ഇന്നത്തെ ധ്യാനം : ഇന്നലെകള്‍ കടന്ന് പോകും, നാളെകള്‍ വരാതിരിക്കാം. എന്നാല്‍ ഇന്നിന്റെ ഈ നിമിഷം നമ്മുടെ സ്വന്തമാണ്. അതിനാല്‍ മനോഭാവങ്ങളിലും ചിന്തകളിലും എനിക്ക് മാറ്റം വരേണ്ടിയിരിക്കുന്നു.

നമ്മുടെ ജീവിതത്തിന്റെ ഓരോ സ്പന്ദനവും ദൈവത്തിന്റെ പദ്ധതിയാല്‍ രൂപപ്പെടുന്നതാണെന്ന അവബോധം നമ്മെ അവിടുത്തെ ഹൃദയത്തിലേക്ക് കൂടുതല്‍ അടുപ്പിക്കും. ആത്മാവിന്റെ സഹായത്തോടെ ജീവിതത്തില്‍ ദൈവികപദ്ധതികളെ വിവേചിച്ചറിയാനും അവയ്ക്ക് മുമ്പില്‍ 'ആമ്മേന്‍' പറയാനുമുള്ള മനോഭാവം നമ്മില്‍ ഉടലെടുക്കുമ്പോള്‍ ജീവിതത്തില്‍ കണ്ടുമുട്ടുന്ന മധുരവും കയ്‌പ്പേറിയതുമായ അനുഭവങ്ങളെ ഒരേപോലെ സ്വീകരിക്കാന്‍ നമുക്ക് കഴിയും. ഈ ഞായറാഴ്ച നാം കാണുന്നത് ഇങ്ങനെ കുരിശുകളെ 'ആമ്മേന്‍' എന്ന് പറഞ്ഞ് സ്വയം സ്വീകരിച്ച ജോണിനെയാണ്.

'ജോണ്‍, നിനക്ക് ഇനി ഒരിക്കലും തനിയെ ശ്വസിക്കാനാവില്ല; ഒരിക്കലും തനിയെ ഭക്ഷിക്കാനാവില്ല; ഒരിറക്കു ജലം നീ തനിയെ സ്വീകരിക്കില്ല; ഒരിക്കലും നീ എഴുന്നേറ്റിരിക്കില്ല; ഒരിക്കലും തനിയെ നടക്കില്ല…' 2008 സെപ്റ്റംബര്‍ ഒന്നിന് മെഡിക്കല്‍ സയന്‍സ് ഈ വിധിവാചകം ജോണ്‍സനു നേരെ എറിയുമ്പോള്‍ ജീവച്ഛവമായി കിടക്കുകയായിരുന്നു, അന്നയാള്‍.

സ്വന്തം മക്കളെ കോളജില്‍ എത്തിച്ച്, മടങ്ങിവരും വഴിയെ ആണ് ആ ദുരന്തം. നാലു പേരടങ്ങുന്ന കാറിലായിരുന്നു യാത്ര. സുഹൃത്തായ ബിജു പുതിയമഠവും അദ്ദേഹത്തിന്റെ മകളും ജോണ്‍സണും ഏകമകളായ ജീനയും. ബിജു അപകടസ്ഥലത്തു മരണമടഞ്ഞു. ജോണ്‍ മരണവുമായി വിലപേശി ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിലും. ബിജുവിന്റെ മരണവാര്‍ത്ത സ്വീകരിക്കാന്‍ അന്നിവര്‍ക്ക് കഴിയുമായിരുന്നില്ല. രണ്ടു ശരീരമെങ്കിലും ഒരേ മനോഭാവമുള്ളവര്‍; രണ്ടു വീടുകളിലെങ്കിലും ഒരൊറ്റ കുടുംബംപോലെ ജീവിച്ചവര്‍. പള്ളിയിലും ജോലിസ്ഥലത്തും യാത്രയിലും കളിസ്ഥലത്തും ഒരുപോലെ ചരിച്ചവര്‍. അപകടത്തിന്റെ ഞെട്ടലില്‍നിന്നും ജോണ്‍സണ്‍ സുബോധത്തിലേക്കു വരുമ്പോള്‍ ബിജുവിന്റെ മരണവാര്‍ത്തയാണ് കേള്‍ക്കുന്നത്. എങ്ങനെ സഹിക്കും; സഹിക്കാതിരിക്കും? മൂന്നു പെണ്‍മക്കളെയും ഭാര്യ സിനോയെയും ഇനി ആര് ആശ്വസിപ്പിക്കും? അയാളുടെ മനസു തകര്‍ന്നു; ശരീരത്തിലെ മുറിവുകള്‍ മറന്ന് അയാള്‍ കരയാന്‍ തുടങ്ങി.

