യേശുക്രിസ്തു ഇന്നും ജീവിക്കുന്നു എന്നതിന് ഇതാ തെളിവുംകൂടി. മാര്‍ച്ച് നാല്, ആദ്യവെള്ളിയാഴ്ച അവന്റെ പീഡകളുടെ ഓര്‍മപ്പെടുത്തലുകളുമായി യമനില്‍ നാലു സന്യാസിനികളടക്കം 16 പേര്‍ കൊല്ലപ്പെട്ടു. തീവ്രവാദികള്‍ വീണ്ടും തോറ്റു. ക്രിസ്തുവിന്റെ പേരില്‍ ഓരോ ജീവന്‍ പൊലിയുമ്പോഴും അത് സൂചിപ്പിക്കുന്നത് ശത്രുവിന്റെ പരാജയമാണ്. ഹേറേദോസ്, നീറോ തുടങ്ങി അനേകം വ്യക്തികള്‍ പ്രയത്‌നിച്ച് തോല്‍വിയേറ്റുവാങ്ങിയ അതേ നയങ്ങളാണ് വീണ്ടും തീവ്രവാദികള്‍ പയറ്റുന്നത്. വിഡ്ഢികള്‍.

മറ്റുള്ളവനെ കൊന്നതിലൂടെ വിജയം സാധിക്കും എന്ന് വിശ്വസിക്കുന്ന ഭീരുക്കള്‍. അതെ, സത്യത്തില്‍ അവര്‍ ഭീരുക്കളാണ്. ക്രിസ്ത്യാനികളെ ജീവിക്കാന്‍ അനുവദിച്ചാല്‍ ലോകത്ത് നന്മ തഴച്ചു വളരും എന്ന് കരുതുന്ന ഭീരുക്കള്‍. പക്ഷേ, അവര്‍ തിരിച്ചറിയുന്നില്ലല്ലോ ക്രിസ്ത്യാനികളുടെ ശിരസ് തകര്‍ന്നാലും നന്മയാകുന്ന ക്രിസ്തു വളരുകതന്നെ ചെയ്യുമെന്ന്. ഇതാ മാര്‍പാപ്പ യെമനില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട കന്യാസ്ത്രീകള്‍ രക്തസാക്ഷികളെന്ന് ലോകത്തോട് വിളിച്ച് പറഞ്ഞിരിക്കുന്നു. ത്രികാല ജപ പ്രാര്‍ഥനാവേളയില്‍ മരണമടഞ്ഞ കന്യാസ്ത്രീകളെ ഓര്‍മ്മിച്ചപ്പോഴാണ് പാപ്പ ഇങ്ങനെ പറഞ്ഞത്. അപ്പോള്‍ പിന്നെയും ശത്രു തോറ്റിരിക്കുന്നു.

കുറച്ചൊക്കെ ചരിത്രം ഏതൊരു ശത്രുവും അറിഞ്ഞിരിക്കുന്നത് നല്ലതാണ്. 'രക്തസാക്ഷികളുടെ ചുടുനിണം വീണ് കുതിര്‍ന്ന മണ്ണില്‍ സഭാതരു തഴച്ചുവളരും' എന്ന് പറഞ്ഞത് വിശുദ്ധ തെര്‍ത്തുല്യനാണ്. അതും രണ്ടാം നൂറ്റാണ്ടില്‍. പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു പറഞ്ഞു: 'ക്രിസ്ത്യാനികളെ കൂടുതല്‍ ആക്രമിക്കുന്നതിലൂടെയും പീഡിപ്പിച്ചു കൊല്ലുന്നതിലൂടെയും അവര്‍ ശക്തിയോടെ വളരുകയേ ഉള്ളൂ. അവരെ നശിപ്പിക്കണമെങ്കില്‍ ഒരേ ഒരു ഉപാധിയേ ഉള്ളൂ, അവരെ ആക്രമിക്കാതിരിക്കുക.' സത്യമാണത്; സഭയുടെ പേരില്‍ അനേകര്‍ കൊല്ലപ്പെട്ടില്ലായിരുന്നുവെങ്കില്‍ സഭ ഇത്രയും വളരുകയില്ലായിരുന്നു. ഓരോ രക്തസാക്ഷിയും ലോകത്തോട് വിളിച്ചു പറയുന്നത് ക്രിസ്തു ഇന്നും മരിച്ചിട്ടില്ല എന്നുതന്നെയാണ്.

