മനുഷ്യനായി അവതരിച്ച പുത്രനായ ദൈവമാണ് യേശു. അതിനാല്‍ യേശു ഒരേ സമയം ദൈവവും മനുഷ്യനുമായിരുന്നു. യേശുവില്‍ ദൈവസ്വഭാവവും മനുഷ്യസ്വഭാവവും ഉണ്ടായിരുന്നു. ചില കാര്യങ്ങള്‍ യേശു ചെയ്തത് ദൈവം എന്ന നിലയിലാണ്. മറ്റു ചില കാര്യങ്ങള്‍ ചെയ്തത് മനുഷ്യന്‍ എന്ന നിലയിലാണ്. ദൈവത്തിന്റെ ശക്തി ഉപയോഗിച്ച് യേശു ചെയ്ത ചില കാര്യങ്ങള്‍ ആദ്യം പരിശോധിക്കാം.

യേശു അനേകം അത്ഭുതങ്ങള്‍ ചെയ്തിട്ടുണ്ട്. അതെല്ലാം ദൈവം എന്ന ശക്തി ഉപയോഗിച്ചുകൊണ്ടാണ്. ചില ഉദാഹരണങ്ങള്‍. മത്തായി 4:23-24. യേശു സിനഗോഗുകളില്‍ പഠിപ്പിച്ചും സുവിശേഷം പ്രസംഗിച്ചും ജനങ്ങളുടെ രോഗങ്ങളും വ്യാധികളും സുഖപ്പെടുത്തിയും ഗലീലി മുഴുവന്‍ ചുറ്റി സഞ്ചരിച്ചു. രോഗികളെയും വിവിധ വ്യാധികളാലും വ്യഥകളാലും അവശരായവരെയും പിശാചുബാധിതര്‍, അപസ്മാര രോഗികള്‍, തളര്‍വാതക്കാര്‍ എന്നിവരെയും അവര്‍ അവന്റെ അടുത്ത് കൊണ്ടുവന്നു. അവന്‍ അവരെ സുഖപ്പെടുത്തി.

മത്തായി 
8:1  യേശു കുഷ്ഠരോഗിയെ സുഖപ്പെടുത്തുന്നു.
8:15 ശതാധിപന്റെ ഭൃത്യനെ സുഖപ്പെടുത്തുന്നു.
8:14 പത്രോസിന്റെ അമ്മായിയമ്മയെ സുഖപ്പെടുത്തുന്നു.
8:23 കൊടുങ്കാറ്റിനെ ശാന്തമാക്കുന്നു.
8:28 പിശാചുബാധിതരെ സുഖപ്പെടുത്തുന്നു.
9:1  തളര്‍വാതരോഗിയെ സുഖപ്പെടുത്തുന്നു.
9:18 രക്തസ്രാവക്കാരിയെ സുഖപ്പെടുത്തുന്നു. ജായ്‌റോസിന്റെ മകളെ ഉയിര്‍പ്പിക്കുന്നു.
9:27 അന്ധര്‍ക്ക് കാഴ്ച നല്‍കുന്നു.
9:32 ഊമനെ സുഖപ്പെടുത്തുന്നു.
9:35 രോഗങ്ങളും വ്യാധികളും സുഖപ്പെടുത്തി ചുറ്റി സഞ്ചരിക്കുന്നു.
10:1 അപ്പസ്‌തോലന്മാരെ പിശാചുക്കളെ പുറത്താക്കാനും രോഗികളെ സുഖപ്പെടുത്തുവാനും ശക്തിപ്പെടുത്തി പറഞ്ഞയയ്ക്കുന്നു.
12:22  പിശാചുബാധിതനെ സുഖപ്പെടുത്തുന്നു.
14:13  അഞ്ച് അപ്പം വര്‍ധിപ്പിക്കുന്നു.
14:22  വെള്ളത്തിന് മുകളിലൂടെ നടക്കുന്നു.
14:34  സകല രോഗികളെയും സുഖപ്പെടുത്തുന്നു.
15:21  കാനാന്‍കാരിയുടെ മകളെ സുഖപ്പെടുത്തുന്നു.
15:29  അനേകര്‍ക്ക് രോഗശാന്തി നല്‍കുന്നു.
15:32  അപ്പം വര്‍ധിപ്പിക്കുന്നു.
17:1   യേശു രൂപാന്തരപ്പെടുന്നു.
17:14  അപസ്മാര രോഗിയെ സുഖപ്പെടുത്തുന്നു.
21:20  അന്ധര്‍ക്ക് കാഴ്ച നല്‍കുന്നു.
21:18  അത്തിമരത്തെ ശപിക്കുകയും അത് ഉണങ്ങിപ്പോവുകയും ചെയ്യുന്നു.