ജോണ്‍ എഞ്ചിനിയറാണ്. ഭാര്യ ഗ്രെയ്‌സ് നേഴ്‌സും. ജീന കോളജില്‍ പഠിക്കുന്നു, ജാസന്‍ പന്ത്രണ്ടിലും. പിന്തിരിഞ്ഞു നോക്കുമ്പോള്‍ ഒരത്ഭുതം എന്നുമാത്രം ചുരുക്കിയെഴുതി ഇവര്‍ ജോണ്‍ ചാച്ചന്റെ സൗഖ്യയാത്ര വിവരിക്കുന്നതു കാണുക. ന്യൂയോര്‍ക്കില്‍ ജീവിക്കുന്ന ഇവരുടെ ഈ യാത്ര ആരംഭിക്കുന്നത് ആഴമായ വിശ്വാസത്തിന്റെയും പതറാത്ത ഇച്ഛാശക്തിയുടെയും തകരാത്ത ആത്മബലത്തിന്റെയും വഴിയിലാണ്. സ്‌പൈനല്‍ കോഡില്‍ കാര്യമായ ക്ഷതം സംഭവിച്ച ജോണ്‍ചാച്ചന് ഇനി ഒന്നും ചെയ്യാനാവില്ല എന്ന ഖേദകരമായ വാര്‍ത്തയാണിവര്‍ ഡോക്‌ടേഴ്‌സില്‍നിന്നും ആദ്യപരിശോധനയ്ക്കുശേഷം കേട്ടത്. ശിരസിനു കീഴെ ശരീര അവയവങ്ങള്‍ക്കൊന്നും സ്പര്‍ശന അനുഭവമോ ചലനശക്തിയോ ഇല്ല. കരങ്ങള്‍ ചലിപ്പിക്കാനാകുന്നില്ല, സംസാരിക്കാന്‍ കഴിയുന്നില്ല, ശ്വസിക്കാന്‍ പോലും പറ്റുന്നില്ല. അപകടസ്ഥലത്തുനിന്നും ഹെലികോപ്റ്ററില്‍ വെസ്റ്റ് ചെസ്റ്റര്‍ മെഡിക്കല്‍ സെന്ററിലാണ് പ്രവേശിപ്പിച്ചത്.

ഗ്രെയ്‌സും ജീനയും ജാസനും ഇവരുടെ കുടുംബത്തെ സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഒട്ടേറെ പേരും ഇങ്ങനെ ചിന്തിക്കാന്‍ തുടങ്ങി: 'ജോണിന്റെ ദൈവത്തിലുള്ള ആശ്രയത്തെക്കുറിച്ച് ഈ വിധിവാചകങ്ങള്‍ പറയുന്നവര്‍ക്ക് ഒരു പിടിയുമില്ല. അള്‍ത്താരയില്‍ നിരന്തരം സഹായിക്കുന്ന ജോണിനെ ഇവര്‍ അറിയില്ല. ദൈവത്തിന്റെ കാര്യത്തിന് മനസും ശരീരവും മറന്ന് അധ്വാനിക്കാന്‍ സന്മനസുള്ള ഇയാളെ അവര്‍ അറിയില്ല. അവര്‍ അറിയുന്നത് സെപ്റ്റംബര്‍ ഒന്നിലെ ജോണിനെ മാത്രം. ദൈവത്തിനായി നിലകൊണ്ട ജോണിനെ ദൈവം കൈവിടുമോ? തകര്‍ന്ന ജോണിന്റെ ശരീരത്തില്‍ നോക്കി മനസു തകര്‍ക്കാതെ, ബലപ്പെടുത്താന്‍ കഴിവുള്ള ദൈവത്തിലേക്ക് അവര്‍ ദൃഷ്ടി ഉയര്‍ത്തി.

