ജോലി ചെയ്യുന്നവര്‍ക്ക് ന്യായമായ പ്രതിഫലം നിഷേധിച്ചു കൊണ്ടും മറ്റ് അന്യായമായ മാര്‍ഗ്ഗങ്ങളിലൂടെയും സമാഹരിക്കുന്ന ധനത്തില്‍ കുറച്ചു ഭാഗം സഭയ്ക്ക് നല്‍കി സഭയുടെ അഭ്യൂദയകാംക്ഷിയാകാനുള്ള ശ്രമം ഉപേക്ഷിക്കാന്‍ പൊതു പ്രഭാഷണത്തില്‍ പിതാവ് ആവശ്യപ്പെട്ടു. തൊഴിലാളികളെ ചൂഷണം ചെയ്തുള്ള പണം സഭയ്ക്ക് ആവശ്യമില്ല, അദ്ദേഹം പറഞ്ഞു. 'ദൈവജനത്തിന് കറ പുരണ്ട പണം ആവശ്യമില്ല. ദൈവത്തിന്റെ കാരുണ്യം സ്വീകരിക്കുന്ന ഒരു ഹൃദയമാണ് എല്ലാവര്‍ക്കും വേണ്ടത്.' സെന്റ്.പീറ്റേര്‍സ് സ്‌ക്വയറില്‍ പിതാവിന്റെ പ്രഭാഷണം ശ്രവിക്കാനെത്തിയ വിശ്വാസസമൂഹത്തോട് വീണ്ടും അദ്ദേഹം പറഞ്ഞു. 

'തിന്മ ഉപേക്ഷിക്കാനും നന്മ പ്രവര്‍ത്തിക്കാനും ദൈവം നമ്മോട് ആവശ്യപ്പെടുന്നു. ത്യാഗത്തിന്റെ മുഖംമൂടിയണിഞ്ഞ് തിന്മയെ മറച്ചു വെയ്ക്കുന്നവര്‍ ദൈവജനമല്ല.' 'ആടിന്റെയും കാളയുടെയും രക്തത്തില്‍ പ്രസാദിക്കുന്ന ദൈവമല്ല നമുക്കുള്ളത്. സഹോദരരെ ബലികഴിച്ചുണ്ടാക്കുന്ന കാഴ്ച്ചദ്രവ്യം അദ്ദേഹം സ്വീകരിക്കുകയില്ല.' ജോലി ചെയ്യുന്നവരെ അടിമപ്പണി ചെയ്യിച്ചും ചൂഷണം ചെയ്തും നേടുന്ന രക്തക്കറ പുരണ്ട സമ്പത്തിന്റെ അംശം സഭയ്ക്ക് നല്‍കി സഭയുടെ അഭ്യൂദയകാംക്ഷികളാകുന്നവര്‍ക്കെതിരെയാണ് പിതാവ് സംസാരിച്ചത്. 

ദൈവം പാപികളോട് ക്ഷമിക്കുന്നു; ചെയ്തു പോയ പാപത്തില്‍ പശ്ചാത്തപിക്കുന്ന, ജീവിതഗതിയില്‍ മാറ്റം വരുത്തുന്ന പാപികള്‍ക്കാണ് ദൈവത്തിന്റെ കാരുണ്യം ലഭിക്കുന്നത് എന്നദ്ദേഹം ഓര്‍മ്മിപ്പിച്ചു. കരുണയുടെ വര്‍ഷവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെ പറ്റി പിതാവ് പൊതുപ്രഭാഷണത്തില്‍ സംസാരിച്ചു. ഒരു കുടുംബനാഥനെ പോലെ ദൈവം നമ്മുടെ കാര്യങ്ങള്‍ ശ്രദ്ധിച്ചു കൊണ്ടിരിക്കുന്നു. ഓരോരുത്തര്‍ക്കും നന്മ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നല്‍കിയിരിക്കുന്നു. തെറ്റു ചെയ്യുമ്പോള്‍ അന്തഃപ്രേരണയിലൂടെ നന്മയിലേക്ക് നയിക്കാന്‍ ശ്രമിക്കുന്നു. 