ക്രിസ്തുവിന്റെ പേരില്‍ കുറച്ചുപേര്‍ കൂടി കൊല്ലപ്പെട്ടു എന്നറിഞ്ഞതില്‍ ദുഃഖമുണ്ട്. മദര്‍ തെരേസ സന്യാസിനികളുടെ ജീവനറ്റു കിടക്കുന്ന ശരീരങ്ങള്‍ മാധ്യമങ്ങളില്‍ കണ്ടപ്പോള്‍ കണ്ണുകള്‍ നിറഞ്ഞു. ഈശോയുടെ ദാരുണമായ അന്ത്യം നിറമിഴികളോടെ കണ്ടുനിന്ന മറിയത്തിന്റെ ഹൃദയം ഛേദിക്കപ്പെട്ടതുപോലെ നമ്മുടെ ഹൃദയങ്ങളും മുറിയപ്പെടുന്നുണ്ട്. അത് ക്രിസ്തുവിനോടും സഭയോടുമുള്ള സ്‌നേഹത്തിന്റെ പ്രതീകമാണ്. എത്രയോ പേര്‍ക്ക് അന്നം വിളമ്പേണ്ടതും എത്രയോ പേരുടെ മുറിവുകള്‍ വച്ചുകെട്ടേണ്ടതുമായ കരങ്ങളാണ് നിശ്ചലമായത്. പുണ്യപ്രവൃത്തികള്‍ ചെയ്യുവാന്‍ എത്രയോ കാതങ്ങള്‍ സഞ്ചരിക്കേണ്ട പാദങ്ങളാണ് ചലനമറ്റത്. അവന്റെ നാമസ്തുതികള്‍ ആലപിച്ച് ശത്രുവിന്റെ ക്ഷേമത്തിനുവേണ്ടിയും പ്രാര്‍ത്ഥിച്ചിരുന്ന അധരങ്ങളാണ് നിശബ്ദമായത്. അവന്റെ സ്‌നേഹംകൊണ്ട് ലോകത്തിനുവേണ്ടി മിടിച്ചിരുന്ന ഹൃദയങ്ങളാണ് സ്തംഭിച്ചുപോയത്. എന്നിരുന്നാലും ഒന്ന് തിരിച്ചറിയുക; ഇവയെല്ലാം സംഭവിച്ചാലും ക്രിസ്തുമാത്രം മരിച്ചിട്ടില്ല.

അവന്റെ നിണം ഇന്നും അനേകരുടെ സിരകളിലൂടെ ഒഴുകുന്നുണ്ട്. ക്രിസ്ത്യാനികളെ പീഡിപ്പിച്ചിരുന്ന ഓരോ വാര്‍ത്തകള്‍ അറിയുമ്പോഴും ഒരു ക്രിസ്ത്യാനി ആയതില്‍ എനിക്ക് അഭിമാനം തോന്നുന്നു. 'എന്റെ പേരില്‍ നിങ്ങളെ അവര്‍ വധിക്കും... എന്നാല്‍, അവസാനംവരെ പിടിച്ചുനില്‍ക്കുന്നവന്‍ രക്ഷ പ്രാപിക്കും' (മത്താ. 24:1013) എന്ന ക്രിസ്തുമൊഴികളില്‍ ഞാന്‍ ഇന്നും വിശ്വസിക്കുന്നു. അവനുവേണ്ടി മരിച്ചുവീണ സന്യാസിനികളോടും മറ്റനേകരോടും എനിക്ക് അസൂയ തോന്നുന്നു. അവസാനംവരെ പിടിച്ചുനിന്ന അവര്‍ തീര്‍ച്ചയായും രക്ഷ നേടിയിരിക്കുന്നു.

സംഭവത്തിന്റെ ഉത്തരവാദിത്വം ഐഎസോ അല്‍ക്വയ്ദയോ ഒന്നും ഏറ്റെടുത്തിട്ടില്ല. അതിനാല്‍ സംഭവം സംബന്ധിച്ചു യാതൊരു സൂചനയും നിലവില്‍ ലഭ്യമല്ല. അതിനാല്‍ ഇത് വായിക്കുന്നവരോട് ഒരപേക്ഷ. തീവ്രവാദികളോടുള്ള വെറുപ്പ് മനസില്‍ വച്ചുപുലര്‍ത്തരുത്. ശത്രുവിന്റെ ശിരസ് തകര്‍ക്കുന്ന മറിയത്തോട് നമുക്ക് പ്രാര്‍ത്ഥിക്കാം. അവരുടെ അറിവില്ലായ്മയും അഹന്തയും തകര്‍ത്ത് അനുതാപത്തിലേക്ക് അവരെ നയിക്കാനും ക്രിസ്തുവിനുവേണ്ടി വധിക്കപ്പെട്ടവരുടെ രക്തം ശത്രുക്കള്‍ക്കുവേണ്ടികൂടി പ്രാര്‍ത്ഥിക്കുന്നുണ്ട്. അവരോടൊപ്പം നമുക്കും കരങ്ങളുയര്‍ത്താം.

കടപ്പാട് : ഫാ. ജെന്‍സണ്‍ ലാസലെറ്റ്,
in.sundayshalom.com