എങ്ങനെ സിമ്മിങ് പൂളില്‍ നീന്തണം, എങ്ങനെ അമ്പതുപേര്‍ക്ക് അരമണിക്കൂറുകൊണ്ട് കുക്കുചെയ്യണം, എങ്ങനെ ഗ്രില്‍ ചിക്കന്‍ ഉണ്ടാക്കണം എന്നൊക്കെ പറഞ്ഞും ചെയ്തും പഠിപ്പിക്കുന്ന ജോണ്‍ എഴുന്നേറ്റ് വീണ്ടും ഇതൊക്കെ ചെയ്യുമെന്നവര്‍ സ്വപ്‌നം കണ്ടു. ഇരുപത്തിയാറ് ദിവസത്തെ തീവ്രപരിചരണത്തിനുശേഷം, ഹെല്ലന്‍ ഹെയ്‌സ് എന്ന റിഹാബിലിറ്റേഷന്‍ സെന്ററിലേക്ക് ഇദ്ദേഹത്തെ മാറ്റി. അവിടെയും ഡോക്‌ടേഴ്‌സ് കൈവിട്ട മട്ടിലാണ് കാര്യങ്ങള്‍ പറഞ്ഞുതന്നത്. സ്‌പൈനല്‍ കോഡ് ക്ഷതങ്ങളില്‍ ഏറ്റവും ശോചനീയമായതാണിത്. എവിടെ ജോണിനെ അഡ്മിറ്റു ചെയ്താലും ഇതേ കേള്‍ക്കൂ എന്നവര്‍ക്ക് അറിയാമായിരുന്നു. എങ്കിലും, അവര്‍ തളര്‍ന്നില്ല. ജോണ്‍ ചാച്ചന്റെ മനസിനെ ഉദ്ദീപിപ്പിക്കാന്‍ പ്രതീക്ഷ നല്‍കുന്ന ദൈവവചനങ്ങളും ചിത്രങ്ങളും റൂമില്‍ മുഴുവന്‍ പതിപ്പിച്ചു. ചേതനയറ്റപോലെ ജോണ്‍ കിടക്കുമ്പോഴും എപ്പോഴെങ്കിലും കണ്ണുകള്‍ ഉയര്‍ത്തി നോക്കുമ്പോള്‍ അയാള്‍ കാണുന്നത് പ്രതീക്ഷയുടെ വാക്കുകള്‍ മാത്രമായിരുന്നു. ആ ചുമരില്‍ ഒരിഞ്ചു സ്ഥലംപോലുമില്ല, ജോണിന്റെ പ്രതീക്ഷയെ നിശ്ചലമാക്കുന്നത്. എവിടെയും വര്‍ണശബളമായ ദൈവവചനങ്ങള്‍. ജോണ്‍ സ്‌നേഹംകൊണ്ടും വിശ്വാസംകൊണ്ടും പ്രതീക്ഷകൊണ്ടും നിറയാന്‍ തുടങ്ങി. ഇവരുടെ വിശ്വാസത്തില്‍ ദൈവത്തിന് ഇവര്‍ക്കായി പ്രവര്‍ത്തിക്കാതിരിക്കാന്‍ കഴിയുമായിരുന്നില്ല. ജോണിന് നിശ്ചലമായിരിക്കാനും കഴിയുമായിരുന്നില്ല.

