെ തന്നെ ശക്തിപ്പെടുത്തും' ദൈവത്തില്‍ നിത്യവിശ്രമം കണ്ടെത്താനുള്ള യാത്രയാണ് ഓരോ വിശ്വാസിയുടെയും ജീവിതം. ആ വിശ്രമത്തിലേക്കുള്ള വാതിലായ മരണം എങ്ങനെ, എപ്പോള്‍ സംഭവിക്കുന്നു എന്നത് വലിയ കാര്യമൊന്നുമല്ല. മാനുഷികമായി ചിന്തിക്കുമ്പോള്‍ ദുരന്തങ്ങളും തത്ഫലമായി ഉണ്ടാകുന്ന ജീവഹാനിയുമെല്ലാം വേദനാജനകമാണ്. എന്നാല്‍ ദൈവസന്നിധിയില്‍ നിത്യഭാഗ്യത്തിലേക്കുള്ള വീണ്ടെടുപ്പായിതിനെ കാണുമ്പോള്‍ ദു:ഖത്തിന് തെല്ലും അവകാശമില്ല. വാസ്തവത്തില്‍ വിശ്വസിക്കുന്നതിന്റെ പ്രാധാന്യവും ശക്തിയും ബോധ്യപ്പെടാനുമുള്ള അവസരങ്ങളാണ് ദുരന്തങ്ങള്‍ നല്കുന്നത്. ഈ ഓശാന ദിനത്തില്‍ നാം ധ്യാനിക്കുന്നത് ഇതെക്കുറിച്ചായിരിക്കട്ടെ.

2012 ഓഗസ്റ്റ് ആറ്.
പതിവുപോലെ കോഴിക്കോട് ജില്ലയിലെ പുല്ലൂരാംപാറയില്‍ ചെറുശേരി മലയില്‍ താമസിക്കുന്ന ബിജു ജോലിക്കായി മലയിറങ്ങി. ചെറിയ തോതില്‍ മരക്കച്ചവടം നടത്തുകയാണ് ബിജു. ജോലിക്കാര്‍ക്കൊപ്പം മരം മുറിക്കാനും ലോറിയില്‍ കയറ്റാനുമൊക്കെ സഹായിക്കും. ഉച്ചകഴിഞ്ഞതോടെ ലോറിയില്‍ തടി കയറ്റി വില്‍പ്പനസ്ഥലത്തേക്ക് യാത്രയായി. ഈ സമയം ശക്തമായ മഴ പെയ്യുന്നുണ്ടായിരുന്നു. മഴയുടെ ശക്തി അധികം വൈകാതെ വര്‍ദ്ധിച്ചു. യാത്രാമധ്യേ ബിജുവിന് ഒരുള്‍വിളി. വീട്ടിലേക്കൊന്ന് വിളിക്കണമെന്ന്. ഭാര്യ ലിസയോട് കുട്ടികളെയും മാതാപിതാക്കളെയും കൂട്ടി ബിജുവിന്റെ മൂത്തസഹോദരന്‍ താമസിക്കുന്ന പുല്ലൂരാംപാറയിലുള്ള സാബുവിന്റെ വീട്ടിലേക്ക് എത്രയും വേഗം പോകാനായിരുന്നു നിര്‍ദ്ദേശം. അതെന്താണ് അങ്ങനെ പറയാന്‍ തോന്നിയതെന്ന് എത്ര ആലോചിച്ചിട്ടും ഇന്നും ബിജുവിന് മനസിലാകുന്നില്ല. അപ്പോള്‍ സമയം 4.30 കഴിഞ്ഞിട്ടുണ്ടാകും.

50 വര്‍ഷങ്ങളായി കോഴിക്കോട് പുല്ലൂരാംപാറയ്ക്ക് സമീപത്തുള്ള ചെറുശേരിമലയില്‍ താമസിക്കുകയാണ് തുണ്ടത്തില്‍ കുടുംബം. നന്നായി മഴ പെയ്തിരുന്ന, കാലവര്‍ഷത്തിലാരംഭിച്ച് തുലാവര്‍ഷത്തോടെ അവസാനിക്കുന്ന മഴക്കാലം ധാരാളം കണ്ട ചെറുശേരി മലയിലെ താമസക്കാര്‍ക്ക് എന്തെങ്കിലും അപകടസാധ്യതയുള്ളതായി അന്ന് തോന്നിയില്ല. പോരെങ്കില്‍, നന്നായി പെയ്യേണ്ട ജൂണ്‍ജൂലൈ മാസങ്ങളില്‍ മഴ പെയ്തിട്ടുമില്ലല്ലോ? കനത്തതെങ്കിലും ഒറ്റപ്പെട്ട ഒരു മഴയില്‍ പ്രത്യേകിച്ച് എന്ത് സംഭവിക്കാനാണ്?