മര്‍ക്കോസ് 
1:21  പിശാചുബാധിതരെ സുഖപ്പെടുത്തുന്നു.
3:1   കൈ ശോഷിച്ചവനെ സുഖപ്പെടുത്തുന്നു.
7:31  ബധിരനെ സുഖപ്പെടുത്തുന്നു.
8:22  അന്ധന് കാഴ്ച നല്‍കുന്നു.
10:13 ശിശുക്കളെ അനുഗ്രഹിക്കുന്നു.
10:46 ബര്‍ത്തിമേയൂസിനെ സുഖപ്പെടുത്തുന്നു.

ലൂക്കാ
13:10  കൂനുള്ള സ്ത്രീയെ സുഖപ്പെടുത്തുന്നു.
14:1  മഹോദരരോഗിയെ സുഖപ്പെടുത്തുന്നു.
17:10  കുഷ്ഠരോഗികളെ സുഖപ്പെടുത്തുന്നു.

യോഹന്നാന്‍ 
2:1  വെള്ളം വീഞ്ഞാക്കുന്നു.
5:1  ബെത്‌സഥാ കുളക്കരയില്‍ 38 വര്‍ഷം തളര്‍ന്നു കിടന്ന രോഗിയെ സുഖപ്പെടുത്തുന്നു.
9:1  അന്ധനെ സുഖപ്പെടുത്തുന്നു.
11:1 ലാസറിനെ ഉയിര്‍പ്പിക്കുന്നു.

മേല്‍ വിവരിച്ചതെല്ലാം യേശു പ്രവര്‍ത്തിച്ച അത്ഭുതങ്ങളില്‍ ചിലതാണ്. യേശു ചെയ്ത എല്ലാ കാര്യങ്ങളും എഴുതിയിരുന്നെങ്കില്‍ ആ ഗ്രന്ഥങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ലോകത്തിനുതന്നെ സാധിക്കാതെ വരുമായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത് എന്ന വാചകം എഴുതിക്കൊണ്ടാണ് യോഹന്നാന്‍ തന്റെ സുവിശേഷം അവസാനിപ്പിക്കുന്നത്. (21:25). ഇത്രമാത്രം വൈവിധ്യമാര്‍ന്നതും എണ്ണമറ്റതുമായ അത്ഭുതങ്ങള്‍ യേശു പ്രവര്‍ത്തിച്ചത് ദൈവപുത്രന്‍ എന്ന നിലയിലാണ്; അല്ലാതെ മനുഷ്യന്‍ എന്ന നിലയിലല്ല. എന്നാല്‍, ഇത്രവലിയ അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ച യേശു ചില സമയങ്ങളില്‍ വെറും മനുഷ്യന്റെ സ്വഭാവം ആണ് കാണിച്ചത്. ദൈവസ്വഭാവം അപ്പോള്‍ യേശു കാണിച്ചില്ല. ചില ഉദാഹരണങ്ങള്‍ പരിശോധിക്കാം.