അവരെല്ലാം ആടും പാടും പ്രാര്‍ത്ഥിക്കും നൃത്തം ചെയ്യും. കളിക്കും. ജോണിന് എന്നും ആനന്ദം മാത്രം നല്‍കും. തീവ്രമായിരുന്നു ആ നാളുകള്‍. ഉറക്കമൊളിച്ച് അവര്‍ ജോണിനു വേണ്ടി നില്‍ക്കും. പതുക്കെ പതുക്കെ ഞരമ്പുകള്‍ ചലിക്കാന്‍ തുടങ്ങുന്നു. കാവല്‍മാലാഖയെ ചേര്‍ത്തുപിടിച്ച് ജോണിന്റെ ചലനത്തില്‍ അവര്‍ വിസ്മയം കൊള്ളും. ജോണിന് പതുക്കെ പതുക്കെ സ്വന്തമായി ശ്വസിക്കാന്‍ കഴിഞ്ഞു എന്നതായിരുന്നു ആദ്യാത്ഭുതം. നാലു മാസമായി ഒരേ ആശുപത്രിയിലെ ശുശ്രൂഷയും പരിചരണവുമായി ഒരു കുടുംബവും ഇതുമായി ബന്ധപ്പെടുന്ന മറ്റുള്ളവരും. അവസാനം, വീട്ടിലേക്കു ജോണിനെ കൊണ്ടുപോകാമെന്നു തീരുമാനിച്ചു. 'നിങ്ങള്‍ എന്താണീ ചെയ്യുന്നത്? രാവും പകലും നിങ്ങള്‍ ഇയാള്‍ക്കു കാവലിരിക്കുമോ?' ചില ഡോക്ടര്‍മാര്‍ ചോദിച്ചു. എന്തായാലും ഞങ്ങള്‍ ഏറ്റെടുക്കാന്‍ തയാറാണെന്ന് കുടുംബാംഗങ്ങള്‍. പ്രത്യേക പരിശീലനം സിദ്ധിച്ച നഴ്‌സുമാരും തെറപ്പിസ്റ്റുകളും വീട്ടിലില്ല. ഇവരെ വീട്ടില്‍ കൊണ്ടുവന്നു പരിചരണത്തിനുള്ള സൗകര്യം ചെയ്യാനുള്ള സാമ്പത്തികശേഷിയുമില്ല. ഇതെല്ലാം ഇനി ആരു ചെയ്യും, എങ്ങനെ ചെയ്യും? ശുശ്രൂഷയില്‍ പാതിവഴിയെ അവസാനിപ്പിച്ച് ജോണ്‍ചാച്ചനെ മാറ്റിനിറുത്താന്‍ ഞങ്ങള്‍ക്കാവില്ല. മറ്റൊന്നും ചിന്തിച്ചില്ല, ഈ വെല്ലുവിളികളെല്ലാം ദൈവനിയോഗത്തിന്റെ അവസരങ്ങളാക്കി മാറ്റുകതന്നെ.

കൂട്ടായ യത്‌നത്തിന്റെ, കുടുംബബന്ധങ്ങളുടെ ശക്തിയും മാധുര്യവും അറിയുന്നത് തുടര്‍ന്നുള്ള നാളുകളിലാണ്. ജോണിനെപ്പോലെ രോഗികളാകുന്നവരും സൗഖ്യവഴിയില്‍ ചരിക്കുന്നവരും നൂറുകണക്കിന് കണ്ടേക്കാം. എന്നാല്‍ ഒരുപറ്റം കുടുംബങ്ങളും ഇടവകാംഗങ്ങളും സുഹൃത്തുക്കളും ഒരു കുടുംബത്തിന്റെ അത്താണിയായി ഇക്കഴിഞ്ഞ മൂന്നാണ്ടുകാലം തുടര്‍ച്ചയായി നീങ്ങിയെന്നത് ഈ കഥയെ വ്യത്യസ്തമാക്കുന്നു. സഹോദരസ്‌നേഹം രുചിച്ചറിയാന്‍ അയാള്‍ കിടപ്പുരോഗിയായതുപോലെ. ദൈവത്തിന്റെ കരങ്ങള്‍ മനുഷ്യര്‍വഴി എങ്ങനെ ചലിക്കുന്നു എന്നറിയാന്‍ അയാള്‍ രോഗിയായതുപോലെ. കഴിഞ്ഞ ഒട്ടേറെ മാസങ്ങളായി സ്വന്തം അടുപ്പില്‍ തീപൂട്ടാന്‍ അനുവദിക്കാതെ പരിസരത്തുള്ളവര്‍ അതും അമേരിക്കപോലുള്ള ഒരു രാജ്യത്ത്, സഹായവും ഭക്ഷണവും സാന്നിധ്യവുമായി ഓടിയെത്തുന്നു എന്നറിയുമ്പോള്‍ ഈ കഥയുടെ ക്ലൈമാക്‌സ് എന്താകുമെന്ന് ഊഹിക്കാനാകും.