'സ്‌നേഹസ്വരൂപനായ, എന്നാല്‍ കര്‍ശന നിയമങ്ങളുള്ള പിതാവാണ് നമ്മുടെ ദൈവം' എന്ന് ഏശയ്യാ പ്രവാചകന്‍ പറഞ്ഞിരിക്കുന്നത് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. അവിശ്വസ്തരും നീതിരഹിതരുമായ തന്റെ ജനത്തെ ദൈവം ശകാരിക്കുന്നു. അവരെ നേര്‍വഴിയിലേക്ക് നയിക്കാന്‍ അദ്ദേഹം സഹായിക്കുന്നു.' മക്കള്‍ വഴി തെറ്റി സഞ്ചരിക്കുമ്പോള്‍ അവരെ നേര്‍വഴിക്ക് നയിക്കാന്‍ മാതാപിതാക്കള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. പക്ഷേ, അത് സ്വന്തം അധികാരം അടിച്ചേല്‍പ്പിക്കാനുള്ള സ്വാതന്ത്ര്യമല്ല. കര്‍ശനമായി, എന്നാല്‍ സ്‌നേഹത്തോടെ, മക്കളെ നന്മയിലേക്കു നയിക്കേണ്ട ഉത്തരവാദിത്വമാണ് മാതാപിതാക്കള്‍ക്കുള്ളത്. 

പാപം മനുഷ്യനെ ദുരിതത്തിലാഴ്ത്തുന്നു. പക്ഷേ, ദൈവത്തിന്റെ കരുണയുടെ വാതില്‍ എല്ലാവര്‍ക്കുമായി തുറന്നു കിടക്കുകയാണ്. പശ്ചാത്താപത്തോടെയുള്ള നമ്മുടെ മനപരിവര്‍ത്തനമാണ് ദൈവം ആഗ്രഹിക്കുന്നത്. മനുഷ്യന്റെ മോചനം ആചാര അനുഷ്ഠാന ബലികളിലൂടെയല്ല, പ്രത്യുത, നന്മ നിറഞ്ഞ പ്രവര്‍ത്തികളിലൂടെയാണ് സംഭവിക്കുന്നത്., പിതാവ് പറഞ്ഞു. 'അനുഷ്ഠാനങ്ങളാണ് നമ്മുടെ മോചനമാര്‍ഗ്ഗം എന്ന പ്രതീതി നിലനില്‍ക്കുമ്പോള്‍, ദൈവത്തിന്റെ കരുണയുടെ പ്രസക്തി നഷ്ടപ്പെടുന്നു. ദൈവത്തിന്റെ കരുണയാണ് മനുഷ്യനെ രക്ഷിക്കുന്നത് എന്ന സത്യം വിസ്മരിക്കപ്പെടുന്നു. 

ഏറ്റവും വലിയ പാപിയും ദൈവത്തിന്റെ ജനമാണ്. ദൈവം എത് പാപിയേയും തന്റെയടുത്തേക്ക് വിളിച്ചു കൊണ്ടിരിക്കുന്നു. ദൈവജനമായി വളരുവാന്‍ നമ്മുടെ പശ്ചാത്താപം മാത്രമേ ദൈവം ആവശ്യപ്പെടുന്നുള്ളു. പശ്ചാത്താപം വഴി എത് പാപവും മഞ്ഞുപോലെ നിര്‍മ്മലമായി തീരുന്നു: ഇതാണ് ദൈവസ്‌നേഹത്തിന്റെ അത്ഭുതം' അദ്ദേഹം പറഞ്ഞു. 

കര്‍ത്താവ് ആര്‍ദ്രഹൃദയനും കരുണാമയനുമാണ്. അവിടുന്ന് പാപങ്ങള്‍ ക്ഷമിക്കുകയും കഷ്ടതയുടെ ദിനങ്ങളില്‍ രക്ഷയ്‌ക്കെത്തുകയും ചെയ്യുന്നു (പ്രഭാഷകന്‍  2:11)

കര്‍ത്താവ് അരുളിച്ചെയ്യുന്നു: വരുവിന്‍, നമുക്കു രമ്യതപ്പെടാം. നിങ്ങളുടെ പാപങ്ങള്‍ കടുംചെമപ്പാണെങ്കിലും അവ മഞ്ഞുപോലെ വെണ്‍മയുള്ളതായിത്തീരും. അവ രക്ത വര്‍ണമെങ്കിലും കമ്പിളിപോലെ വെളുക്കും (ഏശയ്യാ 1:18)

കാര്‍മേഘം പോലെ നിന്റെ തിന്‍മകളെയും മൂടല്‍മഞ്ഞുപോലെ നിന്റെ പാപങ്ങളെയും ഞാന്‍ തുടച്ചുനീക്കി. എന്നിലേക്കു തിരിച്ചുവരുക; ഞാന്‍ നിന്നെ രക്ഷിച്ചിരിക്കുന്നു (ഏശയ്യാ 44:22).

കടപ്പാട് : pravachakasabdam.com