മത്തായി 4:2  40 ദിനരാത്രങ്ങള്‍ യേശു ഉപവസിച്ചു. അപ്പോള്‍ യേശുവിന് വിശന്നു.
യോഹന്നാന്‍ 11:28  ലാസറിന്റെ ശവകുടീരത്തിങ്കല്‍ യേശു കരഞ്ഞു.
യോഹന്നാന്‍ 11:33  യേശു ആത്മാവില്‍ നെടുവീര്‍പ്പിടുകയും അസ്വസ്ഥനാവുകയും ചെയ്തു.
മര്‍ക്കോസ് 11:12 യേശുവിന് വിശന്നു
മത്തായി 2:14 ജോസഫ് മറിയത്തെയും ഉണ്ണിയേശുവിനെയുംകൊണ്ട് ഈജിപ്തിലേക്ക് രക്ഷപ്പെടുന്നു.
മത്തായി 2:23 നസ്രത്ത് എന്ന സ്ഥലത്ത് ഒരു സാധാരണ കുട്ടിയായും യുവാവായും യേശു ജീവിക്കുന്നു; ജോലി ചെയ്യുന്നു.
ലൂക്കാ 2:21 യേശുവിനെ ദൈവാലയത്തില്‍ കാഴ്ചവയ്ക്കുന്നു; പരിഛേദനം ചെയ്യുന്നു.

യേശുവിന്റെ പീഡാസഹനവും കുരിശുമരണവും യേശു സഹിച്ചത് ദൈവപുത്രന്റെ ശക്തിയോടുകൂടിയല്ല; മനുഷ്യനെന്ന നിലയില്‍, മനുഷ്യന്റെ എല്ലാ നിസഹായതകളോടുംകൂടിയാണ്. 24 മണിക്കൂര്‍ സമയത്തിനുള്ളില്‍ യേശു സഹിച്ച അത്രയും സഹിച്ച മറ്റൊരു മനുഷ്യനും ലോകത്തില്‍ കാണുകയില്ല.

എന്തൊക്കെയാണ് സഹിച്ചത്?
- ഗദ്‌സമന്‍ തോട്ടത്തില്‍വച്ച് തീവ്രവേദനയാല്‍ മരണത്തോളം എത്തി (മത്തായി 26:37-38).
- കമിഴ്ന്ന് വീണ് പ്രാര്‍ത്ഥിച്ചു (മത്തായി 26:39)
- വിയര്‍പ്പ് രക്തത്തുള്ളികള്‍പോലെ നിലത്തുവീണു (ലൂക്കാ 27:34).
- യൂദാസ് ഒറ്റിക്കൊടുത്തതിന്റെ വേദന അനുഭവിച്ചു.
- പട്ടാളക്കാര്‍ പിടിച്ചുകൊണ്ടുപോയതിന്റെ വേദന.
- പത്രോസ് തള്ളിപ്പറഞ്ഞതിന്റെ വേദന.
- കാവല്‍ക്കാര്‍ പരിഹസിച്ചു; അടിച്ചു.
- കണ്ണുകള്‍ മൂടിക്കെട്ടി മുഷ്ടികൊണ്ട് ഇടിച്ചു.
- അധിക്ഷേപ വാക്കുകളാല്‍ നിന്ദിച്ചു.
- മുഖത്ത് തുപ്പി.
- ചെകിട്ടത്ത് അടിച്ചു.
- ആ രാത്രിയില്‍ തടവറയില്‍ കഴിഞ്ഞു.
- പ്രധാന പുരോഹിതനായ കയ്യാഫാസിന്റെ സേവകന്‍ അടിച്ചു.
- പത്രോസ് രണ്ടാമതും തള്ളിപ്പറഞ്ഞതിന്റെ വേദന
- ചമ്മട്ടികൊണ്ട് അടിപ്പിച്ചു.
- തലയില്‍ മുള്‍ക്കിരീടം വച്ചു.
- യേശുവിന് പകരം ഭീകരനായ ബറാബാസിനെ വിട്ടയച്ചപ്പോള്‍ തോന്നിയ ദുഃഖം.
- അധികാരികള്‍ കള്ളസാക്ഷികളെ അണിനിരത്തി കള്ളസാക്ഷ്യം പറയിപ്പിച്ചു.
- കുരിശുമരണത്തിന് വിധിക്കപ്പെട്ടു.
- കുരിശും ചുമന്നുകൊണ്ട് ഗാഗുല്‍ത്തായിലേക്ക് നടന്നു.
- വഴിയില്‍ തളര്‍ന്നുവീണു.
- അപ്പോള്‍ മര്‍ദിക്കപ്പെട്ടു.
- നഗ്‌നനാക്കി.
- കുരിശില്‍ തറച്ച് തൂക്കിയിട്ടു.
- ദാഹിച്ചപ്പോള്‍ വെള്ളംപോലും ലഭിച്ചില്ല.
- കുരിശില്‍ കിടക്കുമ്പോള്‍ വഴിപോക്കര്‍ കളിയാക്കി.
- ഇടതുവശത്തു കിടന്ന കള്ളന്‍ നിന്ദിച്ചു.
- മരിച്ചു കഴിഞ്ഞിട്ടും ചങ്കിന് കുത്തു കിട്ടി.
- എന്റെ ദൈവമേ എന്തുകൊണ്ട് എന്നെ ഉപേക്ഷിച്ചുവെന്ന് പിതാവായ ദൈവത്തെ വിളിച്ചു ചോദിക്കുവാന്‍ മാത്രം വേദന സഹിച്ചു.
- എനിക്ക് ദാഹിക്കുന്നുവെന്ന് വിളിച്ചുപറയുവാന്‍ മാത്രം ആത്മരക്ഷയ്ക്ക് വേണ്ടി ദാഹിച്ചു.