ശരീരത്തിന് കരുത്തും ശക്തിയുമുള്ള സമയത്ത് പരസഹായം ജോണിന്റെ ജീവിതത്തിന്റെ നിത്യഭാഗമായിരുന്നു. തന്നില്‍ത്തന്നെ വിശ്വസിക്കുന്നതിനെക്കാള്‍ മറ്റുള്ളവരില്‍ വിശ്വസിക്കാന്‍ കുഞ്ഞുങ്ങളെ അയാള്‍ പഠിപ്പിച്ചു. ഏതു പ്രതിസന്ധിയിലും ജോണ്‍ ആശ്വാസദൂതനാണ്. ഞാന്‍ ചെയ്തുകൊള്ളാം. ഒന്നും ഭയപ്പെടേണ്ട എന്നതാണ് പല്ലവികളിലൊന്ന്. ദശാംശം കൊടുക്കുന്ന കാര്യത്തില്‍ യാതൊരു ദാക്ഷിണ്യവുമില്ല. സഹായത്തിനെത്തുന്നവരെ ഒരിക്കലും വെറുംകൈയോടെ വിടരുതെന്നതാണ് ഫിലോസഫി. എന്തായാലും ദൈവത്തെ മാനിച്ച ജോണിനെ ദൈവവും മാനിക്കാന്‍ തുടങ്ങി.

പരിചരണത്തിനുള്ള ഉപകരണങ്ങളും യന്ത്രങ്ങളും വാഹനങ്ങളും വ്യത്യസ്തമായ കോണില്‍നിന്നും എത്താന്‍ തുടങ്ങി. തകര്‍ന്ന മനസോടെ ദൈവത്തില്‍ പ്രതീക്ഷവച്ച് പ്രാര്‍ത്ഥിക്കുന്ന കുടുംബാംഗങ്ങള്‍ ജോണിന്റെ ഓരോ ദിവസവുമുള്ള പുരോഗതിയില്‍ ആശ്വസിച്ചു. ജോണ്‍ ആദ്യമായി കരം ചലിപ്പിച്ചപ്പോള്‍ ആനന്ദിച്ചത് നൂറുകണക്കിന് സഹയാത്രികരാണ്. ജര്‍മനിയില്‍ കൊണ്ടുപോയി പരിചരണത്തിനുള്ള സൗകര്യങ്ങള്‍ ചെയ്തതും രണ്ടാഴ്ചകൊണ്ട് അന്‍പതിനായിരം ഡോളര്‍ സമാഹരിച്ച് ഇവര്‍ക്ക് എത്തിച്ചുകൊടുത്തതും ഇടതടവില്ലാതെ ഫോണ്‍ വിളിച്ചും ദീര്‍ഘദൂരം യാത്ര ചെയ്ത് സന്ദര്‍ശിച്ചതും എല്ലാം ദൈവകൃപയുടെ വഴികളായി ഇന്ന് ഈ കുടുംബം ധ്യാനിക്കുന്നു. വികാരിയച്ചന്‍ എല്ലാ ദിവ്യബലികളിലും മധ്യസ്ഥപ്രാര്‍ത്ഥനയ്ക്കിടയില്‍ ജോണ്‍സനായി പ്രാര്‍ത്ഥിക്കും. ദൈവം കൈയിലെടുത്തപ്പോള്‍ യാതൊരു സമ്മര്‍ദ്ദങ്ങളുമില്ലാതെ സൗഖ്യവഴിയിലൂടെ അവര്‍ ചരിച്ചു.