ബിജു പറഞ്ഞതനുസരിച്ച് ലിസ ചാച്ചനോട് സാബുവിന്റെ വീട്ടിലേക്ക് പോകാമെന്ന് പറഞ്ഞെങ്കിലും അദ്ദേഹം മടിച്ചു. വീട്ടുസാധനങ്ങള്‍ വാങ്ങാനും മറ്റാവശ്യങ്ങള്‍ക്കുമായി പുല്ലൂരാംപാറ അങ്ങാടിയില്‍ പോയി അപ്പോള്‍ വീട്ടിലേക്ക് വന്നതേയുണ്ടായിരുന്നുള്ളൂ അപ്പോഴദ്ദേഹം. മല കയറി വന്ന ക്ഷീണവും മഴയുടെ കുളിരുംകൊണ്ട് ശരീരത്തിന് വല്ലാതെ ക്ഷീണം തോന്നിയതുകൊണ്ട് ഒന്ന് കിടക്കാനാണ് അദ്ദേഹം ആഗ്രഹിച്ചത്.50 വര്‍ഷങ്ങളായി ഈ മലയുടെയും മണ്ണിന്റെയും മനസറിയുന്ന തുണ്ടത്തില്‍ ജോസഫ്, ആശങ്കയേതുമില്ലാതെ കട്ടിലിലേക്ക് ചാഞ്ഞു.

ചാച്ചന്‍ സാബുവിന്റെ വീട്ടിലേക്ക് പോകാതെ ചെറുശേരിമലയില്‍ തന്നെ കഴിയുകയാണെന്ന് മനസിലാക്കിയ ബിജു, ജ്യേഷ്ഠന്‍ സാബുവിനോട് മലയില്‍ പോയി എല്ലാവരെയും സാബുവിന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരാന്‍ വീണ്ടും പറഞ്ഞു. ഇതനുസരിച്ച് സാബു ഉടന്‍ പുറപ്പെട്ടു. ചെറുശേരിമലയിലെ വീടിന്റെ അടുത്തെത്താന്‍ നൂറുമീറ്റര്‍ ദൂരം കൂടിയുണ്ട്. പെട്ടെന്ന് വലിയ സ്‌ഫോടനത്തിന്റെയോ ഇടിമുഴക്കത്തിന്റെയോ എന്ന് തിരിച്ചറിയാനാവാത്ത ഉഗ്രശബ്ദം മുഴങ്ങി. ഭൂമി പ്രകമ്പനംകൊണ്ടു. വളവ് തിരിഞ്ഞ് എത്തിയ സാബു സ്തംബ്ധനായിപ്പോയി. തറവാടിരുന്ന സ്ഥലം ശൂന്യം! രണ്ടേക്കര്‍ പരന്ന സ്ഥലത്തിനു നടുവില്‍ വലിയ ഗര്‍ത്തം. ഇരു കരകളിലുമായി മതില്‍പോലെ അവശേഷിച്ചത് അല്പം ഭൂമിമാത്രം.

തുണ്ടത്തില്‍ ജോസഫ്, ഭാര്യ ഏലിക്കുട്ടി, ബിജുവിന്റെ ഭാര്യ ലിസ, മക്കളായ അലന്‍, ജോയല്‍ എല്ലാവരും എങ്ങോ പോയ്മറഞ്ഞു, വെറും ഒറ്റ നിമിഷത്തിനുള്ളില്‍. സാമാന്യം നല്ല വീടായിരുന്നു ഇവരുടേത്. അത്യാവശ്യം വേണ്ട വീട്ടുപകരണങ്ങള്‍ എല്ലാമുണ്ടായിരുന്നു. ശാന്തിയും സമാധാനവുമുള്ള വീടായിരുന്നു. ചിട്ടയായ കുടുംബപ്രാര്‍ത്ഥനയുമുണ്ടായിരുന്നു. ഞായറാഴ്ച കുര്‍ബാന മുടക്കമില്ലാതെ കൂടുന്നതിലും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ബിജുവിന്റെ ഭാര്യ ലിസ കോണ്‍വെന്റില്‍ വളര്‍ന്ന ആധ്യാത്മികതയുള്ള പെണ്‍കുട്ടിയായിരുന്നു.