അപ്പോള്‍ നോക്കുക: 24 മണിക്കൂറിനകം യേശു സഹിച്ച അത്രയും ലോകത്ത് മറ്റാരും സഹിച്ചിട്ടില്ല. ഈ സഹനം മുഴുവനും മനുഷ്യനെന്ന നിലയിലായിരുന്നു. സഹനത്തിന്റെ തീവ്രത ഇല്ലാതാക്കാനോ ഒഴിവാക്കാനോ ഒരിക്കലും യേശു തന്റെ ദൈവത്വം, ദൈവികശക്തി ഉപയോഗിച്ചില്ല. പത്രോസ് വാള്‍ ഊരി പ്രധാന പുരോഹിതന്റെ സേവകനെ വെട്ടിയപ്പോള്‍ യേശു പറഞ്ഞ വചനമുണ്ട്: എനിക്ക് എന്റെ പിതാവിനോട് അപേക്ഷിക്കാന്‍ കഴിയില്ലെന്നും ഉടന്‍തന്നെ അവിടുന്ന് എനിക്ക് തന്റെ ദൂതന്മാരുടെ പന്ത്രണ്ടിലേറെ വ്യൂഹങ്ങളെ അയച്ച് തരില്ലെന്നും നീ വിചാരിക്കുന്നുവോ? അങ്ങനെയെങ്കില്‍ ഇപ്രകാരം സംഭവിക്കണം എന്ന വിശുദ്ധ ലിഖിതം എങ്ങനെ നിറവേറും? (മത്തായി 26:53- 54).

