ഫീനിക്‌സ്, അരിസോണ: ഫീനിക്‌സ് സിറ്റി കൗണ്‍സിലില്‍ സാത്താന്‍ പ്രാര്‍ത്ഥനയെ മാറ്റിനിര്‍ത്താനായി എല്ലാ പ്രാര്‍ത്ഥനകളും വേണ്ടെന്നുവച്ച് നിശബ്ദത തിരഞ്ഞെടുത്തത് ഒരു മാസം മുമ്പ് മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. കൗണ്‍സില്‍ മീറ്റിംഗുകളില്‍ എല്ലാ അംഗങ്ങളും ഓരോ ചെറിയ പ്രാര്‍ത്ഥനകള്‍ ചൊല്ലുന്ന വര്‍ഷങ്ങളായുള്ള പതിവാണ് ഒരു സാത്താന്‍ ആരാധകന്‍ അംഗമായപ്പോള്‍ പ്രതിസന്ധിയിലായത്. അദ്ദേഹം പിശാചിനോട് പ്രാര്‍ത്ഥിക്കാന്‍ തുടങ്ങിയതോടെയാണ് മറ്റു പ്രാര്‍ത്ഥനകള്‍ കൂടി വേണ്ടെന്നു വയ്‌ക്കേണ്ട അവസ്ഥയുണ്ടായത്. 'പ്രാര്‍ത്ഥനയെ തോല്‍പിച്ച സാത്താന്‍' എന്ന ശീര്‍ഷകത്തോടെ ഈ വാര്‍ത്ത നാം മുമ്പ് നല്‍കിയിരുന്നു. എന്നാല്‍ ആ തോല്‍വിയെ അതിജീവിച്ചിരിക്കുകയാണ് ഫീനിക്‌സ് സിറ്റി കൗണ്‍സില്‍.

ഇന്നലെ ആ തീരുമാനത്തെ തിരുത്തി 72 വോട്ടിംഗിലൂടെ സിറ്റി പോലീസിലെ ചാപ്ലയിന്‍ പ്രാര്‍ത്ഥന നയിക്കുമെന്ന തീരുമാനവുമായി കൗണ്‍സില്‍ മാതൃക കാട്ടി. ചാപ്ലയിന്‍ പ്രാര്‍ത്ഥന നയിക്കാന്‍ തീരുമാനിച്ചതോടെ സാത്താന്‍ പ്രാര്‍ത്ഥന ഉള്‍ച്ചേര്‍ക്കുന്നതിനുള്ള ആവശ്യം നിരാകരിക്കപ്പെടുകയും ചെയ്തു. '65 വര്‍ഷം തുടര്‍ന്നുവന്ന രീതി കൂടുതല്‍ ശക്തായി വീണ്ടും ആരംഭിക്കുവാനുള്ള തീരുമാനമാണ് ഞങ്ങള്‍ നടപ്പിലാക്കിയിരിക്കുന്നത്.' കൗണ്‍സില്‍ മെംബര്‍ സാല്‍ ഡിസിസിയോ പറഞ്ഞു.

നിശബ്ദത മതി എന്ന വാദം കഴിഞ്ഞ മാസം 54 ന് വോട്ടിംഗില്‍ വിജയിച്ചപ്പോള്‍ അത് സാത്താന്‍ ആരാധകര്‍ക്കുള്ള വിജയമായിട്ടാണ് മാധ്യമങ്ങളും വിശ്വാസികളും വിലയിരുത്തിയത്. കാരണം എല്ലാ പ്രാര്‍ത്ഥനകളും ഇല്ലാതായല്ലോ. അന്ന് ഡിസിസിസിയോയുടെ നേതൃത്വത്തിലുള്ള കൗണ്‍സില്‍ അംഗങ്ങള്‍ അതിനെതിരെ വോട്ട് ചെയ്തിരുന്നു. നിശബ്ദത അവലംബിക്കുന്നതിന് പകരം മറ്റു മാര്‍ഗങ്ങളുണ്ടെന്ന ശക്തമായ വിലയിരുത്തലും ഉണ്ടായിരുന്നു. അംഗങ്ങള്‍ പ്രാര്‍ത്ഥിക്കുന്നതിന് പകരം ചാപ്ലയിനെ നിയോഗിക്കുന്നതിനുള്ള തീരുമാനം വന്നതോടെ സാത്താന്‍ ആരാധകരും അങ്കലാപ്പിലായിരിക്കുകയാണ്. 'സിറ്റി കൗണ്‍സിലില്‍ ഓര്‍ഡിനന്‍സിലൂടെ ഇത്തരമൊരു തീരുമാനം എടുത്തിരിക്കുന്നതിനാല്‍ ആര്‍ക്കും ഇതിനെ എതിര്‍ക്കാനാവുമെന്നും തോന്നുന്നില്ല.' ഡിസിസിയോ വ്യക്തമാക്കി.