ഒരു കഷണം അപ്പം സ്വന്തമായി ജോണ്‍ എടുത്തു ഭക്ഷിച്ച നേരം അവര്‍ക്ക് ഓണാഘോഷത്തിന്റെ തിമര്‍പ്പായിരുന്നു. എത്രയോ തവണ അദ്ദേഹം ഭക്ഷിച്ചിട്ടുണ്ട്, ഭക്ഷണം ഒരുക്കിയിട്ടുണ്ട്. എന്നാല്‍ ചിലത് നഷ്ടപ്പെടുമ്പോഴേ നാമതിന്റെ മൂല്യമറിയൂ എന്ന് ജോണ്‍. ശ്രദ്ധിക്കാത്ത ചില ശരീരഭാഗങ്ങള്‍പോലും ദുര്‍ബലമാകുമ്പോഴാണ് നാമതിനെക്കുറിച്ച് ചിന്തിക്കുന്നത്. ജീനയുടെ നേതൃത്വത്തില്‍ Faith in Action. Hope in Motion എന്ന പേരില്‍ ഒരു ബ്ലോഗു തുടങ്ങി. അതു നിരീക്ഷിക്കുന്നവരൊക്കെ ജോണിന്റെ പരിചരണത്തില്‍ എന്നും ബന്ധപ്പെട്ടുകൊണ്ടിരുന്നു. സമാനമായ അപകടരോഗങ്ങളില്‍ കഴിയുന്നവര്‍ക്ക് എക്കാലത്തും വഴികാട്ടിയാണ് ഇവരുടെ ബ്ലോഗ്. സഹായിക്കുന്ന ഓര്‍ഗനൈസേഷനുകളും പ്രധാന ആശുപത്രികളുമൊക്കെ ഈ ബ്ലോഗിലുണ്ട്.

പഴയ ജോണ്‍ചാച്ചനെ തിരിച്ചുകിട്ടാന്‍ എല്ലാവരും പ്രാര്‍ത്ഥനയിലാണ്. ദൈവം കൈവിടില്ലെന്ന് വല്ലാത്ത ഒരുറപ്പുണ്ട് ഇവരെ കാണുന്നവരിലൊക്കെ. കാരണം, ഇവരെ കാണുന്നവര്‍ കരയുമ്പോഴും ഇവര്‍ ചിരിയിലാണ്. എല്ലാം ശരിയാകുമെന്ന വലിയ പ്രത്യാശയുടെ ചിരി. പരാതിയുടെ ഒരു വാക്കുപോലും ജോണില്‍ നിന്നും ആരും കേള്‍ക്കില്ല. പരിഭവത്തിന്റെ ഒരു നോട്ടംപോലും ആ കണ്ണുകളിലില്ല. ദശാംശം കൊടുത്തോ എന്നുറപ്പുവരുത്തണം, വീട്ടിലെത്തിയവര്‍ക്ക് നല്ല ഭക്ഷണം നല്‍കിയോ എന്നുറപ്പിക്കണം. ജെ.സി. ടീം എന്ന പേരിലാണ് ജോണ്‍ചാച്ചന്റെ സൗഖ്യവഴിയിലെ ടീം അറിയപ്പെടുന്നത്. അതു ഗോളടിക്കുകതന്നെ ചെയ്യും. കാരണം, ക്യാപ്റ്റന്‍ ക്രിസ്തുവാണ്.

തന്റെ നിത്യ മഹത്വത്തിലേക്കു ക്രിസ്തുവില്‍ നിങ്ങളെ വിളിച്ചിരിക്കുന്ന അനുഗ്രഹദാതാവായ ദൈവം നിങ്ങളെ അല്‍പകാലത്തെ സഹനത്തിനുശേഷം പൂര്‍ണരാക്കുകയും സ്ഥിരീകരിക്കുകയും ശക്തരാക്കുകയും ചെയ്യും (1 പത്രോസ് 5:10).

കര്‍ത്താവ് എന്നേക്കുമായി ഉപേക്ഷിക്കുകയില്ല. അവിടുന്ന് വേദനിപ്പിച്ചാലും തന്റെ കാരുണ്യാതിരേകത്തിന് അനുസൃതമായി ദയ കാണിക്കും (വിലാപങ്ങള്‍ 3:31-32).

ദൈവത്തിന്റെ ശക്തമായ കരത്തിന്‍കീഴില്‍, നിങ്ങള്‍ താഴ്മയോടെ നില്‍ക്കുവിന്‍. അവിടുന്നു തക്കസമയത്തു നിങ്ങളെ ഉയര്‍ത്തിക്കൊള്ളും. നിങ്ങളുടെ ഉത്കണ്ഠകളെല്ലാം അവിടുത്തെ ഏല്‍പിക്കുവിന്‍. അവിടുന്നു നിങ്ങളുടെ കാര്യത്തില്‍ ശ്രദ്ധാലുവാണ് (1 പത്രോസ് 5:6).

കടപ്പാട് : in.sundayshalom.com