മനുഷ്യന്‍ എന്ന നിലയില്‍ ഇത്രമാത്രം പീഡകള്‍ ഇത്രയും കുറഞ്ഞ സമയംകൊണ്ട് അനുഭവിക്കുക എന്നത് എത്രമാത്രം കഠോരമാണ് എന്നത് നമ്മള്‍ ധ്യാനവിഷയമാക്കണം. യേശുവിന്റെ ഈ സഹനങ്ങളോട് നമ്മുടെ ചില സഹനങ്ങള്‍ താരതമ്യം ചെയ്യുക. ഒരു ദുഃഖവെള്ളിയാഴ്ചപോലും ഉപവസിക്കാന്‍ കഴിയുന്നുണ്ടോ? ഒന്നര മണിക്കൂര്‍ ദൈവാലയത്തില്‍ ഇരിക്കേണ്ടി വന്നാല്‍ നമ്മള്‍ എത്ര അസ്വസ്ഥരാകുന്നു? ആരെങ്കിലും ഒരു കുറ്റം പറഞ്ഞാല്‍ എന്തുമാത്രം സമനില തെറ്റുന്നു? ഒരു ചെറിയ അസുഖം വരുമ്പോഴേക്കും എത്രമാത്രം ബഹളമുണ്ടാക്കുന്നു? അതെ, നമ്മളില്‍ അധികംപേര്‍ക്കും ഒന്നുംതന്നെ സഹിക്കുവാന്‍ പറ്റുന്നില്ല. എന്തിനേറെ? സ്വന്തം കാര്യത്തിനുവേണ്ടിപ്പോലും സഹിക്കാന്‍ പറ്റാത്ത സ്ഥിതിയാണ്. എങ്കില്‍, പാപികളായ മനുഷ്യര്‍ക്കുവേണ്ടി യേശു സഹിച്ച സഹനം എത്ര കഠോരം? അതിന് പ്രേരിപ്പിച്ച ദൈവസ്‌നേഹം എത്ര അഗാധം? ഇതെല്ലാം യേശു സഹിച്ചത് നമ്മുടെ പാപപരിഹാരത്തിനും ആത്മരക്ഷയ്ക്കും വേണ്ടിയാണ് എന്ന് ഓര്‍ക്കാം. യേശുവിനോട് നന്ദി ഉള്ളവരാകാം. യേശുവിനോട് പാപമോചനത്തിനായി പ്രാര്‍ത്ഥിക്കാം.