ഓര്‍ഡിനന്‍സ് പാസ്സാക്കുന്നതിന് മുമ്പ് വിശദമായ വാദങ്ങളുണ്ടായിരുന്നു. പ്രാര്‍ത്ഥന നടത്താന്‍ അനുമതി നല്‍കുന്ന സുപ്രീം കോടതി വിധിയെയാണ് എല്ലാവരും എടുത്തുകാട്ടിയത്. അതിനാല്‍തന്നെ നിയമപരമായ പിന്തുണ ലഭിക്കുമെന്നും വിലയിരുത്തപ്പെട്ടു. സമൂഹത്തില്‍നിന്ന് വലിയ പ്രതിഷേധം നിശബ്ദത അവലംബിച്ച നടപടിക്കെതിരെ ഉയരുകയും ചെയ്തിരുന്നു. ചെറിയൊരു പ്രാര്‍ത്ഥനയുടെ കാര്യമാണെങ്കിലും സിറ്റി കൗണ്‍സിലും ജനങ്ങളും അതിനെ ഗൗരവമായെടുത്ത സംഭവം വിശ്വാസികള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്. കാരണം, വിശ്വാസപരമായ കാര്യങ്ങളില്‍ ജനങ്ങള്‍ വിട്ടുവീഴ്ചയില്ലാത്ത ഇത്തരം നിലപാടുകള്‍ എടുക്കുന്നതും ആശാവഹമാണ്. ചെറിയകാര്യങ്ങളിലുള്ള വിജയമാണ് തിന്മയ്‌ക്കെതിരെ ശക്തമായി നിലകൊള്ളാനുള്ള വഴി. ചെറിയകാര്യങ്ങള്‍ അവഗണിച്ചുതുടങ്ങിയാല്‍ വലിയ വീഴ്ചകള്‍ ഉണ്ടായിത്തുടങ്ങും.

കടപ്പാട് : us.sundayshalom.com

ഏതൊരു വ്യക്തിയെയും കുടുംബത്തെയും ദേശത്തെയും തകര്‍ക്കാന്‍ സാത്താന്‍ ഒരുക്കുന്ന ആദ്യത്തെ കെണിയാണ് 'പ്രാര്‍ത്ഥന നിറുത്തലാക്കുക' എന്നത്. പ്രത്യേകിച്ച് മനുഷ്യന്റെ നാവുകൊണ്ട് ദൈവത്തെ സ്തുതിച്ചു കൊണ്ടുള്ള പ്രാര്‍ത്ഥന. അതിന് സാത്താന്‍ ചില തെറ്റായ ബോധ്യങ്ങള്‍ മനുഷ്യന്റെ ബുദ്ധിയിലേക്ക് നല്‍കും അതില്‍ ഒന്നാണ് 'മൗനമായിട്ട് പ്രാര്‍ത്ഥിച്ചാല്‍ ദൈവം കേല്‍ക്കുമല്ലോ; പിന്നെ എന്തിനാണ് ഉച്ചത്തില്‍ പ്രാര്‍ത്ഥിക്കുന്നത്?' എന്നൊക്കെ. കാരണം മനുഷ്യന്‍ സ്വന്തം നാവുകൊണ്ട് ഏറ്റുചൊല്ലി എവിടെയൊക്കെ ദൈവത്തോടു പ്രാര്‍ത്ഥിക്കുന്നുവോ അവിടെ സാത്താന് നില നില്‍ക്കാനാവില്ല.