ദൈവപരിപാലന എന്നും തനിക്കും കുടുംബത്തിനും ഉണ്ടായിരുന്നുവെന്ന് ബിജു പറയുന്നു. ബിജുവിന്റെ കുട്ടികള്‍ അലനും ജോയലും മാസം തികയാതെ പിറന്നവരായിരുന്നു. അലന്‍ ഏഴാം മാസത്തിലും ജോയല്‍ എട്ടാം മാസത്തിലുമാണ് ജനിച്ചത്. രണ്ടു കുട്ടികളെയും സംരക്ഷിക്കാന്‍ ഏറെ കഷ്ടപ്പെടേണ്ടിവന്നു. ചെറുശേരി മലയില്‍ വൈദ്യുതി ഇല്ലാതിരുന്നതുകൊണ്ട് ആനക്കാംപൊയിലില്‍ വീട് വാടകയ്‌ക്കെടുത്ത് കുട്ടികള്‍ വളര്‍ച്ചയെത്തുന്നതുവരെ അവിടെയാണ് അവര്‍ താമസിച്ചത്. മാസംതികയുംമുമ്പ് ജനിച്ചവരാണെങ്കിലും കുട്ടികള്‍ നല്ല ആരോഗ്യമുള്ളവരായിരുന്നു. അലന് മൂന്നര വയസും ജോയലിന് ഒന്നര വയസുമായിരുന്നു പ്രായം. അവരുടെ 'അപ്പാ' എന്നുള്ള വിളിയും പ്രാര്‍ത്ഥന കഴിഞ്ഞുള്ള സ്തുതിചൊല്ലലും അദ്ദേഹത്തിന് മറക്കാനാവുന്നില്ല. എല്ലാം നഷ്ടപ്പെട്ടു കഴിഞ്ഞപ്പോഴും ദൈവം തന്നെ കൈവിട്ടിട്ടില്ല എന്ന പ്രതീക്ഷയാണ് അദ്ദേഹത്തിന്റെ വാക്കുകളിലുടനീളം നിറഞ്ഞ് നിന്നത്.

'നല്ല മാതാപിതാക്കള്‍, സഹോദരങ്ങള്‍, ഭാര്യ, മക്കള്‍ എല്ലാം തന്ന് ദൈവം എന്നെ ധാരാളം അനുഗ്രഹിച്ചു. അവരിലൂടെ എനിക്ക് അളവില്ലാത്ത വിധം ദൈവാനുഗ്രഹവും ലഭിച്ചു. എല്ലാം നല്‍കിയ ദൈവം അതെന്നോട് ഒടുവില്‍ തിരികെ ചോദിച്ചു. ഞാനത് അംഗീകരിക്കാതിരിക്കുന്നതെങ്ങനെ? മരിച്ചുപോയ പ്രിയപ്പെട്ടവരെ ദൈവം കൈവിട്ടു എന്ന് പറയാന്‍ കഴിയുന്നതെങ്ങനെ? ദൈവസന്നിധിയിലെ നിത്യഭാഗ്യത്തിലേക്ക് അവരെ കൂട്ടിക്കൊണ്ടുപോവുകയാണ് ചെയ്തത്. ഈ വിശ്വാസം മറ്റെന്തിനേക്കാളും സമാശ്വാസം നല്‍കുന്നതാണ്. ഏറ്റവും പ്രിയപ്പെട്ടവരെല്ലാം എന്നേക്കുമായി നശിച്ചുപോയി എന്നത് ദുഃഖവും നിരാശയും ഉളവാക്കുന്ന ചിന്തയാണ്.'

തുടര്‍ച്ചയായി വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്ത് സിമിത്തേരിയില്‍ പോയി എന്നും പ്രാര്‍ത്ഥിക്കുകയാണ് ബിജു, വിശ്വാസം നല്‍കുന്ന വലിയ പ്രത്യാശയുമായി...'അല്പകാലത്തേക്ക് വിവിധ പരീക്ഷകള്‍ നിമിത്തം നിങ്ങള്‍ക്ക് വ്യസനിക്കേണ്ടിവന്നാലും അതില്‍ ആനന്ദിക്കുവിന്‍. കാരണം, അഗ്‌നിശോധനയെ അതിജീവിക്കുന്ന നശ്വരമായ സ്വര്‍ണത്തെക്കാള്‍ വിലയേറിയതായിരിക്കും പരീക്ഷകളെ അതിജീവിക്കുന്ന നിങ്ങളുടെ വിശ്വാസം. അത് യേശുക്രിസ്തുവിന്റെ പ്രത്യാഗമനത്തില്‍ സ്തുതിക്കും മഹത്വത്തിനും ബഹുമാനത്തിനും ഹേതുവായിത്തീരും. അങ്ങനെ വിശ്വാസത്തിന്റെ ഫലമായി ആത്മാവിന്റെ രക്ഷ നിങ്ങള്‍ പ്രാപിക്കുകയും ചെയ്യുന്നു.' (1 പത്രോസ് 1:69). ഈ വിശ്വാസം നിശബ്ദമായി ഏറ്റുപറയുന്നതാണ് ബിജുവിന്റെ വിശ്വാസം.

ദൈവത്തെ സ്‌നേഹിക്കുന്നവര്‍ക്ക്, അവിടുത്തെ പദ്ധതിയനുസരിച്ചു വിളിക്കപ്പെട്ടവര്‍ക്ക്, അവിടുന്നു സകലവും നന്‍മയ്ക്കായി പരിണമിപ്പിക്കുന്നുവെന്നു നമുക്കറിയാമല്ലോ (റോമാ 8:28).

കടപ്പാട് : in.sundayshalom.com