കടപ്പാട് : ഫാ. ജെ.വി. കോഴിക്കോട്, in.sundayshalom.com

ദൈവമേ, കനിയണമേ! സങ്കീര്‍ത്തനങ്ങള്‍ 51
1 ദൈവമേ, അങ്ങയുടെ കാരുണ്യത്തിനൊത്ത് എന്നോടു ദയ തോന്നണമേ! അങ്ങയുടെ കാരുണ്യാതിരേകത്തിനൊത്ത് എന്റെ അതിക്രമങ്ങള്‍ മായിച്ചുകളയണമേ!2 എന്റെ അകൃത്യം നിശ്‌ശേഷം കഴുകിക്കളയണമേ! എന്റെപാപത്തില്‍ നിന്ന് എന്നെ ശുദ്ധീകരിക്കണമേ!3 എന്റെ അതിക്രമങ്ങള്‍ ഞാനറിയുന്നു, എന്റെ പാപം എപ്പോഴും എന്റെ കണ്‍മുന്‍പിലുണ്ട്.4 അങ്ങേക്കെതിരായി, അങ്ങേക്കു മാത്രമെതിരായി, ഞാന്‍ പാപചെയ്തു; അങ്ങയുടെ മുന്‍പില്‍ ഞാന്‍ തിന്‍മ പ്രവര്‍ത്തിച്ചു; അതുകൊണ്ട് അങ്ങയുടെ വിധിനിര്‍ണയത്തില്‍ അങ്ങു നീതിയുക്തനാണ്; അങ്ങയുടെ വിധിവാചകം കുറ്റമറ്റതാണ്.5 പാപത്തോടെയാണു ഞാന്‍ പിറന്നത്; അമ്മയുടെ ഉദരത്തില്‍ ഉരുവായപ്പോഴേ ഞാന്‍ പാപിയാണ്6 ഹൃദയപരമാര്‍ഥതയാണ് അങ്ങ് ആഗ്രഹിക്കുന്നത്; ആകയാല്‍, എന്റെ അന്തരംഗത്തില്‍ ജ്ഞാനം പകരണമേ!7 ഹിസോപ്പു കൊണ്ട് എന്നെ പവിത്രീകരിക്കണമേ! ഞാന്‍ നിര്‍മലനാകും; എന്നെ കഴുകണമേ! ഞാന്‍ മഞ്ഞിനെക്കാള്‍ വെണ്‍മയുള്ളവനാകും.8 എന്നെ സന്തോഷഭരിതനാക്കണമേ! അവിടുന്നു തകര്‍ത്ത എന്റെ അസ്ഥികള്‍ ആനന്ദിക്കട്ടെ!9 എന്റെ പാപങ്ങളില്‍നിന്നു മുഖം മറയ്ക്കണമേ! എന്റെ അകൃത്യങ്ങള്‍ മായിച്ചുകളയണമേ!10 ദൈവമേ, നിര്‍മലമായ ഹൃദയം എന്നില്‍ സൃഷ്ടിക്കണമേ! അചഞ്ചലമായ ഒരു നവചൈതന്യം എന്നില്‍ നിക്‌ഷേപിക്കണമേ!11 അങ്ങയുടെ സന്നിധിയില്‍നിന്ന് എന്നെ തള്ളിക്കളയരുതേ! അങ്ങയുടെ പരിശുദ്ധാത്മാവിനെ എന്നില്‍ നിന്ന് എടുത്തുകളയരുതേ!12 അങ്ങയുടെ രക്ഷയുടെ സന്തോഷം എനിക്കു വീണ്ടും തരണമേ! ഒരുക്കമുള്ള ഹൃദയം നല്‍കി എന്നെ താങ്ങണമേ!13 അപ്പോള്‍ അതിക്രമികളെ ഞാന്‍ അങ്ങയുടെ വഴി പഠിപ്പിക്കും; പാപികള്‍ അങ്ങയിലേക്കു തിരിച്ചുവരും.14 ദൈവമേ, എന്റെ രക്ഷയുടെ ദൈവമേ, രക്തപാതകത്തില്‍ നിന്ന് എന്നെ രക്ഷിക്കണമേ! ഞാന്‍ അങ്ങയുടെ രക്ഷയെ ഉച്ചത്തില്‍ പ്രകീര്‍ത്തിക്കും.15 കര്‍ത്താവേ, എന്റെ അധരങ്ങളെ തുറക്കണമേ! എന്റെ നാവ് അങ്ങയുടെ സ്തുതികള്‍ ആലപിക്കും.16 ബലികളില്‍ അങ്ങു പ്രസാദിക്കുന്നില്ല;ഞാന്‍ ദഹനബലി അര്‍പ്പിച്ചാല്‍ അങ്ങു സന്തുഷ്ടനാവുകയുമില്ല.17 ഉരുകിയ മനസ്‌സാണു ദൈവത്തിനു സ്വീകാര്യമായ ബലി; ദൈവമേ, നുറുങ്ങിയ ഹൃദയത്തെ അങ്ങു നിരസിക്കുകയില്ല.18 അങ്ങു പ്രസാദിച്ചു സീയോനു നന്‍മ ചെയ്യണമേ! ജറുസലെമിന്റെ കോട്ടകള്‍ പുതുക്കിപ്പണിയണമേ!19 അപ്പോള്‍ അവിടുന്നു നിര്‍ദിഷ്ട ബലികളിലും ദഹനബലികളിലും സമ്പൂര്‍ണ ദഹനബലികളിലും പ്രസാദിക്കും; അപ്പോള്‍ അങ്ങയുടെ ബലിപീഠത്തില്‍ കാളകള്‍ അര്‍പ്പിക്കപ്പെടും.